കോവിഡ് നിരീക്ഷണ മൊബൈൽ ആപ്പുമായി ഓസ്‌ട്രേലിയയും 

നിഭാഷ് ശ്രീധരന്‍ 

ആധുനിക ലോകത്തിൽ മനുഷ്യന് സ്വകാര്യത മൗലികാവകാശം ആണല്ലോ. എങ്കിലും ഓസ്‌ട്രേലിയയിൽ എത്തിയ ആദ്യ ദിനങ്ങളിൽ സ്വകാര്യത അതീവഗൗരവതരമായ വിഷയമായി ഒരു ജനതയൊന്നാകെ കരുതുന്നത് കണ്ട് അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. സായിപ്പിനെ മാത്രമല്ല അയല്പക്കത്തുള്ള മലയാളിയുടെ വീട്ടിൽ പോലും ആരും ഇടിച്ചു കയറി പോവില്ല. മുൻകൂട്ടി അനുവാദം ചോദിച്ചും ചിലപ്പോഴൊക്കെ സമയം നിശ്ചയിച്ചും മാത്രമാണ് ഹ്രസ്വ സന്ദർശനങ്ങൾ പോലും. സില്ലി ഫസ്റ്റ് വേൾഡ് കൺട്രി തിങ്സ് എന്നേ ഇതിനെയൊക്കെ ആദ്യ കാലങ്ങളിൽ ഉൾക്കൊള്ളാനും കഴിഞ്ഞിരുന്നുള്ളു. പതിയെപ്പതിയെ അതൊക്കെ പ്രാക്ടീസ് ചെയ്തു സ്വയം ബോധ്യപ്പെട്ട് ശീലമാവുകയായിരുന്നു.

എന്നാലിപ്പോൾ പറയാൻ പോകുന്നത് ഡാറ്റ പ്രൈവസിയെക്കുറിച്ചാണ്. ജനനത്തീയതി അടക്കമുള്ള സ്വകാര്യ വിവരങ്ങൾ അതീവ രഹസ്യ സ്വഭാവത്തോടെ കൈകാര്യം ചെയ്യുന്ന സമൂഹമാണ് ഓസ്‌ട്രേലിയ. പൗരന്റെ ആരോഗ്യ വിവരങ്ങൾ അവന്റെ സമ്മതത്തോടെ തന്നെ സൂക്ഷിക്കുകയും വേണ്ടിവന്നാൽ ഷെയർ ചെയ്യുകയും ചെയ്യുന്ന ‘മൈ ഹെൽത് റെക്കോർഡ്’ മുതൽ സജീവമായ സോഷ്യൽ മീഡിയ പങ്കാളിത്തം വരെയുള്ള കാര്യങ്ങളിൽ ഈ ഡാറ്റ-സ്വകാര്യത എത്രമാത്രം കൊമ്പ്രോമൈസ് ചെയ്യപ്പെടുന്നു എന്നത് വേറെ വിഷയം. ശരിക്കും ഒരു വ്യക്തിയുടെ സ്വകാര്യ ഡാറ്റയുടെ ഉടമ ആരായിരിക്കണം എന്ന രാഷ്ട്രീയ ചോദ്യവും പോസ്റ്റ് കൊറോണകാലത്ത് ചർച്ച ചെയ്യപ്പെടുമെന്ന് പ്രത്യാശിക്കാം.

ഇനി വിഷയത്തിലേക്ക്, കൊറോണ നിരീക്ഷണത്തിനായി ഓസ്‌ട്രേലിയൻ സർക്കാർ ‘കൊവിഡ് സേയ്‌ഫ്’ എന്ന പേരിൽ കഴിഞ്ഞ ഞായറാഴ്ച അവതരിപ്പിച്ച മൊബൈൽ ആപ്പും ആദ്യ ഘട്ടത്തിൽ ചില തെറ്റിദ്ധാരണകൾ മൂലം ഡാറ്റ-സ്വകാര്യത വിഷയത്തിൽ തട്ടി നിന്നു. കൊവിഡ് സെയ്ഫിന്റെ വിശദാംശങ്ങൾ ഇങ്ങനെ.

എങ്ങനെ പ്രവർത്തിക്കുന്നു?

