Read Time:23 Minute
സാബു ജോസ്
ഹബിള്‍ ടെലസ്ക്കോപ്പിന് 30-മത് ഹാപ്പി ബര്‍ത്ത് ഡേ
ദൃശ്യവിസ്മയത്തിന്റെ മുപ്പത് വർഷങ്ങൾ പൂര്‍ത്തിയായി. ഹബിള്‍ ദൂരദര്‍ശിനി മുപ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. 1990 ഏപ്രില്‍ 24 ന് വിക്ഷേപിച്ച ഹബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് (HST) എന്ന ബഹിരാകാശ നിരീക്ഷണ നിലയം കഴിഞ്ഞ 30 വര്‍ഷങ്ങളായി ജ്യോതിശാസ്ത്രത്തിനു നല്‍കികൊണ്ടിരിക്കുന്ന സേവനങ്ങള്‍ വളരെ വലുതാണ്. ജ്യോതിശാസ്ത്ര ചരിത്രത്തില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയിട്ടുള്ള മറ്റൊരു നിരീക്ഷണ ശാലയുമുണ്ടായിട്ടില്ല. സുന്ദരവും, അദ്ഭുതകരവുമായ പതിനായിരക്കണക്കിന് പ്രപഞ്ച ചിത്രങ്ങളും, ഡാറ്റകളും ശാസ്ത്ര ലോകത്തിന് സമ്മാനിച്ച ഈ ബഹിരാകാശ ദൂരദര്‍ശിനിയുടെ സേവനം ഇനിയും പത്തു വര്‍ഷം കൂടി തുടരും.
ഭൂമിയില്‍ നിന്നും 589 കിലോമീറ്റര്‍ ഉയരമുള്ള ദീര്‍ഘവൃത്ത ഭ്രമണ പഥത്തിലൂടെയാണ് 11,110 കിലോഗ്രാം ഭാരമുള്ള ഈ പ്രതിഫലന (Ritchey-Chretien) ദൂരദര്‍ശിനി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഒരേ സമയം ദൃശ്യ പ്രകാശത്തിലും, ഇന്‍ഫ്രാറെഡ്, അള്‍ട്രാവയലറ്റ്, തരംഗദൈര്‍ഘ്യങ്ങളിലും പ്രപഞ്ച നിരീക്ഷണം നടത്താന്‍ കഴിയുന്ന ഈ ബഹിരാകാശ നിരീക്ഷണാലയം സെക്കന്റില്‍ 7500 മീറ്റര്‍ വേഗതയില്‍ ഭൂമിയെ ചുറ്റി കൊണ്ടിരിക്കുകയാണ്. 96 മിനുറ്റ് കൊണ്ട് ഹബിള്‍ ഭൂമിയെ വലം വയ്ക്കും. കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി ജ്യോതിശാസ്ത്ര നിരീക്ഷണ ശാഖയിലെ അവസാന വാക്കാണ് ഹബിള്‍ എന്നു പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. ഇന്ന് പാഠപുസ്തകങ്ങളിലും, ആനുകാലികങ്ങളിലും, കംപ്യൂട്ടറിലുമെന്നുവേണ്ട സയന്‍സ് ജേണലുകളില്‍ വരെ പ്രസിദ്ധപ്പെടുത്തുന്ന മനോഹര പ്രപഞ്ച ചിത്രങ്ങള്‍ ഏറിയ പങ്കും ഹബിള്‍ നിര്‍മ്മിച്ചതാണ്. ഒരുപക്ഷെ പൊതുസമൂഹത്തില്‍ ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു പര്യവേഷണ കേന്ദ്രം വേറെയുണ്ടാകില്ല. ജ്യോതിശാസ്ത്രത്തില്‍ തല്‍പരരല്ലാത്തവര്‍ക്കുപോലും ഹബിള്‍ എന്ന പേര് സുപരിചിതമാണ്.
എഡ്വിൻ ഹബിൾ
ഭൂമിക്കു ചുറ്റുമുള്ള ഒരു ഭ്രമണ പഥത്തില്‍ നിന്നും ഭൗമേതര പ്രതിഭാസങ്ങള്‍ നിരീക്ഷിക്കാനായി രൂപ കല്‍പ്പന ചെയ്യപ്പെട്ട ദൂരദര്‍ശിനിയാണ് ഹബിള്‍ സ്‌പേസ് ടെലസ്‌കോപ്പ്. പ്രപഞ്ചം വികസിക്കുന്നുണ്ടെന്ന് കണ്ടെത്തിയ എഡ്വിന്‍ ഹബിളിന്റെ ഓര്‍മ്മക്കായാണ് ഈ ദൂരദര്‍ശിനിക്ക് ഹബിള്‍ എന്ന് നാമകരണം ചെയ്തത്. ഭൗമാന്തരീക്ഷത്തിന് വെളിയിലുള്ള ഭ്രമണപഥമായത് കൊണ്ട് ഭൂതല ദൂരദര്‍ശിനികള്‍ക്ക് അപ്രാപ്യമായ പല ഗുണങ്ങളും ഹബിളിനുണ്ട്. ഭൗമാന്തരീക്ഷത്തിന്റെ സാന്നിദ്ധ്യം കൊണ്ട് ദൃശ്യങ്ങള്‍ മങ്ങിപോവുകയോ ദൃശ്യ പശ്ചാത്തലം വായുവില്‍ വിസരിതമാവുകയോ ചെയ്യില്ല. അതു കൂടാതെ ഓസോണ്‍ പാളി തടയുന്ന അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ ഹബിളിന് തടസ്സമില്ലാതെ ലഭിക്കുകയും ചെയ്യുന്നു. ഭൗതിക ശാസ്ത്രത്തിലെ ഒട്ടനവധി കണ്ടുപിടുത്തങ്ങള്‍ ഹബിളിന്റെ സഹായത്തോടെ നടന്നിട്ടുണ്ട്. ഹബിള്‍ അള്‍ട്രാ ഡീപ് ഫീല്‍ഡ് ആണ് ഇന്നുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ജ്യോതിശാസ്ത്രത്തിലെ ഏറ്റവും വിവര സമ്പുഷ്ടമായ ചിത്രം. പതിനഞ്ചു വര്‍ഷമാണ് ആയുസ് നിശ്ചയിച്ചിരുന്നതെങ്കിലും ഹബിള്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. 2030 വരെ ഹബിളിന്റെ സേവനം ശാസ്ത്ര സമൂഹത്തിന് ലഭിക്കുകയും ചെയ്യും.
ഹബിള്‍ ടെലസ്ക്കോപ്പ് കടപ്പാട് : വിക്കിപിഡിയ

ഒരു ബഹിരാകാശ ദൂരദര്‍ശിനി നിര്‍മ്മിക്കാനുള്ള പദ്ധതി അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്കിടയില്‍ 1946 മുതല്‍ തന്നെ ഉണ്ടായിരുന്നെങ്കിലും അതിനാവശ്യമായ ഭാരിച്ച  സാമ്പത്തിക ബാധ്യത കണക്കിലെടുക്കേണ്ടിയി രുന്നു. 1990ല്‍ വിക്ഷേപണത്തിന് തൊട്ടു പിന്നാലെ ദൂരദര്‍ശിനിയുടെ മുഖ്യദര്‍പ്പണത്തിനുണ്ടായ ഗോളീയ സംക്ഷേപണം മോശം നിലവാരമുള്ള വസ്തുക്കള്‍ ഉപയോഗിച്ചതിനാല്‍ ശരിക്കും പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തി. പിന്നീട് 1993ല്‍ ബഹിരാകാശത്തു വച്ചു നടന്ന ചരിത്രപ്രസിദ്ധമായ നന്നാക്കല്‍ ദൗത്യത്തോടെ ഉദ്ദേശിച്ച ഗുണമേ•യുള്ളതാ ക്കുകയായിരുന്നു. നാസയുടെ ചന്ദ്രാ എക്‌സ്-റേ ടെലസ്‌കോപ്പ്, സ്പിറ്റ്‌സര്‍ ടെലസ്‌കോപ്പ് എന്നിവ ഉള്‍പ്പെടുന്ന  ഗ്രേറ്റ് ഒബ്‌സര്‍വേറ്ററീസ് പ്രോഗ്രാം ശ്രേണിയിലെ പ്രഥമ ദൂരദര്‍ശിനിയാണ് ഇന്ന് ഹബിള്‍.

ഹബിൾ ബഹിരാകാശ ദൂരദർശിനി, ഡിസ്കവറി സ്പേസ് ഷട്ടിലിൽ നിന്നുള്ള ദൃശ്യം. കടപ്പാട് : വിക്കിപിഡിയ
ഇന്നുവരെ നിര്‍മ്മിച്ചിട്ടുള്ള ബഹിരാകാശ ദൂരദര്‍ശിനികളില്‍ വെച്ച് ബഹിരാകാശ സഞ്ചാരികള്‍ക്ക് നന്നാക്കാന്‍ കഴിയുന്ന ഏക ദൂരദര്‍ശിനിയാണ് ഹബിള്‍. ഇതുവരെ അഞ്ച് നന്നാക്കല്‍ ദൗത്യങ്ങളാണ് ഹബിളിനായി നടത്തിയിട്ടുള്ളത്. ആദ്യ നന്നാക്കല്‍ ദൗത്യം 1993 ഡിസംബറില്‍ ഹബിളിന്റെ ചിത്രീകരണ വൈകല്യം ശരിയാക്കിയതാണ്. 1997 ഫെബ്രുവരിയില്‍ നടന്ന രണ്ടാം ദൗത്യത്തില്‍ ദൂരദര്‍ശിനിയില്‍ രണ്ടു പുതിയ ഉപകരണങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മൂന്നാം ദൗത്യം രണ്ടു ഘട്ടങ്ങളായാണ് നടത്തിയത് ആദ്യഘട്ടം 1997 ഡിസംബറില്‍ അത്യാവശ്യം വേണ്ട നന്നാക്കലുകള്‍ക്കുള്ളതായിരുന്നു. 2002 ല്‍ നടത്തിയ നാലാം ദൗത്യത്തില്‍ അഡ്വാന്‍സ്ഡ് സര്‍വ്വേ ക്യാമറ എന്ന നൂതന ശാസ്ത്രീയ ഉപകരണം ഹബിളില്‍ ഘടിപ്പിച്ചു. അഞ്ചാമത്തെ നന്നാക്കല്‍ ദൗത്യം 2009 ലാണ് നടത്തിയത്. ഈ ദൗത്യത്തോടെ 2020 വരെ  ഹബിളിന്റെ പിന്‍ഗാമിയെന്നറിയപ്പെടുന്ന ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പിന്റെ വിക്ഷേപണം വരെ  നിലനിര്‍ത്താവുന്ന അവസ്ഥയിലാണ് ദൂരദര്‍ശിനി ഇപ്പോഴുള്ളത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ബഹിരാകാശ പദ്ധതിയുടെ രൂപകല്‍പ്പനയും, പ്രവര്‍ത്തന പുരോഗതിയും, ദൂരദര്‍ശിനിയുടെ നിര്‍മ്മാണവും കൈകാര്യം ചെയ്യാന്‍ മാര്‍ഷല്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിനെ (എം.എസ്.എഫ്.സി)ചുമതലപ്പെടുത്തി. ശാസ്ത്രീയോപകരണങ്ങളുടെ നിര്‍മ്മാണവും, ഗ്രൗണ്ട് സ്റ്റേഷന്റെ നിയന്ത്രണവും ഗോദാര്‍ദ്ദ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിനായിരുന്നു. ഒപ്റ്റിക്‌സ് കമ്പനിയായ പെര്‍ക്കിന്‍ എല്‍മര്‍ പദ്ധതിയുടെ ഒപ്റ്റിക്കല്‍ ദൂരദര്‍ശിനി വിഭാഗത്തിന്റെയും ഫൈന്‍ ഗൈഡന്‍സ് സെന്ററുകളുടെയും ഉത്തരവാദിത്വം ഏറ്റെടുത്തു ദൂരദര്‍ശിനി ബഹിരാകാശത്തെ ത്തിക്കുന്നതിനുള്ള വാഹനത്തിന്റെ നിര്‍മ്മാണചുമതല ലോക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പ്പറേഷനായിരുന്നു.

ഹബിളിന്റെ നിർമ്മാണത്തിന്റെ ആദ്യ ഘട്ടങ്ങൾ, 1980. കടപ്പാട് : വിക്കിപിഡിയ
ദൂരദര്‍ശിനിയുടെ മുഖ്യദര്‍പ്പണവും, മറ്റു ഒപ്റ്റിക്കല്‍ ഭാഗങ്ങളും കൃത്യമായ നിര്‍വ്വചന പ്രകാരമാണ് നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ ദര്‍പ്പണ ദൂരദര്‍ശിനികളുടെ പോളിംഗ് കൃത്യത ദൃശയപ്രകാശത്തിന്റെ തരംഗ ദൈര്‍ഘ്യത്തിന്റെ പത്തിലൊന്ന് ആയിരിക്കണം. എന്നാല്‍ ഒരു ബഹിരാകാശ ദൂരദര്‍ശിനി അള്‍ട്രാവയലറ്റ്, ഇന്‍ഫ്രാറെഡ് കിരണങ്ങളെ നിരീക്ഷിക്കുന്നതിനാല്‍ പത്തിരട്ടി കൂടുതല്‍ വ്യതിരക്തത (Roslution) സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു. ദര്‍പ്പണം ദൃശ്യപ്രകാശത്തിന്റെ തരംഗദൈര്‍ഘ്യത്തിന്റെ ഇരുപതില്‍ ഒന്ന് കൃത്യതയില്‍ അതായത് 30 നാനോമീറ്റര്‍ ആയിട്ടാണ് മിനുക്കിയെടുത്തത്. പെര്‍കിന്‍ എല്‍മണ്‍ ഏറ്റവും സങ്കീര്‍ണമായ കമ്പ്യൂട്ടര്‍ നിയന്ത്രിത പോളിംഗ് മെഷീനുകള്‍ ഉപയോഗിച്ച് ദര്‍പ്പണം നിര്‍മ്മിക്കാനാരംഭിച്ചു. എന്നാല്‍ അവരുടെ കട്ടിംഗ് എഡ്ജ് സാങ്കേതികവിദ്യ  പ്രശ്‌നകലുഷിതമായപ്പോള്‍ ഉരച്ചു രൂപപ്പെടുത്തുന്ന പരമ്പരാഗത രീതിയില്‍ കണ്ണാടി നിര്‍മ്മിക്കാന്‍ കൊഡാക്കിനെ ഏല്‍പ്പിച്ചു. കൊഡാക്ക് നിര്‍മ്മിച്ച കണ്ണാടി ഇപ്പോള്‍ സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ദര്‍പ്പണ നിര്‍മ്മാണം 1979ല്‍ തുടങ്ങി 1981 വരെ നീണ്ടുനിന്നു. 75 നാനോമീറ്റര്‍ കട്ടിയുള്ള അലൂമിനിയം റിഫ്‌ളക്ടിംഗ് കോട്ടിംഗും, 25 നാനോമീറ്റര്‍ കട്ടിയില്‍ മഗ്നീഷ്യം ഫ്‌ളൂറൈഡിന്റെ പ്രൊട്ടക്ഷന്‍ കോട്ടിംഗും കണ്ണാടിക്കുണ്ടായിരുന്നു. കണ്ണാടി നിര്‍മ്മാണത്തിന്റെയും അനുബന്ധ ഉപകരണങ്ങള്‍ അസംബ്ലി ചെയ്യുന്നതിന്റെയും കാലവിളമ്പം കാരണം ദൂരദര്‍ശിനിയുടെ വിക്ഷേപണം പലതവണ മാറ്റി വെക്കുകയുണ്ടായി.

വിക്ഷേപണം

1986 ഒക്‌ടോബറിലാണ് ഹബിള്‍ വിക്ഷേപിക്കുന്നതിന് ഏറ്റവും അനുകൂലമായി വന്നത്. എന്നാല്‍ ചലഞ്ചര്‍ സ്‌പേസ് ഷട്ടില്‍ ദുരന്തം അമേരിക്കയുടെ ബഹിരാകാശ പദ്ധതികളെയെല്ലാം മരവിപ്പിക്കാന്‍ കാരണമായി. 1988ല്‍ നാസ ബഹിരാകാശ പദ്ധതി  പുനരാരംഭിച്ചതോടെ ദൂരദര്‍ശിനിയുടെ വിക്ഷേപണം 1990ലേക്ക് തീരുമാനിക്കപ്പെട്ടു. 1990 ഏപ്രില്‍ 24 ന് സ്‌പേസ് ഷട്ടില്‍ STS 31 ഡിസ്‌കവറി ഉപയോഗിച്ച് ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയെ ഭ്രമണ പഥത്തില്‍ സ്ഥാപിച്ചു. മതിപ്പു ചെലവ് നാലുകോടി യു.എസ്.ഡോളറായിരുന്നെങ്കിലും ദൂരദര്‍ശിനി നിര്‍മ്മാണത്തിനായി മാത്രം 25 കോടി ഡോളര്‍ ചെലവായി. യു.എസിന്റെ മൊത്തം ചെലവ് ഇതുവരെ 60 കോടിയിലധികമാണ്. യൂറോപ്പിന്റെ മൊത്തം സംഭാവനയും ഏകദേശം ഇത്രതന്നെ യൂറോയാണ്.
എസ്.റ്റി.എസ്-31, ഹബിളിനെ വഹിച്ചുകൊണ്ട് പേടകമുയരുന്നു കടപ്പാട് : വിക്കിപിഡിയ

ശാസ്ത്രീയ ഉപകരണങ്ങള്‍

വിക്ഷേപണ സമയത്ത് ഹബിള്‍ അഞ്ച് ശാസ്‌ത്രോപകരണങ്ങള്‍ വഹിച്ചിരുന്നു. വൈഡ് ഫീല്‍ഡ്/ഗ്രഹനിരീക്ഷണ ക്യാമറ, ഗോദാര്‍ദ് ഹൈ-റെസല്യൂഷന്‍ സ്‌പെക്‌ട്രോഗാഫ്, ഹൈ-സ്പീഡ് ഫോട്ടോ മീറ്റര്‍, ഫെയിന്റ് ഒബ്ജക്ട് ക്യാമറ, ഫെയിന്റ് ഒബ്ജക്ട് സ്‌പെക്‌ട്രോമീറ്റര്‍ എന്നിവയാണ് ഈ ഉപകരണങ്ങള്‍. വൈഡ് ഫീല്‍ഡ് ക്യാമറ വലിയൊരു കോണില്‍ വലിയൊരു മണ്ഡലത്തിന്റെ ചിത്രങ്ങളെടുക്കുമ്പോള്‍ ഗ്രഹ നിരീക്ഷണ ക്യാമറ ദൂരത്തിലുള്ള ചിത്രങ്ങള്‍ വളരെ വലുതാക്കി എടുക്കാന്‍ സജ്ജമായിരുന്നു. ഗോദാര്‍ദ് ഹൈ-റെസല്യൂഷന്‍ സ്‌പെക്‌ട്രോഗ്രാഫ് അള്‍ട്രാവയലറ്റ് രശ്മികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. ഫെയിന്റ് ഒബ്ജക്ട് ക്യാമറ, ഫെയിന്റ് ഒബ്ജക്ട് സ്‌പെക്‌ട്രോമീറ്റര്‍ എന്നിവയാണ് ഹബിളിലെ ഏറ്റവും കൂടുതല്‍ ദൃശ്യവ്യക്തത ഉള്ള ഉപകരണങ്ങള്‍. ഇവയില്‍ സി.സി.ഡി കള്‍ക്കു പകരം തിരിച്ചറിയല്‍ ഉപാധിയായി ഫോട്ടോണുകള്‍ എണ്ണുന്ന ഡിജികോണുകളാണ് ഉപയോഗിച്ചിരുന്നത്.

Exploded view of the Hubble Space Telescope
ഹൈ-സ്പീഡ് ഫോട്ടോമീറ്റര്‍ കാണാന്‍ കഴിയുന്ന നക്ഷത്രങ്ങളെയും, തെളിച്ചമനുസരിച്ച് മറ്റു ജ്യോതിര്‍ഗോളങ്ങളെയും ദൃശ്യപ്രകാശവും, അള്‍ട്രാ വയലറ്റ് രശ്മികളും ഉപയോഗിച്ച് നിരീക്ഷിക്കാനായി ഉണ്ടാക്കിയതാണ്. പിന്നീട് അഞ്ചു ഘട്ടങ്ങളിലായി നടത്തിയ നന്നാക്കലിനെ തുടര്‍ന്ന് ഹബിളില്‍ മറ്റു ചില ആധുനിക ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്.

പ്രധാന കണ്ടുപിടുത്തങ്ങള്‍

ഏറെക്കാലമായി ജ്യോതിശാസ്ത്രത്തില്‍ നിലനിന്നിരുന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹബിള്‍ സഹായമായി, അതു പോലെ തന്നെ കണ്ടെത്തിയ ചില കാര്യങ്ങള്‍ക്കായി പുതിയ സിദ്ധാന്തങ്ങളും വേണ്ടി വന്നു. ദൂരദര്‍ശിനിയുടെ ഒന്നാമത്തെ ലക്ഷ്യം സെഫിഡ് ചര നക്ഷത്രങ്ങളിലേക്കുള്ള ദൂരം കൃത്യമായി അളക്കുക എന്നതായിരുന്നു. അങ്ങനെ ഹബിള്‍ സ്ഥിരാങ്കത്തിന്റെ മൂല്യം കൃത്യമായി കണ്ടെത്തുക, എന്നിട്ട് പ്രപഞ്ച വികാസത്തിന്റെ തോത് അളക്കുക, അത് പ്രപഞ്ചത്തിന്റെ പ്രായത്തിലേക്കും നയിക്കുന്നതാണ്. വിക്ഷേപണത്തിനു മുമ്പുതന്നെ ഹബിള്‍ സ്ഥിരാങ്കം 50 ശതമാനം വരെ വ്യത്യാസപ്പെടാമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഹബിളിന്റെ അളവുകള്‍ പത്തു ശതമാനം കൃത്യതയിലാണ് ലഭിച്ചത്. ഇത് മുമ്പുണ്ടായിരുന്ന പല അളവുകളേക്കാളും സ്വീകരണീയമായിരുന്നു. ഹബിള്‍ നല്‍കിയ ഉന്നത ഗുണമുള്ള വര്‍ണ്ണ രാജികളും ചിത്രങ്ങളും ഗാലക്‌സികളുടെ മധ്യത്തില്‍ തമോദ്വാരം കാണുമെന്നതിന് തെളിവു നല്‍കി. 1994ല്‍ ഷൂമാക്കര്‍ ലെവി-9 എന്ന ധൂമകേതു വ്യാഴത്തില്‍ ഇടിച്ചിറങ്ങുന്നതിന്റെ ചിത്രം ഹബിള്‍ വളരെ വ്യക്തമായി എടുത്തു. ജ്യോതി ശാസ്ത്രജ്ഞര്‍ക്ക് വീണുകിട്ടിയ ഒരു അപൂര്‍വ്വ ഭാഗ്യമായിരുന്നു ഇത്. കുള്ളന്‍  ഗ്രഹങ്ങളെകുറിച്ചുള്ള പഠനത്തിനും ഹബിളിന്റെ ചിത്രങ്ങളെയാണ് ജ്യോതി ശാസ്ത്രജ്ഞര്‍ ഏറെയും ആശ്രയിക്കുന്നത്. ഹബിള്‍ ഡീപ് ഫീല്‍ഡ്, ഹബിള്‍ അള്‍ട്രാ ഡീപ് ഫീല്‍ഡ് ചിത്രങ്ങള്‍ ദൃശ്യപ്രകാശത്തെ ഉപയോഗിക്കാനുള്ള ഹബിളിന്റെ കഴിവിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ്. ദൃശ്യപ്രകാശം ഉപയോഗിച്ചെടുത്ത ഏറ്റവും അകലെയുള്ള ആകാശക്കീറാണിത്. ശതകോടിക്കണക്കിന് പ്രകാശ വര്‍ഷങ്ങള്‍ അകലെയുള്ള ഗാലക്‌സികളുടെ ചിത്രങ്ങള്‍, മറ്റു ദുരൂഹ പ്രതിഭാസങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, നക്ഷത്രപ്പിറവികള്‍, സൂപ്പര്‍നോവകള്‍, അങ്ങനെ എണ്ണിയാതൊതുങ്ങാത്ത പ്രപഞ്ച ദൃശ്യങ്ങളാണ് ഇപ്പോഴും ഹബിള്‍ സമ്മാനിച്ചു കൊണ്ടിരിക്കുന്നത്.
ഹബിളിന്റെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്ന്: സൃഷ്ടിയുടെ തൂണുകൾഈഗിൾ നെബുലയിൽ നക്ഷത്രങ്ങൾ ഉണ്ടാകുന്നു. കടപ്പാട്: നാസ/ഇ.എസ്.എ.

ഹബിളും ആകാശ നിരീക്ഷണവും

ഹബിള്‍ ദൂരദര്‍ശിനി ബഹിരാകാശ വാഹനങ്ങള്‍ക്ക് എളുപ്പം എത്താന്‍ കഴിയുന്ന വിധത്തില്‍ താഴ്ന്ന ഭ്രമണ പഥത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. അതു കൊണ്ട് ഒരു വസ്തു ഭ്രമണ പഥ ത്തിന്റെ പകുതിയോടടുത്ത പദത്തില്‍ മാത്രമേ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ സാധിക്കുകയുള്ളു. മാത്രവുമല്ല സൂര്യന്‍ 50 ഡിഗ്രിയിലധികം മാറിയാണെങ്കില്‍ മാത്രമേ വസ്തുക്കളെ നിരീക്ഷിക്കാനവൂ. ഹബിള്‍ അന്തരീക്ഷത്തിന്റെ ഉപരിതലത്തില്‍ സ്ഥിതി ചെയ്യുന്നതു കൊണ്ട് കൃത്യമായി പ്രവചിക്കാന്‍ സാധിക്കാത്ത വിധം ഭ്രമണപഥം മാറിക്കൊണ്ടിരിക്കും. ആറാഴ്ച കൊണ്ട് ഹബിളിന്റെ പഥം 4000 കിലോമീറ്റര്‍ വരെ മാറിപ്പോകാം. അതു കൊണ്ട് നീണ്ട കാലത്തേക്ക് തുടര്‍ച്ചായി നിരീക്ഷണം നടത്തുക അസാധ്യമാണ്.

ഭൂമിയിലേക്കുള്ള പ്രേഷണം

വിവരങ്ങള്‍ ആദ്യം പേടകത്തില്‍ തന്നെ സൂക്ഷിക്കുകയും പിന്നീട് റിലേ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് ഭൂമിയിലേക്കയക്കുകയുമാണ് ചെയ്യുന്നത്. ഗ്രൗണ്ട് സ്റ്റേഷനുകളില്‍ നിന്ന് ഗോദാര്‍ദ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലേക്കും, അവിടെ നിന്ന് സ്‌പേസ് ടെലസ്‌കോപ്പ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും പോകുന്ന വിവരങ്ങള്‍ അവിടെ വെച്ചാണ് സഞ്ചയമാക്കുന്നത്. വിക്ഷേപണ കാലങ്ങളില്‍ വിവരങ്ങള്‍ സൂക്ഷിക്കാന്‍ മാഗ്നറ്റിക് ടേപ്പ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ഇത് പൂര്‍ണ്ണമായും സോളിഡ് ഡിസ്‌കുകളാക്കി. എല്ലാ ഹബിള്‍ വിവരങ്ങളും ഒരു പൊതു സഞ്ചയമാക്കി സൂക്ഷിച്ചിട്ടുണ്ട്. അവ http:/archive.stsci.edu.hst യില്‍ നിന്നും ലഭ്യമാണ്. പകര്‍പ്പവകാശമുള്ള എല്ലാ ചിത്രങ്ങളും, പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും അദ്ദേഹം നിയമിക്കുന്ന ജ്യോതിശാസ്ത്രജ്ഞരുമാണ് കൈകാര്യം ചെയ്യുന്നത്.

ഹബിളിന്റെ ഭാവി

ഭൗമാന്തരീക്ഷത്തിന്റെ സാന്ദ്രത കുറഞ്ഞ ഉപരിതലത്തിലൂടെയാണ് ഹബിള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. അതിനാല്‍ ഓരോ സമയവും അല്‍പാല്‍പമായി ഹബിള്‍ താഴോട്ടു വീണു കൊണ്ടിരിക്കുകയാണ്. നാസയുടെ പദ്ധതി ഒരു സ്‌പേസ് ഷട്ടില്‍ ഉപയോഗിച്ച് ഹബിളിനെ താഴെയിറക്കുകയും സ്മിത് സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുകയുമായിരുന്നു. സ്‌പേസ് ഷട്ടിലുകള്‍ വിരമിച്ചതും ഭാരിച്ച സാമ്പത്തിക ച്ചെലവും കാരണം ഈ ദൗത്യം നടക്കില്ലെന്ന് ഉറപ്പായി. അതു കൊണ്ട് ദൂരദര്‍ശിനിയില്‍ ഘടിപ്പിച്ച പ്രൊപല്‍ഷന്‍ മൊഡ്യൂള്‍ ഉപയോഗിച്ച് നിയന്ത്രിച്ച് തിരിച്ചു കൊണ്ടുവരാനുള്ള പദ്ധതികള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ പിന്‍തുണയുള്ളത്. ഒറിയണ്‍ സ്‌പേസ്‌ക്രാഫ്റ്റ് ഉപയോഗിച്ചു കൊണ്ടുള്ള ഒരു മാനുഷിക ദൗത്യത്തില്‍ പ്രൊപല്‍ഷന്‍ മൊഡ്യൂള്‍  ഘടിപ്പിക്കാനുള്ള പദ്ധതിയേക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഹബിളിന്റെ പിന്‍ഗാമികള്‍

പല ബഹിരാകാശ ദൂരദര്‍ശിനികളും ഹബിളിന്റെ പിന്‍ഗാമികളാണെന്ന് അവകാശപ്പെടാറുണ്ട്. എന്നാല്‍ ഹബിളിന്റെ പിന്‍ഗാമിയാകാന്‍ ഔദ്യോഗികമായി പദ്ധതിയിട്ടിരിക്കുന്നത് ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പ് (JWST) എന്ന  ഇന്‍ഫ്രാറെഡ് ഒബ്‌സര്‍വേറ്ററിയെയാണ്. നാസ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി കനേഡിയന്‍ സ്‌പേസ് ഏജന്‍സി എന്നിവരുടെ സംയുക്ത സംരംഭമായ ഈ ബഹിരാകാശ ദൂരദര്‍ശിനി 2021 ല്‍ വിക്ഷേപിക്കുമെന്നാണ് കരുതപ്പെടുന്നത്. 2030ല്‍ വിക്ഷേപിക്കാനുദ്ദേശിക്കുന്ന അറ്റ്‌ലാസ്റ്റ് (Advanced Technology Large-Aperture Space Telescope- ATLAST) ആയിരിക്കും ഹബിളിന്റെ യഥാര്‍ത്ഥ പിന്‍ഗാമി എന്നു കരുതുന്നവരും ഉണ്ട്. ജ്യോതിര്‍ ഗോളങ്ങളെ ദൃശ്യപ്രകാശവും, അള്‍ട്രാവയലറ്റും, ഇന്‍ഫ്രാറെഡും ഉപയോഗിച്ച് നിരീക്ഷിക്കാനും ഹബിളിനെക്കാള്‍ വ്യക്തതയോടെ ചിത്രങ്ങളെടുക്കാനും ഇതിനു കഴിവുണ്ടാകും.


ഹബിള്‍ ദൂരദര്‍ശിനിക്ക് 30 വയസ്സ് – വീഡിയോ കാണാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post SaaS – സോഫ്റ്റ്‌വെയർ സേവനം വാടകയ്ക്ക്
Next post കോവിഡ്-19: പ്രതിദിന സ്ഥിതിവിവരം – ഏപ്രില്‍ 25
Close