Read Time:6 Minute

പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും ശാസ്ത്രസാഹിത്യകാരനും ന്യൂയോർക്ക് സിറ്റി യൂണിവേഴ്സിറ്റിയിലെ തിയറട്ടിക്കൽ ഫിസിക്സ് പ്രൊഫസറുമായ മിഷിയോ കാകുവിന്റെ ഫിസിക്സ് ഓഫ് ദി ഫ്യൂച്ചർ (Michio Kaku: Physics of the Future: Allen Lane: Penguin Books: 2011: പേജ് 387 വില: രൂപ 699) 2100 ഓടെ ശാസ്ത്രസാങ്കേതിക രംഗത്തുണ്ടാവാനിടയുള്ള വമ്പിച്ച മാറ്റങ്ങളെ സമഗ്രമായി വിലയിരുത്തുന്ന കൃതിയാണ്.

physics-of-the-future

ഭൗതിക ശാസ്ത്രത്തിന്റെ ഭാവി എന്നാണ് പുസ്തകത്തിന്റെ പേരെങ്കിലും കമ്പ്യൂട്ടർ സാങ്കേതിക വിദ്യ, കൃത്രിമ ബുദ്ധി, വൈദ്യശാസ്ത്രം, നാനോടെക്നോളജി, ഊർജ്ജ ഉത്പാദനം, വ്യോമയാനയാത്ര തുടങ്ങി ശാസ്ത്രത്തിന്റെ സമസ്ത മേഖലകളിലും സംഭവിക്കാനിടയുള്ള അവിശ്വസനീയമായ മാറ്റങ്ങൾ മിഷിയോ കാകു പുസ്തകത്തിൽ പ്രവചിക്കുന്നുണ്ട്. കാകുവിന്റെ പല നിരീക്ഷണങ്ങളും ശാസ്ത്രനോവലുകളിലേതുപോലെ അതിശയോക്തികലർന്നതാണെന്ന് തോന്നാമെങ്കിലും സമീപകാല ശാസ്ത്രപുരോഗതിയുടെ വേഗതയും വൈപുല്യവും കണക്കിലെടുക്കുമ്പോൾ വസ്തുനിഷ്ഠമാണെന്നു കരുതേണ്ടിവരും.

സഹകരണ വിജ്ഞാനകോശമായ വിക്കിപീഡിയയും മറ്റും പ്രസിദ്ധീകരിക്കുന്നതു പോലെ നിരവധി വിദഗ്ദ്ധരുടെ പങ്കാളിത്തത്തോടെ തയ്യാറാക്കിയതെന്ന പ്രത്യേകതയും പുസ്തകത്തിനുണ്ട്. ലോകത്ത് ഇന്നു ജീവിച്ചിരിപ്പുള്ള എറ്റവും പ്രഗത്ഭരായ മുന്നൂറിലേറെ ശാസ്ത്രകാരന്മാരും സാങ്കേതിക വിദഗ്ദ്ധരും, സാമൂഹ്യ ശാസ്തജ്ഞരുമായി ചർച്ചചെയ്തിട്ടാണ് മിഷിയോ കാകു പുസ്തകരചന നടത്തിയിട്ടൂള്ളത്. എർത്ത് പോളിസി ഇൻസ്റ്റിട്യൂട്ടിന്റെ ഡയറക്റ്ററും എക്കൊ എക്കോണമി (Eco-Economy) എന്ന പ്രസിദ്ധ പുസ്തകത്തിന്റെ രചയിതാവുമായ ലെസ്റ്റർ ബ്രൌൺ, നാഷനൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്റ്റർ പ്രാൻസിസ് കോളിൻസ്, നോബൽ സമ്മാന ജേതാക്കളായ എറിക്ക് ഷിവിയാൻ, പീറ്റർ ദോഹെർടി, ജെറാൽഡ് എഡെൽമാൻ, വാൾട്ടർ ഗിൽബെർട്, സ്റ്റീവെൻ വീൽബെർഗ്, സൂപ്പർ സ്പേസ് എന്ന പുസ്തകമെഴുതി പ്രസിദ്ധനായ പോൾ ഡേവിസ്, സ്കെപ്റ്റിക്ക് മാസികയുടെ എഡിറ്റർ മിഷേൽ ഷെർമർ തുടങ്ങി വ്യത്യസ്തമേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രഗത്ഭരുമായി വിശദമായി ചർച്ചനടത്തിയശേഷമാണ് മിഷിയോ കാകു പുസ്തകരചന നടത്തിയത്.

Michio Kaku
മിഷിയോ കാകു | Flickr image

2100 ഓടെ ശാസ്ത്രസാങ്കേതിക രംഗത്തുണ്ടാകാൻ സാധ്യതയുള്ള വിപ്ലവകരമായ മാറ്റങ്ങൾ മനുഷ്യരാശിയുടെ നിയതിയിലും മനുഷ്യരുടെ നിത്യ ജീവിതത്തിലും വരുത്താനിടയുള്ള മാറ്റങ്ങളെ സംബന്ധിച്ച് മൊത്തത്തിലൊരു ധാരണയുണ്ടാക്കാൻ ഈ പുസ്തകം ഏറെ സഹായിക്കും. 2030, 2070, 2100 ഇങ്ങനെ മൂന്നു കാലഘട്ടങ്ങളിലായി ശാസ്ത്രരംഗത്തുണ്ടാവാനിടയുള്ള കുതിച്ചു ചാട്ടങ്ങളാണ് കാകു വിശദമാക്കുന്നത്.

സമ്പത്തിന്റെ ഭാവി (Future of Wealth) എന്ന പുസ്കത്തിലെ ദുർബലമായ അധ്യായത്തെക്കുറിച്ചുകൂടി സൂചിപ്പിക്കട്ടെ. ശാസ്ത്രത്തിന്റെ മേഖലയിൽ നിന്നും കടന്നു തനിക്കപരിചിതമായ ധനതത്വശാസ്ത്രത്തിന്റെ മേഖലയിലേക്ക് കടക്കുമ്പോൾ കാകു തെറ്റായ നിഗമനങ്ങളിലെത്തുന്നതായി ഈ അധ്യായത്തിലെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ തെളിയിക്കുന്നു. ലോകമെമ്പാടുമുള്ള മുതലാളിത്ത രാജ്യങ്ങളെല്ലാം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളെ നേരിട്ടുവരുന്ന ലോകസാഹചര്യം കാകു കാണുന്നതേയില്ല. മറിച്ച് ഉപഭോക്തൃ മുതലാളിത്തത്തിൽ (Consumer Capitalism) നിന്നും ബൌദ്ധിക മുതലാളിത്തത്തിലേക്ക് (Intellectual Capitalism) ലോകം മാറുമെന്ന അബന്ധ ജടിലമായൊരു പ്രവചനമാണ് കാകു നടത്തുന്നത്. എന്നാൽ ശാസ്ത്ര പുരോഗതിയെ സംബന്ധിച്ച് മറ്റധ്യായങ്ങളിൽ അദ്ദേഹം നടത്തുന്ന നിരീക്ഷണങ്ങൾ തീർച്ചയായും വിലപ്പെട്ടതും ശാസ്തീയ അടിത്തറയുള്ളവയും സ്വീകാര്യവുമാണ്.

1998 ൽ പ്രസിദ്ധീകരിച്ച വിഷൻസ് (Visions: How Science Will Revolutionize the 21st Century: Knopf Doubleday Publishing Group: 1999) എന്ന തന്റെ പുസ്തകത്തിൽ വിവിധ ശാ‍സ്ത്ര ശാഖകളുടെ ഉദ്ഗ്രഥനവും സമന്വയവും മിഷിയോ കാകു വിശദീകരിക്കുന്നുണ്ട്. പദാർത്ഥം (Matter), മനസ്സ് (Mind), ജീവൻ (Life) എന്നീവയെ സംബന്ധിച്ചു പരസ്പര പൂരകങ്ങളായി നടക്കുന്ന ഗവേഷണങ്ങളാണ് ശാസ്ത്രപുരോഗതിയുടെ ദിശനിശ്ചയിക്കുന്നതെന്നും ഇവക്കെല്ലാം അടിസ്ഥാനം ക്വാണ്ടം സിദ്ധാന്തമാണെന്നും കാകു ഈ പുസ്തകത്തിൽ വിശദമാക്കുന്നുണ്ട്. ഫിസിക്സ് ഓഫ് ദി ഫ്യൂച്ചറിനോടൊപ്പം വിഷൻസുകൂടി വായിക്കുന്നത് വ്യത്യസ്ത ശാസ്ത്രശാഖകളിൽ നടക്കുന്ന വമ്പിച്ച കുതിച്ചുചാട്ടങ്ങളെ സംബന്ധിച്ച് സമഗ്രമായ ദർശനം രൂപപ്പെടുത്താൻ ശാസ്ത്രകുതുകികളെ സഹായിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

മറേ ഗെല്‍മാൻ Previous post മറേ ഗെൽമാൻ
വ്യാഴം Next post വ്യാഴത്തെ കാണാം,തെളിമയോടെ
Close