ഉൽക്കാശിലകളുടെ പ്രാധാന്യം

സൗരയൂഥത്തിന്റെയും, വിശിഷ്യ ഭൂമിയുടേയും ഉത്ഭവത്തെക്കുറിച്ചും പരിണാമത്തെക്കുറിച്ചുമുള്ള അറിവു നൽകുന്നു എന്നത് തന്നെയാണ് ഉൽക്കാശിലകളുടെ പ്രാധാന്യം.

നമ്മുടെ സൗരയൂഥത്തിൽ എവിടെയോ രൂപംകൊണ്ടതും സൂര്യനെ ചുറ്റികൊണ്ടിരിക്കുന്നതുമായ ശിലകളാണ് ഉൽക്കകൾ. വളരെ വലിപ്പമേറിയതോ അല്ലെങ്കിൽ വളരെ ചെറിയതോ ആയ ഉൽക്കകൾ മാത്രമാണ് ഭൂമിയുടെ ഉപരിതലത്തിൽ പഠിക്കുന്നത്. അല്ലാത്തവ ഭൂമിയുടെ അന്തരീക്ഷത്തിൽ വച്ചുതന്നെ കത്തിതീരുന്നു. മഞ്ഞുമൂടിയ പ്രദേശങ്ങൾ, മരുഭൂമികൾ തുടങ്ങിയ വിജനമായ സ്ഥലങ്ങളിലാണ് ഉൽക്കകൾ പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്.

സൗരയൂഥത്തിൽ ചൊവ്വക്കും വ്യാഴത്തിനും ഇടയിൽ കാണപ്പെടുന്ന ആസ്ട്രോയ്ഡുകൾ അഥവാ ക്ഷുദ്രഗ്രഹങ്ങൾ എന്ന വലിയ ശിലാഖണ്ഡങ്ങളിൽ നിന്നാണ് മിക്കവാറും ഉൽക്കകൾ ഉണ്ടായിട്ടുള്ളത് എന്ന് കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ സൗരയൂഥം രൂപംകൊണ്ട കാലയളവിൽ തന്നെയാണ് ഇവ ഉണ്ടായത് എന്നുള്ളതുകൊണ്ട് സൗരയൂഥത്തിന്റെ ഉത്ഭവത്തെ പറ്റി പഠിക്കാൻ ഉൽക്കകൾ / ഉൽക്കാശിലകൾ ഉപകരിക്കുന്നു ഏകദേശം 4.5 ബില്ല്യൻ വർഷങ്ങൾക്കു മുൻപാണ് സൗരയൂഥം രൂപംകൊണ്ടിട്ടുള്ളത് എന്ന് ഇന്ന് അനുമാനിക്കുന്നു.

ഈ അനുമാനത്തിന് ഏറ്റവും ശാസ്ത്രീയമായ അടിസ്ഥാനം ഉൽക്കാശിലകളിൽ റേഡിയോആക്റ്റിവിറ്റി ഉപയോഗിച്ച് നടത്തിയ കാലനിർണ്ണയം ആണ്. ഈ കാലയളവ് ആകട്ടെ നമ്മുടെ ഭൂമിയുടെ പ്രായത്തിന് തുല്യവുമാണ്. ചില ഉൽക്കകളിൽ ആദിമ നക്ഷത്രകണങ്ങൾ അടങ്ങിയിട്ടുണ്ട്.ഇത്തരം കണങ്ങൾ സൗരയൂഥം രൂപംകൊള്ളുന്നതിന് വളരെക്കാലം മുൻപ് ഉണ്ടായതാണ്. നക്ഷത്രങ്ങളുടെ ഉത്ഭവം പരിണാമം എന്നിവയെ പറ്റി പഠിക്കാൻ ഇത്തരം കണങ്ങൾ ഉപകരിക്കുന്നു.

ഹോബ ഉല്‍ക്കാശില, നമീബിയ Image courtesy Sergio Conti, licensed via Creative Commons.

ഭൂമി രൂപംകൊണ്ട ആദിമകാലഘട്ടങ്ങളിൽ അന്തരീക്ഷം ഉണ്ടായിരുന്നില്ല. ഇത് വലിയ ഉൽക്കകൾ നേരിട്ട് ഭൂമിയിൽ പതിക്കുന്നതിന് കാരണമായി. ഇത്തരത്തിൽ ധാരാളം വലിയ ഉൽക്കകൾ ഭൂമിയിൽ പതിച്ചത് മൂലം വലിയ മാറ്റങ്ങൾ കാലാകാലങ്ങളിൽ ഭൂമുഖത്ത് ഉണ്ടായിട്ടുണ്ട്.

ഭൂമിയിൽ ജീവൻ ഉത്ഭവിച്ചതിന് കാരണമായ അമിനോആസിഡ് തുടങ്ങിയ ജൈവകണങ്ങൾ ഭൂമിയിലേക്ക് എത്തിച്ചത് ഉൽക്കകൾ ആണെന്ന് അനുമാനിക്കുന്നു. അതേസമയം തന്നെ ചില ജീവിവർഗ്ഗങ്ങളുടെ വംശനാശത്തിനും ഉൽക്കകളുടെ പതന ആഘാതം കാരണമായിട്ടുണ്ട്. ഏകദേശം 65 മില്യൺ വർഷങ്ങൾക്കുമുമ്പ് ദിനോസറുകളുടെ നാശത്തിനു കാരണമായി തീർന്നത് ഇത്തരത്തിൽ ഒരു ഉൽക്ക പതനം ആണെന്നാണ് ജിയോളജിസ്റ്റ് കണ്ടെത്തിയിട്ടുള്ളത്. ഉൽക്കാഭാഗങ്ങൾ കൊണ്ട് നിർമ്മിച്ച മോതിരം, മാല തുടങ്ങിയവ സാമ്പത്തിക പുരോഗതി, മനോധൈര്യം, തീപ്പൊള്ളലിൽ നിന്നും രക്ഷ, നല്ല ആരോഗ്യം എന്നിവ പ്രദാനം ചെയ്യും  എന്നൊക്കെയുള്ള അന്ധവിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്

സൗരയൂഥത്തിന്റെയും, വിശിഷ്യ ഭൂമിയുടേയും ഉത്ഭവത്തെക്കുറിച്ചും പരിണാമത്തെക്കുറിച്ചുമുള്ള അറിവു നൽകുന്നു എന്നത് തന്നെയാണ് ഉൽക്കാശിലകളുടെ പ്രാധാന്യം.

  • ഇറിഡിയം പറഞ്ഞ കഥ ഇതൊരു കഥയാണ്‌. ഒരു ദീർഘകാല കടങ്കഥയ്ക്കുള്ള ഉത്തരം നൽകുന്ന കഥ. ഇറിഡിയം പറഞ്ഞ കഥ! ഉല്‍ക്കാശിലകളെ കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട ഈ ലൂക്ക ലേഖനം വായിക്കൂ…

ഉല്‍ക്കാശിലകളുടെ പ്രാധാന്യം – സ്ലൈഡ് കാണാം


തയ്യാറാക്കിയത്

എ.ഗോപിനാഥൻ നായർ

ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, ഗവ. കോളേജ്, കാസറഗോഡ്.

നാം ജീവിക്കുന്ന ലോകം – മറ്റു പേജുകള്‍ വായിക്കാം.

0. നാം ജീവിക്കുന്ന ഭൂമി -ആമുഖം
1.കല്ലിനുമുണ്ടൊരു കഥ പറയാൻ –
2. വീണ്ടും ചില ഭൂമിക്കാര്യങ്ങൾ
3. കടൽ, കാറ്റ്, മഴ
4. ജലവും ജീവനും
5. ഇന്ത്യയും കേരളവും.

 

Leave a Reply