ഒരിക്കൽ കോവിഡ്-19 വന്നു ഭേദം ആയാൽ വീണ്ടും ഈ രോഗം വരുമോ ?

ആശിഷ് ജോസ് അമ്പാട്ട്

ലോകത്തിൽ ആകമാനം 7 ലക്ഷത്തോളം പേരെ ബാധിക്കുകയും, മുപ്പത്തിനാലായിരത്തിലധികം പേരുടെ ജീവൻ കവരുകയും ചെയ്ത വൈറൽ രോഗമാണ് കോവിഡ്-19, നിലവിൽ ഒന്നര ലക്ഷത്തോളം പേർ കോവിഡ്-19 രോഗം വന്നു ഭേദമായി ജീവിതത്തിലോട്ട് തിരിച്ചു വന്നിട്ടുണ്ട്. ഇവിടെ സ്ഥിരമായി ഉന്നയിക്കപ്പെട്ടുന്ന സംശയമാണ് ഒരിക്കൽ കോവിഡ്-19 രോഗം വന്നാൽ വീണ്ടും ആ രോഗം വരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടോയെന്നത്. ഇതൊരു പുതിയ രോഗം ആയതിനാൽ നമ്മൾക്ക് വളരെയധികം കുറച്ചു അറിവുകൾ മാത്രമേയുള്ളൂ, പലതും മുൻപുള്ള രോഗങ്ങളെയും, രോഗാണുക്കളെയും പഠിച്ചതിൽ നിന്നുള്ള അനുമാനമാണ്, അത് അനുസരിച്ച് തീർച്ചപ്പെടുത്തലുകൾ ഇപ്പോൾ നടത്തുക ബുദ്ധിമുട്ടാണ്, എങ്കിലും നമുക്ക് നോക്കാം.

SARS-CoV2 – കൊറോണ വൈറസ് ഘടന

SARS-CoV2 എന്നതരം കൊറോണ വൈറസ് ആണ് കോവിഡ്-19 രോഗം ഉണ്ടാക്കുന്നതെന്നു അറിയാമല്ലോ, സാധാരണ ഗതിയിൽ ഒരു വൈറൽ രോഗം വന്നാൽ നമ്മുടെ ശരീരം ഏതാനും ദിവസങ്ങൾ കൊണ്ട് അതിനെതിരെ പ്രതിവസ്തുകൾ നിർമ്മിച്ചു തുടങ്ങും, ബി-ലിംഫോസൈറ്റ് എന്നതരം വെള്ളരക്താണുകളാണ് ഈ പ്രതിവസ്തുകൾ അഥവാ ആന്റിബോഡികൾ നിർമ്മിക്കുന്നത്, ഇവയിൽ കുറച്ചു ബി-ലിംഫോസൈറ്റ്സ് ഓർമ്മ കോശങ്ങളായി ഈ പ്രത്യക വൈറൽ രോഗം വീണ്ടും വന്നാൽ വേഗത്തിൽ പ്രതിവസ്തുകളെ നിർമിക്കാൻ ശരീരത്തിൽ നിലനിൽക്കുകയും ചെയ്യും. ഒരിക്കൽ ഒരു വൈറൽ രോഗം വന്ന ആളിന്റെ ശരീരത്തിൽ വീണ്ടും ആ വൈറസ് എത്തിയാൽ കൈയ്യിൽ നിർമ്മിച്ചു വെച്ച ആന്റിബോഡികൾ കൊണ്ടും, കൂടുതൽ ആൻറിബോഡികൾ വേഗത്തിൽ നിർമ്മിക്കാൻ കഴിവുള്ള ഓർമ്മകോശങ്ങളാലും വൈറസിനെ തുരത്തി ഓടിക്കും. ആദ്യമായി വൈറൽ രോഗം വരുമ്പോൾ അതിനെ നശിപ്പിക്കാൻ തക്കതായ അളവിൽ ആന്റിബോഡികൾ ശരീരത്തിനു നിർമ്മിച്ചു എടുക്കാനുള്ള കാലതാമസം കൊണ്ടു വൈറസ് എണ്ണത്തിൽ പെരുകി ശരീരത്തിന്റെ ആന്തരിക അവയങ്ങളുടെ പ്രവർത്തനം തകരാറിലാക്കിയാണ് രോഗിയെ മരണത്തിലോട്ട് നയിക്കുന്നത്, അതിനു മുൻപ് ആന്റിബോഡികൾ ശരീരത്തിന് ഉണ്ടാക്കാൻ പറ്റിയാൽ രോഗം ഗുരുതരം ആകാതെ നോക്കാം, വീണ്ടും വൈറസ് എത്തിയാൽ അതിനെ തുരത്തിയോടിച്ചു ശരീരത്തിനെ സംരക്ഷിക്കാൻ പറ്റും. സാധാരണ ഗതിയിൽ ഒരു വൈറസ് രോഗത്തിനെതിരെയുള്ള നമ്മുടെ ആർജ്ജിത രോഗപ്രതിരോധ ശക്തി ഇങ്ങനെയാണ്. പക്ഷെ ഓരോതരം വൈറസിനെതിരെയും നിർമ്മിക്കുന്ന ആൻറിബോഡികളും, ഓർമ്മ കോശങ്ങളും ശരീരത്തിൽ നിലനിൽക്കുക വിവിധ കാലത്തേക്കാണ്, ചിലപ്പോള്‍ ഏതാനും മാസങ്ങൾ.. ചിലപ്പോൾ കുറേ  വർഷങ്ങൾ.

കടപ്പാട് ars.els-cdn.com

രോഗം വന്നു ഭേദം ആയ ഒരാളിൽ നിന്നും ഈ ആന്റിബോഡികൾ വേർതിരിച്ചു ഇപ്പോൾ രോഗം ഉള്ള ഒരാളിൽ മരുന്നായി കൊടുക്കാൻ പറ്റും, Convalescent sera എന്നാണ് ആ ചികിത്സ രീതിയ്ക്കു പറയുന്നത്, സ്വീകർത്താവിൽ അലർജി പോലെയുള്ള സങ്കീർണ്ണതകൾ വരാം എന്നതും, ആവശ്യത്തിന് ആന്റിബോഡികൾ കണ്ടെത്താൻ ബുദ്ധിമുട്ട് വരാമെന്നതും പരിമിതികളാണ്.

Convalescent sera കടപ്പാട്  ©jci.irg

2003ൽ ചൈനയിൽ സാർസ് എന്നൊരു രോഗം പടർന്നു പിടിച്ചതായി ഓർമ്മയുണ്ടല്ലോ, ഇപ്പോൾ കോവിഡ്-19 രോഗം ഉണ്ടാക്കുന്ന വൈറസുമായി ഏകദേശം 80% ജനിതകസാമ്യം ഉള്ള മറ്റൊരു കൊറോണ വൈറസ് ആയിരുന്നു അത്, SARS-CoV എന്നു വിളിക്കാം അതിനെ. സാർസ് രോഗം വന്ന 23 പേരെ പിന്തുടർന്നു നടത്തിയ പഠനത്തിൽ, സാർസ് രോഗത്തിനു കാരണമായ വൈറസിനെതിരെയുള്ള പ്രത്യേക ആൻറിബോഡികൾ രണ്ടു പേരിൽ മാത്രേ വളരെ നേരിയ അളവിലെങ്കിലും കണ്ടെത്താൻ പറ്റിയുള്ളൂ , ആന്റിബോഡികൾ നിർമ്മിക്കാനുള്ള ഓർമ്മ കോശങ്ങൾ ഒരാളിലും കണ്ടെത്താൻ പറ്റിയില്ല. ” Six years postinfection, specific IgG Ab to SARS-CoV became undetectable in 21 of the 23 former patients. No SARS-CoV Ag-specific memory B cell response was detected in either 23 former SARS patients. ” ( Tang et.al 2011)

2003യിലെ സാർസ് രോഗബാധയേറ്റ് 20 ആരോഗ്യപ്രവർത്തകരെ 12 വർഷം നിരീക്ഷിച്ചു നടത്തിയ പഠനത്തിൽ ചെറിയ രീതിയിൽ സാർസ് വൈറസിനെതിരെയുള്ള ആന്റിബോഡികൾ 12 വർഷത്തിന് ശേഷവും നിലനിൽക്കുന്നതായി കണ്ടെത്തി, ആൻറിബോഡികൾ രോഗം വന്നു ആദ്യത്തെ ഒരു വർഷമാണ് ഏറ്റവും കൂടുതൽ, ശേഷമുള്ള വർഷങ്ങളിൽ കുറഞ്ഞ അളവിൽ നിലനിൽക്കുമെന്നും നിരീക്ഷിച്ചു. ഈ പഠനം നിലവിൽ ഒരു ജേണലിൽ പബ്ലിഷ് ചെയ്‌തിട്ടില്ല അതിനുള്ള മുന്നൊരുക്കങ്ങളിലാണ്. അത് പോലെ കണ്ടെത്തിയ ആന്റിബോഡികൾ എത്രമാത്രം രോഗപ്രതിരോധ ക്ഷമത ഉള്ളതാണെന്ന കാര്യത്തിലും ഗവേഷണം നടന്നിട്ടില്ല. ” Anti SARS-CoV IgG was found to persist for up to 12 years. IgG titers typically peaked in 2004, declining rapidly from 2004-2006, and then continued to decline at a slower rate. ” ( Guo et.al 2020)

കടപ്പാട് ©sciencedirect.com

സാർസ് വൈറസിനെതിരെയുള്ള ആന്റിബോഡികൾ, രോഗം ഭേദമായ 94% രോഗികളിലും ആദ്യത്തെ വർഷവും, 89% രോഗികളിലും ആദ്യത്തെ രണ്ടു വർഷവും, 50% രോഗകളിലും ആദ്യത്തെ മൂന്നു വർഷവും നിലനിൽക്കാമെന്നാണ് സാർസ് പകർച്ചവ്യാധിയെപ്പറ്റി 2006യിൽ ലോകാരോഗ്യ നടത്തിയ അവലോകനറിപ്പോർട്ടിൽ പറയുന്നത്.

ഇപ്പോൾ മഹാമാരിയായി മാറിയ കോവിഡ്-19 രോഗത്തിന് കാരണമായ വൈറസ് സാർസ് രോഗത്തിനു കാരണമായ വൈറസുമായി വളരെയധികം ജനിതകസാമ്യം ഉള്ളതെങ്കിലും നൂറ് ശതമാനം അത് പോലെയുള്ള പ്രതിരോധ ഫലങ്ങൾ ശരീരത്തിൽ ഉണ്ടാക്കുമെന്ന് പറയുക അസാധ്യമാണ്.
കോവിഡ്-19 രോഗം വീണ്ടും ബാധിക്കുമോ എന്നു നേരിട്ടു നടത്തിയ ഗവേഷണമായി നമ്മുടെ മുൻപിൽ ഉള്ളത് 4 കുരങ്ങുകളിൽ നടത്തിയ, ജേണലിൽ പബ്ലിഷ് ചെയ്യാൻ മുന്നൊരുക്കങ്ങളിൽ ആയിരിക്കുന്ന ഒരു പേപ്പർ ആണ്. ഇതു  പ്രകാരം നാല് കുരങ്ങുകളിൽ SARS-CoV2 രോഗാണുവിനെ കയറ്റിവിട്ടു, 28 ദിവസം കൊണ്ട് അവരിൽ രോഗം ഭേദമായിയെന്നു കണ്ടു. ഇതിൽ ഒരു കുരങ്ങിനെ കൊന്നു പഠിച്ചതിൽ നിന്നും വൈറസിന്റെ സാന്നിധ്യം, മൂക്ക്, തൊണ്ട, ശ്വാസകോശം, വയറ്, ഹൃദയം, സ്‌പൈനൽകോഡ്, ബ്ലാഡര്‍, അസ്ഥിപേശികൾ എന്നിവയിൽ കണ്ടെത്തി. ബാക്കിയുള്ള മൂന്ന് കുരങ്ങുകളിൽ വീണ്ടും SARS-CoV2 വൈറസ് കയറ്റി വിട്ടു നോക്കിയപ്പോൾ അടുത്ത മൂന്നാം ദിവസത്തിൽ ചെറിയ ഒരു പനി കാണിച്ചത് ഒഴിച്ചാൽ വേറെ രോഗലക്ഷണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല. അവയുടെ ശരീരത്തിൽ നിന്നും സാമ്പിളെടുത്തു വൈറൽ ന്യൂക്ലിക് ആസിഡ് പരിശോധിച്ചുള്ള rt-PCR പരിശോധനയിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ലായിരുന്നു, വീണ്ടും ഒരു കുരങ്ങിനെ കൊന്നു പഠിച്ചതിൽ ആന്തരിക അവയവങ്ങളിൽ വൈറൽ സാനിധ്യം ഒട്ടും കണ്ടെത്തിയില്ല. അതായത് ഒരിക്കൽ രോഗം വന്നത് കൊണ്ട് ഈ കുരങ്ങുകളിൽ ആന്റിബോഡികൾ ഉള്ളതിനാൽ വീണ്ടും വൈറസ് വന്നപ്പോൾ അതിനെ വേഗം നശിപ്പിക്കാൻ പറ്റിയെന്നു ചുരുക്കം. ( Bao et.al 2020)

കടപ്പാട് ©ars.els-cdn
മനുഷ്യരിൽ ഒരിക്കൽ കോവിഡ്-19 വന്ന ചുരുക്കം ചിലരിൽ വീണ്ടും രോഗം റിപ്പോർട്ട് ചെയ്തതായി വാർത്തകൾ ഉണ്ടെങ്കിലും ഇത് പരിശോധനയുടെ പരിമിതി ആകാമെന്നാണ് വിദഗ്‌ദ്ധ അഭിപ്രായം.
സാധാരണ മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും സാമ്പിൾ എടുത്തു നടത്തുന്ന വൈറസിന്റെ സാന്നിധ്യം പരിശോധിക്കുന്ന rt-PCR പഠനത്തിൽ 30% അവസരങ്ങളിൽ വരെ രോഗിയിൽ വൈറസ് ഉണ്ടെങ്കിലും കണ്ടെത്താൻ പറ്റാതെ പോകാറുണ്ട്. ഇതിനെ false negative എന്നാണ് വിളിക്കുക. ഒരുപക്ഷേ വീണ്ടും രോഗം വന്നതായി റിപ്പോർട്ട് ചെയ്ത ചില കേസുകളിൽ വൈറസ് പൂർണ്ണമായും പോകാതെ, false negative ആയിട്ടു രോഗം മാറിയെന്നു തെറ്റുദ്ധാരണ വന്നത് ആകാം, വീണ്ടുമുള്ള ടെസ്റ്റിൽ ശരിയായി വൈറസ് സാന്നിധ്യം കണ്ടെത്തിയതും ആകാം. ചിലപ്പോൾ രോഗം മാറിയവരിലും ഇനാക്റ്റീവ് ആയ വൈറല്‍ ഭാഗങ്ങൾ ശരീരത്തിൽ നിൽക്കാം എന്നതിനാൽ രോഗം വീണ്ടും വന്നതായി റിപ്പോർട്ട് ചെയ്യുന്നത് ഈ വൈറൽ ഭാഗങ്ങൾ കണ്ടെത്തുന്നതും ആകാം. നിലവിൽ കോവിഡ്-19 രോഗം ചുരുങ്ങിയ കാലയളവിൽ വീണ്ടും ബാധിക്കാം എന്നതിന് സ്ഥിരീകരിക്കപ്പെട്ട തെളിവുകൾ ഇല്ല.

ഡെങ്കിപ്പനി –  antibody dependent enhancement എന്ന പ്രക്രിയ കടപ്പാട് : nature/scitable
ഡെങ്കിപ്പനി ഒരിക്കൽ ബാധിച്ചാൽ വീണ്ടും ഡെങ്കിപ്പനി വരുമ്പോൾ കൂടുതൽ ഗുരുതരം ആകാറുണ്ട്, antibody dependent enhancement എന്നൊരു പ്രക്രിയ കാരണമാണ് ഇത്. ഡെങ്കിപ്പനി ഉണ്ടാക്കാൻ കാരണമായ വൈറസിനു നാലു രൂപങ്ങളുണ്ട്, serotypes എന്നു വിളിക്കും, നാലും തമ്മിൽ ചെറിയ ജനിതക വ്യത്യാസങ്ങളാണ് ഉള്ളത്. ഒരുതരം serotypeയിൽ ഉള്ള വൈറസ് മൂലം ഡെങ്കിപ്പനി വന്നാൽ അതിന് എതിരെ ആന്റിബോഡികൾ ശരീരം ഉണ്ടാക്കും, പക്ഷെ അടുത്ത serotype ശരീരത്തിൽ വീണ്ടും വന്നാൽ അവയെ നശിപ്പിക്കുന്നതിനു പകരം ഈ ആന്റിബോഡികൾ അവയെ കോശങ്ങളിൽ കൂടുതൽ ശക്തമായി വിളിച്ചു കയറ്റും.
കോവിഡ്-19 രോഗത്തിനു കാരണമായ SARS-CoV2 നിലവിൽ ഒരു serotype മാത്രമേ കണ്ടെത്തിട്ടുള്ളൂ, അതുകൊണ്ട് ഡെങ്കിപ്പനി പോലെ antibody dependent enhancement നടക്കില്ല എന്നു കരുതാം. കൊറോണ വൈറസുകളിൽ ജനിതക മാറ്റങ്ങൾ, മ്യൂട്ടേഷനുകൾ വന്നു വലിയ ഘടന മാറ്റം സംഭവിക്കുന്ന തോത് മറ്റു പല വൈറസുകളെയും അപേക്ഷിച്ച് നോക്കുമ്പോൾ വളരെ കുറവാണ്. കൊറോണ വൈറസുകളിൽ ഉള്ള എക്സോറൈബോനുക്ലിയേസ് എന്ന പ്രോട്ടീൻ ജനിതക ഘടനയിൽ അധിക മാറ്റം വരുന്നുണ്ടോ എന്നു പ്രൂഫ്-റീഡ് ചെയ്യുന്നുണ്ട്. അത്കൊണ്ട് വളരെപ്പെട്ടെന്ന് കോവിഡ്-19യിനു കാരണമായ വൈറസിന് ഘടന മാറ്റം ഉണ്ടാകില്ല എന്നു കരുതാം. കൊറോണ വൈറസുകൾ മിക്ക വൈറസുകളെയും അപേക്ഷിച്ച് വലിയ ജനിതകഘടന ഉള്ളവയാണ്, വലിയ ജനിതകഘടന ഉള്ളപ്പോൾ മ്യൂട്ടേഷനുകൾ അവയുടെ അതിജീവന ക്ഷമത (fitness) മിക്കപ്പോഴും കുറയ്‌ക്കും എന്നതിനാൽ ഇവ മ്യൂട്ടേഷൻ ചെയ്തു കൂടുതൽ മാരകമായി മാറാനുള്ള സാധ്യത അപൂർവ്വമാണ്.

ചുരുക്കിപ്പറഞ്ഞാൽ കോവിഡ്-19 രോഗം ഒരിക്കൽ വന്നാൽ മരണം സംഭവിക്കാത്ത അവസരത്തിൽ, ഏകദേശം ഒരു മാസം കൊണ്ടു ഭേദം ആകും, ശേഷമുള്ള ഏതാനം മാസങ്ങൾ മുതൽ കുറച്ചു വർഷങ്ങൾ വരെയെങ്കിലും അതിനോട് രോഗപ്രതിരോധ ശക്‌തി നൽകുമെന്ന് പ്രതീക്ഷിക്കാം. കോവിഡ്-19 രോഗം ചുരുങ്ങിയ കാലത്തിൽ വീണ്ടും വരും എന്നതിന് സ്ഥിരീകരിച്ച ഉറപ്പുകൾ ഇല്ല, കോവിഡ്-19 വീണ്ടും വന്നു കൂടുതൽ അപകടം ആകുക എന്നത് അതീവ വിദൂര സാധ്യത മാത്രമാണ്. കോവിഡ്-19 രോഗത്തിനെതിരെ വാക്സിനേഷൻ വികസിപ്പിക്കുവാൻ സാധിച്ചാൽ ഈ രോഗത്തെ വലിയ കുഴപ്പം ഇല്ലാതെ പിടിച്ചുകെട്ടാൻ പറ്റുമെന്നു പ്രതീക്ഷിക്കാം.


അധികവായനയ്ക്ക്

  1. Tang et.al (2011). Lack of Peripheral Memory B Cell Responses in Recovered Patients with Severe Acute Respiratory Syndrome: A Six-Year Follow-Up Study. The Journal of Immunology, 186(12), 7264–7268. doi: 10.4049/jimmunol.0903490
  2. Long-Term Persistence of IgG Antibodies in SARS-CoV Infected Healthcare Workers , Xiaoqin Guo et.al (2020) medRxiv 2020.02.12.20021386; doi: https://doi.org/10.1101/2020.02.12.20021386
  3. Reinfection could not occur in SARS-CoV-2 infected rhesus macaques Llin Bao et.al (2020) bioRxiv 2020.03.13.990226; doi: https://doi.org/10.1101/2020.03.13.990226
  4. WHO. (2006). Sars: how a global epidemic was stopped. Geneva

 

Leave a Reply