Monday , 22 October 2018
Home » ഈ മാസത്തെ ആകാശം » തലയ്ക്കുമുകളില്‍ വ്യാഴനുദിയ്ക്കുന്ന ജൂലൈ മാസം

തലയ്ക്കുമുകളില്‍ വ്യാഴനുദിയ്ക്കുന്ന ജൂലൈ മാസം

എന്‍. സാനു

തലയ്ക്കുമുകളില്‍ വ്യാഴനുദിക്കുന്ന മനോഹര രാത്രികളാണ് 2017 ജൂലൈ മാസത്തേത്. മഴമേഘങ്ങള്‍ നിങ്ങളുടെ കാഴ്ച മറയ്ക്കുന്നില്ലങ്കില്‍, സുന്ദരമായ ദൃശ്യങ്ങളാണ് ഈ രാവുകള്‍ നിങ്ങള്‍ക്കായി കരുതിയിരിക്കുന്നത്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന പ്രധാന ഗ്രഹമായ ശനിയും ജൂലൈ മാസം ദൃശ്യമാണ്. ഏറ്റവും മനോഹരമായ നക്ഷത്രരാശികള്‍ ചിങ്ങവും വൃശ്ചികവും നിങ്ങളെ വശീകരിക്കുമെന്നതും ഈ മാസത്തിന്റെ പ്രത്യേകതയാണ്. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര, തൃക്കേട്ട, ചോതി എന്നിവയെയും നിങ്ങള്‍ക്ക് ആകാശത്ത് ദര്‍ശിക്കാന്‍ സാധിക്കും. ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്നുനില്‍ക്കുന്ന സമയമാണിത്. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്നു നില്‍ക്കുന്നത്.

Night Sky - 2017 July
2017 ജൂലൈ മാസത്തെ ആകാശം

പ്രധാന നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളും

സന്ധ്യാകാശത്ത് ജൂലൈയില്‍ നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു രാശികളെ നിരീക്ഷിക്കാൻ സാധിക്കും. നേരെ കിഴക്ക് പടിഞ്ഞാറായല്ല ഈ മാസങ്ങളില്‍ രാശിചക്രം കാണപ്പെടുന്നത്; പടിഞ്ഞാറ് ഭാഗത്ത് അല്പം വടക്കോട്ട് നീങ്ങിയും, കിഴക്ക് ഭാഗത്ത് അല്പം തെക്ക് മാറിയുമാണ്. തുടര്‍ന്നുള്ള മാസങ്ങളില്‍ ഈ ചായ്‌വ് കൂടിവരും. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്. സന്ധ്യയോടെ തന്നെ കര്‍ക്കിടകം രാശി പടിഞ്ഞാറ് അസ്തമിക്കുമെന്നതിനാല്‍ ദൃശ്യമാകില്ല.

ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള വൃത്തമാണ് രാശിചക്രം. രാശിചക്രത്തിലെ നക്ഷങ്ങളെ 12 നക്ഷത്രസമൂഹങ്ങളാക്കി വിഭജിച്ചിട്ടുണ്ട്. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള നക്ഷത്രരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും.

ചിങ്ങം രാശി

ചിങ്ങം രാശിപടിഞ്ഞാറേ ചക്രവാളത്തില്‍ സന്ധ്യയ്ക്ക് ഏഴ് മണിയോടെ 300യ്ക്കും 600യ്ക്കും ഇടയിലായി ചിങ്ങം രാശി കാണാം. ചിങ്ങം രാശിയിലെ തിളക്കമേറിയ നക്ഷത്രമാണ് റെഗുലസ് (α Leonis). മറ്റൊരു പ്രധാന നക്ഷത്രമാണ് ദെനെബോല (β Leonis). ചിങ്ങത്തിന്റെ തലഭാഗത്തെ നക്ഷത്രങ്ങള്‍ ചേര്‍ന്ന് ഒരു അരിവാൾ പോലെ കാണപ്പെടുന്നു. ഇതാണ് മകം എന്ന ചാന്ദ്രഗണം. നടുവിലുള്ള സോസ്മ, ചോർട്ട് എന്നിവ പൂരം ചാന്ദ്രഗണവും. ദെനെബോലെയും അതിനടുത്ത നക്ഷത്രങ്ങളും ചേർന്ന് ഉത്രവും രൂപപ്പെടുന്നു.

