കോവിഡ് 19 – ഇപ്പോൾ പ്രചാരത്തിലുള്ള ജനിതക മാറ്റങ്ങൾ


ഡോ.യു. നന്ദകുമാർ

കോവിഡ് 19 രോഗത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നരിക്കുന്നു എന്ന് പറയാം. വാക്‌സിൻ ലഭ്യമായത് ശുഭവിശ്വാസത്തിനു കാരണമായിട്ടുണ്ട്. രോഗം എപ്പോഴെങ്കിലും നിയന്ത്രണവിധേയമാകും എന്ന ചിന്ത കുറച്ചൊന്നുമല്ല നമ്മെ ആവേശം കൊള്ളിക്കുന്നത്. നിലവിലെ വാക്‌സിനുകളുടെ പ്രവർത്തനം മെച്ചപ്പെട്ടതാണെന്ന് പൊതുവെ കരുതപ്പെടുന്നു. അതോടൊപ്പം നമ്മെ ആശങ്കപ്പെടുത്തുന്ന കാര്യമാണ് വൈറസിൽ കണ്ടുകൊണ്ടിരിക്കുന്ന ജനിതകമാറ്റങ്ങൾ.

ഇപ്പോൾ പ്രചാരത്തിലുള്ള ജനിതകമാറ്റങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

  1. B 117: ഏറ്റവും പ്രധാന ജനിതകമാറ്റം കഴിഞ്ഞ മാസം മുതൽ ചർച്ചാവിഷയമായിരിക്കുന്ന B 117 തന്നെ. ബ്രിട്ടനിൽ ആണ് ഇതാദ്യമായി കണ്ടെത്തിയത്. ഇപ്പോൾ വ്യാപനം നടക്കുന്ന വൈറസുകളെക്കാൾ 50 മുതൽ 74% വരെ വ്യാപനത്തിൽ വേഗക്കൂടുതൽ ഈ വേരിയന്റിനു ഉണ്ടെന്നു കണ്ടെത്തിയിരിക്കുന്നു. മരണനിരക്കു കൂടുന്നില്ല, എങ്കിലും കൂടുതൽ പേരെ ബാധിച്ചാൽ ഒരേ മരണനിരക്കാണെങ്കിലും കൂടുതൽ പേര് മരിക്കാനിടയാകും എന്ന ഭയം നിലനിൽക്കുന്നു. വൈറസിന് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കടക്കാൻ എളുപ്പമാണെന്ന് ഇപ്പോൾ നമുക്കറിയാം. ഇതിനകം 40 രാജ്യങ്ങളിൽ ഈ വേരിയന്റ്റ് കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. അടുത്ത ഏതാനും ആഴ്ചയിൽ അമേരിക്കയിൽ വ്യാപിക്കുന്ന പ്രധാന വേരിയന്റ് B 117 ആയിരിക്കും എന്ന് സി ഡി സി പറഞ്ഞുകഴിഞ്ഞു.
  2. B 1351:  ദക്ഷിണാഫ്രിക്കയിലാണ് ഇതാദ്യമായി കണ്ടത്. ധാരാളം മ്യൂറ്റേഷനുകൾ അടങ്ങിയ വേരിയന്റ് ആണ് ഇത്. ബ്രിട്ടീഷ് വേരിയൻറ്റുമായി സാമ്യമുണ്ടെങ്കിലും പല രീതിയിലും ഇത് തികച്ചും നൂതനമാണ്. പ്രധാനപ്പെട്ട പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് മനുഷ്യ കോശങ്ങളിൽ പ്രവേശിക്കാനുള്ള സ്പൈക് പ്രോട്ടീൻ പ്രദേശത്തു കാണുന്ന മ്യൂറ്റേഷൻ ആണ്. ഇതുമൂലം, കോശങ്ങളിൽ പ്രവേശിക്കാനും രോഗമുണ്ടാക്കാനും കൂടുതൽ എളുപ്പമാകും. ആന്റിബോഡികൾക്ക് വൈറസിന് മേൽ ഘടിപ്പിക്കപ്പെടാനും അതിനാൽ തന്നെ വൈറസിനെ നിഷ്ക്രിയമാക്കാനും പ്രയാസമാകുന്നു. ഇക്കാരണത്താൽ, ഈ വൈറസ് തെക്കൻ ആഫ്രിക്കൻ പ്രദേശങ്ങളിൽ രോഗത്തിന്റെ തോത് വർധിപ്പിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന ഇതിനകം 20 രാജ്യങ്ങളിൽ കൂടി ഈ വേരിയൻറ്റ്  കണ്ടെത്തിക്കഴിഞ്ഞു. കൂടുതൽ വ്യാപനം പ്രതീക്ഷിക്കാം.
  3. P1 (അഥവാ B.1.1.248):  ഈ വേരിയൻറ്റ് ഉത്ഭവിച്ചത് ബ്രസീലിൽ ആണ്. ഇതേക്കുറിച്ചുള്ള പഠനങ്ങൾ ഇപ്പോഴും നടക്കുന്നതേയുള്ളു. ബ്രസീലിൽ ഉണ്ടായതാണെങ്കിലും ആദ്യമായി കണ്ടെത്തിയത്, ജപ്പാനിലാണ്. ബ്രസീലിൽ നിന്നെത്തിയ നാലു പേരെ പരിശോധിച്ചപ്പോഴാണ് മാറ്റങ്ങൾ ഉള്ള വേരിയന്റ്  ആണെന്ന് മനസ്സിലായത്. അധികം പേരെ ഇനിയും ബാധിച്ചിട്ടുണ്ടെന്ന് ഇപ്പോളും കരുതാൻ വയ്യ. മറ്റേതെങ്കിലും രാജ്യങ്ങളിൽ ഇത് കടന്നിട്ടുണ്ടോ എന്നും വ്യക്തമല്ല. എന്നാൽ ആന്റിബോഡികളെ ബ്ലോക്ക് ചെയ്യാൻ പര്യാപ്തമായ മ്യൂറ്റേഷനുകൾ ഇതിൽ കണ്ടതിനാൽ ഭാവി പ്രവചനാതീതം എന്നെ പറയാനാകൂ.
  4. L452R: അടുത്തകാലത്ത് കാലിഫോർണിയയിൽ കണ്ട അധിക വ്യാപനത്തിന് കാരണം ഈ വേരിയന്റ് ആയിരുന്നു. ഇതാദ്യം ഡെന്മാർക്കിൽ കണ്ടതാണെങ്കിലും ഇപ്പോൾ വ്യാപിക്കുന്നത് അമേരിക്കയിലാണ്. മറ്റിടങ്ങളിൽ ഉള്ളതായി അറിവില്ല.
  5. S:N440K: ഇത് ഇന്ത്യയിൽ കണ്ടെത്തിയ വേരിയന്റ് ആണ്. ഇന്ത്യയിൽ വ്യാപിക്കുന്ന കോവിഡ് രോഗത്തിന്റെ 2.1% ഈ വേരിയന്റ് മൂലമാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ആന്ധ്രയിൽ ഇത് കൂടുതലായി വ്യാപിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവിടെ 33.8% വരെ പടരുന്നത് ഈ വൈറസാണ്. ഇതിനും ആന്റിബോഡി നിഷ്ക്രിയമാക്കാൻ സാധിക്കും എന്നും കരുതപ്പെടുന്നു. കോവിഡ് രോഗം ആവർത്തി പിടിപെട്ടയാളിൽ ഈ കാരണമായത് ഈ വൈറസാണെന്നും കണ്ടത്തിയിട്ടുണ്ട്. (https://www.biorxiv.org/content/10.1101/2020.12.24.424332v1.full.pdf)
ചില കാര്യങ്ങൾ ശ്രദ്ധയാകർഷിക്കുന്നു. ഒരു പാൻറ്റെമിക് കാലത്ത് അനേകം ജനിതക വ്യതിയാനങ്ങൾ ഉണ്ടായിവരും. എല്ലാം ആപത്കരമാകണമെന്നില്ല. പലതും വേണ്ടത്ര വ്യാപനം സിദ്ധിക്കാതെ പൊലിഞ്ഞുപോകും. എന്നാൽ B 117 പോലുള്ള വേരിയൻറ്റ് ലോകമെമ്പാടും പ്രധാന വൈറസായി മാറുന്നത് ഗൗരവമുള്ള കാര്യമാണ്. mRNA വാക്‌സിനുകൾ ജനിതകമാറ്റമുണ്ടായാലും പ്രവർത്തിക്കും എന്നുറപ്പാണ്. വാക്‌സിനിൽ ജനിതക കോഡ് മാറ്റിയെഴുതൽ എളുപ്പമാണ് എന്നതിനാലാണ് അങ്ങനെ പറയുന്നത്.

കോവിഡ്  നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന് പറയുമ്പോൾ തന്നെ പുതിയ വേറിയന്റുകൾ വ്യാപനത്തിൽ സൃഷ്ടിക്കാവുന്ന സമ്മർദങ്ങൾ കൂടി നാം കണക്കിലെടുക്കേണ്ടതാണ്.

Leave a Reply