Thursday , 21 June 2018
Home » Scrolling News » ദ്രവ്യാവസ്ഥകളുടെ ചുരുളഴിച്ച ഗവേഷകര്‍ക്ക് ഭൌതികശാസ്ത്ര നോബല്‍

ദ്രവ്യാവസ്ഥകളുടെ ചുരുളഴിച്ച ഗവേഷകര്‍ക്ക് ഭൌതികശാസ്ത്ര നോബല്‍

പ്രവചനങ്ങളെയും പ്രതീക്ഷകളേയും അട്ടിമറിച്ചു കൊണ്ട് ഈ വര്‍ഷത്തെ ഭൌതിക ശാസ്ത്ര രംഗത്തെ നോബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സങ്കീര്‍ണവും സൂക്ഷ്മവുമായ   ദ്രവ്യാവസ്ഥകളെ സംബന്ധിച്ചു നടത്തിയ ഗവേഷണങ്ങള്‍ക്കും സൈദ്ധാന്തികസംഭാവനങ്ങള്‍ക്കുമായി ബ്രിട്ടീഷ് ഗവേഷകരായ  ഡേവിഡ് തൌലസ്, ഡങ്കന്‍ ഹാല്‍ഡേന്‍, മൈക്കല്‍ കോസ്റ്റര്‍ലിറ്റ്‌സ് എന്നീ ശാസ്ത്രഞ്ജര്‍ 2016 ലെ ഭൌതിക ശാസ്ത്ര നോബേല്‍ പുരസ്കാരം പങ്കുവയ്ക്കും . ഭൌതികശാസ്ത്രഗവേഷണരംഗത്ത് വിപ്ലവാത്മകചലനങ്ങള്‍ ഉണ്ടാക്കിയ ഗുരുത്വതരംഗങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന പഠന പ്രവര്‍ത്തനങ്ങള്‍ക്കാകും  ഇത്തവണത്തെ നൊബേല്‍ എന്ന തികഞ്ഞ പ്രതീക്ഷയിലായിരുന്നു ശാസ്ത്രലോകം. എന്നാല്‍ ദ്രവ്യ വിജ്ഞാനീയത്തിലും ഇലക്ട്രോണിക്സിലും നവീനഭൌതികത്തിലുമെല്ലാം വലിയ പ്രായോഗിക മാറ്റങ്ങള്‍ സൃഷ്ടിക്കാനുതകുന്ന ഗവേഷണമുന്നേറ്റത്തെ  നോബേല്‍ കമ്മറ്റി ആദരിക്കുകയായിരുന്നു.

image

തൊള്ളായിരത്തി എഴുപതുകളില്‍ തന്നെ കോസ്റ്റര്‍ലിസ്റ്റും തൌലസും ചേര്‍ന്ന് അതിചാലകത  (superconductivity) സംബന്ധിച്ച നിലവിലുണ്ടായിരുന്ന  ധാരണകള്‍ തിരുത്തുന്ന ഗവേഷണങ്ങള്‍ നടത്തിയിരുന്നു. വളരെ  താഴ്ന്ന താപനിലകളില്‍ ഉടലെടുക്കുന്ന ഫേസ് ട്രാന്‍സിഷനുകള്‍ – അവ അതിചാലകതയ്ക്കു വഴിമരുന്നിടുന്ന രീതി മുതലായവ വിശദീകരിക്കുവാനും അവര്‍ക്കായി. പദാര്‍ഥത്തിന്റെ ദ്രവ്യാവസ്ഥകളില്‍ മാറ്റം വരുമ്പോള്‍ ഉണ്ടാകുന്ന പ്രതിഭാസങ്ങള്‍ക്ക് ഗണിതശാസ്ത്രസങ്കല്‍പ്പങ്ങളും  ടോപ്പോളജി അനുകരണങ്ങള്‍ (Topological Simulations) മുതലായ സങ്കേതങ്ങളും ഉപയോഗിച്ചുള്ള ഫലപ്രദമായ വ്യാഖ്യാനങ്ങള്‍ കൊണ്ടുവരാന്‍ ഈ ഗവേഷകര്‍ക്കു കഴിഞ്ഞു. അതിചാലകങ്ങള്‍ (superconductors), അതിദ്രാവകങ്ങള്‍ (superfluids), മുതലായ പ്രത്യേക ദ്രവ്യാവസ്ഥകളില്‍ നിലനില്‍ക്കുന്നവയെ സംബന്ധിച്ചുള്ള അതിനൂതന പഠനങ്ങള്‍ക്കും പ്രായോഗികപ്രവര്‍ത്തനങ്ങള്‍ക്കും ഇവ വഴിതെളിച്ചു.പുതു തലമുറ ഉപകരണങ്ങളിലും സാങ്കേതികവിദ്യാരംഗത്തും പരിവര്‍ത്തനപരമായ പ്രാധാന്യം ഇതിനുണ്ട്.    

ഡിസംബറില്‍ സ്റ്റോക്ക്ഹോമില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. ആറു കോടിയോളം വരുന്ന മുഴുവന്‍ സമ്മാനത്തുകയുടെ പകുതി പ്രൊഫ.ഡേവിഡ് തൌലസിനാണ് ലഭിക്കുക. ബാക്കി പകുതി ഡോ.ഹാല്‍ഡേനും മൈക്കള്‍ കോസ്റ്റര്‍ലിറ്റ്‌സും പങ്കിടും.

വി എസ് 


2016ലെ ഭൌതികശാസ്ത്ര നൊബേലിനെപ്പറ്റി വിശദമായ ലേഖനം വായിക്കുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

തൌളസിനും ഹോൾഡെയിനും കോസ്റ്റർലിറ്റ്സിനും നൊബേൽ സമ്മാനം കൊടുത്തതെന്തിന്?

 

Check Also

2018 ഫെബ്രുവരിയിലെ ആകാശം

വാനനിരീക്ഷണം നടത്തുന്നവര്‍ക്കും വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ല മാസമാണ് ഫെബ്രുവരി. ഏവര്‍ക്കും പരിചിതമായ നക്ഷത്രസമൂഹം വേട്ടക്കാരനെ (Orion) ഈ മാസം സന്ധ്യയ്ക്ക് തലയ്ക്കു മുകളിലായി കാണാം. കാസിയോപ്പിയ, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള നക്ഷത്രങ്ങളും ഫെബ്രുവരിയില്‍ പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *