Read Time:22 Minute

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കാവലാളുകളായുള്ളത് ലാഭം മാത്രം ലക്ഷ്യമാക്കിനടത്തുന്ന ചില കമ്പനികളാണ്. എഡ്വേര്‍ഡ് സ്നോഡന്റെ വെളിപ്പെടുത്തലുകളോടെ അമേരിക്കന്‍ സര്‍ക്കാര്‍ ഈ വിവരങ്ങളെല്ലാം കൈവശമാക്കിയിട്ടുണ്ടെന്നത് കെളിഞ്ഞതാണ്. ഇന്ന് രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഏറെ പ്രധാനപ്പെട്ടതാണ്

ജനാധിപത്യ മാധ്യമം എന്ന ആശയത്തിന് ഇന്റര്‍നെറ്റ് തുറന്നു തന്ന സാധ്യതകള്‍ വളരെ വലുതാണ്. ട്വിറ്റര്‍, ഫേസ്‌ബുക്ക്, യുട്യൂബ് തുടങ്ങിയ മാധ്യമങ്ങള്‍, ഈജിപ്ത്, ടുണീഷ്യ തുടങ്ങി പല വിപ്ലവങ്ങളിലും പ്രധാന പങ്ക് വഹിച്ചു. എന്നാല്‍ മുമ്പെന്നുമില്ലാത്ത വിധം ലോകത്തിലെ ബഹുഭൂരിപക്ഷം വരുന്നവരുടേയും ആശയവിനിമയത്തിനു് വിരലിലെണ്ണാവുന്ന ചില അമേരിക്കന്‍ കുത്തക കമ്പനികളെ ആശ്രയിയ്ക്കേണ്ട അവസ്ഥയാണിന്നു് നിലവിലുള്ളതു്. സ്വന്തം കമ്പ്യൂട്ടറുകളിലുപയോഗിയ്ക്കാനുള്ള സോഫ്റ്റ്‌വെയറുകളുടെ കാര്യത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മ വളരെയധികം മുന്നേറ്റം നടത്തി. ഇന്നിപ്പോള്‍ ചുരുക്കം ചില പ്രത്യേക ആവശ്യങ്ങള്‍ക്കൊഴിച്ചാല്‍ മറ്റെല്ലാ കാര്യങ്ങള്‍ക്കും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കാവുന്ന അവസ്ഥയില്‍ നാം എത്തിച്ചേര്‍ന്നിരിക്കുന്നു. എന്നിരുന്നാലും നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ക്ലൌഡ് എന്ന് വിളിക്കപ്പെടുന്ന മറ്റു കമ്പനികള്‍ നല്‍കുന്ന സേവനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.

ഈമെയില്‍, ചാറ്റ്, സമൂഹമാധ്യമങ്ങള്‍ തുടങ്ങി ഒരു പ്രധാന ഭാഗം മുഴുവനും ഗൂഗിള്‍, ഫേസ്‌ബുക്ക്, ട്വിറ്റര്‍ എന്നീ കമ്പനികളുടെ നിയന്ത്രണത്തിലാണ്. അതിനര്‍ത്ഥം നമ്മുടെ ആശയവിനിമയ സാധ്യതകള്‍ ഇവരുടെ കാരുണ്യത്തിലാണു് എന്നതാണ്. ഇതിന് പല തരത്തിലുള്ള ദോഷങ്ങളുണ്ട്. സ്വകാര്യതയുടെ നഷ്ടം അതില്‍ വളരെ പ്രധാനമാണ്. നമ്മുടെ ഓരോ പ്രവര്‍ത്തിയും നമ്മള്‍ പറയുന്ന ഓരോ കാര്യങ്ങളും മറ്റൊരാള്‍ അറിയുന്ന അവസ്ഥ ജോര്‍ജ്ജ് ഓര്‍വെല്‍ തന്റെ നോവലുകളിലൂടെ പറഞ്ഞ ഒരു ലോകത്തിലേക്കാണ് നമ്മെ എത്തിച്ചിരിക്കുന്നത്. നമ്മെപ്പറ്റി നമ്മളേക്കാള്‍ കൂടുതല്‍ ഇന്ന് ഗൂഗിള്‍, ഫേസ്‌ബുക്ക് തുടങ്ങിയ കമ്പനികള്‍ അറിയുന്നു. നമ്മള്‍ ഏതൊക്കെ വിഷയങ്ങളെപ്പറ്റി പഠിക്കുന്നു (ഗൂഗിള്‍ ഉപയോഗിച്ച് നമ്മള്‍ തെരയുന്ന ഓരോ കാര്യവും ഗൂഗിള്‍ നമ്മുടെ പേരില്‍ സൂക്ഷിച്ച് വയ്ക്കുന്നുണ്ട്. ജിമെയിലില്‍ നമ്മുടെ മൊബൈല്‍ നമ്പര്‍ കൂടി കൊടുക്കുന്നതിലൂടെ നമ്മുടെ വിലാസമടക്കമുള്ള വിവരങ്ങളുമായി ബന്ധപ്പെടുത്താവുന്നതാണ്), ആരോടൊക്കെ എപ്പോള്‍ എത്ര നേരം സംസാരിക്കുന്നു (ഫേസ്‌ബുക്ക്/ഗൂഗിള്‍ വാട്ട്സ്ആപ്പ് ചാറ്റുകള്‍, നമ്മുടെ കൂട്ടുകാരുടെ പട്ടിക, നമ്മള്‍ ഏതൊക്കെ കൂട്ടങ്ങളില്‍ സജീവമാണ്), ഏതൊക്കെ പുസ്തകങ്ങള്‍ വായിക്കുന്നു (ആമസോണ്‍ സ്റ്റോര്‍ വഴി കിന്‍ഡില്‍ ഉപയോഗിച്ച്) എന്നിവയെല്ലാം ഇപ്പോള്‍ നമ്മുടെ തന്നെ അനുവാദത്തോടെ കാലാകാലങ്ങളിലേക്കായി  ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. പണ്ടൊക്കെ സിഐഎ, കെജിബി തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ എത്രയോ ആളുകളെ വെച്ച് ശേഖരിച്ചിരുന്ന വിവരങ്ങളൊക്കെ ഇവയെ തട്ടിച്ചു നോക്കുമ്പോള്‍ ഒന്നുമല്ല.

ഇതിന്റെ ഏറ്റവും വലിയ അപകടം ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കാവലാളുകളായുള്ളത് ലാഭം മാത്രം ലക്ഷ്യമാക്കി നടത്തുന്ന ചില കമ്പനികളാണുള്ളതെന്നാണ്. എഡ്വേര്‍ഡ് സ്നോഡന്റെ വെളിപ്പെടുത്തലുകളോടെ അമേരിക്കന്‍ സര്‍ക്കാര്‍ ഈ വിവരങ്ങളെല്ലാം കൈവശമാക്കിയിട്ടുണ്ടെന്ന് ളിഞ്ഞതാണു്. ഇന്നു രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എത്ര പ്രധാനപ്പെട്ടതാണെന്ന് എബന്‍ മോഗ്ലന്‍ “എന്തുകൊണ്ടാണു് സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു എന്നത്തേക്കാളും പ്രധാനമാകുന്നത്” എന്ന തന്റെ പ്രഭാഷണത്തില്‍ [1] വിശദീകരിക്കുന്നുണ്ട്.

“ഇരുപത്തൊന്നാം നൂറ്റാണ്ട് സോഫ്റ്റ്‌വെയറിനാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ സാമ്പത്തിക സ്ഥിതിക്കും ശക്തിക്കും, രാഷ്ട്രീയത്തിനും ഉരുക്ക് എത്രമാത്രം പ്രധാനമായിരുന്നോ ഇന്ന് ആ സ്ഥാനം സോഫ്റ്റ്‌വെയറിനാണ്. മറ്റെല്ലാം നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാന ഘടകമാണിത്, മറ്റെല്ലാം എന്ന് ഞാന്‍ പറയുമ്പോള്‍ അതില്‍ സ്വാതന്ത്ര്യവും ഏകാധിപത്യവും ഉള്‍പ്പെടും, കൂടാതെ എന്നെ ഇതൊന്നും ബാധിക്കില്ല എന്ന ഭാവവും എല്ലാവരേയും സൗജന്യമായി നിരീക്ഷിക്കുന്നതും ഉള്‍പ്പെടും.

മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, സാമൂഹ്യജീവിതത്തിന്റെ സങ്കലനം തന്നെ, അതു് നമുക്ക് വേണ്ടി പ്രവര്‍ത്തിക്കുകയോ പ്രവര്‍ത്തിക്കാതിരിക്കുകയോ, ഉടമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയോ പ്രവര്‍ത്തിക്കാതിരിക്കുകയോ, അടിച്ചമര്‍ത്തുന്നവര്‍ക്കു് വേണ്ടി പ്രവര്‍ത്തിക്കുകയോ പ്രവര്‍ത്തിക്കാതിരിക്കുകയോ, എല്ലാം ഇന്നു് സോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കിയാണ്.”

ഡയാസ്പൊറ

സമൂഹമാധ്യമത്തിനുള്ള സ്വതന്ത്രവും വികേന്ദ്രീകൃതവുമായ ബദലാണ് ഡയാസ്പൊറ. kickstarter.com എന്ന വെബ്‌സൈറ്റിലൂടെ ജനങ്ങളില്‍ നിന്നും പണം പിരിച്ചാണ് [2] ഇത് വികസിപ്പിക്കാനുള്ള പണം സ്വരൂപിച്ചത്. പന്ത്രണ്ട് ദിവസത്തിനുള്ളില്‍ തന്നെ അവര്‍ പ്രതീക്ഷിച്ച 10000 അമേരിക്കന്‍ ഡോളര്‍ അവര്‍ക്ക് ലഭിച്ചു. ഒരു മാസം കൊണ്ട് 2 ലക്ഷം അമേരിക്കന്‍ ഡോളറും (1 കോടി 20 ലക്ഷം രൂപ) കിട്ടി.  നമ്മുടെ സ്വകാര്യവിവരങ്ങള്‍ വിറ്റ് പണമുണ്ടാക്കുക എന്നതല്ല മറിച്ചു് നമ്മുടെ സ്വകാര്യതയും സ്വാതന്ത്ര്യവും സംരക്ഷിച്ചു ആശയവിനിമയം നടത്താന്‍ നമ്മളെതന്നെ കഴിവുള്ളവരാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഡയാസ്പൊറ ആര്‍ക്കും സ്വന്തം സെര്‍വറില്‍ ഇന്‍സ്റ്റോള്‍ ചെയ്ത് ഡയാസ്പൊറ സേവന ദാതാവാകാം. ഇതിലൂടെ ചില സ്വകാര്യ കമ്പനികള്‍ ലോകത്തിലെ എല്ലാവരുടേയും ആശയവിനിമയങ്ങള്‍ നിയന്ത്രിക്കുന്ന അവസ്ഥ മാറ്റാം.

ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായ ഇലിയ ഷിട്ടോമിര്‍സ്കി, മാക്സ‌വെല്‍ സാല്‍സ്‌ബെര്‍ഗ്, ഡാനിയല്‍ ഗ്രിപ്പി, റാഫേല്‍ സോഫര്‍ എന്നിവരാണു് ഈ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംരംഭം തുടങ്ങിയതു്. സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തകനും കൊളംബിയ നിയമ വിദ്യാലയത്തിലെ അധ്യാപകനുമായ എബന്‍ മോഗ്ലന്റെ ഫ്രീഡം ഇന്‍ ദി ക്ലൌഡ് എന്ന പ്രസംഗത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ടാണ് ഇവര്‍ ഡയാസ്പൊറ സംരംഭം തുടങ്ങിയത്.

പൂരം, പെരുനാള്‍, ഗാനമേള, വാര്‍ഷികങ്ങള്‍ തുടങ്ങി എത്രയോ കാര്യങ്ങള്‍ക്ക് നമ്മള്‍ പണം പിരിക്കാറുണ്ട്. നമ്മുടെ സ്വതന്ത്ര്യത്തിന് വേണ്ടിയും ഇത പോലെ ഓരോ നാട്ടിലും ഓരോ സംഘടനയ്ക്കും സ്വന്തമായി ആശയവിനിമയ സേവനങ്ങള്‍ ലഭ്യമാക്കാം. നമ്മുടെ രാജ്യത്തിന് വിവര സാങ്കേതിക വിദ്യയില്‍ സ്വയം പര്യാപ്തതക്കും നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറയായ ആവിഷ്കാരസ്വാതന്ത്ര്യം ഉറപ്പാക്കാനും ഇതിലൂടെ കഴിയും. പ്രാദേശികമായി ഐടി മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് വഴി സാധിക്കും. പുരോഗമന സംഘടനകൾക്ക് സ്വന്തമായി ഒരു ഡയാസ്പൊറ സേവനം തുറന്ന് ഇതില്‍ മാതൃക കാട്ടാന്‍ കഴിയും.

സ്വതന്ത്ര സോഫ്റ്റ്‌വെയറായതിനാല്‍ നമുക്കാവശ്യമുള്ള സൗകര്യങ്ങള്‍ ഇതില്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയും. ഉദാഹരണത്തിന് നമുക്കറിയാവുന്ന ഭാഷകളില്‍ മാത്രമുള്ള വിവരങ്ങള്‍ കാണാനുള്ള സൌകര്യം  ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന്റെ ഭാഗമായി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വികസിപ്പിക്കുന്നുണ്ട്. ഇന്‍സ്റ്റലേഷന്‍ എളുപ്പമാക്കാനായി ഡയാസ്പൊറയുടെ ഡെബിയന്‍ പാക്കേജ് ഉണ്ടാക്കാനുള്ള  ശ്രമം നടക്കുകയാണ്.

സമൂഹമാധ്യമത്തില്‍ ഏറ്റവും കൂടുതലായി ആവശ്യമുള്ളത് അതുപയോഗിക്കുന്ന ആളുകളാണ്. ഇക്കാര്യത്തില്‍ നമ്മള്‍ ഇനിയും കൂടുതല്‍ പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഡയാസ്പൊറയുടെ രാഷ്ട്രീയം കൂടുതല്‍ പേരിലെത്തിക്കാന്‍ ഡയാസ്പൊറ യാത്ര എന്ന പ്രചാരണ പരിപാടിയും നടക്കുന്നുണ്ട്. ഡയാസ്പൊറ പ്രചരണത്തിന് നിങ്ങൾക്കും പ്രധാനപ്പെട്ട പങ്കു വഹിക്കാനാകും.

ഡയാസ്പൊറ ഉപയോഗിച്ചു് തുടങ്ങാന്‍

ഡയാസ്പൊറ ഉപയോഗിച്ചു തുടങ്ങാന്‍ ആദ്യമായി ഒരു സേവനദാതാവിനെ തിരഞ്ഞെടുക്കണം. മൊബൈല്‍ കണക്ഷനെടുക്കുമ്പോള്‍ ബിഎസ്എന്‍എസ്, എയര്‍ടെല്‍, വൊഡാഫോണ്‍ തുടങ്ങി പല സേവനദാതാക്കളും നമുക്കു ഈ സേവനം നല്‍കുന്നുണ്ടല്ലോ. ഏതു സേവനം ഉപയോഗിച്ചാലും മറ്റെല്ലാ സേവനങ്ങളിലേയും ഉപയോക്താക്കളുമായി നമുക്കു സംസാരിക്കാമല്ലോ. ഡയാസ്പൊറയും അതുപോലെ തന്നെയാണ്. ഓരോ മൊബൈല്‍ കണക്ഷനുമൊപ്പം ഒരു സിം കാര്‍ഡ് കിട്ടുന്നത് പോലെ ഡയാസ്പൊറ സേവനത്തില്‍ നമുക്കുപയഗിക്കാനായി ഒരു പേരും അടയാളവാക്കും ലഭിക്കും. നമ്മള്‍ മൊബൈല്‍ റീ ചാര്‍ജ്ജ് ചെയ്യാനായി നമ്മളുപയോഗിക്കുന്ന സേവനദാതാവിനെ മാത്രമാണല്ലോ സമീപിക്കാറ് അതുപോലെ തന്നെ ഡയാസ്പൊറയില്‍ വിവരങ്ങള്‍ പങ്കു വെയ്ക്കാനും മറ്റുള്ളവര്‍ പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ കാണാനും നമ്മള്‍ തിരഞ്ഞെടുത്ത സേവനദാതാവിന്റെ വെബ്‌സൈറ്റിൽ പോകേണ്ടതുണ്ട്. facebook.com, twitter.com എന്നിവ പോലെ ഡയാസ്പൊറയ്ക്കു് ഒരു കേന്ദ്രസൈറ്റ് ഇല്ല.

ഇതുകൊണ്ടു തന്നെ ഒരൊറ്റ കമ്പനിയുടേയോ രാജ്യത്തിന്റേയോ കയ്യില്‍ മുഴുവന്‍ ഡയാസ്പൊറ ഉപയോക്താക്കളുടേയും വിവരങ്ങള്‍ കാണുകയില്ല. ഒരൊറ്റ വെബ്‌സൈറ്റ് നിരോധിച്ചോ തടഞ്ഞോ ഡയാസ്പൊറ മുഴുവനായും തടയാനാവില്ല. ഉപയോക്താക്കളുടെ സ്വകാര്യതയും ആവിഷ്കാരസ്വാതന്ത്ര്യവും ഉറപ്പാക്കുന്ന നിയമങ്ങളുള്ള രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സേവനങ്ങള്‍ തെരഞ്ഞെടുക്കാന്‍ നമുക്കു് അവസരമുണ്ട്.

poddery.com ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ‌വെയര്‍ കൂട്ടായ്മ ജനങ്ങളില്‍ നിന്നും പണം ശേഖരിച്ച് നടത്തുന്ന സേവനമാണു്. savepoddery.com എന്ന സൈറ്റിലൂടെയാണു് ഇതിനായി പ്രചാരണം നടത്തിയതു്. ആദ്യം ഏറ്റവും കുറഞ്ഞ ചെലവില്‍ ഹോസ്റ്റിങ്ങ് സൌകര്യം തരുന്ന ആമസോണില്‍ ഹോസ്റ്റ് ചെയ്യാനാണു് തീരുമാനിച്ചിരുന്നതു്. എന്നാല്‍ എഡ്വേര്‍ഡ് സ്നോഡന്റെ വെളിപ്പെടുത്തലുകള്‍ക്കു് ശേഷം അമേരിക്കയില്‍ ഇതുപോലൊരു സേവനം ഹോസ്റ്റ് ചെയ്യുന്നതിന്റെ അപകടം മനസ്സിലാക്കി  നെതര്‍ലന്റില്‍ പ്രവര്‍ത്തിക്കുന്ന നൈറ്റ്സ്വാം എന്ന കമ്പനിയെയാണ് തെരഞ്ഞെടുത്തത്. അവര്‍ക്കു് പോലും വിവരങ്ങള്‍ കിട്ടാത്ത രീതിയില്‍ ഡിസ്ക് എന്‍ക്രിപ്റ്റ് ചെയ്താണ് ഈ സേവനം ഞങ്ങള്‍ നടത്തുന്നത്.

podupti.me മറ്റു ഡയാസ്പൊറ സേവനങ്ങളുടെ പട്ടിക. poddery.com അല്ലെങ്കില്‍ മറ്റേതെങ്കിലും സേവനം നിങ്ങള്‍ തെരഞ്ഞെടുത്താല്‍ പിന്നീടു ചെയ്യേണ്ടത് ആ വെബ്‌സൈറ്റില്‍ പോയി ഒരു അംഗമാകുയാണു്. അതിന് ശേഷം നിങ്ങളുടെ അടയാളവാക്കുപയോഗിച്ച് അകത്ത് കയറി ഡയാസ്പൊറ ഉപയോഗിച്ച് തുടങ്ങാം. ഡയാസ്പൊറ വിലാസങ്ങള്‍ ഒരു ഈമെയില്‍ വിലാസം പോലെയാണ്. [email protected] എന്നതാണ് ലേഖകന്റെ ഡയാസ്പൊറ വിലാസം. ഇതില്‍ poddery.com എന്റെ സേവനദാതാവിനേയും praveen ഞാന്‍ ഈ സേവനത്തിനായുപയോഗിക്കുന്ന പേരിനേയും കുറിക്കുന്നു. ഡയാസ്പൊറ വിലാസം തിരഞ്ഞ് മറ്റ് ഉപയോക്താക്കളുമായി പക് വെച്ച് തുടങ്ങാവുന്നതാണ്. ഒരു ഡയാസ്പൊറ ഉപയോക്താവിനെ നിങ്ങളുടെ സേവനം പരിചയപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ ഡയാസ്പൊറ വിലാസത്തിനു് പകരം പേരുപയോഗിച്ചും തിരയാവുന്നതാണ്.

ഓരോ ഉപയോക്താവിനേയും കൂട്ടുകാര്‍, കുടുംബം, സഹപ്രവര്‍ത്തകര്‍ തുടങ്ങി പല കൂട്ടങ്ങളില്‍ ചേര്‍ക്കാവുന്നതാണ്. നമ്മള്‍ ഒരു വിവരം പങ്കിടുമ്പോള്‍ ഇതിലെ ഏതെങ്കിലും ചില കൂട്ടങ്ങളുമായി മാത്രം പങ്കിടാനായി നമുക്ക് തിരഞ്ഞെടുക്കാം. എല്ലാവരും കാണാവുന്ന വിവരങ്ങളാണെങ്കില്‍ നമുക്ക് പബ്ലിക് ആയി പങ്കിടാം. ഉദാഹരണത്തിനു് നമ്മുടെ സ്വകാര്യ ഫോട്ടോ കൂട്ടുകാര്‍ക്ക് മാത്രമായും പൊതുപരികൾ എല്ലാവരോടുമായി പങ്കുവെയ്ക്കാം.

ഒരു പ്രത്യേക വിഷയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടാനായി ഹാഷ്‌ടാഗുകള്‍ എന്ന സൌകര്യം ഉപയോഗിക്കാം. ഉദാഹരണത്തിന് പരിഷത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചേര്‍ക്കുമ്പോള്‍ kssp പരിഷത്ത് തുടങ്ങിയ ഹാഷ്‌ടാഗുപയോഗിച്ചാല്‍ മറ്റുള്ളവര്‍ക്ക് ഈ വിവരങ്ങള്‍ എളുപ്പത്തില്‍ കിട്ടാന്‍ സഹായിക്കും. പരിഷത്ത് എന്ന് തിരഞ്ഞാല്‍ ഈ ഹാഷ്‌ടാഗുപയോഗിച്ച എല്ലാ വിവരങ്ങളും നമുക്ക് കിട്ടും (നമ്മള്‍ പങ്കുവെയ്ക്കുന്ന ഉപയോക്താക്കളുടെ മാത്രമല്ല, ഡയാസ്പൊറയിലുള്ള എല്ലാവരും പങ്കുവെച്ച വിവരങ്ങള്‍). കൂടാതെ നമുക്കു താത്പര്യമുള്ള വിഷയങ്ങളുടെ ഹാഷ്‌ടാഗുകള്‍ പിന്തുടര്‍ന്നു നമുക്ക് ആ വിഷയങ്ങളിലെ വിവരങ്ങള്‍ നമ്മുടെ താളില്‍ (സ്ട്രീം) തന്നെ ലഭ്യമാകുന്നു.

