Home » സാമൂഹികം » കേരളത്തിന്റെ മാനസികാരോഗ്യരംഗം

കേരളത്തിന്റെ മാനസികാരോഗ്യരംഗം

കേരളത്തിന്റെ സാമൂഹ്യാവസ്ഥ മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കിയാൽ വ്യത്യസ്തമാണ്. ഇതര സംസ്ഥാനങ്ങളിലെ ഗ്രാമ പ്രദേശങ്ങളുമായി താരതമ്യം ചെയ്താൽ ഈ വ്യത്യാസം കൂടുതൽ പ്രകടമാണ്. നഗരവത്കരണത്തിലും കേരളം മുന്നിലാണ്. ഇതിനെല്ലാം പുറകിൽ സാമൂഹികവും സാംസ്‌കാരികവുമായ നിരവധി കാരണങ്ങൾ എടുത്തുകാണിക്കാൻ കഴിയും.
ഭൂപരിഷ്‌കരണം, ജാതീയ ഉച്ചനീചത്വങ്ങൾക്കെതിരെയുള്ള നിരവധി സമരങ്ങൾ, സ്വാതന്ത്ര്യാനന്തര ഗവൺമെന്റുകളുടെ രാഷ്ട്രീയ ഇച്ഛാശക്തി എന്നിവ സാമൂഹിക- സാംസ്‌കാരിക മേഖലകളിൽ നിരവധി പുരോഗമനാത്മകമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലടക്കം മികച്ച ആരോഗ്യരക്ഷാ സംവിധാനങ്ങളുടെ ലഭ്യത, റോഡ് ലഭ്യത, പൊതു ഗതാഗതം, ആശയവിനിമയോപാധികൾ, ഉന്നത വിദ്യാഭ്യാസം ഇവയെല്ലാം തന്നെ ഇതിന്റെ പരിണിതഫലങ്ങളാണ്. ഈ വ്യത്യാസം നമ്മുടെ ആരോഗ്യ സൂചികകളിലും കാണാം. കേരളത്തിലെ രോഗാതുരത വികസിത രാജ്യങ്ങളിലേതിനു സമാനമാണ്. ഇതര ഇന്ത്യൻ സംസ്ഥാനങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ പ്രത്യേകിച്ചും. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം, കാൻസർ മുതലായവയുടെ നിരക്ക് കേരളത്തിൽ താരതമ്യേന കൂടുതലുമാണ്. മാനസിക രോഗികളുടെ കാര്യത്തിലും മറ്റു സംസ്ഥാനങ്ങളിലെക്കാൾ മികച്ച ശുശ്രൂഷാസംവിധാനം കേരളത്തിലുണ്ട്. പക്ഷെ നമുക്ക് നമ്മുടെതായ ചില പ്രശ്‌നങ്ങളും ഈ മേഖലയിലുണ്ട്. ആത്മഹത്യാ നിരക്ക് കേരളത്തിൽ ദേശീയ ശരാശരിയെക്കാൾ മൂന്നു മടങ്ങ് കൂടുതലാണ്. വർദ്ധിച്ചു വരുന്ന മദ്യപാനശീലം ക്രിമിനൽ കുറ്റങ്ങൾ, റോഡ് അപകടങ്ങൾ മുതലായവയും പ്രത്യേക പരാമർശം അർഹിക്കുന്നു.
മാനസികരോഗങ്ങളെ നമുക്ക് പൊതുജനാരോഗ്യകാഴ്ച്ചപ്പാടിൽ നിന്നുകൊണ്ട് താഴെപറയുന്ന രീതിയിൽ തരം തിരിക്കാവുന്നതാണ്. ഗുരുതരമായ മാനസികരോഗങ്ങൾ, ലഘുവായ മാനസികരോഗങ്ങൾ, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട രോഗങ്ങൾ, വയോജനങ്ങളുടെയും കുട്ടികളുടെയും മാനസിക പ്രശ്‌നങ്ങൾ, ആത്മഹത്യാ പ്രവണത, വർദ്ധിതമാകുന്ന കുറ്റകൃത്യങ്ങൾ മുതലായവ. ഇവയുടെ കേരളത്തിലെ അവസ്ഥ താഴെ വിവരിക്കുന്നു. കൂടാതെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട മറ്റു ചില വിഷയങ്ങളും താഴെ പരാമർശിക്കുന്നു.
1 ഗുരുതരമായ മാനസികരോഗങ്ങൾ
സ്‌കിസോഫ്രീനിയ, സൈക്കോസിസ്, ബൈപോളാർരോഗം, വിഷാദരോഗം
കേരളത്തിൽ ഗവൺമെന്റിന്റെ കീഴിൽ മൂന്നു മാനസികരോഗാശുപത്രികളും ഏഴ് (രണ്ട് പുതിയവ) മെഡി. കോളേജുകളും ഉണ്ട്. കൂടാതെ ഗവ. നിയന്ത്രമായ ഒരു കോളേജും അനേകം പ്രൈവറ്റ് മെഡി.കോളേജുകളും ഉണ്ട്. MBBS തലത്തിൽ സൈക്യാട്രി ഒരു നിർബന്ധിത വിഷയമാകയാൽ ഈ കോളേജുകളിലെല്ലാം തന്നെ ഒരു സൈക്യാട്രി വിഭാഗം പ്രവർത്തിക്കുന്നു. ഇത് മാനസികരോഗ ചികിത്സയുടെ ലഭ്യത ഏറെക്കുറെ എല്ലായിടത്തും എത്തിക്കുന്നു. ഓ. പി . ഐ. പി ചികിത്സകളടക്കം മിക്ക മെഡി. കോളേജുകളിലും സൈക്കോളജിസ്റ്റിന്റെയും സൈക്യാട്രിക്ക് സോഷ്യൽ വർക്കറുടെയും സേവനങ്ങളും ലഭ്യമാണ്.
1. പ്രൊഫസർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് സൈക്യാട്രി ഗവ: മെഡിക്കൽകോളേജ് കോഴിക്കോട്
2. ജൂനിയർ റസിഡന്റ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് സൈക്യാട്രി ഗവ: മെഡിക്കൽകോളേജ് കോഴിക്കോട്‌

