Read Time:10 Minute
[author title=”എന്‍ സാനു” image=”http://luca.co.in/wp-content/uploads/2016/12/Sanu-N-e1493187487707.jpg”][/author]

 

ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രസമൂഹം, തലയ്ക്കുമുകളില്‍ തിരുവാതിരയും ശനിയും, സന്ധ്യയ്ക്ക് അസ്തമിക്കുന്ന വ്യാഴം ഇവയൊക്കെയാണ് 2017 സെപ്തംബര്‍ മാസത്തെ ആകാശ വിശേഷങ്ങള്‍. മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര്‍ 22നാണ്.

2017 സെപ്തംബര്‍ 15 സന്ധ്യകഴിഞ്ഞ് 7.30-ന്റെ ആകാശ ചിത്രം. വയലറ്റ് നിറത്തിലുള്ള വര ക്രാന്തിപഥത്തെ സൂചിപ്പിക്കുന്നു. ചിത്രീകരണം എന്‍. സാനു

പ്രധാന നക്ഷത്രസമൂഹങ്ങളും നക്ഷത്രങ്ങളും

രാശികള്‍

സന്ധ്യാകാശത്ത് സെപ്തംബറില്‍ നിരീക്ഷണം നടത്തുന്നവര്‍ക്ക് ക്രാന്തിപഥത്തിന് ഇരുവശത്തുമായി പടിഞ്ഞാറുനിന്നും യഥാക്രമം കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം രാശികളെ നിരീക്ഷിക്കാൻ സാധിക്കും. ക്രാന്തിപഥം തലയ്ക്കുമുകളില്‍ ഏകദേശം 25 ഡിഗ്രി തെക്കോട്ട് നീങ്ങിയാണ് ഈ മാസം കാണപ്പെടുക. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ രാശികളെ തിരിച്ചറിയാവുന്നതാണ്. സന്ധ്യയോടെ തന്നെ കന്നി രാശി പടിഞ്ഞാറ് അസ്തമിച്ച് തുടങ്ങും.

[box type=”shadow” align=”” class=”” width=””]

രാശിചക്രം

ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള വൃത്തമാണ് രാശിചക്രം (Zodiac). രാശിചക്രത്തിലെ നക്ഷങ്ങളെ 12 നക്ഷത്രസമൂഹങ്ങളാക്കി വിഭജിച്ചിട്ടുണ്ട്. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള നക്ഷത്രരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരു സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും.[/box]

കന്നി രാശി

Virgo Constellationസെപ്തംബര്‍ മാസത്തില്‍ സന്ധ്യയോടെ കന്നിരാശി (Virgo) പടിഞ്ഞാറ്  അസ്തമിച്ചുതുടങ്ങും. ഈ രാശിയിലെ ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം ചിത്രയാണ്. മഞ്ഞുപോലെ വെളുത്ത് തിളക്കമുള്ള നക്ഷത്രമാണ് ചിത്ര (Spica). 2017ല്‍ വ്യാഴഗ്രഹം കന്നിരാശിയിലാണ് കാണപ്പെടുന്നത്.

തുലാം രാശി.

Libra Constellationസെപ്തംബര്‍ മാസത്തിൽ തെക്ക്-പടിഞ്ഞാറേ ചക്രവാളത്തില്‍ നിന്നും ഏകദേശം 30-40 ഡിഗ്രി മുകളിലായി, കന്നി രാശിക്കും വൃശ്ചികം രാശിക്കും ഇടയിലായാണ് തുലാം (Libra) രാശിയുടെ സ്ഥാനം. തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. അതിനാല്‍ മഴക്കാറുള്ളപ്പോള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്.

വൃശ്ചികം രാശി

സെപ്തംബര്‍ മാസത്തില്‍ സന്ധ്യയ്ക്ക് തലയ്ക്കുമുകളില്‍ അല്പം തെക്ക്-പടിഞ്ഞാറായി വൃശ്ചികം (Scorpion) രാശി കാണപ്പെടുന്നു. തേളിന്റെ ആകൃതി ഇതിന് സങ്കല്പിച്ചിരിക്കുന്നു. ഇതിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രം തൃക്കേട്ടയാണ് (Antares). ഇതൊരു ചുവപ്പ് ഭീമന്‍ നക്ഷത്രമാണ്. തൃക്കേട്ട എന്ന ചാന്ദ്രഗണത്തില്‍ ഈ ചുവപ്പ് ഭീമന്‍ നക്ഷത്രത്തെയും ഇരുവശവുമുള്ള രണ്ട് നക്ഷത്രങ്ങളെയും ഉള്‍പ്പെടുത്താറുണ്ട്. വൃശ്ചികത്തിന്റെ തലഭാഗത്ത് കാണുന്ന അഞ്ച് നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് അനിഴം എന്ന ചാന്ദ്രഗണം. തൃക്കേട്ടയ്ക്ക് താഴെ വാല്‍ ഭാഗം വരെ കാണുന്നത് മൂലം. 2017 സെപ്തംബറില്‍ ശനി ഗ്രഹം വൃശ്ചികം രാശിയില്‍ തൃക്കേട്ടയ്ക്കടുത്ത് ശോഭയോടെ ദര്‍ശിക്കാം. ആകാശഗംഗയുടെ തിളക്കമാര്‍ന്ന ഭാഗം വൃശ്ചികത്തിന്റെ വാല്‍ ഭാഗത്തുകൂടെ കടന്നുപോകുന്നു.

ധനു രാശി

Sagittarius Constellationസെപ്തംബര്‍ മാസത്തില്‍ രാത്രി 7 മണിയോടെ തെക്കന്‍ ചക്രവാളത്തില്‍ നിന്നും ഏകദേശം 50 ഡിഗ്രി മുകളിലായി, വൃശ്ചികത്തിനും കിഴക്കായി ധനു (Sagittarius) രാശി കാണാം. വില്ലിന്റെ(ധനുസ്സ്) ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണിത്. ആകാശ ഗംഗയുടെ കേന്ദ്രം ധനുരാശിയുടെ ഭാഗത്തായാണ് കാണുന്നത്. തിളക്കമേറിയ നക്ഷത്രങ്ങളാണുള്ളത് എന്നതിനാല്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന നക്ഷത്രസമൂഹമാണ് ധനു. ഇതിന്റെ പടിഞ്ഞാറേ പകുതി പൂരാടം ചാന്ദ്രഗണവും ബാക്കി ഉത്രാടവും ആണ്.

മകരം രാശി

Capricornus Constellationമകര മത്സ്യത്തിന്റെ ആകൃതി സങ്കല്പിച്ചിട്ടുള്ള നക്ഷത്ര രാശി ആണ്‌ മകരം (Capricornus). രേഖാ ചിത്രങ്ങളിൽ ആടിന്റെ തലയും മത്സ്യത്തിന്റെ ഉടലുമായി ചിത്രീകരിക്കുന്നു. ഈ രാശിയിൽ നല്ലപ്രകാശമുള്ള നക്ഷത്രങ്ങൾ ഇല്ല. ധനുരാശിക്കും കിഴക്കായി തെക്ക് കിഴക്കേ ചക്രവാളത്തില്‍ ഏകദേശം 500 മുകളിലായി സെപ്തംബര്‍ മാസം കാണാം.

കുംഭം രാശി

Aquarius Constellation Malayalam

 

കുടത്തിന്റെ ആകൃതി സങ്കല്പിച്ചിട്ടുള്ള നക്ഷത്രരാശിയാണ്‌ കുംഭം (Aquarius). സാമാന്യം വലിപ്പമുള്ളതാണെങ്കിലും പ്രത്യേകതകളുള്ള നക്ഷത്രങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതാണ് ഈ വ്യൂഹം. സെപ്തംബർ മാസത്തിൽ കിഴക്കന്‍ ചക്രവാളത്തില്‍ അല്പം തെക്ക് മാറി 200 മുതല്‍ 500 വരെ ആകാശത്ത് കുംഭം രാശിയെ കാണാം.

മറ്റുള്ള പ്രധാന നക്ഷത്ര സമൂഹങ്ങള്‍

അവ്വപുരുഷൻ (ബു-വൂട്ടിസ് – Boötes) നക്ഷത്രഗണം പടിഞ്ഞാറ് ചക്രവാളത്തില്‍ കാണാം. ഇതിലെ ചോതി (Arcturus) പ്രഭയേറിയ ഒരു നക്ഷത്രമാണ്. ഇതൊരു ചുവപ്പ് ഭീമനാണ്.

Bootes Constellation Aquila constellation

തലയ്ക്കുമുകളില്‍ കാണാന്‍ കഴിയുന്ന അക്വില (Aquila) നക്ഷത്രഗണത്തിലെ പ്രഭയുള്ള നക്ഷത്രമാണ് അള്‍ട്ടയര്‍ (Altair). അള്‍ട്ടയറും അതിനിരുപുറവുമുള്ള പ്രഭകുറഞ്ഞ രണ്ട് നക്ഷത്രങ്ങളും ചേര്‍ന്ന് മൂന്ന് നക്ഷത്രങ്ങള്‍ ഒരു വരിയിലായി കാണപ്പെടുന്നു. ഇതാണ് തിരുവോണം ചാന്ദ്രഗണം. “തിരുവോണം മുഴക്കോലുപോലെ മൂന്നെണ്ണം” എന്നൊരു ചൊല്ലുണ്ട്.

വടക്കന്‍ ചക്രവാളത്തിന് മുകളിലായി ലഘുബാലു (Ursa Minor) എന്ന നക്ഷത്ര സമൂഹം കാണപ്പെടുന്നു. വടക്ക് കിഴക്കായി കാണാന്‍ കഴിയുന്ന പ്രധാന നക്ഷത്രഗണമാണ് സിഗ്നസ്. ഇതിലെ പ്രധാന നക്ഷത്രമാണ് ദെനബ്. വടക്കേ ആകാശത്ത് M എന്ന അക്ഷരത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന നക്ഷത്രസമൂഹമാണ് കാസിയോപ്പിയ. സന്ധ്യയോടെ ഇത് വടക്ക് കിഴക്കായി ഉദിച്ചുതുടങ്ങും. രാത്രി 8 മണിയോടെ കാസിയോപ്പിയ നക്ഷത്രഗണം പൂര്‍ണമായും ഉദിച്ചുയരും.

കിഴക്കന്‍ ചക്രവാളത്തില്‍ രാത്രി 8 മണിയോടെ പൂര്‍ണമായും ഉദിച്ചുയരുന്ന നക്ഷത്ര ഗണമാണ് പെഗാസസ് (Pegasus-ഭാദ്രപഥ ചതുരം). ഇതിലെ നാല് പ്രധാന നക്ഷത്രങ്ങള്‍ ചേര്‍ന്ന് ആകാശത്ത് വലിയ ഒരു ചതുരം തീര്‍ക്കുന്നു. ഇതില്‍ മുകളിലുള്ള രണ്ട് നക്ഷത്രങ്ങള്‍ ചേര്‍ന്ന് പൂരുരുട്ടാതി, താഴെയുള്ള രണ്ടെണ്ണം ചേര്‍ന്ന് ഉത്രട്ടാതി എന്നീ ചാന്ദ്രഗണങ്ങള്‍ ഉണ്ടാകുന്നു.

വൃശ്ചികം ധനു രാശികളിലൂടെ മധ്യത്തായി തെക്കന്‍ ചക്രവാളത്തില്‍ ആകാശഗംഗയെ (Milky way) നിരീക്ഷിക്കാന്‍ സാധിക്കും. പരിചയമുള്ളവര്‍ക്ക് ആകാശഗംഗയുടെ ചിത്രമെടുക്കാന്‍ കഴിയുന്ന മാസമാണിത്.

ഗ്രഹങ്ങള്‍

വ്യാഴം (Jupiter) സന്ധ്യയ്ക്ക് കന്നിരാശിയുടെ കൂടെ അസ്തമിക്കും. ശനിയെ (Saturn) വൃശ്ചികം രാശിയില്‍ തൃക്കേട്ടയുടെ ഭാഗത്ത് കാണാം. സെപ്തംബര്‍ 26ന് സന്ധ്യയ്ക്ക് ചന്ദ്രക്കലയ്ക്ക് താഴെയായി ശനിയെ പടിഞ്ഞാറെ ആകാശത്ത് കാണാം. പുലര്‍ച്ചെ, സൂര്യോദയത്തിന് മുമ്പായി ചൊവ്വ, ബുധന്‍ എന്നീ ഗ്രഹങ്ങളെ നിരീക്ഷിക്കാം. സെപ്തംബര്‍ 16ന് സൂര്യോദയത്തിന് മുമ്പായി ശുക്രന്‍, ചൊവ്വ, ബുധന്‍ എന്നീ ഗ്രഹങ്ങൾ ചന്ദ്രന് താഴെയായി അണിനിരക്കും എന്ന പ്രത്യേകതയും ഈ മാസമുണ്ട്. ഒരു ചെറിയ ടെലിസ്കോപ്പിന്റെ സഹായവും പരിചയവുമുണ്ടെങ്കില്‍ നെപ്ട്യൂണിനെ നിരീക്ഷിക്കാം. കിഴക്കന്‍ ചക്രവാളത്തില്‍ ഏകദേശം 220 മുകളിലായി കുംഭം രാശിയിലാണ് ഇതിന്റെ സ്ഥാനം.

ഇന്റര്‍ നാഷണല്‍ സ്പേസ് സ്റ്റേഷന്‍

ഇന്റര്‍ നാഷണല്‍ സ്പേസ് സ്റ്റേഷനെ സെപ്തംബര്‍ 20, 21 തീയതികളില്‍ സന്ധ്യയ്ക്ക് കാണാന്‍ കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് നാസയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.


  • ചിത്രീകരണങ്ങള്‍ ലേഖകന്‍ തന്നെ തയ്യാറാക്കിയവയാണ്.
  • ജൂലൈ 15 സന്ധ്യയക്ക് 7.30 ന് കണക്കാക്കിയാണ് വിവരണവും ചിത്രങ്ങളും തയ്യാറക്കിയിട്ടുള്ളത്.
  • ചിത്രങ്ങളിലെ ഖഗോള വസ്തുക്കളുടെ വലിപ്പം യഥാര്‍ത്ഥ അനുപാതത്തില്‍ അല്ല.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നോൺ-സ്റ്റിക്ക് പാത്രങ്ങളിൽ ദോശ ചുടുന്നത് ആശാസ്യമല്ല
Next post ജൈവഘടികാരം തുറന്നവർക്ക് നൊബേൽ സമ്മാനം
Close