Read Time:6 Minute

ഡോ.പി. മുഹമ്മദ് ഷാഫി

കാർബൺ അടങ്ങിയ ഇന്ധനങ്ങൾ കത്തുമ്പോൾ കാർബൺമോണോക്സൈഡ് കുറഞ്ഞഅളവിലെങ്കിലും രൂപംകൊള്ളുന്നതാണ് . അടുപ്പിൽവിറകുകത്തുമ്പോൾ, മെഴുകുതിരി,നിലവിളക്ക് എന്നിവ കത്തുമ്പോൾ, വാഹനങ്ങളിൽ ഇന്ധനം എരിയുമ്പോൾ എല്ലാമെല്ലാം ഈ വിഷവാതകം ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. കാർബൺ മോണോക്സൈഡിനെ കുറിച്ച് കൂടുതലറിയാം…

നേപ്പാളിൽ വിനോദസഞ്ചാരത്തിനുപോയ കുടുംബാംഗങ്ങളുടെ  മരണ വാർത്തയുമായാണ് ജനുവരി ഇരുപത്തിരണ്ടിന്റെ മലയാള പത്രങ്ങൾ ഇറങ്ങിയത്. തണുപ്പകറ്റാൻ അടച്ചിട്ട മുറിയിൽ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചതാണ് മരണകാരണമായത് എന്നും പത്രം പറഞ്ഞു. ഇത്തരം ഹീറ്ററുകളിൽ നിന്ന് മാരകമായ അളവിൽ കാർബൺ മോണോക്സൈഡ് പുറംതള്ളാനിടയുണ്ട്.

അമേരിക്ക ,കാനഡ തുടങ്ങിയ അതിശൈത്യം അനുഭവപ്പെടുന്ന രാജ്യങ്ങളിൽ വീട്ടിനകത്തു തണുപ്പകറ്റാൻ ഗ്യാസ് റെയ്‌ഞ്ചുകൾ (Gas range)ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശം കൊടുക്കാറുണ്ടത്രെ (Never heat your home with a gas range).

കിണർ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി മരിച്ചു ; ഓട വൃത്തിയാക്കാൻ മാൻഹോളിൽ ഇറങ്ങിയ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു എന്നിങ്ങനെയുള്ള വാർത്തകൾ ചിലപ്പോൾ കേൾക്കാറുണ്ടല്ലോ .പ്രകൃതിയിൽ തന്നെ രൂപംകൊള്ളുന്ന വിഷവാതകങ്ങളായ കാർബൺ മോണോക്സൈഡും ഹൈഡ്രജൻ സൾഫൈഡുമാണ് പലപ്പോഴും മരണത്തിനു കാരണമാകുന്നത്. (കിണറുകളിൽ ഉണ്ടാകാനിടയുള്ള ചീഞ്ഞളിഞ്ഞ ജൈവവസ്തുക്കളിൽ നിന്ന് മീഥേൻ വാതകവും കാർബൺ മോണോക്സൈഡും ബഹിർഗമിക്കുന്നു . കാർബൺ മോണോക്സൈഡിൽ ഒരു ഭാഗം ഓക്സിജനുമായി ചേർന്ന് കാർബൺ ഡയോക്സൈഡായി മാറാം. മീഥേൻ, കാർബൺ ഡയോക്സൈഡ് എന്നിവയുടെ സാന്ദ്രത വായുവിനേക്കാൾ കൂടുതൽ ആയതിനാൽ കിണറിനടിയിൽ ഭൂരിഭാഗവും ഈരണ്ടുവാതകങ്ങളായിരിക്കുംഉണ്ടാവുക.ഓക്സിജൻ ലഭ്യത വളരെ കുറവായിരിക്കുമെന്നു സാരം). മാൻഹോളിൽ ഹൈഡ്രജൻ സൾഫൈഡാണ് പൊതുവെ കൊലയാളിയായി കാണപ്പെടുന്നത്. കാർബൺ മോണോക്സൈഡിനെക്കാൾപതിന്മടങ്ങു വിഷമയമായ വാതകമാണ് ഹൈഡ്രജൻ സൾഫൈഡ്.  എന്നാൽ വളരെ കുറഞ്ഞ അളവിൽപോലും ഇതിന്റെ രൂക്ഷഗന്ധം തിരിച്ചറിയാനാകും. കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടുപിടിക്കാൻ അതിനായി നിർമിക്കപ്പെട്ട ഉപകരണം ആവശ്യമാണ്.

കാർബൺ അടങ്ങിയ ഇന്ധനങ്ങൾ കത്തുമ്പോൾ കാർബൺമോണോക്സൈഡ് കുറഞ്ഞഅളവിലെങ്കിലും രൂപംകൊള്ളുന്നതാണ് . അടുപ്പിൽവിറകുകത്തുമ്പോൾ, മെഴുകുതിരി,നിലവിളക്ക് എന്നിവ കത്തുമ്പോൾ,വാഹനങ്ങളിൽ ഇന്ധനംഎരിയുമ്പോൾ എല്ലാമെല്ലാം ഈ വിഷവാതകം ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. അടച്ചിട്ട മുറികളിൽ കൂടുതൽ മെഴുകുതിരിയോ വിളക്കുകളോ അപകടകരമായേക്കാം. പുകവലിക്കുന്നവർക്കും വാഹനത്തിരക്കുള്ള പ്രദേശങ്ങളിൽ ജോലിചെയ്യുന്ന ട്രാഫിക് പോലീസ്, കച്ചവടക്കാർ എന്നിവർക്കും കാർബൺ മോണോക്സൈഡിൽ നിന്നുമുള്ള വിഷമേൽക്കും, അത് മരണത്തിനു കാരണമായേക്കാൻ മാത്രം അളവിൽ ഇല്ലെങ്കിലും. എന്നാൽ ക്ഷീണം, ജോലി ചെയ്യാനുള്ള കഴിവിനുണ്ടാകുന്ന കുറവ് എന്നിവ ഇവരിൽ കാണാം. തണുപ്പുരാജ്യങ്ങളിൽ അടച്ചിട്ട ഗാരജിൽ (Garage) വാഹനം കുറേനേരം പ്രവർത്തിച്ചാൽ പോലും അപകടം സംഭവിക്കാറുണ്ടത്രെ.(ചിലര്‍ തണുപ്പ്കുറയാൻ ഇങ്ങനെ കുറെ നേരം എൻജിൻ പ്രവർത്തിപ്പിക്കാറുണ്ടത്രെ)

ഓക്സിജൻ ആഗിരണം ചെയ്യാനുള്ള രക്തത്തിന്റെ കഴിവ് ഇല്ലാതാക്കിയാണ് കാർബൺ മോണോക്സൈഡ് ജന്തുക്കളെ കൊല്ലുന്നത്.  ചുവന്ന രക്താണുവിലെ ഹീമോഗ്ളോബിനിൽ ഉള്ള ഇരുമ്പാണ് (Ferrous ion : Fe2+ )

ഓക്സിജൻ തന്മാത്രയെ സ്വീകരിച്ചു ശരീരത്തിന്റെ എല്ലാഭാഗത്തും എത്തിക്കുന്നത്. ഓക്സിജൻതന്മാത്ര വളരെ ദുർബലമായ ബന്ധനമാണ് രക്തത്തിലെ ഇരുമ്പുമായി ഉണ്ടാക്കുന്നത്. എന്നാൽ കാർബൺ മോണോക്സൈഡ് ഓക്സിജനേക്കാൾ ഇരുനൂറിലേറെ മടങ്ങു ബലവത്തായ രാസബന്ധനമാണ് രക്തത്തിലെ ഇരുമ്പുമായി ഉണ്ടാക്കുന്നത്.അതിനാൽ ഇപ്രകാരം രൂപപ്പെട്ട സയനോഹീമോഗ്ലോബിനു(Cyanohemoglobin) ഓക്സിജൻ സ്വീകരിക്കാൻ കഴിയാതെവരുന്നു. മരണകാരണമാകാൻ International Standard Organisationൻറെ കണക്കനുസരിച്ചു 12000-16000 ppm അളവിൽ 5min നേരവും 2500-4000 ppm അളവില്‍ 30 min നേരവും ചിലവഴിക്കണം . 

കൽക്കരിപ്പുക മരണത്തിനു കാരണമാകാമെന്നു അരിസ്റ്റോട്ടിൽ ബി സി മൂന്നാം നൂറ്റാണ്ടിൽ  പറഞ്ഞിട്ടുണ്ട് . മനുഷ്യനേക്കാൾ വേഗത്തിൽ ചില ജീവികൾക്ക് കാർബൺ മോണോക്സൈഡ്കൊണ്ട് മരണം സംഭവിക്കാറുണ്ട് .കൽക്കരി ഖനികളിൽ കാർബൺ മോണോക്സൈഡ് ഒരു വൻ ഭീഷണിയാണ് .അതിനാൽ ഇതിന്റെ അളവ് കണ്ടുപിടിക്കാനുള്ള ഉപകരണങ്ങൾ ഇല്ലാത്ത കാലത്തു കാനറി പക്ഷികളെ തൊഴിലാളികൾ ഖനികളിൽ കൊണ്ടുപോകാറുണ്ടായിരുന്നത്രെ. മനുഷ്യന് അപകടകരമായ അളവിലും കുറഞ്ഞ അളവിൽത്തന്നെ പക്ഷികൾ ചത്തുപോകുന്നതിനാൽ മനുഷ്യർക്ക് രക്ഷപ്പെടാമായിരുന്നു !

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇന്ത്യൻ സർവകലാശാലകളെ സംരക്ഷിക്കുക : നേച്ചർ
Next post കേരള സയൻസ് കോൺഗ്രസ്സ് ഇന്ന് ആരംഭിക്കും
Close