സർക്കാർ മാനസികരോഗ്യകേന്ദ്രങ്ങൾ (GMHCs) തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ്. ഇവിടെയൊക്കെത്തന്നെ രോഗികളുടെ എണ്ണം, അനുവദിക്കപ്പെട്ട കിടക്കകളുടെ എണ്ണത്തെക്കാൾ കൂടുതലാണ്. ഈ ആശുപത്രികളുടെയൊക്കെ പൊതുവായ അവസ്ഥ അത്രകണ്ട് തൃപ്തികരമല്ല താനും. ഇവിടങ്ങളിലെ നിരവധിയായ പരിമിതികളിലേക്ക് മാധ്യമശ്രദ്ധ പതിയുകയും ചെയ്തിട്ടുണ്ട്. ആവശ്യമുള്ളത്ര ജീവനക്കാരോ ഫണ്ടോ ഇല്ലാത്തത് കാര്യങ്ങൾ കൂടുതൽ പരുങ്ങലിലാക്കുന്നു. പരിശീലന പരിപാടികൾ Professionally qualified ആയവർക്കു മാത്രമായി ചുരുങ്ങുന്നു. അതുകൊണ്ടുതന്നെ മറ്റു സ്ഥാപനങ്ങളിൽ നിന്നു സ്ഥലം മാറി വരുന്ന ജീവനക്കാർക്ക് അവരുടെ പുതിയ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ശരിയായ ധാരണ ഇല്ലാതെ വരുന്നു. വാർഡിലെ ദീർഘകാല അന്തേവാസികളിലെ ഒരു പ്രധാനപ്പെട്ട ഭാഗം അന്യസംസ്ഥാനക്കാരോ കോടതി വിധി മുഖേന എത്തിച്ചേർന്നവരോ ആണ്. ഇവരെയൊക്കെ ഡിസ്ചാർജ് ചെയ്യുക അസാദ്ധ്യം തന്നെയാണ്. പൊലീസ്, കോടതി, സാമൂഹ്യസുരക്ഷാ വകുപ്പുകൾ എന്നിവയുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനം ഇത്തരം രോഗികളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കും. ജില്ലാതല ലീഗൽ സംവിധാനങ്ങൾ ഇക്കാര്യത്തിൽ കുറച്ചൊക്കെ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. പക്ഷെ കൂടുതൽ ശക്തമായ ഇടപെടൽ ആവശ്യമാണ്. ഇത്തരം രോഗികളെ ഡിസ്ചാർജ് ചെയ്തു അവരവരുടെ വീടുകളിൽ എത്തിക്കുന്നതിനുള്ള ചെലവ് കണ്ടെത്താനും ഒരു മാർഗ്ഗമുണ്ടാവണം.
ചില ജില്ലാ, താലൂക്ക്, ആശുപത്രികളിലും സൈക്യാട്രിസ്റ്റുകളുടെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയും സൈക്യാട്രിക്ക് സോഷ്യൽ വർക്കറുടെയും തസ്തികകൾ ഉണ്ട്. പ്രധാനപ്പെട്ട സ്വാകാര്യശുപത്രികളിൽ, പ്രത്യേകിച്ചും നഗരങ്ങളിൽ, മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനം ലഭ്യമാണ്.
ഇതെല്ലാം ചേർന്ന് മാനസിക പ്രശ്‌നങ്ങളുള്ള ഭൂരിപക്ഷത്തിനും മാനസികാരോഗ്യ സേവനങ്ങൾ പ്രാപ്യമാകുന്നു. ഏതാണ്ട് മുന്നൂറ് സൈക്യാട്രിസ്റ്റുകൾ കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്. മാനസികരോഗങ്ങളുമായി ബന്ധപ്പെട്ട സാമൂഹ്യ വിവേചനങ്ങൾ ഒരു പക്ഷേ, ആളുകളെ വീട്ടിൽ നിന്നും അകലെയുള്ള ഡോക്ടറെ കാണാൻ പ്രേരിപ്പിക്കുന്നുണ്ടാവാം. മിക്ക രോഗികളും ചികിത്സ നിർത്തുന്നതിന് ഒരു പ്രധാന കാരണം മരുന്നുകളുടെ വിലതന്നെയാണ്. മാനസിക രോഗങ്ങൾക്ക് ചിലപ്പോൾ ജീവിതകാലം മുഴുവനും തന്നെ ചികിത്സ വേണ്ടി വന്നേക്കാം. ഇതു മനസ്സിലാക്കാതെയും ചിലർ പാതി വഴിയിൽ ചികിത്സ നിർത്തിയേക്കാം.
District Mental Health Programme (DMHP)
NMHP (National Mental Health program) ന്റെ ഭാഗമായാണ് DMHP കേരളത്തിൽ ആവിഷ്‌കരിക്കപ്പെട്ടത്. 1999- 2000 ലാണ് ഇത് ആദ്യമായി നിലവിൽ വന്നത്. ആദ്യമാദ്യം ഇത് 5 ജില്ലകളിൽ (തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, വയനാട്) ആണ് പ്രവർത്തനക്ഷമമായത്. കേന്ദ്രഗവൺമെന്റിൽ നിന്നാണ് ഇതിന് ഫണ്ട് അനുവദിക്കുന്നത്. പിന്നീട് ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ (NRHM)സഹായത്തോടെ IMHANS-ന്റെ നേതൃത്വത്തിൽ ഇത് കോഴിക്കോട്, മലപ്പുറം, കാസർഗോഡ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചു. ഈ പദ്ധതിയുടെ ഭാഗമായി മനോരോഗ വിദഗ്ദ്ധർ ഗ്രാമ പ്രദേശങ്ങളിലേക്ക് പോവുകയും രോഗികൾക്ക് ചികിത്സയും മരുന്നും സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്നു. ദരിദ്രരായ രോഗികൾക്ക് ഇതു വലിയ സഹായമാണ്. ഓരോ ജില്ലയിലും ഇത്തരം ഇരുപതോളം ക്ലിനിക്കുകൾ പ്രാദേശിക ആരോഗ്യകേന്ദ്രങ്ങളിൽ നടത്തപ്പെടുന്നുണ്ട്. മറ്റു ജില്ലകളിലേയ്ക്കു കൂടി ഈ പദ്ധതി വ്യാപിപ്പിക്കുക എന്ന കേരള സർക്കാരിന്റെ തീരുമാനം ഇപ്പോഴും നടപ്പാക്കപ്പെടാത്തതിന് നിരവധി കാരണങ്ങൾ ഉണ്ട്. ഉദാഹരണത്തിന്, ഭരണപരമായ തടങ്ങൾ സൈക്യാട്രിസ്റ്റുകളുടെ ലഭ്യതക്കുറവ് മുതലായവ. ഇതൊക്കെ പരിഹരിക്കാനായാൽ രോഗികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമായിരിക്കും. ഈ വർഷം, പൂർണ്ണ തോതിലല്ലെങ്കിൽപ്പോലും ഈ പദ്ധതി ആലപ്പുഴ, എറണാകുളം, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ തുടങ്ങിയിടുണ്ട്.
ഗുരുതര മാനസിക രോഗങ്ങളുള്ളവർക്ക് മറ്റു രോഗങ്ങൾ ഉണ്ടെങ്കിൽ അവയുടെ ചികിത്സയും അത് പോലെ സാന്ത്വന ചികിത്സയും നൽകേണ്ടത് അത്യാവശ്യമാണ്. മലപ്പുറം, ജില്ലാ പഞ്ചായത്തിന്റെ പരിരക്ഷ പദ്ധതി ഒരു നല്ല മാതൃകയാണ്. ഇതിൽ കിടപ്പിലായ രോഗികളുടെ ചികിത്സയും മാനസിക ചികിത്സയും തമ്മിൽ ബന്ധപ്പെടുത്തിയിരിക്കുന്നു. മറ്റ് ചില ജില്ലാ പഞ്ചായത്തുകളും സമാനമായ പദ്ധതികൾ തുടങ്ങിയിട്ടുണ്ട്. ഇത്തരം പദ്ധതികൾ ആശാ പ്രവർത്തകർ മറ്റു സന്നദ്ധ പ്രവർത്തകർ എന്നിവരുമായി സംയോജിപ്പിച്ചു നടത്തുന്ന പക്ഷം അവ DMHP യെക്കാൾ മികച്ച പദ്ധതികളായേക്കാം. വികസിത രാജ്യങ്ങളിലേതിന് കിടപിടിക്കുന്ന തലത്തിൽ എത്തിയേക്കാം. DMHP യുടെ പരിമിതി, അത് ആശുപത്രി പടിക്കൽ അവസാനിക്കുന്നു എന്നതാണ്. അവിടെ സ്‌പെഷ്യലിസ്റ്റുകൾ ആശുപത്രിയിൽ വരുന്ന രോഗികളെ മാത്രമാണ് ചികിത്സിക്കുന്നത്. ആശുപത്രിയിൽ വരാൻ മടിക്കുന്നവരും ഇടക്ക് വെച്ച് ചികിത്സ മുടങ്ങുന്നവരും ഈ പദ്ധതിക്ക് പുറത്താകുന്നു. കൂടുതൽ സാമൂഹ്യ പങ്കാളിത്തതോടെ പല കാരണങ്ങൾ കൊണ്ടും ആശുപത്രിയിൽ എത്താൻ കഴിയാത്ത രോഗികളെ കണ്ടുപിടിക്കാനും ചികിത്സിക്കാനും കഴിയേണ്ടതുണ്ട്. ആശമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സേവനം മാനസിക രോഗരംഗത്തും ലഭ്യമാക്കിയാൽ ഇത് സാധ്യമാകും. ഉത്തരകേരളത്തിൽ പലയിടത്തും ദീർഘകാല ചികിത്സ വേണ്ടവരെ പാലിയേറ്റീവ് പ്രവർത്തനവുമായി ബന്ധപ്പെടുത്തി തുടർ ചികിത്സ നൽകുന്ന രീതി നിലവിൽ ഉണ്ട്. മനോരോഗികളെയും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്.
സാമൂഹ്യ തലത്തിലുള്ള പുനരധിവാസ പ്രവർത്തനങ്ങൾ
പുനരധിവാസം മനോരോഗ ചികിത്സയുടെ അനിവാര്യമായ ഭാഗമാണ്. പക്ഷേ ഇത് മിക്കപ്പോഴും അവഗണിക്കപ്പെടുന്നതായാണ് കാണുന്നത്. പ്രദേശിക തലത്തിൽ 50-ഓ 100-ഓ രോഗികളെ ഉൾക്കൊള്ളാവുന്ന ചെറിയ പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് മാനസിക രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ഒരു വലിയ ആശ്വാസമായിരിക്കും. ഇത്തരം സംരഭങ്ങൾ ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിൽ ആരംഭിക്കേണ്ടതാണ്.
രോഗപരിചരണം ലഭിക്കുന്നതിനുള്ള തടങ്ങൾ
മനോരോഗങ്ങളുടെ ചികിത്സ വളരെയധികം ഫലപ്രദവും രോഗ ബാധിതനെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കാൻ കഴിയുന്നതുമാണ്. പക്ഷെ ഇത്തരം ചികിത്സാ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് രോഗികൾക്കു മുന്നിൽ പല തടങ്ങളുമുണ്ട്. ദാരിദ്ര്യവും മാനസികരോഗങ്ങളെപ്പറ്റിയുള്ള തെറ്റായ ധാരണകളും മാനസിക ചികിത്സാ സൗകര്യങ്ങൾ വേണ്ട വിധത്തിൽ ഉപയോഗിക്കുന്നതിൽ നിന്ന് പല രോഗികളെയും തടയുന്നുണ്ട്. മന്ത്രവാദവും സമാനമായ അന്ധവിശ്വാസങ്ങളും പല ജനവിഭാഗങ്ങളുടെയിടയിലും ഇപ്പോഴും പ്രബലമാണ്. വംശീയ വൈദ്യവും ചികിത്സയും വിദ്യാഭ്യാസമുള്ളവരെപ്പോലും അശാസ്ത്രിയമായ ചികിത്സാ സമ്പ്രദായങ്ങളിലേക്ക് ആകർഷിക്കുന്നു. ആധുനിക വൈദ്യത്തിലെ മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള ഊതി വീർപ്പിച്ച തെറ്റിധാരണകളും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു.

2. ലഘുമനോരോഗങ്ങൾ
ന്യൂറോട്ടിക് രോഗങ്ങൾ, മാനസികസമ്മർദ്ദവുമായി ബന്ധപ്പെട്ട രോഗങ്ങൾ, അഡ്ജസ്റ്റ്‌മെന്റ് ഡിസോർഡർ എന്നിവയാണ് പ്രധാന ലഘുമനേരോഗങ്ങൾ. ഇത്തരം രോഗങ്ങളുടെ പരിചരണം സൈക്യാട്രിസ്റ്റും ക്ലിനിക്കൽ സൈക്കോളജിസ്റ്റും സൈക്യാട്രിക്ക് സോഷ്യൽ വർക്കറും ഉൾപ്പെടുന്ന ബഹുതല സ്പർശിയായ ഒരു സമീപനമാണ് ആവശ്യപ്പെടുന്നത്. ഇത്തരം പ്രൊഫഷണലുകളുടെ ലഭ്യതക്കുറവ് ഈ മേഖല നേരിടുന്ന വലിയ ഒരു പ്രതിസന്ധിയാണ്. കൂടാതെ വ്യക്തിത്വ വൈകല്യമുള്ള രോഗികൾക്കും ദീർഘകാല മനശാസ്ത്ര ചികിത്സകൾ ആവശ്യമുണ്ട്. അതു കൊണ്ടുതന്നെ ഈ മേഖലകളിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കേണ്ടതിന്റെ അടിയന്തിര ആവശ്യമുണ്ട്. ഭരണപരവും മറ്റുമായ കാര്യങ്ങൾ കൊണ്ട് ഇതിനു വേണ്ടി വകയിരുത്തപ്പെട്ട കേന്ദ്രഫണ്ടുകൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. ഈ തസ്തികകൾ എല്ലാ ജില്ലാ ആശുപത്രികളിലുമെങ്കിലും ആരംഭിക്കാൻ കഴിഞ്ഞാൽ നന്നായിരിക്കും. ഈ വിഷയങ്ങളിൽ പരിശീലനം നല്കാനുള്ള അദ്ധ്യാപക തസ്തികകളും മെഡി. കോളേജിൽ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.

3. ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ
കേരളത്തിലെ മദ്യോപഭോഗം വളരെ കൂടിയ നിരക്കിലെത്തിയിരിക്കുന്നു. അമിത മദ്യപാനാസക്തിയുള്ളവരെ സഹായിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങൾ കേരളത്തിൽ ഉണ്ടാവേണ്ടതുണ്ട്. ചെറുപ്പക്കാരേയും വിദ്യാർത്ഥികളേയും ലക്ഷ്യമിട്ടുകൊണ്ടുള്ള ബോധവത്കരണ പരിപാടികളും ഒരുക്കേണ്ടതുണ്ട്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ ഉപയോഗം താഴ്ന്ന വരുമാനക്കാർക്കിടയിൽ കൂടുതലാണെന്നാണ്. ഇവരിൽ മിക്കവാറും പേർ തനിച്ചിരുന്നു മദ്യപിക്കുന്നവരാണ്. കഴിഞ്ഞ കുറച്ചു ദശകങ്ങളായി കാണപ്പെടുന്ന ഒരു പ്രധാന പ്രവണത, മദ്യപാനം തുടങ്ങുന്നതിന്റെ പ്രായം കുറഞ്ഞു കുറഞ്ഞു വരുന്നു എന്നതാണ്. മദ്യത്തിന്റെ പ്രതിശീർഷ ഉപഭോഗം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേരളത്തിലാണ് (8.2 L/year). ദേശിയ ശരാശരിയുടെ മൂന്നിരട്ടിവരും ഇത്. പക്ഷെ ഇത് റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോഗത്തെക്കാൾ കുറവുമാണ്. KSSP – 2003- 2004ൽ കേരളത്തിലെ തീരദേശമേഖലകളിൽ നടത്തിയ പഠനപ്രകാരം 30 നും, 74 നും ഇടയിൽ പ്രായമുള്ള 41% പുരഷന്മാരും മദ്യം ഉപയോഗിക്കുന്നവരാണ്. പഠനത്തിൽ പങ്കെടുത്ത 10% പേർ മുമ്പ് മദ്യം ഉപയോഗിച്ചിരിക്കുന്നതായും വെളിപ്പെടുത്തി. മദ്യം ഉപയോഗിച്ചിരുന്നവരിൽ 13% ദിവസവും മദ്യം ഉപയോഗിക്കാറുണ്ട്. 27% ആഴ്ച്ചയിൽ കുറഞ്ഞത് നാലു ദിവസത്തിൽ ഒരിക്കലെങ്കിലും മദ്യപിക്കാറുണ്ട്. ഈ കണക്കുകൾ കാണിക്കുന്നത് മദ്യപാനം കേരളത്തിൽ സാധാരണമാണെന്നാണ്. 1987- ൽ നടത്തിയ ഒരു സർവേ പ്രകാരം 15% പുരുഷന്മാരും മദ്യം ഉപയോഗിക്കുന്നുണ്ടായിരുന്നു. അതായത് 87- ൽ നിന്ന് 2003 -ലേക്കെത്തുമ്പോൾ മദ്യോപയോഗത്തിൽ കുത്തനെയുള്ള വർദ്ധന(2.5 ഇരട്ടി) കാണാവുന്നതാണ്.

പുകയില ഉപയോഗം
ചില പഠനങ്ങൾപ്രാകാരം പുകവലി 43-ൽ നിന്ന് 40 ശതമാനത്തിലേക്ക് കുറഞ്ഞതായി കാണുന്നുണ്ട്. പുകവലി കൂടുതലായി കാണപ്പെടുന്നത് താഴ്ന്ന വരുമാനക്കാരുടെ ഇടയിലാണ്. പുകയില മുറുക്കൽ ഇപ്പോൾ യുവാക്കളുടെ ഇടയിൽ കൂടി വരുന്നതായി കാണപ്പെടുന്നുണ്ട്. അടയ്ക്കയോടും വെറ്റിലയോടും ഒപ്പം ഉപയോഗിക്കുന്നതിനും പകരം ഉത്തരേന്ത്യൻ രീതിയിലുള്ള പാൻ മുറുക്കലാണ് ഇപ്പോൾ വ്യാപകം.

മറ്റു ലഹരി വസ്തുക്കളുടെ ദുരുപയോഗം
കറുപ്പ്, ബ്രൗൺഷുഗർ, വേദന സംഹാരികൾ, ഉറക്ക മരുന്നുകൾ എന്നിവയുടെ ഉപയോഗം നഗരങ്ങളിലെ യുവാക്കൾക്കിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഞ്ചാവിന്റെ ഉപയോഗം വ്യാപകമാണ്. പെയിന്റ് നെയിൽ പോളിഷ്, വൈറ്റ്‌നർ, പശകൾ എന്നീ വസ്തുക്കൾ ലഹരിക്കുവേണ്ടി മണക്കാനുപയോഗിക്കുന്നത് സ്‌ക്കൂൾ വിദ്യാർത്ഥികൾക്കിടയിൽ കാണപ്പെടുന്നുണ്ട്.
4) റോഡപകടങ്ങൾ
സംസ്ഥാനത്ത് റോഡപകടങ്ങൾ വർദ്ധിച്ചു വരുന്നുണ്ട്. മദ്യപാനം ഇതിന്റെ ഒരു പ്രധാന കാരണമാണ്. മദ്യപിച്ചു വാഹനമോടിക്കുന്നവർക്കെതിരെയുള്ള നിയമനടപടികൾ പലപ്പോഴും നഗര പ്രദേശങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോവുകയാണ് പതിവ്. വാഹനാപകടങ്ങളിൽ കൂടുതലും ഇരു ചക്ര വാഹനങ്ങൾ ഉൾപ്പെടുന്നതാണ്. എങ്കിൽ തന്നെയും പൊതുജനങ്ങൾ ഹെൽമെറ്റ് ധരിക്കുന്നതിൽ പലപ്പോഴും വിമുഖത കാണിക്കുന്നു. ബിഹേവിയറൽ രീതിയിലൂടെ ഇത്തരം പ്രശ്‌നങ്ങളെ സമീപിക്കുന്നത് നന്നായിരിക്കും.
5. ആത്മഹത്യ പ്രതിരോധം
ആത്മഹത്യ കേരളത്തിന്റെ വലിയ ഒരു സാമൂഹ്യ പ്രതിസന്ധിയാണ്. പലപ്പോഴും ഇത് പൂർണ്ണമായും തടയാൻ സാധിക്കുന്നതാണ്. ഇതിനുവേണ്ടി ഗവ. ധനസഹായത്തോടെ ഹ്മഗഞകടകടഹ്ന പ്രോജക്ട് നടപ്പാക്കിയിരുന്നു. ഈ പദ്ധതി പ്രകാരം വിവിധ പ്രായക്കാർക്കായി നിരവധി ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ ഈ പ്രോജക്ടിന് കഴിഞ്ഞ വർഷം ധനസഹായം അനുവദിച്ചിട്ടില്ല. ആത്മഹത്യാ സാദ്ധ്യതയുള്ള രോഗികളെയും മദ്യപാനികളുടെയും പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ സംയോജിതമായ കൗൺസിലിംഗ് കേന്ദ്രങ്ങൾ തുടങ്ങുന്നത് നന്നായിരിക്കും. ഇതിനു ലഭ്യമായ യോഗ്യതയുള്ള പ്രഫഷണലുകളെ ഉപയോഗിക്കാവുന്നതാണ്. കർഷകരോട് അനുഭാവമുള്ള വായ്പാനയവും സാമ്പത്തിക സമീപനവും ആവിഷ്‌കരിക്കപ്പെടേണ്ടതുണ്ട്.

6. വയോജനങ്ങളുടെ മാനസികാരോഗ്യം
കഴിഞ്ഞ വർഷത്തെ ലോക മാനസികാരോഗ്യ ദിനത്തിന്റെ പ്രമേയം വയോജനങ്ങളുടെ മാനസികാരോഗ്യം എന്നതായിരുന്നു. കേരളത്തിലെ ജനസംഖ്യയിൽ വയോജനങ്ങളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഇതിനു കാരണം കുറഞ്ഞ ജനനനിരക്കും ആയുർദൈർഘ്യത്തിലുള്ള വർദ്ധനയും മികച്ച ആരോഗ്യരക്ഷാ സംവിധാനങ്ങളുമാവാം. ക്ഷയിച്ചു വരുന്ന ആരോഗ്യം, പലവിധ രോഗങ്ങൾ തുടങ്ങിയവയൊക്കെ വയോജനങ്ങളുടെ പ്രശ്‌നങ്ങളാണ്. അണുകുടുംബങ്ങളുടെ വർദ്ധനവും ഇക്കൂട്ടരെ ഒറ്റപ്പെടലിലേയ്ക്കും വിഷാദത്തിലേയ്ക്കും നയിക്കുന്നു. കേരള സാമൂഹ്യ സുരക്ഷാമിഷന്റെ വയോമിത്രം പദ്ധതി ഇക്കാര്യത്തിൽ ഒരു ചെറിയ ചുവടുവയ്പാണ്. വൃദ്ധർക്ക് എളുപ്പത്തിൽ ലഭ്യമായതും താങ്ങാനാവുന്നതുമായ ആരോഗ്യ പരിചരണം കൂടുതലായി ലഭ്യമാക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഇതിനായി പദ്ധതികൾ ആവിഷ്‌ക്കരിക്കാവുന്നതാണ്. കേരള സർക്കാരും സാമൂഹ്യ സുരക്ഷാമിഷനും 2012 – 2013 ൽ നടത്തിയ പഠനപ്രകാരം മുതിർന്ന പൗരന്മാരിൽ മൂന്നിൽ രണ്ട് പേർക്കും ഏതെങ്കിലും തരത്തിലുള്ള മാനസികമായ പ്രശ്‌നങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

7. കുട്ടികളും കൗമാരക്കാരും
കുട്ടികളുടെ മാനസികാരോഗ്യപ്രശ്‌നങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അക്കാദമിക നൈപുണ്യം, കരിയർ പ്ലാനിംഗ് ,ലൈംഗിക വിദ്യാഭ്യാസം എന്നീ മേഖലകളിൽ സവിശേഷ ശ്രദ്ധവേണം. കുട്ടികളിൽ ലഹരി ഉപയോഗം കൊണ്ടുള്ള പ്രശ്‌നങ്ങൾ തടയാനും മാനസികസമ്മർദ്ദം കുറയ്ക്കാനുമുള്ള ഇടപെടലുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഈ ആവശ്യത്തിലേക്കായി , ലോകാരോഗ്യ സംഘടനയുടെ ലൈഫ്‌സ്‌കിൽ എഡ്യുക്കേഷൻ പ്രോഗ്രാമിനെ അടിസ്ഥാനപ്പെടുത്തിയുള്ള മൊസ്യുളുകൾ വികസിപ്പിച്ചു നടപ്പാക്കാവുന്നതാണ്. ണഒഛ യുടെ മൊഡ്യുളുകൾ അനുസരിച്ചുള്ള ലൈഫ് സ്‌കിൽ ശിക്ഷണപദ്ധതികൾ കേരളത്തിലെ പല സൈക്യാട്രിസ്റ്റുകളും നടപ്പാക്കി വിജയം കണ്ടിട്ടുള്ളവയാണ്. വിദ്യാഭ്യാസ വകുപ്പോ സാമൂഹ്യക്ഷേവകുപ്പോ വിചാരിച്ചാൽ അദ്ധ്യാപകരെ ഇത്തരം രീതികൾ പരിശീലിപ്പിക്കാൻ കഴിയും. ഇത് എല്ലാ സ്‌കൂളുകളിലും നടപ്പാക്കാനുമുള്ള ഫണ്ട് ലഭ്യമാക്കാവുന്നതുമാണ്. അദ്ധ്യാപകരെ പരിശീലകരാക്കി പരിശീലിപ്പിക്കൽ (Training of Trainer) പരിപാടി ഗവ.മെഡിക്കൽ കോളേജുകളിലെ സൈക്യാട്രി വിഭാഗങ്ങൾക്കും നടത്താവുന്നതാണ്. ഇങ്ങനെ പരിശീലിപ്പിക്കപ്പെട്ട അദ്ധ്യാപകരെ ഉപയോഗിച്ച് യു.പി, ഹൈസ്‌ക്കൂൾ വിഭാഗങ്ങളിൽ ലൈഫ്‌സ്‌കിൽ എഡ്യുക്കേഷൻ വ്യാപിപ്പിക്കാം. പഠനവൈകല്യമുള്ള കുട്ടികളെ പരീക്ഷകളിൽ സഹായിക്കുന്നതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പ് ചില പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്നുണ്ട്. പരീക്ഷക്ക് കൂടുതൽ സമയം നല്കുക, സ്‌ക്രൈബിന്റെ സഹായത്തോടെ പരീക്ഷ എഴുതുക എന്നിങ്ങനെ. പലപ്പോഴും ഈ ആവശ്യങ്ങൾക്കുവേണ്ടി സർട്ടിഫിക്കറ്റ് ലഭിക്കാനായി മാത്രമാണ് ഇത്തരം കുട്ടികൾ സൈക്യാട്രിസ്റ്റിനെ സമീപിക്കുന്നത്. പരിഹാരധിഷ്ഠിതമായ (Remedial education) ഒരു സമീപനമാണ് പഠനവൈകല്യമുള്ള കുട്ടികൾക്കാവശ്യം. അതുകൊണ്ട് തന്നെ അവരെ നേരത്തെ തന്നെ കണ്ടെത്താനും അവർക്കു വേണ്ട പരിശീലനം നല്കാനുമുള്ള ശ്രമങ്ങൾ കൂടി ഉണ്ടാവേണ്ടതുണ്ട്.

8) ഇൻഷൂറൻസും ക്ഷേമപദ്ധതികളും
ഗവൺമെന്റ് നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ഞടആഥ മാനസികരോഗങ്ങളെ ഉൾപ്പെടുത്തുന്നില്ല. ഇതുമൂലം ഇത്തരം രോഗികൾക്ക് ഈ പദ്ധതികൾ കൊണ്ട് പ്രയോജനം ലഭിക്കുന്നില്ല. ഈ വിഷയത്തിൽ കേരള ഹൈക്കോടതി ഒരു മാറ്റം നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഗവൺമെന്റ് ഉത്തരവുകളൊന്നും നിലവിൽ വന്നിട്ടില്ല.
മാനസികരോഗികൾക്ക് പെൻഷൻ പോലെയുള്ള ക്ഷേമപദ്ധതികൾ കേരളത്തിൽ ഇല്ല. ജണഉ അര േപ്രകാരം മറ്റു രോഗികൾക്ക് കിട്ടേണ്ടുന്ന ആനുകൂല്യങ്ങൾക്ക് മാനസിക രോഗികളും അർഹരാണ്. ഇതു പക്ഷേ കേരളത്തിൽ നടപ്പായിട്ടില്ല. രോഗികളുടെയും ബന്ധുക്കളുടെയും ഭാഗത്തുനിന്നുള്ള സമ്മർദ്ദങ്ങളുടെ അഭാവവും സർക്കാരിന്റെ താൽപര്യക്കുറവുമാണ് ഇതിന്റെ പ്രധാനകാരണം. ഈ ആനുകൂല്യങ്ങൾ നേടിയെടുക്കുക എന്നത് ഒരു മനോരോഗിയെ സംബന്ധിച്ച് സങ്കീർണമായ ഒരു പ്രക്രിയയാണ്. മൂന്നോ നാലോ സർക്കാർ വകുപ്പുകളുടെ (സാമൂഹ്യക്ഷേമം, ആരോഗ്യം, റവന്യൂ, പഞ്ചായത്ത്) സംയോജിച്ചുള്ള പ്രവർത്തനം ഇതിനാവശ്യമാണ്. മാനസികരോഗികളും അവരുടെ ബന്ധുക്കളും പലപ്പോഴും ഈ സങ്കീർണ്ണതയിൽ തട്ടി വഴിമുട്ടി നിൽക്കുന്നതായാണ് കാണുന്നത്. അതുകൊണ്ട് തന്നെ, ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള സംവിധാനം കുറച്ചുകൂടി ലളിതമാക്കാൻ സർക്കാർ ശ്രമിക്കേണ്ടതുണ്ട്. ഒരു ഏകജാലക സംവിധാനം ഇതിലേക്കായി പരിഗണിക്കാവുന്നതാണ്.

9. സാമൂഹ്യ വിവേചനത്തിനെതിരെയുള്ള പോരാട്ടം
മാനസികരോഗികളുടെ അവകാശങ്ങൾക്കായുള്ള ഇടപെടലുകളുടെ അഭാവം പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ്, ഗുണഭോക്താക്കളുടെ സംഘങ്ങളുണ്ടാക്കുകയും അവയെ ചഏഛ കളുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും ബന്ധിപ്പിക്കുകയും ചെയ്ത് ഈ പ്രശ്‌നം മറികടക്കാവുന്നതാണ്. രോഗികളോടുള്ള വിവേചനത്തിനെതിരെയുള്ള പോരാട്ടം ഏറ്റവും പ്രസക്തമായ ഒരു സന്ദർഭമാണിത്. മാനസികരോഗങ്ങൾ മറ്റു രോഗങ്ങൾ പോലെ തന്നെയുള്ള ഒന്നാണെന്നും, ചികിത്സയിലൂടെ പരിഹരിക്കാൻ കഴിയുന്നതാണെന്നുമുള്ള അവബോധം പൊതുജനങ്ങൾക്കും സാമൂഹ്യരാഷ്ട്രീയ നേതൃത്വത്തിനും ഉണ്ടാവേണ്ടതുണ്ട്.

10. നിയന്ത്രണ സംവിധാനങ്ങൾ
കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അഥോറിറ്റിയാണ് മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് ലൈസൻസ് നൽകുന്നത്. പക്ഷെ, ഇതുപലപ്പോഴും വേണ്ടരീതിയിൽ പ്രവർത്തിക്കുന്നില്ല. രോഗികളെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വയ്ക്കുന്നു മുതലായ ആരോപണങ്ങൾ മാധ്യമങ്ങൾ ഉയർത്തികൊണ്ടുവരുന്നത് ഈ പശ്ചാത്തലത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. മാനസികാരോഗ്യകേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം നടക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. മാനസികരോഗ്യ പുനരധിവാസ കേന്ദ്രങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനു വേണ്ടി ഗവൺമെന്റ് ഒരു പുതിയ നിയമം ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഗുണഭോക്തൃസംഘങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കർശനനിരീക്ഷണം ഇത്തരം സ്ഥാപനങ്ങൾക്കുമേലുണ്ടാവണം.

11. മനുഷ്യവിഭവശേഷി വികസനത്തിന്റെ ആവശ്യങ്ങൾ
IMHANS (ഇംഹാൻസ്), മികവിന്റെ കേന്ദ്രമായി ഉയർത്താൻ കേന്ദ്രഗവൺമെന്റ് തെരഞ്ഞെടുത്തു കഴിഞ്ഞു. ഇതിന്റെ കെട്ടിട നിർമ്മാണം ഏറെക്കുറെ പൂർത്തിയായിരിക്കുന്നു. സൈക്യാട്രി , ക്ലിനിക്കൽ സൈക്കോളജി, സൈക്യാട്രിക്ക് സോഷ്യൽ വർക്ക്, സൈക്യാട്രിക്ക് നഴ്‌സിംഗ് എന്നീ മേഖലകളിൽ കൂടുതൽ പേരെ പരിശീലിപ്പിച്ചെടുക്കാൻ ഇതിലൂടെ കഴിയും. പക്ഷെ, നഴ്‌സുമാരും ഹോസ്പിറ്റൽ അസിസ്റ്റന്റുമാരും അടക്കമുള്ള ജോലിക്കാരെ നിയമിച്ചിട്ടില്ല.

സ്‌പെഷ്യലിസ്റ്റ് തസ്തികകളിൽ അദ്ധ്യാപകരെ നിയമിക്കൽ
Child and adolescent psychiatry, addiction psychiatry, geriatric psychiatry മുതലായ മേഖലകളിൽ അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കേണ്ടതുണ്ട്. ഗവേഷണ പ്രവർത്തനങ്ങളും വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കേന്ദ്ര ഗവൺമെന്റ് ഫണ്ടോടെ തുടങ്ങാനിരുന്ന ക്ലിനിക്കൽ സൈക്കോളജി, സൈക്യാട്രി സോഷ്യൽ വർക്ക് മുതലായ കോഴ്‌സുകൾ പല കാരണങ്ങൾകൊണ്ടും സാക്ഷാത്ക്കരിക്കപ്പെട്ടിട്ടില്ല.
12) NGO പ്രവർത്തനങ്ങൾ
പല NGO കളും മാനസികാരോഗ്യ മേഖലയിൽ സജീവമാണ്. ആത്മഹത്യപ്രതിരോധം, ലഹരി വിമുക്ത ചികിത്സ, വിവാഹകൗൺസിലിംഗ്, കുട്ടികളുടെ പ്രശ്‌നങ്ങൾ, മാനസികരോഗികളുടെ പുനരധിവാസം എന്നീ പല മേഖലകളിലും ഇവർ പ്രവർത്തിക്കുന്നുണ്ട്. കമ്മ്യൂണിറ്റി ക്ലിനിക്കുകളിലൂടെ രോഗ ചികിത്സ നടത്തുന്ന ഗ്രൂപ്പുകളുമുണ്ട്. ചില ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാൽ ഇവയിൽ മിക്കതും മെച്ചപ്പെട്ട സേവനമാണ് കാഴ്ച വെയ്ക്കുന്നത്.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ മാനസികാരോഗ്യ പ്രവർത്തനങ്ങളിൽ സർക്കാറുകളുടെയും പൊതു സമൂഹത്തിന്റെയും പങ്കാളിത്തം വർദ്ധിപ്പിക്കാനും അതു വഴി മാനസികാരോഗ്യ സേവനങ്ങളെ മെച്ചപ്പെടുത്താനും ലോകാരോഗ്യ സംഘടന MHGAP (Mental Health Gap Action Programme) എന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിൽ ഉൾപ്പെടുത്തിയ മൊഡ്യൂളുകൾ ഉപയോഗിച്ച്, സൈക്യാട്രിസ്റ്റുകളുടെ അഭാവത്തിൽ പോലും സാധാരണ മാനസിക പ്രശ്‌നങ്ങൾ നോൺ സ്‌പെഷിലിസ്റ്റ് ഡോക്ടർമാർക്ക് തന്നെ കൈകാര്യം ചെയ്യാൻ സാധിക്കും. ഇതിനെ കേരളത്തിന്റെയും ഇന്ത്യയുടെയും സവിശേഷ സാഹചര്യങ്ങൾക്കനുസരിച്ച് വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താൻ സാധിച്ചാൽ കൂടുതൽ മെച്ചപ്പെട്ട മാനസികാരോഗ്യസേവനങ്ങൾ പൊതു ജനങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കും.
(കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂരിൽ സംഘടിപ്പിച്ച കേരള വികസന സംഗമത്തിൽ അവതരിപ്പിച്ച പ്രബന്ധം)
Reference
1. T.N. Sugathan, C.R. Soman & K. Sankaranarayanan. Behavioural risk factors for non-communicable diseases among adults in Kerala, India. Indian J Med Res 127, June 2008, pp 555-563.

2. Kannan KP, Thankappan KR, Ramankutty V, Aravindan KP. Health and development in rural Kerala. Trivandrum: Kerala Sastra Sahitya Parishad; 1991
3. NEEDS AND SERVICES FOR THE ELDERLY IN KERALA-A Qualitative Study 2012–13 Conducted by
The departments of Community Medicine & Psychiatry, Government Medical Colleges of Alappuzha & Thiruvananthapuram For the Department of Social Justice, Government of Kerala & Supported by Kerala Social Security Mission
4. MH GAP Mental Health Gap Action Programme Scaling up care for mental, neurological, and substance use disorders accessed at http://www.who.int/mental_health/evidence/mhGAP/en/

Check Also

പ്രളയാനന്തരം : പകർച്ച വ്യാധികൾ തടയാന്‍ ജാഗ്രത വേണം

പ്രളയത്തിനു ശേഷം കരുതൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നിരവധി പകർച്ചവ്യാധികൾ വ്യാപിക്കാൻ സാധ്യതയുണ്ട്..

Leave a Reply

%d bloggers like this: