Read Time:5 Minute
അമേച്വർ അസ്ട്രോണമേഴ്‌സ് ഓർഗനൈസേഷൻ ഓഫ് കേരള അഥവാ ആസ്ട്രോ കേരള എന്ന കേരളത്തിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര കൂട്ടായ്മ രൂപം കൊണ്ടിട്ട് പന്ത്രണ്ടു വർഷങ്ങൾ ആകുന്നു.
2009 ൽ യു എൻ ആഹ്വാനപ്രകാരം നാം സമുചിതം ആചരിച്ച അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷാചരണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള ശാസ്ത്ര – ജ്യോതിശാസ്ത്ര കുതുകികളും വിദഗ്ധരും വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും വാനനിരീക്ഷകരും വിദ്യാഭ്യാസ വിചക്ഷണരും ഒക്കെ ഒരു കൂട്ടായ്മയുടെ കുടക്കീഴിലായി അണിനിരന്ന് തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം കേന്ദ്രീകരിച്ച് ആസ്ട്രോ കേരളയ്ക്ക് രൂപം നൽകി. അന്നു തൊട്ടിന്നോളം കേരളത്തിലുടനീളം എണ്ണമറ്റ പരിപാടികൾ, പ്രവർത്തനങ്ങൾക്ക് ആസ്ട്രോ മുൻകൈയെടുത്തു വരുന്നു. കേരളത്തിലെയും രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലേയും വിദഗ്ദ്ധർ, ശാസ്ത്രജ്ഞർ, ശാസ്ത്ര – ജ്യോതിശാസ്ത്ര പ്രചാരകർ, വിദ്യാഭ്യാസ പ്രവർത്തകർ, അനേകം രാജ്യങ്ങളിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, ജ്യോതിശാസ്ത്ര – ബഹിരാകാശ കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞർ, അധ്യാപകർ, വിദ്യാർഥികൾ, അമേച്വർ – പ്രൊഫഷണൽ ജ്യോതിശാസ്ത്ര സംഘടനകൾ, സ്ഥാപനങ്ങൾ, കൂട്ടായ്മകൾ തുടങ്ങിയ വളരെ നീണ്ട ഒരു പങ്കാളിത്ത പട്ടിക ആസ്ട്രോ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വർഷങ്ങളിൽ ഉണ്ടായി.
വിദ്യാർത്ഥികൾ, അധ്യാപകർ, പൊതുജനങ്ങൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗത്തിലേയും ആളുകൾക്കായി വിവിധ ഗ്രൂപ്പുകൾ, ഏജൻസികൾ, സംഘടനകൾ, സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ, വായനശാലകൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ തുടങ്ങി അനേകം സംവിധാനങ്ങളുമായുള്ള സജീവ പങ്കാളിത്തത്തോടെ ശാസ്ത്ര ക്‌ളാസ്സുകൾ, പ്രഭാഷണങ്ങൾ, വാനനിരീക്ഷണസെഷനുകൾ, ക്യാംപുകൾ, അസ്ട്രോണമി കോഴ്‌സുകൾ, കരീർ ഗൈഡൻസ്, മത്സരങ്ങൾ, പരിശീലനങ്ങൾ, ശില്പശാലകൾ, ഓൺലൈൻ പ്രഭാഷണങ്ങൾ, ജ്യോതിശാസ്ത്ര ഫോട്ടോഗ്രാഫി, പ്രസിദ്ധീകരണങ്ങൾ, ആസ്ട്രോ ക്ലബ്ബ് പ്രവർത്തനങ്ങൾ, സാങ്കേതിക സഹായങ്ങൾ, ഗവേഷണ പങ്കാളിത്തം മുതലായ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും പരിപാടികളുമായി ആസ്ട്രോ മുന്നോട്ടു നീങ്ങുകയാണ്. സോഷ്യൽ മീഡിയയിലും സജീവം. കോവിഡ് പ്രതിസന്ധിക്കാലത്തും ഒട്ടേറെ ഓൺലൈൻ പ്രവർത്തനങ്ങളിലൂടെ ആസ്ട്രോ സജീവമായിരുന്നു. ശാസ്ത്ര – ജ്യോതിശാസ്ത്ര പ്രചരണ രംഗത്തു വലിയ മുദ്ര പതിപ്പിക്കുവാനും ഒട്ടേറെ വിദ്യാർത്ഥികൾക്കും വ്യക്തികൾക്കും വഴികാട്ടിയാകുവാനും ഇതിനോടകം ആസ്‌ട്രോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആസ്ട്രോ കേരളയുടെ രൂപീകരണത്തിലും പ്രവർത്തനങ്ങളിലും വളർച്ചയിലും ഭാഗഭാക്കായ മുഴുവൻ പേരെയും, ആസ്‌ട്രോയുടെ നട്ടെല്ലായിരുന്ന, യാത്രയ്ക്കിടയിൽ ആകസ്മികമായി നമ്മെ പിരിഞ്ഞ പ്രിയപ്പെട്ട കൃഷ്ണവാര്യർ സാർ ഉൾപ്പെടെ എല്ലാ മഹാരഥന്മാരെയും ബഹുമാനത്തോടെ ഈയവസരത്തിൽ ഓർക്കുന്നു, അഭിനന്ദിക്കുന്നു.
ആസ്ട്രോ കേരളയുമായി സഹകരിയ്ക്കുകയും ഞങ്ങളോടൊപ്പം സഞ്ചരിക്കുകയും ചെയ്ത നൂറുകണക്കിന് ആളുകൾ ചേർന്നുള്ള ഒരു വലിയ കുടുംബമായി മാറിയാണ് ആസ്ട്രോയുടെ പ്രവർത്തനശൈലി രൂപപ്പെട്ടിരിക്കുന്നത്. ആസ്ട്രോ കേരളയോടൊപ്പം സഞ്ചരിച്ച എല്ലാവർക്കും ഹൃദ്യമായ ആശംസകൾ… കൊച്ചു കൂട്ടുകാർ മുതൽ വന്ദ്യവയോധികർ വരെ സജീവമായ ആസ്ട്രോ കുടുംബത്തിലേക്ക്, ശാസ്ത്ര വർത്തമാനങ്ങളിൽ പങ്കുചേരുവാൻ ഏവരെയും ക്ഷണിക്കുന്നു.
വരും നാളുകളിലും പ്രവർത്തനങ്ങളിലും ഏവരുടെയും സജീവമായ സഹകരണം കാംക്ഷിക്കുന്നു. വരൂ, അണിചേരാം…നമുക്കൊന്നിച്ച് ആകാശ – പ്രപഞ്ച രഹസ്യങ്ങളെ, അറിവുകളെ സ്വന്തമാക്കാം, ഉരുക്കഴിക്കാം…

ആസ്ട്രോ കേരള ഫേസ്ബുക്ക് പേജിൽ പങ്കിട്ട കുറിപ്പ്

ആസ്ട്രോ കേരള – ആൽബം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post കെ റെയിലും കേരളത്തിന്റെ ഗതാഗതപ്രശ്നങ്ങളും -ഭാഗം 1 | RADIO LUCA
Next post പ്രൊഫ.എം.കെ.പ്രസാദ് അന്തരിച്ചു
Close