Read Time:38 Minute
[highlight]സ്വതന്ത്ര 2014 കോണ്‍ഫറന്‍സില്‍ ഡോ. റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ നടത്തിയ മുഖ്യപ്രഭാഷണം പുനഃപ്രസിദ്ധീകരിക്കുന്നു.
കടപ്പാട്: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് ബ്ലോഗ്.[/highlight]

ആദ്യഭാഗം | രണ്ടാംഭാഗം | മൂന്നാംഭാഗം

rms_3
സ്വാതന്ത്ര്യത്തിനുള്ള മറ്റൊരു ഭീഷണിയായി, മറ്റൊരു തടസ്സമായി വരുന്നതു് ഇപ്പോഴൊക്കെ പല ഹാര്‍ഡ്‌വെയര്‍ കമ്പനികളും അവരുടെ ഉല്പന്നങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ രഹസ്യമായി വയ്ക്കുന്നു എന്നതാണു്. ഉല്പാദകനു് ഉല്പന്നം നിങ്ങള്‍ക്കു് വില്ക്കാന്‍ താല്പര്യമുണ്ടു്, പക്ഷെ അതെങ്ങിനെയാണു് ഉപയോഗിക്കേണ്ടതു് എന്നതു് രഹസ്യമായി വയ്ക്കാന്‍ ആഗ്രഹിക്കുന്നു. പകരമായി അവര്‍ പറയുന്നു, “ഇതാ അതുപയോഗിക്കാനായി കുത്തകാവകാശമുള്ള ഒരു പ്രോഗ്രാമുണ്ടു്. ഇതോടിച്ചിട്ടു് മിണ്ടാതിരി” എന്നു്. അതുകൊണ്ടു്, അതുപയോഗിക്കേണ്ടതെങ്ങിനെ എന്നു കണ്ടെത്താനായി നമുക്കു് പിന്നോട്ടു് എഞ്ചിനിയര്‍ ചെയ്യേണ്ടതായി വരുന്നു (പ്രവര്‍ത്തനത്തില്‍നിന്നു് അതിന്റെ വിശദമായ രൂപകല്പന കണ്ടുപിടിക്കുക). എല്ലായ്‌പ്പോഴും വേണ്ടിവരുന്നില്ല എങ്കിലും. ചിലപ്പോള്‍ സമൂഹവുമായി സഹകരിച്ചും നമ്മുടെ സ്വാതന്ത്ര്യത്തെ ബഹുമാനിച്ചും ഉല്പന്നത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കാനായി കമ്പനിയെ സമ്മതിപ്പിക്കാന്‍ നമുക്കാകുന്നുണ്ടു്. ചിലപ്പോള്‍ അവരതിനുമപ്പുറത്തേയ്ക്കു കടന്നു് ഒരു സ്വതന്ത്ര ഡ്രൈവര്‍തന്നെ പ്രസിദ്ധീകരിക്കാന്‍ സന്നദ്ധരാകുന്നു. അതു് അവരുടെ നന്മ. പക്ഷെ നമുക്കു് അതു് വേണമെന്നില്ല. നമുക്കു വേണ്ടതു് വിശദാംശങ്ങളാണു്. കമ്പനി അതു തരാന്‍ തയാറാകുന്നില്ലെങ്കില്‍ നമുക്കതു് കണ്ടുപിടിക്കണം. പറഞ്ഞുവരുന്നതെന്തെന്നാല്‍, നിങ്ങള്‍ക്കു് സാങ്കേതികമായ സംഭാവന നല്‍കാന്‍ താല്പര്യമുണ്ടെങ്കില്‍ ഇതാണു് ഏറ്റവും നല്ല വഴി. അവിടെയാണു് നമുക്കു് ഏറ്റവുമധികം സഹായം ആവശ്യമുള്ളതു്. ഹാഡ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാനായി അതിന്റെ വിശദാംശങ്ങള്‍ റിവേഴ്സ് എഞ്ചിനീയറിങ്ങ് വഴി കണ്ടെത്തുക. ഓരോ സര്‍വ്വകലാശാലയും റിവേഴ്സ് എഞ്ചിനീയറിങ്ങ് പഠിപ്പിക്കണമെന്നാണു് എന്റെ അഭിപ്രായം. അതു് മേല്പറഞ്ഞ കാര്യങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിനു് മുന്നേറാന്‍ അത്യാവശ്യമായ കാര്യം മാത്രമല്ല, അതു് വളരെ ആദായകരമായ ഒരു തൊഴിലുംകൂടിയാണു്. വളരെപ്പേരൊന്നും ഇതു് ചെയ്യുന്നില്ല, ചെയ്യുന്നവര്‍ ഒരുപാടു് പണം ആവശ്യപ്പെടുകയും ചെയ്യുന്നു.

പക്ഷെ, അവര്‍ ഇതിനേക്കാള്‍ വഷളാകുകയാണെന്നതാണു് മറ്റൊരു തടസ്സം. ചില ഹാര്‍ഡ്‌വെയര്‍ ഉപകരണങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതല്‍നിന്നു് ആള്‍ക്കാരെ തടയാനായി രൂപകല്പന ചെയ്തിരിക്കുന്നു. ദുഷ്ടമായ ഹാര്‍ഡ്‌വെയറിന്റെ ഒരു നിര്‍ണ്ണായകമായ ഉദാഹരണമാണു് സെല്‍ഫോണ്‍ മോഡം ചിപ്പുകള്‍. ജീയെസ്സെം ശൃംഖലയും വിവരശൃംഖലയുമായി ആശയവിനിമയം യഥാര്‍ത്ഥത്തില്‍ നടത്തുന്ന മോഡം പ്രോസസര്‍. ഈയിടെയായി ഈ ചിപ്പുകള്‍ രൂപകല്പന ചെയ്യുന്നതു് ഉല്പാദകന്‍ സാക്ഷ്യപ്പെടുത്തിയ പ്രോഗ്രാം മാത്രം പ്രവര്‍ത്തിപ്പിക്കാനാണു്. അതുകൊണ്ടു് നമുക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കാനായാല്‍ത്തന്നെ – അതൊരു വലിയ പ്രയത്നമാണു്, തുടങ്ങുന്നതു് റിവേഴ്സ് എഞ്ചിനീയറിങ്ങില്‍ നിന്നുമാണു് – നമുക്കതു് പ്രവര്‍ത്തിപ്പിക്കാനാവില്ല. ആ ചിപ്പുകള്‍ ദുഷ്ട സോഫ്റ്റ്‌വെയറുകള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കൂ. ആ ചിപ്പുകളെ നാം ജന്മനാല്‍ ദുഷ്ടമായി കണക്കാക്കേണ്ടിയിരിക്കുന്നു. ഒരു സെല്‍ഫോണ്‍ മോഡമുള്ള ഒരു ഉപകരണം എനിക്കു വേണ്ട. എനിക്കു് എന്റെ ആശയവിനിമയം മറ്റു മാര്‍ഗങ്ങളില്‍ക്കൂടി നടത്തിയാല്‍ മതി. പക്ഷെ രൂപാന്തരപ്പെടുത്തിയതും വ്യത്യസ്ഥമായതുമായ എല്ലാ സോഫ്റ്റ്‌വെയറും തിരസ്ക്കരിക്കുന്ന ചിപ്പുകള്‍ അവ മാത്രമല്ല. ഉപയോക്താക്കള്‍ക്കു് അവരുടെ സ്വന്തം സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുന്നതു് തടയുന്ന ഡിജിറ്റല്‍ ഉല്പന്നങ്ങള്‍ രൂപകല്പന ചെയ്യുന്നതു നിയമവിരുദ്ധമാക്കണം എന്നാണു് എന്റെ അഭിപ്രായം. ഒടുവില്‍ ഈ പ്രശ്നത്തെ മറികടക്കാനായി നമുക്കു് വേറെ ചിപ്പുകള്‍ നിര്‍മ്മിക്കേണ്ടിവരും. ആ ദിശയിലാണു് കമ്പ്യൂട്ടിങ്ങ് പോകുന്നതു് എന്നാണു് എനിക്കു തോന്നുന്നതു്. രൂപകല്പനയുടെ കൂടുതല്‍ തലങ്ങള്‍ കമ്പനികള്‍ നിയന്ത്രിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്കു് സിസ്റ്റത്തെ മാറ്റാന്‍ കഴിയാത്ത തരത്തിലേക്കു് രൂപകല്പന നീങ്ങുന്നതായാണു് കണ്ടുവരുന്നതു്. എആര്‍എം പ്രോസസറുകളിലുപയോഗിക്കാനുള്ള വിന്‍ഡോസ് 8ന്റെ കാര്യത്തില്‍ മൈക്രോസോഫ്റ്റ് ആ ചുവടു വച്ചു. വിന്‍ഡോസ് 8 അല്ലാതെ മറ്റൊന്നും പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത രീതിയില്‍ അതു് വിതരണം ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടു. മൈക്രോസോഫ്റ്റ് രൂപകല്പന ചെയ്തതല്ലാതെ മറ്റൊന്നും അതില്‍ പ്രവര്‍ത്തിപ്പിക്കാനാവില്ല. അതൊരു അനീതിയാണു്. അതു് നിയമവിരുദ്ധമാകേണ്ടതാണു്.

ഹോളിവുഡുമായും സംഗീതഫാക്ടറികളുമായും ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ കീഴില്‍ത്തന്നെ രൂപകല്പനയുടെ എല്ലാ തലങ്ങളും ഒന്നിച്ചുകൊണ്ടുവരാനുള്ള പ്രവണതയില്‍നിന്നാണു് അതു് ഉടലെടുക്കുന്നതു്. ഈ കമ്പനികള്‍ നമ്മുടെ കമ്പ്യൂട്ടറുകളിലും ഡിജിറ്റല്‍ കൈവിലങ്ങുകള്‍ വേണമെന്നു് ആവശ്യപ്പെടുന്നു. ഡിജിറ്റല്‍ കൈവിലങ്ങുകള്‍ക്കുവേണ്ടി അവര്‍ ദശാബ്ദങ്ങളായി ശ്രമിക്കുകയാണു്. ഇപ്പോഴുള്ള കൈവിലങ്ങുകള്‍ക്കും അവര്‍തന്നെയാണു് ഉത്തരവാദികള്‍.

അതിനും പുറമേ, നിങ്ങളുടെ കമ്പ്യൂട്ടറിനു പുറത്തും ഡിജിറ്റല്‍ സ്വാതന്ത്ര്യം പോകേണ്ടതുണ്ടു്. എല്ലാ സോഫ്റ്റ്‌വെയറും സ്വതന്ത്രമാണെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറിനുള്ളില്‍ നടക്കുന്ന പ്രവര്‍ത്തനം മുഴുവനും നിങ്ങള്‍ നിയന്ത്രിക്കുന്നു. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ നിങ്ങള്‍ സ്വതന്ത്രനാണു്. പക്ഷെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ മറ്റു പ്രശ്നങ്ങള്‍ ഉയരുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യ സമ്പൂര്‍ണ്ണമായ മേല്‍നോട്ടത്തിനു് ഉതകുന്നതാണു് എന്നു് നമുക്കു മനസ്സിലാകുന്നു. അതു് കൊണ്ടുനടക്കാവുന്ന ഫോണുകളില്‍ മാത്രമല്ല. ഇപ്പോള്‍ വഴികളിലെ ക്യാമറകളിലൂടെ, ഇന്റര്‍നെറ്റിലെ മേല്‍നോട്ടം, ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ നിരീക്ഷണം, ഫോണ്‍കമ്പനികളുടെ നിരീക്ഷണം, തുടങ്ങിയവയിലൂടെ മനുഷ്യരുടെ ജീവിതത്തിലേക്കു് മേല്‍നോട്ടം കടന്നുവരുന്നതായി കാണുന്നു. ഒരു വ്യക്തിയുടെ ഫോണ്‍ നടത്തുന്ന വിളികള്‍, വ്യക്തി എവിടെയെല്ലാം പോയിരുന്നു, തുടങ്ങിയവയുടെ പട്ടികകളുണ്ടാക്കി ഫോണ്‍കമ്പനികള്‍ ദീര്‍ഘകാലം സൂക്ഷിച്ചുവയ്ക്കുന്നു.

GNU 30th logo.png
Free Software Foundation – FSF website സൃഷ്ടിച്ച “GNU 30th logo”. Wikimedia Commons വഴി

അതുകൊണ്ടു് എല്ലാവരേയും കുറിച്ചുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ അറിയുന്നതില്‍നിന്നു് നാം തടയേണ്ടിയിരിക്കുന്നു. കാരണം, ആ സാഹചര്യങ്ങളില്‍ രാഷ്ട്രീയ എതിര്‍പ്പിനെയും മാധ്യമപ്രവര്‍ത്തനത്തെയും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഈ അറിവുപയോഗിക്കും. ഈ പ്രക്രിയ അമേരിക്കയില്‍ ആരംഭിക്കുന്നതു് നാം കണ്ടുകഴിഞ്ഞു. ഇതിനുമുമ്പുള്ള എല്ലാ പ്രസിഡന്റുമാരുംകൂടി ചെയ്തിട്ടുള്ളതില്‍ കൂടുതല്‍ മാധ്യമപ്രവര്‍ത്തകരെ ഒബാമ കോടതി കയറ്റിക്കഴിഞ്ഞു. ഇതു് മാധ്യമപ്രവര്‍ത്തനത്തിനോടുള്ള യുദ്ധമാണു്, ജനാധിപത്യത്തോടുള്ള യുദ്ധമാണു്. പക്ഷെ എല്ലാത്തിനെയും ഒളിഞ്ഞുനോക്കുന്നതു് അമേരിക്ക മാത്രമല്ല. ഇംഗ്ലണ്ടിലെ ഒരു സര്‍വ്വകലാശാലയില്‍ രാഷ്ട്രീയചര്‍ച്ച നടന്നു. അതില്‍ പങ്കെടുത്തവരുടെ പേരുകള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഇന്നലെ ഞാന്‍ പത്രത്തില്‍ വായിച്ചതേയുള്ളൂ. കാരണം, അപകടകരമായ പരിസ്ഥിതിപ്രശ്നങ്ങളുണ്ടാക്കുന്ന ഫ്രാക്കിങ്ങ് (fracking) പോലെയുള്ള പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയോ അതിനെതിരെ പ്രതിഷേധിക്കുകയോ ചെയ്യുന്നവരെ അവിടത്തെ സര്‍ക്കാര്‍ എല്ലായ്‌പ്പോഴും പിന്തുടരാന്‍ ശ്രമിച്ചുകൊണ്ടിരിക്കയാണു്. അവരതിനു് എന്തും ചെയ്യും എന്നാണു് മനസ്സിലാകുന്നതു്. അതുകൊണ്ടു് നമുക്കു് ജനാധിപത്യം വേണമെങ്കില്‍ സര്‍ക്കാര്‍ അറിയാതെ മറ്റുള്ളവരോട് സംസാരിക്കാന്‍ സാധിക്കും എന്നു നാം ഉറപ്പുവരുത്തണം. നമ്മളുടെ സ്ഥാനം തുടര്‍ച്ചയായി രേഖപ്പെടുത്താതെ നമുക്കു് നഗരങ്ങളില്‍ യാത്രചെയ്യാന്‍ സാധിക്കും എന്നു് ഉറപ്പുവരുത്തണം. സര്‍ക്കാരിനു് ഈ വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അവരതു് ദുരുപയോഗം ചെയ്യും. പക്ഷെ ആരെങ്കിലും ഈ വിവരം ശേഖരിച്ചാല്‍ അതു് സര്‍ക്കാരിനു് നേടിയെടുക്കാനാകും. അമേരിക്കയില്‍ AT&T എന്ന കമ്പനിയുടെ ഉപഭോക്താക്കള്‍ ഫോണിലൂടെ ആരോടൊക്കെ സംസാരിച്ചു എന്നതിന്റെ വിവരങ്ങള്‍ 1989 മുതലുള്ളതു് ശേഖരിച്ചു വച്ചിട്ടുണ്ടു്. പല സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഈ വിവരങ്ങള്‍ അവര്‍ നല്‍കുന്നുമുണ്ടു്. മുന്‍കാലത്തെ പ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ അവരെ പരിശോധിക്കാനായി ഇതുപയോഗിക്കുന്നു. ഇതേപ്പറ്റി എന്തു പറയും? ഇതു് നിഷ്ഠുരമായ സ്വേച്ഛാധിപത്യത്തിലേക്കുള്ള വഴിയാണു്. ഇത്രയും നിരീക്ഷണത്തോടൊപ്പം ജനാധിപത്യത്തിനു് നിലനില്‍ക്കാനാവില്ല. അങ്ങേയറ്റം എത്ര നിരീക്ഷണത്തെ ജനാധിപത്യത്തിനു് താങ്ങാനാവുമെന്നു് ഞാന്‍ തിട്ടപ്പെടുത്തിയിട്ടുണ്ടു്. നോക്കൂ, ജനാധിപത്യമെന്നാല്‍ ഭരണകൂടത്തെ ജനങ്ങള്‍ നിയന്ത്രിക്കും എന്നാണര്‍ത്ഥമാക്കുന്നതു്. പക്ഷെ ഭരണകൂടം രഹസ്യമായി കാര്യങ്ങള്‍ ചെയ്യും. ഭരണകൂടം രഹസ്യമായി ചെയ്യുന്ന കാര്യങ്ങളെ നമുക്കു നിയന്ത്രിക്കാനാവില്ല. അതുകൊണ്ടു് ഇത്തരം പ്രവൃത്തികളെ നിയന്ത്രിക്കാനായി നാം അത്തരം പ്രവൃത്തികള്‍ വിളിച്ചുപറയുന്നവരെ ആശ്രയിക്കേണ്ടിവരുന്നു. പക്ഷെ അങ്ങനെ വിളിച്ചുപറയുന്നതു് കുറ്റകൃത്യമായി മുദ്രകുത്താന്‍ ഭരണകൂടം തയാറാകുന്നു. എന്നിട്ടു് ജനാധിപത്യത്തിനു് പ്രവര്‍ത്തിക്കാനൊരു അവസരം നല്‍കാന്‍ ശ്രമിക്കുന്നവരെ തുറുങ്കിലടക്കുന്നു. അങ്ങനെ ജനാധിപത്യം പ്രവര്‍ത്തിക്കാതാകുന്നു. അതുകൊണ്ടു് ആരൊക്കെ ആരോടെല്ലാം സംസാരിക്കുന്നു എന്നു കണ്ടെത്താന്‍ ഭരണകൂടത്തിനായാല്‍ അതുതന്നെ ജനാധിപത്യത്തിനു താങ്ങാവുന്നതിലധികം നിരീക്ഷണമായിക്കഴിഞ്ഞു. ആരു് ആരോടെല്ലാം സംസാരിക്കുന്നു എന്നു് ഭരണകൂടത്തിനു് കണ്ടുപിടിക്കാന്‍ വയ്യാത്ത തലത്തിലേക്കു് നാം നിരീക്ഷണത്തെ കുറച്ചുകൊണ്ടുവന്നേ പറ്റൂ. ഇക്കാലത്തെ ഭരണകൂടങ്ങള്‍ പണ്ടു് സോവിയറ്റ് യൂണിയന്‍ ചെയ്തിരുന്നതിനേക്കാള്‍ വളരെക്കൂടുതല്‍ നിരീക്ഷണം നടത്തുന്നുണ്ടു് എന്നോര്‍ക്കുക. അക്കാലത്ത് അവര്‍ ചെയ്തിരുന്നതുതന്നെ മഹാ അന്യായമായിട്ടാണു് കണക്കാക്കപ്പെട്ടിരുന്നതു്. അതു് മനുഷ്യാവകാശത്തിനെതിരെയുള്ള കുറ്റകൃത്യമായാണു് കരുതിയിരുന്നതു്. അപ്പോള്‍ ഇന്നു് നിങ്ങളുടെ രാജ്യവും എന്റെ രാജ്യവും അതിനേക്കാള്‍ വളരെക്കൂടുതലായാണു് പൗരന്മാരെ നിരീക്ഷിക്കുന്നതു്. മനുഷ്യാവകാശത്തിനു വിരുദ്ധമായി നാമതിനെ കാണേണ്ടതുണ്ടു്. എല്ലാവരുടെയും ഫോണ്‍വിളികള്‍ പിന്തുടരുന്ന പതിവ് നിര്‍ത്തേണ്ടതാണു്. മൊബൈല്‍ ഫോണിന്റെ ഉപയോക്താക്കളെ തിരിച്ചറിയേണ്ടതിന്റെ ആവശ്യകത നാം അവസാനിപ്പിക്കേണ്ടതാണു്. അതൊരു അന്യായമാണു്.

ഈ വിവരശേഖരങ്ങളുടെ ഉപയോഗം നിയന്ത്രിച്ചുകൊണ്ടു് ഈ അപകടത്തെ നേരിടാമെന്നാണു് ചിലര്‍ പറയുന്നതു്. പക്ഷെ അതു് പ്രശ്നത്തിനു പരിഹാരമാകില്ല. നോക്കൂ രഹസ്യപ്രവര്‍ത്തനങ്ങള്‍ വിളിച്ചുപറയുന്നതു് കുറ്റകൃത്യമായി മുദ്രകുത്തിയിരിക്കുകയാണു്. കുറ്റകൃത്യത്തിന്റെ അന്വേഷണത്തിനായി വിവരശേഖരം പരിശോധിക്കുന്നതു് എപ്പോഴും ന്യായമായിട്ടാണു് കരുതപ്പെടുന്നതു്. അതുകൊണ്ടു് ഒരിക്കല്‍ ഒരാള്‍ രഹസ്യം വിളിച്ചുപറഞ്ഞു എന്നു് സര്‍ക്കാര്‍ കണ്ടുകഴിഞ്ഞാല്‍ വവരശേഖരത്തിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കാനുള്ള ന്യായമായിക്കഴിഞ്ഞു. അവരതെല്ലാം പരിശോധിക്കുകയും വിളിച്ചുപറഞ്ഞ വ്യക്തിയെ തുറുങ്കലടക്കുകയും ചെയ്യും. ഏതാനും വര്‍ഷം മുമ്പു് അമേരിക്കന്‍ സര്‍ക്കാര്‍ ചെയ്ത ചില ദുഷ്‌പ്രവൃത്തികള്‍ ഒരാള്‍ അസോസിയേറ്റഡ് പ്രസ്സിലെ മാധ്യമപ്രവര്‍ത്തകനോടു പറഞ്ഞു. അസോസിയേറ്റഡ് പ്രസ്സിലെ ഡസന്‍കണക്കിനു പത്രപ്രവര്‍ത്തകരുടെ ഫോണ്‍വിളികള്‍ സര്‍ക്കാര്‍ പരിശോധിച്ചു. അങ്ങനെയവര്‍ വ്യക്തിയെ തിരിച്ചറിയുകയും തുറുങ്കിലടക്കുകയും ചെയ്തു. അദ്ദേഹമിപ്പോഴും ജയിലിലാണു്. Stallman.org എന്ന സൈറ്റിലുള്ള ഒരു രാഷ്ട്രീയകുറിപ്പില്‍ ഇതേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്കു കാണാം. കഷ്ടകാലത്തിനു് ഞാനിപ്പോള്‍ അതെല്ലാം ഓര്‍മ്മിക്കുന്നില്ല, പക്ഷെ നിങ്ങള്‍ക്കു് അവിടെ അതെല്ലാം ലഭിക്കും. രാജ്യരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കുന്ന പത്രക്കാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത ഒരു സര്‍ക്കാരുദ്യോഗസ്ഥന്‍ പറഞ്ഞു ഞങ്ങള്‍ക്കു് ഇനി റിപ്പോര്‍ട്ടര്‍മാരെ വിളിച്ചുവരുത്തേണ്ട ആവശ്യമില്ല, നിങ്ങള്‍ ആരോടൊക്കെയാണു് സംസാരിക്കുന്നതെന്നു് ഞങ്ങള്‍ക്കറിയാം എന്നു്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വല്യേട്ടന്‍ കാണുന്നുണ്ടു് എന്നു്. ഇതു് നമ്മളെ വെരുട്ടാനുള്ള/ഭയപ്പെടുത്താനുള്ള ശ്രമമാണു്, എന്നിട്ടവര്‍ക്കു് രഹസ്യമായി പീഡനം പോലുള്ള നടപടികള്‍ എടുക്കാമല്ലോ. ഏതു് ഭീകരവാദിയേക്കാള്‍ അധികമായി ഇതു് നമ്മളെ ഭയപ്പെടുത്തുന്നതാണെന്നു് നാം തിരിച്ചറിയണം. ജനാധിപത്യം സംരക്ഷിക്കാനായി നമുക്കു് അവശ്യം വേണ്ട മനഷ്യാവകാശങ്ങളെ കശക്കിയെറിയുമ്പോള്‍ അവര്‍ പറയുന്നതു് എന്തില്‍നിന്നോ നമ്മെ രക്ഷിക്കാനാണു് എന്നാണു്. ചിലപ്പോഴവര്‍ പറയും അതു് ഭീകരവാദികളാണെന്നു്. അഭിപ്രായവ്യത്യാസമുള്ളവരെയെല്ലാം ഭീകരവാദികളായി മുദ്രകുത്തുന്ന പ്രവണത ലോകത്തെമ്പാടുമുള്ള സര്‍ക്കാരുകളില്‍ കാണാം. അമേരിക്കയില്‍ പോലും. അതുകൊണ്ടു് നമ്മെ ബഹുമാനിക്കാന്‍ സര്‍ക്കാരിനെ നിര്‍ബ്ബന്ധിക്കാനാവശ്യമായ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളെ ആക്രമിക്കാനുള്ള എന്തെങ്കിലും കാരണം കണ്ടെത്താനായി അവര്‍ പെരുപ്പിച്ചു പറയുകയാണു്. നോക്കൂ, സര്‍ക്കാര്‍ വളരെ ശക്തമാണു്. മറ്റെന്തിനേക്കാളും കരുത്തുള്ളതാണു് സര്‍ക്കാര്‍. എന്തിനേക്കാളും. അതങ്ങനെതന്നെ ആയിരിക്കുകയും വേണം. കാരണം സര്‍ക്കാരുകള്‍ ഒരുപാടു കാര്യങ്ങള്‍ ചെയ്യണമെന്നു നമുക്കാഗ്രഹമുണ്ടു്. ഉദാഹരണമായി, വിദ്യാഭ്യാസവും വൈദ്യശുശ്രൂഷയും നല്‍കുക, ഗവേഷണത്തിനാവശ്യമായ സഹായം നല്‍കുക, റോഡുകളുണ്ടാക്കുക, പണമില്ലാത്തവര്‍ക്കു് ഭക്ഷണവും ഭവനവും മറ്റും നല്‍കുക, തുടങ്ങി പിന്നെയും പലതും. അതുകൊണ്ടു് മനുഷ്യാവകാശങ്ങളും ജനാധിപത്യവുമുപയോഗിച്ചു് അതിനു് കടിഞ്ഞാണിടേണ്ടതു് ആവശ്യമാണു്. അതിനെ നിയന്ത്രിക്കാനുള്ള നമ്മുടെ കഴിവിനെ എടുത്തുകളയാന്‍ എന്തെങ്കിലും അവസരം അവര്‍ക്കു ലഭിച്ചാല്‍ അവര്‍ നമ്മുടെയെല്ലാം പുറത്തുകൂടി ചവിട്ടിനടക്കും. അതുകൊണ്ടു് രഹസ്യങ്ങള്‍ വിളിച്ചുപറയുന്നവരെ കണ്ടെത്താനുള്ള കഴിവ് അവര്‍ക്കു് ഉണ്ടാകരുതെന്നു് നമ്മള്‍ വാശിപിടിക്കണം. അതുപോലെ വിമതരെയും. സ്നോഡനേപ്പോലെ ശ്രദ്ധാപൂര്‍വമായി മുന്‍കൂട്ടിയുള്ള ആസൂത്രണവും ധൈര്യവും ഉണ്ടായാലേ തുറുങ്കിലടക്കപ്പെടാതിരിക്കാനാവൂ എന്നുണ്ടെങ്കില്‍ നമുക്കാവശ്യമുള്ളത്ര ആള്‍ക്കാര്‍ രഹസ്യങ്ങള്‍ വിളിച്ചുപറയാന്‍ തയാറാവില്ല. ആ പ്രവൃത്തി സുരക്ഷിതമാക്കേണ്ടതു് ആവശ്യമാണു്.

ഇപ്പോള്‍ എനിക്കു പറയാനുള്ളതെല്ലാം ഏതാണ്ടു് തീര്‍ന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറിനേക്കുറിച്ചും ഗ്നു സിസ്റ്റമിനേക്കുറിച്ചും കൂടുതലറിയാനായി gnu.org എന്ന സൈറ്റ് നോക്കുക. gnu.org/licenses എന്ന പേജില്‍നിന്നു് പലതരം സ്വതന്ത്ര സോഫ്റ്റ‌വെയര്‍ ലൈസന്‍സുകളേക്കുറിച്ചു് നിങ്ങള്‍ക്കു് അറിവും അവയിലോരോന്നിന്റെയും ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ചുള്ള വിവരങ്ങളും ലഭിക്കും. കൂടാതെ, ഏതു് ലൈസന്‍സുകള്‍ സ്വതന്ത്രമല്ല എന്നും അവിടെനിന്നു മനസ്സിലാക്കാം. ഓരോ സാഹചര്യത്തിലും ഏതു് ലൈസന്‍സ് ഉപയോഗിക്കുന്നതാണു് ഉത്തമം എന്നതു് gnu.org/licenses/license-recommendations.html എന്ന പേജില്‍നിന്നും മനസ്സിലാക്കാം. gnu.org/gnu എന്ന പേജില്‍ ഗ്നു പദ്ധതിയുടെ ചരിത്രവും ഗ്നു ഓപ്പറേറ്റിങ്ങ് സിസ്റ്റം വികസിപ്പിച്ചതിന്റെ ചരിത്രവും വായിക്കാം. സ്വതന്ത്ര സോഫ്റ്റ‌വെയറിനേപ്പറ്റിയുള്ള പ്രത്യേക ചോദ്യങ്ങളുടെ ഉത്തരങ്ങളും അതു് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളേക്കുറിച്ചുള്ള വിശദീകരണങ്ങളുമടങ്ങുന്ന പല ലേഖനങ്ങളും വായിക്കാം. പൂര്‍ണ്ണമായി സ്വതന്ത്രമായ ഗ്നു ലിനക്സ് വിതരണങ്ങളുടെ ഒരു പട്ടിക gnu.org/distros എന്ന പേജില്‍ കാണാം. ഗ്നു ലിനക്സിന്റെ ആയിരത്തിലധികം വിതരണങ്ങളുണ്ടു്. നിര്‍ഭാഗ്യവശാല്‍ അവയില്‍ മിക്കതിലും സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുണ്ടു്. അവ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നില്ല. പൂര്‍ണ്ണമായി സ്വതന്ത്രമായ ഏതാനും വിതരണങ്ങളുണ്ടു്. അവയുടെ പേരുകളും പ്രശസ്തമായ വിതരണങ്ങള്‍ എന്തുകൊണ്ടു് പൂര്‍ണ്ണമല്ലാതാകുന്നു എന്നതും അവിടെ വിശദീകരിച്ചിട്ടുണ്ടു്. നോക്കൂ, ഇതൊരു പ്രധാന പ്രശ്നമാണു്. സ്വതന്ത്രമല്ലാത്ത പ്രശസ്തമായ വിതരണങ്ങള്‍ സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നു. അതായതു്, നമ്മുടെ സമൂഹത്തില്‍. അവര്‍ക്കു് ഇത്രയധികം സ്വാധീനമുള്ളതുകൊണ്ടു് അവരെ എല്ലാവരും കാണുന്നു. അതുകൊണ്ടു് നമ്മുടെ സമൂഹത്തിലേക്കു് വരുന്നവര്‍ പലപ്പോഴും, ഉദാഹരണമായി, ഉബുണ്ടു എന്തുപറയുന്നു എന്നു കാണും. ഉബുണ്ടു ഒരു അസ്വതന്ത്ര വിതരണമാണെന്നു മാത്രമല്ല, സ്വതന്ത്ര മാല്‍വെയറിന്റെ അപൂര്‍വ്വം ഉദാഹരണങ്ങളില്‍ ഒന്നുമാണു്. ഉബുണ്ടു വാസ്തവത്തില്‍ ചില രീതികളില്‍ ഉപയോക്താവിനെ ഒളിഞ്ഞുനോക്കുന്നുണ്ടു്. gnu.org/philosophy/ubuntuspyware.html എന്ന പേജ് നോക്കുക. അവരതു് ശരിയാക്കുന്നതുവരെ അവരില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടിയിരിക്കുന്നു. അതുകൊണ്ടു്, ഞാന്‍ പറഞ്ഞതോര്‍ക്കുക, നമുക്കൊരു പ്രതിരോധമുണ്ടു്, പക്ഷെ അതു് കുറവറ്റതല്ലെങ്കിലും ഒന്നുമില്ലാത്തതിലും ഭേദമാണു്. ഉബുണ്ടുവിന്റെ ചാരപ്പണി നടത്താത്ത പതിപ്പുകള്‍ ചലരുണ്ടാക്കിയിട്ടുണ്ടു്. ഇനി നമുക്കു് ഉബുണ്ടുവിനേത്തന്നെ പറഞ്ഞു സമ്മതിപ്പിക്കണം ചാരപ്പണി നടത്തുന്ന സോഫ്റ്റ‌വെയര്‍ എടുത്തു കളയാന്‍. പക്ഷെ എന്തായാലും ഉബുണ്ടുവിനു് ജനങ്ങളോട് പറയാനായി, “നിങ്ങളുടെ കമ്പ്യൂട്ടറിനുള്ളില്‍ നിങ്ങള്‍ സ്വാതന്ത്ര്യമര്‍ഹിക്കുന്നു, പക്ഷെ അതു് ഞങ്ങളില്‍നിന്നു് ലഭിക്കില്ല” എന്നു്. പക്ഷെ, തീര്‍ച്ചയായും അവരതു് പറയുന്നില്ല. കാരണം അങ്ങനെ ചെയ്താല്‍ അവരെ വിമര്‍ശിക്കാന്‍ ആള്‍ക്കാരെ പ്രോത്സാഹിപ്പിക്കുകയായിരിക്കും. ധാരണാപരമായ പൊരുത്തക്കേടുണ്ടാക്കുകയായിരിക്കും. പകരം അവര്‍ പറയുന്നു, “സാദ്ധ്യമായതില്‍ ഏറ്റവുമധികം ഉപയോഗാനുഭവം നിങ്ങള്‍ക്കു പകരാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു” എന്നു്. അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ വാസ്തവത്തില്‍ പറയുന്നതു്, “സൗകര്യപ്രദമായ ഉപയോഗാനുഭവത്തിനു് സ്വാതന്ത്ര്യത്തേക്കാള്‍ കൂടുതല്‍ വില നല്‍കണം” എന്നാണു്. അവര്‍ മൂല്യങ്ങള്‍ പഠിപ്പിക്കുകയാണു്. എന്തു പറഞ്ഞാലും അവരോടു് അഭ്യര്‍ത്ഥിക്കുന്നതിലൂടെ മൂല്യങ്ങള്‍ പഠിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയാണു്. അപ്പോള്‍ ഉബുണ്ടു സൗകര്യത്തിന്റെ കാര്യമാണു് പ്രമുഖമായെടുക്കുന്നതു്. അതുകൊണ്ടു് സൗകര്യത്തേക്കുറിച്ചു് പറയുകയും സൗകര്യത്തിനനുസരിച്ചു് പ്രവര്‍ത്തിക്കുകയും സ്വാതന്ത്ര്യത്തിനല്ല സൗകര്യത്തനാണു് കൂടുതല്‍ മൂല്യമെന്നു് പഠിപ്പിക്കുകയും ചെയ്യുന്നു. ദുഃഖകരമെന്നു പറയട്ടെ അതിനാല്‍ സ്വാധീനിക്കപ്പെട്ട ആള്‍ക്കാരുമുണ്ടു്. അവരതിനു് ചെവികൊടുക്കുന്നു. അതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിനു് ക്ഷീണമാണു്. അവര്‍ തീര്‍ച്ചയായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നു പറയുന്നില്ല, അവര്‍ ഓപ്പണ്‍ സോഴ്സ് എന്നേ പറയൂ.

Richard_stallman_swatantra_2014
ഫോട്ടോ : Cherishsantosh/via Wikimedia Commons

ഇന്ത്യയില്‍ പലര്‍ക്കും ഫോസ് (FOSS) എന്നു പറയാന്‍ താല്പര്യമുള്ളതായി നിങ്ങള്‍ക്കു കാണാം. ഞാനാ പദം ഉപയോഗിക്കാറില്ല, എന്തുകൊണ്ടാണെന്നു പറയാം. സ്വതന്ത്ര സോഫ്റ്റ്‌വെയറും ഓപ്പണ്‍ സോഴ്സും ഒരുപോലെ പറഞ്ഞുകൊണ്ടു് നിഷ്പക്ഷമായി നില്‍ക്കാന്‍ വേണ്ടിയാണു് ആ പദം മെനഞ്ഞെടുത്തതു്. പക്ഷെ അതു് രണ്ടിനെയും ഒരുപോലെ പിന്താങ്ങുന്നില്ല. കാരണം ഓപ്പണ്‍ സോഴ്സ് എന്നു് മധ്യത്തില്‍ വ്യക്തമായി കാണാം. പക്ഷെ ഫ്രീയും സോഫ്റ്റ്‍വെയറും രണ്ടറ്റത്തായി വേര്‍പിരിഞ്ഞു കിടക്കുകയാണു്. നിങ്ങള്‍ക്കു് ശരിക്കും നിഷ്പക്ഷമാകണമെങ്കില്‍ ചെയ്യേണ്ടതു് ഫ്ലോസ് (FLOSS) എന്നു് ഉപയോഗിക്കുകയാണു്. Free/libre and opensource software. ഇങ്ങനെയാകുമ്പോള്‍ free/libre എന്നതിനു് ഘനമുണ്ടു്. അതു് ഓപ്പണ്‍ സോഴ്സിന്റെ അത്രതന്നെ വലുപ്പത്തില്‍ കാണപ്പെടുന്നു. കൂടാതെ ലീബ്രെ എന്ന പദം ഫ്രീ എന്നതിനെ വിശദീകരിക്കുകയും വ്യക്തമാക്കുകയും ചെയ്യുന്നു. കാരണം സ്പാനിഷിലും ഫ്രെഞ്ചിലും ലീബ്രെ എന്നതു് സൂചിപ്പിക്കുന്നതു് സ്വാതന്ത്ര്യത്തെയാണു്. അതിനു് വെറുതെ കിട്ടുന്നതു് എന്ന അര്‍ത്ഥമില്ല. അതുകൊണ്ടു്, നിങ്ങള്‍ക്കു് നിഷ്പക്ഷമാകണമെങ്കില്‍ അതാണു് മാര്‍ഗം. പക്ഷെ ഞാനാ പദം ഒരിക്കലും ഉപയോഗിക്കാറില്ല, കാരണം എനിക്കു് നിഷ്പക്ഷമാകാന്‍ ആഗ്രഹമില്ല. സ്വാതന്ത്ര്യത്തെ ബഹുമാനിക്കാന്‍ ജനങ്ങളെ പഠിപ്പിക്കാനാണു് ഞാന്‍ ശ്രമിക്കുന്നതു്. നിങ്ങള്‍ സ്വാതന്ത്ര്യത്തെ പിന്താങ്ങുന്നുണ്ടെങ്കില്‍ നിഷ്പക്ഷമായി സംസാരിക്കരുതു്, സ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന തരത്തില്‍, സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന വിധത്തില്‍ സംസാരിക്കുക. അതു് ചെയ്യേണ്ടതു് ഫ്രീ സോഫ്റ്റ്‌വെയറിനേപ്പറ്റി, അല്ലെങ്കില്‍ സ്വതന്ത്ര, മുക്തോ സോഫ്റ്റ്‌വെയറിനേപ്പറ്റി, അല്ലെങ്കില്‍ ഈ ആശയം വ്യക്തമായി കേള്‍വിക്കാരിലെത്തിക്കാന്‍ എന്തു പദമാണോ ഉപയോഗിക്കേണ്ടതു് അതുപയോഗിച്ചു വേണം. സ്വാതന്ത്ര്യത്തിനുവേണ്ടി പ്രകടമായി നില്‍ക്കുക. അതു് നമ്മുടെ ഉദ്ദേശ്യത്തെ സഹായിക്കും. നിങ്ങള്‍ക്കു് നമ്മുടെ പ്രസ്ഥാനത്തെ സഹായിക്കാന്‍ കഴിയുന്ന വിധങ്ങളേപ്പറ്റി gnu.org/help എന്ന പേജില്‍ വായിക്കാം. കൂടാതെ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്റെ വെബ്‌സൈറ്റായ fsf.org ഉം ഉണ്ടു്. അവിടെ പല വിഭവങ്ങളും രാഷ്ട്രീയപ്രവര്‍ത്തനങ്ങളേപ്പറ്റിയുള്ള വിവരങ്ങളും കാണാം. ചില പരിപാടികളെ നിങ്ങള്‍ക്കു് വെറുതെ ഒപ്പിട്ടുകൊണ്ടു് സഹായിക്കാം. ആ സൈറ്റിലൂടെ നിങ്ങള്‍ക്ക ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്റെ ഒരംഗമാകാനും കഴിയും. അതു് എന്നോട് പറഞ്ഞാലും ചെയ്യാവുന്നതാണു്. ഞാനിപ്പോള്‍ ഇവിടെയുള്ളതുകൊണ്ടു് നിങ്ങളുടെ അംഗത്വത്തിനുള്ള പണം എന്റെ കൈവശം പണമായും ഏല്പിക്കാം. കൂടാതെ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ ഇന്ത്യയുമുണ്ടു്. അതിന്റെ ചില നേതാക്കള്‍ ഇവിടെയുണ്ടു്. നിങ്ങളുടെ പിന്തുണ അവര്‍ക്കും നല്‍കാം.
ഇനിയെന്റെ ഇതര വ്യക്തിത്വം അവതരിപ്പിക്കാന്‍ സമയമായി. ഞാനാണു് ഈമാക്സ് പള്ളിയിലെ വിശുദ്ധ ഇഗ്നൂഷ്യസ്.(ഒരു കറുത്ത ളോഹയും സിഡി പോലുള്ള തലപ്പാവും അണിയുന്നു..) ഞാന്‍ നിന്റെ കമ്പ്യൂട്ടറിനെ അനുഗ്രഹിക്കുന്നു കുട്ടീ. വികസിപ്പിക്കാവുന്ന ടെക്സ്റ്റ് എഡിറ്ററായിട്ടാണു് ഞാനെഴുതിയ ഈമാക്സ് തുടങ്ങിയതു്. പക്ഷെ അതു് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അതു് പലരുടെയും ജീവിതരീതിയായി മാറി. അതു് വികസിപ്പിച്ചുവികസിപ്പിച്ചു് പലര്‍ക്കും അവരുടെ കമ്പ്യൂട്ടിങ്ങ് മുഴുവനും ഈമാക്സിനകത്തുതന്നെ ചെയ്യാമെന്ന അവസ്ഥ വന്നു. പിന്നീട് alt.religion.emacs എന്ന ന്യൂസ്ഗ്രൂപ്പിന്റെ ആരംഭത്തോടെ അതൊരു പള്ളിയായി മാറി. അതു് സന്ദര്‍ശിക്കുന്നതു് രസകരമായിരിക്കും. ഈമാക്സിന്റെ പള്ളിയില്‍ ഈമാക്സിന്റെ വിവിധ പതിപ്പുകള്‍ തമ്മില്‍ വലിയ ചേരിതിരിവുകളുണ്ടു്. ഞങ്ങള്‍ക്കു് വിശുദ്ധരുണ്ടു്, പക്ഷെ ഭാഗ്യത്തിനു് ദൈവങ്ങളില്ല. ദൈവത്തിനു പകരം ഞങ്ങള്‍ സത്യമായ ഏക എഡിറ്റര്‍ ഈമാക്സിനെ ആരാധിക്കുന്നു. ഈമാക്സിന്റെ പള്ളിയിലെ അംഗമാകണമെങ്കില്‍ നിങ്ങള്‍ ഈ മതത്തിന്റെ കുമ്പസാരം ചെയ്യണം. നിങ്ങള്‍ പറയേണ്ടതു് ഇപ്രകാരമാണു്, “ഗ്നു അല്ലാതെ മറ്റൊരു സിസ്റ്റമില്ല, ലിനക്സ് അതിന്റെ കാമ്പുകളിലൊന്നാണു്.” പിന്നെ നിങ്ങള്‍ തികഞ്ഞ വിദഗ്ദ്ധനായിക്കഴിഞ്ഞാല്‍, ഞങ്ങളുടെ ചടങ്ങിലൂടെ നിങ്ങള്‍ക്കതു് ആഘോഷിക്കാം, അതില്‍ ഞങ്ങളുടെ വിശുദ്ധ വേദത്തിന്റെ ഒരു ഭാഗം ചൊല്ലിക്കൊണ്ടു്, അതായതു്, സിസ്റ്റത്തിന്റെ മൂലരൂപം. ഞങ്ങള്‍ക്കു് കന്യാഈമാക്സിന്റെ മതവുമുണ്ടു്. അതായതു് ഈമാക്സ് ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തി. ഈമാക്സിന്റെ പള്ളിയുടെ അഭിപ്രായത്തില്‍ ഈമാക്സ് കന്യകാത്വം അവസാനിപ്പിക്കാനുള്ള അവസരം നല്‍കുന്നതു് പുണ്യമാണു്. ഞങ്ങള്‍ക്കു് ഈമാക്സ് പുണ്യയാത്രയുമുണ്ടു്. ഇതില്‍ ഈമാക്സിന്റെ ഉത്തരവുകളെല്ലാം അക്ഷരമാലാക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കണം. അതെത്രസമയമെടുക്കുമെന്നു് ആര്‍ക്കും അറിയാമെന്നു തോന്നുന്നില്ല. ഉത്തരവുകളെല്ലാം ഒരു സ്ക്രിപ്റ്റിലൂടെ പ്രവര്‍ത്തിപ്പിച്ചാലും മതി എന്നു വിശ്വസിക്കുന്ന ഒരു വിമത സംഘവുമുണ്ടു്, പക്ഷെ ശരിയായ ആത്മീയഗുണം ലഭിക്കണമെങ്കില്‍ അവ കൈകൊണ്ടുതന്നെ ടൈപ്പുചെയ്യണം. ഞാന്‍ പേരെടുത്തു പറയാത്ത മറ്റു പള്ളികളെ അപേക്ഷിച്ചു് ഈമാക്സിന്റെ പള്ളിക്കു് പല മെച്ചങ്ങളുമുണ്ടു്. ഉദാഹരണമായി ഈമാക്സിന്റെ പള്ളിയില്‍ ഒരു വിശുദ്ധനാകാനായി അവിവാഹിതനായിരിക്കണമെന്നു നിര്‍ബന്ധമില്ല. പക്ഷെ ശുദ്ധമായ ധാര്‍മ്മിക ജീവിതം നയിക്കണം. സാധാരണ ഉപയോഗത്തിനായി നിങ്ങളുടെ നിയന്ത്രണത്തിലുള്ള കമ്പ്യൂട്ടറുകളെ ബാധിച്ചിരിക്കുന്ന എല്ലാ പ്രേത ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളെയും ഉച്ചാടനം ചെയ്തു് തികച്ചും സ്വതന്ത്രമായ ഓപ്പറേറ്റിങ്ങ് സിസ്റ്റം സ്ഥാപിക്കണം. പിന്നെ സ്വതന്ത്ര സോഫ്റ്റ‌വെയര്‍ മാത്രം സ്ഥാപിക്കുകയും ഉപയോഗിക്കുകയും വേണം. നിങ്ങള്‍ ഈ മൂല്യം നേടുകയും അതിലൂടെ മാത്രം ജീവിക്കുകയും ചെയ്യുകയാണെങ്കില്‍ നിങ്ങളും ഒരു വിശുദ്ധനാകും. അപ്പോള്‍ നിങ്ങള്‍ക്കു് ഈ ദീപ്തിവലയം നിങ്ങള്‍ക്കും ധരിക്കാം, എവിടെനിന്നെങ്കിലും ലഭിച്ചാല്‍. ഇപ്പോള്‍ ഇതാരും ഉണ്ടാക്കുന്നില്ലത്രെ.

ഈമാക്സും മറ്റ് എഡിറ്റര്‍മാരും തമ്മില്‍ ഒരു പരമ്പരാഗത മത്സരമുണ്ടു്. അതുകൊണ്ടു് ചിലര്‍ ഇടയ്ക്ക് ചോദിക്കാറുണ്ടു് ഈമാക്സിന്റെ പള്ളിയില്‍ vi ഉപയോഗിക്കുന്നതൊരു പാപമാണോ എന്നു്. Vi vi vi സാത്താന്റെ എഡിറ്ററാണെന്നതു് സത്യമാണു്. പക്ഷെ അതിന്റെ സ്വതന്ത്രരൂപം ഉപയോഗിക്കുന്നതു് പാപമല്ല. അതൊരു പ്രായശ്ചിത്തം മാത്രമാണു്. ഈ വര്‍ഷമാദ്യം ഞാന്‍ ചൈനയില്‍ പോയിരുന്നു. ചില vi ഉപയോക്താക്കള്‍ എന്നെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതായി പ്രഖ്യാപിച്ചു. ഞാന്‍ ഞെട്ടിപ്പോയി. പറഞ്ഞതുപോലെ, അക്രമം (violence) എന്ന പദം തുടങ്ങുന്നതു് vi കൊണ്ടാണല്ലോ. ചിലര്‍ ഇടയ്ക്ക് ചോദിക്കാറുണ്ടു് എന്റെയീ ദീപ്തവലയം പഴയ കമ്പ്യൂട്ടര്‍ ഡിസ്ക്കാണോ എന്നു്. അല്ല, ഇതു് കമ്പ്യൂട്ടര്‍ ഡിസ്ക്കല്ല, ഇതെന്റെ ദീപ്തവലയമാണു്. പക്ഷെ കഴിഞ്ഞ ജന്മത്തില്‍ ഇതൊരു കമ്പ്യൂട്ടര്‍ ഡിസ്ക്കായിരുന്നു. നന്ദി.

[divider]

[അവസാനിച്ചു]

  • മൊഴിമാറ്റം : ഡോ. വി. ശശികുമാര്‍
  • പരിഭാഷാ സഹായം: അനിവര്‍ എ അരവിന്ദ്

പകര്‍പ്പവകാശം : ഡോ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ (ക്രിയേറ്റിവ് കോമണ്‍സ് ആട്രിബ്യൂഷന്‍ നോ ഡെറിവേറ്റിവ്സ് – CC-BY-ND-4.0 – ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു ) ഉപയോഗിച്ച ചിത്രങ്ങള്‍ CC-BY-SA- 4.0 ലൈസന്‍സ് അനുസരിച്ചാണു പ്രസിദ്ധീകരിച്ചിരിയ്ക്കുന്നതു് . പകര്‍പ്പവകാശം അതാതു ചിത്രങ്ങളില്‍ സൂചിപ്പിച്ചിരിയ്ക്കുന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇന്ത്യയുടെ സ്വന്തം ജി.പി.എസ് : ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി
Next post പ്ലാസ്റ്റിക് അരി കത്തുമോ ?
Close