Read Time:9 Minute

[author title=”വിനയരാജ് വി ആർ” image=”http://luca.co.in/wp-content/uploads/2017/07/vinayaraj-e1502894900995.jpg”][/author]

 

പൂമ്പൊടികളെപ്പറ്റിയുള്ള പഠനത്തിന്‌ പാലിനോളജി എന്നാണു പറയുന്നത്‌. പൂമ്പൊടിയെ പറ്റിയുള്ള പഠനം വഴി കുറ്റകൃത്യങ്ങള്‍ തെളിയിക്കാനും പാറകളുടെ പ്രായം നിര്‍ണയിക്കാനും ഒരു പ്രദേശത്തെ ജൈവ വൈവിധ്യം മനസ്സിലാക്കാനും സാധിക്കുമെന്ന് എത്രപേര്‍ക്കറിയാം?

പൂമ്പൊടി – സൂക്ഷ്മദര്‍ശിനിയിലൂടെ നോക്കുമ്പോള്‍ | കടപ്പാട് : വിക്കി കോമണ്‍സ്

 

[dropcap]പൂ[/dropcap]മ്പൊടിക്ക്‌ രണ്ട്‌ അടുക്കുള്ള ആവരണമാണ്‌ ഉള്ളത്‌. എക്സിന്‍ എന്നുപേരുള്ള പുറത്തെ കവര്‍ സ്പോറോപൊല്ലനിന്‍ എന്നു പേരുള്ള ഒരു പോളിമര്‍ കൊണ്ടാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. ചൂടാക്കിയാലോ ആസിഡോ ആല്‍ക്കലിയോ ഉപയോഗിച്ചാലോ ഒന്നും ഇതിനെ തകര്‍ക്കാന്‍ പറ്റില്ല. ഇതിനെ അലിയിക്കാന്‍ പറ്റിയ രാസത്വരകങ്ങള്‍ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. യാതൊരു തരത്തിലും തകര്‍ക്കാന്‍ ആവാത്തതിനാല്‍ ഇതിന്റെ രാസഘടന പോലും കൃത്യമായി അറിയില്ല. അതുകൊണ്ട്‌ പൂമ്പൊടി എവിടെയും സുരക്ഷിതമാണ്‌. കാലങ്ങള്‍ കഴിഞ്ഞാലും ഇതു നശിക്കാതെ നിലനില്‍ക്കും. എക്സിന്‌ വളരെ സവിശേഷമായ ആകൃതിയായിരിക്കും. ഓരോ തരം ചെടികള്‍ക്കനുസരിച്ച്‌ ഇതിന്റെ രൂപം വ്യത്യാസപ്പെട്ടിരിക്കും. ഇവയുടെ രൂപത്തില്‍ നിന്നും പലപ്പോഴും ഏതു സ്പീഷിസാണെന്നുപോലും കൃത്യമായി കണ്ടെത്താനാവും. പലതരം വലിപ്പമുള്ള പൂമ്പൊടികള്‍ പലതരത്തില്‍ വിതരണം ചെയ്യപ്പെടുന്നു. കാറ്റില്‍ക്കൂടി, വെള്ളത്തില്‍ക്കൂടി, ജീവികളുടെ ദേഹത്തുപറ്റിപ്പിടിച്ച്‌, തേനീച്ചപോലെയുള്ള പ്രാണികള്‍ വഴി പലദൂരങ്ങളിലേക്ക്‌ ഇവ വിതരണം ചെയ്യപ്പെടുന്നു.

Tradescantia tolmukakarvad ja tolmuterad

പൂമ്പൊടി – ഇലക്ട്രോണ്‍ സൂക്ഷ്മ ദര്‍ശിനിയിലൂടെയുള്ള കാഴ്ച | കടപ്പാട് : commons.wikimedia.org

ഒരു പ്രദേശത്തെ പൂമ്പൊടിയുടെ ഒരു സമ്മിശ്രണം ലഭിച്ചാല്‍ അവിടെയുള്ള/ഉണ്ടായിരുന്ന സസ്യവൈവിധ്യങ്ങളുടെ അളവും വ്യത്യസ്തതയും മനസ്സിലാക്കാന്‍ കഴിയുന്നതാണ്‌. ഏതെങ്കിലും രണ്ടിടത്തുള്ള സസ്യങ്ങളുടെ എണ്ണവും വൈവിധ്യവും ഒരിക്കലും ഒരേപോലെയാവാന്‍ സാധ്യതയില്ലാത്തതിനാല്‍ പൂമ്പൊടിയുടെ പഠനത്തില്‍ക്കൂടിത്തന്നെ ഒരു സാമ്പിള്‍ ഭൂമിയിലെ ഏതുപ്രദേശത്തുനിന്നും ശേഖരിച്ചതാണെന്നുപോലും മനസ്സിലാക്കാം. വായുവിലും ജലത്തിലും അന്തരീക്ഷത്തിലുമെല്ലാം ധാരാളം പരാഗരേണുക്കള്‍ ഏതുസമയവും ഒഴുകിനടക്കുന്നുണ്ട്‌. അലര്‍ജി ഉള്ളവര്‍ക്ക്‌ ഇതേപ്പറ്റി ഏകദേശധാരണ ഉണ്ടായേക്കാം. ലക്ഷക്കണക്കിനു വര്‍ഷം മുന്‍പ്‌ ഇങ്ങനെ മണ്ണിനൊപ്പം ഒഴുകിയ വെള്ളത്തിലുണ്ടായിരുന്ന പൂമ്പൊടിയും അന്നുണ്ടായ പാറകളില്‍ കുടുങ്ങിക്കിടന്ന് ഇന്ന് പഠനത്തിനായി ആ പാറകള്‍ പൊടിച്ച്‌ ഗാഢആസിഡില്‍ ലയിപ്പിക്കുമ്പോഴും പരിക്കേല്‍ക്കാതെ രക്ഷപ്പെടുന്ന പരാഗങ്ങളെ പഠിച്ചാല്‍ അന്ന് ഉണ്ടായിരുന്ന സസ്യങ്ങള്‍ ഏതെല്ലാമായിരുന്നു എന്നു മനസ്സിലാക്കാന്‍ ശാസ്ത്രത്തിന്‌ കഴിയുന്നു. ഇതുപോലെ പലപല അട്ടികളായുള്ള പാറകളില്‍ നിന്നും ശേഖരിച്ച പൂമ്പൊടികളെപ്പറ്റിപ്പഠിച്ച്‌ ഓരോ കാലത്തെയും കാലാവസ്ഥയെയും നമുക്ക്‌ മനസ്സിലാക്കാനാവുന്നുണ്ട്‌. ദിനോസറുകളുടെ ഭക്ഷണം, അന്നത്തെ സസ്യങ്ങള്‍ എന്നിവ ഫോസിലായ ദിനോസര്‍ കാഷ്ഠങ്ങളിലെ പൂമ്പൊടിയുടെ പഠനത്തില്‍നിന്നും ലഭിച്ചിട്ടുണ്ട്‌. പാറകളുടെ പ്രായം അളക്കാനും ഈ രീതി അവലംബിക്കാറുണ്ട്‌.

ഫോസിൽ തെളിവുകൾ അടിസ്ഥാനമാക്കി ദിനോസര്‍ കാലഘട്ടത്തിലെ സസ്യജാലത്തെ കലാകാരന്റെ ഭാവനിയില്‍ പുനഃസൃഷ്ടിച്ചപ്പോള്‍ | കടപ്പാട് : myweb.rollins.edu

പൂമ്പൊടികളെപ്പറ്റിയുള്ള പഠനത്തിന്‌ പാലിനോളജി എന്നാണു പറയുന്നത്‌. ഇതുപയോഗിച്ച്‌ പാറകളുടെ പ്രായം അളന്ന് പെട്രോളിയം, ജലം മറ്റു അയിരുകള്‍ എന്നിവ കണ്ടെത്താനുള്ള സാധ്യതകളെപ്പറ്റി പഠിക്കുന്നു. കാലാവസ്ഥയുടെയും പരിസ്ഥിയുടെയും മാറ്റങ്ങള്‍, പഴയകാലത്തെ ആള്‍ക്കാരുടെ കൃഷി-ജീവിതരീതികള്‍ എന്നിവ മനസ്സിലാക്കുന്നു, പണ്ടത്തെ ജീവികളുടെ ഭക്ഷണശീലം, അന്നത്തെ സസ്യങ്ങള്‍ എന്നിവയെപ്പറ്റി മനസ്സിലാക്കി പലജീവികളെയും സംരക്ഷിക്കാനും സാധിക്കുന്നു. നല്ല പരിശീലനം ആവശ്യമുള്ള, സങ്കീര്‍ണ്ണമായ യന്ത്രസംവിധാനങ്ങള്‍ ആവശ്യമുള്ള, താരതമ്യം ചെയ്യാന്‍ ധാരാളം റഫറന്‍സ്‌ ആവശ്യമുള്ള ഒരു ശാസ്ത്രശാഖയാണിത്‌.

കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ പൂമ്പൊടി ഉപയോഗിക്കാറുണ്ട്‌. കൃത്യം നടന്ന സ്ഥലത്ത്‌ ലഭ്യമായ സസ്യവൈവിധ്യങ്ങളും സംശയമുള്ള സ്ഥലത്തും ആള്‍ക്കാരിലും തൊണ്ടിമുതലിലും കാണപ്പെടുന്ന പൂമ്പൊടിയുടെ സാമ്പിളും വച്ചുകൊണ്ട്‌ പ്രഗല്‍ഭനായ ഒരു പാലിനോളജിസ്റ്റിന്‌ ധാരാളം പ്രശ്നങ്ങളുടെ ചുരുളഴിക്കാനാവും. സംഭവസ്ഥലത്തുനിന്നും തുണിയിലും മുടിയിലും ശ്വാസം വലിക്കുമ്പോള്‍ മൂക്കിലും വാഹനത്തിന്റെ ടയറിലും ഷൂസിലെ ചെളിയിലും ആരുമറിയാതെ എത്തുന്ന ഓരോ പൂമ്പൊടിയും വിലപിടിപ്പുള്ള വിവരങ്ങളാണ്‌ അന്വേഷകനു നല്‍കുന്നത്‌. കള്ളപ്പണം, മയക്കുമരുന്നുകള്‍, ഭക്ഷണം, മോഷണം പോയ പുരാവസ്തുക്കള്‍ എന്നിവയുടെ സഞ്ചാരപഥങ്ങള്‍ കണ്ടുപിടിക്കാന്‍ പൂമ്പൊടിയുടെ വിശകലനം സഹായിക്കുന്നു.

[box type=”info” align=”” class=”” width=””]പല പൂക്കളും വിടരുന്ന കാലം നോക്കി കുറ്റകൃത്യം നടന്ന സമയംപോലും കണ്ടുപിടിക്കാനാവും. ഇങ്ങനെയൊക്കെയാണെങ്കിലും കേസന്വേഷണത്തിനു സഹായകമാകാമെന്നല്ലാതെ തെളിവുകളായി ഇവ കോടതികള്‍ അംഗീകരിക്കാറില്ല.[/box]
പൂമ്പൊടി വിതരണക്കാര്‍

1959 -ല്‍ ഡാന്യൂബ്‌ നദീതീരത്തുകൂടി യാത്രചെയ്യുമ്പോള്‍ ഒരാളെ കാണാതായി. എത്ര അന്വേഷിച്ചിട്ടും അയാളുടെ ശരീരംപോലും ലഭിച്ചില്ല. അയാളുടെ കൂട്ടുകച്ചവടക്കാരനായ ഒരു സുഹൃത്തിനെ സംശയത്തിന്റെ പേരില്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. എന്നാല്‍ ശരീരം കണ്ടുകിട്ടാത്തതുകാരണം കേസ്‌ മുന്നോട്ടുപോയില്ല. എന്നാല്‍ കൂട്ടുകാരന്റെ മുറിയില്‍ തിരയുന്നതിനിടയില്‍ മണ്ണുപുരണ്ട ഒരു ജോഡിഷൂസുകള്‍ ലഭിക്കുകയുണ്ടായി. വിയന്ന സര്‍വ്വകലാശാലയിലെ പൂമ്പൊടിവിദഗ്ദ്ധന്‍ വില്യം ക്ലോസിനെ വിളിച്ചുവരുത്തി ഷൂസിലെ ചെളിയെപ്പറ്റി അന്വേഷണം നടത്താന്‍ പോലീസ്‌ ആവശ്യപ്പെട്ടു. ധാരാളം പുതിയ പൂമ്പൊടി ആ ഷൂസില്‍ ഉണ്ടായിരുന്നു, എന്നാല്‍ അതോടൊപ്പം പുരാതനമായഫോസില്‍ പൂമ്പൊടിയും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം പൂമ്പൊടികളുടെ ഒരു സംയോഗം ഉണ്ടാകാന്‍ സാധ്യതയുള്ള ഏകയിടം വിയന്നയ്ക്കു വടക്ക്‌ 20 കിലോമീറ്റര്‍ ദൂരെയുള്ള ഒരു ചെറിയ പ്രദേശമാണെന്നുള്ള അറിവ്‌ അദ്ദേഹത്തില്‍ നിന്നും ലഭിച്ച പോലീസ്‌ സംഘം ഈ അറിവുപയോഗിച്ച്‌ അയാളെ ചോദ്യം ചെയ്തപ്പോള്‍ പ്രതിക്ക്‌ കുറ്റം സമ്മതിക്കേണ്ടിവന്നു. പിന്നീടുനടന്ന തിരച്ചിലില്‍ ക്ലോസ്‌ പറഞ്ഞ അതേ പ്രദേശത്തുനിന്നും മരിച്ചയാളുടെ ശവകുടീരം കണ്ടുപിടിക്കുകയും ചെയ്തു.

ധാരാളം സാധ്യതകള്‍ ഉള്ള ഈ മേഖല ഇന്നും വളരെച്ചെറിയ ഒരുകൂട്ടം വിദഗ്ദ്ധര്‍ മാത്രം കൈകാര്യം ചെയ്യുന്ന ഒരുശാഖയായി തുടരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post മരങ്ങള്‍ക്ക്‌ പച്ചനിറമാണെങ്കിലും മലകള്‍ക്കെന്താ നീലനിറം?
Next post ടയര്‍ മാലിന്യം – പ്രതിസന്ധിയും പരിഹാരവും
Close