Thursday , 15 March 2018
Home » ശാസ്ത്രവിചാരം » ആകാശഗോവണി അണിയറയില്‍

ആകാശഗോവണി അണിയറയില്‍

Space_elevator_structural_diagram
ആകാശഗോവണി സാങ്കല്പിക ചിത്രം
കടപ്പാട് : Booyabazooka at en.wikipedia.org

മുത്തശ്ശിക്കഥയില്‍ മാന്ത്രിക പയര്‍ ചെടിയില്‍ കയറി  ആകാശത്തെത്തിയ   ജാക്കിനെ ഓര്‍മയില്ലേ?  അത് പോലെ ആകാശത്തേക്ക് യഥേഷ്ടം കയറാനും ഇറങ്ങാനും കഴിയുന്ന ഒരു സംവിധാനം വളരെക്കാലമായിശാസ്ത്ര ലോകത്തിന്റെ സ്വപ്നമായിരുന്നു. അത്തരം ഒരു സങ്കല്‍പം സാക്ഷാല്‍ക്കരിക്കാന്‍ ഒരുങ്ങുകയാണ് ജപ്പാനിലെ നിര്‍മ്മാണ മേഖലയിലെ വന്‍കമ്പനി ആയ ഓബയാഷി കോര്‍പ്പറേഷന്‍.

ഇവര്‍ നിര്‍മ്മിക്കുന്ന ഈ ആകാശ ഏണിയുടെ – ഭൂമിയില്‍ നിന്ന് ബഹിരാകാശത്തേക്ക്  നീളുന്ന സ്പേസ് എലവേറ്ററിന്റെ – നിര്‍മ്മാണം 2050 ഓടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ്  ഓബയാഷി കോര്‍പ്പറേഷന്‍ അവകാശപ്പെടുന്നത്. ഭൌമോപരിതലത്തില്‍ നിന്ന്   ബഹിരാകാശത്തേക്ക്  96,000  കിലോമീറ്റര്‍ ഉയരത്തില്‍   നീണ്ട്    കിടക്കുന്ന     എലവേറ്റര്‍   ആണ്   കമ്പനി     വിഭാവനം ചെയ്യുന്നത്. ഈ എലവേറ്റര്‍ ഉപയോഗിച്ച്   ബഹിരാകാശ   നിലയത്തിലേക്ക് ആളുകളെയും, ബഹിരാകാശ പേടകങ്ങളെയും അനായാസമായി എത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മാഗ്നെറ്റിക് ലെവിറ്റെഷന്‍ സാങ്കേതിക  വിദ്യ  ഉപയോഗിച്ച്   പ്രവര്‍ത്തിക്കുന്ന റോബോട്ടിക് കാറുകളായിരിക്കും ഇതിനായി ഉപയോഗിക്കുക. ബഹിരാകാശ യാത്രയുമായി ബന്ധപ്പെട്ട അപകട സാധ്യതകളും ചെലവും ഇത് വഴി കുറയ്ക്കാനാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

എന്നാല്‍ സ്പേസ് എലവേറ്റര്‍ എന്ന ആശയം പുതിയതാണെന്ന് കരുതല്ലേ. ആകാശത്തോളം കയറി ചെല്ലാന്‍ കഴിയുന്ന ഒരു ഘടന എന്ന സങ്കല്‍പ്പത്തിനു ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഈഫല്‍ ടവറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്  1895ഇല്‍ കോണ്‍സ്റ്റാന്റിന്‍ സിയോള്‍ക്കോവ്സ്കി എന്ന റഷ്യന്‍ ശാസ്ത്രജ്ഞനാണ് ഇത്തരമൊരു ആശയം ആദ്യമായി വിഭാവനം ചെയ്തത്.. പിന്നീട് പല കാലങ്ങളില്‍ പല ശാസ്ത്രജ്ഞര്‍ ഇതിന്‍റെ  സാധ്യതയേയും രൂപഘടനയേയും കുറിച്ച് ഒട്ടേറെ ആശയങ്ങള്‍ മുന്നോട്ട് വെച്ചു. കൂടാതെ ആർതർ. സി. ക്ലാർക്ക്‌ ഉൾപ്പടെയുള്ള അനേകം എഴുത്തുകാരുടെ സയൻസ്‌ ഫിക്ഷൻ നോവലുകളിലും സ്പേസ്‌ എലവേറ്റർ കഥാപാത്രമായിട്ടുണ്ട്‌. ഈ മേഖലയിലുള്ള അന്വേഷണങ്ങള്‍ കഴിഞ്ഞ ദശകങ്ങളില്‍ ശക്തിയാര്‍ജ്ജിക്കുകയും 2010 ഇല്‍ വിവിധ രാജ്യങ്ങളും സ്ഥാപനങ്ങളും സഹകരിക്കുന്ന ഇന്‍റര്‍നാഷണല്‍ സ്പേസ്എലവേറ്റര്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും ചെയ്തു.

ഘടന

ആകാശ ഗോവണി വീഡിയോ ചിത്രീകരണം

ഭൌമോപരിതലത്തില്‍ ഭൂമധ്യരേഖക്കടുത്ത്  ഒരറ്റം ഉറപ്പിച്ച ബഹിരാകാശം വരെ എത്തുന്ന റിബ്ബണ്‍ രൂപത്തിലുള്ള ഒരു കേബിളാണ് നിര്‍ദ്ദിഷ്ട സ്പേസ് എലവേറ്ററിന്റെ പ്രധാന ഭാഗം. കേബിളിന്റെ അടിഭാഗത്ത് ഭൂഗുരുത്വബലത്തിനും മുകള്‍ഭാഗത്ത് അഭികേന്ദ്ര ബല (centrifugal force) ത്തിനുമായിരിക്കും മേല്‍ക്കൈ, ഇവയുടെ വിപരീതപ്രവര്‍ത്തന ഫലമായായിരിക്കും കേബിള്‍ യഥാസ്ഥാനത്ത് നിവര്‍ന്നു നില്‍ക്കുക. കേബിളിന്റെ സെന്‍റര്‍ ഓഫ് മാസ്   ഭൂമിയുടെ   ഭൂസ്ഥിര ഭ്രമണപഥത്തിനു മുകളിലായിരിക്കണം.

ഒരിക്കല്‍ ഉറപ്പിച്ച് കഴിഞ്ഞാല്‍ റോക്കറ്റുകള്‍ ഒഴിവാക്കി എലവേറ്ററിലൂടെ ബഹിരാകാശ നിലയത്തിലേക്ക് യാത്രകള്‍ സാധ്യമാകും. മാത്രമല്ല ഏഴ് മിനിട്ടായി അങ്ങോട്ടേക്കുള്ള യാത്രാസമയം കുറയ്ക്കാനും സാധിക്കും. ഇത് വിജയിച്ചാല്‍ ഭൂമിയേക്കാള്‍ ഗുരുത്വാകര്‍ഷണം വളരെ കുറഞ്ഞ ചന്ദ്രന്‍, ചൊവ്വ എന്നിവിടങ്ങളില്‍ സ്പേസ് എലവേറ്റര്‍ സ്ഥാപിക്കാന്‍ കഴിയുമെന്നും അത് വഴി ബഹിരാകാശത്ത് കൂടുതല്‍ അകലങ്ങളിലേക്ക് പര്യവേഷണം സാധ്യമാകും എന്നും കരുതപ്പെടുന്നു.

വെല്ലുവിളികള്‍

എലവേറ്റര്‍ കേബിള്‍ നിര്‍മ്മിക്കാനാവശ്യമായ   അതിശക്തവും   അതേസമയം   സാന്ദ്രത തീരെക്കുറഞ്ഞതും ആയ വസ്തു കണ്ടെത്തുക എന്നതാണ് പ്രധാന വെല്ലുവിളി. നിലവിലുള്ള വസ്തുക്കളൊന്നും തന്നെ ഇതിനനുയോജ്യമല്ല കാരണം ഇത്രയേറെ നീളം കൂടിയ കേബിളിന്  സ്വന്തം ഭാരം താങ്ങാന്‍ കഴിയില്ല എന്നത് തന്നെ. കാര്‍ബണ്‍, ബോറോണ്‍ നൈട്രൈഡ് നാനോട്യൂബുകള്‍ ഉപയോഗിക്കുക  വഴി ഇതിനു പരിഹാരം കാണാം എന്ന് കരുതപ്പെടുന്നു. സ്റ്റീലിനേക്കാള്‍ നൂറു മടങ്ങ്‌ ശക്തിയുള്ളതാണ് കാര്‍ബണ്‍ നാനോട്യൂബുകള്‍. ഇവയുടെ സാന്ദ്രതയാകട്ടെ സ്റ്റീലിനേക്കാള്‍ പത്ത് മടങ്ങോളം കുറവുമാണ്. പക്ഷേ 3 സെന്റിമീറ്റര്‍ വരെ നീളമുള്ള  നാനോട്യൂബുകളേ   നിലവിലുള്ള  സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ സാധിക്കൂ. കേബിള്‍ നിര്‍മ്മിക്കാനാവശ്യമായ പദാര്‍ത്ഥം കണ്ടെത്തുന്നതിനും റോബോട്ടിക് കാറുകളുടെ പരിഷ്കരണത്തിനും വേണ്ടി  പരീക്ഷണങ്ങള്‍ നടന്നു വരുന്നുണ്ട്. ഭൂമിയിലെ അവസ്ഥ ഇതാണെങ്കിലും ഗുരുത്വാകര്‍ഷണം തീരെക്കുറവായ ചന്ദ്രന്‍, ചൊവ്വ എന്നിവിടങ്ങളില്‍ എലവേറ്റര്‍ നിര്‍മ്മിക്കാന്‍ കെവ് ലാര്‍ പോലെയുള്ള  നിലവിലുള്ള  പോളിമറുകള്‍ ഉപയോഗിക്കാവുന്നതാണ്.   ഇവ വിജയം കണ്ടാല്‍ ബഹിരാകാശത്തേക്കൊരു ലിഫ്റ്റ്‌ യാത്ര സാധ്യമാകും എന്ന് തന്നെ കരുതാം.

അവലംബം
1.http://en.wikipedia.org/wiki/Space_elevator
2.http://www.cnet.com/news/japanese-company-plans-space-elevator-by-2050/
3.http://www.huffingtonpost.co.uk/2014/09/23/japan-working-space-elevator-2050_n_5866650.html

About the author

സംഗീത.സി
ഗവ. എന്‍ജിനീയറിങ്ങ് കോളെജ്, കോഴിക്കോട്‌
sangeethachenampulli@gmail.com

Use Facebook to Comment on this Post

Check Also

ശരിയ്ക്കും ഈ മഴത്തുള്ളിയ്ക്ക് എന്ത് സ്പീഡ് വരും?

മഴത്തുള്ളിൽ രണ്ട് ബലങ്ങളാണ് പ്രവർത്തിക്കുന്നത്- ഗുരുത്വാകർഷണവും വായുപ്രതിരോധവും. ഇതിൽ ഗുരുത്വാകർഷണം എപ്പോഴും താഴേയ്ക്കും, വായുപ്രതിരോധം എപ്പോഴും ചലനദിശയ്ക്ക് എതിർദിശയിലും (ചലനത്തെ പ്രതിരോധിയ്ക്കുന്ന രീതിയിൽ) ആയിരിക്കും. അതായത്, താഴേയ്ക്ക് വീഴുന്ന മഴത്തുള്ളിയിൽ ഈ രണ്ട് ബലങ്ങളും പരസ്പരം എതിർദിശയിലാണ് പ്രവർത്തിക്കുന്നത്. ഗുരുത്വാകർഷണത്തിന് എപ്പോഴും ഏതാണ്ടൊരേ ശക്തിയാണ്, അത് തുള്ളിയുടെ പിണ്ഡത്തെ മാത്രമേ ആശ്രയിയ്ക്കൂ. പക്ഷേ വായുപ്രതിരോധം അല്പം കൂടി സങ്കീർണമാണ്. അത് തുള്ളിയുടെ വലിപ്പം, രൂപം, ചലനവേഗത, വായുവിന്റെ സാന്ദ്രത എന്നിവയെ ഒക്കെ ആശ്രയിച്ച് മാറും.

Leave a Reply

Your email address will not be published. Required fields are marked *