Friday , 26 April 2019
Home » Scrolling News » ടാസ്മാനിയൻ കടുവ തിരിച്ചുവരുന്നു

ടാസ്മാനിയൻ കടുവ തിരിച്ചുവരുന്നു

എൻ എസ് അരുൺകുമാർ

 

ൺമറഞ്ഞുപോയ ഡൈനോസോറുകളെ തിരികെയെത്തിക്കുന്നത് പ്രമേയമായ ജുറാസിക്ക് പാർക്ക് പോലെയുള്ള സിനിമകൾ വെറും ഭാവനയെന്നുകരുതി തള്ളിക്കളയാനാവില്ല. വംശനാശം സംഭവിച്ചുകഴിഞ്ഞ ജീവികളെ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരുന്നത് ‘’ഡീഎക്സ്റ്റിങ്ഷൻ’ (de-extinction) എന്നാണറിയപ്പെടുന്നത്. പരിസ്ഥിതിസംരക്ഷണം, ജൈവവൈവിധ്യസംരക്ഷണം തുടങ്ങിയവയോടെല്ലാം ചേർത്തുവായിക്കാവുന്ന ഒരു വാക്കായി ഇത് മാറിയിരിക്കുന്നു ഏറെക്കാലം ശാസ്ത്രകൽപ്പിതകഥകളുടെ താളുകളിൽ ഒരു വിദൂരസാധ്യതയായി മാത്രം സങ്കൽപ്പിച്ചിരുന്ന ഇത് ഇന്ന് യാഥാർത്ഥ്യത്തോട് അടുക്കുകയാണ് ഹിമയുഗത്തോടൊപ്പം മ

ടാസ്മാനിയൻ കടുവ (കടപ്പാട്: വിക്കിപീഡിയ)

ൺമറഞ്ഞുപോയ മാമത്തുകൾ എന്ന ആനവംശത്തിന്റെ പൂർവ്വികരടക്കം പല ജീവികളും ആധുനികലോകത്തിലേക്ക് തിരിച്ചുവരാൻ കാത്തുനിൽക്കുകയാണ്. ഇവയിൽ ഏറ്റവും ഒടുവിലത്തെ അതിഥിയാണ് ടാസ്മാനിയൻ കടുവ .

 

 

ഭൂമുഖത്തുനിന്ന് സമ്പൂർണ്ണവംശനാശം സംഭവിച്ച് അപ്രത്യക്ഷമായ ജീവികളെക്കുറിച്ചു പറയുമ്പോൾ ആദ്യമോർക്കുന്ന പേരാണ് ‘ടാസ്മാനിയൻ കടുവ’കളുടേത്. കടുവയുടേതുപോലെ വരകളുള്ള ശരീരവും ചെന്നായുടെ മുഖവുമുള്ള ഇവ ഒരു കാലത്ത് ആസ് ട്രേലിയയിൽ സുലഭമായിരുന്നു . കംഗാരുക്കളെപ്പോലെ നവജാതശിശുക്കളെ ശരീരത്തിനോടുചേർന്നുള്ള ഒരു സഞ്ചിയിലിട്ടു നടക്കുന്ന ഇവ മാംസഭോജികളായ ‘സഞ്ചിമൃഗ’ (Marsupial) ങ്ങളിൽ ഏറ്റവും വലുതായിരുന്നു.. 1930-കളിലാണ് ടാൻസ്മാനിയൻ കടുവയെ അതിന്റെ സ്വാഭാവിക ആവാസസ്ഥലങ്ങളിൽ അവസാനമായി കണ്ടത്. 1980-ൽ അതിനെ സമ്പൂർണ്ണവംശനാശം സംഭവിച്ച ജീവസ്പീഷീസായി പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോഴുള്ളത് ടാസ്മാനിയൻ കടുവയുടെ മൃതശരീരം മാത്രമാണ്. ന്യൂയോർക്കിലുള്ള അമേരിക്കൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലാണ് ഉണക്കിസൂക്ഷിച്ച ഈ മൃതരൂപം സംരക്ഷിച്ചിട്ടുള്ളത്.
ജനിതകശ്രേണീപഠനം പൂർത്തിയായതിലൂടെയാണ് മൺമറഞ്ഞുപോയ ടാസ്മാനിയൻ കടുവകളുടെ തിരിച്ചുവരവിന് കളമൊരുങ്ങിയിരിക്കുന്നത്. വംശനാശം സംഭവിച്ചുകഴിഞ്ഞ ജീവികളുടെ ഉണക്കിസൂക്ഷിച്ച മൃതശരീരത്തിൽ നിന്നും മറ്റും ജനിതകതൻമാത്രയെ വേർപെടുത്തുക ബുദ്ധിമുട്ടാണ്. പലപ്പോഴും അസാധ്യമെന്നുതന്നെ വിധിയെഴുതപ്പെടുന്ന ഈ പ്രക്രിയയുടെ ആദ്യത്തെ വിജയമാണ് ടാൻസ്മാനിയൻ കടുവയുടെ ജനിതകശ്രേണീപഠനത്തിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്. ഏകദേശം ഒരു നൂറ്റാണ്ടിനുമുമ്പ് ശേഖരിക്കപ്പെട്ട മൃതാവശിഷ്ടത്തിൽ നിന്നാണ് ജനിതകവിശകലനത്തിനാവശ്യമായ ഡി.എൻ.എ. ലഭിച്ചത്. ഈ ഡി.എൻ.എ.യിലടങ്ങിയിട്ടുള്ള ജീൻസഞ്ചയം ഒന്നും നഷ്ടപ്പെടാതെ പൂർണ്ണമായതാണ് എന്നതും ഈ നേട്ടത്തെ വ്യത്യസ്തമാക്കുന്നുണ്ട്. ടാൻസ്മാനിയൻ കടുവയുടെ പരിണാമവും അതിനെ വംശനാശത്തിലേക്ക് നയിച്ച സവിശേഷതകളുടെ ജനിതകാടിത്തറയും പുതിയ പഠനം വെളിപ്പെടുത്തുന്നുണ്ട്. നേച്ചർ, ഇക്കോളജി ആന്റ് ഇവല്യൂഷൻ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
പേരിൽ ” കടുവ’ എന്നുണ്ടെങ്കിലും കടുവയെക്കാൾ ചെന്നായ യോടാണ് ഇതിന്സാദൃശ്യമുളളത് ‘ ‘തൈലസീൻ’ (Thylacine) എന്ന പേരിലും അറിയപ്പെടുന്നു. ഒരു കാലത്ത് ആസ്ട്രേലിയയിലും ടാൻസ്മാനിയയിലും ന്യൂഗിനിയിലും സുലഭമായി കാണാമായിരുന്ന ഇവയുടെ വംശനാശം പൂർണ്ണമാക്കിയത് മനുഷ്യനാണ്. വൻകരയിൽ അവയ്ക്ക് ഏതാണ്ടൊക്കെ വംശനാശം സംഭവിച്ചുകഴിഞ്ഞതിനുശേഷമാണ് ആസ്ട്രേലിയയിലെ ആദിമനിവാസികളായ മനുഷ്യർപോലും അവിടെ എത്തുന്നത്. എങ്കിലും വൻകരയിൽനിന്നു വേറിട്ടുള്ള ടാസ്മാനിയ എന്ന ദ്വീപിൽ ഒരു തുരുത്തിലെന്നപോലെ അവ ഒതുങ്ങി കഴിഞ്ഞിരുന്നു. പക്ഷേ, പിന്നീടുവന്ന കുടിയേറ്റക്കാർ കന്നുകാലികളെ വേട്ടയാടുന്നു എന്ന കാരണം പറഞ്ഞ് അവയെ ഒന്നൊഴിയാതെ കൊന്നൊടുക്കി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇത് സംഭവിച്ചത്. എങ്കിലും ഒരു മൃഗശാലയിൽ മാത്രം ടാസ്മാനിയൻ കടുവയുടെ അവസാനത്തെ പ്രതിനിധിയായി ഒരെണ്ണം ശേഷിച്ചിരുന്നു. ടാസ്മാനിയായിലുള്ള ഹൊബാർട്ട് സൂവിലായിരുന്നു അത്. എന്നാൽ 1936 സെപ്തംബർ 7-ന് അതും ചത്തു. 1940-കൾ വരെ ഈ ജീവി കാട്ടിൽ അവശേഷിക്കുന്നതായി വിശ്വസിച്ചിരുന്നു. പക്ഷേ, പിന്നീട് ഈ പ്രതീക്ഷയും ഇല്ലാതായി.
ജീവിച്ചിരിക്കുന്നതായുള്ള രേഖകളുടെ അഭാവത്തിൽ 1982-ൽ ടാസ്മാനിയൻ കടുവയെ വംശനാശം സംഭവിച്ച ജീവികളിലൊന്നായി പ്രഖ്യാപിച്ചു. ടാസ്മാനിയൻ കടുവയ്ക്ക് ചെന്നായോടുള്ള സാദൃശ്യം പരിണാമശാസ്ത്രജ്ഞരെ കുഴക്കുന്ന ഒന്നായിരുന്നു. അതേസമയം അവ വ്യത്യസ്ത വർഗങ്ങളിൽ പെടുന്നവയാണു താനും! ടാസ്മാനിയൻ കടുവ തൈലസിനിഡേ(Thylacinidae) യിലും കടുവകൾ ഫെലിഡെ (Felidae)യിലും. ചെന്നായും തൈലസീനുകളും ഒരേ ജീവപരിസരങ്ങളിൽ അതിജീവിക്കുന്നതിനായി ഒരേതരം ശാരീരികഘടനാമാറ്റങ്ങളെ സ്വാംശീകരിച്ചവയായിരുന്നു എന്നതാണ് ഇതിനുള്ള വിശദീകരണം. ഇത്തരം ശാരീരികഘടനാമാറ്റങ്ങൾ ആന്തരികമോ ബാഹ്യമോ ആവാം. പൊതുവായി അവയെ ‘അനുകൂലനങ്ങൾ'(Adaptations) എന്നാണ് വിളിക്കുന്നത്. അനുകൂലനങ്ങൾ ഒരുപോലെയായതിലൂടെയാണ് തൈലസീനുകളും ചെന്നായ്ക്കളും കാഴ്ചയിൽ ഒരു പോലെയായത്. . ഇത്തരം പരിണാമത്തെ ‘കൺവേർജെന്റ് ഇവല്യൂഷൻ’ (Convergent Evolution) അഥവാ അഭിസാരിപരിണാമം എന്നാണ് വിളിക്കുന്നത്.

കളോണിങിലേക്ക്

മെൽബോൺ സർവ്വകലാശാലയിലെ ആൻഡ്ര പാസ്കിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ടാസ്മാനിയൻ ടൈഗറിന്റെ ഉണക്കിസൂക്ഷിച്ച മൃതശരീരത്തിൽനിന്നും ശേഖരിച്ച ഡി.എൻ.എ.യെ ആദ്യമായി ക്ളോണിങ്ങിനായി സജ്ജമാക്കിയത്. ചുണ്ടെലിയിലേക്കാണ് ടാസ്മാനിയൻ ടൈഗറിന്റെ ഡി.എൻ.എയുടെ ഭാഗമായിരുന്ന ചില ജീനുകൾ കൂട്ടിച്ചേർത്തത്. അസ്ഥികളുടേയും തരുണാസ്ഥികളുടേയും വളർച്ചയെ നിയന്ത്രിക്കുന്ന ജീനുകളാണ് ഇത്തരത്തിൽ ചുണ്ടെലിയുടെ ഡി.എൻ.എയിലേക്ക് തുന്നിച്ചേർത്തത്. അവ ചുണ്ടെലിയുടെ സ്വന്തം ജീനുകളെപ്പോലെ പ്രവർത്തിക്കുകയും ചെയ്തു. ഇതിൽനിന്നും പ്രചോദനമുൾക്കൊണ്ടിട്ടാണ് ന്യൂസൗത്തവെയിൽസ് സർവ്വകലാശാലയിലെ മൈക്സ് ആർച്ചർ എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള ഗവേഷകർ ടാസ്മാനിയൻ ടൈഗറിനെ ക്ലോണിങിലൂടെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. സമ്പൂർണ്ണമായ ജനിതകശ്രേണീപഠനം പൂർത്തിയായിരിക്കുന്നതിനാൽ ടാൻസ്മാനിയൻ കടുവകളോട് പരിണാമപരമായി ഏറ്റവും അടുത്തുനിൽക്കുന്ന ജീവസ്പീഷീസുകൾ ഏതെന്ന് തിരിച്ചറിയാൻ സാധിക്കും. ഇതാണ് ക്ലോണിങ്ങിലേക്കുള്ള വഴിതുറക്കുന്നത്.

ക്ലോണിങ്ങ് ഇങ്ങനെ

വംശനാശം സംഭവിച്ചുകഴിഞ്ഞ ജീവികളെ ക്ലോണിങ്ങിലൂടെ പുനസൃഷ്ടിക്കാൻ ആദ്യമായി വേണ്ടത് കേടുപാടുകളില്ലാത്തതും പൂർണ്ണവുമായ ഡി.എൻ.എ ആണ്. പലപ്പോഴും ഇത്തരത്തിലുള്ള ഒരു ഡി.എൻ.എ ലഭിക്കുക എന്നതാണ് പ്രധാന വെല്ലുവിളി. ടാസ്മാനിയൻ ടൈഗറിന്റെ കാര്യത്തിൽ പക്ഷേ, അത്തരമൊരു ഡി.എൻ.എ ലഭ്യമായിക്കഴിഞ്ഞു. ഇനി വേണ്ടത് ഈ ഡി.എൻ.എയെ സ്വീകരിക്കാൻ കഴിയുന്ന ഒരു അണ്ഡകോശമാണ്. സാധാരണയായി ക്ലോൺചെയ്യേണ്ടുന്ന ജീവസ്പീഷീസുമായി പരിണാമപരമായി വളരെ അടുത്തുനിൽക്കുന്ന ഒരു ജീവിയുടെ അണ്ഡകോശമായിരിക്കും ഇതിനായി തിരഞ്ഞെടുക്കുന്നത്. തുടർന്ന് ഈ അണ്ഡകോശത്തിന്റെ മർമ്മം അഥവാ ന്യൂക്ളിയസിനെ നീക്കം ചെയ്യുകയും പകരം ക്ലോൺ ചെയ്യേണ്ട ജീവിയുടെ ഡി.എൻ.എയെ നിക്ഷേപിക്കുകയും ചെയ്യുന്നു.
ഇത് സംഭവിച്ചുകഴിഞ്ഞാൽ അണ്ഡകോശം, ബീജസംയോഗം നടന്ന ഒരു അണ്ഡത്തെപ്പോലെ അതായത് സിക്താണ്ഡത്തെപ്പോലെ സ്വയം വിഭജിക്കാൻ തുടങ്ങും. ഭ്രൂണദശയുടെ ആദ്യഘട്ടത്തിലേക്കു കടക്കുന്ന ഇതിന് ഇനി വേണ്ടത് വളരാനുള്ള ഒരു ഗർഭപാത്രമാണ്. നേരത്തേ അണ്ഡദാതാവായി പ്രവർത്തിച്ച ജിവിയുടെ ഗർഭപാത്രം തന്നെ ഇതിനായി വാടകയ്ക്കെടുക്കാം. ഭ്രൂണം ഈ വാടക, ഗർഭപാത്രത്തിൽ വളർന്ന്, ഗർഭകാലാവധി പൂർത്തിയാവുന്ന മുറയ്ക്ക് പ്രസവത്തിലൂടെ ശിശുവായി പിറക്കും. എന്നാൽ ഇത്തരത്തിലുള്ള ക്ലോണിങ്ങ് യാഥാർത്ഥ്യമാവാൻ ചിലപ്പോൾ ആയിരത്തിലധികം അണ്ഡകോശങ്ങളെ വെറുതേ പാഴാക്കിക്കൊണ്ടുള്ള നിരന്തരമായ പരീക്ഷണശ്രമങ്ങൾ വേണ്ടിവരും.

ക്ളോണിങിലൂടെ ‘വംശനാശത്തിൽനിന്ന് ആദ്യംതിരിച്ചെത്തിയത് പൈറേനിയൻ ഇ ബെക്സ് (Pyrenean Ibex) എന്നു പേരായ ഒരുതരം കാട്ടാടാണ്. സ്പെയിനിലും ഫ്രാൻസിലും ഒരു കാലത്ത് സുലഭമായി കണ്ടിരുന്ന ഇവയുടെ അവസാന പ്രതിനിധിയും 2000-മാണ്ടിൽ ചത്തുപോയതോടെ ഇവ വംശനാശത്തിന് കീഴ്ചപ്പെടുകയായിരുന്നു. പൈറേനിയൻ ഇബെക്സിന്റെ ത്വക്കിലെ കോശങ്ങളെയാണ് ക്ളോണിങിനായി ഉപയോഗിച്ചത്. സാധാരണ ആടിന്റെ അണ്ഡകോശവുമായി സംയോജിപ്പിച്ചായിരുന്നു ഭ്രൂണത്തെ സ്യഷ്ടിച്ചത്.

പൈറേനിയൻ ഇ ബെക്സ്

മറ്റൊരാടിന്റെ ഗർഭപാത്രത്തിൽ ഭ്രൂണത്തെ നിക്ഷേപിച്ച് വളർത്തിയെടുക്കുകയും ചെയ്തു. ക്ലോണിങ്ങിലൂടെ പിറന്ന ആട്ടിൻകുട്ടി മിനിട്ടുകളേ ജീവിച്ചിരുന്നുള്ളുവെങ്കിലും അനുബന്ധസ്പീഷീസുകളെ ഉപയോഗിച്ചുള്ള ക്ലോണിങ്ങ് പരീക്ഷണങ്ങൾ വിജയം കാണുമെന്ന് തെളിയിച്ചതായിരുന്നു ഈ ഗവേഷണപദ്ധതിയുടെ നേട്ടം. വടക്കൻ സ്പെയിനിലെ സരഗോസാ സർവ്വകലാശാലയിലാണ് ഈ ക്ളോണിങ് പരീക്ഷണം അരങ്ങേറിയത്.

 

വരാനിരിക്കുന്നവയിൽ സഞ്ചാരിപ്രാവും

സഞ്ചാരിപ്രാവ്‌

അമേരിക്കയിലെ ഒഹയോവിലുള്ള സിൻസിനാറ്റി മൃഗശാല(Cincinnati Zoo)യിലാണ് അവസാനത്തെ ‘പാസെഞ്ചർ പീജിയൻ’ ജീവിച്ചിരുന്നത്. 1914 സെപ്റ്റംബർ 1-ന് അതും ചത്തതോടെ പാസെഞ്ചർ പീജിയനുകൾ ലോകത്തിൽനിന്നും അപ്രത്യക്ഷമായി. അവസാനത്തെ പാസഞ്ചർ പീജിയൻ മരണപ്പെട്ട സമയത്ത്, ക്ലോണിങ്ങ്, ജീൻ മാറ്റിവെയ്ക്കൽ എന്നിവയെക്കുറിച്ചൊന്നും ശാസ്ത്രജ്ഞർക്ക് അറിവുണ്ടായിരുന്നില്ല. അതുകൊണ്ട്. ഡി.എൻ.എയ്ക്ക് കേടുപറ്റാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ടല്ല അതിന്റെ ഭൗതികശരീരം സംസ്കരിക്കപ്പെട്ടത്. ലോകത്തിലെ വിവിധ മൃഗശാലകളിലായി ‘സ്റ്റഫ് ചെയ്ത് സൂക്ഷിച്ചിരിക്കുന്ന പാസെഞ്ചർ പീജിയനുകളുടെ ശരീരങ്ങളെ അന്വേഷിക്കുകയായിരുന്നു പിന്നീട് ചെയ്യാനാവുമായിരുന്നത്. ‘ഗ്രേറ്റ് പാസഞ്ചർ പീജിയൻ കംബാക്ക് (Great Passenger Pigeon Comeback) എന്ന പദ്ധതിയിൻകീഴിലാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ നടത്തിയത്. എന്നാൽ അവയിൽനിന്നൊന്നും കേടുപാടുകളില്ലാത്ത പൂർണ്ണമായ ഡി.എൻ.എ വേർപെടുത്തിയെടുക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞില്ല. അതേസമയം, പാസഞ്ചർ പീജിയനുകളോട് ജീവശാസ്ത്രപരമായി വളരെ അടുത്തുനിൽക്കുന്ന ഒരിനം പ്രാവുകൾ അമേരിക്കയിൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. “ബാൻഡ്-ടെയിൽഡ് പിജിയൻസ്(Band-Tailed pigeons) ആണിവ . കലിഫോർണിയ അക്കാദമി ഓഫ് സയൻസസിൽ നടന്ന പഠനത്തിലാണ് ഇവ തമ്മിലുള്ള ജനിതകപരമായ അടുത്ത ബന്ധം വെളിപ്പെടുത്തപ്പെട്ടത്. ഇക്കാരണത്താൽ, പാസഞ്ചർ പീജിയനുകളുടെ മൃതശരീരങ്ങളിൽ നിന്നും ശേഖരിക്കപ്പെടുന്ന ഡി.എൻ.എയിലെ വിടവുകൾ, “ബാൻഡ്-ടെയിൽഡ് പീജിയനു’കളുടെ ജീനുകൾ ഉപയോഗിച്ച് പൂരിപ്പിക്കാനാവും. ഇതിലൂടെ പാസഞ്ചർ പീജിയനുകളുടെ പുനസ്യഷ്ടി സാധ്യമാക്കാനാവുമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. പാസഞ്ചർ പീജിയനുകളുടേയും ടാസ്മാനിയൻ കടുവകളുടേയും ഉയിർത്തെഴുന്നേൽപ്പ് സാധ്യമാവുകയാണെങ്കിൽ ഡോഡോപ്പക്ഷിയും പിഗ്മിനീർക്കുതിരയും എത്തിയോപ്പിയൻ ചെന്നായുമടക്കം വംശനാശം സംഭവിച്ച അനവധി ജീവികളുടെ തിരിച്ചുവരവിന് അവസരമൊരുങ്ങും.

Check Also

നോബല്‍ സമ്മാനം 2018 – ഭൗതികശാസ്ത്രം – പ്രകാശം കൊണ്ടുണ്ടാക്കിയ ചവണ

ഡോണ സ്‌ട്രിക്‌ലാൻഡ്, ആർതർ അഷ്‌കിൻ, ഗെരാർഡ് മൗറോ എന്നിവരാണ് ഇത്തവണ ഭൗതികശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരത്തിന് അർഹരായിരിക്കുന്നത് .

Leave a Reply

%d bloggers like this: