Read Time:12 Minute

സുരേഷ് വി., സോജന്‍ ജോസ്

പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ സസ്യശാസ്ത്ര വിഭാഗം അസി. പ്രോഫസര്‍മാരാണ് ലേഖകര്‍

ആല്‍കണ്‍ ബ്ലൂ എന്നറിയപെടുന്ന പൂമ്പാറ്റയും ഇഷ്ന്യുമോണ്‍ എന്ന കടന്നലും ഉറുമ്പുകളെ കബളിപ്പിച്ച് പ്രത്യുല്പാദനം നിര്‍വ്വഹിക്കുന്ന രസകരമായ ശാസ്ത്രകൗതുകം വായിക്കൂ …..

റുമ്പിനെ കബളിപ്പിച്ച് ധാന്യങ്ങള്‍ മുഴുവന്‍ തട്ടിയെടുക്കുന്ന പുല്‍ച്ചാടിയെപ്പറ്റിയുള്ള ഈസോപ് കഥ കേട്ടുകാണും. യാഥാര്‍ത്ഥ്യവുമായി ഇതിന് യാതൊരു ബന്ധവുമില്ലെങ്കിലും ഉറുമ്പിനെ ഉപയോഗിക്കുന്ന അനേകം ജീവികള്‍ ഉണ്ട്.. ആല്‍കണ്‍ ബ്ലൂ എന്നറിയപെടുന്ന പൂമ്പാറ്റയും മറ്റൊരു കടന്നലും ഉറുമ്പുകളെ കബളിപ്പിക്കുന്ന കഥയാണ് ഇവിടെ പറയാന്‍ പോകുന്നത്.

Glaucopsyche_alcon-02_(xndr)
ആല്‍കണ്‍ ബ്ലൂ പൂമ്പാറ്റ
വളരെ അച്ചടക്കമുള്ള സമൂഹ്യജീവികളാണ് ഉറുമ്പുകള്‍ എന്നറിയാമല്ലോ. അവയുടെ ഈ വിജയകരമായതും പട്ടാളച്ചിട്ടയുള്ളതുമായ സമൂഹ്യജീവിതത്തിന്റെ പ്രധാന രഹസ്യം അവ ആശയവിനിമയത്തിനുപയോഗിക്കുന്ന ഫെറോമോണ്‍ എന്ന രാസവസ്തുക്കളാണ്. ഫെറോമോണ്‍ പുറപ്പെടുവിച്ചാല്‍ അത് വായുവിലൂടെ അതിവേഗം പടരുകയും വളരെ പെട്ടെന്ന് തന്നെ മറ്റ് ഉറുമ്പുകള്‍ക്ക് സന്ദേശം പിടിച്ചെടുക്കാന്‍ സാധിക്കുകയും ചെയ്യും. ഓരോ തരം സന്ദേശങ്ങള്‍ പരസ്പരം പങ്കുവെക്കുന്നതിനും ഓരോ തരം ഫെറോമോണ്‍ ആണ്. അതു ഉപയോഗിച്ചാണ്‌ ഭക്ഷണത്തിന്റെ ലഭ്യതയും ശത്രുക്കളുടെ സാന്നിധ്യവും എല്ലാം, ഉറുമ്പ് അടക്കമുള്ള ഷഡ്പദങ്ങള്‍ വിനിമയം ചെയ്യുന്നത്. ഉറുമ്പിന്‍ കൂട്ടില്‍ ഒന്നു കയ്യിടുമ്പോള്‍ തന്നെ അവ കൂട്ടത്തോടെ ആക്രമിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? അപകടം മണത്തറിയുന്ന ഏതെങ്കിലും ഒരു ഉറുമ്പ് അപായ സന്ദേശം നല്‍കുന്ന ഫെറോമോണ്‍ പുറപ്പെടുവിക്കുമ്പോള്‍ ആണ് മറ്റ് എല്ലാ ഉറുമ്പുകളും കൂടെ കൂട്ടത്തോടെ ആക്രമിക്കുന്നത്. സ്വന്തം കോളനിയിലെ മറ്റു അംഗങ്ങളെയും കുഞ്ഞു ലര്‍വകളെയും എല്ലാം തിരിച്ചറിയുന്നതും ഫെറോമോണ്‍ ഉപയോഗിച്ച് തന്നെയാണ്. ഉറുമ്പുകളുടെ ഈ സവിശേഷ സ്വഭാവത്തെയാണ്‌ ആല്‍കണ്‍ ബ്ലൂ പൂമ്പാറ്റ ഉപയോഗിക്കുന്നത്.

ഫെനാഗ്രിസ് ആല്‍കണ്‍ (Phengaris alcon) എന്ന ശാസ്ത്രീയ നാമമുള്ള ഈ പൂമ്പാറ്റ യൂറോപ്പിലും വടക്കന്‍ ഏഷ്യയിലും ആണ് കണ്ടുവരുന്നത്. സാധാരണ പൂമ്പാറ്റകള്‍ ഏതെങ്കിലും ഇലയില്‍ മുട്ടയിടുകയും മുട്ട വിരിഞ്ഞു വരുന്ന പുഴുക്കള്‍ അല്ലെങ്കില്‍ ലാര്‍വകള്‍ (Larvae) ഇല ധാരാളമായി ഭക്ഷിക്കുകയും വളരെ വേഗം വളരുകയും ചെയ്യും. ലാര്‍വയുടെ വളര്‍ച്ച പൂര്‍ണമാകുമ്പോള്‍ പ്യുപ്പ അവസ്ഥയില്‍ ആവുകയും പ്യുപയില്‍ നിന്നും പുതിയ പൂമ്പാറ്റ ഉണ്ടാവുകയും ചെയ്യും. സാധാരണ പൂമ്പാറ്റകളുടെ ലാര്‍വകള്‍ സ്വയം പര്യാപ്തമാണ്, സ്വന്തം കാര്യം നോക്കാന്‍ അവയ്ക്ക് അറിയാം എന്നര്‍ത്ഥം. എന്നാല്‍ ആല്‍കണ്‍ ബ്ലൂ പൂമ്പാറ്റ ഉള്‍പെടുന്ന ലൈകേനിടെ (Lycaenidae) കുടുംബത്തിലെ പൂമ്പാറ്റ ലാര്‍വകള്‍ സ്വയം പര്യാപ്തമല്ല. ഇവയ്ക്ക് ജീവന്‍ നിലനിര്‍ത്താന്‍ മറ്റൊരു ജീവിയുടെ സഹായം ആവശ്യമാണ്. അതിനാണ് ഇവയ്ക്ക് ഉറുമ്പുകളെ ആശ്രയിക്കേണ്ടി വരുന്നത്. ആല്‍കണ്‍ ബ്ലൂ പൂമ്പാറ്റ ഉപയോഗിക്കുന്നത് മിര്‍മികാ ഷെങ്കി (Myrmica schencki) എന്നറിയപ്പെടുന്ന ഉറുമ്പുകളെയാണ്.

Myrmica schencki casent0172731 profile 1.jpg
മിര്‍മികാ ഷെങ്കി (Myrmica schencki) ഉറുമ്പ്

ഇനി കഥയിലേക്ക് കടക്കാം. ആദ്യമായി മുട്ടയിടാറാകുന്ന ആല്‍കണ്‍ ബ്ലൂ പൂമ്പാറ്റകള്‍ അടുത്തുള്ള ഏതെങ്കിലും മിര്‍മികാ ഷെങ്കി ഉറുമ്പ് കോളനിക്ക് സമീപം എത്തുകയും അവിടെ മുട്ടയിട്ട് കടന്നു കളയുകയും ചെയ്യും. ഈ മുട്ടകളുടെ പ്രത്യേകത മിര്‍മികാ ഷെങ്കി ഉറുമ്പുകളുടെ മുട്ടയുടെ അതേ ഫെറോമോണ്‍ ആണ് ഇവയുടെ മേലും. കാക്ക കൂട്ടില്‍ കുയില്‍ മുട്ടയിടുന്ന പോലെ ഈ മുട്ടകള്‍ സ്വന്തം മുട്ടകളായി തെറ്റിദ്ധരിച്ച് ഉറുമ്പുകള്‍ അതിനെ സ്വന്തം കോളനിയില്‍ കൊണ്ടുപോവുകയും നന്നായി പരിചരിക്കുകയും ചെയ്യും. മുട്ട വിരിഞ്ഞു വരുന്ന ലാര്‍വകളും മോശക്കാരല്ല അവരും ഉറുമ്പുകളെ നന്നായി കബളിപ്പിക്കാന്‍ ശീലിച്ചവരാണ്, ഉറുമ്പു ലാര്‍വകളുടെ ഫെറോമോണ്‍ ആണ് ഇവയ്ക്കും. അതിനാല്‍ തന്നെ സ്വന്തം ലാര്‍വകളെ പോറ്റി വളര്‍ത്തുന്നത് പോലെ ഉറുമ്പുകള്‍ ഇവയെയും വളര്‍ത്തും. അങ്ങനെ ഉറുമ്പു കോളനിയില്‍ ഉറുമ്പു ലര്‍വകള്‍ക്കൊപ്പം സുഖമായി ആല്‍കണ്‍ ബ്ലൂ ലാര്‍വകളും വളരുകയും അവസാനം പ്യുപ്പാവസ്തയിലെത്തുകയും ചെയ്യും. പ്യൂപ വിരിഞ്ഞു പൂര്‍ണ വളര്‍ച്ചയെത്തിയ ആല്‍കണ്‍ ബ്ലൂ പൂമ്പാറ്റകള്‍ ഉറുമ്പു കോളനിയില്‍ നിന്നും പുറത്തുവരും.

Maculinea alcon pupa in ant nest.jpg
ഉറുമ്പിന്‍ കൂട്ടില്‍പരിപാലിക്കപ്പെടുന്ന ശലഭമുട്ട
പൂര്‍ണ വളര്‍ച്ചയെത്തിയ ആല്‍കണ്‍ ബ്ലൂ പൂമ്പാറ്റയുടെ ഫെറോമോണ്‍ വ്യത്യസ്തമായതിനാല്‍ ഉറുമ്പുകള്‍ അവയെ കൂട്ടത്തോടെ ആക്രമിക്കും, എന്നാല്‍ ഇതിനു കരുതി തന്നെയാണ് ആല്‍കണ്‍ ബ്ലൂ വിരിഞ്ഞു വരുന്നത്. പ്യൂപ്പയില്‍ നിന്നും വരുന്ന ആല്‍കണ്‍ ബ്ലൂവിന്‍റെ ശരീരം മുഴുവന്‍ ധാരാളം ശല്കങ്ങള്‍ കൊണ്ട് മൂടിയിരിക്കുകയായിരിക്കും. ഉറുമ്പുകള്‍ എത്രതന്നെ ആഞ്ഞു കടിച്ചാലും കുറച്ചു ശല്കം വായില്‍ തടയും എന്നല്ലാതെ ആല്‍കണ്‍ ബ്ലൂവിനെ ഉപദ്രവിക്കാന്‍ കഴിയില്ല. ഒന്നു രണ്ടു ആക്രമണങ്ങള്‍ക്കിടയില്‍ തന്നെ ആല്‍കണ്‍ ബ്ലൂ കോളനിക്ക് പുറത്തെത്തും. അങ്ങനെ മിര്‍മികാ ഷെങ്കിയുടെ ഫെറോമോണ്‍ അനുകരിച്ച് ആല്‍കണ്‍ ബ്ലൂ വളരെ എളുപ്പത്തില്‍ സ്വന്തം പ്രത്യുത്പാദനം നിര്‍വഹിക്കും. പാവം ഉറുമ്പുകളാവട്ടെ ആല്‍കണ്‍ ബ്ലൂവിന്‍റെ തന്ത്രത്തിന് ഇരയായി കബളിപ്പിക്കപെട്ടു കൊണ്ടേയിരിക്കും.

Megarhyssa macrurus female.jpg
ഇഷ്ന്യുമോണ്‍ (Ichneumon eumerus) കടന്നല്‍
എന്നാല്‍ കഥ ഇവിടെ തീരുന്നില്ല. മിര്‍മികാ ഷെങ്കി ഉറുമ്പിനെ എളുപ്പം പറ്റിക്കുന്ന ആല്‍കണ്‍ ബ്ലൂ ശലഭത്തെതന്നെ കബളിപ്പിക്കാന്‍ മറ്റൊരാളുണ്ട്. സ്വന്തം മുട്ടകള്‍ മിര്‍മികാ ഷെങ്കി കോളനിയില്‍ സുരക്ഷിതമായിരിക്കും എന്ന വിശ്വാസത്തില്‍ ആല്‍കണ്‍ ബ്ലൂ പൂമ്പാറ്റ സ്ഥലം വിടുമ്പോള്‍ ഇഷ്ന്യുമോണ്‍ യൂമെറാസ്‌ (Ichneumon eumerus) എന്ന ശാസ്‌ത്രനാമമുള്ള ഒരു കടന്നല്‍ രംഗപ്രവേശം ചെയ്യും. കടന്നലുകള്‍ പ്രധാനമായും പരാദ വിഭാഗത്തില്‍ വരുന്നവയാണ്. ആഹാരം തേന്‍ ആണെങ്കിലും പരാദകടന്നലുകള്‍ പ്രത്യുല്പാദനത്തിനായി മറ്റു ഷഡ്പദങ്ങളെ ഉപയോഗിക്കുന്നു. മറ്റു ഷഡ്പദങ്ങളെ വിഷം ഉപയോഗിച്ച് മരവിപ്പിച്ചു കിടത്തി പ്രത്യേക തരം കുത്തിവയ്പ്പ്സൂചി പോലെയുള്ള അണ്ഡനിക്ഷേപിനി (Ovipositor) കൊണ്ട് മുട്ടകള്‍ കുത്തിവക്കുകയാണ് ചെയ്യുന്നത്. മുട്ടവിരിഞ്ഞു പുറത്ത് വരുന്ന കടന്നല്‍ ലാര്‍വകള്‍ മരവിച്ച എന്നാല്‍ ജീവനുള്ള ഷഡ്പദത്തെ ഉള്ളില്‍ നിന്നും ഭക്ഷിച്ചുകൊണ്ട് വളരും, വളര്‍ന്നു മുതിര്‍ന്ന കടന്നലുകള്‍ അതിനുള്ളില്‍ നിന്നും പുറത്ത് വരികയും ചെയ്യും. നമ്മുടെ വീട്ടില്‍ ഇലക്ട്രിക് സോക്കറ്റിലും മറ്റും പുഴുക്കളെ കൊണ്ട് വെച്ച് അടച്ച് പോകുന്ന കടന്നലുകളെ ശ്രദ്ധിച്ച് കാണുമല്ലോ??. ഈ പുഴുക്കള്‍ മറ്റു ഷഡ്പദങ്ങളുടെ ലര്‍വകളാണ്. ഇവയെ മരവിപ്പിച്ച് മുട്ട അതിനുള്ളില്‍ കുത്തിവെച്ചിട്ടാണ് കടന്നലുകള്‍ സ്ഥലം വിടുന്നത്. ഇവിടെ നമ്മുടെ ഇഷ്ന്യുമോണ്‍ കടന്നലിന്റെ ഇര ആല്‍കണ്‍ ബ്ലൂ ലാര്‍വകളാണ്.

മിര്‍മികാ ഷെങ്കി ഉറുമ്പിന്റെ കോളനിയില്‍ ആല്‍കണ്‍ ബ്ലൂ ശലഭത്തിന്റെ മുട്ട എത്തിക്കഴിഞ്ഞാല്‍ അവ ലാര്‍വ ആകുന്നതുവരെ ഇഷ്ന്യുമോണ്‍ കടന്നല്‍ ഉറുമ്പ് കോളനിക്ക് ചുറ്റും ഇടയ്ക്കിടെ കറങ്ങി നടക്കും. ലാര്‍വ അവസ്ഥ ആയിക്കഴിഞ്ഞാല്‍ ഇഷ്ന്യുമോണിന് അത് മനസിലാക്കാന്‍ കഴിയും. ലാര്‍വ ഉണ്ടെന്നു അറിഞ്ഞു കഴിഞ്ഞാല്‍ ഇഷ്ന്യുമോണ്‍ പതുക്കെ മിര്‍മികാ ഷെങ്കി ഉറുമ്പിന്റെ കോളനിയില്‍ കയറിപ്പറ്റും. ഒരു വിദേശി സ്വന്തം കോളനിയില്‍ കയറിയത് അപ്പോള്‍ തന്നെ മിര്‍മികാ ഷെങ്കി ഉറുമ്പുകള്‍ അറിയും, അവ ആക്രമിക്കാന്‍ പാഞ്ഞടുക്കുകയും ചെയ്യും. ഇവിടെയാണ് ഉറുമ്പുകള്‍ അതിക്രൂരമായ മറ്റൊരു ചതിയില്‍ വീഴുന്നത്. ആക്രമിക്കാന്‍ വരുന്ന ഉറുമ്പുകള്‍ക്ക് നേരെ ഇഷ്ന്യുമോണ്‍ ഒരു പ്രത്യേക ഫെറോമോണ്‍ മിശ്രിതം തളിക്കും. അതോടെ മിര്‍മികാ ഷെങ്കി ഉറുമ്പുകള്‍ക്ക് ശത്രുവേതാണ് സ്വന്തം കൂട്ടത്തില്‍ ഉള്ളവര്‍ ഏതാണ് എന്ന് തിരിച്ചറിയാന്‍ പറ്റാതെ ആകും. അവ പരസ്പരം കടിച്ചു കീറി ആക്രമിക്കും. മിര്‍മികാ ഷെങ്കി ഉറുമ്പ് കോളനി ഒരു കലാപ ഭൂമിയാകും, ഈ കലാപത്തിനിടയില്‍ ഇഷ്ന്യുമോണ്‍ കടന്നല്‍ ആരുമറിയാതെ ആല്‍കണ്‍ ബ്ലൂ ശലഭ ലാര്‍വയെ കണ്ടെത്തുകയും അതിനുള്ളില്‍ മുട്ടയിടുകയും ആരുമറിയാതെ സ്ഥലം വിടുകയും ചെയ്യും. ഫെറോമോണ്‍ മിശ്രിതത്തിന്‍റെ ഫലം തീരുമ്പോഴേക്കും ഒട്ടേറെ മിര്‍മികാ ഷെങ്കി ഉറുമ്പുകള്‍ക്ക് കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ട് കാണും, അവശേഷിക്കുന്ന ഉറുമ്പുകള്‍ക്ക് സ്വബോധം വീണ്ടു കിട്ടിയാല്‍ അവ ഒന്നും സംഭവിക്കാത്തത് പോലെ സ്വന്തം ജോലികളില്‍ മുഴുകും. സ്വന്തം ലാര്‍വകളാണ് തങ്ങള്‍ പരിപാലിക്കുന്നത് എന്ന്‍ ഉറുമ്പുകളും, എന്നാല്‍ താന്‍ ഉറുമ്പിനെ കബളിപ്പിച്ചല്ലോ തന്‍റെ ലാര്‍വയാണല്ലോ ഉറുമ്പുകള്‍ പരിചരിക്കുന്നത് എന്ന അഹങ്കാരത്തില്‍ ആല്‍കണ്‍ ബ്ലൂ പൂമ്പാറ്റയും ഇരിക്കുമ്പോള്‍ ലര്‍വയില്‍ നിന്നും വളര്‍ന്നു വരുന്നത് ഇഷ്ന്യുമോണ്‍ കടന്നലുകളാവും. പ്രകൃതിയുടെ വികൃതികള്‍ എന്നല്ലാതെ കൂടുതല്‍ എന്ത് പറയാന്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഗോമൂത്രത്തില്‍ നിന്ന്‌ സ്വര്‍ണം : ഇനി ഇന്ത്യയെ വെല്ലാന്‍ ആര്‍ക്കാകും?
Next post നക്ഷത്രങ്ങളെ എണ്ണാമോ ?
Close