നമ്മള്‍ ഡയാസ്പൊറയില്‍ പോസ്റ്റ് ചെയ്യുന്ന വിവരങ്ങള്‍ ഫേസ്‌ബുക്ക്, ട്വിറ്റര്‍, ടംബ്ലര്‍, വേര്‍ഡ്പ്രസ്സ് തുടങ്ങി മറ്റു സേവനങ്ങളിലേയ്ക്കും ഒരേ സമയം പോസ്റ്റ് ചെയ്യാനുള്ള സൌകര്യവും ഡയാസ്പൊറയിലൊരുക്കിയിട്ടുണ്ട്. ഒറ്റയടിക്ക് ഈ സേവനങ്ങളെല്ലാം വിട്ട് വരാന്‍ പറ്റാത്ത ഉപയോക്താക്കളെ ലക്ഷ്യമിട്ടാണിത്.

ഡയാസ്പൊറയെപ്പറ്റി കൂടുതലറിയാന്‍ diasporafoundation.org സന്ദര്‍ശിക്കുക. ഡയാസ്പൊറ സോഫ്റ്റ്‌വെയറും വെബ്‌സൈറ്റും മലയാളത്തില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. താത്പര്യമുള്ളവര്‍ [email protected] എന്ന ഡയാസ്പൊറ വിലാസത്തില്‍ ഡയാസ്പൊറ വഴി ബന്ധപ്പെടാം.

സ്വകാര്യ കമ്പനികള്‍ നടത്തുന്ന മറ്റു സേവനങ്ങള്‍ക്കുള്ള സ്വതന്ത്ര ബദലുകളെ പരിചയപ്പെടുത്താം:

ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയാനായി

startpage.com/privatesearch.net – ഗൂഗിള്‍ നമ്മളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാതെ തന്നെ ഗൂഗിള്‍ ഉപയോഗിക്കാനുള്ള വഴി
ixquick.com – സ്വകാര്യമായി കാര്യങ്ങള്‍ തിരയാനായി ഗൂഗിളിനു് ബദലായി ഉപയോഗിക്കാം

ഈമെയില്‍ സേവനങ്ങള്‍ക്ക് (ജിമെയിലിനൊരു ബദല്‍)

autistici.org – ഇറ്റലിയിലെ കൂട്ടായ്മ നടത്തുന്ന സേവനം. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചു് സ്വകാര്യതയ്ക്കു് വേണ്ടി പൊരുതുന്നവര്‍ നടത്തുന്ന സേവനം
riseup.net – അമേരിക്കയിലെ ഇതുപോലെരു കൂട്ടായ്മ നടത്തുന്ന സേവനം.

എന്നാല്‍ ജി മെയില്‍ തരുന്ന എല്ലാ സൌകര്യങ്ങളുടെ ലഭ്യമാകാന്‍ ഇനിയും സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. mailpile.is ഇതിനായുള്ളൊരു സജീവ ശ്രമമാണ്. മറ്റൊരു സ്വതന്ത്ര സോഫ്റ്റ്‌വെയറായ റൌണ്ട്ക്യൂബില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളും സജീവമാണു്.

ചാറ്റ് (വാട്ട്സ്ആപ്പിനുള്ള ബദലുകള്‍)

textsecure – ഡാറ്റാ കണക്ഷന്‍ ഉള്ളപ്പോള്‍ അതിലൂടെയും  അല്ലാത്തപ്പോള്‍ എസ് എം  എസിലൂടെയും  ടെക്സ്റ്റ് മെസേജുകള്‍ കൈമാറാന്‍ സഹായിക്കുന്ന ഒരു അപ്ലിക്കേഷന്‍ – ഇത് പൂര്‍ണ്ണമായും  സ്വതന്ത്രസോഫ്റ്റ്‌‌വെയറാണ്.
kontalk.org – അടുത്ത പതിപ്പിലേ ഇന്ത്യയില്‍ നിന്നുള്ള ഉപയോക്താക്കള്‍ക്ക് ചേരാനാകൂ.
telegram.org – രഹസ്യ ചാറ്റുകള്‍ വഴി സ്വകാര്യത ഉറപ്പാക്കാമെങ്കിലും പൂര്‍ണ്ണമായും സ്വതന്ത്രമല്ല

എക്സ്എംപിപി/ജാബര്‍ പ്രോട്ടോക്കോള്‍ ഉപയോഗിക്കുന്ന സേവനങ്ങള്‍

autisitici.org, yax.im, dukgo.com മുതലായവ

ഗൂഗിള്‍ ടോക്ക് വഴിയും മറ്റ് ജാബര്‍ ഉപയോക്താക്കളുമായി സംസാരിക്കാം. പക്ഷേ പഴയ ഗൂഗിള്‍ ടോക്ക് അപ്ലിക്കേഷനോ ജിറ്റ്സി (jitsi), ക്സാബര്‍ (xabber), ചാറ്റ്സെക്യുവര്‍ (chatsecure) തുടങ്ങിയ സോഫ്റ്റ്‌വെയറുകളോ ഉപയോഗിക്കേണ്ടി വരും (ഹാങ്ങ്ഔട്ടില്‍ മറ്റു് സേവനദാതാക്കളുമായി സംസാരിക്കാനുള്ള സൌകര്യം എടുത്തുമാറ്റിയിട്ടുണ്ടു്). OTR (off the record) എന്ന സംവിധാനം ഉപയോഗിച്ചു് സ്വകാര്യത ഉറപ്പാക്കാം. മുകളില്‍ പറഞ്ഞ സോഫ്റ്റ്‌വെയറുകളില്‍ ഈ സൌകര്യം ഉണ്ടു്.

ഓഡിയോ വീഡിയോ കോണ്‍ഫറന്‍സ്

ജിറ്റ്സി സോഫ്റ്റ്‌വെയര്‍ വഴിയോ http://meet.jit.si എന്ന സേവനം വഴിയോ. ഗ്രൂപ്പ് ചാറ്റുകള്‍ക്ക് ഐആര്‍സി (ഇന്റര്‍നെറ്റ് റിലേ ചാറ്റ്) ഉപയോഗിക്കാം.

ഗൂഗിള്‍ ഡോക്സിനു് ബദല്‍

pad.riseup.net എതര്‍പാഡ് സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ചു് പ്രവര്‍ത്തിക്കുന്ന സേവനം
ethercalc.org സ്പ്രെഡ്ഷീറ്റുകള്‍ കൂട്ടായി ഉപയോഗിക്കാന്‍

prism-break.org പല സേവനങ്ങള്‍ക്കുമുള്ള സ്വതന്ത്ര ബദലുകളുടെ ശേഖരം.

[1] https://www.softwarefreedom.org/events/2011/fosdem/moglen-fosdem-keynote.html
[2] http://www.kickstarter.com/projects/196017994/diaspora-the-personally-controlled-do-it-all-distr

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

2 thoughts on “ജനാധിപത്യ സമൂഹമാധ്യമങ്ങള്‍, സ്വതന്ത്ര ബദലുകളിലേക്ക് കൂട് മാറാൻ സമയമായി

  1. ക്ഷമിക്കണം …. തിരുത്തിയിട്ടുണ്ട് …

  2. ലേഖകന്റെ പേര് : പ്രവീണ്‍ അരിമ്പ്രാതൊടിയില്‍ എന്നാണ്. തിരുത്തുമല്ലോ :)

Leave a Reply

Previous post മുല്ലപ്പെരിയാര്‍ സുപ്രീംകോടതിവിധിക്കുശേഷം എന്ത്‌?
Next post എഡ്വേര്‍ഡ് ജെന്നര്‍ (1749-1823)
Close