Read Time:8 Minute

ഭൂമി എങ്ങിനെ ഉണ്ടായി? ജീവൻ എങ്ങിനെ രൂപപ്പെട്ടു? ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ശിലകൾക്ക് സാധിക്കും. ഭൂമിയോളം പ്രായമുള്ള ശിലകൾക്ക് പ്രാരംഭ ഘട്ടത്തിലെ രഹസ്യങ്ങൾ അനാവരണം ചെയ്യാൻ പറ്റും.

ഭൂമിയിൽ നിറയെ പാറകളുണ്ട്. അവ പല കാലഘട്ടങ്ങളിൽ ഉണ്ടായതാണ്. ഭൂമിയുടെ പ്രായം 460 കോടിയാണെന്നും ഡൈനോസറുകൾ അപ്രത്യക്ഷമായത് 6.5 കോടി വർഷങ്ങൾക്ക് മുമ്പാണെന്നും നമുക്ക് പറയാനാവുന്നു. ഭൂശാസ്ത്രകാരന്മാർ ശിലകളുടെ പ്രായം കണക്കാക്കുന്നതിന് ഒരു രീതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ജിയോക്രോനോളജി (Geochronology) എന്ന പേരിൽ അറിയപ്പെടുന്ന ഇത് വഴി യഥാർത്ഥ പ്രായം അഥവാ absolute age കണക്കാക്കാം. രണ്ടാമതായി താരതമ്യ പഠനം നടത്തി ഏത് ആദ്യം എന്ന് പറയുന്ന രീതി അഥവാ ആപേക്ഷിക പ്രായ(relative age) നിർണ്ണയം. ഒരു ഉദാഹരണത്തിലൂടെ ഇത് എന്താണെന്ന് നോക്കാം. നിർമാണം പൂർത്തിയായ ഒരു കെട്ടിടത്തിൽ അതുണ്ടാക്കിയ ഇഷ്ടികയ്ക്കാണോ അതോ കെട്ടിടത്തിനാണോ പ്രായക്കൂടുതൽ . അവിടെ ഇഷ്ടികയാണ് ആദ്യം ഉണ്ടായത്. പിന്നീട് കെട്ടിടവും. ഇത് ആപേക്ഷിക പ്രായം. കെട്ടിടത്തിന് മൂലക്കല്ല് വെക്കുന്നത്, കട്ടിള വെക്കുന്നത് , പ്ലാസ്റ്റർ ഇടുന്ന തീയ്യതി കൊത്തിവെയ്ക്കുന്നത് – ഇവയൊക്കെ കൃത്യമായ ഒര് തീയ്യതിയിലാണ് സംഭവിക്കുന്നത്. അത് യഥാർത്ഥ പ്രായം.

ഭൂമിയുടെ ഉത്ഭവം തൊട്ടിന്നേവരെ – പ്രധാനകാലഘട്ടങ്ങള്‍ കടപ്പാട് വിക്കിപീഡിയ

അവസാദ ശിലകളിൽ താരതമ്യ പഠനം എളുപ്പമാണ്. ഒന്നിന് മുകളിൽ ഒന്നായി അവസാദം വന്നടിഞ്ഞ്, ഒപ്പം അവിടെ ജീവിച്ചിരുന്ന ജീവജാലങ്ങളുടെ ആവരണവും കട്ടിയുള്ള ആന്തരിക അവയവങ്ങളും എല്ലാം കൂടി പാറയായി മാറുമ്പോൾ ആദ്യം ഉണ്ടായത് അടിയിലും പിന്നീട് ഒന്നിന് മുകളിൽ ഒന്നായി കാണപ്പെടുകയും ചെയ്യും. ജന്തുക്കളുടെയും , സസ്യങ്ങളുടെയും അവശിഷ്ടങ്ങൾ ഫോസിലീകരണം വഴി ഫോസിലുകളായി പരിണമിക്കുകയും ചെയ്യുന്നു. കാലം മാറി വരുമ്പോൾ അത് അവിടെ ഒരു ശ്രേണി (sequence) ആയി കാണപ്പെടും. കാലാകാലങ്ങളിൽ പ്രകൃതിയിലുണ്ടാവുന്ന ചലനങ്ങൾ ഇതിന് മാറ്റം വരുത്താം . എന്നാൽ മറ്റു മാർഗങ്ങളുപയാഗിച്ച് ശരിയായ ശ്രേണി കണ്ടെത്താവുന്നതാണ്.

ഭൂമിയുടെ ചരിത്രം പരിശോധിച്ചാൽ മുൻകാലങ്ങളിൽ കടൽ കരയായി മാറിയതും, കര കടലായി മാറിയതിനും എത്രയോ തെളിവുകൾ നമ്മുടെ മുന്നിലുണ്ട്. അതനുസരിച്ച് ജീവജാലങ്ങളിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പുതിയ ജീവികളുടെ ആവിർഭാവവും, പഴയതിന്റെ തിരോധാനവും, മറ്റ് ചില ജീവികളിലെ പരിണാമവും തെളിവ് സഹിതം നമുക്ക് പറയാനാവും. ഹിമാലയം പോലുള്ള വൻ മടക്കുപർവതങ്ങളിലെ ഫോസിലുകൾ ആ പ്രദേശം മുമ്പ് വൻസമുദ്രമായിരുന്നു എന്ന് നമ്മെ ഉദ്ബോധിപ്പിക്കുന്നു. ഫലകചലനസിദ്ധാന്തം വഴി ഇത് സാധൂകരിക്കാൻ നമുക്ക് കഴിയുന്നുമുണ്ട്.. ഇത്തരം ഫോസിലുകളിൽ ചിലത് കായാന്തരീത ശിലാ രൂപീകരണ സമയത്തും , മാഗ്മ ഉണ്ടാവുന്ന സമയത്തും നശിച്ചു പോകുന്നതായും കണ്ടെത്തിയിട്ടുണ്ട്. പരിണാമ സിദ്ധാന്തം അനുസരിച്ച് ജീവജാലങ്ങൾ ഉണ്ടായിരുന്ന കാലത്തെ കുറിച്ച് വൃക്തമായ അറിവുകൾ നമ്മുടെ മുന്നിലുണ്ട്. ഇത്തരം ഫോസിലുകൾ പാറകൾക്കിടയിൽ നിന്ന് ശേഖരിച്ച് അവ താരതമ്യം ചെയ്ത് ശിലകളുടെ പ്രായം കണക്കാക്കാവുന്നതാണ്. ഇതാണ് ആപേക്ഷിക പ്രായം (Relative Age). ശിലകളിലെ ഫോസിലുകൾ പ്രായം നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. കായാന്തര ശിലകളുടെയും ആഗ്നേയശിലകളുടെയും പ്രായം ഇത്തരത്തിൽ നിർണയിക്കാനാവില്ല. അത്തരം ചുറ്റുപാടുകളിൽ ജീവജാലങ്ങളുണ്ടാവില്ല. ഇത്തരം പാറകൾ ഉണ്ടാവുന്ന അവസരത്തിൽ അവയിൽ കൃസ്റ്റലീകരിക്കപ്പെടുന്ന ചിലഅസ്ഥിര റേഡിയോ ഐസോടോപ്പുകൾ (unstable radioactive isotopes) ഉണ്ടായ കാലം തൊട്ട് ഒരു പ്രത്യേക തോതിൽ വിഘടിച്ച് പോകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മാറ്റം കോടാനുകോടി വർഷങ്ങൾക്കുള്ളിൽ ഒരു നിശ്ചിത തോതിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയെ ആസ്പദമാക്കി കണ്ടെത്തിയ രീതിയനുസരിച്ചാണ് ഇത്തരം ശിലകളുടെ യഥാർത്ഥ പ്രായം (Absolute Age) കണക്കാക്കുന്നത്. റേഡിയോമെട്രിക് ഡേറ്റിംഗ് എന്നാണ് ഇതിനെ പറയുന്നത്.

ഇതനുസരിച്ച് ശില രൂപപ്പെടുന്ന അവസരത്തിൽ അതിലടങ്ങിയ അസ്ഥിര റേഡിയോ ഐസോടോപ്പ് വിഘടിച്ച് അതിന്റെ നേർപകുതി ആയിത്തീരുന്നു. ഇതിന് എടുക്കുന്ന സമയത്തെ അർധായുസ് (half life) എന്ന് പറയുന്നു. യുറേനിയം തോറിയമായും , പൊട്ടാസ്യം ആർഗോണായും , റുബീഡിയം സ്ട്രോൺഷ്യമായും മാറാൻ ദശലക്ഷം വർഷങ്ങളെടുക്കും. അങ്ങിനെ വിഘടിച്ച് ബാക്കിയായ ഐസോടോപ്പിന്റെ പകുതി വീണ്ടും പകുതിയാവാൻ അത്ര തന്നെ കാലമെടുക്കും. ഈ തത്വം കണക്കിലെടുത്ത് വികസിപ്പിച്ച് ഗണിത പ്രമാണങ്ങളിലൂടെ കണക്കാക്കി എടുക്കുന്ന രീതിയാണ് യഥാർത്ഥ പ്രായം കണക്കാക്കാൻ ഉപയോഗിക്കുന്നത്. C-14 ന്റെ അർധായുസ് 5730 വർഷങ്ങൾ മാത്രമാണ്. അതിനാൽ ചെറിയ പ്രായം കണക്കാക്കാൻ മാത്രം അത് ഉയോഗിക്കുന്നു. കുറച്ച് പ്രയാസമുള്ള രീതിയാണ് ഇതെങ്കിലും വളരെ കൃത്യമായി കുറെ ശിലകളുടെയെങ്കിലും പ്രായം കൃത്യമായി കണക്കാക്കാൻ പറ്റുന്നു. അവസാദശിലകളിൽ ഇത്തരം ഐസോടോപ്പുകൾ ഉണ്ടാവാനുള്ള ചുറ്റുപാടുകൾ ഇല്ല . ആപേക്ഷിക പ്രായം തന്നെ ശരണം. ശിലകൾക്ക് പ്രായമുണ്ടെന്ന് മനസ്സിലായല്ലോ !

ശിലകള്‍ക്കും പ്രായമുണ്ടോ ? – സ്ലൈഡ് കാണാം

9 & 10 പ്രവർത്തനം:

ഭൂമിയുടെ പ്രായം മനസ്സിലായോ? എങ്കിൽ നമ്മുടെ വിവിധങ്ങളായ പുരാണങ്ങളിലെ ഭൂമിയുമായി ബന്ധപ്പെട്ട കഥകളിലെ ഭൂമിയുടെ ഉത്ഭവത്തെക്കുറിച് നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ.


തയ്യാറാക്കിയത്

പ്രൊഫ വി.ഗോപിനാഥൻ.

ഡെപ്യൂട്ടി ഡയറക്ടർ ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷൻ ജിയോളജി പ്രൊഫസർ & (Retired).

നാം ജീവിക്കുന്ന ലോകം – മറ്റു പേജുകള്‍ വായിക്കാം.

0. നാം ജീവിക്കുന്ന ഭൂമി -ആമുഖം
1.കല്ലിനുമുണ്ടൊരു കഥ പറയാൻ –
2. വീണ്ടും ചില ഭൂമിക്കാര്യങ്ങൾ
3. കടൽ, കാറ്റ്, മഴ
4. ജലവും ജീവനും
5. ഇന്ത്യയും കേരളവും.

 

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാലം കടന്ന് ചിന്തിച്ച ഒരു ഡോക്ടർ
Next post ഉൽക്കാശിലകളുടെ പ്രാധാന്യം
Close