കന്നി രാശി

പടിഞ്ഞാറു ഭാഗത്തുള്ള ചിങ്ങത്തിനും കിഴക്കു ഭാഗത്തുള്ള തുലാത്തിനും ഇടയിലായി ജൂലൈ മാസത്തിന്റെ ആരംഭത്തിൽ സന്ധ്യക്ക് കന്നിരാശി മദ്ധ്യാകാശത്തായി കാണാൻ കഴിയും. ഈ രാശിയിലെ ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം ചിത്ര ആണ്.  മഞ്ഞുപോലെ വെളുത്ത് തിളക്കമുള്ള നക്ഷത്രമാണ് ചിത്ര (Spica).  2017ല്‍ വ്യാഴഗ്രഹം കന്നിരാശിയിലാണ് കാണപ്പെടുന്നത്.

തുലാം രാശി.

ജൂലൈ മാസത്തിൽ തലക്ക് മുകളിലായി, കന്നി രാശിക്കും വൃശ്ചികം രാശിക്കും ഇടയിലായാണ് ഇതിന്റെ സ്ഥാനം. തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. അതിനാല്‍ മഴക്കാറുള്ളപ്പോള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്.

വൃശ്ചികം രാശി

ജൂലൈ മാസത്തില്‍ സന്ധ്യയ്ക്ക് തലയ്ക്കുമുകളില്‍ അല്പം തെക്ക്-കിഴക്കായി വൃശ്ചികം രാശി കാണപ്പെടുന്നു. തേളിന്റെ ആകൃതി ഇതിന് സങ്കല്പിച്ചിരിക്കുന്നു. ഇതിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രം തൃക്കേട്ടയാണ്. ഇതൊരു ചുവപ്പ് ഭീമന്‍ നക്ഷത്രമാണ്. തൃക്കേട്ട എന്ന ചാന്ദ്രഗണത്തില്‍ ഈ ചുവപ്പ് ഭീമന്‍ നക്ഷത്രത്തെയും ഇരുവശവുമുള്ള രണ്ട് നക്ഷത്രങ്ങളേയും ഉള്‍പ്പെടുത്താറുണ്ട്. വൃശ്ചികത്തിന്റെ തലഭാഗത്ത് കാണുന്ന അഞ്ച് നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് അനിഴം ചാന്ദ്രഗണം. തൃക്കേട്ടക്ക് താഴെ വാല്‍ ഭാഗം വരെ കാണുന്നത് മൂലം.

ധനു രാശി

ജൂലൈ മാസത്തില്‍ രാത്രി 8 മണിയോടെ തെക്ക് കിഴക്ക് ചക്രവാളത്തില്‍ ധനു രാശി പൂര്‍ണമായും ഉദിച്ചുയരും. വില്ലിന്റെ(ധനുസ്സ്) ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണിത്. ആകാശ ഗംഗയുടെ കേന്ദ്രം ധനുരാസിയുടെ ഭാഗത്തായാണ് കാണുന്നത്. തിളക്കമേറിയ നക്ഷത്രങ്ങളാണുള്ളത് എന്നതിനാല്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന നക്ഷത്രസമൂഹമാണ് ധനു. ഇതിന്റെ പടിഞ്ഞാറേ പകുതി പൂരാടം ചാന്ദ്രഗണവും ബാക്കി ഉത്രാടവും ആണ്.

മറ്റ് പ്രധാന നക്ഷത്രസമൂഹങ്ങള്‍

വടക്കേ ചക്രവാളത്തില്‍ ഈ സമയത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന പ്രധാന നക്ഷത്രസമൂഹമാണ് സപ്തര്‍ഷികള്‍. വടക്കന്‍ ചക്രവാളത്തിനുമുകളില്‍ അല്പം പടിഞ്ഞാറ് നീങ്ങി ഏകദേശം 30-45ഡിഗ്രി മുകളിലായി സപ്തര്‍ഷികളെ കാണാം. ഒരു സ്പൂണിന്റെ ആകൃതിയില്‍ കാണപ്പെടുന്ന തിളക്കമുള്ള ഏഴ് നക്ഷത്രങ്ങള്‍ ഉള്‍പ്പെടുന്ന നക്ഷത്ര സമൂഹമാണിത്. വലിയ കരടി എന്നും ഇതിന് പേരുണ്ട്. ഈ ഗണത്തിലെ ഏഴ് പ്രധാന നക്ഷത്രങ്ങൾക്ക് വസിഷ്ഠൻ, അംഗിരസ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു, മരീചി എന്നിങ്ങനെയാണ് പേര്. ഇതിൽ ഏറ്റവും വാലറ്റത്തു സ്ഥിതിചെയ്യുന്ന നക്ഷത്രമാണ്‌ മരീചി. കൂടാതെ ഈ കൂട്ടത്തിൽ പെടാത്തതും വസിഷ്ഠൻ എന്ന നക്ഷത്രത്തിനോട് വളരെയടുത്ത് മങ്ങി കാണപ്പെടുന്നതുമായ നക്ഷത്രമാണ്‌ അരുന്ധതി . സപ്തർഷികളിലെ വാലറ്റത്തെ മൂന്നു നക്ഷത്രങ്ങളെ കൂട്ടി യോജിപ്പിച്ചാൽ കിട്ടുന്ന വക്രരേഖ നീട്ടിയാൽ അത് ചോതിയിലും തുടര്‍ന്ന് ചിത്രയിലുമെത്തും.

സപ്തര്‍ഷികള്‍ വടക്ക് ദിശ കാട്ടിത്തരുന്നു. ചോതി, ചിത്ര എന്നീ നക്ഷത്രങ്ങളെ കണ്ടെത്തുന്നതിന് സഹായിക്കുന്നു.

തലയ്ക്കുമുകളില്‍, ഖഗോള മദ്ധ്യരേഖയ്ക്ക് അല്പം വടക്ക് മാറി ചിത്രയ്ക്കും അല്പം വടക്ക് മാറി, അവ്വപുരുഷന്‍ (Bootes) എന്ന നക്ഷത്രസമൂഹം കാണാം. ഇതിലെ തിളക്കമുള്ള നക്ഷത്രമാണ് ചോതി(Arcturus). ഇളം ചുവപ്പ് നിറമാണിതിന്. ചിത്രയ്ക്കും വടക്കുഭാഗത്തായാണ് ഇതിന്റെ സ്ഥാനം. വടക്ക്-കിഴക്ക് ചക്രവാളത്തിന് മുകളിലായി കാണുന്ന പ്രഭയുള്ള നക്ഷത്രമാണ് വീഗ. ലൈറ നക്ഷത്ര സമൂഹത്തിന്റെ ഭാഗമാണിത്. ദക്ഷിണ ആകാശത്ത് തെക്കന്‍ ചക്രവാളത്തിന് മുകളിലായി ആറ് പ്രഭയുള്ള നക്ഷത്രങ്ങളെ നിരീക്ഷിക്കാം. ഏറ്റവും പ്രഭയേറിയ രണ്ടെണ്ണം, കിഴക്ക് പടിഞ്ഞാറായി കാണുന്നത് സെന്റാറസ് നക്ഷത്രസമൂഹത്തിലെ ആല്‍ഫാ സെന്റോറിയും ബീറ്റാ സെന്റോറിയുമാണ്. മറ്റുള്ള നാല് നക്ഷത്രങ്ങള്‍, ഡൈമണ്‍ ആകൃതിയില്‍ കാണുന്നത്, തെക്കന്‍ കുരിശും.

ഗ്രഹങ്ങള്‍

വ്യാഴം

കന്നി രാശി 2017 ജൂലൈ2017 ജൂലൈയില്‍ സൂര്യാസ്തമനത്തോടെ തന്നെ തലയ്ക്ക് മുകളിലായി ദൃശ്യമാകുന്ന തിളക്കമാര്‍ന്ന ആകാശ വസ്തുവാണ് വ്യാഴം. മറ്റ് ആകാശ ഗോളങ്ങള്‍ ദൃശ്യമാകുന്നതിനും വളരെ മുമ്പേതന്നെ നമുക്ക് ഗ്രഹരാജാവായ വ്യാഴത്തിനെ കാണാന്‍ കഴിയും. സന്ധ്യാകാശത്ത് തലയ്ക്കുമുകളില്‍ കാണാന്‍ കഴിയുന്ന ഏറ്റവും ശോഭയുള്ള വസ്തു, അത് വ്യാഴമാണെന്ന് സംശയമില്ലാതെ ഉറപ്പിക്കാം. ചെറിയ ദൂരദര്‍ശിനിയില്‍ കൂടി നോക്കിയാല്‍ പോലും വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളെ കാണാന്‍ സാധിക്കും. കന്നി രാശിക്ക് മധ്യത്തില്‍ ചിത്രയ്ക്കടുത്തായാണ് വ്യാഴത്തിന്റെ സ്ഥാനം. വ്യാഴം 12 വര്‍ഷങ്ങള്‍ കൊണ്ട് ക്രാന്തിവൃത്തത്തിലൂടെ ഒരു പരിക്രമണം പൂര്‍ത്തിയാക്കുന്നു. കഴിഞ്ഞവര്‍ഷം വ്യാഴം ചിങ്ങം രാശിയിലായിരുന്നു. 2018ല്‍ തുലാം രാശിയിലേക്ക് മാറും.

ശനി

വൃശ്ചികം നക്ഷത്രരാശിയില്‍ മൂലം ഗണത്തിന് അല്പം വടക്ക് മാറി ഖഗോള മദ്ധ്യരേഖയിലായാണ് ശനി ഈ മാസം കാണപ്പെടുന്നത്. വൃശ്ചികം, ധനു രാശികള്‍ക്കിടയിലായി തൃക്കേട്ട കഴിഞ്ഞാല്‍ കൂടുതല്‍ തിളക്കത്തില്‍ കാണുന്നത് ശനിയാണ്. ശനിയുടെ പരിക്രമണകാലം 29.46 വര്‍ഷമാണ്. അടുത്തവര്‍ഷം ശനി ധനുരാശിയിലേക്ക് നീങ്ങും.

മറ്റുള്ള ഗ്രഹങ്ങളില്‍ ശുക്രനൊഴികെയുള്ളവ പകല്‍ സമയത്തായതിനാല്‍ കാണാന്‍ സാധിക്കില്ല. ശുക്രനെ പുലര്‍ച്ചെ 5 മുതല്‍ കിഴക്കന്‍ ചക്രവാളത്തില്‍ ദൃശ്യമാകും.


  • ചിത്രീകരണങ്ങള്‍ സ്റ്റെല്ലേറിയം സോഫ്റ്റ്‌വെയര്‍ സഹായത്താല്‍ ലേഖകന്‍ തന്നെ തയ്യാറാക്കിയവയാണ്.
  • ജൂലൈ 15 സന്ധ്യയക്ക് 7.30 ന് കണക്കാക്കിയാണ് വിവരണവും ചിത്രങ്ങളും തയ്യാറക്കിയിട്ടുള്ളത്.

Check Also

ഒക്ടോബറിലെ ആകാശം

  ശുക്രന്‍, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങളും ഓറിനോയ്ഡ് ഉല്‍ക്കാവര്‍ഷവും 2016 ഒക്ടോബറിലെ ആകാശ കാഴ്ചകളാണ്. പുലര്‍ച്ചെ നോക്കുന്നവര്‍ക്ക് ബുധന്‍, …

Leave a Reply

%d bloggers like this: