ഹൈഡ്രജന്റെ പ്രായമെത്ര?


അനീസ് ഹസ്സൻ

ഹൈഡ്രജൻ ഒരു പ്രോട്ടോണും ഒരു ഇലക്ട്രോണും മാത്രമുള്ള ഇത്തിരിക്കുഞ്ഞനാണ്. ഭാരം വളരെ കുറവുള്ള വാതകം. ഹൈഡ്രജൻ നിറച്ച ബലൂണുകൾ കൈവിട്ടാൽ പിടിതരാതെ ആകാശത്തേക്ക് പോകുന്നത് കണ്ടിട്ടില്ലേ. എന്നാൽ ഈ ഹൈഡ്രജന്റെ പ്രായം എന്താണ്? നമ്മുടെ ശരീരത്തിൽ സംയുക്താവസ്ഥയിലുള്ള ഹൈഡ്രജന്റെ പ്രായവും എന്താണ്?

നിങ്ങൾ ഒരു ടെസ്റ്റ് ട്യൂബിൽ ഗാഢഹൈഡ്രോക്ലോറിക് ആസിഡിലേക്ക് കുറച്ച് സിങ്ക് ഇടുക. ഹൈഡ്രജൻ വാതകം ഉണ്ടാവുന്നത് കാണും. നിങ്ങൾക്കറിയാവുന്ന രാസപ്രവർത്തനം തന്നെ.

ഹൈഡ്രജൻ വാതകം ഉണ്ടാവുന്നത് കാണാം.

1766 ലാണ് ഹെൻറി കാവൻഡിഷ് ആണ് ഈ മൂലകത്തെ തിരിച്ചറിഞ്ഞ് ജലം ഉണ്ടാക്കുന്നത് എന്നർഥം വരുന്ന ഹൈഡ്രജൻ എന്ന പേര് നല്കിയത്. ഹൈഡ്രജൻ പ്രപഞ്ചത്തിന്റെ പണിപ്പുരയിൽ പാചകം ചെയ്ത് തുടങ്ങിയത് എന്നാണ് എന്ന ചോദ്യം പ്രപഞ്ച രഹസ്യങ്ങളിലേക്കുള്ള താക്കോലാണ്. ഹൈഡ്രജൻ പ്രപഞ്ചത്തിലാകമാനം വ്യാപിച്ചുകിടക്കുന്ന മൂലകമാണ്.

മൂലകങ്ങൾ ഉണ്ടാകുന്നത്…

മൂലകങ്ങളെല്ലാം നിർമ്മിക്കപ്പെടുന്നത് 13.7 ബില്യൺ വർഷങ്ങൾക്ക് മുമ്പുണ്ടായ ബിഗ് ബാങിനെ തുടർന്നാണ്. അതിസാന്ദ്രമായ ദ്രവ്യം ഉന്നതമായ താപനിലയിൽ പൊട്ടിത്തെറിച്ച് പുതിയ അതിരുകളെ സൃഷ്ടിച്ചുകൊണ്ട് വ്യാപിച്ചു. അടിസ്ഥാന കണങ്ങൾ കൂടിച്ചേരാനാവുന്നതിനേക്കാൾ ഉയർന്ന താപനില ആയിരുന്നു അപ്പോഴത്തേത്. മഹാ വിസ്ഫോടനത്തിനു ശേഷമുള്ള പ്രപഞ്ചം തണുത്തു തുടങ്ങി 380,000 വർഷങ്ങൾക്കു ശേഷമാണ് പ്രോട്ടോണുകളുടെ ആകർഷണവലയത്തിലേക്ക് ഇലക്ട്രോണുകൾ എത്തുന്നത്. ആദ്യത്തെ മൂലകത്തിന് പിറവി അങ്ങനെയാണ് ഉണ്ടായത്.

പ്രകൃതിയിലുള്ള  92 മൂലകങ്ങൾ ഉണ്ടായത് ഇതിനെ തുടർന്നാണ്. നക്ഷത്ര ഹൃദയങ്ങളിലാണ് ഇവയൊക്കെ പാചകം ചെയ്യപ്പെട്ടത്. ഹൈഡ്രജന്റെ ഭീമൻ വാതക മേഘങ്ങൾ ഗുരുത്വാകർഷണ ബലത്താൽ കൂടിച്ചേർന്ന് വാതകകേന്ദ്രങ്ങളിൽ ന്യൂക്ലിയർ ഫ്യൂഷൻ ആരംഭിക്കുകയും അതുവഴി നക്ഷത്രങ്ങൾ പിറക്കുകയും ചെയ്തു. ഉന്നത താപത്തിൽ ഹൈഡ്രജൻ കൂടിച്ചേർന്ന് ഹീലിയവും തുടർന്ന് ഹീലിയം നൂക്ലിയസുകൾ കൂടിച്ചേർന്ന് മറ്റ് മൂലകങ്ങളുടെ പിറവിയും ഉണ്ടായി. അയേൺ വരെയുള്ള മൂലകങ്ങളാണ് താപം കൂടുന്നതിനനുസരിച്ച് ഫ്യൂഷൻ വഴി ഉണ്ടായി വന്നത്. നക്ഷത്രങ്ങൾ അപ്പോഴേക്കും അവയുടെ പരിണാമ വഴിയിലേക്ക് കടന്നു. അതിഭീമമായ താപം പുറത്തുവിടുന്ന സൂപ്പർനോവകളായി പൊട്ടിത്തെറിച്ചു. ഈ വേളയിൽ യുറേനിയം വരെയുള്ള മറ്റു മൂലകങ്ങൾ ഉണ്ടായി.

ഇപ്പോൾ ഭൂമിയിലുള്ള യുറേനിയം വരെയുള്ള മൂലകങ്ങൾ നക്ഷത്രജന്യങ്ങളാണ്. ലോക പ്രശസ്ത ശാസ്ത്രജ്ഞനായ കാൾ സാഗൻ അതുകൊണ്ടുതന്നെ നാമൊക്കെ നക്ഷത്രത്തരികൾ ആണെന്ന് പറയുകയുണ്ടായി. നമ്മുടെ ഡിഎൻഎ യിലുള്ള നൈട്രജനും, പല്ലുകളിലുള്ള കാൽസ്യവും, രക്തത്തിലെ ഇരുമ്പും കോടാനുകോടി വർഷങ്ങൾക്കു മുമ്പ് ഏതോ നക്ഷത്ര ഹൃദയം പാചകം ചെയ്തത്രേ!


ലൂക്കയുടെ ഇന്ററാക്ടീവ് പിരിയോഡിക് ടേബിൾ – ഹൈഡ്രജൻ തൊട്ടുതുടങ്ങാം

 

Leave a Reply