Home » ശാസ്ത്രം » ശാസ്ത്ര ചിന്തകൾ » ദൈവകണം : വാര്‍ത്ത സൃഷ്ടിച്ച് ഹോക്കിംങ്സ്

ദൈവകണം : വാര്‍ത്ത സൃഷ്ടിച്ച് ഹോക്കിംങ്സ്

Stephen_hawking_and_lucy_hawking_nasa_2008
അത്യുന്നത ഊര്‍ജനിലയില്‍ ഹിഗ്സ് ബോസോണിന് അഥവാ ദൈവകണത്തിന് പ്രപഞ്ചത്തെ പൂര്‍ണമായും നശിപ്പിക്കാനുള്ള ശേഷിയുണ്ടാവുമെന്ന് പ്രവചിച്ച് പ്രശസ്ത സൈദ്ധാന്തിക ഭൗതികജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംങ്‌സ് വീണ്ടും വാര്‍ത്ത സൃഷ്ടിക്കുന്നു. കൃത്രിമബുദ്ധിയും അന്യഗ്രഹജീവികളും ഭൂമിക്ക് ഭീഷണി ഉയര്‍ത്തും എന്ന അദ്ദേഹത്തിന്റെ മുന്‍ പ്രവചനങ്ങളും ഇത്തരത്തില്‍ ഭയാശങ്കകള്‍ സൃഷ്ടിച്ചിരുന്നു.

പ്രശസ്തരായ കണികാശാസ്ത്രജ്ഞരുടെയും പ്രപഞ്ചശാസ്ത്രജ്ഞരുടെയും പ്രഭാഷണങ്ങള്‍ സമാഹാരിച്ച് പ്രസിദ്ധീകരിക്കുന്ന “സ്റ്റാര്‍മസ്” എന്ന ഗ്രന്ഥത്തിന് ഹോക്കിംഗ് എഴുതിയിട്ടുള്ള മുഖവുരയിലാണ് ഈ പരാമര്‍ശങ്ങള്‍ ഉള്ളതെന്നാണ് വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നത്. അടുത്ത മാസം ഗ്രന്ഥം  പ്രകാശനം ചെയ്യുന്നതിന്റെ മുന്നോടിയായി, വിപണി ലക്ഷ്യമിട്ട് നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകളാണിതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

Candidate Higgs Events in ATLAS and CMS” by CERN

സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തമനുസരിച്ച് ഒരു അടിസ്ഥാനകണം ആണ് ഹിഗ്സ് ബോസോണ്‍. ഈ സിദ്ധാന്തപ്രകാരം പ്രപഞ്ചത്തിലെ മൗലികകണങ്ങൾക്ക് പിണ്ഡവും രൂപവും നൽകുന്നത് ഹിഗ്‌സ് ബോസോണാണ്. ഉന്നത ഊര്‍ജ്ജതലത്തില്‍ ഹിഗ്സ് ബോസോണ്‍ അസ്ഥിരമാകുമെന്നാണ് സ്റ്റീഫന്‍ ഹോക്കിംങിന്റെ വാദം. അപ്പോള്‍ ഉണ്ടായേക്കാവുന്ന വന്‍ശൂന്യത മഹാവിപത്തിന് കാരണമായേക്കാം. “വാക്വം ഡിക്കേ” എന്ന് സങ്കല്‍പ്പിക്കുന്ന ഈ അവസ്ഥയില്‍ പ്രപഞ്ചം തന്നെ ഇല്ലാതാവാം. ഈ വിപത്തിനെ മനുഷ്യന് തിരിച്ചറിയാന്‍ പോലും കഴിയില്ലെന്നും അത്രവേഗത്തിലായിരിക്കും ഇത് സംഭവിക്കുകയെന്നും ഹോക്കിംഗ്സ് വാദിക്കുന്നത്.

“CERN LHC Tunnel” by Julian Herzog

ഊര്‍ജനില 100 ബില്യണ്‍ ജിഗാ ഇലക്ട്രോണ്‍ വോള്‍ട്ടിലെത്തുന്ന തലത്തില്‍ (100bn Giga electron Volts (GeV)) മാത്രമാണ് പ്രപഞ്ചേത്തിന്റെ സമൂലനാശത്തിന് വഴിവയ്ക്കുന്ന ഈ തമോഗര്‍ത്തം രൂപപ്പെടുന്നതിനുള്ള സാദ്ധ്യതകളുള്ളത്. എന്നാല്‍, ഈ ഊര്‍ജ്ജ നിലയിലും ബോസോണ്‍ കണങ്ങള്‍ മെറ്റാ സ്റ്റേബിള്‍ അവസ്ഥയില്‍ എത്തുമെന്ന് യാതൊരുറപ്പുമില്ല.  CERN ന്റെ നേതൃത്വത്തില്‍ ജനീവയിലെ ലാര്‍ജ് ഹാ‍ഡ്രോണ്‍ കൊളൈഡറില്‍ നടന്നുവരുന്ന പരീക്ഷണങ്ങളില്‍, ഉയര്‍ന്ന താപനിലയില്‍ കണികള്‍ തമ്മില്‍ കൂട്ടിയിടിപ്പിച്ച്, 2012 -ലാണ് ഹിഗ്സ് ബോസോണിന്റെ നിലനില്പ് സ്ഥിരീകരിക്കുന്നത്.  ഇവിടെ ഇത്രയേറെ ഉയര്‍ന്ന ഊഷ്മാവ് സൃഷ്ടിക്കാനുമാവില്ല. ഇത്രയും താപനില സൃഷ്ടിക്കണമെങ്കില്‍ ഭൂമിയേക്കാള്‍ വലിപ്പമുള്ള ഒരു കൊളൈഡറും സൃഷ്ടിക്കണം. അത് അസംഭാവ്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ.

ഇക്കാര്യങ്ങള്‍ സ്റ്റീഫന്‍ ഹോക്കിംഗ്സും സമ്മതിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ “ദൈവകണം ലോകത്തെ നശിപ്പിക്കുമെന്ന് ഹോക്കിംഗ്സ് പറയുന്നു” എന്ന തരത്തിലുള്ള പ്രചരണം നടത്തി ആളുകളില്‍ അനാവശ്യമായ ഭയാശങ്കകള്‍ സൃഷ്ടിക്കാനുതകുന്ന തരത്തില്‍, യാതൊരു വിശദീകരണവുമില്ലാതെയാണ് ഈ വാര്‍ത്ത മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് . ഇത്തരത്തിലുള്ള, കാളപെറ്റെന്ന് കേട്ട് കയറെടുക്കുന്ന മാദ്ധ്യമ പ്രവര്‍ത്തനം – ഒട്ടും ആശാസ്യമല്ല. ഇത്തരം വാര്‍ത്തകള്‍ വസ്തുതകള്‍ പരിശോധിക്കാതെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു.

പ്രശസ്തിക്കുവേണ്ടിയുള്ള പ്രവചനങ്ങള്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാനാണ് മിക്ക ഭൗതികശാസ്ത്ര ഗവേഷകരും ഇഷ്ടപ്പെടുന്നത്. “അന്യഗ്രഹജീവികള്‍ ഭൂമിയെ ആക്രമിക്കാനുള്ള സാദ്ധ്യതയുടെ അത്രപോലും സാദ്ധ്യതയില്ലാത്ത ഒരു കാര്യം” എന്നാണ് ഇതു സംബന്ധമായി പുറത്തുവന്ന ഒരു അഭിപ്രായം.

അവലംബം : theaustralian.com

LUCA Science Quiz

Check Also

കപടശാസ്ത്രക്കാരുടെ വികലന്യായങ്ങൾ

ശാസ്ത്രീയ മനോവൃത്തി (scientific temper) വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലൂടെ ഇന്ത്യൻ സമൂഹം കടന്നുപോകുന്ന ഈ സമയത്ത് സാഗൻ ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുൻപ് എഴുതിയ ഈ പുസ്തകം ഏറെ ശ്രദ്ധാർഹമാണ്. സോഷ്യൽ മീഡിയയിൽ വരുന്ന ഫോർവേഡുകളായും, രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരുടെ പ്രസ്താവനകളായും കപടശാസ്ത്രം (Pseudo Science) ഇന്ന് സമൂഹത്തിൽ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. അന്ധവിശ്വാസങ്ങൾക്ക് ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ട് എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇവയിലൂടെ സജീവമായി നടക്കുമ്പോൾ കപടശാസ്ത്രവാദക്കാർ പ്രധാനമായി ഉന്നയിക്കുന്ന 20 കുയുക്തികളെ (Logical fallacies) സാഗൻ തന്റെ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നു. അവയെ വിശദമായി പരിശോധിക്കാം.

2 comments

  1. നന്നായിട്ടുണ്ട് .ഫോണ്ട് വലിപ്പച്ചെറുപ്പം തോന്നുന്നു

Leave a Reply

%d bloggers like this: