Home » സാമൂഹികം » ക്ഷമിക്കൂ! കുറുക്കുവഴികൾ ഇല്ല

ക്ഷമിക്കൂ! കുറുക്കുവഴികൾ ഇല്ല

മാദ്ധ്യമങ്ങൾ ജനവിരുദ്ധനയങ്ങൾക്കു പിന്തുണ സൃഷ്ടിക്കാനുള്ള കോർപ്പറേറ്റ് ചട്ടുകങ്ങൾ ആകുന്ന പുതിയകാലത്ത് ആ വിപത്തിനെ പ്രതിരോധിക്കാനും ജനപക്ഷമാദ്ധ്യമസമീപനങ്ങളിലേക്ക് അവയെ മടക്കിക്കൊണ്ടുവരാനും ജനകീയ ഇടപെടലുകൾക്ക് ആകുമോ? ക്ഷിപ്രസാദ്ധ്യമല്ലെങ്കിലും അസാദ്ധ്യമല്ലാത്തവ എന്നു ലേഖകൻ കരുതുന്ന ചില പോംവഴികൾ ചർച്ചയ്ക്കുവയ്ക്കുകയാണ് ഇവിടെ.

വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്നതുപോലെ പേനയോ മൈക്കോ എടുക്കുന്നവരെല്ലാം മാദ്ധ്യമവിമർശകരാകുന്ന കാഴ്ചയാണു സർവ്വത്ര. ഇതുപോലെതന്നെയുള്ള മറ്റൊരു പ്രവണതയാണ് സകല ലൊട്ടുലൊടുക്കു സംഘടനക്കാരും മാദ്ധ്യമപുരസ്ക്കാരങ്ങൾ നൽകുന്നത്. എല്ലാ മാദ്ധ്യമത്തിൽനിന്നും ഓരോരുത്തർക്ക് പുരസ്ക്കാരം. അപ്പോൾ എല്ലാ ചാനലിലും പത്രത്തിലും വാർത്ത വരുമെന്ന് ഉറപ്പ്. അഞ്ചു കൊല്ലം പുരസ്ക്കാരം കൊടുത്തുകഴിയുമ്പോഴേക്ക് കുറഞ്ഞത് 50 പത്രക്കാർ സ്വാധീനത്തിലാകും. വല്ല കൊള്ളരുതായ്മയും കാണിച്ചാൽ അവർ കാത്തോളും എന്ന വ്യാമോഹക്കാരും കുറവല്ല.
സമൂഹത്തിൽ വാർത്താ-വിനോദ മാദ്ധ്യമങ്ങളുടെ സ്വാധീനം അത്രയ്ക്കു ശക്തമായിരിക്കുന്നു എന്നതിന്റെ സാക്ഷ്യമാണിത്. വാളെടുത്തവരുടെ ഉപമ ഒന്നുകൂടി പ്രയോഗിച്ചോട്ടെ. നാലു കാശുണ്ടായാലുടൻ റ്റിവി ചാനലോ വാരികയോ മാസികയോ, കുറഞ്ഞപക്ഷം ഒരു വെബ് മാഗസീനോ തുടങ്ങണം എന്ന ചിന്തയും സമൂഹത്തിൽ സാധാരണമായിരിക്കുന്നു.
ഇതൊരു സവിശേഷ സാഹചര്യമാണ്. മാദ്ധ്യമങ്ങൾ പെരുകുക, അവയുടെ ലഭ്യത ഉയരുക, സ്വാധീനം വളരുക, അവയുടെ ഉള്ളടക്കത്തോട് ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടാകുക, സമൂഹം അവയോടു പ്രതികരിച്ചുതുടങ്ങുക, നാലാളു കൂടുന്നിടത്തെല്ലാം ഏതു വിഷയം ചർച്ചചെയ്താലും മാദ്ധ്യമവിമർശത്തിൽ എത്തിച്ചേരുക,… സാമൂഹികമാദ്ധ്യമങ്ങൾ (social media) പൊതുസമൂഹത്തിനു പ്രതികരിക്കാനുള്ള വേദികളൊരുക്കിയതോടെ മുമ്പു മാദ്ധ്യമങ്ങൾ അവസരം പരിമിതപ്പെടുത്തിയിരുന്ന ഇത്തരം വിമർശങ്ങൾ ധാരാളമായി പുറത്തുവരാനും തുടങ്ങിയിരിക്കുന്നു.
ഈ സാഹചര്യത്തിൽ പൊതുസമൂഹത്തിനു ഫലപ്രദമായി എന്തു ചെയ്യാനുണ്ട്? സാമൂഹിക ഉത്തരവാദിത്തമുള്ളവർക്ക് അതെങ്ങനെ നിറവേറ്റാനാകും? ഈ ആലോചന വളരെ കാലികവും പ്രസക്തവും ആണെന്നു തോന്നുന്നു.
മാദ്ധ്യമങ്ങളുടെ ബാല്യകൗമാരങ്ങൾ
മാദ്ധ്യമങ്ങൾക്കു നിയന്ത്രണം വേണം, പെരുമാറ്റച്ചട്ടം വേണം, സെൻസർഷിപ് വേണം എന്നെല്ലാം പല കേന്ദ്രങ്ങളും പറഞ്ഞുതുടങ്ങിയിട്ട് കുറച്ചുനാളായി. എന്നാൽ, എന്തൊക്കെ കുഴപ്പങ്ങളുണ്ടെങ്കിലും മാദ്ധ്യമങ്ങൾക്കുമേൽ ഏതുതരം നിയന്ത്രണം കൊണ്ടുവരുന്നതും പൗരാവകാശങ്ങളിൽ ഒന്നായ പത്രസ്വാതന്ത്ര്യത്തിന്, അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം ആകുമെന്നും അത് ആത്യന്തികമായി ജനാധിപത്യത്തിനുതന്നെ കോടാലിയാകുമെന്നും മറ്റൊരുപക്ഷം മുന്നറിയിപ്പും നൽകുന്നു. അപ്പോൾപ്പിന്നെ എന്താണു പ്രശ്നപരിഹാരം?
നിലപാടെടുക്കുന്നതിനു മുമ്പ് ഇന്നത്തെ മാദ്ധ്യമങ്ങളുടെ സ്വഭാവം ഒന്നു വിശകലനം ചെയ്യാം.
സർക്കാരുകളുടെ വിളംബരങ്ങളെയും അറിയിപ്പുകളെയും ഗസറ്റുകളെയും ഒക്കെ മാറ്റിനിർത്തി, നാട്ടുവർത്തമാനങ്ങൾ ജനങ്ങളെ അറിയിക്കാൻ രൂപംകൊണ്ട പത്രങ്ങൾ മുതലുള്ള മാദ്ധ്യമങ്ങളുടെ ചരിത്രം എടുത്താൽ അത് എക്കാലത്തും ലാഭം നേടാനുള്ള സംരംഭങ്ങൾ ആയിരുന്നു.
ഇതിനിടയിൽ സ്വാതന്ത്ര്യപ്രക്ഷോഭങ്ങൾ, വിപ്ലവങ്ങൾ, മറ്റു സാമൂഹികപരിഷ്ക്കാരങ്ങൾ, ചില ആശയങ്ങളുടെ പ്രചാരണം തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ നടത്തപ്പെട്ട പത്രമാദ്ധ്യമങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ, അവയ്ക്കും ഒരു സാമ്പത്തികവശം ഉണ്ടായിരിക്കും. അതിനുള്ള മൂലധനവും പ്രവർത്തനച്ചെലവും ആരുടെയെങ്കിലും ത്യാഗപൂർണ്ണമായ സംഭാവനയോ ജനങ്ങളിൽ നിന്നു പിരിക്കുന്ന സംഭാവനകളോ മറ്റു പ്രവർത്തനങ്ങളിലൂടെ സമാഹരിക്കുന്ന ധനമോ വഴി കണ്ടെത്തുകയായിരിക്കും.
എങ്കിലും പൊതുവിൽ ഇലക്ട്രോണിക് ദൃശ്യമാദ്ധ്യമങ്ങളുടെ വരവിനുമുമ്പ് അരങ്ങുവാണിരുന്ന പത്ര-ആനുകാലികപ്രസിദ്ധീകരണങ്ങളുടെ കാര്യത്തിൽ കുറേക്കാലം മുമ്പുവരെ വരുമാനം അതിന്റെ വിറ്റുവരവിൽനിന്ന് ആയിരുന്നു. ഉപഭോക്താവു നല്കുന്ന വില. വിപണിയുടെ ശക്തികൾ പ്രചരിപ്പിക്കുന്ന സമ്മോഹനമുദ്രാഗീതകം കടമെടുത്തു പറഞ്ഞാൽ, ‘വിപണിയുടെ അധിപരാ’യ സാക്ഷാൽ ഉപഭോക്താക്കൾ എന്ന വായനക്കാർ. അവിടെ വായനക്കാർ അവർക്കു വായിക്കാൻ ഇഷ്ടമുള്ളതു കൊടുക്കുന്ന പ്രസിദ്ധീകരണം വാങ്ങും. അപ്പോൾ കൂടുതൽ വായനക്കാർ ഇഷ്ടപ്പെടുന്നതു നൽകണം. തികച്ചും ജനാധിപത്യപരം!
