ജയ്ദേവ് ചന്ദ്രശേഖരൻ
വിഖ്യാത ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായ കാൾ സാഗന്റെ The Demon-Haunted World: Science as a Candle in the Dark എന്ന പുസ്തകത്തിലെ ഒരു ഭാഗത്തിന്റെ സ്വതന്ത്ര വ്യഖ്യാനം.
ശാസ്ത്രീയ മനോവൃത്തി (scientific temper) വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലൂടെ ഇന്ത്യൻ സമൂഹം കടന്നുപോകുന്ന ഈ സമയത്ത് സാഗൻ ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുൻപ് എഴുതിയ ഈ പുസ്തകം ഏറെ ശ്രദ്ധാർഹമാണ്. സോഷ്യൽ മീഡിയയിൽ വരുന്ന ഫോർവേഡുകളായും, രാഷ്ട്രീയ സാംസ്കാരിക നായകന്മാരുടെ പ്രസ്താവനകളായും കപടശാസ്ത്രം (Pseudo Science) ഇന്ന് സമൂഹത്തിൽ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. അന്ധവിശ്വാസങ്ങൾക്ക് ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ട് എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇവയിലൂടെ സജീവമായി നടക്കുമ്പോൾ, കാൾ സാഗന്റെ “Baloney detection tool kit” അഥവാ “കപടവാദങ്ങളെ പൊളിച്ചടുക്കാനുള്ള ടൂൾകിറ്റ്” ഉപയോഗപ്രദമായിരിക്കും.
സാഗന്റെ നിരീക്ഷണത്തിൽ ഏതൊരു അവകാശവാദത്തെയും വിശകലനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒമ്പത് കാര്യങ്ങൾ ഇവയാണ്.
1 വസ്തുതകളുടെ ആധികാരികത സ്വതന്ത്രമായി ഉറപ്പുവരുത്തിയിരിക്കണം (Whenever possible there must be independent confirmation of the facts ).
എല്ലാത്തരം വാദങ്ങളും വസ്തുതാ പരിശോധനക്ക് വിധേയമാക്കണം.
2 അവകാശവാദം ഉന്നയിക്കുന്നയാൾ എല്ലാവിധ വീക്ഷണമുള്ളവരുമായും സംവാദത്തിന് തയ്യാറായിരിക്കണം (Encourage substantiate debate on the evidence by knowledgeable proponents of all points of view).
സ്വന്തം അവകാശവാദത്തിന്റെ വസ്തുതാപരമായ സാധുതയിൽ ഉറച്ച ബോധ്യമുള്ളവർ സംവാദത്തെ ഭയക്കില്ല. ചോദ്യങ്ങളേയും ചർച്ചകളെയും ഭയക്കുന്നത് കപടവാദത്തിന്റെ ലക്ഷണമായി കാണാം.
3 വാദം ഉന്നയിക്കുന്നവരുടെ ആധികാരികതയല്ല പ്രധാനം (Arguments from authority carry little weight).
ഈയിടെ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒരു പ്രവണതയാണല്ലോ പ്രമുഖ വ്യക്തികൾ തീർത്തും നിരുത്തരവാദപരമായി ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രസ്താവനകൾ നടത്തുന്നത്. രാഷ്ട്രീയനേതാക്കൾ, സാംസ്കാരികനായകന്മാർ, റിട്ടയേർഡ് IAS/IPS ഉദ്യോഗസ്ഥർ, എന്തിനു ചില ശാസ്ത്രജ്ഞർ പോലും ഇത് ചെയ്യുന്നു. അവര്‍ പറഞ്ഞതിന്റെ ശരിതെറ്റുകള്‍ ആലോചിക്കാതെ പറയുന്ന വ്യക്തിയോടുള്ള ബഹുമാനം കാരണം അവ ചിലരെങ്കിലും വിശ്വസിച്ചുപോകും. ഇന്ത്യൻ സയൻസ് കോൺഗ്രസിലും മറ്റും സമീപകാലത്ത് അവതരിപ്പിക്കപ്പെട്ട കപടശാസ്ത്ര പ്രബന്ധങ്ങൾ പരക്കെ വിമര്ശിക്കപ്പെട്ടിട്ടുണ്ടല്ലോ. ഇന്ന് ശാസ്ത്രജ്ഞരായി അറിയപ്പെടുന്നവര്‍ പോലും കപടശാസ്ത്രം പ്രചരിപ്പിക്കാനിറങ്ങുമ്പോൾ, ആധികാരികതയുടെ പേരില്‍ രംഗത്ത് വരുന്നവരെ മുഖവിലക്കെടുക്കരുത് എന്ന വാദത്തിന് വലിയ പ്രസക്തിയുണ്ട്.
ചോദ്യം ചെയ്യലിലൂടെ സാധുത മനസിലാക്കിയ ശേഷം മാത്രം അംഗീകരിക്കുക.
4 ഒരു പ്രതിഭാസത്തെ വിശദീകരിക്കാൻ സാധ്യമായ എല്ലാ അനുമാനങ്ങളും പരിശോധിക്കണം (Spin more than one hypothesis).
5 നിങ്ങളുടേതാണ് വാദം എന്നതുകൊണ്ടുമാത്രം അതുമായി വൈകാരിക അടുപ്പം ഉണ്ടാകരുത് (Try not to get overly attached to a hypothesis just because it is yours ).
നമുക്ക് അനുഭാവം ഉള്ള ഒരു ആശയത്തിന്റ എതിരഭിപ്രായം സഹിഷ്ണുതയോടെ കേൾക്കുന്ന സ്വഭാവം വളർത്തിയെടുത്താൽ മാത്രമേ അത് ശാസ്ത്രീയ മനോവൃത്തിയാകുന്നുള്ളു.
6 വസ്തുതകളെ സാധ്യമെങ്കില്‍ സംഖ്യാപരമായി അവതരിപ്പിക്കുക (Quantify).
7 വാദമുഖങ്ങളുടെ ഓരോകണ്ണിയും തമ്മില്‍ ശാസ്ത്രീയ ബന്ധം നിലനില്‍ക്കണം (If there’s a chain of argument, every link in the chain must work).
ഒരു ഉദാഹരണം : താഴെ കൊടുത്തിട്ടുള്ള പ്രസ്താവനകൾ നോക്കുക.
- പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ഗുരുത്വബലം വഴി പരസ്പരം ആകർഷിക്കുന്നു.
- ന്യൂട്ടന്റെ ഇക്വേഷൻ അനുസരിച്ചു വളരെ ദൂരെയുള്ള നക്ഷത്രങ്ങളും ഗ്രഹങ്ങളും പോലും നമ്മുടെ മേൽ ഒരു ചെറിയ ബലം പ്രയോഗിക്കുന്നുണ്ട്.
- അതായത് ചൊവ്വ തുടങ്ങിയ ഗ്രഹങ്ങൾ നമ്മളെ ചെറിയ തോതിലെങ്കിലും സ്വാധീനിക്കുന്നുണ്ട്.
- ഗ്രഹങ്ങൾ നമ്മളെ സ്വാധീനിക്കുന്നുണ്ടെന്നുതന്നെയാണ് ജ്യോതിഷവും പറയുന്നത്.
- അതായത് ജ്യോതിഷം ശരിയാണെന്നു സയന്‍സ് സമ്മതിക്കുന്നു.
ഇവിടെ 1 മുതൽ 3 വരെയുള്ള വാദങ്ങൾ വസ്തുതാപരമായി ശരിയാണ്. പക്ഷെ നാലാമത്തെ വാദത്തിൽ എല്ലാം പൊളിയുന്നു. കാരണം അവിടെ പറയുന്ന സ്വാധീനിക്കലും 1, 2, 3 വാദങ്ങളിലൂടെ തെളിയിച്ച സ്വാധീനവും രണ്ടാണ്. വാദങ്ങൾ 1, 2, 3 പ്രകാരം വളരെ നേരിയ ഒരു ഗുരുത്വബലം മനുഷ്യരിൽ പ്രയോഗിക്കാനേ ഗ്രഹങ്ങൾക്കു കഴിയൂ. പക്ഷെ നാലാമത്തെ വാദം പറയുന്നത് മനുഷ്യരുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും ഗ്രഹങ്ങൾ നിയന്ത്രിക്കുന്നു എന്നാണ്!
8 ഒക്കാംസ് റേസർ (Occam’s Razor).
ഇതിനെ വിശദമാക്കാൻ വിക്കിപീഡിയയിൽ കൊടുത്തിരിക്കുന്ന ഉദാഹരണം നോക്കാം.
കാറ്റുള്ള ഒരു രാത്രിയുടെ പിറ്റേന്ന് നമ്മൾ നോക്കുമ്പോൾ രണ്ട് മരങ്ങൾ പിഴുതു വീണു കിടക്കുന്നതായി കാണുന്നു എന്നു കരുതുക. എങ്ങനെ മരങ്ങൾ വീണു എന്നതിന്റെ രണ്ട് വിശദീകരണങ്ങളാണ് താഴെ പറയുന്നത്.
- കാറ്റിന്റെ ശക്തി കാരണം മരങ്ങൾ രണ്ടും വീണു.
- സ്പേസിൽ നിന്നും രണ്ട് ഉൽക്കാശിലകൾ(meteorites) ഓരോ മരത്തിന്റെ മുകളിലും വന്നു പതിക്കുകയും അങ്ങനെ മരങ്ങൾ വീഴുകയും ചെയ്തു. അതിനുശേഷം ഈ ഉൽക്കാ ശിലകൾ തമ്മിൽ കൂട്ടിമുട്ടി കത്തി രണ്ടും ഇല്ലാതാകുകയും ചെയ്തു. അതുകൊണ്ട് ഉൽക്കകളുടെ അവശിഷ്ടങ്ങൾ അവിടെയൊന്നും കാണാനില്ല.
ഈ രണ്ടു വിശദീകരണങ്ങളും സാധ്യമായവ തന്നെയാണ്. പക്ഷെ രണ്ടാമത്തെ വിശദീകരണം ശരിയാകണമെങ്കിൽ വേറെ ഒരുപാടു കാര്യങ്ങൾ സംഭവിച്ചു എന്നു നമുക്ക് ഊഹിക്കേണ്ടി വരും. അതുകൊണ്ട് ഒക്കാംസ് റേസർ അനുസരിച്ച് രണ്ടാമത്തെ വിശദീകരണത്തേക്കാള്‍ ആദ്യത്തേതാണ് സ്വീകാര്യം.
9 തെറ്റാണോ എന്ന് തത്വത്തിലെങ്കിലും പരിശോധിച്ചുറപ്പ് വരുത്തല്‍ (Always ask whether the hypothesis can be, at least in principle, falsified ).
ആധുനിക ശാസ്ത്രത്തിലെ മറ്റൊരു പ്രധാന ടൂൾ ആണ് “ഫാൾസിഫിക്കേഷൻ”. ഒരു വാദം തെറ്റാണ് എന്ന് തെളിയിക്കാൻ പറ്റുന്ന രീതിയിൽ ഒരു പരീക്ഷണം സാധ്യമാണെങ്കില്‍ മാത്രമേ ആ വാദം “ഫാൾസിഫൈയബിൾ” ആകുന്നുള്ളു. ഉദാഹരണം -ഗ്രാവിറ്റിയെ ഫാൾസിഫൈ ചെയ്യാൻ ഒരു കല്ലെടുത്തു മുകളിയ്ക്കെറിഞ്ഞാൽ മതി. കല്ല് താഴേയ്ക്കു തിരിച്ചു വരുന്നില്ലെങ്കിൽ ഗ്രാവിറ്റി തെറ്റാണെന്നു തെളിയിക്കപ്പെടും. പക്ഷെ മിക്ക കപടവാദങ്ങളെയും ഫാൾസിഫൈ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും.
സാഗൻ തന്നെ ഇത്തരം വാദത്തിനു ഒരു ഉദാഹരണം പറയുന്നുണ്ട്-
എന്റെ റൂമിൽ, അദൃശ്യമായ, ചൂടില്ലാത്തതും കാണാന്‍ വയ്യാത്തതുമായ തീ തുപ്പുന്ന, ശബ്ദമുണ്ടാക്കാത്ത, സ്പർശിക്കാനാകാത്ത ഒരു ഡ്രാഗൺ ഉണ്ട്, എന്ന് ഞാൻ അവകാശപ്പെട്ടു എന്ന് കരുതുക. നിങ്ങൾക്കു അത് തെറ്റാണെന്നു തെളിയിക്കാനാവില്ല. അതുകൊണ്ട് പ്രസ്തുത വാദം തെറ്റാണോ എന്ന് പരിശോധിക്കാനാവില്ല.
നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന പ്രമുഖ അന്ധവിശ്വാസങ്ങളെല്ലാം തന്നെ ഫാൾസിഫൈയബിലിറ്റി ഇല്ലാത്തവയായിരിക്കും.
ഈ ഒമ്പത് കാര്യങ്ങള്‍ കൂടാതെ കപടവാദക്കാര് പ്രധാനമായും ഉന്നയിക്കുന്ന ന്യായവൈകല്യങ്ങളെയും (Logical Fallacies) സാഗന്‍ വിവരിക്കുന്നുണ്ട്. അവയെപ്പറ്റി ഈ ലേഖനത്തിന്റെ രണ്ടാം ഭാഗത്തില്‍.
[…] 9 ടൂളുകൾ ആണ് ഇതിന്റെ ഒന്നാം ഭാഗത്തിൽ ചർച്ച ചെയ്തത്. കപടശാസ്ത്രവാദക്കാർ […]
True. It is very vital to promote scientific temper. There is also urgent need to ensure science, Technology are used responsibly for the benefit of common people. Unfortunately today more than its use it is misused and abused to exploit people and damage the sustainability of planet earth and Universe. Sharing.
#SukhodayaGlobalNetwork for Integrated Sustainable Development promotes #ResponsibleScienceTechnologyEducation.