ഇത് കേരളമാണ് !

കരുനാഗപ്പള്ളിയില്‍ ബാധ ഒഴിപ്പിക്കാനുള്ള മന്ത്രവാദത്തിന്റെ ഭാഗമായി നട്ടെല്ലൊടിഞ്ഞ് 26 കാരിയായ യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവം ഒറ്റപ്പെട്ടതല്ല. കേരളത്തിലെ എല്ലാ മത ജാതി വിഭാഗങ്ങളിലും പെട്ട ദുര്‍ബലമനസ്‌കരായ വലിയൊരു വിഭാഗം മനുഷ്യര്‍ ആള്‍ദൈവങ്ങളും സിദ്ധന്‍മാരും ഒരുക്കുന്ന കെണികളില്‍പെട്ട് ഉഴറുകയാണ് എന്നതാണ് വസ്തുത. ഇതു കേരളമാണെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി നവോത്ഥാനത്തിന്റെ വെളിച്ചത്തില്‍ സമൂഹമനസ്സില്‍ നിന്ന് അന്ധവിശ്വാസങ്ങള്‍  വലിയതോതില്‍ അകന്നുവെന്നും പറയുന്നതില്‍ എത്രമാത്രം യുക്തിയുണ്ട്. ഒരു വിലയിരുത്തല്‍ .

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കുറിച്ചുള്ള ചര്‍ച്ചയില്‍ സാധാരണ ഉയര്‍ന്നുവരുന്ന പ്രബലമായ ഒരു ചിന്താഗതി ഇപ്രകാരമാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനില്‍ക്കുന്നത് മുഖ്യമായും കേരളത്തിന് പുറത്താണ്. ഇത് കേരളമാണ്. മുന്നോട്ടുള്ള നടത്തത്തില്‍ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കേരളം വലിയ അളവില്‍ കൈയൊഴിഞ്ഞിട്ടുള്ളതാണ്.
ഒരു പരിധിവരെ ഈ ധാരണയില്‍ ശരിയുണ്ടായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണെന്ന് സമീപകാല സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കേരളം വലിയ അളവില്‍ കൈയൊഴിഞ്ഞിട്ടുള്ള നാടാണ് കേരളമെന്ന ധാരണയില്‍ ഊന്നുന്നതുവഴി കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ എന്തു സംഭവിക്കുന്നു എന്ന ആലോചന നടത്താനാണ് ഇവിടെ മുതിരുന്നത്.
അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ജാതീയമായ ഉച്ചനീചത്വങ്ങളുടെയും അന്ധവിശ്വാസത്തിന്റെ പേരിലുള്ള പീഡനങ്ങളുടെയും, മനുഷ്യഹത്യയുടെയും വരെയുള്ള വാര്‍ത്തകള്‍ മേല്‍ധാരണയെ ഒരു പരിധിവരെ ശരിവക്കുന്നു. മറ്റ് സംസ്ഥാനങ്ങളുടെ അളവില്‍ അനാചാരങ്ങള്‍ കേരളത്തില്‍ നിലവിലില്ല എന്നതും വസ്തുതയാണ്. എങ്കിലും, ഇത് കേരളമാണ്, ഇവിടെ ഇതൊരു പ്രധാന പ്രശ്‌നമല്ല എന്ന് കരുതുന്ന ഒരു വിഭാഗത്തിന്റെ കാഴ്ചയിലൂടെയുള്ള ഈ നിരീക്ഷണം പൂര്‍ണ്ണമായി ശരിയാണോ? ഈ കാഴ്ചവട്ടത്തിനപ്പുറത്ത് കേരളത്തിലെ എല്ലാ അര്‍ത്ഥത്തിലും ദുര്‍ബ്ബലരായ മനുഷ്യരുടെ ഇടയില്‍ ഒരു അത്താണിയായി നിലനില്‍ക്കുന്ന വിവിധ അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേതുമായ ഒരു മണ്ഡലം വളര്‍ന്നു കൊണ്ടിരിക്കുന്നു. മാനസികവും സാമ്പത്തികവും ആയ ദൗര്‍ബ്ബല്യങ്ങളെ വളമാക്കിക്കൊണ്ട് പ്രാദേശിക ദൈവാവതാരങ്ങളും പ്രാര്‍ത്ഥനാ ശുശ്രൂഷയും മന്ത്രവാദവും ഊതികൊടുക്കലും ഒക്കെ അരങ്ങുതകര്‍ക്കുന്നു. ദുരിതങ്ങളിലും സങ്കടങ്ങളിലും അനിശ്ചിതത്വങ്ങളിലും ഉഴറുന്നവര്‍ക്ക് അത്താണിയൊരുക്കുന്ന ഈ സംവിധാനങ്ങള്‍ എണ്ണത്തിലും വൈവിധ്യത്തിലും ഏറിവരികയാണ്.
ജീവിതദുരിതങ്ങള്‍ മാത്രമല്ല ഊഹക്കച്ചവടസ്വഭാവമുള്ള സാമ്പത്തിക  പ്രവര്‍ത്തനങ്ങള്‍ നിത്യ ജീവിതത്തില്‍ സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങളും സാമൂഹ്യ കൂട്ടായ്മകള്‍  ദുര്‍ബ്ബലമാകുന്നതും ജീവിത സുരക്ഷിതത്വം തകരുന്നതും ഒക്കെ ഇത്തരം  അത്താണികളെ ശക്തിപ്പെടുത്തുന്നു. ലോകഗതിയെകുറിച്ചുള്ള ധാരണകളും ജീവീതാനുഭവങ്ങളും തമ്മിലുള്ള അകലം വര്‍ധിക്കുമ്പോള്‍ ഉണ്ടാകുന്ന നിരാശക്കുള്ള ഒറ്റവാക്കിലുള്ള ഉത്തരമായും വിശ്വാസത്തിന്റെ അത്താണികള്‍ ഇടം കയ്യടക്കുന്നു. കൂടുതല്‍ ദുര്‍ബ്ബലരായവരുടെ ഇടയില്‍ അന്ധവിശ്വാസകേന്ദ്രങ്ങളിലേക്കുള്ള ഒഴുക്ക് വേഗത്തിലാകുന്നു എന്നുമാത്രം. ഈ സാഹചര്യത്തില്‍  ഇത് കേരളമാണ് എന്ന വാദം പുന: പരിശോധനക്ക് വിധേയമാക്കേണ്ടി വരുന്നു. പുന:പരിശോധന അനിവാര്യമാക്കുന്നത് ദുര്‍ബ്ബല മനസ്സുകള്‍ അന്ധവിശ്വാസ കേന്രങ്ങളില്‍ വന്നടിയുന്നത് കൂടുന്നു എന്നതു കൊണ്ട് മാത്രമല്ല ഇത്തരം അപകടങ്ങള്‍ കാര്യമായി ബാധിക്കാത്ത കാര്യവിവരമുള്ള വിഭാഗത്തിന്റെ ധാരണകളും പരിശോധനാവിധേയമാക്കേണ്ടതുണ്ട് എന്നതുകൊണ്ട് കൂടിയാണ്. വിപണി സൃഷിടിക്കുന്ന മായക്കാഴ്ചകള്‍ക്കും അര്‍ത്ഥ സത്യങ്ങള്‍ക്കും  നുണകള്‍ക്കും പ്രബുദ്ധരെന്ന് കരുതുന്നവരില്‍ വലിയ പങ്ക് അടിപെട്ടിരിക്കുന്നു. അതേ സമയം നവോത്ഥാന മൂല്യങ്ങളെ ഇവര്‍ക്ക്  എത്രമാത്രം നിലനിര്‍ത്താനാകുന്നുണ്ട് എന്നതും പരിശോധന അര്‍ഹിക്കുന്നു.
കേരളത്തിനു പുറത്തുള്ള അന്ധവിശ്വാസങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും എതിരെ ശക്തമായ നിലപാട് ഇവര്‍ പൊതുവെ  പുലര്‍ത്തുന്നുണ്ട്. ഉദാഹരണത്തിന് അയല്‍സംസ്ഥാനമായ കര്‍ണാടകത്തില്‍ നിന്ന് അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് സംഭവങ്ങളോട് കേരളത്തില്‍ ഉയര്‍ന്നുവന്ന പ്രതികരണത്തിന്റെ സ്വഭാവം എന്തെന്ന് പരിശോധിക്കാം. കര്‍ണാടകത്തില്‍ നിന്ന് അടുത്തകാലത്ത് വന്ന ഒരു വാര്‍ത്ത പല ക്ഷേത്രങ്ങളിലും തുടര്‍ന്ന് വരുന്ന ‘മഡസ്‌നാന’ എന്ന മനുഷ്യത്വ ഹീനമായ  അനാചാരത്തിന്റേതാണ്. താഴ്ന്നവരെന്ന് നിശ്ചയിക്കപെട്ടിട്ടുള്ള ജാതി വിഭാഗത്തില്‍ പെട്ടവര്‍ ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലകളില്‍ കിടന്നുരുളുന്നതാണ് ഈ ആചാരം. ഇങ്ങിനെ എച്ചിലകളില്‍ കിടന്നുരുളുന്നവര്‍ക്ക് ത്വക് രോഗങ്ങള്‍ ഉള്‍പെടെയുള്ള രോഗങ്ങള്‍ മാറുകയോ വരാതിരിക്കുകയോ ചെയ്യുമത്രെ.
മറ്റൊന്ന് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ജാതി വിവേചനത്തിന്റെ ഒരു വാര്‍ത്തയാണ്.  വനിതാഷെട്ടി എന്ന കോളേജധ്യാപിക ഉഡുപ്പി ക്ഷേത്രത്തിലെ അന്നപ്രസാദം എന്ന ഉച്ചഭക്ഷണ  പന്തിയില്‍ ഇരിക്കെ അവരെ ജാതിയുടെ പേരില്‍ ഇറക്കിവിടുകയും അവര്‍ പരാതി നല്‍കുകയും ചെയ്തു. അതിനെ തുടര്‍ന്ന് പ്രതിഷേധ സമരം ഉണ്ടായതും വാര്‍ത്തയായിരുന്നു.
ഈ സംഭവങ്ങളോടും ശക്തമായ പ്രതിഷേധവും സമരങ്ങളോടുള്ള ഐക്യദാര്‍ഢ്യവുമാണ് പൊതുവെ കേരളത്തിനുള്ളത് എന്നത് സ്വാഗതാര്‍ഹം തന്നെ. കേരളത്തിന് പുറത്തുള്ള സംഭവങ്ങളോട് എടുക്കുന്ന നിലപാടിന് യോജിച്ച അളവില്‍ കേരളത്തിന് അകത്തുള്ള കര്‍ണാടകയിലെ മേല്‍പറഞ്ഞ സംഭവങ്ങളോട് സമാനത പുലര്‍ത്തുന്ന  പ്രശ്‌നങ്ങളോട് നിലപാടെടുക്കാന്‍ പ്രബുദ്ധ മലയാളിക്ക് കഴിയുന്നുണ്ടോ ?
കേരളത്തിന് അകത്ത് നിലനില്‍ക്കുന്ന ഏതാനും കാര്യങ്ങളില്‍ മലയാളിയുടെ സമീപനം എന്താണ് എന്ന പരിശോധന ഉചിതമായിരിക്കും. കേരളത്തില്‍ അടുത്ത കാലത്തുണ്ടായ ഒരു പത്രവാര്‍ത്തയെയും അതേ സമയം വാര്‍ത്തപോലും ആകാതെ പോകുന്ന ചില കാര്യങ്ങളെയും ഇതിനായി ആശ്രയിക്കുന്നു.A scene from the Guruvayoor Temple = P Radha Pic 2
2013 അവസാനം ഉണ്ടായ ഒരു വാര്‍ത്തക്കും മാതൃഭൂമി പത്രത്തിന്റെ 2013 സെപ്തംബര്‍ 11ലെ  എഡിറ്റോറിയലിനും ഇടയാക്കിയ ഒരു സംഭവം ഇങ്ങനെ! ചരിത്രത്തിലാദ്യമായി  ബ്രാഹ്മണ കുടുംബത്തില്‍ ജനിക്കാത്ത ഒരാളെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വൈക്കം കാലായ്ക്കല്‍ ക്ഷേത്രത്തില്‍ തന്ത്രിയായി നിയമിച്ചിരുന്നു. അബ്രാഹ്മണനായ രാകേഷ് പറവൂരിനെയാണ് തന്ത്രിയായ് ദേവസ്വം ബോര്‍ഡ് നിയമിച്ചത്. അരുവിപ്പുറം പ്രതിഷ്ഠയുടെ 125-ാം  വര്‍ഷത്തിലും ഒരു അബ്രാഹ്മണന്‍ തന്ത്രിയായ് നിയമിക്കപ്പെട്ടത് കേരളത്തില്‍ വാര്‍ത്തയും മാതൃഭൂമി പത്രത്തിന്റെ  എഡിറ്റോറിയലും ആകുന്നത് എന്തുകൊണ്ടാണ്.?  2013 വരെ ഇത്തരം ഒരു നിയമനം  ഉണ്ടാകാതെ പോയത് എന്തുകൊണ്ട് ?. കേരളത്തിന്റെ സമകാലീന പൊതുബോധം ബ്രാഹ്മണ കുടുംബത്തില്‍ ജനിക്കാത്ത ഒരാളെ തന്ത്രിയാക്കുന്ന നടപടിയെ അകമഴിഞ്ഞ് പിന്തുണക്കുവാന്‍ മാത്രം വളര്‍ന്നിട്ടില്ല എന്നതല്ലേ വസ്തുത. ഗുരുവായൂരും ശബരിമലയിലും ബ്രാഹ്മണ കുടുംബത്തില്‍ ജനിക്കാത്ത ഒരാള്‍ക്ക് തന്ത്രിയാകണമെങ്കില്‍ എത്രകാലം കഴിയണം ?   ചെണ്ട കൊട്ട് എന്ന കല തൊഴിലാക്കിയ ഒരു കലാകാരന് ഗുരുവായൂര്‍ ക്ഷേത്രത്തചന്റ ജനിച്ച ജാതിയുടെ പേരിലുള്ള  വിലക്ക് ഇപ്പോഴും നിലനില്‍ക്കുകയാണല്ലോ. കേരളത്തില്‍ നിലനില്‍ക്കുന്ന ഇത്തരം അനീതികളോട് പ്രബുദ്ധ കേരളത്തിന് വേണ്ടും വിധം പ്രതിഷേധിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?.
തൃശ്ശൂര്‍ ജില്ലയിലെ ഒരു സ്വകാര്യ ക്ഷേത്രമായ പാമ്പുംമേക്കാട്ട് കാവില്‍ സവര്‍ണ്ണ ജാതിയില്‍ ജനിക്കാത്തവര്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടിരുന്നത് സാധാരണവും സ്വഭാവികവും ആയി അംഗീകരിക്കപെടുന്നത് എന്തുകൊണ്ടാണ്?. (സമാനമായ കാര്യങ്ങള്‍ കേരളത്തില്‍ ഉടനീളം ഉണ്ടാകാം.)

തൃശ്ശൂര്‍ ജില്ലയില്‍ നിന്നുംതന്നെ വാര്‍ത്തയാകാതെ പോയ മറ്റൊരു സംഭവം. 2014 മെയ്മാസത്തില്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവം താത്കാലികമായി നിര്‍ത്തിവെച്ചു. കാരണം ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് ക്ഷേത്രത്തിനു മുന്നിലുള്ള നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം കലാ സാംസ്‌കാരിക പരിപാടികളും ഉത്സവവും നടക്കുന്ന ഏക്കര്‍ കണക്കിന് വലുപ്പമുള്ള മതില്‍കെട്ടിനകത്ത് കടന്നു. ഈ ‘അശുദ്ധി’ നീക്കം ചെയ്യുന്നതിനുള്ള പരിഹാരക്രിയ നടത്തുന്നതിനായാണ് ഉത്സവം നിര്‍ത്തിവെച്ചത്. കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഈ നടപടി ഒരു വാര്‍ത്തപോലുമാകാതിരുന്നത് എന്തുകൊണ്ട് ? .  അതൊരു വാര്‍ത്തയായി പ്രബുദ്ധമലയാളി കാണുന്നില്ല എന്നതുകൊണ്ടല്ലേ ? .
‘അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡില്‍ ഒരസംബന്ധവും ഉള്ളതായി മലയാളിക്കു തോന്നുന്നില്ല എന്നതല്ലേ വസ്തുത. അയല്‍ സംസ്ഥാനത്തു നടക്കുന്ന കാര്യങ്ങളില്‍ ഉള്ള വിശാലമനസ്‌കതയും പ്രതിഷേധവും കണ്‍മുന്നില്‍ നടക്കുന്ന അനീതികളോട് പുലര്‍ത്താന്‍ ‘പ്രബുദ്ധ’ മലയാളിക്കാകുന്നില്ല എന്ന്  നിരീക്ഷിക്കുക  മാത്രമാണ് ചെയ്തത്. ഇതുവഴി വെളിവാകുന്ന ഇരട്ടത്താപ്പ് മധ്യവര്‍ഗ്ഗമലയാളി മനസ്സിന്റെ ആന്തരിക ദൗര്‍ബ്ബല്യങ്ങളാണ് വ്യക്തമാക്കുന്നത്. പ്രബുദ്ധ മലയാളിയുടെ യുക്തിചിന്തയും ജനാധിപത്യ ബോധവും എത്രമാത്രം ആഴമുള്ളതാണ് എന്ന ചോദ്യം അതുയര്‍ത്തുന്നു. ജന്‍മമഹത്വത്തെ ചോദ്യം ചെയ്യാനും മനുഷ്യനെ ഒന്നായികാണാനും ജാതി ചിന്തയുടെ ഘടനയെ ഉള്ളില്‍ നിന്ന് തകര്‍ക്കാനും അതിനു കഴിയുന്നില്ല. ജാതി രഹിതമായ മനോഘടനയിലേക്ക് വളരുക എന്നത് ആഴമുള്ളതും  സൂക്ഷമമായതും ആയ ഒരു ജനാധിപത്യ പ്രക്രിയയാണ്. കേരള സാഹചര്യത്തില്‍ മതനിരപേക്ഷതയിലേക്ക് അടുക്കുന്നതിനേക്കാള്‍ ദുഷ്‌ക്കരമായ ഒന്നാണിത്. കേരള നവേത്ഥാനം ഇടറിപ്പോയ ഒരു  രംഗവുമാണിത്. ജാതി ചിന്തയുടെ ഘടനയെ ആന്തരികമായി തകര്‍ക്കുന്നതിന് മനുഷ്യരെ പ്രാപ്തരാക്കുന്ന ഒരു സാമൂഹികാന്തരീക്ഷവും ഭൗതിക അന്തരീക്ഷവും വികസിപ്പിച്ച് നിലനിര്‍ത്താന്‍ കേരള നവോത്ഥാനത്തിന് കഴിഞ്ഞിട്ടില്ല. ജാതി ചിന്തയുടെ ഘടനയെ മലയാള മനസ്സ് സൗകര്യപൂര്‍വ്വം അകത്തളങ്ങളില്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. പുരോഗമന പരമായ പൊതു ഇടങ്ങളില്‍ ഇടപെടുമ്പോള്‍ തന്നെ ഗാര്‍ഹികാന്തരീക്ഷത്തെ അതില്‍ നിന്നും ഇന്‍സുലേറ്റ് ചെയ്ത് നിര്‍ത്തുന്നതില്‍ മധ്യവര്‍ഗ്ഗം പ്രത്യേക ശ്രദ്ധപുലര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ ജാത്യാഭിമാനത്തിന്  മലയാള മനസ്സിലെ ഈ ഒളിത്താവളങ്ങള്‍ ആവശ്യമില്ലാതായിരിക്കുന്നു. അത് വളര്‍ന്ന് സ്വത്വവാദരാഷ്ട്രീയത്തിന്റെ രൂപം കൈവരിക്കുക മാത്രമല്ല വര്‍ഗീയ ഫാസിസത്തിനനുഗുണമായ മനോനില ഒരുക്കാന്‍ കഴിയും വിധം ശക്തി പ്രാപിക്കുകയു ചെയ്തിരിക്കുന്നു.
അതുകൊണ്ട് ‘ഇത് കേരളമാണ് പ്രബുദ്ധകേരളം’ എന്ന് വീമ്പ് പറയും മുന്‍പ് ഒന്നുകൂടി ആലോചിക്കുക. നവോത്ഥാനത്തിന്റെ എഞ്ചിന്‍ ഇടക്കുവെച്ച് നിലച്ചുപോയ ഒരു കേരളമാണ് ഇത്. ആ എഞ്ചിന്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ നാം തയ്യാറാണോ?  എങ്കില്‍ അതിന്റെ ഭാഗമായി അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി കാര്യകാരണബോധത്തെ ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ എങ്ങിനെ മുന്നോട്ടുകൊണ്ടുപോകും എന്നത് പ്രസക്തമാണ്.

6 thoughts on “ഇത് കേരളമാണ് !

 1. രാധാകൃഷ്ണന് അഭിനന്ദനങ്ങള്‍. പ്രശ്നങ്ങള്‍ നിരവധി. എന്തുചെയ്യാം എന്ന അന്വേഷണമാണ് പ്രശ്നം. പരിഷത്തുകാരില്‍ നിന്നും തന്നെ തുടങ്ങാം. എന്താ? ജനനം, ചോറൂണ്, പിറന്നാള്‍, വിവാഹം, പ്രസവം, മരണം,…. ഇങ്ങിനെ ജീവിതത്തിലെ എല്ലാ സംഭവങ്ങളിലും എത്രയാണ് ആചാരങ്ങള്‍? ഇതില്‍ നിന്നും മോചനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കു പോലും പറ്റുന്നില്ല. ആചാരങ്ങളാണ് പതുക്കെ പതുക്കെ അനാചാരങ്ങളിലേക്ക് വഴി തുറക്കുന്നത്. ആചാരങ്ങള്‍ കൊണ്ട് കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും തകരുന്നു. ഇതൊരു സാമ്പത്തിക പ്രശ്നം കൂടിയാണ്. പല പേരില്‍ വിട്ടുവീഴ്ച ചെയ്ത് ചെയ്ത് കേരളം വീണ്ടും ഭ്രാന്താലയമായിക്കൊണ്ടിരിക്കുന്നു. കൂനില്‍മേല്‍ കുരുപോലെ ആര്‍ഭാടങ്ങളുടെ കടന്നു കയറ്റവും. ആരെങ്കിലും ലളിതജീവിതം നയിക്കാന്‍ ശ്രമിച്ചാല്‍ അയാളെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നു മാത്രമല്ല പരിഹാസം കൊണ്ട് കുഴിച്ചുമൂടിക്കളയും. ഇന്നത്തെ കേരളക്കാഴ്ചകളെ കുറേകൂടി ആഴത്തില്‍ കാണാന്‍ രാധാകൃഷ്ണന്റെ ലേഖനം നമ്മെ സഹായിക്കുന്നു. അഭിനന്ദനങ്ങള്‍.

 2. ഭക്തിക്കച്ചവടത്തിനെതിരെയുള്ള ഒരു ക്യാമ്പെയിന് സമയമായിരിക്കുന്നു.
  പരിഷത്ത് പ്രവർത്തകരേ അലംഭാവം വിട്ടെഴുന്നേൽക്കുക..
  vinayan

 3. ഭക്തിക്കച്ചവടത്തിനെതിരെയുള്ള ഒരു ക്യാമ്പെയിന് സമയമായിരിക്കുന്നു.
  പരിഷത്ത് പ്രവർത്തകരേ അലംഭാവം വിട്ടെഴുന്നേൽക്കുക..

 4. നവോത്ഥാനത്തിന്റെ എഞ്ചിന്‍ പുതുക്കി പണിയാന്‍ ശ്രമിയ്കാം. ലേ..

 5. Iniyum valaranam nammudae nadu.Mathrukayavendavar rahasyamayi duracharangalae angeekarikkunnavaranu.Thangaludae nettathinu vendi ethra tharam thazhanum thayyaranu thanum.

Leave a Reply