ആളുകളിലേക്കു വിവരങ്ങൾ എത്തുന്ന മാദ്ധ്യമത്തിൽ സ്വന്തം ഉല്പന്നത്തെയോ സേവനത്തെയോ പറ്റിയുള്ള വിവരങ്ങൾ ഉൾപ്പെടുത്താൻ കഴിഞ്ഞാൽ അവയുടെ കച്ചവടം കൂട്ടാമല്ലോ എന്നു ചിന്തിച്ച മറ്റു സംരംഭകർ പത്രങ്ങളെ അതിനുകൂടി ഉപയോഗിക്കാനുള്ള സാദ്ധ്യത തേടിത്തുടങ്ങിയതോടെ പണം പറ്റിക്കൊണ്ടുള്ള ഉള്ളടക്കം പത്രത്തിൽ ഇടം നേടി. അങ്ങനെ പരസ്യം പത്രങ്ങളുടെ രണ്ടാമത്തെ വരുമാനസ്രോതസായി.
അപ്പോഴും, കൂടുതൽ പേർ വായിക്കുന്ന പത്രത്തിലേക്കേ കൂടുതൽ പേർ പരസ്യം നൽകൂ എന്നതിനാലും ഉയർന്ന പരസ്യക്കൂലി കിട്ടൂ എന്നതിനാലും പത്രവ്യവസായികൾ സ്വന്തം പത്രം കൂടുതൽ പേരെക്കൊണ്ടു വായിപ്പിക്കുവാൻ വായനക്കാരുടെ (ഉപഭോക്താവിന്റെ) ഇഷ്ടത്തിനനുസരിച്ച ഉള്ളടക്കം കൂടുതൽ ആകർഷകമായി നൽകാൻ തയ്യാറായി. ചുവരുണ്ടെങ്കിലല്ലേ ചിത്രമെഴുതാനാവൂ എന്ന സാമാന്യയുക്തി അന്നും ഉപഭോക്താക്കളെ ‘വിപണിയുടെ അധിപരാ’ക്കി നിലനിർത്തി.
അത്യാഗ്രഹം ആപത്താണെന്നു വിശ്വസിച്ചിരുന്ന സമൂഹമായിരുന്നു അന്നത്തേത്. ‘പണക്കാരനായി മാറാത്തതു നിങ്ങളുടെ മാത്രം കുറ്റമാണെ’ന്നു പഠിപ്പിക്കുന്ന പരസ്യക്കാരുടെ മുതലാളിത്തമൂല്യങ്ങൾ ജന്മിത്തമൂല്യങ്ങൾ നിലനിന്ന സമൂഹത്തിലേക്ക് അന്നു കടന്നുവന്നിരുന്നില്ലല്ലോ.
ലാഭം, ലാഭം, അതിലാഭം, ആരെ കൊന്നിട്ടായാലും പണം എന്നെല്ലാമുള്ള മുതലാളിത്തചിന്തകൾ വേരുറച്ചതോടെ പത്രവ്യവസായത്തിന്റെയും സ്വഭാവം മാറി. ഒപ്പം മുതലാളിത്തവും വളർന്നു. മത്സരം വളർന്നു. വിപണനതന്ത്രങ്ങൾ ഗവേഷണവിഷയങ്ങളായി. പരസ്യം തന്നെ വ്യവസായമായി. ധനം കുന്നുകൂടിത്തുടങ്ങി. ധനികരും ദരദ്രരും തമ്മിലുള്ള അന്തരം വളർന്നു. മുതലാളിമാർ കുത്തകകളാകാൻ മത്സരിച്ചു. കോർപ്പറേറ്റു മുതലാളിത്തം എന്ന പുതിയ മൂലധന അവതാരം ഉണ്ടായി.
സാമ്രാജ്യത്ത്വം മുതലാളിത്തത്തിന്റെ വ്യാപനോപാധിയായി. പലതരം അധിനിവേശങ്ങളും സമ്മർദ്ദങ്ങളും വഴി മുതലാളിത്തത്തെ ആഗോളീകരിച്ചു. ഭരണകൂടങ്ങൾ അവരുടെ ഒത്താശക്കാരായി. ഒടുവിൽ അവരുടെ ധനശക്തിയുടെ ഉച്ഛിഷ്ടത്തിനു വാലാട്ടുന്ന ദാസരായി. പൊതുസമൂഹത്തിന്റെ ഒറ്റുകാരായി. അതോടെ രാജ്യങ്ങളുടെ (ജനങ്ങളുടെ) പൊതുസ്വത്തായ പ്രകൃതിവിഭവങ്ങൾ – മണ്ണും വെള്ളവും എണ്ണയും കൽക്കരിയും പൊതുമേഖലയും ആശയവിനിമയാസ്തിയായ സ്പെക്ട്രം പോലുള്ള നവവിഭവങ്ങളുമെല്ലാം – കോർപ്പറേറ്റ് മുതലാളിമാർക്കു തീറെഴുതി. അതെല്ലാം വിഴുങ്ങി അവർ ആർത്തിപ്പണ്ടാരങ്ങളായ ഭൂമിയെയാകെ വിഴുങ്ങുന്ന ഭീകരസത്വങ്ങളായി വളർന്നുകൊണ്ടിരിക്കുന്നു!
ഈ മാറ്റത്തിന്റെ സകലസ്വഭാവവിശേഷങ്ങളും പത്രമാദ്ധ്യമങ്ങളുടെ ഇക്കാലത്തെ വളർച്ചയിലും കാണാം.
പത്രധർമ്മം പരസ്യധർമ്മമായി
കാലത്തിനൊത്തു പത്രവും കോലം കെട്ടി. പരസ്യവരുമാനം കുതിച്ചുയർന്നുതുടങ്ങിയപ്പോൾ മുതലാളിത്തത്തിന്റെ അത്യാർത്തി ഉണർന്നു. പരസ്യക്കൂലി കൂട്ടാനും കൂടുതൽ പരസ്യം ആകർഷിക്കാനും പത്രവില്പന ഉയർത്തുന്നതിന് ഉള്ളടക്കം ‘നന്നാക്കുക’ എന്നതിനു പകരം ‘മോശമാക്കുക’ എന്നിടത്തേക്കാണു മിക്ക പ്രസാധകരും നീങ്ങിയത്.
മുമ്പൊന്നും പുസ്തകങ്ങളിലോ പത്ര-ആനുകാലികങ്ങളിലോ ഇടം നേടാൻ കഴിയാതെപോയിരുന്ന തരംതാണ സാഹിത്യം ഇക്കാലത്താണ് ആനുകാലികങ്ങളിലുംമറ്റും മഷി പുരണ്ടുതുടങ്ങുന്നത്. ‘പൈങ്കിളിസാഹിത്യം’ എന്ന് അധിക്ഷേപിക്കപ്പെട്ട ഇത്തരം എഴുത്തുകൾക്കായി നമ്മുടെ നാട്ടിൽ ആനുകാലികങ്ങൾപോലും എത്രയോ ഉണ്ടായി! അശ്ലീലതയും ഇതോടൊപ്പം അരങ്ങിലെത്തി. കച്ചവടം ലക്ഷ്യമാക്കിയുള്ള ഫോട്ടോകളും വരകളും താളുകളെ അലങ്കരിച്ചു. പുരുഷാധിപത്യസമൂഹത്തിന്റെ സാദ്ധ്യതകൾ മുതലാക്കാൻ ആനുകാലികങ്ങളും പെണ്ണിന്റെ പടം ആയുധമാക്കി. മുഖച്ചിത്രങ്ങൾ പെണ്മുഖങ്ങൾ മാത്രമായി.
അച്ചടിയും കെട്ടും മട്ടും എല്ലാം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നതോടൊപ്പം എഴുത്തു പ്രൊഫഷണലാക്കാൻ നടത്തിയ ശ്രമങ്ങൾ വാർത്തയെയും മറ്റ് ഉള്ളടക്കങ്ങളെയും ഉദ്വേഗജനകം (സെൻസേഷണൽ) ആക്കുന്നതിൽ കലാശിക്കുകയും ചെയ്തു. ഇതോടെ വാർത്തയുടെയും ഉള്ളടക്കത്തിന്റെയും ലക്ഷ്യം മാറി. ആളുകളെ അറിയേണ്ട കാര്യങ്ങൾ അറിയിക്കുക എന്നതിൽനിന്ന് ആളുകളെ പെട്ടെന്നു സ്വാധീനിക്കാൻ കഴിയുന്ന, മൃദുലവികാരങ്ങൾ ഉദ്ദീപിപ്പിച്ചു സ്വാധീനിക്കാൻ കഴിയുന്ന, സാമഗ്രികൾ പരമാവധി കുത്തിനിറയ്ക്കുക എന്നതിലേക്കു ‘പത്രധർമ്മം’ പുനർനിർവ്വചിക്കപ്പെട്ടു.
