ചിത്ര ജീന്‍ലാംപ് – ശ്രീചിത്രയുടെ വേഗത്തില്‍ ടെസ്റ്റ് ഫലം നല്‍കുന്ന കിറ്റ്

കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജി കൊവിഡ്-19 കണ്ടെത്തുന്നതിനുള്ള ടെസ്റ്റ് കിറ്റ് (ചിത്ര ജീന്‍ലാംപ്) വികസിപ്പിച്ചെടുത്തു.
Reverse transcription loop-mediated isothermal amplification of viral nuclic acid (RT-LAMP) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടെസ്റ്റ് കിറ്റ് സാര്‍സ് കോവ്-2 വൈറസിലെ എന്‍ ജീനിനെ (N Gene) കണ്ടെത്താനാകും. അതുകൊണ്ട് തന്നെ കിറ്റിന് കൃത്യത ഉറപ്പാക്കാന്‍ കഴിയും.
ആര്‍ടി-ലാംപ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സാര്‍സ് കോവ്-2-ലെ എന്‍ ജീനിനെ കണ്ടെത്തുന്ന ലോകത്തിലെ ആദ്യ ടെസ്റ്റ് കിറ്റുകളില്‍ ഒന്നെന്ന സവിശേഷതയും ഇതിനുണ്ട്.
സാര്‍സ് കോവ്-2-ലെ എന്‍ ജീനിനെ കൃത്യമായി തിരച്ചറിയാന്‍ കഴിയുന്ന ടെസ്റ്റ് കിറ്റിന് എന്‍ ജീനിന്റെ രണ്ട് മേഖലകള്‍ കണ്ടെത്താനാകും. വൈറസിലെ ജീനിന്റെ ഒരു മേഖലയ്ക്ക് ജനിതകവ്യതിയാനം ഉണ്ടായാലും ഫലം തെറ്റാതിരിക്കാന്‍ ഇത് സഹായിക്കുന്നു. ചിത്ര ജീന്‍ലാംപിന്റെ കൃത്യത പരിശോധിക്കുന്നതിന് ഐസിഎംആര്‍ ആലപ്പുഴയിലെ എന്‍ഐവി (National Institute of Virology)-യെ ചുമതലപ്പെടുത്തി. അവിടെ നടന്ന പരിശോധനയില്‍ ഇതിന് 100 ശതമാനം കൃത്യതയുണ്ടെന്ന് തെളിഞ്ഞു. ഇക്കാര്യം ഐസിഎംആറിനെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കൊവിഡ്-19 പരിശോധനയ്ക്കായി ചിത്ര ജീന്‍ലാംപ്-എന്‍-ന് ഐസിഎംആറിന്റെ അനുമതി കിട്ടുകയും ഉത്പാദനത്തിന് സിഡിഎസ്‌സിഒ ലൈസന്‍സ് ലഭ്യമാവുകയുമാണ് അടുത്ത ഘട്ടം.
ഏതെങ്കിലും ജീന്‍ അംപ്ലിഫിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് എന്‍-ജീനിന്റെ രണ്ട് മേഖലകള്‍ കണ്ടെത്തുന്ന ടെസ്റ്റുകളാണ് അമേരിക്കയിലെ ദി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ കൊവിഡ്-19 പരിശോധനയ്ക്ക് ശുപാര്‍ശ ചെയ്യുന്നത്. അമേരിക്കയില്‍ ടെസ്റ്റ് കിറ്റുകള്‍ക്ക് എഫ്ഡിഎ അംഗീകാരം ലഭിക്കണമെങ്കില്‍ ഈ നിബന്ധനകള്‍ കൃത്യമായി പാലിക്കണം. അമേരിക്കയില്‍ അബോട്ട് കോര്‍പ്പറേഷന്‍ (Abott) LAMP സാങ്കേതികവിദ്യ ഉപയോഗിച്ച് RdRp ജീന്‍ കണ്ടെത്തുന്ന ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തിരുന്നു. ജപ്പാനിലെ എയ്‌കെന്‍ കെമിക്കല്‍ കമ്പനി ലിമിറ്റഡും LAMP സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് എന്‍ ജീന്‍ കണ്ടെത്താനായിരുന്നില്ല. നിലവില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന പിസിആര്‍ കിറ്റുകള്‍ രോഗബാധ കണ്ടെത്തുന്നത് ഇ-ജീനിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാണ്. RdRp ജീന്‍ കണ്ടെത്തി കൊവിഡ്-19 സ്ഥിരീകരിക്കുകയും ചെയ്യുന്നു. രോഗബാധയുണ്ടോയെന്ന് അറിയുന്നതിനുള്ള പ്രാഥമിക പരിശോധന ഒഴിവാക്കി, കുറഞ്ഞ ചെലവില്‍, ഒരു പരിശോധനയിലൂടെ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ ചിത്ര ജീന്‍ലാംപ്-എന്‍ പരിശോധനയിലൂടെ കഴിയും.
ചിത്ര ജീന്‍ലാംപ്-എന്‍ ഉപയോഗിച്ച് 10 മിനിറ്റിനുള്ളില്‍ ജീന്‍ കണ്ടെത്താനാകും. സാമ്പിള്‍ ശേഖരണം മുതല്‍ ഫലം വരുന്നത് വരെയുള്ള സമയം രണ്ട് മണിക്കൂറില്‍ താഴെയാണ്. ഒരു മെഷീനില്‍ ഒരു ബാച്ചില്‍ 30 സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ വിവിധ ഷിഫ്റ്റുകളിലായി ഒരു മെഷീന്‍ ഉപയോഗിച്ച് തന്നെ വന്‍തോതില്‍ പരിശോധന നടത്താം.
ജില്ലാ ആശുപത്രികളിലെ ലാബുകളില്‍ പോലും വളരെ എളുപ്പത്തില്‍ ടെസ്റ്റിംഗ് സൗകര്യം സജ്ജീകരിക്കാന്‍ കഴിയും. ഫ്‌ളൂറസെന്‍സില്‍ വരുന്ന മാറ്റം വിലയിരുത്തി മെഷീനില്‍ നിന്ന് തന്നെ ഫലം അറിയാം. LAMP പരിശോധനയ്ക്കുള്ള ഉപകരണത്തിന്റെ ചെലവും (2.5 ലക്ഷം രൂപ) എന്‍ ജീനിന്റെ രണ്ട് മേഖലയ്ക്കുള്ള ടെസ്റ്റ് കിറ്റിന്റെ വിലയും (RNA വേര്‍തിരിക്കല്‍ ഉള്‍പ്പെടെ) അടക്കം ഒരു ടെസ്റ്റിന്റെ ചെലവ് ആയിരം രൂപയില്‍ താഴെയാണ്. അതേസമയം RT PCR മെഷീനിന് 15-40 ലക്ഷം രൂപയാണ് വില. PCR കിറ്റിന് 1900-2500 രൂപ വില വരും. ജീന്‍ലാംപ്-എന്‍ ടെസ്റ്റ് കിറ്റ്, ഉപകരണം എന്നിവയ്‌ക്കൊപ്പം RNA എക്‌സ്ട്രാക്ഷന്‍ കിറ്റും ശ്രീചിത്ര വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചിത്ര ജീന്‍ലാംപ്-എന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നതിന് വേണ്ട സാമ്പത്തിക സഹായം പൂര്‍ണ്ണമായും നല്‍കിയത് കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പാണ്. വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനായി സാങ്കേതികവിദ്യ എറണാകുളത്തെ അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ് ലിമിറ്റഡിന് കൈമാറി. ദേശീയ–അന്തര്‍ദേശീയ തലങ്ങളില്‍ പ്രവര്‍ത്തനങ്ങളുള്ള മുന്‍നിര കമ്പനിയാണ് അഗാപ്പെ. ജീവികളില്‍ നടത്തുന്ന പരിശോധനകളില്‍ (in vitro) ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദീര്‍ഘകാല പങ്കാളി കൂടിയാണ് ഈ കമ്പനി.
ഡോ. അനൂപ് തെക്കുവീട്ടിലും സംഘവും

ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോമെഡിക്കല്‍ ടെക്‌നോളജി വിഭാഗത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനും അപ്ലൈഡ് ബയോളജി വിഭാഗത്തിന് കീഴിലെ മോളിക്യുളാര്‍ മെഡിസിന്‍ വിഭാഗത്തിലെ സയന്റിസ്റ്റ്-ഇന്‍-ചാര്‍ജ്ജുമായ ഡോ. അനൂപ് തെക്കുവീട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് ആഴ്ച കൊണ്ടാണ് കിറ്റ് വികസിപ്പിച്ചെടുത്തത്. ഡോ. അനൂപിന്റെ നേതൃത്വത്തിലുള്ള ഇതേ സംഘം 2018-19-ല്‍ കഫപരിശോധനയില്‍ കൂടി ക്ഷയരോഗം തിരിച്ചറിയുന്നതിനുള്ള ടെസ്റ്റ് കിറ്റും ഉപകരണവും കണ്ടെത്തിയിരുന്നു. LAMP സാങ്കേതിക വിദ്യ ഉപയോഗിച്ച് കഫത്തില്‍ നിന്ന് മൈക്രോബാക്ടീരിയം ട്യൂബര്‍കുലോസിസിന്റെ ഡിഎന്‍എ കണ്ടെത്തിയാണ് ക്ഷയരോഗം സ്ഥിരീകരിക്കുന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഈ സാങ്കേതികവിദ്യ അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ് ലിമിറ്റഡിന് കൈമാറിയിരുന്നു. ഐസിഎംആറിന്റെ പിന്തുണയോടെ കിറ്റിന്റെയും ഉപകരണത്തിന്റെയും ക്ലിനിക്കല്‍ ട്രയല്‍ വിവിധ കേന്ദ്രങ്ങളിലായി 2020 മാര്‍ച്ചില്‍ ആരംഭിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ടെക്‌നിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ ഡിവൈസസ് പദ്ധതിയുടെ കീഴിലാണ് ക്ഷയരോഗ നിര്‍ണ്ണയ ഉപകരണം വികസിപ്പിച്ചെടുത്തത്. അതിന്റെ തുടര്‍ച്ചയായാണ് LAMP സാങ്കേതികവിദ്യ ഉപയോഗിച്ച് സാര്‍സ് കോവ്2-ലെ എന്‍ ജീനിനെ കണ്ടെത്താനുള്ള ഗവേഷണം ആരംഭിച്ചത്.

Chitra GeneLAMP-N  കടപ്പാട് pib
എന്‍ഐവി-യില്‍ നിന്നുള്ള ഫലങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയാലുടന്‍ ചിത്ര ജീന്‍ലാംപ് കിറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ലൈസന്‍സിനായി അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ് ലിമിറ്റഡ് സിഡിഎസ്‌സിഒ-യില്‍ അപേക്ഷ സമര്‍പ്പിക്കും. ഉത്പാദനം നടത്തുന്നതിനുള്ള സാമ്പത്തിക സഹായത്തിനായി കമ്പനി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ടെക്‌നോളജി ഡെവലപ്പ്‌മെന്റ് ബോര്‍ഡിനെ സമീപിച്ചിട്ടുണ്ട്. രാജ്യത്ത് നിലനില്‍ക്കുന്ന അടിയന്തിര സാഹചര്യം കണക്കിലെടുത്ത്, ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യകള്‍ നിര്‍മ്മിക്കുന്നതിനായി മുന്നോട്ടുവരുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി റോയല്‍റ്റി ഫീസ് ഒഴിവാക്കും. രാജ്യത്ത് കൊവിഡ്-19 പടര്‍ന്നുപിടിക്കുന്നതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന സാധനങ്ങളില്‍ നിന്ന് ലഭിക്കേണ്ട റോയല്‍റ്റി ഫീസ് കമ്പനികളില്‍ നിന്ന് ഈടാക്കേണ്ടതില്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വന്‍തോതില്‍ ഉത്പാദനം നടത്തുന്നതിന് സാങ്കേതികവിദ്യകള്‍ കൈമാറുന്നതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് കമ്പനികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിക്കും.
ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ലോക്ക്ഡൗണ്‍ കാലയളവില്‍ കര്‍ണ്ണാടകയില്‍ നിന്ന് സുപ്രധാന രാസവസ്തുക്കള്‍ എത്തിക്കുന്നതിന് വേണ്ട സഹായവും പിന്തുണയും നല്‍കിയതിന് സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും ഇന്‍സ്റ്റിറ്റ്യൂട്ട് നന്ദി രേഖപ്പെടുത്തി.

വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ. മനോജ് കോമത്ത്

ശ്രീചിത്ര മെഡിക്കല്‍ സെന്‍ററിന്‍റെ കോവിഡുമായി ബന്ധപ്പെട്ട കണ്ടെത്തലുകളുടെ പ്രയോജനങ്ങള്‍ എന്തെല്ലാം?

Leave a Reply