മുല്ലപ്പെരിയാര്‍ സുപ്രീംകോടതിവിധിക്കുശേഷം എന്ത്‌?

2006ലെ വിധിക്കുശേഷം കേരള ഗവണ്‍മെന്റ്‌ ചെയ്യേണ്ടിയിരുന്നത്‌, അണക്കെട്ടുകളെക്കുറിച്ചുള്ള ലോകകമ്മീഷന്റെ നിഗമനങ്ങളും, കാലപ്പഴക്കം ചെന്ന അണക്കെട്ടുകള്‍ ഡികമ്മിഷന്‍ ചെയ്യേണ്ടതാണെന്ന ലോകാഭിപ്രായവും, പഴയ അണക്കെട്ടുകള്‍ തകര്‍ന്ന്‌ ഉണ്ടായ ദുരന്തങ്ങളും വിശദമായി നിരത്തിക്കൊണ്ട്‌ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടസാധ്യതയെപ്പറ്റി ലോകാഭിപ്രായം വളര്‍ത്തിയെടുക്കുകയായിരുന്നു.

2014 മെയ്‌ 8ന്‌ മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി കേരളത്തിന്‌ വലിയ തിരിച്ചടി ആയിരിക്കുന്നു. ജലാശയത്തിലെ ജലനിരപ്പിന്‌ ഇപ്പോഴുള്ള പരിധിയായ 136 അടി (41.45മീ.) യില്‍ നിന്ന്‌ 142അടി (46.33മീ) ആയി ഉയര്‍ത്താനുള്ളതൊഴിച്ച്‌ വിധിയിലെ മറ്റുള്ളതെല്ലാം, ഈ പ്രശ്‌നത്തെപ്പറ്റി സാങ്കേതികമായും നിഷ്‌പക്ഷമായും പഠിച്ചവരെല്ലാം പ്രതീക്ഷിച്ചതുതന്നെയാണ്‌. കാരണം, കേരള ഗവണ്‍മെന്റ്‌ ഉടനീളം പ്രശ്‌നത്തിന്റെ പാരിസ്ഥിതികവും സാങ്കേതികവും ആയവയടക്കം എല്ലാ വശങ്ങളും സമചിത്തതയോടെ പഠിക്കാതെ, വൈകാരികമായി കണ്ടുകൊണ്ട്‌ തീരുമാനങ്ങള്‍ എടുക്കുകയാണ്‌ ഉണ്ടായിട്ടുള്ളത്‌.

കേരള ഗവണ്‍മെന്റിന്‌ 1970 മുതല്‍ ഉണ്ടായ വീഴ്‌ചകള്‍ താഴെ സൂചിപ്പിക്കുന്നു:
1) 1886ലെ കരാറിലെ വ്യവസ്ഥകള്‍ക്ക്‌ വിരുദ്ധമായി, അന്നത്തെ മദിരാശി ഗവണ്‍മെന്റ്‌ 1909ല്‍ വൈദ്യുതി ഉല്‍പ്പാദനം തുടങ്ങിയപ്പോള്‍, അതിനെതിരായി തിരുവിതാംകൂര്‍ ഗവണ്‍മെന്റ്‌ സമര്‍പ്പിച്ച പരാതിയിന്മേല്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ നിയുക്തനായ അമ്പയറായ നളിനീരഞ്‌ജന്‍ ചാറ്റര്‍ജി, 1949ല്‍ വൈദ്യുതി ഉല്‍പ്പാദനം കരാര്‍ലംഘനമാണെന്ന്‌ വിധിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തിവെപ്പിക്കാനും, കരാര്‍ റദ്ദാക്കാനും ശ്രമിച്ചില്ലെന്നു മാത്രമല്ല, 1970ല്‍ മറ്റൊരു കരാറില്‍ ഒപ്പുവെയ്‌ക്കുകയാണ്‌ കേരള ഗവണ്‍മെന്റ്‌ ചെയ്‌തത്‌. ഇതോടുകൂടി, 1886ലെ കരാര്‍ റദ്ദാക്കാനോ മാറ്റം വരുത്താനോ ഉള്ള എല്ലാ അധികാരവും കേരളസര്‍ക്കാര്‍ നഷ്ടപ്പെടുത്തി.

2. 1979ല്‍ കേന്ദ്രജല കമ്മീഷന്‍ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള മൂന്നംഗകമ്മിറ്റി അണക്കെട്ട്‌ ദുര്‍ബലമാണെന്നു കാണുകയും അതിന്റെ അടിസ്ഥാനത്തില്‍ തല്‍ക്കാലം ചില സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താനും ശുപാര്‍ശ ചെയ്‌തു. കൂടാതെ, ദീര്‍ഘകാല നടപടികളുടെ ഭാഗമായി, പുതിയൊരു അണക്കെട്ട്‌ നിര്‍മിക്കുന്ന കാര്യം പരിഗണിച്ചു. ഇതനുസരിച്ച്‌ തമിഴ്‌നാട്‌ ചീഫ്‌ എഞ്ചിനീയറായിരുന്ന മോഹനകൃഷ്‌ണനടക്കമുള്ള വിദഗ്‌ധ സംഘം പുതിയ അണക്കെട്ടിനുള്ള സ്ഥലപരിശോധന നടത്തുകയും ചെയ്‌തു. എന്നാല്‍, വനം – പരിസ്ഥിതി വകുപ്പിന്റെ അനുമതി കിട്ടുവാന്‍ കാലതാമസം വരുമെന്ന കാരണം പറഞ്ഞ്‌ തുടര്‍ നടപടികള്‍ എടുത്തില്ല.

3.ബലഹീനമെന്ന്‌ 1979ല്‍ കേന്ദ്ര കമ്മീഷന്‍ വിലയിരുത്തിയ ബേബിഡാമില്‍ ഒരു മാറ്റവും വരുത്താതെ അപകടകരമായി തന്നെ നിലനില്‍ക്കുന്നു. ഇത്‌ ബലപ്പെടുത്തിയതിനുശേഷമേ, ജലനിരപ്പ്‌ 136 അടിക്കുമേല്‍ ഉയര്‍ത്താവൂ എന്നായിരുന്നു കമ്മീഷന്‍ ശുപാര്‍ശ. ഇതവഗണിച്ച്‌ ജലനിരപ്പ്‌ 142 അടിയാക്കാമെന്ന്‌ വിധിച്ച സുപ്രീംകോടതി നിലപാടിനെ ഫലപ്രദമായി നേരിടാന്‍ കേരളത്തിന്‌ കഴിഞ്ഞില്ല.

4. സാധാരണ വലിയ അണക്കെട്ടുകളുടെ പ്രതീക്ഷിതായുസ്സ്‌ 50 മുതല്‍ 70 വര്‍ഷം വരെ ആണെന്നാണ്‌ യു.എസ്‌.എ അടക്കമുള്ള പല രാജ്യങ്ങളും കണക്കാക്കുന്നത്‌. 1950നു ശേഷം 1000ല്‍ അധികം പഴയ അണക്കെട്ടുകള്‍ ഡീകമ്മിഷന്‍ ചെയ്യുകയോ, പൊളിച്ചു മാറ്റുകയോ ചെയ്‌തിട്ടുണ്ട്‌. അണക്കെട്ടുകളെക്കുറിച്ച്‌ പഠിച്ച ലോകകമ്മീഷന്‍ (Word Commission on Dams) 2000ത്തില്‍ പ്രസിദ്ധീകരിച്ച “Dam Development” എന്ന റിപ്പോര്‍ട്ടില്‍ വലിയ അണക്കെട്ടുകളുടെ അപകടസാധ്യതകളില്‍ ഒന്നായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്‌ കാലപ്പഴക്കം മൂലമുണ്ടാകുന്ന അപകടമാണ്‌. ഇന്ത്യയില്‍ തന്നെ കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഖഡക്‌വാസ്‌ല, മോര്‍വി, ടിഗ്ര തുടങ്ങിയ അണക്കെട്ടുകള്‍ തകര്‍ന്ന്‌ ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.

5. 2006 ഫെബ്രുവരിയിലെ സുപ്രീംകോടതിവിധി വന്നപ്പോള്‍ അതിനെ ദുര്‍ബലമാക്കാനാണെന്നു തോന്നും വിധം ധൃതിപിടിച്ച്‌ 2006 മെയില്‍ കേരള ജലസേചന ജലസംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി ഡാം സേഫ്‌ടി അഥോറിട്ടി ഉണ്ടാക്കി മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സുരക്ഷിതമല്ല എന്നു പ്രഖ്യാപിച്ചത്‌ സുപ്രീംകോടതിയോടുള്ള വെല്ലുവിളിയായി.

6. സ്‌പില്‍വേയുടെ ഉച്ചിയുടെ നിരപ്പ്‌ 136 അടിയും ഷട്ടറുകളുടെ ഉയരം 16 അടിയുമാണ്‌. അതുകൊണ്ട്‌, ജലനിരപ്പ്‌ 142 അടിയാക്കാന്‍ വേണ്ടി ഷട്ടറുകള്‍ താഴ്‌ത്തിയാല്‍ ജലനിരപ്പ്‌ 136+16=152 അടിയിലും മീതെയാകും. അതിനാല്‍ ജലനിരപ്പ്‌ 142 അടിയായി നിജപ്പെടുത്താം എന്ന കോടതിവിധി നടപ്പാക്കുക പ്രായോഗികമായി ബുദ്ധിമുട്ടുള്ളതാണ്‌. ഇത്‌ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ കേരള ഗവണ്‍മെന്റിന്‌ കഴിയാതെ പോയി.
മേല്‍പ്പറഞ്ഞ വീഴ്‌ചകള്‍ക്കു പുറമെ, കേരള ശാസ്‌ത്രസാഹിത്യ പരിഷത്തടക്കമുള്ള പല സംഘടനകളും മുന്നോട്ടുവെച്ച ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കാതെ പുതിയൊരണക്കെട്ട്‌ എന്ന ഒറ്റപോയിന്റ്‌ അജണ്ടയുമായി കേരള സര്‍ക്കാര്‍ മുന്നോട്ടുപോയി. പുതിയ അണക്കെട്ടിന്റെ നിര്‍മാണത്തിനുവേണ്ടി മരം മുറിച്ചുമാറ്റുന്നതും, വലിയ യന്ത്രങ്ങള്‍ റിസര്‍വ്‌ വനത്തില്‍ പ്രവര്‍ത്തിക്കുന്നതും, നിരവധി പണിക്കാര്‍ നാലഞ്ചുകൊല്ലം പദ്ധതി പ്രദേശത്ത്‌ താമസിക്കുന്നതും അടക്കമുള്ള ഒട്ടു വളരെ പരിസ്ഥിതി നാശങ്ങള്‍ അവഗണിച്ചു. ഇത്‌ പുതിയ അണക്കെട്ട്‌ എന്ന ഒറ്റ പോയിന്റ്‌ അജണ്ടയെ തളര്‍ത്തുന്നതായി.