ഇതോടെ വിറ്റുവരവിനെ മറികടന്ന് പരസ്യവരുമാനം പ്രധാന വരുമാനസ്രോതസായി. ‘പത്രധർമ്മം’ പിന്നെയും പുനർനിർവ്വചിക്കപ്പെട്ടു. പരസ്യക്കാർ താല്പര്യപ്പെടുന്നതു പത്രത്തിൽ ഉൾപ്പെടുത്തുക എന്നതായി അത്. വായനക്കാർക്കു പകരം പരസ്യക്കാരായി ‘അധിപർ’. ഒരുപക്ഷേ, ഉപഭോക്താവ് വിപണിയുടെ അധിപർ അല്ലാതായ ആദ്യത്തെ സന്ദർഭമാകാം ഇത്. ഉല്പാദനച്ചെലവിനെക്കാൾ കുറഞ്ഞ വിലയ്ക്കു വിൽക്കാവുന്ന ആദ്യ ഉല്പന്നമായും പത്രം മാറി! പത്രം ഉള്ളടക്കപരമായി പൊതുസമൂഹത്തിൽനിന്ന് അന്യവത്ക്കൃതമായി.
ഇതിന് അവർ പുതിയ ഭാഷ്യങ്ങളും ചമച്ചു. തങ്ങൾ നൽകുന്നതൊക്കെയാണു ജനങ്ങൾ ഇഷ്ടപ്പെടുന്നതെന്ന്. എവിടയാണോ കിഴക്ക് അവിടെ സൂര്യൻ ഉദിക്കും എന്നതിനെ എവിടെയാണോ സൂര്യൻ ഉദിക്കുന്നത് അവിടം കിഴക്ക് എന്നു മറിച്ചിടുന്നതുപോലെയുള്ള കേവലയുക്തിയല്ല ഇതിലുള്ളത്. ദീർഘകാലം മയക്കുമരുന്നു കൊടുത്ത് അതിന് അടിമയാക്കിയ ഒരു സമൂഹത്തിൽ അവരുടെ പ്രധാന ആവശ്യം അരിയാണോ മയക്കുമരുന്നാണോ എന്നൊരു സർവ്വേ നടത്തിയാൽ മയക്കുമരുന്നാണ് എന്നു മഹാഭൂരിപക്ഷവും അഭിപ്രായപ്പെടുമെന്ന് ആർക്കാണറിയാത്തത്. ഇവിടെയും അതുതന്നെ.
ഇക്കിളിപ്പെടുത്തുന്ന വിശേഷങ്ങൾ വാരിക്കോരിക്കൊടുത്ത് മത്തരാക്കിയ സമൂഹത്തിനു വിലക്കയറ്റമോ പൊതുമേഖലയുടെ സ്വകര്യവത്ക്കരണമോ വിഭവചൂഷണമോ പരിസ്ഥിതിശോഷണമോ ഒന്നും താല്പര്യമുള്ള കാര്യങ്ങൾ അല്ലാതാകുകയും അത്തരം കാര്യങ്ങളോടും അത്തരം കാര്യങ്ങൾ പറയുന്ന പ്രസിദ്ധീകരണങ്ങളോടും വിരക്തി തോന്നുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാകുന്നതു സ്വാഭാവികമല്ലേ? അതാണിന്നു നമുക്കു സംഭവിച്ചിരിക്കുന്നത്.
‘സൗജന്യ’സേവനത്തിന്റെ നാനാർത്ഥം
അച്ചടിമാദ്ധ്യമങ്ങളിൽ ഈ പരിണാമങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് കാഴ്ചയുടെ മലവെള്ളപ്പാച്ചിലുമായി റ്റെലിവിഷൻ എന്ന ദൃശ്യമാദ്ധ്യമം കടന്നുവരുന്നത്. അവിടെയും വിപണിയുടെ ബലതന്ത്രം പൊതുവിൽ ഒന്നുതന്നെയെങ്കിലും അടിസ്ഥാനപരമായി ഒരു വ്യത്യാസമുണ്ട്. പണം കൊടുത്തു കാണേണ്ട അത്യപൂർവ്വം ചാനലുകൾ ഒഴികെ എല്ലാം വരിക്കാരിൽനിന്ന് ഒരു പൈസപോലും വങ്ങാതെയാണ് ‘വിനോദങ്ങളും വിവരങ്ങളും’ എല്ലാം നമുക്കു വീട്ടിൽ എത്തിച്ചുതരുന്നത്. സർവ്വത്ര സൗജന്യം!
എന്നുവച്ചാൽ, ഇവരുടെ വരുമാനം മുഴുവൻ പരസ്യത്തിൽ നിന്നാണെന്ന്. അച്ചടിമാദ്ധ്യമങ്ങളെക്കാൾ പലമടങ്ങു ചെലവേറിയ ഈ മാദ്ധ്യമം മുതലും പലിശയും നടത്തിപ്പുചെലവും ലാഭവുമെല്ലാം പരസ്യക്കാരിൽനിന്നാണു നേടുന്നത്. വിവിധ കമ്പനികൾ പരസ്യത്തിനു ചെലവാക്കുന്ന പണം മുഴുവൻ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നത് ആണെന്നിരിക്കെ, ഈ പണവും നമ്മുടെ പണം തന്നെ. (പരസ്യച്ചെലവും ചേർത്താണല്ലോ ഉല്പാദകർ വില നിശ്ചയിക്കുന്നത്.) എങ്കിലും റ്റെലിവിഷൻ നടത്തിപ്പുകാർക്ക് ആ ബോധം തീരെ ഇല്ല. അവരുടെ കടപ്പാടു മുഴുവൻ പരസ്യമുതലാളിമാരോടാണ്.
അതേസമയം പരമാവധി ജനങ്ങൾ സ്വന്തം ചാനൽ കാണുന്നു എന്ന് ഉറപ്പാക്കുകയും വേണം. അതു ബോദ്ധ്യപ്പെടുത്തിയാലേ കമ്പനികൾ പരസ്യം നൽകൂ. അപ്പോൾ ജനങ്ങൾ ഇഷ്ടപ്പെടുന്ന ഉള്ളടക്കം വേണം. ഇവിടെ ദൃശ്യമാദ്ധ്യമങ്ങളും സ്വീകരിച്ചത് അച്ചടിമാദ്ധ്യമങ്ങളുടെ വഴിതന്നെ: മൃദുലവികാരങ്ങൾ ചൂഷണം ചെയ്യുന്ന അശ്ലീലതയും പൈങ്കിളിത്തവും തരംതാണ തമാശകളും അക്രമവും എല്ലാം പരമാവധി പമ്പു ചെയ്ത് പ്രേക്ഷകരെ അടിമകളാക്കുക; എന്നിട്ട് അത് അവരുടെ ആവശ്യമാക്കി മാറ്റുക; അത് യഥേഷ്ടം വിളമ്പി കീശവീർപ്പിച്ചിട്ട് ‘ജനങ്ങൾ ഇഷ്ടപ്പെടുന്നത്’ എന്ന ന്യായം പറയുക.
പുരുഷൻ ഉപഭോക്താവായ വസ്തുക്കൾ പ്രചരിപ്പിക്കാൻ അവന്റെ ദൗർബ്ബല്യങ്ങൾ ചൂഷണം ചെയ്യുന്ന പരിപാടികൾ, സ്ത്രീ ഉപഭോക്താവായവയ്ക്ക് കണ്ണീരും അമ്മായിയമ്മപ്പോരും, യുവാക്കൾക്ക് ഇതിനെല്ലാം പുറമേ അക്രമവും ‘അടിപൊളി’ ഏർപ്പാടുകളും. ഇതെല്ലാം കുടുംബസദസ്സിലേക്കു സർവ്വതന്ത്രസ്വതന്ത്രമായി കടന്നുവരുമ്പോൾ കുട്ടികളടക്കം ഈ മയക്കുമരുന്നിന്റെ നിത്യസേവകരാകുന്നു. വരുംതലമുറകളും ഇതേ ചക്രച്ചാലിലേക്ക് അങ്ങനെ വീഴ്ത്തപ്പെടുന്നു.
ഇതാണ് ഇന്നത്തെ മാദ്ധ്യമസാഹചര്യം. ഇത് ഉയർത്തുന്ന ചോദ്യങ്ങൾ അവഗണിക്കാൻ ആവില്ലല്ലോ. ഇത് സമൂഹത്തിന് അപകടം ഉണ്ടാക്കുന്നു എന്ന കാര്യത്തിൽ ആർക്കെങ്കിലും സന്ദേഹമുണ്ടോ? ഇല്ലെങ്കിൽ, ഈ ആശ്രമമൃഗത്തെ ഇനിയുമിങ്ങനെ അനുസ്യൂതം കെട്ടഴിച്ചുവിടാനാകുമോ? മാദ്ധ്യമസ്വാതന്ത്ര്യം എന്ന പൗരാവകാശം ഈ ചൂഷണത്തിനും സാമൂഹികവിപത്തിനുമുള്ള മറയാകാമോ? ഇതിന് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പൗരരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനും അറിയാനുള്ള അവകാശത്തിനും തടയാകുമോ? അശ്ലീലതയും ആഭാസത്തരവും പൈങ്കിളിയും അക്രമവുമൊക്കെ ആസ്വദിക്കാനും പൗരർക്ക് അവകാശമില്ലേ? അതു നിയന്ത്രിക്കാനാകുമോ? നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽത്തന്നെ ഏത് അതിരു വരെ?
മാദ്ധ്യമങ്ങൾക്കു നിയന്ത്രണമേ പാടില്ല എന്ന നിലപാടുകാർ മേല്പറഞ്ഞ ചോദ്യങ്ങളോടും ഇനി പറയാൻ പോകുന്ന കാര്യങ്ങളോടും യോജിക്കും എന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ പറയട്ടെ, ഇത് എന്റെ തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്. ഇതു പ്രസിദ്ധീകരിക്കുന്ന മാദ്ധ്യമത്തിനോ അതിന്റെ ഉടമയായ പ്രസ്ഥാനത്തിനോ ഇതിൽ ഒരു പങ്കുമില്ല. ആക്രമണങ്ങളെല്ലാം എനിക്കുനേരെ മാത്രം ആയിരിക്കട്ടെ.
ജനമാണ് അധിപർ
മാദ്ധ്യമങ്ങളുടെ മേൽ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയാൽ അത് ഏകാധിപത്യഭരണത്തിനുള്ള വളമാകും എന്നതിൽ തർക്കമില്ല. അതുകൊണ്ട് ആ ഉപാധി തുടക്കത്തിലേ തള്ളിക്കളയാം.
പിന്നെ എന്തു നിയന്ത്രണം? രണ്ടുതരം നിയന്ത്രണങ്ങൾ ആകാം. ഒന്ന്, സ്വയം നിയന്ത്രണം. രണ്ട്, സാമൂഹികനിയന്ത്രണം. ഇതിൽ രണ്ടാമത്തേതിനു സമൂഹം സ്വയം സജ്ജം ആകേണ്ടതുണ്ട്. ആദ്യത്തേതിനാകട്ടെ, സമൂഹം മാദ്ധ്യമങ്ങളെ നിർബദ്ധമാക്കുകയും വേണം. രണ്ടായാലും ഉത്തരവാദിത്തം സമൂഹത്തിനു തന്നെ. സമൂഹം അതൊരു അജൻഡയായി എടുക്കണം. അതിന്റെ തുടക്കമായി ഇന്നു വ്യാപകമാകുന്ന മാദ്ധ്യമവിമർശനത്തെ ഞാൻ കാണുന്നു.
പക്ഷേ, ഈ വിമർശങ്ങളെ പൊതുബോദ്ധ്യത്തിൽ കൊണ്ടുവരികയും അതിന്റെ അടിസ്ഥാനത്തിൽ തെറ്റുകൾ പരിഹരിക്കാൻ ശാസ്ത്രീയമായി കാര്യങ്ങളെ വിശകലനം ചെയ്തു ശരിയായ കർമ്മപരിപാടി ആവിഷ്ക്കരിക്കുകയും വേണം.
അറിയാനും അറിയിക്കാനുമുള്ള സ്വാതന്ത്ര്യം മുഖ്യമായും വാർത്തയും വാർത്താധിഷ്ഠിതപരിപാടികളും വാർത്താച്ചാനലുകളും ആയി ബന്ധപ്പെട്ടാണിരിക്കുന്നത്. വിനോദചാനലുകളുടെ കാര്യത്തിൽ ആവിഷ്ക്കാരസ്വാതന്ത്ര്യം ആസ്വാദനത്തിനുള്ള അവകാശം എന്നിവയാണു വിഷയം. രണ്ടിലും രണ്ടു സമീപനങ്ങളാകും അഭികാമ്യം.
വിനോദവ്യവസായം സമീപകാലപ്രതിഭാസം ആണല്ലോ. അതു നിൽക്കട്ടെ. വാർത്താവ്യവസായത്തിന്റെ കാര്യം ആദ്യം എടുക്കാം.
വാർത്തയുടെ പക്ഷവും ജനപക്ഷവും
നമ്മുടെ നാട്ടിൽ പത്രങ്ങളുടെ കാര്യത്തിൽ ആദ്യമൊക്കെ പത്രയുടമതന്നെ ആയിരുന്നു പത്രാധിപർ. അയാളുടെ നയം ആയിരുന്നു പത്രത്തിനും. പിന്നെ വക്കം മൗലവിയെപ്പോലുള്ളവർ നയത്തിൽ ഇടപെടാതെ പത്രത്തെ പത്രാധിപർക്കു വിട്ടുകൊടുത്തു. പത്രം വലിയ സംവിധാനം ആയപ്പോൾ, വലിയ മുതൽമുടക്കു വന്നപ്പോൾ, ലാഭം പ്രധാനം ആയപ്പോൾ, പ്രൊഫഷണലിസം ആവശ്യമായപ്പോൾ, പത്രാധിപരും പത്രാധിപസമിതിയും മുതലാളിയുടെ ശമ്പളക്കാരായി. അപ്പോഴും അന്തസ്സുള്ള പത്രാധിപർ തന്റെ അറിവും കഴിവും അംഗീകാരവുമാണ് പത്രത്തിന്റെ യഥാർത്ഥ ഈടുവയ്പ് എന്ന ബോദ്ധ്യത്തോടെ മുതലാളിക്കുമേലെ ഉയർന്നുനിന്നു. പത്രയുടമ നയനിലപാടുകളിൽ ഇടപെടാതെ നിന്നു. അഥവാ, അതിനേ കഴിയുമായിരുന്നുള്ളൂ.
ഇത് സൈദ്ധ്യാന്തികമായി വളരെ മാതൃകാപരമായ ഒരു സാഹചര്യമാണ്. എന്നാൽ ഇതു ചിരസ്ഥായി ആയില്ല. പത്രമുതലാളിമാർക്ക് സാമ്പത്തികത്തിനു പുറമേ രാഷ്ട്രീയവും സാമുദായികവും ഒക്കെയായ താല്പര്യങ്ങൾ ഉണ്ടായപ്പോൾ അതിനനുസരിച്ച നയനിലപാടുകൾ സ്വീകരിക്കാൻ പത്രാധിപർ നിബ്ബന്ധിക്കപ്പെട്ടു. മുമ്പത്തെപ്പോലെ പത്രം പത്രാധിപരുടെ പേരിൽ അറിയപ്പെടുന്ന സാഹചര്യമൊക്കെ മാറിക്കഴിഞ്ഞിരുന്നതിനാൽ പത്രാധിപരെ മാറ്റി അനുസരിക്കുന്ന പത്രാധിപരെ വയ്ക്കാമെന്നു വന്നതോടെ പത്രാധിപസമൂഹം കീഴടങ്ങുന്ന സ്ഥിതി വന്നു.
ഇന്നു പത്രയുടമകളുടെ പക്ഷങ്ങളാണല്ലോ പത്രത്തിന്റെ നിലപാടുകൾ. അതിനുതക്ക നിലപാടും രാഷ്ട്രീയവുമൊക്കെയുള്ള പത്രാധിപരെ കണ്ടെത്താൻ ബുദ്ധിമുട്ടും ഇല്ലാതായി.
മുതലാളിത്തത്തിൽ കോർപ്പറേറ്റ് വത്ക്കരണത്തിന്റെ കാലം ആയതോടെ പത്രയുടമസ്ഥതയിലും മാറ്റം വന്നു. പത്രമാദ്ധ്യമയുടമകൾ കോർപ്പറേറ്റുകളായി വളരുകയോ പത്രമാദ്ധ്യമങ്ങളെ കോർപ്പറേറ്റുകൾ വിഴുങ്ങുകയോ ചെയ്തു. അതോടെ കോർപ്പറേറ്റുകളുടെ വിവിധ വ്യാപാരതാല്പര്യങ്ങളും അവ സാധിച്ചെടുക്കാൻ വേണ്ട രാഷ്ട്രീയനിലപാടുകളും പത്രമാദ്ധ്യമങ്ങൾ സ്വീകരിച്ചുതുടങ്ങി. എണ്ണയുടെ വിലനിയന്ത്രണം എടുത്തുകളയുന്നതിൽ താല്പര്യമുള്ള കോർപ്പറേറ്റിന്റെ മാദ്ധ്യമം അതിന്റെ ന്യായങ്ങൾ നിരത്തി അതിന് അനുകൂലമായ അന്തരീക്ഷസൃഷ്ടി നടത്തുന്ന നില വന്നു. ആ മാദ്ധ്യമത്തിന്റെ ഉപഭോക്താക്കളുടെ താല്പര്യത്തിനു കടകവിരുദ്ധമായ നിലപാടുകൾ എടുത്തു പ്രചാരണം നടത്തുന്ന അവസ്ഥ.
