Home » Scrolling News » പെണ്ണായതുകൊണ്ടുമാത്രം – ജോസലിന്‍ ബെല്‍

പെണ്ണായതുകൊണ്ടുമാത്രം – ജോസലിന്‍ ബെല്‍

പ്രൊഫ. കെ. പാപ്പൂട്ടി

എഡിറ്റര്‍, ലൂക്ക മാഗസിന്‍

ജ്യോതിശ്ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ത്തന്നെ നിര്‍ണായകവും അത്ഭുതകരവുമായ ഒരു സംഭവമായിരുന്നു പള്‍സാറിന്റെ കണ്ടെത്തല്‍. കണ്ടെത്തിയതാകട്ടെ 23 വയസ്സുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയും. സൂസന്‍ ജോസലിന്‍ബെല്‍ എന്നായിരുന്നു അവളുടെ പേര്. 1967ലെ ആ കണ്ടെത്തലിന് 1974ല്‍ നൊബേല്‍ സമ്മാനം കിട്ടി – അന്തോണി ഹെവിഷിനും മാര്‍ട്ടിന്‍ റൈലിനും. ജോസലിന്‍ ബെല്ലിന്റെ പേര്‍ നൊബേല്‍ സമ്മാനിതരുടെ പട്ടികയില്‍ ഉണ്ടായില്ല എന്നത് ഏവരെയും അത്ഭുതപ്പെടുത്തി. ഫ്രെഡ് ഹോയ്ല്‍ ഉള്‍പ്പെടെ നിരവധി ശാസ്ത്രജ്ഞര്‍ പ്രതിഷേധിച്ചു. പക്ഷേ, ഫലമുണ്ടായില്ല.

ദ്യം നമുക്ക് സൂസനെ ഒന്നു പരിചയപ്പെടാം. വടക്കന്‍ അയര്‍ലണ്ടിലെ ലുര്‍ബാനില്‍ ഒരു ആര്‍ക്കിടെക്റ്റിന്റെ മകളായാണ് അവള്‍ ജനിച്ചത്, 1943 ജൂലൈ 15ന്. അറിവിനോട് വലിയ ആദരവുള്ള ഒരു ക്വേക്കര്‍ കുടുംബമായിരുന്നു അവരുടേത്. (17-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍, ജോര്‍ജ് ഫോക്‌സിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ചര്‍ച്ചില്‍ നിന്നു വേര്‍പെട്ടുപോയ ഒരു മതവിഭാഗമാണ് ക്വേക്കേര്‍ഴ് – Quakers അഥവാ, Friends church. പുരോഹിതരില്ലാത്ത, പട്ടാളത്തില്‍ സേവനമനുഷ്ഠിക്കാന്‍ കൂട്ടാക്കാത്ത, ആദര്‍ശവാദികളുടെ ഒരു കൂട്ടായ്മയാണത്.) പിതാവിന്റെ ഗ്രന്ഥശേഖരത്തിലെ ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളും ഇടയ്ക്കിടെ വാനനിരീക്ഷണ കേന്ദ്രത്തിലേക്കുള്ള യാത്രകളും സൂസനെ ജ്യോതിശ്ശാസ്ത്രതല്‍പ്പരയാക്കിയിരുന്നു. പക്ഷേ എന്തുചെയ്യാം, ലുര്‍ഗാനില്‍ പെണ്‍കുട്ടികള്‍ക്ക് ശാസ്ത്രം പഠിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. പാചകവും കൈത്തുന്നലും ഒക്കെയായിരുന്നു സ്‌കൂളിലെ മുഖ്യ വിഷയങ്ങള്‍. സൂസനതിലൊന്നും താല്‍പ്പര്യമുണ്ടായിരുന്നില്ല. 11-ാം ക്ലാസ്സില്‍ സൂസന്‍ തോറ്റു. തുടര്‍ന്ന് ഇംഗ്ലണ്ടിലെ യോര്‍ക്കില്‍ ക്വേക്കര്‍മാർ നടത്തുന്ന മൗണ്ട് സ്‌കൂളില്‍ അവളെ ചേര്‍ത്തു. അവിടെ സൂസന് ഒരു നല്ല ഫിസിക്‌സ് അധ്യാപകനെ കിട്ടി. മിസ്റ്റര്‍ ടിലോട്ട്. ടിലോട്ട് അവളോടു പറഞ്ഞു : ‘കണ്ടതെല്ലാം വാരിവലിച്ചു പഠിക്കണ്ട. ചില പ്രധാന കാര്യങ്ങള്‍ നന്നായി മനസ്സിലാക്കിയാല്‍ മതി. അവ പ്രയോഗിക്കാനും കഴിയണം.’

susan_jocelyn_bell_1967
സൂസന്‍ ജോസലിന്‍ ബെല്‍ | File source: https://commons.wikimedia.org/wiki/File:Susan_Jocelyn_Bell_(Burnell),_1967.jpg

1965ല്‍ ഗ്ലാസ്‌ഗോ സര്‍വകലാശാലയില്‍ നിന്ന് സൂസന്‍ ഫിസിക്‌സില്‍ ബിരുദമെടുത്തു. തുടര്‍ന്ന് ഗ്രാഡ്വേഷന് റേഡിയോ അസ്‌ട്രോണമി പഠിക്കാന്‍ കാംബ്രിഡ്ജില്‍ ചേര്‍ന്നു. അന്തോണി ഹെവിഷ് (Anthony Hewish) ആയിരുന്നു ഗൈഡ്. സൂസനും ഒപ്പമുള്ള ഗവേഷക വിദ്യാര്‍ത്ഥികളും ഹെവിഷും മാര്‍ട്ടിന്‍ റൈലും ചേര്‍ന്ന് വലിയ ഒരു റേഡിയോ ടെലിസ്‌കോപ്പ് അവിടെ നിര്‍മിച്ചെടുത്തു. രണ്ടേക്കര്‍ വിസ്തൃതി ഉണ്ടായിരുന്നു അതിന്. ക്വാസാറുകളെ (Quasars)ക്കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം.

1967ല്‍ പണി പൂര്‍ത്തിയായ ടെലിസ്‌കോപ്പില്‍ നിന്ന് ദിവസേന ലഭിച്ച ഡാറ്റാ സ്‌ക്രോളുകളുടെ നീളം 30 മീറ്ററോളം വരുമായിരുന്നു. അതുമായി മല്ലിട്ട സൂസന്‍ ക്വാസാറുകളുടെ സിഗ്നലുമായി യോജിക്കാത്ത ഒരു ഘടകം അതില്‍ കണ്ടെത്തി. 1.33 സെക്കന്റ് ഇടവിട്ട്, വളരെ കൃത്യമായി കിട്ടിക്കൊണ്ടിരുന്ന റേഡിയോ സിഗ്നലുകളായിരുന്നു അത്. ഹെവിഷിനെ കാണിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ഹും, അതില്‍ കാര്യമില്ല. അത് ചുറ്റുപാടുനിന്നും ആരോ സൃഷ്ടിക്കുന്ന സിഗ്നലായിരിക്കും’. പക്ഷേ, തുടര്‍ന്നു നടത്തിയ വിദഗ്ധ പരിശോധനയില്‍ അതു ബഹിരകാശത്തു നിന്നു തന്നെ വരുന്നതാണെന്നു സൂസന് വ്യക്തമായി. എങ്കിലത് ഏതെങ്കിലും ബുദ്ധിയുള്ള ജീവികള്‍ ഇങ്ങോട്ടയയ്ക്കുന്നതാകുമോ? എന്തായാലും ‘കുഞ്ഞു പച്ച മനുഷ്യന്‍’ (Little Green Man 1) എന്ന അര്‍ഥത്തില്‍ അവരതിന് LGM-1 എന്നു പേരിട്ടു. പിന്നീട് രണ്ടെണ്ണത്തെക്കൂടി സൂസനും സംഘവും കണ്ടെത്തിയതോടെ അതു പച്ചമനുഷ്യനൊന്നും അയയ്ക്കുന്നതല്ല എന്നു വ്യക്തമായി. പള്‍സാർ (Pulsar – Pul sating star ) എന്നവയ്ക്ക് നാമകരണം ചെയ്തു. ആദ്യത്തെ പള്‍സാര്‍ ഇപ്പോള്‍  PSR 1919+21 എന്നാണറിയപ്പെടുന്നത്. 1968ല്‍ ക്രാബ് നെബുലയുടെ മധ്യത്തില്‍ 33 മില്ലിസെക്കന്റ് ആവര്‍ത്തന കാലമുളള ക്രാബ് പള്‍സാറിനെക്കൂടി കണ്ടെത്തിയത് ജ്യോതിര്‍ഭൗതികത്തില്‍ ഒരു വലിയ മുന്നേറ്റമായി.

പള്‍സാര്‍

വലിയ നക്ഷത്രങ്ങള്‍ സൂപ്പര്‍നോവകളായി പൊട്ടിത്തെറിക്കും എന്ന കണ്ടെത്തല്‍ സ്വാഭാവികമായും ഉയര്‍ത്തിയ ചോദ്യമാണ് നക്ഷത്രക്കാമ്പിന് പിന്നെ എന്തു സംഭവിക്കും എന്നത്. 1934ല്‍ വാള്‍ട്ടര്‍ ബാരേ, ഫ്രിറ്റ്‌സ് സ്വികി എന്നീ ശാസ്ത്രജ്ഞര്‍ പറഞ്ഞു : നക്ഷത്രക്കാമ്പിലെ അത്യുന്നത മര്‍ദത്തില്‍ പ്രോട്ടോണുകളും ഇലക്‌ട്രോണുകളും സംയോജിച്ച് ന്യൂട്രോണുകളായി മാറുകയും അങ്ങനെ അവ ന്യൂട്രോണുകള്‍ മാത്രമുള്ള നക്ഷത്രങ്ങളായിത്തീരുകയും ചെയ്യും. പ്രശസ്ത ജ്യോതിശ്ശാസ്ത്രജ്ഞനായിരുന്ന തോമസ് ഗോള്‍ഡ് ആണ് ഇത്തരം ന്യൂട്രോണ്‍ നക്ഷത്രങ്ങളില്‍ ചിലത് പള്‍സാറുകളായി പ്രത്യക്ഷപ്പെടാം എന്ന സിദ്ധാന്തം അവതരിപ്പിച്ചത്. അദ്ദേഹം പറഞ്ഞു : സൂപ്പര്‍നോവയുടെ കാമ്പില്‍ ഫ്യൂഷന്‍ നടക്കാത്തതുകൊണ്ട് അത് സ്വന്തം ഗുരുത്വബലം മൂലം അതിവേഗം ചുരുങ്ങുന്നു. ചുരുങ്ങും മുമ്പ് സാധാരണ വേഗത്തില്‍ കറങ്ങിക്കൊണ്ടിരുന്ന നക്ഷത്രത്തിന്റെ കാമ്പിന് ചുരുങ്ങുമ്പോള്‍ ഭ്രമണവേഗം കൂടും. കോണീയ സംവേഗം (angular momentum) സംരക്ഷിക്കാന്‍ ഇതാവശ്യമാണ്. ഏതാനും ദിവസത്തിൽ ഒരു തവണ കറങ്ങിയിരുന്ന നക്ഷത്രത്തിന്റെ കറക്കകാലം ഏതാനും മണിക്കൂറും പിന്നീട് മിനുട്ടും സെക്കന്റും ചിലപ്പോള്‍ ഏതാനും മില്ലിസെക്കന്റും ആയിമാറാം.

chandra-crab-nebula
ക്രാബ് നെബ്യൂല | File Source : https://commons.wikimedia.org/wiki/File:Chandra-crab.jpg

ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കാന്തികക്ഷേത്രം ലക്ഷക്കണക്കിന് ടെസ്‌ല വരും. അതില്‍ കുടുങ്ങി ധാരാളം ചാര്‍ജിത കണങ്ങള്‍ (ഇലക്‌ട്രോണുകളും പ്രോട്ടോണുകളും മറ്റും) നക്ഷത്രക്കാമ്പിന്റെ ഒരു കാന്തികധ്രുവത്തില്‍ നിന്ന് മറ്റേ ധ്രുവത്തിലേക്ക് സഞ്ചരിക്കുന്നുണ്ടാവാം. ന്യൂട്രോണ്‍ നക്ഷത്രത്തിന്റെ ഭ്രമണാക്ഷവും കാന്തിക അക്ഷവും ഒന്നുതന്നെ ആകണമെന്നില്ല. അതിന്റെ ഫലം ,കാന്തിക ധ്രുവങ്ങളിലെത്തുന്ന ചാര്‍ജിത കണങ്ങള്‍ അപാരവേഗത്തില്‍ ഭ്രമണാക്ഷത്തിനുചുറ്റും കറങ്ങുക എന്നതാവും. അതിവേഗം കറങ്ങുന്ന ചാര്‍ജുകളില്‍ നിന്ന് വിദ്യുത്കാന്തികതരംഗങ്ങള്‍ ഉത്സര്‍ജിക്കപ്പെടും. അതായത്, ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കാന്തിക ധ്രുവത്തില്‍ നിന്ന് റേഡിയോ തരംഗങ്ങള്‍ മുതല്‍ എക്‌സ്‌റേ വരെയുള്ള ഏതു പ്രകാശവും നിരന്തരം ഉദ്ഗമിച്ചുകൊണ്ടിരിക്കും. കാന്തികധ്രുവങ്ങിലൊന്ന് ഓരോ കറക്കത്തിലും ഭൂമിക്കുനേരെ വരുംവിധമാണ് സ്ഥിതിചെയ്യുന്നതെങ്കില്‍ അപ്പോഴെല്ലാം ഓരോ പള്‍സ് നമുക്ക് കിട്ടും. ഇതാണ് പള്‍സേറ്റിംഗ് സ്റ്റാര്‍ അഥവാ പള്‍സാര്‍. അതായത് എല്ലാ പള്‍സാറുകളും ന്യൂട്രോണ്‍ നക്ഷത്രങ്ങളാണ്. എന്നാല്‍ എല്ലാ ന്യൂട്രോണ്‍ നക്ഷത്രങ്ങളും (നമുക്ക്) പള്‍സാറുകള്‍ ആയിരിക്കില്ല. 1057ല്‍ ചൈനക്കാര്‍ കണ്ടു രേഖപ്പെടുത്തിയ സൂപ്പര്‍നോവയുടെ അവശിഷ്ടമാണ് ക്രാബ് നെബുല എന്നറിയപ്പെടുന്നത്. അതിന്റെ മധ്യത്തില്‍ 33 മില്ലിസെക്കന്റ് ആവര്‍ത്തനകാലമുള്ള ഒരു പള്‍സാറിനെ 1968ല്‍ തന്നെ കണ്ടെത്തിയത് മുന്‍ പറഞ്ഞ സിദ്ധാന്തത്തിനുള്ള അംഗീകാരമായി മാറി. 1982ല്‍ ഡോണ്‍ബാക്കര്‍ 1.6 മില്ലിസെക്കന്റുമാത്രം ആവര്‍ത്തനകാലമുള്ള PSRB1937+21 എന്ന മില്ലിസെക്കന്റ് പള്‍സാറിനെ കണ്ടെത്തി. ആ നക്ഷത്രം ഒരു മിനുട്ടില്‍ 38500 തവണ സ്വയം കറങ്ങുന്നു എന്നാണിതിനര്‍ത്ഥം. (പള്‍സേറ്റിംഗ് സോർസ് ഓഫ് റേഡിയോ എന്നതിന്റെ ചുരുക്കമാണ് PSR. അതിനെത്തുടര്‍ന്നുള്ള സംഖ്യ പള്‍സാറിന്റെ റൈറ്റ്അവന്‍ഷന്‍ – ഡെക്ളിനേഷന്‍ സ്ഥാനത്തെയും സൂചിപ്പിക്കുന്നു.)

2009_paris_-_grygar_bell_burnell
ജോസ്‍ലിന്‍ ബെല്‍ 2009 ല്‍ | File Source : https://commons.wikimedia.org/wiki/File:Launch_of_IYA_2009,_Paris_-_Grygar,_Bell_Burnell_cropped.jpg

1968 ഫെബ്രുവരി ലക്കം നേച്ചര്‍ ജര്‍ണലില്‍ സൂസന്‍ ഹെവിഷ് ഉള്‍പ്പെടെ അഞ്ച് പേരുടെ ഗവേഷണ പ്രബന്ധമായി പള്‍സാറുകളുടെ കണ്ടെത്തല്‍ അച്ചടിച്ചുവന്നപ്പോള്‍ അത് ശാസ്ത്രലോകത്ത് വലിയ ചര്‍ച്ചാവിഷയമായി. കണ്ടെത്തലിന്റെ പുതുമയോടൊപ്പം ഒരു വനിതാ ശാസ്ത്രജ്ഞയുടെ മുന്‍കൈ അതിലുണ്ടായിരുന്നു എന്നതും അതിനു കാരണമായിരുന്നു. സൂസന്‍ ജോസ്‌ലിന്‍ ബെല്ലിന് ആ വര്‍ഷം തന്നെ പി എച്ച് ഡി ബിരുദവും ലഭിച്ചു. ഏറെ താമസിയാതെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മാര്‍ട്ടിന്‍ ബര്‍ണലുമായുള്ള സൂസന്റെ വിവാഹവും നടന്നു. അങ്ങനെ അവര്‍ ജോസലിന്‍ ബെല്‍ ബര്‍ണല്‍ ആയി. എന്തുകൊണ്ടാണെന്നറിയില്ല, പള്‍സാറിനെ സംബന്ധിച്ച തുടര്‍ പഠനങ്ങളിലും സമ്മേളനങ്ങളിലും ഒന്നും ജോസലിനെ പങ്കെടുപ്പിക്കാന്‍ ഹെവിഷും മാള്‍ട്ടിന്‍ റൈലും താല്‍പ്പര്യം കാട്ടിയില്ല. 1974ല്‍ നൊബേല്‍ സമ്മാനിതരുടെ പേരുകള്‍ വന്നപ്പോള്‍ ‘ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടുന്ന ആദ്യത്തെ ജ്യോതിശ്ശാസ്ത്രജ്ഞര്‍’ ആയി ഹെവിഷും റൈലും അതില്‍ സ്ഥാനംപിടിച്ചിരുന്നു. ജോസ്‌ലിനെ തഴഞ്ഞതില്‍ വന്‍ പ്രതിഷേധമുയര്‍ന്നു. ജോസ്‌ലിന്റെ പ്രതികരണം ശാന്തവും പക്വവുമായ രീതിയിലായിരുന്നു. അവര്‍ പറഞ്ഞു, ‘ഗവേഷകവിദ്യാര്‍ഥിക്കല്ല, ഗൈഡിനു തന്നെയാകണം പ്രാധാന്യം നല്‍കേണ്ടത്. നൊബേല്‍സമ്മാനം അര്‍ഹിക്കുന്നവര്‍ക്കു തന്നെയാണ് കിട്ടിയത്’. എന്നാല്‍ ലിംഗവിവേചനം ഉണ്ടായത് അവര്‍ നിഷേധിച്ചുമില്ല.

നൊബേല്‍ സമ്മാനം കിട്ടാതെ പോയെങ്കിലും ജോസ്‌ലിന്‍ ശാസ്ത്രലോകത്ത് അംഗീകാരം നേടുകതന്നെ ചെയ്തു. വിദ്യുത്കാന്തിക തരംഗപഠനങ്ങളില്‍ അവര്‍ ഒരു ‘അഥോറിറ്റി’ ആയി അറിയപ്പെട്ടു. സതാംപ്റ്റണ്‍ സര്‍വകലാശാലയില്‍ ഗാമാ റേ അസ്‌ട്രോണമി പ്രൊഫസര്‍ എന്ന പദവിയില്‍ അവര്‍ നിയോഗിക്കപ്പെട്ടു. പിന്നീട് ലണ്ടന്‍ യൂനിവേഴ്‌സിറ്റി കോളേജില്‍ എക്‌സ്‌റേ അസ്‌ട്രോണമി പ്രൊഫസറായി. തുടര്‍ന്ന് ബാത് സര്‍വകലാശാലാ സയന്‍സ് ഫാക്കള്‍ട്ടി ഡീന്‍, ഓക്‌സ്ഫഡ്, പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലകളിലെ വിസിറ്റിംഗ് പ്രൊഫസര്‍ തുടങ്ങിയ ശ്രദ്ധേയമായ സ്ഥാനങ്ങള്‍ അവരെ തേടിയെത്തി. അനേകം അവാര്‍ഡുകളും അവര്‍ക്കു നല്‍കപ്പെട്ടു. കമാന്‍ഡര്‍ ആന്റ് ഡെയ്ം ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍, ഓപ്പന്‍ഹൈമര്‍ പ്രൈസ്, മൈക്കള്‍സണ്‍ മെഡല്‍, റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ ഹെര്‍ഷന്‍ മെഡല്‍ എന്നിവ അതില്‍ ചിലത് മാത്രം. എഡിന്‍ബര്‍ഗ് റോയല്‍ സൊസൈറ്റിയുടെ പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി കോളേജില്‍ ആസ്‌ട്രോഫിസിക്‌സ് വിഭാഗത്തില്‍ വിസിറ്റിംഗ് പ്രൊഫസറാണ് ജോസ്‌ലിന്‍ ബെല്‍. 1993ല്‍ മാര്‍ട്ടിന്‍ ബര്‍ണലുമായുള്ള വിവാഹം പിരിഞ്ഞു. മകന്‍ ഗവിന്‍ അറിയപ്പെടുന്ന ഭൗതികശാസ്ത്രജ്ഞനാണ്.

Check Also

പ്രകാശം പോലും പുറത്തുവിടാത്ത തമോഗര്‍ത്തത്തിന്റെ ചിത്രമെടുത്തതെങ്ങനെ?

കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ലോകത്തിന്റെ പല മൂലകളില്‍ സ്ഥാപിച്ചിട്ടുള്ള 8 റേഡിയോ ടെലിസ്കോപ്പുകള്‍ ഒരത്ഭുത വസ്തുവിനെ ക്യാമറയില്‍ കുടുക്കാനുള്ള ശ്രമത്തിലായിരുന്നു. വിര്‍ഗോക്ലസ്റ്റര്‍ എന്ന ഗാലക്സി കുടുംബത്തിലെ M87 (മെസ്സിയേ 87) എന്ന ഭീമന്‍ ഗാലക്സിയുടെ കേന്ദ്രത്തിലുള്ള ഭീമന്‍ തമോഗര്‍ത്തത്തെയാണ് അവ ലക്ഷ്യമിട്ടത്.

Leave a Reply

%d bloggers like this: