Read Time:23 Minute


വിജയകുമാർ ബ്ലാത്തൂർ

 

സാറേ, പറ്റിക്കാൻ വേണ്ടീട്ടാണെങ്കിലും ആരോടും ഇങ്ങനെയൊന്നും പറയരുത്

സുരാജ് വെഞ്ഞാറമൂടിന്റെ ക്ലാസ്സിക് ഡയലോഗ് –

“പറ്റിക്കാൻ വേണ്ടീട്ടാണെങ്കിലും ആരോടും ഇങ്ങനെയൊന്നും പറയരുത് എന്ന് പറയണേ സാറേ”  എന്നാണ് എനിക്കും പറയാൻ തോന്നുന്നത്.

മലയാളികളെ  പലതും പറഞ്ഞ് പറ്റിക്കുന്ന യമണ്ടൻ  ചാനൽ ഉള്ള  ഒരു ഹോമിയോ ഡോക്ടറുടെ വകയുള്ള ഹെൽത്ത് ടിപ്സിൽ “ബ്ലിസ്റ്റർ ബീറ്റിൽ“ എന്ന ഭീകര ജീവിയെക്കുറിച്ച് പൊടിപ്പും തൊങ്ങലും ചിറകും വെച്ചുള്ള വിവരങ്ങൾ പ്രചരിക്കുകയാണ്.  ഇങ്ങനെയാണ് മൂപ്പരുടെ വകയുള്ള പരോപകാര വിവരങ്ങൾ തുടങ്ങുന്നത്. 

“മഴക്കാലത്ത് കുറ്റിക്കാടുകളിലും റബ്ബർ തോട്ടങ്ങളിലും കാണുന്ന  ബ്ലിസ്റ്റർ ബീറ്റിൽ എന്ന് വിളിക്കുന്ന ഈ വണ്ടുകളെ സൂക്ഷിക്കുക. ഇവ തൊലിപ്പുറമേ പൊള്ളലുണ്ടാക്കും.  കഴിഞ്ഞ ദിവസം കാക്കനാട് ഏകദേശം നൂറോളം പേർക്ക് ഈ വണ്ട് ചർമ്മത്തിൽ പൊള്ളലുണ്ടാക്കിയ വാർത്ത നിങ്ങൾ കേട്ടിട്ടുണ്ടാകും ചെറിയ കുറ്റിക്കാടുകളിലോ റബ്ബർ തോട്ടങ്ങളിലോ ഇവ ധാരാളമായുണ്ട്.  മഴക്കാലത്ത് ഇവ ചെടികളിൽ നിന്നും  പുറത്തേയ്ക്ക് വരും. സന്ധ്യയ്ക്ക്  വെളിച്ചമുള്ള സ്രോതസ്സുകൾക്ക് ചുറ്റും ഇവ ഉണ്ടാകും. സന്ധ്യയ്ക്ക് നിങ്ങൾ വെളിച്ചത്തിന് കീഴിൽ ഇരുന്നാലോ കയ്യിൽ മൊബൈൽ ഫോണും കൊണ്ട് പുറത്തിരുന്നു ഫോൺ ചെയ്താലോ ബാൽക്കണിയിൽ ഇരുന്നാലോ നിങ്ങളുടെ കയ്യിലെ വെളിച്ചത്തിൽ ആകൃഷ്ടരായി ഈ വണ്ടുകൾ നിങ്ങളുടെ അടുത്ത് വന്നു ശരീരത്തിലോ തലയിലോ വന്നിരിക്കാം. നിങ്ങൾ ഇവയെ തട്ടിയെറിയാൻ ശ്രമിച്ചാൽ ഇവയുടെ സ്രവങ്ങൾ നിങ്ങളുടെ ശരീരത്തിലാകാം.  ബ്ലിസ്റ്റർ വണ്ടുകൾക്ക് ആ പേര് വരാൻ കാരണം തന്നെ അവയുടെ സ്രവങ്ങളിൽ അടങ്ങിയിരിക്കുന്ന കാന്താരിഡിൻ എന്ന രാസവസ്തു നമ്മുടെ ചർമ്മത്തിന് പൊള്ളൽ ഏൽപ്പിക്കും എന്നതുകൊണ്ടാണ്. ഈ വണ്ടുകൾക്ക് അവയുടെ ശത്രുക്കളെ കൊല്ലാൻ തക്ക കഴിവുള്ള ഒരു വിഷ രാസവസ്തുവാണ്..“
 

എന്നൊക്കെ വെച്ച് കാച്ചുന്നുണ്ട്. കൂടാതെ അവസാനം ഉള്ള ഡയലോഗാണ് അഡാർ !!!

“ഹോമിയോപ്പതിയിൽ ഈ വണ്ട് ഉണ്ടാക്കുന്ന ചർമ്മരോഗങ്ങൾക്ക് ഫലപ്രദമായ മരുന്നുണ്ട്!!!“ 

 

ആയിരക്കണക്കിന് ആരാധകരുള്ള ഇങ്ങേരുടെ പോസ്റ്റ് മൂവായിരത്തിനടുത്ത് ആളുകൾ പങ്കിട്ടിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജിലെ ഒരു അദ്ധ്യാപിക ഈ വണ്ട് മൂലം തനിക്കുണ്ടായ ഒരു അനുഭവം രസകരമായി ഫേസ്ബുക്കിൽ പങ്കുവെച്ചതിനെ തുടർന്നാണ് കേരളത്തെ മുൾമുനയിൽ നിർത്തികൊണ്ട്  “ബ്ലാക് ഫംഗസിന് പിറകെ ബ്ലിസ്റ്റർ ബീറ്റിൽ ആക്രമണവും”  എന്ന രീതിയിൽ ഭയവിൽപ്പനക്കാർ വാർത്തകൾ ഉണ്ടാക്കിത്തുടങ്ങിയത്. ചാനലുകാരാണ് ആദ്യം ഇത് പൊലിപ്പിക്കാൻ നോക്കിയത്. “നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത വണ്ടുകൾ“ എന്നുവരെയാണ് പറഞ്ഞ് പേടിപ്പിക്കൽ തുടങ്ങിയത്. എറണാകുളത്തുള്ള ഒരു ചർമ്മ രോഗ വിദഗ്ധൻ, കഴിഞ്ഞ ഒരു വർഷമായി തന്റെ അടുത്ത് നൂറിലേറെ ഇത്തരം പൊള്ളൽ കേസുകൾ വന്നിട്ടുണ്ട് എന്ന് മാത്രമാണ് പറഞ്ഞത്. എന്നാൽ ഒരു ഗുമ്മ് കിട്ടാൻ തൊട്ടടുത്ത ദിവസങ്ങളിൽ വ്യാപകമായി  ഒന്നിച്ച് ഇത്രയധികം കേസുകൾ  എന്ന രൂപത്തിലാണ് അവർ അവതരിപ്പിക്കുന്നത്. എങ്കിലല്ലെ ആളുകളെ പേടിപ്പിക്കാൻ കഴിയു. ഇത് മുപ്ലി വണ്ടുകളാണെന്ന് ധരിച്ച് റബ്ബർ തോട്ടത്തിനെ ഒക്കെ ചില വിദഗ്ധന്മാർ വലിച്ചിടുന്നുണ്ട്. കറുത്തുരുണ്ട സാധുക്കളായി കഴിയുന്ന മുപ്ലി വണ്ടുകൾ എന്നു വിളിക്കുന്ന ഓട്ടെരുമകൾ ലക്ഷക്കണക്കിന് ചില വീട്ട് മച്ചുകളിൽ തങ്ങാറുണ്ട്. അവയിൽ ഇത്തരം വിഷമൊന്നും ഇല്ല. ഉള്ളത് ചില ഫിനോളിക് ദ്രവങ്ങൾ മാത്രമാണ്. അവയ്ക് ഇത്തരത്തിൽ പൊള്ളൽ വരുത്താനുള്ള തീവ്രതയും  ഇല്ല.

കൂടാതെ കാക്കനാട്  ശരീരത്തിൽ കുമിളപ്പൊള്ളൽ ഉണ്ടാകിയത് എന്ന് ഇവർ പറയുന്ന  ഇത്തരം ബ്ലിസ്റ്റർ ബീറ്റിൽ ആല്ല. ഗൂഗിളും വിക്കിപീഡിയയും തപ്പി ഉടനുടൻ കാര്യം തീരുമാനിക്കുന്നത് കൊണ്ട് പറ്റുന്ന പറ്റാണിത്.
 

വിവിധതരം ബ്ലിസ്റ്റർ ബീറ്റിലൂകൾ കടപ്പാട്: extensionentomology.tamu.edu

അത് ബ്ലിസ്റ്റർ ബീറ്റിൽ അല്ല

ബ്ലിസ്റ്റർ ബീറ്റിൽ എന്ന് ഗൂഗിൾ ചെയ്താൽ നമ്മൾ കാണുക ടർപ്പനോയിഡ് വിഭാഗത്തിൽ പെട്ട കാന്തറൈഡിൻ എന്ന രൂക്ഷ രാസഘടകം ഹീമോലിംഫിൽ അടങ്ങിയ മെലോയിഡെ (Meloidae) കുടുംബക്കാരായ കുഞ്ഞൻ വണ്ടുകളുടെ  വിവരങ്ങൾ ആണ്. ലോകത്തെങ്ങുമായി 7500 ഓളം സ്പീഷിസുകൾ  ഈ വിഭാഗത്തിൽ ഉണ്ട്. സ്പർശിച്ചാൽ തന്നെ തൊലിയിൽ പൊള്ളലും കുമിളകളും ഉണ്ടാക്കാൻ കഴിയുന്നത്ര ഉഗ്രൻ ആണ് കാന്തറൈഡിൻ. വണ്ട് എന്നർത്ഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഇതിന് ഈ പേർ കിട്ടിയത്. വളരെ വളരെ പണ്ട് മുതലേ ലോകത്തിലെ പല ഭാഗത്തും ചില  വണ്ടുകളിലെ ഈ രൂക്ഷവസ്തുവിന്റെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചൈനയിലും മറ്റും വളരെക്കാലം ലൈഗീക ഉത്തേജകവസ്തുവായി ഇത് ഉപയോഗിച്ചിരുന്നു. വണ്ടുകളെ ഉണക്കിപ്പൊടിച്ച് വലിയ വിലയ്ക് വിൽപ്പന നടത്തിയിരുന്നു. . പഴയകാല അപ്പോത്തിക്കിരിമാർ എന്ന് വിളിക്കുന്ന – മരുന്ന് നിർമിച്ച് ഡിസ്പെൻസ് ചെയ്യുന്നവർ –  ചില മരുന്നു കൂട്ടുകളിലും ഇതും ചേർത്തിരുന്നു. സത്യത്തിൽ ഇത്തരത്തിൽ  എന്തെങ്കിലും ഔഷധ മൂല്യം  ഉണ്ടോ എന്ന കാര്യം ഇപ്പോഴും തർക്കത്തിലാണ്. തൊലിപ്പുറത്തുണ്ടാകുന്ന അരിമ്പാറകളും  മറ്റും  നീക്കം ചെയ്യാൻ ഇതു സഹായിക്കും എന്നു മാത്രമാണ് ഇതുവരെ തെളിഞ്ഞിട്ടുള്ളത്.  ആ കാലത്തെ കൊടും വിഷമായ സ്ട്രിക്നിനേക്കാളും ശക്തിയേറിയ വിഷം ആയാണ് ഇത് കണക്കാക്കിയിരുന്നത്.  ചരിത്രത്തിൽ കാന്തറൈഡിൻ ഒരു കഥാപാത്രമാണ്. മരുന്നായും പ്രധാനപ്പെട്ട ചിലരുടെ കൊലകളിലെ രഹസ്യവിഷമായും, ലൈംഗീക ഉത്തേജകമായും  ഒക്കെ ഈ ചന്തു പലകാലം ജീവിച്ചു.   നമ്മുടെ നാട്ടിൽ ഇവയുടെ പല സ്പീഷിസുകളും ഇഷ്ടം പോലെ ഉണ്ട്. പരിണാമ ശ്രേണിയിലെ ഉയർന്ന ജീവികളിലുള്ള  പോലെ രക്തക്കുഴലും രക്തവും ശ്വാസകോശവും ഒന്നും ഇല്ലാത്തവരാണല്ലോ ഈ ഷഡ്പദങ്ങൾ . ശരീരത്തിൽ ബലൂണിൽ വെള്ളം  നിറച്ചപോലെ ‘ഹീമോ ലിംഫ്‘ എന്ന ദ്രാവകം നിറഞ്ഞ് ആണുണ്ടാകുക. അതിലൂടെ ആണ് ഓക്സിജൻ കൈമാറ്റം നേരിട്ട് നടക്കുന്നത്. ആൺ വണ്ടുകളുടെ ശരീരത്തിലെ ആ ദ്രാവകത്തിൽ ആണ് പൊള്ളിക്കലിന് കാരണമായ വസ്തു ഉണ്ടാവുക. ഇവയുടെ കാലുകളുടെ സന്ധികളിൽ നിന്നും ഈ ദ്രാവകം കുറേശെ പുറത്തേക്ക് സ്രവിക്കുന്നുണ്ടാവും. പെൺ വണ്ടുകളിൽ ഇതിന്റെ അളവ് കുറവാണ്. ഇണചേരുന്ന സമയത്ത് ആൺ വണ്ട് സമ്മാനമായി ബീജത്തോടൊപ്പം ഈ വിഷം കൂടി കൈമാറും. പെൺ വണ്ട് ഇടുന്ന മുട്ടകൾ ഇതിൽ പൊതിഞ്ഞാണ് മണ്ണിൽ ഇട്ടു വെയ്ക്കുക, മറ്റ് ഇരപിടിയന്മാരും മുട്ട തീറ്റക്കാരും ഈ രൂക്ഷ വസ്തുവിന്റെ സാന്നിദ്ധ്യം കൊണ്ട് മുട്ടയെ  ഒഴിവാക്കാനായാണ് ഇതു ചെയ്യുന്നത്.  നീളൻ ശരീരവും ശരീരം മൂടുന്ന ഉറപ്പുള്ള നീളൻചിറകുകൾ ഉള്ളവയും  ആണ് ഇവയിൽ ഭൂരിഭാഗവും. തങ്ങളുടെ ശരീരത്തിൽ കൊടും വിഷം ഉണ്ടെന്ന് ഇരപിടിയന്മാർക്ക് അടയാള മുന്നറിയിപ്പ് കൊടുക്കാനായി പരിണാമപരമായി പല സ്പീഷിസുകളിലും ഉള്ള അപ്പോസൊമാറ്റിസം എന്ന പ്രത്യേകത ഇവയും കാണിക്കാറുണ്ട്. കടും വർണങ്ങളോ അടയാളങ്ങളോ ശരീരത്തിൽ ഉണ്ടാകും.

റോവ് ബീറ്റിൽ

റോവ് ബീറ്റിൽ ആണ് കക്ഷി

എന്നാൽ ഇവരുമായി രൂപത്തിൽ പോലും വലിയ സാമ്യം ഇല്ലാത്ത സ്റ്റാഫിലിനിഡെ (Staphylinidae) കുടുംബത്തിൽപ്പെട്ടവരാണ് സത്യത്തിൽ ഇപ്പോഴത്തെ മുഖ്യ കഥാപാത്രം.  ഒരു സെന്റീമീറ്ററിൽ താഴെ മാത്രം  നീളമുള്ള   കുഞ്ഞ് വണ്ടുകളുടെ ജനുസായ പിഡിറസിൽ പെട്ട (Paederus )  ഒരിനം താന്തോന്നി നടത്തക്കാരായ റോവ് ബീറ്റിൽ ആണ് നമ്മുടെ കക്ഷികൾ.  ചിലർ ഇവയേയും ബ്ലിസ്റ്റർ ബീറ്റിലുകൾ എന്നു  പലപ്പോഴും വിളിക്കാറുണ്ട് എന്ന് മാത്രം.  ഇവരുടെ ഉള്ളിലെ ഹീമോലിംഫിൽ  ഉള്ളത് കാന്തറൈഡിൻ എന്ന വിഷ വസ്തു അല്ല. പെഡിരിൻ (Pederin) എന്ന അമൈഡ് ആണ്. തൊലിയിലും കണ്ണുകളിലും ശ്ലേഷ്‌മ സ്‌തരത്തിലും (mucus membrane) കഠിനമായ പൊള്ളലും കുമിളിക്കലും ഉണ്ടാക്കാൻ കഴിയുന്നവ തന്നെ ആണ് ഇതും. ശത്രുക്കൾക്ക് എതിരെ പ്രയോഗിക്കാനുള്ള വിഷമല്ല ഇത്. ബെംബാർഡിയൻ ബീറ്റിലുകളെന്ന പീരങ്കി വണ്ടുകളെ  പോലെ പ്രാത്യാക്രമണം ചെയ്ത് ജീവിക്കുന്നവരല്ല ഇവർ. യഥാർത്ഥത്തിൽ ഈ വിഷം ഈ വണ്ടുകൾ ഉണ്ടാക്കുന്നതു പോലും അല്ല. ഇവയുടെ കൂടെ ഉള്ളിൽ  തലമുറകളായി സഹജീവനം നടത്തുന്ന ചില സ്യൂഡോമോണാസ്  ബാക്റ്റീരിയകൾ നിർമ്മിക്കുന്നതാണ്, ഈ ദ്രവം തൊലിയിലും കണ്ണുകളിലും ആയാൽ ഉണ്ടാകുന്ന ചർമ്മ അവസ്ഥയ്ക്ക് Paederus dermatitis എന്നാണ് പേര്. മുഖത്തും ദേഹത്തും  പൊള്ളിയ  കുമിളകൾ പോലെ ഒരു  ചർമ്മ രോഗവുമായി കുറേയധികം പേരെ കർണ്ണാടകത്തിലെ മണിപ്പാൽ എന്ന സ്ഥലത്ത് നിന്ന്  2007 ൽ ചികിത്സിച്ചിരുന്ന ഡോക്ടർമാരാണ് ഇത് ഒരുതരം ഷഡ്പദത്തിന്റെ ശരീരത്തിലെ വിഷം കൊണ്ട് ഉണ്ടാകുന്നതാണ് എന്ന് നമ്മുടെ നാട്ടിൽ  ആദ്യം  കണ്ടെത്തിയത്. അവരതിന് മണിപ്പാൽ പ്രാണി (Manipal bug or MIT Police ) എന്നാണ് വിളിച്ചിരുന്നത്. നൈറോബിയിൽ ഇവമൂലം കൂറേ ഏറെ ആളുകൾക്ക് പ്രശ്നം ഉണ്ടായിട്ടുണ്ട്. അങ്ങനെ ഇതിന് നൈറോബി ഫ്ലൈ എന്നും വിളിക്കാറുണ്ട്. അറുന്നൂറിലധികം സ്പീഷിസുകൾ ലോകത്തെങ്ങുമായി ഇവരുടെ കൂട്ടത്തിൽ ഉണ്ട്.

Paederus dermatitis എന്ന ചർമ്മ അവസ്ഥ കടപ്പാട് : ajtmh.org

വണ്ട് എന്നൊക്കെ പറയുമെങ്കിലും ഒരു പുഴുവിനെപ്പോലെ ആണ്  ഇവരെ ഒറ്റനോട്ടത്തിൽ തോന്നുക. കുഞ്ഞ് തലയും അതിൽ ചെറിയ ആന്റിനകളും ഉണ്ടാകും. നീളൻ ശരീരത്തിൽ മുകൾഭാഗത്തായി അളവ് ചേരാത്ത കുഞ്ഞ് മേൽകുപ്പായം ഇട്ടതുപോലെ എലിട്ര  എന്ന് വിളിക്കുന്ന ഉറപ്പുള്ള കട്ടി  ചിറകുകൾ ആണുണ്ടാകുക. ഇവ പറക്കാൻ ഉള്ളവ  അല്ല.  അടിയിലെ രണ്ടാം ചിറകിനെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ഉറപ്പുള്ള ഒരു മൂടി കൂടി  ആണത്. തിളങ്ങുന്ന ലോഹ നീലയോ, പച്ചയോ നിറത്തിലാണ് ഈ ചിറക് മൂടി ഉണ്ടാകുക. ശരീരത്തിലെ തലയോട് ചേർന്നുള്ള തൊറക്സ്   ഭാഗവും പിൻ ഭാഗവും  ഓറഞ്ച്, ചുകപ്പ് നിറത്തിലും ആണുണ്ടാകുക. (ഇരപിടിയന്മാർക്ക് വേണ്ടിയുള്ള അപോസൊമാറ്റിക്  സിഗ്നൽ ബോർഡ്:  “എന്നെ തിന്നാൽ പണി പാളും “ എന്ന മുന്നറിയിപ്പ് ആണ് ഈ കടും നിറങ്ങൾ )  ചിലവ മൊത്തം കറുത്ത നിറത്തിലും കാണാം. അവ ചിലപ്പോൾ ഇയർവിഗ് എന്ന പ്രാണികൾ ആയി  തെറ്റിദ്ധരിക്കാറും ഉണ്ട്.

