Read Time:5 Minute

ബൈനോക്കുലർ വേണ്ട, ടെലസ്കോപ്പ് വേണ്ട, ഗ്രഹണം കാണാനുള്ളതുപോലുള്ള പ്രത്യേക കണ്ണടയും വേണ്ട…നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന ഒരു ‘ശബ്ദരഹിത’ വെടിക്കെട്ടൊരുങ്ങുകയാണ് മാനത്ത്.

Perseid_Meteor_Shower_over_the_Ocotillo_Patch
പഴ്സീയഡ് ഉൽക്കമഴ | By Joshua Tree National Park via Wikimedia Commons

ര്‍ഷം തോറും ആകാശവിസ്മയം തീര്‍ത്ത് എത്തുന്ന പഴ്സീയഡ് ഉല്‍ക്കമഴ (Perseid meteor shower) ഇത്തവണ ഓഗസ്റ്റ് 12നാണ്. മിന്നിത്തിളങ്ങുന്ന ഉല്‍ക്കകള്‍ തലയ്ക്കു മീതെ തലങ്ങും വിലങ്ങും പായുന്ന കാഴ്ച ഇത്തവണ ഇരുട്ടില്‍ കൂടുതല്‍ വ്യക്തമായി കാണാമെന്ന പ്രത്യേകതയുമുണ്ട്. ആകാശത്ത് ചന്ദ്രനില്ലാതെ വരുന്ന ‘ന്യൂ മൂണ്‍ സമയമായതിനാലാണിത്. ഇതിനു മുന്‍പ് 2007ലായിരുന്നു ഇത്തരമൊരു അവസരം. അതുമാത്രമല്ല ഉല്‍ക്കമഴ അതിന്റെ പൂര്‍ണതയില്‍ ഏറ്റവും ഭംഗിയായി കാണാവുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് നാസ വ്യക്തമാക്കിക്കഴിഞ്ഞു. ഇന്ത്യ ഉള്‍പ്പെടെയുള്ള ഉത്തരാര്‍ധ ഗോളത്തിലെ മിക്ക പ്രദേശങ്ങളിലും ഉല്‍ക്കമഴ ഭംഗിയായി കാണാം.

ഓരോ 130 വര്‍ഷം കൂടുമ്പോഴും സൗരയൂഥത്തിലൂടെ സ്വിഫ്റ്റ്–ടട്ട്ല്‍ എന്ന ഭീമന്‍ വാല്‍നക്ഷത്രം കടന്നു പോകാറുണ്ട്. ആ സമയം അതില്‍ നിന്ന് തെറിച്ചു പോകുന്ന പൊടിപടലങ്ങളും മഞ്ഞും മറ്റും സൗരയൂഥത്തില്‍ തങ്ങി നില്‍ക്കും. വര്‍ഷത്തിലൊരിക്കല്‍ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കടന്നു പോകുമ്പോഴാണ് പഴ്സീയഡ് ഷവര്‍ ഉണ്ടാകുന്നത്. വാല്‍നക്ഷത്രത്തില്‍ നിന്നും തെറിച്ച ചെറുമണല്‍ത്തരിയോളം പോന്ന ഭാഗങ്ങളും മഞ്ഞിന്‍കട്ടകളുമൊക്കെയാണ് വര്‍ഷങ്ങളായി സൗരയൂഥത്തില്‍ ചുറ്റിക്കറങ്ങുന്നത്.ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളവയായിരിക്കും ചിലപ്പോള്‍ ഇത്തവണ നാം കാണാന്‍ പോകുന്ന ഉല്‍ക്കകള്‍. സെക്കന്‍ഡില്‍ 60 കി.മീ. വേഗത്തിലാണ് ഉല്‍ക്കകളുടെ വരവ്.

ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കടക്കുന്നതോടെ ഇവയുടെ ചുറ്റുമുള്ള വായു ചൂടുപിടിക്കും. ചുറ്റിലും ചൂടോടു കൂടി ഇവ ഭൂമിയിലേക്കു ‘ പായുന്നതോടെ തിളങ്ങുന്ന ഒരു നീളന്‍ വര ആകാശത്തു പ്രത്യക്ഷപ്പെടും. ഇത് കൂട്ടത്തോടെ വരുമ്പോഴാണ് ഉല്‍ക്കാവര്‍ഷമായി മാറുന്നത്. ആകാശത്ത് പഴ്സീയസ് നക്ഷത്രസമൂഹം നിലകൊള്ളുന്ന ദിശയില്‍ നിന്നായിരിക്കും തുടരെത്തുടരെ ഉല്‍ക്കകളുടെ വരവ്. അതുകൊണ്ടാണ് പഴ്സീയഡ് ഷവര്‍ എന്ന പേരും ലഭിച്ചത്. എല്ലാവര്‍ഷവും ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 24 വരെ പഴ്സീയഡ് ഉല്‍ക്കമഴ ഉണ്ടാകാറുണ്ട്. പക്ഷേ ഇത് അതിന്റെ പാരമ്യത്തിലെത്തുന്നത് ഓഗസ്റ്റ് 12, 13, 14 സമയത്താണ്. എത്ര ഉല്‍ക്ക പതിക്കുമെന്നത് പ്രവചിക്കാനാകില്ല, പക്ഷേ ഇത്തവണ ഓഗസ്റ്റ് 12ന് അര്‍ധരാത്രി മുതല്‍ 13 പുലര്‍ച്ചെ വരെയായിരിക്കും ഉല്‍ക്കമഴയെന്നുറപ്പായിക്കഴിഞ്ഞു

13ന് പുലര്‍ച്ചെ 3–4 മണിയോടെയായിരിക്കും ഉല്‍ക്കവര്‍ഷം അതിന്റെ പാരമ്യതയിലെത്തുകയെന്നാണ് നാസ നല്‍കുന്ന സൂചന. ആ സമയം മിനിറ്റില്‍ ഒന്നു വീതമെങ്കിലും ഉല്‍ക്ക മാനത്തുകൂടെ മിന്നിപ്പായുമെന്നാണ് വാനനിരീക്ഷകരുടെ കണക്കുകൂട്ടല്‍. മൂര്‍ധന്യാവസ്ഥയില്‍ മണിക്കൂറില്‍ നൂറു വീതമെങ്കിലും ഉല്‍ക്കകള്‍ ഇത്തവണ പതിയ്ക്കുമെന്നും ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു. ലോകമെമ്പാടും ഉല്‍ക്കമഴ കാണാനുള്ള സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു.

ചിലപ്പോള്‍ 13ന് പുലര്‍ച്ചെ മൂന്നോ നാലോ മണിയാകേണ്ടി വരും തുടരെത്തുടരെയുള്ള ഉല്‍ക്കമഴ പെയ്യാന്‍. കണ്ണുചിമ്മിത്തുറക്കുന്ന നേരം കൊണ്ട് ഉല്‍ക്കകള്‍ പാഞ്ഞുപോയേക്കാം. കൂടുതല്‍ തിളക്കമുള്ളവയാണെങ്കിലാകട്ടെ ഉല്‍ക്കയുടെ വാല്‍ ആകാശത്ത് രണ്ടോ മൂന്നോ സെക്കന്‍ഡ് കാണാം. ചുറ്റിലും മറ്റ് ലൈറ്റുകളൊന്നുമില്ലാത്ത ഒരിടത്ത്, കടല്‍ത്തീരത്തോ മറ്റോ ആണെങ്കില്‍ ബെസ്റ്റ്, കിടന്നോ അല്ലെങ്കില്‍ ചാരുകസേരയിട്ടോ മാനത്തേക്കു കണ്ണും നട്ടിരിക്കുക. ഇന്ത്യയിലാണെങ്കില്‍ ആകാശത്തെ വടക്കുകിഴക്കന്‍ ദിശയിലേക്കായിരിക്കണം നോട്ടം.

Happy
Happy
13 %
Sad
Sad
3 %
Excited
Excited
72 %
Sleepy
Sleepy
1 %
Angry
Angry
1 %
Surprise
Surprise
10 %

3 thoughts on “ഉല്‍ക്കമഴ കാണാന്‍ തയ്യാറായിക്കോളൂ

Leave a Reply

Previous post ടോമോയിൽ പഠിക്കാൻ കൊതിക്കുന്ന കുട്ടികൾക്ക്
Next post Manual Scavenging – ഇന്ത്യയിൽ RADIO LUCA
Close