പരിണാമം: ലക്ഷ്യങ്ങളില്ലാത്ത പ്രയാണം

[author image=”http://luca.co.in/wp-content/uploads/2014/10/bharath-chand.jpg” ]തയ്യാറാക്കിയത് : ഭരത് ചന്ദ്
[email protected][/author]

dawkins' book ML cover‘ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍’  എന്ന പുസ്തകത്തില്‍ പരിണാമത്തെ ഇഴകീറി പഠിച്ച് വിശദീകരിച്ചിരിക്കുകയാണ് പ്രൊഫ. റിച്ചാര്‍ഡ് ഡോക്കിന്‍സ്. ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണകഥപോലെയാണ് വിവരണം. (കൃത്യം നടന്നശേഷം സംഭവസ്ഥലത്തെത്തുന്ന കുറ്റാന്വേഷകനാണല്ലോ ഇവിടെ പരിണാമശാസ്ത്രജ്ഞന്‍). അവതാരികയില്‍ പറഞ്ഞിരിക്കുന്നതുപോലെതന്നെ അലങ്കാരപ്രയോഗങ്ങളുടെയും രൂപകങ്ങളുടെയും തമ്പുരാന്‍ തന്നെയാണ് ഡോക്കിന്‍സ്. വിവര്‍ത്തനം നടത്തിയ സി.രവിചന്ദ്രന്‍ മാഷ്‌ വിഷയത്തെ നന്നായി സ്വാംശീകരിച്ചയാളാണ് എന്നത് അദ്ദേഹത്തിന്‍റെ വിവര്‍ത്തനത്തിലും പ്രതിഫലിക്കുന്നു.

പരിണാമം ബുദ്ധിമാനായ ഒരു ആസൂത്രകന്‍റെ കൈപ്പണികൊണ്ടുണ്ടായതല്ല, മറിച്ച് അബദ്ധങ്ങള്‍ നിറഞ്ഞതാണെന്ന് കാണിക്കാന്‍ അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന രൂപകമാണ് ഒരു സാധാരണ  വിമാനത്തെ ജെറ്റ് വിമാനമാക്കി പരിവര്‍ത്തിപ്പിക്കുന്ന പ്രക്രിയ. പുതിയ രൂപരേഖയ്ക്കനുസരിച്ച് മൊത്തത്തോടെ രൂപം മാറ്റുന്നതിനു പകരം, പണിപ്പുരയില്‍ പുരോഗമനത്തിന്‍റെ ഓരോ ഘട്ടത്തിലും ഒരോ ഘടകഭാഗം മാത്രമേ മാറ്റത്തിന് വിധേയമാക്കാവൂ.   ഇങ്ങനെ ഓരോ സ്ക്രൂവും മാറ്റി വയ്ക്കുന്ന ഓരോ ഘട്ടത്തിലും വിമാനം പറക്കുകയും വേണം, മുന്‍പത്തേതിനെക്കാള്‍ അല്‍പ്പം പുരോഗതി ഉണ്ടായിരിക്കുകയും വേണം! ന്യൂനതകളും അപൂര്‍ണ്ണതകളും തുന്നിച്ചേര്‍ക്കലുകളും തട്ടിക്കൂട്ടലുകളും നിറഞ്ഞ ഒന്നായിരിക്കും ആ ജെറ്റ്. അപഹാസ്യമാം വിധം കഴുത്തിലൂടെ ചുറ്റിത്തിരിഞ്ഞിറങ്ങിയിരിക്കുന്ന ലാറിങ്ജിയല്‍ നാഡിയും യുറീറ്റര്‍ വഴി കുടുങ്ങിയിറങ്ങുന്ന ബീജവാഹിക്കുഴലും മനുഷ്യനേത്രവും ഒക്കെ ഉദാഹരിച്ചുകൊണ്ട് ബുദ്ധിമാനായ ഒരു ആസൂത്രകന്റെ അഭാവം (അഥവാ പരിണാമം എന്ന സ്വതന്ത്ര പ്രക്രികയുടെ തെളിവുകള്‍) ‘ചരിത്രം നമ്മുടെ ശരീരമാസകലം എഴുതപ്പെട്ടിരിക്കുന്നു’ എന്ന അദ്ധ്യായത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. മത്സ്യസമാനമായ ജീവികളില്‍ നിന്ന് പരിണമിച്ചുവന്ന വഴിയിലെ പാകപ്പിഴകളൊക്കെയും ഇന്നും മനുഷ്യശരീരത്തിലുണ്ടെന്നുസാരം. പരിണാമം സ്വയം ഒത്തുതീര്‍പ്പുകള്‍ നടത്തി തട്ടിക്കൂട്ടുകയായിരുന്നു.

Dawkins
പ്രൊഫ. റിച്ചാര്‍ഡ് ഡോക്കിന്‍സ്

‘ആയുധപ്പന്തയവും പരിണാമ തിയോഡസിയും’ എന്ന അദ്ധ്യായത്തില്‍ ആസൂത്രിത സമ്പദ് വ്യവസ്ഥയും പരിണാമ സമ്പദ് വ്യവസ്ഥയും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി വിവരിക്കുന്നുണ്ട്. പ്രകൃതി ഒരിക്കലും ആസൂത്രിത സമ്പദ് വ്യവസ്ഥ ആയിരുന്നില്ല സ്വീകരിച്ചിരുന്നത് എന്നാണ് അദ്ദേഹത്തിന്‍റെ വാദം. 10 അടി ഉയരം എന്ന ആത്മനിയന്ത്രണത്തില്‍ എല്ലാവര്‍ക്കും വെളിച്ചം കിട്ടി ജീവിച്ചിരുന്നെങ്കില്‍ വന്‍ വൃക്ഷങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. മത്സരവും ഉണ്ടാകുമായിരുന്നില്ല. കാടു പോലും ഉണ്ടാകുമായിരുന്നില്ല. പ്രകൃതിയില്‍ ഉല്‍പ്പരിവര്‍ത്തനങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അത്  യുക്തിപരമായിക്കൊള്ളണമെന്നില്ല. നമ്മു‌ടെ രാജ്യങ്ങളുടെ ആയുധപ്പന്തയം പോലെ അത് ലക്ഷ്യങ്ങളൊന്നുമില്ലാതെ പ്രയാണം തുടരുന്നു. പരിണാമത്തിനോ ജീവിവര്‍ഗ്ഗങ്ങള്‍ ഉണ്ടാകുന്നതിനോ ഒന്നും പ്രത്യേക ഉദ്ദേശ്യം ആസൂത്രണം ചെയ്യപ്പെട്ടിട്ടില്ല.[box type=”note” align=”aligncenter” ]ആസൂത്രകനോ ആസൂത്രണമോ ഇല്ലാതെതന്നെ സ്വതന്ത്രമായി ഭൂമിയില്‍ അരങ്ങേറുന്ന വിസ്മയകരമായ ഒരു രാസപ്രക്രിയാണ് പരിണാമം. സുന്ദരവും അത്ഭുതം ജനിപ്പിക്കുന്നതുമായ ഈ പ്രതിഭാസത്തെ കാര്യകാരണ സഹിതം ശാസ്ത്രമനോഭാവത്തോടെ നോക്കിക്കാണാന്‍ പുസ്തകം സഹായിക്കുന്നു.[/box]

അനുബന്ധങ്ങളില്‍ കൊടുത്തിരിക്കുന്ന ‘ചരിത്ര നിഷേധികള്‍’ എന്ന ലേഖനം ഞെട്ടലുളവാക്കുന്നതാണ്. പരിണാമം എന്നൊന്ന് സംഭവിച്ചിട്ടേയില്ലെന്നും മനുഷ്യന്‍ അതേപടി സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്നും വിശ്വസിക്കുന്ന മനുഷ്യരുടെ എണ്ണം വികസിതരാജ്യങ്ങളില്‍ പോലും പകുതിയോടടുത്തുണ്ടെന്നാണ് അഭിപ്രായസര്‍വ്വേകള്‍ കാണിക്കുന്നത്. ഭൂമി ഒരു പ്രാവശ്യം സൂര്യനെ വലം വയ്ക്കാനെടുക്കുന്ന സമയം ഒരുമാസം ആണെന്ന് വലിയൊരു വിഭാഗം വിശ്വസിക്കുന്നതായി വേറൊരു സര്‍വ്വേ. ഇത്തരം സാഹചര്യങ്ങള്‍ കേരളത്തിലും തിരിച്ചു വരികയാണെന്ന സൂചനയാണ് ചില സമീപകാല ചര്‍ച്ചകള്‍ നല്‍കുന്നത്.

ഏതൊരു സമൂഹത്തിലും, ശാസ്ത്രത്തെ സംബന്ധിച്ച – പ്രത്യേകിച്ചും പരിണാമത്തെ സംബന്ധിച്ചെങ്കിലും ഉള്ള – പൊതു അജ്ഞത അപകടകരമാണ്. അതുകൊണ്ടുതന്നെ പരിണാമത്തെ വിശദമായി അവതരിപ്പിച്ചിരിക്കുന്ന  ഈ പുസ്തകം കാലികപ്രസക്തിയുള്ളതാകുന്നു.

Leave a Reply