Read Time:17 Minute

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. ഇരുപത്തിയേഴാം അധ്യായം. എല്ലാ അഴ്ച്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

കേൾക്കാം


 

ഉറക്കം ഒട്ടും ശരിയായില്ല. രാവിലെ മൂന്നു മണിക്കെങ്ങാന്‍ ഉണർന്നുപോയി. പിന്നെ ചിന്ത തക്കുടുവിന്റെ ലോകത്തെക്കുറിച്ചായി. ഇന്‍ഫ്രാറെഡ് പ്രകാശത്തില്‍ മാത്രം എല്ലാം കാണുന്ന ഒരു ലോകം സങ്കല്പിക്കാന്‍ കഴിയുന്നില്ല. അവിടെ രാത്രീം പകലും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടാവില്ല. എല്ലാ വസ്തുക്കളും ഇന്‍ഫ്രാറെഡ് പുറത്തുവിടും. രാത്രീലും എല്ലാം കാണാന്‍ പറ്റും. പകല്‍ കൂടുതല്‍ ശോഭയുണ്ടാകും എന്നുമാത്രം. അപ്പം അവിടെ രാത്രീലും ഫുട്ബോള്‍ കളിക്കാന്‍ പറ്റൂലേ? പറ്റ്വാരിക്കും. ചെലപ്പം പകല് വല്ലാത്ത ചൂടായതുകൊണ്ട് അവര് രാത്രീലാവും കളിക്ക്യ.

ഇത്രേം ഒക്കെ ചിന്തിച്ചത് ഓര്‍മയുണ്ട്. പിന്നെ ആകെ ബഹളം. ലക്ഷക്കണക്കിന് തക്കുടുമാര്‍. ചിലര്‍ മീവല്‍ പക്ഷികളെപ്പോലെ മാനത്ത് ഊളിയിട്ട് പറന്നുകളിക്കുന്നു. ചിലര്‍ കടലില്‍ നീന്തിത്തുടിക്കുന്നു. സ്പേസ് ഫുട്ബാള്‍ നടക്കുന്ന സ്റ്റേഡിയത്തില്‍ കാണികളായിട്ട് ആയിരക്കണക്കിന് പേരുണ്ട്. കളിക്കളത്തില്‍ ഞാനുമുണ്ട്. എനിക്ക് ചിറകില്ലാതെ പറക്കാന്‍ പറ്റുന്നുണ്ട്. കൈകൊണ്ട് തുഴഞ്ഞാല്‍ മതി. എനിക്ക് കിട്ടിയ ബോളുമായി ഞാന്‍ ഗോള്‍പോസ്റ്റിലേക്ക് മുന്നേറുകയാണ്. ആരാ ഗോളി! അയ്യോ കീചകനല്ലേ? തെറ്റി, അങ്ങനെ വിളിക്കരുതെന്നല്ലേ തക്കുടു പറഞ്ഞത്. അവൻ   ഗണേശനാണ്. അവന്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടല്ലോ. ആരാ ഞങ്ങടെ ടീമിന്റെ ഗോളി? രേശ്മ യോ! ആ ഗണിതക്കാരിക്ക് സ്പേസ് ഫുട്ബോളിലെന്തു കാര്യം?  ആരാണ് രേശ്മയെ തക്കുടൂന്റെ ലോകത്തേക്ക് കൊണ്ടുവന്നത് ?

അച്ഛന്‍ വാതില്‍ തള്ളിത്തുറക്കുന്ന ഒച്ചകേട്ടാണ് ഉണര്‍ന്നത്. അച്ഛന്‍ പറഞ്ഞു, “നീ എന്തൊക്കെയോ ഒച്ചയുണ്ടാക്കുന്നതു കേട്ട് വന്നു നോക്ക്യതാ. നീ ഒറക്കത്തില് ഫുട്ബോള്‍ കളിച്ചോ?”

“സ്പേസ് ഫുട്ബോളാണച്ഛാ. തക്കുടൂന്റെ ലോകത്താരുന്നു.” അച്ഛൻ ചിരിച്ചു. ഞാന്‍ അച്ഛന്റെ പിന്നാലെ പുറത്തേക്കു നടന്നു.


പകല്‍ മുഴുവന്‍ അടുത്ത വെള്ള്യാകല്ല് യാത്രേടെ ലഹരിയിലായിരുന്നു. ഉച്ച കഴിഞ്ഞപ്പം ദീപു വന്നു. പിന്നെ ഓരോരുത്തരായി മറ്റുള്ളവരും എത്തി. ഒടുവില്‍ വന്നത് അന്‍വര്‍ മാഷാണ്. തക്കുടു വന്നപ്പം സന്ധ്യയായി.

ഇക്കുറി വെള്ള്യാംകല്ല് യാത്ര വളരെ ലളിതമാണ്. ഒരുക്കങ്ങളൊന്നുമില്ല. ഭക്ഷണപ്പൊതികളില്ല , ജോസിന്റെ വക ഒരു ‘ദേവമാതാ കേക്ക്’ ഒഴികെ. തണുപ്പിന് കുപ്പായങ്ങളില്ല; വേഗം തിരിച്ചുപോര്വല്ലോ.

എട്ടു യാത്രികര്‍, നാല് ട്രിപ്പ്. നിലാവില്ല എന്ന ഒരു കുറവുണ്ട്.

ഞങ്ങളെത്തിയപ്പോള്‍ ഡോള്‍ഫിനുകള്‍ കടലില്‍ കുത്തിമറിയുന്നുണ്ട്. കുട്ടികള്‍ പാറപ്പുറത്ത് എത്തിയ പാടെ കൂവിവിളിച്ചു, “ഇതാ ഞങ്ങളെത്തി. കേറിവാ.” ആരു കേള്‍ക്കാന്‍!

തക്കുടു പറഞ്ഞു, “കുറച്ചു കഴിയട്ടെ. ഞാന്‍ വിളിച്ചോണ്ടു വരാം.”

അച്ഛന്‍ ചോദിച്ചു, “മാഷേ, നിങ്ങടെ കഥ എന്തായി?”

മാഷ് പറഞ്ഞു, “തൃപ്തി പോര, ഉണ്ണിയേട്ടാ. ഒരുപാട് പ്രശ്നങ്ങള്‍. ആയിടത്തോളം ദീപു അവതരിപ്പിക്കും. ദീപൂ , തുടങ്ങിക്കോ.”

“ശരി, എന്നാ കേട്ടോ”, ദീപു തുടങ്ങി. എല്ലാരും ചെവി കൂർപ്പിച്ചിരുന്നു.

 “പാട്ടീലും ചാര്‍വാകന്മാരും കുറേക്കാലമായി പ്രേംസാഗര്‍പുരിയില്‍ നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. എന്തെങ്കിലും ചെയ്യാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു. അപ്പഴാണ് മാഷും യദുവും ഞാനും പാട്ടീലിനെ തേടി എത്തുന്നത്. കാര്യങ്ങളൊക്കെ കേട്ടുകഴിഞ്ഞപ്പോള്‍ അയാള്‍ ഉണ്ണിയേട്ടന്റെ ഫോട്ടോ ആവശ്യപ്പെട്ടു. ഞങ്ങള്‍ കൊടുത്തു. പാട്ടീലിന്റെ സുഹൃത്തിന് പരിശീലനം കിട്ടിയ ഒരു പ്രാവുണ്ട്. അതിനെ ആ ഫോട്ടോ പരിചയപ്പെടുത്തി. അത് പ്രേംസാഗര്‍പുരിയില്‍ തേടിനടന്ന് – നടന്നല്ല പറന്ന്- ഉണ്ണിയേട്ടനെ കണ്ടെത്തി. പിന്നെ പ്രാവ് വഴി നിരന്തരം കത്തുകള്‍ കൈമാറുന്നു. മാഷും പാട്ടീലും ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ ചെയ്യുന്നു. ഉണ്ണിയേട്ടനും സംഘവും മയക്കുമരുന്ന് ശാലയ്ക്ക് തീയിടുമ്പോള്‍ത്തന്നെ പുറത്ത് ചാര്‍വാകന്മാര്‍ ജനറേറ്റര്‍ തകര്‍ക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഒപ്പം മാഷുടെ കൂട്ടുകാരന്‍ ദയാല്‍സാബും സുഹൃദ്‌വര്‍ധനും ഉണ്ട്.”

“ഇത് നല്ല കഥയാണല്ലോ. എന്താ ഇതില്‍ പ്രശ്നം?”

മാഷ് പറഞ്ഞു, “ഉണ്ണിയേട്ടാ, ഇവിടെ നമ്മടെ ആള്‍ക്കാരോട് പറയാന്‍ ഇതു മതി. പക്ഷേ, കോടതീല് ഇതു മതിയാകില്ല. അവിടെ ആക്‌ഷനില്‍ പങ്കെടുത്ത ആളുകള്‍ എവിടെ, പ്രാവ് എവിടെ, പ്രാവിന്റെ പരിശീലകന്‍ എവിടെ എന്നൊക്കെ ചോദ്യം വരും. അപ്പം എന്തുചെയ്യും?”

“പ്രാവ് ആക്‌ഷന്റെ ഇടയ്ക്ക് പൊള്ളലേറ്റ് ചത്തുപോയി എന്നു പറയും. നല്ല ലക്ഷ്യത്തിനുവേണ്ടി ഒരു നുണയൊക്കെ പറയുന്നതില്‍ തെറ്റില്ല. പിന്നെ ആക്‌ഷനില്‍ പങ്കെടുത്ത കുറേ പേരുടെ പേരു വേണം, അല്ലേ? അതു സംഘടിപ്പിക്കാം. സ്വീകരണ യോഗങ്ങളില്‍ നാളെ ഞാന്‍ എന്തായാലും ഈ കഥയാണ് അവതരിപ്പിക്കുക. പിന്നെ വേണങ്കി ചെറിയ മാറ്റമൊക്കെ വരുത്താം.”

തക്കുടു പറഞ്ഞു, “കഥ തീരുമാനമായ സ്ഥിതിക്ക് ഞാനിനി പോയി നമ്മടെ കിടാങ്ങളെ കൂട്ടിക്കൊണ്ടു വരാം, ല്ലേ?”

“ആ, വേഗാകട്ടെ”, കുട്ടികള്‍ ഒന്നിച്ച് ആഹ്ലാദത്തോടെ പറഞ്ഞു.

പത്തു മിനുട്ടിനുള്ളില്‍ തക്കുടു മൂന്നു ഡോള്‍ഫിന്‍ കിടാങ്ങളെയും കൊണ്ടുവന്നു. പാറ ഒരു ഉഴിച്ചില്‍ കേന്ദ്രമായി മാറി. അച്ഛന്റെ തടവല്‍ ഇഷ്ടായതുകൊണ്ടാണെന്നു തോന്നുന്നു, ഒരെണ്ണം എന്തൊക്കെയോ ഒച്ചകള്‍ ഉണ്ടാക്കിക്കൊണ്ട് തല അച്ഛന്റെ മടിയിലേക്ക് എടുത്തുവെച്ചു. പാന്റ്സ് ആകെ നനഞ്ഞെങ്കിലും അച്ഛന് സന്തോഷായി.

അച്ഛന്‍ ചോദിച്ചു, “തക്കുടൂ, നിനക്കെങ്ങനയാ ഇവരോട് ഇത്ര നന്നായി കൂട്ടുകൂടാന്‍ കഴിഞ്ഞത്?”

“ഇവനും ഒരു ഡോള്‍ഫിനാ ഉണ്ണിയേട്ടാ. ചെറിയ വ്യത്യാസേ ഉള്ളൂ”, ദില്‍ഷയാണ് മറുപടി പറഞ്ഞത്.

തക്കുടു തലകുലുക്കി സമ്മതിച്ചത് ആരും കണ്ടില്ല. അവന്‍ പറഞ്ഞു, “അതു മാത്രമല്ല ഉണ്ണിയേട്ടാ കാരണം. മനുഷ്യര് കഴിഞ്ഞാ ഭൂമീല് ഏറ്റവും ബുദ്ധിയുള്ള ജീവികള് ഇവരാ. ചിമ്പാന്‍സി പോലും അതു കഴിഞ്ഞേ വരൂ. നല്ല സംസ്കാരമുള്ള കൂട്ടരുമാ. വയറുനിറഞ്ഞാപ്പിന്നെ ഒരു ചെറുമീനിനെപ്പോലും ഉപദ്രവിക്കില്ല. സ്രാവുകളെപ്പോലും പേടീം ഇല്ല. ഇവരുടെ കൂടെ കളിക്കാനും കടലില്‍ അലഞ്ഞുനടക്കാനും നല്ല രസാ. ഞങ്ങടെ ചരിത്രവും ഏതാണ്ട് ഇവരുടേതുപോലെ തന്നെയാ.”

“ആ ചരിത്രം ഒന്നു ഞങ്ങക്ക് പറഞ്ഞുതാ തക്കുടൂ;” മൈഥിലിയുടെ അപേക്ഷ കേട്ടിട്ടെന്നപോലെ ഡോള്‍ഫിന്‍ കുട്ടികള്‍  പെട്ടെന്ന് ഊര്‍ന്നിറങ്ങി താഴോട്ടുപോയി.

ദില്‍ഷ പറഞ്ഞു, “ഓ, താഴേന്നു വിളി വന്നു.”

വെള്ള്യാംകല്ലില്‍ വീശുന്ന കാറ്റിന് തണുപ്പ് കൂടിക്കൂടി വരികയാണ്. ചുറ്റും നല്ല ഇരുട്ട്. തിക്കോടി ലൈറ്റ്ഹൗസില്‍നിന്നുള്ള കറങ്ങുന്ന പ്രകാശ ബീം ഇടയ്ക്കിടെ തലയ്ക്കു മുകളിലൂടെ ഇരുട്ടിനെ കീറിമുറിച്ച് കടന്നുപോകും. ദൂരെ മാഹി, വടകര, തലശ്ശേരി തുടങ്ങിയ തീരനഗരങ്ങള്‍ ഇരുട്ടിലെ പ്രകാശത്തുരുത്തുകള്‍ പോലെ കാണാനുണ്ട്.

തക്കുടു മൈഥിലിയുടെ തോളത്ത് കയ്യിട്ട് ചേര്‍ത്തിരുത്തിക്കൊണ്ടു പറഞ്ഞു, “മൈഥിലിക്ക് എന്റെ ലോകത്തെക്കുറിച്ചും ഞങ്ങടെ ചരിത്രത്തെക്കുറിച്ചും എല്ലാം അറിയണം, അല്ലേ? അതൊക്കെ വാക്കുകള്‍കൊണ്ടു പറയാതെ നേരിട്ട് കാണിക്കാനാ ഞാന്‍ ആഗ്രഹിച്ചത്. അതിനു പറ്റിയ  ധാരാളം ക്ലിപ്പിംഗുകള്‍ എന്റെ കയ്യിലുണ്ട്. അതു കാണുമ്പോള്‍ നിങ്ങള്‍ക്ക് ഞങ്ങടെ നഗരവീഥികളിലൂടെ നടക്കും പോലെയും ഞങ്ങടെ കൂടെ ആകാശത്തേക്ക് പറക്കും പോലെയും അനുഭവപ്പെടും. ഞങ്ങടെ പരിണാമ ചരിത്രം വ്യക്തമാക്കുന്ന ഫോസിലുകള്‍, ഞങ്ങളുടെ ലോകത്തുള്ള സസ്യങ്ങളും ജീവജാലങ്ങളും എല്ലാം അതിലുണ്ട്.”

“എന്നാ കത്തിവെക്കാതെ അതങ്ങ് കാണിക്കരുതോ? വേഗം ക്യാമറ പ്രൊജക്റ്റർ എടുക്ക്,” ജോസിന് ധൃതിയായി.

“മുഴുവന്‍ കേള്‍ക്ക് ജോസേ”,  തക്കുടു ചിരി അമര്‍ത്തി പറഞ്ഞു. “അതെല്ലാം സാധാരണ ഇന്‍ഫ്രാറെഡ്ഡിലാ , ലേസറിലല്ല. അതു പ്രദര്‍ശിപ്പിച്ചാല്‍ നിങ്ങള്‍ ഒന്നും കാണില്ല.  അതു കാണാന്‍ പറ്റിയ കണ്ണട വേണം.”

“എന്നാ അതെടുക്ക്”, ദില്‍ഷയ്ക്ക് ശുണ്ഠിവന്നു തുടങ്ങി.

“ റെഡിമെയ്ഡ് കണ്ണട ഇല്ല ദിൽഷേ  . അതുണ്ടാക്കണം.  അതിന് നൈറ്റ് വിഷന്‍ സെന്‍സറുകള്‍ വേണം.  അന്‍വര്‍മാഷ് വിചാരിച്ചാല്‍ അതു സംഘടിപ്പിക്കാന്‍ പറ്റും. അതിന് ദയാല്‍സാബിന്റെ സഹായം വേണ്ടിവരും. ഞാന്‍ പോയി വരുമ്പോഴേക്കും മാഷ് അത് സാധിച്ചിരിക്കും. അതു പോരേ?”

“തക്കുടു ഇപ്പം എവിടെപ്പോണു? എന്തിനു പോണു?” ഉദ്വേഗം നിറഞ്ഞ ചോദ്യങ്ങള്‍. എല്ലാരും അങ്കലാപ്പിലായിരുന്നു.

പൊട്ടിച്ചിരിച്ചുകൊണ്ടാണ് തക്കുടു മറുപടി പറഞ്ഞത്, “ദൂരെയെങ്ങും പോണില്ല കൂട്ടരേ. പഠനം ഒന്നു പൂര്‍ത്തിയാക്കണ്ടേ?”

മാഷ് പറഞ്ഞു, “കുട്ടികളേ, ഇപ്പത്തന്നെ തക്കുടൂന് നമ്മടെ കൂടെക്കൂടി രണ്ടുമൂന്നാഴ്ച നഷ്ടപ്പെട്ടുകഴിഞ്ഞു. ഇനി നമക്കവനെ സ്വതന്ത്രനാക്കാം. ഇടയ്ക്കൊക്കെ വന്നാ മതി.”

“മാഷിനു തെറ്റി”, തക്കുടു പറഞ്ഞു. “എന്റെ പഠനത്തിലെ ഏറ്റവും വിലപ്പെട്ട മൂന്നാഴ്ചയാണ് കഴിഞ്ഞുപോയത്. മനുഷ്യരെ അടുത്തറിയാന്‍ ഇത്ര നല്ല അവസരം വേറെങ്ങനെ കിട്ടാനാ. എന്തെല്ലാം തരം മനുഷ്യരെയാണ് പരിചയപ്പെട്ടത്! നല്ല സ്നേഹവും സൗഹൃദവുമുള്ള നിസ്വാര്‍ഥരായ ആളുകള്‍, ഭയങ്കര പണക്കൊതിയന്മാര്‍, ഗൂഢാലോചനക്കാര്‍, കുഞ്ഞുങ്ങളോടുപോലും ദയകാട്ടാത്ത ദുഷ്ടന്മാര്‍… അങ്ങനെ എന്തെല്ലാം തരക്കാര്‍. പക്ഷേ ഇതിലൊന്നും എനിക്കത്ഭുതമില്ല. ഞങ്ങടെ മുന്‍തലമുറകളും ഒരുകാലത്ത് ഇങ്ങനെ ഒക്കെ ആയിരുന്നു.”

“പിന്നെങ്ങനെ നിങ്ങള് മാറി?” അച്ഛനാണ് ചോദിച്ചത്.

“ അതു വളരെ നീണ്ട കഥയാണ് ഉണ്ണിയേട്ടാ. ഇപ്പ പറഞ്ഞാ തീരൂല . നീണ്ട യുദ്ധങ്ങളുടെ , അധികാരക്കൊതിയുടെ കഥ. ഒപ്പം ഒരുപാടുപേരുടെ ത്യാഗങ്ങളുടെയും. പിന്നെ,ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ,പണക്കൊതിയ്ക്കും മത്സരത്തിനും   ഒന്നും അര്‍ഥമില്ലാതായി. ഒന്നിനും ഒരു പഞ്ഞവുമില്ല. പിന്നെന്തിനാ മത്സരിക്കുന്നെ ? എന്റെ ക്ലിപ്പിംഗുകള്‍ കാണുമ്പം നിങ്ങള്‍ക്കത് മനസ്സിലാകും. അതുവരെ ക്ഷമിക്ക്.”

“തക്കുടൂ, ഞാനൊരു കാര്യം ചോദിച്ചോട്ടേ? നീ പക്ഷിയെപ്പോലെ പറക്കുന്നുണ്ട് ; ഞങ്ങളെപ്പോലെ നിവര്‍ന്ന് നില്‍ക്കുന്നുണ്ട്; തോന്നുമ്പോഴൊക്കെ കടലില് മുങ്ങിക്കഴിയ്യേം ചെയ്യും. പച്ചമീനാണ് ഭക്ഷണം. അപ്പം ശരിക്കും നീ എന്താ? പക്ഷിയോ മീനോ വേറെന്തെങ്കിലും ജീവിയോ?” എന്റെ ചോദ്യം കേട്ട് എല്ലാരും ചിരിച്ചു, തക്കുടൂം ചിരിച്ചു.

തക്കുടു പറഞ്ഞു, “യദൂ, ഏതാണ്ട് ഒമ്പതു കോടി കൊല്ലം മുമ്പ് ഞങ്ങള്‍ നിങ്ങളെപ്പോലെ കയ്യും വീശി നടന്നിരുന്ന, ആയുധങ്ങളൊക്കെ ഉപയോഗിച്ചിരുന്ന, ഉരുണ്ട തലയുള്ള ജീവികളായിരുന്നു. നിങ്ങളോളം ബുദ്ധിയൊന്നും അന്നില്ല. സയന്‍സും വല്യ പിടിയില്ല. മത്സ്യമാണ് ഇഷ്ടഭക്ഷണം. അതു കടലില്‍ ഇഷ്ംപോലെ ഉള്ളതുകൊണ്ട് കടലില്‍ച്ചാടി മീനാകാന്നുവെച്ചു. പിന്നെ പറന്നു നടക്കുന്നതാ രസംന്ന് തോന്നിയപ്പം പക്ഷിയാകാന്‍ തീരുമാനിച്ചു. ഇപ്പം ഞങ്ങളിതു മൂന്നുമാ.”

ദില്‍ഷയ്ക്ക് ശുണ്ഠി വന്നു. “തക്കുടു ഞങ്ങളെ വിഡ്ഢികളാക്കുവാ? ഇഷ്ടള്ളപ്പം കടലില്‍ചാടി മീനാകാന്‍ പറ്റ്വോ. പിന്നെ, പക്ഷിയാകാന്‍ തീരുമാനിച്ചാ  പക്ഷി ആക്വോ? അതു പറ്റ്വോ മാഷേ?”

കടല്‍ത്തിരകളെ വെല്ലുന്ന പൊട്ടിച്ചിരി ഉയര്‍ന്നു വെള്ള്യാംകല്ലില്‍.

എല്ലാ ആഴ്ച്ചയും തുടരും


കേൾക്കാം


തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ

8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?


13. ഹാപ്പി ബർത്ത് ഡേ

14. ഉണ്ണിയേട്ടനെ നമ്മൾ കണ്ടെത്തും

15. വെള്ള്യാംകല്ലിനോട് വിട


16. യദൂന്റെ രക്ഷയ്ക്ക് കാക്കപ്പോലീസ്

17. കവ്വായും കബുത്തറും ചാരപ്പണി തുടങ്ങി

18. തക്കുടൂന്റെ യാത്രകള്‍

19. പറന്നുപോയ മോട്ടോർ സൈക്കിൾ

20. അരോമ ബേക്കറിയിലെ ഒരു നാട്ടുകാരൻ

21. മഹർഷിയുടെ പർണ്ണശാല

22. യുദ്ധരംഗത്തേക്ക്

23. ദീപു പരിപാടിയാകെ പൊളിക്കുന്നു

24. പ്രേംസാഗര്‍പുരി കത്തുന്നു

25. ഒരു ഇതിഹാസകാരി ജനിക്കുന്നു

 26. തക്കുടുവിന്റെ അമ്പരിപ്പിക്കുന്ന പ്രഖ്യാപനം

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഐആർ‌ടി‌സി സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
Next post കൂട്ടിക്കൽ, കൊക്കയാർ ഉരുൾപൊട്ടലുകൾ പ്രാഥമിക പഠനറിപ്പോർട്ട്
Close