Read Time:8 Minute

Science In Action ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന #JoinScienceChain ൽ ബിജുമോഹൻ ചാനൽ കണ്ണിചേരുന്നു. ഡോ. ആർ വി ജി മേനോൻ അവതരിപ്പിക്കുന്ന ശാസ്ത്ര-സാങ്കേതികവിദ്യകളുടെ ചരിത്രം –  വീഡിയോ സീരീസ് കാണാം

5.ന്യുട്ടന്റെ നൂറ്റാണ്ട്

ശാസ്ത്രത്തിന്റെ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു പതിനേഴാം നൂറ്റാണ്ട്. ഐസക് ന്യൂട്ടൺ എന്ന മഹാപ്രതിഭയുടെ കരസ്പർശമേറ്റ നൂറ്റാണ്ട് എന്നതുകൊണ്ട് മാത്രമല്ല കെപ്ലർ, ഗലീലിയോ, റോബർട്ട് ഹൂക്ക്, ഹാർവി, റെൻ, ക്രിസ്ത്യൻ ഹെയ്ഗെയിൻസ് ‌, റോബർട്ട് ബോയിൽ, പാസ്കൽ, ലൈബിനിറ്റ്സ്, കസ്സീനി തുടങ്ങി നിരവധി ശാസ്ത്ര പ്രതിഭകളുടെ ഗവേഷണശാലയായിരുന്നു ആ നൂറ്റാണ്ട്. പരസ്പരം സഹകരിച്ചും മത്സരിച്ചും പാരപണിതും ഈ സർഗ്ഗപ്രതിഭകൾ അരങ്ങുവാണ ആ നൂറ്റാണ്ടിനെ അടയാളപ്പെടുത്തുകയാണ് ഡോ. ആർ വി ജി മേനോൻ…വീഡിയോ കാണാം


4. വ്യവസായവിപ്ലവം ചൈനയിൽ ഉണ്ടാകാത്തതെന്തുകൊണ്ട് ?

ശാസ്ത്ര സാങ്കേതിക മുന്നേറ്റം വ്യക്തി കേന്ദ്രീകൃതമല്ല, ഒരു സാമൂഹ്യ പശ്ചാത്തലം അതിനു അനിവാര്യമാണ്. സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ഏറെ നേട്ടങ്ങൾ കൈവരിച്ച നാടായിരുന്നു ചൈന. അച്ചടി, വെടിമരുന്ന് തുടങ്ങി നിരവധി കണ്ടുപിടുത്തങ്ങൾ ലോകത്തിനു സംഭാവനയായി നൽകിയ ചൈനയിൽ എന്തുകൊണ്ട് വ്യാവസായിക വിപ്ലവം നടന്നില്ല ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ യൂറോപ്പിൽ എന്തുകൊണ്ട് വ്യാവസായിക വിപ്ലവം ഉണ്ടായി എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. ഒരു ചെയിൻ ഓഫ് ഇവെന്റ്സ് ഇല്ലായിരുന്നെങ്കിൽ യൂറോപ്പിൽ ഇത് സംഭവിക്കില്ലായിരുന്നു. Bill of Rights പോലുള്ള രാഷ്ട്രീയ മാറ്റങ്ങൾ, അന്താരാഷ്ട്ര വാണിജ്യവുമായി ബന്ധപ്പെട്ട ഉണ്ടായി വന്ന ആവശ്യങ്ങൾ, വളർന്നു വന്ന കോളിനിവത്കരണം, മധ്യവർഗ്ഗത്തിന്റേയും തൊഴിലാളിവർഗ്ഗത്തിന്റേയും വളർച്ച തുടങ്ങി സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ പരിവർത്തനങ്ങളാണ് ഈ വിപ്ലവം സാധ്യമാക്കിയത്. സാമൂഹ്യ ചലനക്ഷമത (സോഷ്യൽ മൊബിലിറ്റി) സാധ്യമല്ലാത്ത സമൂഹങ്ങളിൽ അസാധ്യമാണ് ഇത്തരമൊരു മാറ്റം. ഈ അവതരണത്തിന്റെ ഒരു ഘട്ടത്തിൽ ആർ വി ജി തിരുവനന്തപുരത്തെ മേത്തൻ മണിയെ കുറിച്ച് പറയുന്നുണ്ട്. ഇവിടുത്തെക്കാർക്ക് വിദേശത്ത് നിന്നും കൊണ്ടുവന്ന മേത്തൻ മണി “അത്ഭുതം തന്നെ” എന്ന് വിസ്മയം കൊള്ളാനുള്ള ദൃശ്യാനുഭവം മാത്രമായിരുന്നു. മറിച്ച് ആ സാങ്കേതിക വിദ്യയിൽ നിന്നും പ്രചോദനം ഉൾകൊണ്ട് തുടർ പ്രവർത്തനങ്ങൾ ഇവിടെ നടന്നില്ല. സമൂഹത്തിന്റെ വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ടവരെ “കണ്ടുപിടുത്തങ്ങളുടെ തുടർച്ചയിലേക്ക്” കൊണ്ടുപോകുവാൻ തക്ക സാമൂഹ്യ സാഹചര്യം ഇവിടെ നിലനിന്നിരുന്നില്ല. ജാതിപോലുള്ള സാമൂഹ്യ അസമത്വങ്ങൾ എങ്ങനെയാണ് നമ്മുടെ നാടിനെ പിന്നോട്ട് കൊണ്ടുപോയത് എന്ന് ഇതിൽ നിന്നും മനസ്സിലാക്കുവാൻ കഴിയും. ഇരുണ്ട കാലത്ത് നിന്നും വ്യാവസായിക വിപ്ലവത്തിലേക്ക് നടന്നു നീങ്ങിയ യൂറോപ്പിന്റെ കഥ പറയുകയാണ് ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ ചരിത്രത്തിന്റെ നാലാം ഭാഗത്തിൽ ഡോ. ആർ വി ജി മേനോൻ.

 


3. അനുഭവം എഴുതാനും വായിക്കാനും പഠിച്ചപ്പോൾ

ശാസ്ത്രത്തിന്റെ ചരിത്രം ചില അതിബുദ്ധിമാന്മാരായ മനുഷ്യരുടെ കഥയല്ല… മറിച്ച് മനുഷ്യ സമുദായത്തിന്റെ സമഗ്രമായ വികാസത്തിന്റെ ചരിത്രമാണ്. അറിവിന്റേയും അധികാരത്തിന്റേയും അവസരങ്ങളുടേയും പുതിയ സാധ്യതകളിൽ നിന്നുകൂടിയാണ് സയൻസ് വളർന്നത്. അച്ചടിയുടെ വികാസം, തൊഴിലാളി സംഘടനകളുടെ വളർച്ച, അറിവിന്റെ ജനകീയവത്കരണം, രാഷ്ട്രീയ മുന്നേറ്റങ്ങൾ എല്ലാം ഒത്തുചേർന്നപ്പോൾ സാധ്യമായതാണ് ആധുനിക ശാസ്ത്രത്തിന്റെ ബീജാവാപം. ശാസ്ത്ര-സാങ്കേതികവിദ്യകളുടെ ചരിത്രത്തിന്റെ മൂന്നാം ഭാഗത്തിൽ യൂറോപ്പിൽ ശാസ്ത്ര വളർച്ചക്ക് വഴിയൊരുക്കിയ ചരിത്രഘട്ടത്തെ അടയാളപ്പെടുത്തുകയാണ് ഡോ. ആർ വി ജി മേനോൻ.


2. അറേബ്യൻ വിജ്ഞാനവിപ്ലവം

ശാസ്ത്രം ഒരു ദേശത്തിന്റെയോ ഏതെങ്കിലുമൊരു വംശത്തിന്റേയോ സൃഷ്ടിയല്ല. വ്യത്യസ്ത ഭാഷ സംസാരിക്കുന്നവർ, വ്യത്യസ്ത സംസ്കാരങ്ങളിലും, വർഗ്ഗങ്ങളിലും, ലിംഗങ്ങളിലും പെട്ടവർ ശാസ്ത്ര പുരോഗതിയിൽ പങ്കു ചേർന്നിട്ടുണ്ട്. ചോദ്യങ്ങൾ ചോദിക്കാൻ മടിക്കാത്ത ജനതയാണ് ശാസ്ത്രത്തെ മുന്നോട്ട് കൊണ്ടു പോയിട്ടുള്ളത്. യൂറോപ്പ് ഇരുണ്ട യുഗത്തിലേയ്ക്ക് നടന്നു നീങ്ങിയപ്പോൾ അറിവിന്റെ വെളിച്ചം കെടാതെ മുന്നോട്ട് കൊണ്ടുപോയത് അറബ് സാമ്രാജ്യത്തിൻ കീഴിലുള്ള ശാസ്ത്ര കുതുകികളായിരുന്നു. അറബ് ലോകത്തെ ശാസ്ത്ര മുന്നേറ്റം ലോക ചരിത്രത്തെ തന്നെ എങ്ങനെ മാറ്റി മറിച്ചു എന്ന് വിവരിക്കുകയാണ് ഡോ.ആർ വി ജി മേനോൻ. ശാസ്ത്ര-സാങ്കേതികവിദ്യയുടെ ചരിത്രത്തിൻ്റെ രണ്ടാം ഭാഗത്തിലേക്ക് സ്വാഗതം.


1. ആരുടെയും വാക്കിന്റെ ബലത്തിലല്ല

റോയൽ സൊസൈറ്റിയുടെ പ്രമാണവാക്യം (Motto) ‘Nullius in verba’ എന്നാണ്. അതിനർത്ഥം “ആരുടേയും വാക്കിന്റെ ബലത്തിലല്ല” എന്നാണ്. ശാസ്ത്രം വിശ്വാസങ്ങളിൽ നിന്നും മറ്റു വിജ്ഞാന ശാഖകളിൽ നിന്നും വ്യത്യസ്തമായിരിക്കുവാൻ ഒരു പ്രധാന കാരണമിതാണ്. ആര് പറഞ്ഞു എന്നതിലല്ല, തെളിവുകളുടെ സാധൂകരണമുണ്ടോ എന്നതാണ് ശാസ്ത്രത്തിന്റെ കാതൽ. അതുകൊണ്ടു തന്നെ ആധുനിക ശാസ്ത്രത്തിനു ഏകദേശം 400 വർഷത്തെ ചരിത്രമേ ഉള്ളൂ. ഇത്തരം ഒരു വിജ്ഞാനശാഖയിലേക്ക് നമ്മെ നയിച്ച സംഭവവികാസങ്ങൾ മനുഷ്യന്റെ പരിണാമത്തിലുടനീളം കാണുവാൻ കഴിയും. പക്ഷെ ആധുനിക ശാസ്ത്രം പുരാതനക്കാലത്ത് ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നത്, സയൻസ് എന്താണ് എന്ന് മനസ്സിലാകാത്തത് കൊണ്ടാണ്. ആധുനിക ശാസ്ത്രത്തിന്റെ ചരിത്രത്തിലേക്ക് നമ്മെ കൂട്ടി കൊണ്ട് പോകുകയാണ് ഡോ. ആർ വി ജി മേനോൻ. ഒരേ സമയം കൗതുകം ജനിപ്പിക്കുന്നതും, ആവേശം കൊള്ളിക്കുന്നതും ഒപ്പം ശാസ്ത്രത്തെ കുറിച്ച് ഉൾക്കാഴ്ച നൽകുന്നതുമാണ് ഈ വീഡിയോ പരമ്പര. “ശാസ്ത്ര-സാങ്കേതികവിദ്യകളുടെ ചരിത്രം” എന്ന ഈ പരമ്പരയിലെ ആദ്യ എപ്പിസോഡിലേക്ക് സ്വാഗതം.

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
50 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് വാക്സിനും വ്യാജവാർത്തകളും
Next post ലൂക്ക ഇന്ററാക്ടീവ് കലണ്ടർ 2022
Close