mullaperiyar2006ലെ വിധിക്കുശേഷം കേരള ഗവണ്‍മെന്റ്‌ ചെയ്യേണ്ടിയിരുന്നത്‌, അണക്കെട്ടുകളെക്കുറിച്ചുള്ള ലോകകമ്മീഷന്റെ നിഗമനങ്ങളും, കാലപ്പഴക്കം ചെന്ന അണക്കെട്ടുകള്‍ ഡികമ്മിഷന്‍ ചെയ്യേണ്ടതാണെന്ന ലോകാഭിപ്രായവും, പഴയ അണക്കെട്ടുകള്‍ തകര്‍ന്ന്‌ ഉണ്ടായ ദുരന്തങ്ങളും വിശദമായി നിരത്തിക്കൊണ്ട്‌ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടസാധ്യതയെപ്പറ്റി ലോകാഭിപ്രായം വളര്‍ത്തിയെടുക്കുകയായിരുന്നു. സൈലന്റ്‌വാലി പ്രശ്‌നത്തില്‍ പരിസ്ഥിതി സംഘടനകള്‍ ചെയ്‌തത്‌ ഇതാണ്‌. കൂടാതെ വെള്ളപ്പൊക്കത്തെപ്പറ്റിയുള്ള ദില്ലി ഐ.ഐ.ടിയുടെ പഠനറിപ്പോര്‍ട്ടും, 2000 മുതല്‍ ഇടയ്‌ക്കിടെ അണക്കെട്ട്‌ പ്രദേശത്ത്‌ ഉണ്ടായ ഭൂചലനങ്ങളുടെ ഡാറ്റയും നിരത്തി, അണക്കെട്ടിന്റെ സുരക്ഷയെപ്പറ്റി പഠനം നടത്താന്‍ ഒരു അന്താരാഷ്ട്ര വിദഗ്‌ധസംഘത്തെ നിയമിക്കാന്‍ കേന്ദ്രഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യണമായിരുന്നു. ഇത്തരം ഒരു കമ്മീഷന്റെ റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നെങ്കില്‍ സുപ്രീംകോടതിക്ക്‌ റൂര്‍ക്കി സര്‍വകലാശാലയുടേയും, ദില്ലി ഐ.ഐ.ടിയുടേയും പഠനങ്ങള്‍ അവഗണിക്കുവാന്‍ കഴിയുമായിരുന്നില്ല.

സുപ്രീംകോടതി വിധിയിലെ ഒരു രജതരേഖ, രണ്ടു ഗവണ്‍മെന്റുകളും യോജിച്ച്‌ ഒരു നിര്‍ദേശം വെയ്‌ക്കുകയാണെങ്കില്‍ അത്‌ പരിഗണിക്കാം എന്ന പരാമര്‍ശമാണ്‌. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ അണക്കെട്ട്‌ എന്ന ഒറ്റ പോയിന്റ്‌ അജണ്ട തല്‍ക്കാലം മാറ്റിവെച്ച്‌, അണക്കെട്ടിന്റെ അപകടസാധ്യതയെപ്പറ്റിയും ഘട്ടം ഘട്ടമായി അണക്കെട്ട്‌ ഡീകമ്മിഷന്‍ ചെയ്യുന്നതിനെപ്പറ്റിയും, അതേ സമയം തമിഴ്‌നാടിന്‌ ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന അളവില്‍ വെള്ളം തടസ്സം കൂടാതെ തുടര്‍ച്ചയായി ലഭിക്കാനുള്ള മാര്‍ഗങ്ങളെപ്പറ്റിയും തുറന്ന മനസ്സോടെ തമിഴ്‌നാടുമായി സൗഹൃദാന്തരീക്ഷത്തില്‍ ചര്‍ച്ചകള്‍ നടത്തി സംയുക്തമായി ഒരു പരിഹാരനിര്‍ദേശം സുപ്രീംകോടതി മുമ്പാകെ വെയ്‌ക്കുവാനുള്ള സാധ്യതകള്‍ ആരായുകയാണ്‌ കേരള ഗവണ്‍മെന്റ്‌ ഉടന്‍ ചെയ്യേണ്ടത്‌. കൂടാതെ മുല്ലപ്പെരിയാര്‍, ഇടുക്കി ചെറുതോണി, കുളമാവ്‌ എന്നീ അണക്കെട്ടുകള്‍ക്കു താഴെയുള്ള പ്രദേശങ്ങളില്‍ ദുരന്തനിവാരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം. അല്ലാതെ, തുടര്‍ച്ചയായി ജനങ്ങളെ പരിഭ്രാന്തരാക്കുകയും, അവരെ വ്യര്‍ഥമായ പ്രക്ഷോഭത്തിലേക്ക്‌ വലിച്ചിഴയ്‌ക്കുകയുമല്ല വേണ്ടത്‌.
ഡോ.എ.അച്യുതന്‍

Leave a Reply