ബ്ലുടൂത് സിഗ്നൽസ് മാത്രം ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ആപ്പ് നിങ്ങളുടെ മൊബൈൽ ഫോണിനെ ഒരു പ്രോക്സിമിറ്റി സെൻസർ എന്ന പോലെ തൊട്ടടുത്തു വരുന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്ത മൊബൈലുകളെയെല്ലാം തിരിച്ചറിയുന്നു. ഇങ്ങനെ സമീപ സാന്നിധ്യത്തിൽ ഉള്ള ഫോണുകളിൽ നിന്ന്  എൻക്രിപ്റ്റഡ് ആയ തിരിച്ചറിയൽ വിവരങ്ങൾ (ഡേറ്റ്, സമയം, പരസ്പര ദൂരം/ സമയദൈർഘ്യം) പരസ്പരം ശേഖരിച്ചു ഫോണുകളിൽ തന്നെ സൂക്ഷിക്കുന്നു. ശ്രദ്ധിക്കുക, നിങ്ങളുടെ ലൊക്കേഷൻ രേഖപ്പെടുത്തുന്നില്ല. മാത്രമല്ല, ആർക്കും അവരുടെ ഫോണിൽ നിന്ന് പോലും ഈ വിവരങ്ങൾ ചോർത്താൻ സാധിക്കുകയുമില്ല.

ഡാറ്റ എന്ത് ചെയ്യുന്നു?

14 ദിവസത്തെ ഇൻകുബേഷനും ടെസ്റ്റ് റിസൾറ്റ് കാലതാമസവുമൊക്കെ പരിഗണിച്ചു 21 ദിവസം ഡാറ്റ ഫോണിൽ സൂക്ഷിക്കുകയും അത് പൂർത്തിയാവുമ്പോൾ ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു. ഇതിങ്ങനെ തുടരും. ഇതിനിടയിൽ ഫോൺ യൂസർ കൊറോണ പോസിറ്റീവ് ടെസ്റ്റ് ചെയ്യപ്പെട്ടാൽ, യൂസർക്ക് സമ്മതമാണെങ്കിൽ മാത്രം അയാൾക്ക് ഈ വിവരങ്ങൾ സർക്കാർ സെർവറിലേക്ക് അപ്ലോഡ് ചെയ്യാം. അതുവരെ വിവരങ്ങൾ അവരവരുടെ ഫോണിൽ മാത്രമിരിക്കും. ഡാറ്റ അപ്ലോഡ് ചെയ്യാൻ അധികൃതരിൽ നിന്നും ഒരു സെക്യൂരിറ്റി പിൻ നമ്പർ ലഭിക്കേണ്ടതുണ്ട്.

ഇങ്ങനെ അപ്ലോഡ് ചെയ്യപ്പെടുന്ന വിവരങ്ങൾ ബന്ധപ്പെട്ടവർ ഡീക്രിപ്റ്റ് ചെയ്ത് ആ സമയത്തെ പ്രോക്സിമിറ്റിയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ഉടമകളെ ബന്ധപ്പെടുന്നു. സമ്പർക്കത്തിന്റെ ദിവസവും സമയവും അല്ലാതെ രോഗിയുടെ വേറെ ഒരു വിവരങ്ങളും മറ്റെയാൾ അറിയുന്നില്ല.

വ്യാജ പ്രചാരണങ്ങൾ

ലൊക്കേഷൻ: ലോക്കേഷൻ വിവരങ്ങൾ ആപ്പ് ശേഖരിക്കുന്നില്ല. എന്നാൽ ആൻഡ്രോയിഡ് ഫോണുകളിൽ (ഐഫോണിൽ വേണ്ട) ബ്ലുടൂത് ഫങ്ഷൻ ചെയ്യാൻ ലൊക്കേഷൻ പെർമിഷൻ വേണ്ടതുണ്ട്. ഇത് ആപ്പിന്റെ പ്രവർത്തനത്തിനല്ല.

നിയമനടപടി: ആപ്പ് ശേഖരിക്കുന്ന വിവരങ്ങൾ വെച്ച് ഒരു തരത്തിലുമുള്ള നിയമനടപടികളോ പോലീസ് കേസുകളോ ഉണ്ടായിരിക്കില്ല എന്ന് സർക്കാർ നിയമപരമായി തന്നെ ഉറപ്പു തരുന്നുണ്ട്. നിരീക്ഷണകാല നിയന്ത്രണം തെറ്റിക്കുന്നവരെ പോലും ഈ ആപ്പ് വഴി കിട്ടുന്ന വിവരങ്ങൾ  ഉപയോഗിച്ച് വേട്ടയാടില്ല.

ആപ്പ് ഉപയോഗം നിർബന്ധിതമാണോ ?

അല്ല. അതേസമയം, നാല്പത് ശതമാനം ആളുകൾ എങ്കിലും ഉപയോഗിച്ചാലേ സമൂഹവ്യാപനം തടയൽ ഈ ആപ്പ് വഴി സാധ്യമാവൂ എന്നാണ് കണക്കുകൂട്ടൽ. അത്രയും ജനങ്ങൾ തയ്യാറായില്ലെങ്കിൽ എന്ത് നടപടികൾ ഉണ്ടാവുമെന്നറിയാൻ കാത്തിരിക്കേണ്ടി വരും. എന്നാൽ, ആദ്യ രണ്ടു ദിനങ്ങളിൽ രണ്ടര മില്യൺ ആളുകൾ ആപ്ലികേഷൻ ഡൗൺലോഡ് ചെയ്തു കഴിഞ്ഞു.

എങ്ങനെ ഉപയോഗിക്കാം ?

ഡൗൺലോഡ് ചെയ്ത ആപ്പിൽ പേര്, വയസ്, ഫോൺ നമ്പർ, പോസ്റ്റ് കോഡ് എന്നിവ പൂരിപ്പിക്കണം. ഇവയിൽ മൊബൈൽ നമ്പർ ഒഴികെ മറ്റ് വിവരങ്ങളൊന്നും വെരിഫൈ ചെയ്യുന്നില്ലാത്തതിനാൽ അവിടെയും പ്രൈവസി സംരക്ഷിക്കപ്പെടുന്നു.

വീട്ടിന് വെളിയിൽ പോകുമ്പോൾ ബ്ലുടൂത്ത് എപ്പോഴും ഓൺ ആണെന്ന് ഉറപ്പു വരുത്തുക. ശേഷം പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ആപ്പ് ബാക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് സമയാസമയം നോട്ടിഫിക്കേഷൻ വരും.

ഡാറ്റ സുരക്ഷ?

ഡാറ്റ-സുരക്ഷിതത്വം എപ്പോൾ വേണമെങ്കിലും ചോദ്യം ചെയ്യാനുള്ള അവകാശം നിയമപരമായി തന്നെ സർക്കാർ ജനങ്ങൾക്ക് ഉറപ്പു തരുന്നുണ്ട്. കൂടാതെ, മറ്റു ഫോണുകളിൽ വിവരങ്ങൾ സൂക്ഷിക്കപ്പെടുന്നത് ഒരു യൂണിക് ഐഡിയിൽ ആണ്. ഇതാവട്ടെ, ഓരോ രണ്ടു മണിക്കൂറിലും മാറിക്കൊണ്ടിരിക്കും. മൊബൈലിൽ ആപ്പ് ഡിലീറ്റ് ചെയ്യുമ്പോൾ ഫോണിൽ സൂക്ഷിക്കപ്പെട്ട എല്ലാ ഡാറ്റയും ഡിലീറ്റ് ചെയ്യപ്പെടും. പോസിറ്റിവ് ആവുന്നവരുടെ ഡാറ്റ അവരുടെ സമ്മതത്തോടെ സൂക്ഷിക്കുന്ന അതീവ സുരക്ഷിത സെർവറുകളിൽ നിന്നും നീക്കം ചെയ്യാൻ യൂസർക്ക് എപ്പോൾ വേണമെങ്കിലും ആവശ്യപ്പെടാവുന്നതുമാണ്.

ഓസ്ട്രേലിയ – കോവിഡ് സ്ഥിതിവിവരം – ഏപ്രില്‍30 ന്
ആകെ കേസുകള്‍ 6752
മരണം 91
സുഖപ്പെട്ടവര്‍ 5715

ഓസ്‌ട്രേലിയയിൽ കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്യപ്പെട്ട മൊത്തം കേസുകൾ 13 എണ്ണം മാത്രമാണ്. കൊറോണ വ്യാപനം പിടിച്ചു നിർത്തുന്നതിൽ ഏതാണ്ട് വിജയിച്ചു നിൽക്കുന്ന രാജ്യത്ത് അധികം വൈകാതെ തന്നെ സാമൂഹ്യ നിയന്ത്രണങ്ങൾ എടുത്തു മാറ്റപ്പെടും. അപ്പോഴും കോൺടാക്ട് ട്രെയ്‌സ് ചെയ്യാൻ കഴിയാത്ത പത്തു ശതമാനത്തോളം കേസുകൾ ഒരു ഭീഷണിയായി നിൽക്കുന്നുണ്ട്. ലോകമാകെ ഒരു യുദ്ധമുഖത്തു വിറങ്ങലിച്ചു നിൽക്കുമ്പോൾ, സമൂഹവ്യാപനം തടഞ്ഞു ദുരന്ത വ്യാപ്തി പരമാവധി കുറയ്ക്കാൻ സർക്കാരിനെ സഹായിക്കുന്ന ഇത്തരം സാങ്കേതിക വിദ്യകൾ ഓസ്‌ട്രേലിയൻ ജനത ഉപയോഗപ്പെടുത്തും എന്നാണ് പൊതുവെയുള്ള പ്രതീക്ഷ. മറ്റു മുൻഗണനകൾ പലതും മാറ്റി വെച്ച് ലോകം ഒറ്റക്കെട്ടായി പോരാടുന്ന കാലമാണല്ലോ. ഈ യുദ്ധം ജയിച്ചല്ലേ മതിയാകൂ.


വീഡിയോ കാണാം

Leave a Reply