പനി വന്നാല്‍ ഡോക്ടറെ കാണണോ?

ഡോ സരിന്‍ എസ് എം, പരിയാരം മെഡിക്കല്‍കോളേജ്പനിയെന്നാല്‍  രോഗത്തിനെതിരെ മനുഷ്യശരീരം നടത്തുന്ന പ്രതിരോധ പ്രവർത്തനമാണെന്നും അതിനാല്‍ ഏത് പനിയെയും വിശ്രമവും ജലപാനവും എനിമയുംകൊണ്ട് മറികടക്കാനാവുമെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. പനിയുടെ പിന്നിലെ ശാസ്ത്രം തിരിച്ചറിഞ്ഞുകൊണ്ടേ ഇത്തരം പ്രചാരണങ്ങളിലെ ശരിയും തെറ്റും മനസ്സിലാക്കാനാകൂ.’Fever


 

[dropcap]ഒ[/dropcap]രു വര്‍ഷത്തിനു ശേഷം ജനങ്ങളില്‍  ഭീതി പടര്‍ത്തിയെത്തിയ നിപയെ സര്‍ക്കാരിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും കാര്യക്ഷമവും അര്‍പ്പണബുദ്ധിയോടെയുമുള്ള ഇടപെടലിന്റെ ഫലമായി അതി ജീവിക്കാനായി. ഇനിയിപ്പോള്‍ മഴക്കാലമാണ്. വിവിധയിനം പനികള്‍ മനുഷ്യരെ അലട്ടുന്ന കാലം.

പനി എന്നാൽ എന്ത്?

മനുഷ്യ ശരീരത്തിന്റെ ആന്തരിക താപനില 36.8 +/- 0.4°C ( 98.2 +/- 0.7°F) ആണ്. ഇത് നിലനിർത്തുന്നതും നിയന്ത്രിക്കുന്നതും തലച്ചോറിനകത്തെ ഹൈപ്പോത്തലാമസ് എന്ന ഭാഗത്തിന്റെ പ്രവര്‍ത്തനത്തിലൂടെയാണ്. പേശികളിലും കരളിലും ഉള്ള ചയാപചയ പ്രക്രിയകൾ ( Metabolic activity) ആണ് ശരീരത്തില്‍ ചൂട് ഉൽപാദിപ്പിക്കുന്നത്.അതേ സമയം  ചർമ്മത്തിലൂടെയും ശ്വാസകോശം വഴിയും ചൂടിന് ശമനം ഉണ്ടാകുന്ന പ്രക്രിയകൾ നടക്കുന്നു. ഇവ തമ്മിലുള്ള സമതുലാവസ്ഥയാണ് ശരീരത്തിന്റെ താപനില .

പനി (fever) എന്നത് ഹൈപ്പോത്തലാമസിന്റെ നിയന്ത്രണത്തിൽ ശരീരതാപനില ഉയരുന്ന പ്രക്രിയയാണ്. ഇത് ശരീരത്തിലെ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായ് കരുതപ്പെടുന്നു. പനിയുണ്ടാകുന്നത് വിവിധ കാരണങ്ങൾ കൊണ്ടാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിവിധ തരം അണുബാധകളാണ് (Infections). ബാക്ടീരിയ, വൈറസ്, ഫംഗസ് , പ്രോട്ടോസോവ എന്നിങ്ങനെയുള്ള എല്ലാ തരം സൂക്ഷ്മാണുകളുടെ ആക്രമണവും നമ്മിൽ പനിയുണ്ടാക്കാം. ഇവയോ ഇവ ഉൽപാദിപ്പിക്കുന്ന വിവിധ ഘടകങ്ങളോ(pyrogens) ശരീരകോശങ്ങളിൽ നിന്ന് സൈറ്റോകൈൻ പോലുള്ള പ്രോട്ടീനുകൾ ഉൽപാദിപ്പിക്കുന്നു. ഇവ പിന്നീട് ഹൈപ്പോത്തലാമസിൽ പ്രവർത്തിക്കുകയും തൽഫലമായ് ശരീര താപനില കൂടി വരികയും ചെയ്യുന്നു. ഉയര്‍ന്ന താപനിലയില്‍ രോഗാണുക്കളുടെ പ്രജനനം നടക്കുന്നത് കുറയും. ആ നിലയിലാണ് പനി ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനമാകുന്നത്.

അണുബാധ കൂടാതെ പനിയുണ്ടാക്കുന്ന ഒട്ടനവധി കാരണങ്ങളുണ്ട്. ചില ഹോർമോൺ വ്യതിയാനങ്ങളിലും, വാതരോഗങ്ങളിലും, അർബുദങ്ങളിലും പനി ഉണ്ടാകും., ചിലപ്പോള്‍ ചില  മരുന്നുകളുടെ പ്രവർത്തന ഫലമായും . ഇതില്‍ ഏത് കാരണം കൊണ്ടാണ് രോഗിക്ക് പനിവന്നതെന്നുള്ള തിരിച്ചറിയല്‍ വളരെ പ്രധാനമാണ്.

പനി ശരീരത്തിന് ഗുണകരമോ?

അണുബാധ മൂലമുള്ള രോഗങ്ങളില്‍  അതിനോടനുബന്ധിച്ചുണ്ടാകുന്ന പനി  ഒരു പരിധി വരെ രോഗ പ്രതിരോധത്തെ സഹായിക്കുന്നു. രോഗാണുവിന്റെ പ്രജനനത്തെ കുറക്കുന്നതൊടൊപ്പം , രോഗാണുവിനെതിരേയുള്ള ചില ആന്റിബയോട്ടിക്കുകളുടെ പ്രവർത്തനം മെച്ചപ്പെടാനും ശരീരത്തിന്റെ ഉയർന്ന താപനില സഹായകരമാണ്. എന്നാൽ അണുബാധയല്ലാത്ത കാരണങ്ങൾ കൊണ്ടുള്ള പനിയിൽ ഈ മെച്ചം ഉണ്ടാകുന്നില്ല. എന്ന് മാത്രമല്ല പനി കൊണ്ടുള്ള ദൂഷ്യ ഫലങ്ങൾ ഉണ്ട് താനും.

ഏത് കാരണം കൊണ്ടുള്ള പനിയായാലും വളരെയധികം ചൂട് കൂടുന്നത് ശരീരത്തെ ദോഷകരമായ് ബാധിക്കാം. പ്രത്യേകിച്ച് 40°C ന് മുകളിലുള്ള പനി ശരീരകോശങ്ങളുടെ പ്രവർത്തനത്തെ വളരേയധികം പ്രതികൂലമായ് ബാധിക്കുന്നു. അമിതമായ പനി കാരണം രക്തധമനികളിലുള്ള മാറ്റവും, നീർവീഴ്ചയുമെക്കെ സംഭവിക്കും. ഉയര്‍ന്ന താപനില മൂലം  ശരീരത്തിലുണ്ടാകുന്ന നിർജലീകരണം കൊണ്ട് വൃക്കകളുടെ പ്രവർത്തനക്കുറവും, രക്തസമ്മർദ്ദം കുറയുന്നതു പോലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നു. പനിയോടനുബന്ധിച്ച് ഉണ്ടാകുന്ന തലവേദന, ശരീരവേദന, സന്ധിവേദന എന്നിവയും രോഗിയുടെ സൗഖ്യത്തെ കുറയ്ക്കുന്നതാണ്.

പനിയുടെ ചികിത്സയെന്താണ്?

പനി എന്നത് ഒരു രോഗമല്ല, പല രോഗങ്ങൾക്ക് പൊതുവായ് ഉണ്ടാകുന്ന രോഗലക്ഷണമാണ്. പനിയുടെ ചികിത്സ അതു കൊണ്ട് തന്നെ അതിന്റെ കാരണമനുസരിച്ച് മാറുന്നു. വൈറൽ പനി പോലുള്ള പലയിനം പനികളും സ്വയം ശമിക്കുന്നവയാണ് (self limiting). എന്നാല്‍ ബാക്ടീരിയ കൊണ്ടുള്ള അണുബാധയാണെങ്കിൽ ആൻറിബയോട്ടിക്കുകൾ ആവശ്യമായ് വരാം. മറ്റ് രോഗാണുക്കൾ മൂലമാണെങ്കിൽ അവയ്ക്കെതിരെയുള്ള മരുന്നുകള്‍ വേണ്ടിവരും. അങ്ങനെ കാരണം കണ്ടെത്തി അവശ്യമുള്ള മരുന്നും ചികിത്സയുമാണ് പനിയുള്ള രോഗികളിൽ ചെയ്യേണ്ടത്.

cold medecine

പനി ഒരു പാട് കൂടുകയോ, അതിനോടനുബന്ധിച്ചുള്ള മേൽ പറഞ്ഞ വിഷമതകൾ രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യുമ്പോഴാണ് പനി കുറയുന്നതിനായ് പാരസിറ്റാമോൾ തുടങ്ങിയ മരുന്നുകൾ വേണ്ടി വരാറുള്ളത്. അതു കൂടാതെ വേണ്ടത്ര വിശ്രമം, മതിയായ അളവിലുള്ള ജലപാനം എന്നിങ്ങനെയുള്ള കാര്യങ്ങളും പനിയുടെ ചികിത്സയിൽ പ്രധാനമാണ്.

രോഗ പ്രതിരോധ പ്രക്രിയയുടെ ഒരു ഭാഗം മാത്രമാണ് പനി. എന്നാല്‍ അതിലൂടെ മാത്രം നമുക്ക് എല്ലാ രോഗങ്ങളേയും മറികടക്കാൻ സാധിക്കണമെന്നില്ല.അതിനാൽ നീണ്ടു നിൽക്കുന്ന പനിയുള്ള ഏതൊരാളും വൈദ്യസഹായം തേടുന്നതാണ് ഉചിതം. ഒരു ഡോക്ടറുടെ മേൽ നോട്ടത്തിൽ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തിയുള്ള ചികിത്സയും ആവശ്യമായ സന്ദർഭങ്ങളിൽ പനി കുറയാനുള്ള മരുന്നുകൾ ഉപയോഗിക്കുന്നതും മതിയായ വിശ്രമവുമെല്ലാം ആരോഗ്യ പൂർണ്ണമായ രോഗശാന്തിക്ക് അത്യാവശ്യമാണ്. അവയോടുള്ള ശാസ്ത്രീയമായ സമീപനം ഓരോ വ്യക്തിയും മനസ്സിലാക്കിയിരിക്കേണ്ടതുമാണ്.

Leave a Reply