തല തിരിക്കപ്പെടേണ്ട പാരറ്റോ തത്വം !

Read Time:19 Minute

അരുൺ രവി

“സാകല്യരൂപകല്പനാ ശൈലിയെപ്പറ്റിയുള്ള ഒരു ചെറു കുറിപ്പ്”

ഒരു യാത്രയ്ക്കിടയിലാണ് നിങ്ങൾ. ഒരു പരിചയവുമില്ലാത്ത ഒരു ഭൂഭാഗത്തു കൂടി അങ്ങനെ പൊയ്ക്കോണ്ടിരിക്കുകയാണ്. നന്നായി വിശന്നപ്പോൾ അവിടെ കണ്ട ഒരു ഹോട്ടലിൽ നിങ്ങൾ ഭക്ഷണം കഴിക്കാൻ കയറി. അവിടെയുള്ള ആരും നിങ്ങളുടെ ഭാഷ സംസാരിക്കുന്നവരല്ല. മാത്രമല്ല, മെനു കാർഡിൽ പോലും നിങ്ങൾക്കറിയാത്ത ഏതൊക്കെയോ ലിപികൾ മാത്രം. ചില പ്രത്യേക അലർജികൾ ഉള്ളതു കാരണം എന്തെങ്കിലുമൊക്കെ വാങ്ങി കഴിക്കാനും കഴിയില്ല.

 ഇത്തരമൊരവസ്ഥയിൽ നിങ്ങൾ എന്തു ചെയ്യും?

 ഇത് സാങ്കല്പികമായ ഒരു ഉദാഹരണമല്ല. എന്റെ ജീവിതത്തിൽ തന്നെ നടന്ന ഒരു കാര്യമാണ്. ഇംഗ്ലീഷ് പോലും ഉപയോഗിക്കാത്ത മറ്റൊരു രാജ്യത്ത് തികച്ചും അപരിചിതമായ ഒരു തീരപ്രദേശത്ത്, വിശന്നു തളർന്ന്, കടൽ വിഭവങ്ങളിൽ ചിലതിനോടൊക്കെ കടുത്ത അലർജിയുള്ള ഞാനങ്ങനെ വിയർത്തു നിന്നു.  ഒടുവിൽ ആംഗ്യഭാഷയിൽ എന്തൊക്കെയോ പറഞ്ഞ് എങ്ങനെയൊക്കെയോ ആണ് അന്ന് രക്ഷപെട്ടത്.

 എന്നാൽ എല്ലാവരും ഇങ്ങനെ രക്ഷപെടണമെന്നില്ല. ചിലപ്പോൾ നല്ല പണി കിട്ടിയേക്കും.

ഒന്നാലോചിച്ചു നോക്കൂ.. ആ മെനു കാർഡിൽ, വിഭവങ്ങളുടെ പേരിനൊപ്പം ചില ചിത്രങ്ങൾ കൂടിയുണ്ടായിരുന്നെങ്കിലോ? അതു പോലെ അതിലെ ചേരുവകളെ സൂചിപ്പിക്കുന്ന എന്തെങ്കിലും സങ്കേതങ്ങൾ ഉണ്ടായിരുന്നെങ്കിലോ? എന്തുപകാരമായേനേ അല്ലേ.. !

 എന്നാൽ, അത് അവിടെയെത്തുന്ന എന്നെയും നിങ്ങളെയും പോലുള്ള “അപരരെ” മാത്രമല്ല സഹായിക്കുക. ആ നാട്ടിൽ തന്നെയുള്ള നിരക്ഷരരേയും, കാഴ്ചശക്തി കുറഞ്ഞവരേയും, പ്രത്യേക ആരോഗ്യപ്രശ്നങ്ങൾ കാരണം ഭക്ഷണം തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടവരേയും എല്ലാവരേയും ഈ ശൈലികൾ സഹായിച്ചേനേ. ഈ ആശയത്തെപ്പറ്റിയാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോവുന്നത്. അതിൻ്റെ പേരാണ് തലക്കെട്ടിലുള്ളത്.

 “സാകല്യരൂപകല്പനാ ശൈലി” എന്നത് Inclusive Design എന്ന ഒരു ആധുനിക ആശയത്തിൻ്റെ മലയാളമാണ്.  ഇത് എൻ്റെ തർജ്ജമയാണ്. ഇതിലും മെച്ചപ്പെട്ട ഒരു വാക്ക് വേണമെങ്കിൽ നിങ്ങൾക്ക് നിർദ്ദേശിക്കാം. എന്തായാലും എപ്പോഴും ഇങ്ങനെ നീട്ടിവലിച്ചു പറയാൻ മടിയായതു കൊണ്ട് ഞാനിതിനെ “സാരൂശൈ” എന്നാണ് വിളിക്കാൻ പോകുന്നത്.

 ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ വളർച്ചയുടെ ഒരു തുടർച്ചയായിട്ടാണ് ഈ ആശയം രൂപപ്പെട്ടു വന്നത്. അടിസ്ഥാനപരമായി മനുഷ്യവൈവിധ്യത്തെ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യുക എന്നതാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. വൈവിധ്യമുള്ള വ്യക്തികൾ (ഉപഭോക്താക്കൾ), അവരുടെ വിവിധങ്ങളായ ആവശ്യങ്ങൾ, പ്രശ്നങ്ങൾ, ആഗ്രഹങ്ങൾ എന്നിവയൊക്കെ മനസ്സിലാക്കി ഒരു ഉല്പന്നമോ, സേവനമോ രൂപകല്പന ചെയ്യുന്ന രീതിയാണ് ഈ “സാരൂശൈ”. 

 ഇതിനെന്താ ഇത്ര പ്രത്യേകത?

ഉത്തരം കൃത്യമാണ് – പണ്ടത്തെ രൂപകല്പനാതത്വങ്ങൾ അത്ര വൈവിധ്യസൗഹൃദമായിരുന്നില്ല. അതു കൊണ്ട് അതിനു ചില പ്രശ്നങ്ങളുണ്ടായിരുന്നു. നമ്മുടെ “സാരുശൈ” അങ്ങനെയല്ല. അതിൻ്റെ നേട്ടങ്ങളുണ്ട്.  

 ഒന്ന് വിശദീകരിക്കാം :

 പണ്ടു കാലത്ത് കൊടി കെട്ടിയ മാനേജ്മെൻ്റ് വിദഗ്ദർ സ്ഥിരം ഉപയോഗിച്ചിരുന്ന ഒരു രീതിശാസ്ത്രമുണ്ടായിരുന്നു. അതായിരുന്നു “പാരറ്റോ തത്വം” അഥവാ “80-20 തത്വം”. ഇത് വളരെ ലളിതമായ ഒരു ആശയമാണ്. മിക്കവാറും എല്ലാ ഘടനയുടേയും ഏതാണ്ട് 80 ശതമാനം പ്രശ്നങ്ങളും 20 ശതമാനം കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത് എന്നാണ് ഈ തത്വം പറഞ്ഞു വയ്ക്കുന്നത്. ബാക്കിയുള്ള 20 ശതമാനം പ്രശ്നങ്ങൾക്ക് കാരണം 80 ശതമാനം കാരണങ്ങളും ആണത്രേ. 

 അതുകൊണ്ടെന്തു ചെയ്യണം? 

 “ബുദ്ധിയുള്ളവരേ, നിങ്ങൾ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി 80 ശതമാനം പ്രശ്നങ്ങൾക്ക് കാരണമാവുന്ന 20 ശതമാനം കാരണങ്ങളെ പരിഹരിക്കൂ. എന്നിട്ട് ബാക്കിയുള്ള 20 ശതമാനം പ്രശ്നങ്ങളെ അവയുടെ പാട്ടിനു വിട്ടേക്കൂ.” – ഇതാണ് പാരറ്റോ തത്വം കാലങ്ങളായി പറഞ്ഞു കൊണ്ടിരുന്നത്. ഇത് പരിപൂർണ്ണമായി തെറ്റാണ് എന്നും പറഞ്ഞു കൂടാ. ഒരു ശരാശരി ലോകത്ത്, അത്യാവശ്യം ശരാശരിക്കാരായി ജീവിക്കാൻ ഇതു മതി. 

ഇതിനൊരു കുഴപ്പമെന്തെന്നാൽ, ഇവിടെ 20 ശതമാനം പ്രശ്നങ്ങളെ / ആവശ്യങ്ങളെ / ആഗ്രഹങ്ങളെ അസാധാരണമായി (abnormal) കണക്കിലെടുക്കുന്നു എന്നതാണ്. ഇതിൻ്റെ സാമൂഹ്യതലം എന്താണ്? ഈ അസാധാരണ ആവശ്യങ്ങൾ ഉയർത്തുന്ന വ്യക്തികളേയും നമ്മൾ അസാധാരണർ ആയി കാണും. ആരായിരിക്കും ഇത്തരം അസാധാരണമായ ആവശ്യങ്ങൾ ഉയർത്തുന്നവർ ? സംശയമെന്ത്? പാർശ്വവൽക്കരിക്കപ്പെടുന്നവർ, ഭിന്നശേഷിയുള്ളവർ, വിശേഷാധികാരങ്ങൾ ഇല്ലാത്തവർ, സാമൂഹ്യനിർവ്വചനങ്ങൾക്ക് പുറത്തുള്ള വ്യത്യസ്‌തതകളുള്ളവർ, വംശീയ, ലൈംഗിക ന്യൂനപക്ഷങ്ങൾ – ഇവരൊക്കെത്തന്നെ.

 ഒരു ഉദാഹരണം പറയാം. നമ്മൾ വീടു വയ്ക്കുമ്പോൾ, പടികൾ കെട്ടും. എന്നാൽ നടക്കാൻ കഴിയാത്ത രീതിയിൽ അംഗപരിമിതയായ ഒരാളെ നമ്മൾ പരിഗണിക്കില്ല. കാരണം അവർ ആ 20 ശതമാനത്തിൽ ഉൾപ്പെടുന്നയാളാണ്. അങ്ങനെയൊരാൾ വന്നാൽ നമ്മൾ എടുത്തു കേറ്റും. അതു വഴി, സ്വയം സഞ്ചരിക്കാനുള്ള അവരുടെ അവകാശത്തിനെ നമ്മൾ നമ്മുടെ ഔദാര്യം കൊണ്ട് ഇകഴ്ത്തിക്കളയും. എടുത്തു കയറ്റാൻ ആളുകളില്ലാത്ത / അല്ലെങ്കിൽ അതിനു തയ്യാറല്ലാത്ത ആളുകൾ ഉള്ളിടത്ത് ആ അംഗപരിമിതയായ വ്യക്തി പുറത്തു നിന്ന് മഴ കൊള്ളും – അതായത് ആ വ്യക്തി കൂടുതൽ പാർശ്വവൽക്കരിക്കപ്പെടും. ഇതാണ് 80-20 മാനസികാവസ്ഥയുടെ സാമൂഹ്യ യാഥാർത്ഥ്യം.

എന്നാൽ സാരൂശൈ ഇതിനെപ്പറ്റി പറയുന്നത് അല്പം വ്യത്യസ്തമായാണ്. 

 “നമ്മുടെ പക്ഷപാതപരമായ/മുൻവിധിയുള്ള സമീപനങ്ങൾ ഉപയോഗിച്ച് നമ്മൾ പ്രശ്നപരിഹാരങ്ങൾക്ക് ഒരുങ്ങുമ്പോഴാണ് ‘ഒഴിവാക്കൽ’ (exclusion) സംഭവിക്കുന്നത്.”

 (കടപ്പാട് : മൈക്രോസോഫ്റ്റിൻ്റെ സാരൂശൈ തത്വം)

ഇതേ കാര്യം തന്നെയാണ് യു എൻ സി ആർ പി ഡി എന്ന ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ കൺവെൻഷനും വേറൊരു രൂപത്തിൽ പറയുന്നത്. 

 “ദീർഘകാലമായുള്ള ശാരീരികമോ മാനസികമോ ബൗദ്ധികമോ ഇന്ദ്രിയപരമോ ആയ  പരിമിതികളുള്ളവർക്ക്, സമൂഹത്തിൻ്റെ വിവിധ ഘടകങ്ങളിൽ നിന്ന് വേണ്ടത്ര അനുഭാവം ലഭിക്കാത്തതിനാൽ,  തുല്യതയിൽ പൂർണ്ണവും ഫലപ്രദവുമായ സാമൂഹ്യ പങ്കാളിത്തത്തിന് കഴിയാതെ വരുമ്പോഴാണ് ഭിന്നശേഷിയുണ്ടാവുന്നത്” എന്നാണത്. 

 രണ്ടും ഒന്നു തന്നെ. ഒഴിവാക്കലുകൾ ഭിന്നശേഷിയുണ്ടാക്കുന്നു. അല്ലാതെ, നമ്മൾ പരിമിതികൾ എന്നു പോലും പറഞ്ഞു കളയുന്ന വ്യത്യസ്‌തതകളല്ല ഭിന്നശേഷികൾക്കു കാരണം !

 ശരിക്കും പറഞ്ഞാൽ വ്യത്യസ്‌തതകളും പരിമിതികളും വളരെ മനോഹരമായ ചില കാര്യങ്ങളാണ്. (വീണ്ടും കടപ്പാട് : മൈക്രോസോഫ്റ്റ് സാരൂശൈ)

 അതെങ്ങനെയാണെന്നാവും നിങ്ങൾ ചിന്തിക്കുന്നത്. ശരിക്കും വ്യത്യസ്തമായ ഒരു ആവശ്യത്തിനു വേണ്ടി നമ്മൾ ഒരു പരിഹാരം ചിന്തിക്കുമ്പോൾ അത് നേട്ടമുണ്ടാക്കുന്നത് ആ ചെറിയ സംഘം ഉപഭോക്താക്കൾക്ക് മാത്രമല്ല. വളരെ വലിയ ഒരു ഉപഭോക്തൃ സ്പെക്ട്രത്തെയാണ് അതിലൂടെ നമ്മൾ സഹായിക്കുന്നത്. നമ്മൾ നേരത്തേ പറഞ്ഞ ഉദാഹരണത്തിലെ അംഗപരിമിതർക്കായുള്ള കെട്ടിടനിർമ്മാണ രീതികൾ തന്നെ കണക്കിലെടുക്കാം. വീൽചെയർ ഉപയോഗിക്കുന്ന അംഗപരിമിതർക്കായുള്ള കർബ് കട്ടുകൾ അഥവാ റാമ്പുകൾ നമുക്കെല്ലാവർക്കും പരിചിതമാണല്ലോ. ഇതു കൊണ്ട് വീൽ ചെയർ ഉപയോഗിക്കുന്നവർക്ക് മാത്രമാണോ ഗുണമുണ്ടാവുക? അല്ല – കുട്ടികളെ സ്ട്രോളറിൽ കൊണ്ടു പോകുന്ന മാതാപിതാക്കൾ, ബൈക്ക്, സൈക്കിൾ എന്നിവ ഉപയോഗിക്കുന്നവർ, വലിയ പെട്ടികളും വലിച്ചു കൊണ്ട് യാത്രയ്ക്ക് പോകുന്നവർ, മുട്ടു വയ്യാത്ത മനുഷ്യന്മാർ, കുറിയർ ഡെലിവറി ചെയ്യുന്നവർ തുടങ്ങി സ്കേറ്റ്ബോർഡുകൾ ഉപയോഗിക്കുന്നവർ വരെ ഇത്തരം റാമ്പുകൾ ഉപയോഗിച്ചേക്കും.

 ഇതു പോലെ കാഴ്ചയില്ലാത്തവർക്കായി ആദ്യം വിഭാവനം ചെയ്ത സ്പീച്ച് ടു ടെക്സ്റ്റ് & റീഡിങ്ങ് ആപ്പുകൾ കഥകൾ കേൾക്കാനും യോഗതീരുമാനങ്ങൾ രേഖപ്പെടുത്താനുമൊക്കെ ആളുകളും പ്രസ്ഥാനങ്ങളും ഉപയോഗിക്കുന്നത് നമുക്കറിയാം. 

 ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള പഠനരീതികളുടെ ശൈലികളുപയോഗിച്ച്, കോർപ്പറേറ്റ്  നേതാക്കന്മാരേയും, അധ്യാപകരേയും, എന്തിന് പോലീസുകാരെ പോലും ഫലപ്രദമായി പരിശീലിപ്പിക്കുന്ന പ്രഗത്ഭരായ ട്രെയിനർമാരേയും നമുക്ക് കേരളത്തിൽ തന്നെ കാണാൻ കഴിയും. ശരിക്കും വ്യത്യസ്തമായ ഒരാവശ്യം ഒട്ടനവധി സാധ്യതകളെയാണ് നമുക്ക് മുന്നിൽ തുറന്നു വയ്ക്കുന്നത്.    

 “സാരൂശൈ”യുടെ തത്വങ്ങൾ വളരെ ലളിതമാണ്. അവ താഴെക്കൊടുക്കുന്നു

1.ഒഴിവാക്കപ്പെടുന്ന കാര്യങ്ങളേയും അവയുടെ കാരണങ്ങളേയും തിരിച്ചറിയുക.

 • നമ്മുടെ ചുറ്റുമുള്ള മനുഷ്യരെ മനസ്സിലാക്കുക എന്നതാണ് ഇതിൽ പ്രധാനം.
 • ഒരു തീരുമാനമെടുക്കുമ്പോൾ, അത് ആരെയൊക്കെ എങ്ങനെയൊക്കെ സഹായിക്കുന്നു എന്ന് അറിയണം. അതു പോലെ തന്നെ പ്രധാനമാണ് ആരെയൊക്കെ അത് സഹായിക്കുന്നില്ല, അല്ലെങ്കിൽ മാറ്റി നിർത്തുന്നു എന്ന് മനസ്സിലാക്കുന്നതും.
 • ഇങ്ങനെയുള്ള മാറ്റി നിർത്തലുകൾക്ക് വിവിധ കാരണങ്ങളും ഉണ്ടാവാം. ചിലത് രാഷ്ട്രീയ കാരണങ്ങളാവാം. മറ്റു ചിലത് സാങ്കേതിക കാരണങ്ങളും ഇനി മറ്റു ചിലത് സാമൂഹ്യവും, ഇനിയും ചിലത് മനോഭാവനിർമ്മിതിയുമായി ബന്ധപ്പെട്ട കാരണങ്ങളുമാവും. എല്ലാത്തിനുമുപരിയായി ചില സാമ്പത്തികതത്വശാസ്ത്രങ്ങളുടെ പ്രഭാവവുമുണ്ടാവും. എന്തു തന്നെയായാലും അവയെ ആഴത്തിൽ മനസ്സിലാക്കണം.
 • ഒരുദാഹരണം പറയുകയാണെങ്കിൽ, ഇ-ഡിസ്ട്രിക്ട് പോലെ, അല്ലെങ്കിൽ കോവിൻ ആപ്പ് പോലെയുള്ള പുതിയ ഇ-ഗവേണൻസ് സംവിധാനങ്ങളുണ്ടാവുമ്പോൾ പാർശ്വവൽക്കരിക്കപ്പെടുന്ന കോടിക്കണക്കിന് മനുഷ്യരുണ്ട് നമ്മുടെ ചുറ്റിനും. അതിനർത്ഥം ഇത്തരം മുന്നേറ്റങ്ങൾ വേണ്ട എന്നല്ല. ഈ പാർശ്വവൽക്കരണം എങ്ങനെ ഏത് കാരണത്താൽ ഉണ്ടായി എന്നത് മനസ്സിലാക്കിയാൽ മാത്രമേ, അവരെ കൂടി ഈ പുതിയ സാങ്കേതിക ഉല്പന്നങ്ങളുടെ ഗുണഭോക്താക്കളായി കൊണ്ടു വരാൻ കഴിയുകയുള്ളൂ.

 2. നേരത്തേ പറഞ്ഞ ആ ഇരുപത് ശതമാനത്തിലെ ഓരോ പ്രശ്നങ്ങളായി പരിഹരിക്കാൻ ശ്രമിക്കുക. ഫലങ്ങളെ കൂടുതൽ ഗുണപരമായ ഇടങ്ങളിലേക്ക് / ഫോർമാറ്റിലേക്ക് വിപുലീകരിക്കുക

 • ഉദാഹരണത്തിന് നമ്മൾ അന്ധരായ വ്യക്തികൾക്ക് വേണ്ടി ഒരു പുതിയ ഉല്പന്നസവിശേഷത (functionality) രൂപകല്പന ചെയ്തു എന്നിരിക്കട്ടെ. അടുത്ത ഘട്ടം, അതേ കാര്യത്തിനെ എങ്ങനെ അന്ധരല്ലാത്ത, എന്നാൽ മറ്റ്  ആവശ്യങ്ങളുള്ള ഉപഭോക്താക്കൾക്ക് വേണ്ടി മെച്ചപ്പെടുത്തിയെടുക്കാം എന്നതാവണം. ഇത് ആ ഉല്പന്നത്തിൻ്റെ സാര്‍വ്വലൗകികത (Universality) വർദ്ധിപ്പിക്കും.

 3. വൈവിധ്യങ്ങളിൽ നിന്ന് പഠിക്കുക

 • തുറന്ന ചിന്തയും ശുഭാപ്തിവിശ്വാസവുമാണ് ഇവിടെ വേണ്ടത്. വൈവിധ്യം ഒരു ശല്യപ്പെടുത്തുന്ന കാര്യമല്ല, പകരം അവസരങ്ങളുടെ ഖനിയാണ് എന്ന തിരിച്ചറിവ് വളരെ പ്രധാനമാണ്.
 • ഇതത്ര എളുപ്പം പഠിക്കാൻ പറ്റുന്ന ഒന്നല്ല. തികച്ചും ഭാവനാശാലികളായ മനുഷ്യർക്കു മാത്രമേ, വൈവിധ്യത്തിൻ്റെ സാധ്യതകൾ എളുപ്പം തിരിഞ്ഞു കിട്ടൂ. കൃത്യമായ ചട്ടക്കൂടിനകത്തു ചിന്തിക്കുന്നവർക്ക് വൈവിധ്യങ്ങൾ പലപ്പോഴും ശല്യമായി തോന്നും. ഈ തുറന്ന ചിന്താലോകങ്ങൾ നമ്മുടെ വിദ്യാഭ്യാസരംഗത്തും പ്രക്രിയാഘടനകളിലും ഒക്കെ ബോധപൂർവ്വം ഉൾച്ചേർക്കേണ്ടതുണ്ട്.

 4. എല്ലാ സമയത്തും നിങ്ങൾക്ക് എല്ലാ ഉത്തരങ്ങളും ഒരു ഉല്പന്നത്തിലോ ഒരു സേവനത്തിലോ ഒതുക്കാനായി എന്നു വരില്ല. അങ്ങനെയുള്ളപ്പോൾ ഒരേ ആവശ്യത്തിനുള്ള, എന്നാൽ വിവിധ വ്യത്യസ്‌തതകൾ ഉൾക്കൊള്ളുന്ന ഉല്പന്നങ്ങളുടെ / സേവനങ്ങളുടെ ഒരു കുടുംബം സൃഷ്ടിക്കുക. 

 • ഇങ്ങനെയുള്ള ഓരോ ഉല്പന്നത്തിനും/സേവനത്തിനും ഒരു ലക്ഷ്യമുണ്ടാവണം (ചുരുങ്ങിയത് ഒരു വ്യതിരിക്ത ഉപഭോക്താവ് വേണം).
 • വെറുതേ, ആർക്കും വേണ്ടാത്ത ഉല്പന്നങ്ങളും സേവനങ്ങളും ഉണ്ടാക്കരുത്.
 • ഉപയുക്തത എന്നതിൻ്റെ സാമ്പത്തികമൂല്യം തിരിച്ചറിയൽ പ്രധാനമാണ്

 5. ഓരോ ഉല്പന്നത്തിനും/ സേവനത്തിനും, അതുപയോഗിക്കാൻ വേണ്ട പ്രത്യേക കഴിവുകൾ കഴിയുന്നത്ര കുറയ്ക്കുക.

 • ഉദാഹരണത്തിന് റാമ്പ് ഉണ്ടാക്കുമ്പോൾ വീൽചെയറിൻ്റെ അളവ് മാത്രം കണക്കിലെടുത്ത് അത് നിർമ്മിക്കരുത് എന്നർത്ഥം. 
കടപ്പാട്: The Center for Story-based Strategy

ഇതേ ആശയം തന്നെയാണ് നമ്മൾ “സാര്‍വ്വലൗകിക രൂപഘടനാശൈലി” അഥവാ Universal Design എന്നും പറയുന്നത്. രണ്ടും അടിസ്ഥാനപരമായി പറയുന്നത് ഒരേയൊരു കാര്യം മാത്രമാണ്

 “No normal is the new normal!” – “അസാധാരണത്വമാണ് പുതിയ സാധാരണത്വം!”

 ഈ കാഴ്ചപ്പാട്  കമ്പോളങ്ങളിൽ കൈമാറ്റം ചെയ്യുന്ന ഉല്പന്നങ്ങളുടേയും സേവനങ്ങളുടേയും രൂപകല്പനയിൽ മാത്രം ഒതുക്കേണ്ടതല്ല. നമ്മുടെ സാമൂഹ്യഘടനകൾ തിരുത്തുമ്പോഴും പുനഃസൃഷ്ടിക്കുമ്പോഴുമെല്ലാം “സാരുശൈ“ മനസ്സിലുണ്ടാവണം.

നവകേരളനിർമ്മിതിയിൽ, സാമൂഹ്യക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ, പുതിയ ഗതാഗത സംവിധാനങ്ങൾ വിഭാവനം ചെയ്യുമ്പോൾ, സർക്കാർ സേവനങ്ങളെ ഡിജിറ്റൈസ് ചെയ്യുമ്പോൾ, വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നിർവ്വചിക്കുമ്പോൾ, ആരോഗ്യമേഖല പുനഃസംഘാടനം ചെയ്യുമ്പോൾ, സാംസ്കാരിക ഇടങ്ങൾ വിപുലീകരിക്കുമ്പോൾ, യൂണിവേഴ്സിറ്റികളിൽ കോഴ്സുകൾ ഉണ്ടാക്കുമ്പോൾ, തൊഴിൽ നിയമങ്ങൾ ഉണ്ടാക്കുമ്പോൾ ഒക്കെ സാരുശൈ വഴികാട്ടിയാവണം.

 സാരുശൈയുടെ മറ്റൊരു തലം രൂപകല്പനയിലെ ലാളിത്യമാണ്. പക്ഷേ, ആ ലാളിത്യത്തിലേക്കെത്തിച്ചേരാൻ നമ്മളല്പം വിയർക്കേണ്ടി വരും. കാരണം ലാളിത്യമാണല്ലോ ചങ്ങായീ ഏറ്റവും സങ്കീർണ്ണമായ കാര്യം.

 അപ്പോ, പറഞ്ഞു വന്നതിത്രയേയുള്ളൂ – നമുക്ക് പാരറ്റോ തത്വത്തിനെ തലതിരിച്ചു വയ്ക്കാം. ഉൾച്ചേർക്കലുകളെ ഉള്ളിലേറ്റാം. ശരാശരിക്കാരല്ലാതെ ജീവിക്കാം.!


റഫറൻസുകൾ:

 1. https://www.microsoft.com/design/inclusive/#:~:text=Inclusive%20Design%20is%20a%20methodology,with%20a%20range%20of%20perspectives.
 2. https://www.alida.com/the-alida-journal/the-80/20-rule-doesnt-work-anymore-heres-why-inclusive-design-always-wins#:~:text=Also%20known%20as%20the%20Pareto,the%20remaining%2020%25%20of%20outcomes.
 3. https://codeforamerica.org/news/why-multilingual-research-matters/
 4. http://www.inclusivedesigntoolkit.com/whatis/whatis.html
 5. https://www.un.org/development/desa/disabilities/convention-on-the-rights-of-persons-with-disabilities.html
 6. https://www.forbes.com/sites/kevinkruse/2016/03/07/80-20-rule/?sh=65c309443814

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മഹാമാരികളെപ്പറ്റി ഒരു അമൂല്യഗ്രന്ഥം
Next post വോയേജറുകളുടെ ഹംസഗാനം.