Paederus littoralis കടപ്പാട് : വിക്കിപീഡിയ

വിശക്കുമ്പോഴും ഭയക്കുമ്പോഴും ശരീരത്തിന്റെ നീളൻ  പിൻഭാഗം  മുകളിലേക്ക് വളച്ച് ഉയർത്തിപ്പിടിക്കുന്ന സ്വഭാവം ഇവർക്ക് ഉണ്ട്.  ഇവർ സത്യത്തിൽ നമ്മളെ കടിക്കാറില്ല. കുത്തുകയും ചെയ്യില്ല. ചെയ്താലും അതിൽ വലിയ വിഷവും ഉണ്ടാകില്ല. പക്ഷെ നമ്മുടെ ദേഹത്ത് അബദ്ധത്തിൽ വന്ന് ഇഴഞ്ഞ് നടക്കുമ്പോൾ   അതിനെ എടുത്ത് മാറ്റാനോ തട്ടിക്കളയാനോ  ശ്രമിക്കുമ്പോൾ  അറിയാതെ അമർത്തി പോകും.  ദേഹത്ത് അതിന്റെ ഹിമോലിംഫ്   തേച്ച് പിടിപ്പിച്ച് പോകും. കൂടുതൽ സ്പർശ ഗ്രാഹികളായ  ന്യൂറോൺ അഗ്രങ്ങൾ ഉള്ള മുഖത്ത് ഇവ നടന്നാൽ  റിഫ്ലക്സ് ആക്ഷൻ മൂലം  പെട്ടന്ന് അവിടം തടവും. ഉറക്കത്തിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ഇവയിൽ അമർന്ന് പോകാം. പെഡിരിൻ കാന്തറൈഡിൻ പോലെ തന്നെ തൊലി കുമിളിപ്പിച്ച് പൊള്ളലുകൾ ഉണ്ടാക്കാൻ  ശക്തം ആണ്. 

പഴയകാലത്ത് ഇത്തരം വണ്ടുകൾ മൂലം ഉണ്ടായ പൊള്ളലുകളേയും ഹെർപിസ് പോലുള്ള വൈറൽ രോഗങ്ങളേയും നാട്ടു വൈദ്യന്മാർ ചിലർ പരസ്പരം മാറി കരുതീ ചികിത്സിക്കാറുണ്ട്. പലരും ഇവ രണ്ടും “ചിലന്തി വിഷം ”  എന്ന പേരിൽ ആയിരുന്നു ചികിത്സിച്ചിരുന്നത്.

രാത്രികാലങ്ങളിൽ പല ഇൻസെക്റ്റുകളും ഫ്ലൂറസെന്റ് പോലുള്ള കൃത്രിമ പ്രകാശങ്ങളോട് പ്രത്യേക താത്പര്യം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇതുവരെയും കൃത്യമായി മനസിലാക്കാൻ പറ്റിയിട്ടില്ല.  അത്തരത്തിൽ നമ്മുടെ വീട്ടിനുള്ളിൽ വന്നവയാണ് അബദ്ധത്തിൽ ദേഹത്ത് വീണ് പെഡെരിൻ തൂവി നാശകോശം ആക്കുന്നത്.

ചെടികളിലെ പലതരം കീടങ്ങളേയും അവയുടെ ലാർവകളേയും ഒക്കെ ഭക്ഷിച്ചാണ് ഇവ ജീവിക്കുന്നത്. ഈർപ്പമുള്ള മണ്ണിൽ ആണ് മുട്ടയിട്ട് വളരുന്നത്. കലാവസ്ഥാവ്യതിയാനം ഉണ്ടാക്കിയ തുടർച്ചയായ മഴയാവാം ഈ വർഷം ഇത്തരം പലതരം പ്രാണികളുടെയും  പ്രജനനം കൂട്ടിയത്. കൂടാതെ ചുറ്റും ഉള്ള പറമ്പുകളിലും തൊടികളിലും   കോവിഡ് മഹാമാരിക്കാലം ആയതിനാൽ മാസങ്ങളായി കാര്യമായ കൃഷിപ്പണികളോ വൃത്തിയാക്കലോ നടക്കാത്തതും ഒരു കാരണമാവാം.  മട്ടുപ്പാവ് കൃഷി, ഇന്റീരിയർ പ്ലാന്റുകൾ വളർത്തൽ എന്നിവ വ്യാപകമായതു കൊണ്ടും കീടങ്ങളുമായി നമ്മൾ വളരെ നേരിട്ട് അടുത്ത് ഇടപഴകൽ അവസരം കൂടീട്ടുണ്ട്.  മുറ്റത്തും ഇറയത്തും കിടപ്പുമുറിയിലും നിറയെ ചെടികൾ വളർത്തുന്ന ഒരു ശീലം കുറച്ച് വർഷമായി നമ്മുടെ ഇടയിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. അതും ഇത്തരം വണ്ടുകളെ നമ്മുടെ വീടിനകത്തേക്ക് എത്തിക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ടാകും.

എത്രയോ കാലമായി ഇത്തരം വണ്ടുകൾ മനുഷ്യർക്ക് ഒപ്പം ഉണ്ട്. ഇതുവരെയായും വളരെ കുറച്ച് കേസുകൾ മാത്രമേ ലോകത്തെങ്ങും ആയി ഉണ്ടായിട്ടുള്ളു. ഒരു പകർച്ച വ്യാധിപോലെ പടർന്ന് പിടിക്കുന്ന ഒന്നല്ല ഇവ മൂലം ഉള്ള ഈ പൊള്ളൽ.  ലക്ഷക്കണക്കിന് ആളുകൾ താമസിക്കുന്ന സ്ഥലത്ത് നൂറോ ഇരുന്നൂറോ പേർക്കൊക്കെ മാത്രമേ  ഒരു കൊല്ലം കൊണ്ട് ഇവ മൂലം പ്രശ്നം ഉണ്ടായിട്ടുള്ളു എന്നതിനാൽ  അത്രയധികം ഭയപ്പെടേണ്ട ഒരു കാര്യവും ഇല്ല. അടിവസ്ത്ര അലർജി (allergic dermatitis) മൂലം ഇതിലും എത്രയോ പേർ  കഷ്ടപ്പെടുന്നുണ്ടാകും. ഇവയെ പേടിച്ച് വൈകുന്നേരം മുതൽ വിളക്കുകൾ അണച്ച് ഭയന്ന് വിറച്ച്, മൊബൈൽ പോലും ഓണാക്കാതെ ഇരുട്ടിൽ കഴിയേണ്ട കാര്യം ഒന്നും ഇല്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • രാത്രിയിൽ കഴിയുന്നത്ര ശരീരഭാഗങ്ങൾ മൂടി കിടക്കുക. (കൊതുകു കടി കൊണ്ടാണ് ഇതിലും വലിയ മാരണം വരാൻ ഇരിക്കുന്നത്)
  • കിടപ്പ് മുറികളിലെ രാത്രി വിളക്കുകൾ ഒഴിവാക്കുക.
  • നെറ്റ് ഉപയോഗിക്കുക, വീട്ടിനോട് ചേർന്നുള്ള കുറ്റിച്ചെടികളും മറ്റും ഒഴിവാക്കുക. കിടപ്പ് മുറികളിലെ വലിയ  അലങ്കാര ചെടികളെ ഒഴിവാക്കുക (ഓക്സിജൻ ഫാക്ടറിയാണ് ചെടികൾ എന്ന് കരുതുന്നവരോട് തർക്കിക്കാൻ ഇല്ല)
  • ഇത്തരം വണ്ടുകളും ചില നിശാശലഭങ്ങളും ദേഹത്ത് വീണാൽ ശ്രദ്ധയോടെ അവയെ എടുത്ത്  മാറ്റുക.  അടിച്ച് കൊല്ലാൻ ശ്രമിക്കരുത്. അവയുടെ സ്രവം ആയെന്ന് സംശയം തോന്നിയാലും ഇല്ലെങ്കിലും  ഉടൻ സോപ്പ് ഉപയോഗിച്ച് കഴുകുക.
  • ചൊറിച്ചിൽ, വേദന, തിണിർപ്പ് എന്നിവ തോന്നിയാൽ കഴിയുന്നതും അവിടെ കൈകൊണ്ട് തൊടാതിരിക്കുക. കണ്ണുകളിൽ വിരലുകൾ തൊടാതെ ശ്രദ്ധിക്കുക. അപൂർവ്വം പ്രത്യേക തീവ്ര  അലർജികൾ ഉള്ളവർ ഒഴികെ ഉടൻ ഡോക്ടറുടെ സേവനം തേടേണ്ട കാര്യം ഒന്നും ഇല്ല .എങ്കിലും സ്വയം ചികിത്സിക്കാതിരിക്കുക.  വിദഗ്ധരുടെ ഉപദേശങ്ങളും ചികിത്സയും തേടുക. കുമിളിച്ചാലും പൊള്ളി വന്നാലും യാതൊരു കാരണവശാലും അതിൽ തൊടരുത്. അതുവഴി അവിടെ അണുബാധ ഉണ്ടായിട്ടാണ് കൂടുതൽ പഴുപ്പും അഴുകലും ഒക്കെ ഉണ്ടാകുന്നത്. അത്ര മാത്രം പേടിക്കാൻ ഉള്ള ഒരു പ്രശ്നമല്ല ഇത്.

നിപ്പയേയും കോവിഡിനേയും കണ്ട് പേടിക്കാത്ത നമ്മളെ വണ്ടുടുക്കു കൊട്ടി പേടിപ്പിക്കാൻ വരല്ലേ!


ഇതുവരെ പ്രസിദ്ധീകരിച്ച ഈ പംക്തിയിലെ ലേഖനങ്ങള്‍
1 ഉത്തരം താങ്ങുന്ന പല്ലികള്‍
2 മണ്‍കൂടൊരുക്കുന്ന വേട്ടാളന്‍
3 കൂറ മാഹാത്മ്യം അഥവാ പാറ്റപുരാണം
4 വായിക്കാനറിയാത്ത പുസ്തകപ്പുഴു
5 കാക്കയെകുറിച്ച് എന്തറിയാം ?
6 തേരുരുള്‍ പോലെ ചുരുളും തേരട്ട
7 കൊതുക് മൂളുന്ന കഥകള്‍
8 ചുമരില്‍ ചലിക്കും കുമ്പളക്കുരു
9 ഉറുമ്പുകടിയുടെ സുഖം
10 നൂറുകാലും പഴുതാരയും
11 തുമ്പിയുടെ ലാര്‍വാണോ കുഴിയാന ?
12 അരണ ആരെയാണ് കടിച്ചത് ?
13 മൂട്ടരാത്രികള്‍
14 ഒച്ചിഴയുന്ന വഴികള്‍
15 തേനീച്ചകളുടെ എട്ടിന്റെ പണി
16. ചാണകവണ്ടും ആകാശഗംഗയും
17 ചിതലു തന്നെയാണ് ഈയാംപാറ്റ
18 പൊഴിഞ്ഞുവീഴും മുപ്ലി വണ്ടുകള്‍
19 പ്രണയം പടര്‍ത്തിയ പേനുകള്‍
20 മനുഷ്യമുഖ ചാഴികള്‍
21 ഇറുക്കി വിഷം കുത്തും തേളുകള്‍
22 ജാഗ്രത ലേഡീ ബേഡാണ് ഞാന്‍
23 രക്തദാഹിയായ കുളയട്ടകള്‍
24 വേഷം കെട്ടുന്ന ചിത്രശലഭങ്ങള്‍
25 ഇലക്കവിളിലെ തുപ്പൽപ്രാണി
26 തുമ്പിപ്പെണ്ണേ വാ.. വാ..
27 ചട്ടുകത്തലയുള്ള താപ്പാമ്പ്
28 പുഴുവെറും പുഴുവല്ല
29 ന്യൂറോ സർജൻ കടന്നൽ
30 വെള്ളത്തിലാശാൻ

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post സയൻസ് സെന്റർ
Next post നിലാവിന്റെ കൂട്ടുകാരി- ഒരു ലക്ഷദ്വീപ് കഥ
Close