ഈ അവസ്ഥയിൽ ഈ ജനവിരുദ്ധനിലപാടു പ്രചരിപ്പിക്കുന്ന മാദ്ധ്യമത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ പോരാടേണ്ട ബാദ്ധ്യത പൊതുസമൂഹത്തിന് എത്രമാത്രം ഉണ്ട്? ഇവിടെ ഈ മാദ്ധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാനാണോ ഇത്തരം ജനവിരുദ്ധമാദ്ധ്യമനിലപാടു തിരുത്തിക്കാനാണോ ജനങ്ങൾ രംഗത്തിറങ്ങേണ്ടത്? ഇന്നു പത്രമാദ്ധ്യമങ്ങളിൽ ബഹുഭൂരിപക്ഷവും – വിരലിൽ എണ്ണാവുന്നവ ഒഴിച്ച് എല്ലാം – ജനവിരുദ്ധപക്ഷത്തു നിലയുറപ്പിച്ചിരിക്കുന്നു എന്നു തിരിച്ചറിയുമ്പോൾ ഇക്കാര്യത്തിൽ ഗൗരവപൂർണ്ണമായ പുനശ്ചിന്ത ആവശ്യമല്ലേ?Malayalam_print_and_spectacles.resized
നമുക്കു ചെയ്യാവുന്നത്
എന്റെ അഭിപ്രായത്തിൽ തീർച്ചയായും ഇതു പ്രതിരോധിക്കപ്പെടേണ്ടതാണ്. അതിനുള്ള കർമ്മപദ്ധതി ആവിഷ്ക്കരിക്കേണ്ടിയിരിക്കുന്നു. അതിനു നാം വൈകിയിരിക്കുന്നു.ഇതൊരു മുന്നനുഭവം അല്ലാത്തതിനാൽ റെഡിമേഡ് സങ്കേതങ്ങൾ നമുക്കു മുന്നിൽ ഇല്ല.അതുവികസിപ്പിക്കേണ്ടതുണ്ട്. എന്നാൽ ചില്ലറ മാതൃകകൾ ഇല്ലാതെയുമില്ല.ചില ചെറിയ പ്രദേശങ്ങളിലെപോലും ജനത ബഹിഷ്ക്കരണത്തിലൂടെ കുത്തകപ്പത്രങ്ങളെവരെ മുട്ടുകുത്തിക്കുകയും ജനവിരുദ്ധനിലപാടു തിരുത്തിക്കുകയും ചെയ്ത അനുഭവം കേരളത്തിൽത്തന്നെ ഉണ്ടല്ലോ. അവിടുത്തെ ജനത പ്രശ്നങ്ങൾ തിരിച്ചറിയുകയും സ്വന്തം ശക്തി മനസിലാക്കുകയും ചെയ്തു എന്നതാണ് അവിടങ്ങളിൽ കണ്ടത്. ഇത് ഒന്നാന്തരം ആയുധമാണ്. പക്ഷേ, ഇതു ഫലപ്രദമാകണമെങ്കിൽ ഇക്കാര്യങ്ങൾ ജനങ്ങളെ ശരിക്കും ബോദ്ധ്യപ്പെടുത്തണം.അടിസ്ഥാനവർഗ്ഗം ഇത്രമേൽ വിഘടിച്ചുനിൽക്കുന്ന, തനിക്കും കുടുംബത്തിനും ദോഷമാകും എന്നറിയാവുന്ന കാര്യങ്ങളെപ്പോലും അന്ധമായ രാഷ്ട്രീയവിധേയത്വത്തിന്റെ പേരിൽ നീതിമത്ക്കരിക്കുന്ന പൗരരുള്ള, നമ്മുടെ നാട്ടിൽ അത് അത്ര എളുപ്പമല്ല. പക്ഷേ, സാദ്ധ്യമല്ല എന്ന് ഇതിന് അർത്ഥമില്ലല്ലോ. കഠിനപ്രയത്നം വേണ്ട അടിസ്ഥാനപരമായ കാര്യങ്ങളൊന്നും ചെയ്യാതിരിക്കുക എന്ന അലസസമീപനവും ഉത്തരവാദിത്തമില്ലായ്മയും മാത്രമാണ് അതിനു തടസം. അതു മലയാളിയെ വല്ലാതെ ബാധിച്ചിരിക്കുന്നു! പക്ഷേ, നിവൃത്തിയില്ല; കുറുക്കുവഴികളില്ല; ഇത്തരമൊന്ന് അനിവാര്യമാണ്.
പെട്ടെന്ന് ഓർമ്മവരുന്ന മറ്റു രണ്ടു ക്യാമ്പയിനുകൾ പൈങ്കിളിപ്രസിദ്ധീകരണങ്ങൾക്കെതിരെ 1980കളുടെ രണ്ടാം പകുതിയിലും 90കളുടെ ആദ്യവും ശാസ്ത്രസാഹിത്യ പരിഷത്തും ഡിവൈഎഫ്ഐയും ഒക്കെ നടത്തിയ ബോധനപ്രചാരണവും അതേകാലത്ത് എസ്എഫ്ഐ വിദ്യാർത്ഥിനികളുടെ സബ് കമ്മിറ്റി അശ്ലീലപോസ്റ്ററുകളിൽ ടാർ ഒഴിച്ചും മറ്റും നടത്തിയ പ്രതിഷേധവും ആണ്. രണ്ടും വലിയയളവു ലക്ഷ്യം കണ്ടവയാണ്.
പൈങ്കിളിവാരികകളുടെ പ്രചാരത്തിൽ ഇക്കാലത്തു ഗണ്യമായ കുറവുണ്ടാകുകയും പൈങ്കിളിപ്രതിഭാസം തന്നെ ഏതാണ്ട് ക്ഷീണിക്കുകയും അവയിൽ ചിലവ സ്വയം മെച്ചപ്പെടാൻ ശ്രമിക്കുകയും ഒക്കെ ചെയ്തു എന്നതു നിസ്സാരമല്ല. തിരക്കുള്ള ബസിൽ തൂങ്ങിനിന്നുപോലും ‘തുടരനുകൾ’ വായിച്ചിരുന്ന എത്രയോപേർ അവ പുറത്തുകാണിക്കാൻ മടിക്കുന്ന സ്ഥിതിയുണ്ടായി. അശ്ലീലപ്പോസ്റ്ററുകളുടെ കാര്യത്തിലും അക്കാലത്തു വലിയ മാറ്റം ഉണ്ടായി.
ഇത്തരം ശക്തമായ ക്യാമ്പയിനുകൾ പത്രമാദ്ധ്യമങ്ങൾക്കെതിരെയും സാദ്ധ്യമാണ്. വാർത്തകൾ എങ്ങനെയെല്ലാമാണു മാദ്ധ്യമങ്ങൾ സ്വന്തം താല്പര്യത്തിനനുസരിച്ചു വളച്ചൊടിക്കുന്നത്, തമസ്ക്കരിക്കുന്നത്, എന്തുകൊണ്ട് അവർ അങ്ങനെയൊക്കെ ചെയ്യുന്നു എന്നെല്ലാം ജനങ്ങളുമായി ആഴത്തിൽ ചർച്ചചെയ്യണം. ഇതെല്ലാം ജനങ്ങളുടെ താല്പര്യത്തിന് എങ്ങനെ ദോഷകരമാകുന്നു എന്നും ഇത് എങ്ങനെ തടയാമെന്നും കൂട്ടായി ആലോചിക്കണം. എട്ടും പത്തും കുടുംബങ്ങളെ വിളിച്ചുകൂട്ടി ചർച്ചചെയ്തു നോക്കൂ. കാണാം ആവേശകരമായ പ്രതികരണം.
വാർത്താമാദ്ധ്യമങ്ങളുടെ വിവിധവിഷയങ്ങളിലെ സമീപനം നിഷ്കൃഷ്ടമായി പരിശോധിക്കാൻ നമുക്കു സംവിധാനം ഉണ്ടാകണം. വികസനം, ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, ഊർജ്ജം, സ്ത്രീപ്രശ്നങ്ങൾ, ദളിത് പ്രശ്നങ്ങൾ, പരിസ്ഥിതി, എന്നുവേണ്ടാ എല്ലാക്കാര്യത്തിലും അവ ജനപക്ഷസമീപനമാണോ പുലർത്തുന്നത് എന്നു വിലയിരുത്തണം. ഈ വിഷയങ്ങളിലെ വിദഗ്ദ്ധർ, സുസമ്മതരായ സാമൂഹികപ്രവർത്തകർ, മാദ്ധ്യമരംഗത്തുനിന്നു വിരമിച്ച മുതിർന്ന മാദ്ധ്യമപ്രവർത്തകർ, മാദ്ധ്യമനിരൂപകർ, പത്ര-മാദ്ധ്യമ ഉടമകളുടെ സംഘടനാപ്രതിനിധികൾ, പത്രപ്രവർത്തകസംഘടനാപ്രതിനിധികൾ, തുടങ്ങിയവരൊക്കെ ഉൾക്കൊള്ളുന്ന ജനകീയ സംവിധാനം ഇതിനായി ഉണ്ടാക്കാം. സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളിൽ ഇതിനു ഘടകങ്ങൾ ഉണ്ടാകട്ടെ. സമൂഹമാകെ ഇക്കാര്യത്തിൽ ജാഗരൂകമാകട്ടെ. എല്ലാവർക്കും കാര്യങ്ങൾ ചൂണ്ടിക്കാട്ടാൻ അവസരം ഉണ്ടാകണം. അവരെല്ലാം നടത്തുന്ന നിരീക്ഷണം സംസ്ഥാനതലത്തിൽ ഏകോപിപ്പിക്കാം.
ഏതൊക്കെ മാദ്ധ്യമങ്ങൾ ജനതാല്പര്യത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്നു എന്നു നോക്കി അവയുടെ മാനേജ്മെന്റിന്റെ ശ്രദ്ധയിൽ അക്കാര്യങ്ങൾ പെടുത്തണം. ഇത്തരത്തിൽ ഒരു സാമൂഹിക ഇടപെടൽ മാദ്ധ്യമനടത്തിപ്പിൽ ഒരുപക്ഷേ ലോകത്തുതന്നെ ആദ്യമാകാം. അവർ നയം തിരുത്തുന്നില്ലെങ്കിൽ ബഹിഷ്ക്കരണം അടക്കമുള്ള പരിപാടികൾ ആലോചിക്കേണ്ടിവരും.
സർക്കാരിന് കേന്ദ്ര കേബിൾ റ്റിവി നിയന്ത്രണ നിയമപ്രകാരം സമാനമായ ഒരു സംവിധാനം ഉണ്ടെങ്കിലും അതിന്റെ പരിഗണനാവിഷയങ്ങൾക്കു പരിമിതിയുണ്ട്. നയസമീപനങ്ങൾ അവയുടെ പരിഗണനയ്ക്കു പുറത്താണ്. അപകീർത്തിപ്പെടുത്തൽ, അശ്ലീലത, നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ തുടങ്ങിയവയാണ് അതിന്റെ പരിദ്ധിയിൽ വരുന്നത്. ആ സംവിധാനം ശക്തിപ്പെടുത്താനും ഫലപ്രദം ആക്കാനുമുള്ള ജനകീയ ഇടപെടലും ജനകീയകൂട്ടായ്മയിലൂടെ സാദ്ധ്യമാക്കാം.
മാദ്ധ്യമപ്രവർത്തകർ ശത്രുക്കളല്ല
ചാനലുകളുടെ ഉടമകൾ കോർപ്പറേറ്റുകൾ ആയിരിക്കുമ്പോഴും അതിന്റെ നടത്തിപ്പുകാരിൽ നല്ലൊരു പങ്കും പൊതുസമൂഹത്തിന്റെ ഭാഗമായ സാധാരണക്കാരാണ് എന്നതു കാണാതിരിക്കരുത്. ഇവരിൽ പലരും സ്വന്തം നിലപാടുകൾ വേദനയോടെ കുരുതികൊടുത്താണ് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നത്. ഇവരുമായി നല്ല ബന്ധം സ്ഥാപിച്ച് പൊതുപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന വിവിധവേദികളുമായി അവരെ നിരന്തരം ബന്ധിപ്പിച്ചും അവയുടെ ഭാഗമാക്കിയും അവരുടെ കാഴ്ചപ്പാടുകൾ നിരന്തരം നവീകരിക്കാനാകും. പുതിയ പ്രശ്നങ്ങൾ അവരുടെ ശ്രദ്ധയിലേക്കു കൊണ്ടുവരാൻ കഴിയും.
ചില വിഷയങ്ങളിൽ മാദ്ധ്യമക്കമ്പനിക്കു പ്രത്യേക താല്പര്യം ഇല്ലായിരിക്കാം. ലാഭം കിട്ടണമെന്ന കുറഞ്ഞ ലക്ഷ്യമേ കാണൂ. അത്തരം വിഷയങ്ങളിൽ ഇത്തരം മാദ്ധ്യമപ്രവർത്തകർക്ക് പ്രേക്ഷകരെ/വായനക്കാരെ ആകർഷിക്കത്തക്കവിധം ജനപക്ഷനിലപാടുകൾ എടുക്കാനായേക്കും. അത്തരം സാദ്ധ്യതകളും പ്രയോജനപ്പെടുത്തണം. സ്വന്തം സ്ഥാപനങ്ങളിൽ ശ്വാസം മുട്ടുന്ന എത്രയോ മാദ്ധ്യമപ്രവർത്തകർ സാമൂഹികമാദ്ധ്യമങ്ങളിൽ ആ വീർപ്പുമുട്ടൽ കെട്ടഴിച്ചുവിടുന്നതു നാം കാണുന്നു. എത്ര ശക്തമായ ജനപക്ഷസമീപനമാണ് ആ കുറിപ്പുകളിൽ ഉള്ളത്!
അഴിമതികളും ജനവിരുദ്ധതയും ശ്രദ്ധയിൽ പെട്ടാലുടൻ മാദ്ധ്യമങ്ങളിലെ പ്രതിജ്ഞാബദ്ധതയുള്ള വാർത്താളി(repoerters)കളെ അറിയിക്കുന്ന ഒരു സംസ്ക്കാരം നാം വളർത്തിയെടുക്കണം. അത്തരം വിപുലമായ ശൃംഖല വഴി ഒട്ടേറെ ജനപക്ഷ വാർത്തകൾ മാദ്ധ്യമങ്ങളിൽ വരുത്താൻ പറ്റും.
ബദൽമാദ്ധ്യമങ്ങൾ കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് വാർത്താരംഗത്തെ അസമത്വം പരിഹരിക്കാനുള്ള മറ്റൊരു വഴി. മാദ്ധ്യമനിരൂപണത്തിനും ജനപക്ഷമാദ്ധ്യമം എന്ന ആശയത്തിന്റെ പ്രചാരണത്തിനും ഇത് ഉപയോഗപ്പെടുത്താം. ധാരാളം മാദ്ധ്യമപ്രവത്തകരുമായി ബന്ധപ്പെടാനും മാദ്ധ്യമങ്ങളുടെ തെറ്റായ നിലപാടുകളെപ്പറ്റി അവരെ കാലാകാലം ബോദ്ധ്യപ്പെടുത്താനും ഈ സൗഹൃദശൃംഖല നല്ല ഉപാധിയാകും. ആശയവിനിമയത്തിൽ ഏകപക്ഷീയസമീപനം ആകാതിരിക്കാൻ എപ്പോഴും ശ്രദ്ധ വേണം എന്നു മറക്കരുത്. അല്ലെങ്കിൽ അഭിപ്രായങ്ങൾക്കു സ്വീകാര്യത കുറയും.
വിനോദമാദ്ധ്യമങ്ങളിലെ പ്രശ്നങ്ങൾ
വിനോദമാദ്ധ്യമങ്ങളുടെ സ്വാധീനം തന്നെയാണ് മലയാളിയുടെ ഒന്നാമത്തെ പ്രശ്നം. നാം ഇപ്പോൾ വിനോദത്തിൽ ആറാടുകയാണ്. അതിനേനതിനേനു പൊതുസമൂഹത്തിൽനിന്നു നാം ഒറ്റപ്പെട്ടുകൊണ്ടും ഇരിക്കുന്നു. കാരണം, നമ്മുടെ ഇന്നത്തെ വിനോദമെല്ലാം പങ്കാളിത്തം ആവശ്യമില്ലാത്ത, അല്പം പോലും സർഗ്ഗാത്മകത വേണ്ടാത്ത, രണ്ടാമതൊരാളുടെ സാന്നിദ്ധ്യം ശല്യമാകുന്ന ‘വിനോദ’ങ്ങളാണ്. റ്റിവിയുടെയോ കമ്പ്യൂട്ടറിന്റെയോ സെൽ ഫോണിന്റെയോ ഇത്തിരിച്ചതുരത്തിൽനിന്നുള്ള ഏകപക്ഷീയമായ സംവേദനം മാത്രം. (വിഡിയോ ഗെയിമിലെ സംവേദനം ദ്വിമുഖമാണെന്നു തോന്നാമെങ്കിലും അവിടെയും മനുഷ്യന്റെ സ്വതന്ത്രബുദ്ധിക്കു പങ്കൊന്നുമില്ല. കമ്പ്യൂട്ടർ തരുന്ന പരിമിതമായ ഉപാധികളിൽനിന്നു തെരഞ്ഞെടുക്കാനുള്ള അവസരം മാത്രം. അതിനെയും അർത്ഥപൂർണ്ണമായ പങ്കാളിത്തമായി കാണാനാവില്ല.)
ഇവിടെ നാം കടുത്ത ചില തീരുമാനങ്ങൾ എടുത്തേ തീരൂ. അപ്രായോഗികമെന്നു തോന്നാവുന്നതാണ് ഈ നിർദ്ദേശവും. എങ്കിലും, രക്ഷ വേണമെങ്കിൽ ഇങ്ങനെ പലതും ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടേ പറ്റൂ. വ്യാപകമായ ബോധവത്ക്കരണവും സമ്മർദ്ദവും ഒക്കെ വേണ്ടിവരും. നമ്മുടെ അടിസ്ഥാനസമീപനത്തിലെ മാറ്റമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
അല്പം സമയം കിട്ടിയാലുടൻ റ്റിവി കാണുന്നത്, അഥവാ മറ്റൊന്നും ചെയ്യാനില്ലാത്ത സമയമെല്ലാം റ്റിവി കാണാനുള്ളതാണെന്ന സമീപനം, ആണു നമ്മുടെ ഒരു പ്രത്യേകത. ഇതാണ് ഏറ്റവും വലിയ അപകടം. ഇത് നാം റ്റിവിയ്ക്ക് അടിമകളായിരിക്കുന്നു എന്നതിന്റെ സാക്ഷ്യമാണ്.
ജീവിതത്തിൽ ഇത്രയേറെ വിനോദം വേണോ, ഇത്രയേറെ സമയം അതിനു നീക്കിവയ്ക്കണോ എന്നു ചിന്തിക്കേണ്ട സമയംതന്നെ അതിക്രമിച്ചില്ലേ? വിനോദം എന്നതു റ്റിവി കാണൽ മാത്രമാണോ എന്നും ആലോചിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് റ്റിവിയുടെ അടിമത്തത്തിൽനിന്നു മലയാളിയെ മോചിപ്പിക്കാനുള്ള ഒരു ക്യാമ്പയിൻ എന്തുകൊണ്ട് ആലോചിച്ചുകൂടാ? ഇത്രയ്ക്കു കടുത്ത ചുവടുകൾ വേണോ എന്ന ചിന്തപോലും അപകടകരമാണെന്ന് അല്പമൊന്നു ചിന്തിച്ചാൽ ആർക്കും ബോദ്ധ്യമാകും. കുട്ടികളുടെ വിദ്യാഭ്യാസവും സാമൂഹികവത്ക്കരണവും അടക്കം അപകടപ്പെടുത്തുന്ന ഇത് ഭാവികേരത്തെക്കൂടി പടുകുഴിയിലേക്കു തള്ളുന്നതാണ്.
ഇതോടൊപ്പം നിലവിലുള്ള നിയമങ്ങളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു ബനുമുഖകർമ്മപദ്ധതിയും ഇക്കാര്യത്തിൽ സ്വീകരിക്കാനാകും.
വ്യവസ്ഥാപിതമാർഗ്ഗങ്ങൾ
അച്ചടിമാദ്ധ്യമങ്ങളിൽ സ്ത്രീയെ മോശമായി ചിത്രീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഏതൊരാൾക്കും പ്രസ് കൗൺസിൽ ഓഫ് ഇൻഡ്യയ്ക്കു പരാതി അയയ്ക്കാം. The Secretary, Press Council of India, Soochna Bhavan, 8-C.G.O. Complex, Lodhi Road, New Delhi-110003 എന്ന വിലാസത്തിൽ തപാലിലോ [email protected] എന്ന വിലാസത്തിൽ ഇ-മെയിലായോ പരാതി അയയ്ക്കാം.
പത്രമാദ്ധ്യമത്തിന്റെ എഡിറ്റർക്കോ അതിലെ ഏതെങ്കിലും പത്രപ്രവർത്തകർക്കോ ആർക്കെതിരെയാണോ പരാതി ആ ആളുടെ പേരും പൂർണ്ണവിലാസവും പരാതിയിൽ ഉണ്ടായിരിക്കണം. പരാതിക്കു നിദാനമായ വാർത്തയുടെയോ ചിത്രത്തിന്റെയോ ഫോട്ടോയുടെയോ കാർട്ടൂണിന്റെയോ പരസ്യത്തിന്റെയോ മറ്റേതെങ്കിലും വിഭവമാണെങ്കിൽ അതിന്റെയോ ഒറിജിനൽ ക്ലിപ്പിങ്, അതെങ്ങനെയാണു പരാതിക്കു കാരണമാകുന്നത് എന്നു മതിയായ വിശദാംശങ്ങളോടെ വ്യക്തമാക്കുന്ന വിവരണം എന്നിവയും നിർബ്ബന്ധമായും ഉണ്ടാകണം. വാർത്തായേജൻസി വിതരണം ചെയ്ത എന്തിനെയെങ്കിലും പറ്റിയാണെങ്കിലും പ്രസ് കൗൺസിലിൽ പരാതിപ്പെടാം.
പരാതിയിൽ നിർബ്ബന്ധമായും ഉണ്ടാകണമെന്നു വ്യവസ്ഥചെയ്യുന്ന രണ്ടു പ്രസ്താവനകൾകൂടിയുണ്ട്. “എന്റെ ഉത്തമബോദ്ധ്യത്തിലും അറിവിലും പെട്ടിടത്തോളം പ്രസക്തമായ എല്ലാ വിവരങ്ങളും കൗൺസിൽ മുമ്പാകെ സമർപ്പിച്ചിട്ടുണ്ടെന്നും ഈ പരാതിയിൽ ആരോപിച്ചിട്ടുള്ള ഏതെങ്കിലും കാര്യവുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും നിയമനടപടികൾ നിലവിലില്ലെന്നും” (“to the best of my knowledge and belief has placed all the relevant facts before the Council and that no proceedings are pending in any court of law in respect of any matter alleged in the complaint”) എന്നതും “കൗൺസിൽ മുമ്പാകെ അന്വേഷണത്തിലിരിക്കെ ഈ പരാതിയിൽ ഉന്നയിച്ചിട്ടുള്ള ഏതെങ്കിലും കാര്യം ഏതെങ്കിലും കോടതിയിൽ നടപടിക്രമത്തിനു വിഷയമാകുകയാണെങ്കിൽ ഉടനടി കൗൺസിലിനെ അറിയിച്ചുകൊള്ളാമെന്നും” (“I shall notify the Council forthwith if during the pendency of the inquiry before the Council any matter alleged in the complaint becomes the subject matter of any proceedings in a court of law”) എന്നതുമാണവ.
പത്രവാരികകളുടെയും വാർത്തായേജൻസികളുടെയും കാര്യത്തിൽ, പരാതിക്കു കാരണമായ സംഗതി പ്രസിദ്ധീകരിച്ചു രണ്ടുമാസത്തിനകം പരാതി നൽകിയിരിക്കണം എന്നു വ്യവസ്ഥയുണ്ട്. അമാന്തം പാടില്ല എന്നർത്ഥം. മറ്റു പരാതികൾക്കു നാലുമാസം വരെയാണു സമയപരിധി.
ഒരു കാര്യം ശ്രദ്ധിക്കണം. പരാതി പ്രസ് കൗൺസിലിന് അയയ്ക്കുന്നതിനു മുമ്പ് ആ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുടെ ശ്രദ്ധയിൽ അതു കൊണ്ടുവന്നിരിക്കണം എന്നതാണ്. അത് എപ്രകാരമാണു പൊതുസമൂഹത്തിന്റെ ഉത്തമതാല്പര്യത്തിന് എതിരാകുന്നതെന്നു ചൂണ്ടിക്കാട്ടിയാകണം ഇത്. മറുപടി ആവശ്യപ്പെടുകയും വേണം.
പ്രസ് കൗൺസിലിന്റെ വെബ്സൈറ്റ്: http://presscouncil.nic.in/
ഇലക്ട്രോണിക് മാദ്ധ്യമങ്ങൾക്ക്
റ്റെലിവിഷനുകളിലെ നിയമവിരുദ്ധത നിയന്ത്രിക്കാനും നിയമം ഉണ്ടാക്കിയിട്ടുണ്ട് – കേബ്ൾ റ്റിവി നെറ്റ് വർക്ക് (റെഗുലേഷൻ) ആക്റ്റ്.
അശ്ലീലം പറയുകയും കാണിക്കുകയും ചെയ്യുന്ന, സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്ന, സമൂഹത്തിന്റെ ഉത്തമതാല്പര്യങ്ങൾക്കു നിരക്കാത്ത, പരിപാടികളും പരസ്യങ്ങളും സംപ്രേഷണം ചെയ്യുന്നത് ഈ നിയമപ്രകാരം ശിക്ഷാർഹമാണ്. തുടക്കത്തിൽ പരാമർശിച്ച ‘സ്ത്രീകളെ മോശമായി ചിത്രീകരിക്കൽ (നിരോധന) നിയമം, 1986’ നിർവ്വചിക്കുന്ന കുറ്റങ്ങളൊക്കെ റ്റെലിവിഷനിലൂടെ ചെയ്താൽ ആ ചാനലിന്റെ സംപ്രേഷണം തടയുന്നതും ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതും അടക്കമുള്ള നടപടികൾ കൈക്കൊള്ളാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ട്. നാട്ടിലെ കേബിൾ റ്റിവിക്കാരാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ ഇതൊക്കെ ചെയ്യാൻ സംസ്ഥനസർക്കാരിനും ഈ നിയമം അധികാരം നൽകുന്നു.
ഈ നിയമം ജനകീയ ഇടപെടലിനു വിപുലമായ അവസരം നൽകുന്ന വികേന്ദ്രീകൃതസ്വഭാവമുള്ള ഒന്നാണ്. പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്ന കേബിൾ റ്റിവി ചാനലുകളെവരെ നിരീക്ഷിക്കുവാനും സാറ്റലൈറ്റ് ചാനലുകൾ അടക്കമുള്ളവയിലെ ഉള്ളടക്കത്തെപ്പറ്റി നാട്ടിൻപുറങ്ങളിൽ ഉള്ളവർക്കുപോലും പരാതി നൽകാൻ സൗകര്യം ഒരുക്കാനുമായി ജില്ലാതലത്തിൽവരെ സമിതികൾ രൂപവത്ക്കരിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണീ നിയമം.
കളക്ടർ അദ്ധ്യക്ഷനും ജില്ലാ പൊലീസ് സൂപ്രണ്ട്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഒരു വനിതാകോളെജ് പ്രിൻസിപ്പൽ, സ്ത്രീകൾക്കായും കുട്ടികൾക്കായും പ്രവർത്തിക്കുന്ന ഓരോ പ്രമുഖസന്നദ്ധസംഘടനകളുടെ പ്രതിനിധികൾ, അക്കാദമീഷ്യൻ, സോഷ്യോളജിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവർ അംഗങ്ങളും ആയ സമിതിയാണു നിയമം അനുശാസിക്കുന്നത്. കേരളത്തിൽ ഈ സമിതികൾ ഏതാനും വർഷം മുമ്പുതന്നെ രൂപവത്ക്കരിക്കുകയുണ്ടായി. എന്നാൽ ഇതുവരെ ഏതെങ്കിലും പരാതി ഈ സമിതികളിൽ ആരെങ്കിലും നൽകിയതായി അറിവില്ല!
ഈ സമിതിക്കു പരാതി നൽകിയാൽ പ്രാദേശിക കേബിൾ റ്റിവിക്ക് എതിരെ ആണെങ്കിൽ അതു പരിശോധിച്ചു നിയമലംഘനം കണ്ടെത്തിയാൽ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും ചെയ്യുന്നതടക്കം കുറ്റകൃത്യത്തിനനുസൃതമായ നടപടി എടുക്കണം. ഉപഗ്രഹചാനലുകൾക്കെതിരെ ആണെങ്കിൽ ഉടൻതന്നെ അതു നടപടിക്കായി സംസ്ഥാനതലസമിതിക്കും ആ സമിതി നടപടിശുപാർശയോടെ വാർത്താവിതരണ-പ്രക്ഷേപണമന്ത്രാലയത്തിനും അയയ്ക്കണം. സൗജന്യചാനലുകൾ മുഴുവൻ ഗുണനിലവാരത്തോടെ ലഭ്യമാക്കുന്നു എന്നതുമുതൽ ക്രമസമാധാനപ്രശ്നമോ സാമൂഹികാസ്വാസ്ഥ്യമോ ഉണ്ടാക്കാനിടയുള്ള പരിപടികൾ വരുന്നുണ്ടോ എന്നു നിരീക്ഷിച്ചു കേന്ദ്ര-സംസ്ഥാനസർക്കാരുകളെ അപ്പപ്പോൾ അറിയിക്കുന്നതുവരെ വിപുലമായ ഉത്തരവാദിത്തങ്ങളുള്ള സമിതിയാണു ജില്ലാസമിതി.
ഉപഗ്രഹറ്റിവി പരിപാടികളെക്കുറിച്ചു ജില്ലാ-സംസ്ഥാനസമിതികൾക്കു പരാതി നൽകിയാൽ അതു കേന്ദ്രത്തിനു കൈമാറാനേ സംസ്ഥാനത്തിനു കഴിയൂ. അതുകൊണ്ട്, പരാതി നേരിട്ടു കേന്ദ്രത്തിന് അയയ്ക്കുന്നതാകും കാലതാമസം ഒഴിവാക്കാനും വേഗം നടപടി ഉണ്ടാകാനും നല്ലത്. ദില്ലിയിലുള്ള ഇലക്ട്രോണിക് മീഡിയ മോനിട്ടറിങ് സെന്ററിലേക്കു പരാതി അയയ്ക്കാം. അവരുടെ വിലാസം: Electronic Media Monitoring Center, 14-B, Ring Road, IP Estate, New Delhi-110002. ഫോൺ: 011-23379298. ഫാക്സ്: 011-2337830, 23378050.
ഇന്റർനെറ്റുമായി ബന്ധപ്പെട്ട പരാതികൾ സംസ്ഥാനപൊലീസിലെ സൈബർ സെല്ലിൽ നൽകുന്നതാണ് ഏറ്റവും ഉചിതം. പരാതിക്കാർക്കു പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്പപ്പോൾ അന്വേഷിച്ചറിയുവാനും അന്വേഷണവുമായി സഹകരിക്കാനുമെല്ലം ഇതാണു നല്ലത്. കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യമുള്ള കാര്യങ്ങളിൽ സൈബർ സെല്ലുതന്നെ വേണ്ടതു ചെയ്യുകയും ചെയ്യും.
പാർലമെന്റ് 2000-ൽ അംഗീകരിക്കുകയും 2008-ൽ ഭേദഗതി ചെയ്യുകയും ചെയ്ത ‘വിവരസാങ്കേതികവിദ്യാനിയമ’ത്തിന് ഉപോത്ബലകമായി 2011-ൽ പുറപ്പെടുവിച്ച ചട്ടങ്ങൾ (lnformation Technology (Intermediaries guidelines) Rules, 2011) പ്രകാരം ഇത്തരം ഉള്ളടക്കങ്ങൾ ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കുന്നതു കുറ്റമാണ്.
ഇത്തരം നിയമങ്ങളെല്ലാം ഫലപ്രദമായി നടപ്പാക്കാൻ നിരന്തരം ഇടപെടുന്ന ഒരു ഉത്തമ പൗരസമൂഹമാണ് ജനപക്ഷമാദ്ധ്യമപ്രവർത്തനത്തിനുള്ള യഥാർത്ഥ മുന്നുപാധി. അത്തരമൊരു പൗരസമൂഹം കെട്ടിപ്പടുക്കുക എന്നതാണ് ഇതടക്കം ഒട്ടുമിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരം. ഒരിക്കൽക്കൂടി ആവർത്തിക്കട്ടെ: ഇതിനൊന്നും കുറുക്കുവഴികളില്ല.

ചിത്രത്തിനു കടപ്പാട്: theguardian.com

Check Also

വെള്ളപ്പൊക്കത്തിന് ശേഷം വീടുകളിലേക്ക് ശ്രദ്ധയോടെ ..

വേണ്ട വിധം മുൻകരുതലുകൾ എടുത്തു, നന്നായി സമയം എടുത്ത് വേണ്ട രീതിയിൽ ക്ലീൻ ചെയ്ത ശേഷമേ പ്രളയ ദുരിതങ്ങൾ ഉണ്ടായ സ്ഥലത്തെ വീടുകളിൽ താമസം ആക്കാൻ പറ്റൂ.

2 comments

  1. ഇത് മലയാളമാണെന്ന് കേ ശാ സാ പരിഷത് സാക്ഷ്യപത്രം നൽകുമോ

  2. 14 വയസ്സിനു താഴെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള എല്ലാവിധ ടെലിവിഷൻ റിയാലിറ്റി പ്രകടനങ്ങളും മത്സരങ്ങളും മറ്റും പരസ്യങ്ങളോ സ്പോണ്‍സർഷിപ്പോ ഇല്ലാതെ കാണിക്കണമെന്നും; ലംഘിക്കുന്നവരെ ബാലവേല നിയമമനുസരിച്ചു ശിക്ഷാർഹർ ആക്കണമെന്നും ആവശ്യപ്പെടേണ്ട സമയമായിരിക്കുന്നു. കുട്ടികളെ കാണിച്ച് പരസ്യം വഴി പണം സമ്പാദിക്കാനുള്ള തത്രപ്പാടിലാണ് എല്ലാ ചാനലുകളും. ഇതിനായി അങ്കണ്‍വാടിയിൽ പോകുന്ന പൈതങ്ങളെപ്പോലും ടീവി ക്യാമറക്കുമുന്നിൽ ഇരുത്തുകയാണിപ്പോൾ!

Leave a Reply

%d bloggers like this: