Read Time:3 Minute

ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്ക് ആഹ്ളാദിക്കാന്‍ വക നല്‍കി, അന്റാര്‍ട്ടിക്കയുടെ പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ വാട്ടര്‍ലൂ സര്‍വ്വകലാശാല പുറത്തുവിട്ടിരിക്കുന്നു. കാലവസ്ഥാവ്യതിയാനത്തെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുവാന്‍ ഈ ചിത്രങ്ങള്‍ സഹായകമാകുമെന്ന് കരുതുന്നു.

artic mosic
കടപ്പാട് : MacDonald, Dettwiler and Associates Ltd. (2008)

കനേഡിയന്‍ സ്പേസ് ഏജന്‍സിയും മക്ഡൊണാള്‍ഡ്, ഡെറ്റ്വിലര്‍ ആന്‍ഡ് ആസോസിയേറ്റ് ലിമിറ്റഡും വാട്ടര്‍ലൂ സര്‍വ്വകലാശാലയിലെ കനേഡിയന്‍ ക്രയോസ്ഫെറിക് ഇന്‍ഫര്‍മേഷന്‍ നെറ്റ്‌വര്‍ക്കും (CCIN) സംയുക്തമായി ആവിഷ്കരിച്ചിട്ടുള്ള RADARSAT-2 -ല്‍ നിന്നുമുള്ള ചിത്രങ്ങളാണ് ഇപ്രകാരം പൊതുജനങ്ങള്‍ക്കും ഗവേഷകര്‍ക്കുമായി സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത്.

2008 -ലെ ശീതകാലത്ത് റഡാര്‍സാറ്റ് -2 ഉപഗ്രഹത്തിലുള്ള സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ ഉപയോഗിച്ച് അന്റാര്‍ട്ടിക്കയുടെ മുക്കും മൂലയും വരെ അരിച്ചുപെറുക്കി കനേഡിയന്‍ സ്പേസ് ഏജന്‍സി സമാഹരിച്ച 3150 ചിത്രങ്ങളാണ് ഈ ശേഖരത്തിലുള്ളത്. റഡാര്‍സാറ്റ് -1 ഉപയോഗിച്ച് 1997 -ല്‍ തയ്യാറാക്കിയ ചിത്രങ്ങള്‍ക്കു ശേഷം ഇതാദ്യമായിട്ടാണ് ഇത്രയും വിപുലമായ ദൃശ്യങ്ങള്‍ ലഭിക്കുന്നത്.

അന്റാര്‍ട്ടിക്കയുടെ മാറ്റമില്ലാത്ത ഐസ് പുതപ്പിനെക്കുറിച്ചും ഈ മേഖലയെക്കുറിച്ചും പഠിക്കുന്ന കാലാവസ്ഥാ നിരീക്ഷകര്‍ക്കും ഭൗമശാസ്ത്രജ്ഞര്‍ക്കും, ജീവശാസ്ത്രജ്‍ഞര്‍ക്കും, സമുദ്രഗവേഷകര്‍ക്കും ഏറെ താല്പര്യം ജനിപ്പിക്കുന്നതായിക്കുമെന്ന്  CCIN ഡയറക്ടര്‍ പ്രൊഫസര്‍ എല്‍സ്വര്‍ത്ത് ലീഡ്ര്യൂ അഭിപ്രായപ്പെട്ടു. ഗവേഷണ സ്രോതസ്സുകളും ഫലങ്ങളും വൈജ്ഞാനിക സമൂഹത്തിന് പങ്കുവെയ്കുന്നതില്‍ ബദ്ധ ശ്രദ്ധനാണ് അദ്ദേഹം.

അന്റാര്‍ട്ടിക്കയുടെ മൊസൈക്ക് മാപ്പ്  https://www.polardata.ca/pdcsearch/ എന്ന ലിങ്കിലാണ് ലഭ്യമാക്കിയിട്ടുള്ളത്. റഡാര്‍സാറ്റ് -1 ലെ ദൃശ്യങ്ങളുമായി ഇപ്പോഴുള്ളതിനെ താരതമ്യപ്പെടുത്തുമ്പോള്‍ ഈ മേഖലയിലെ മാറ്റങ്ങള്‍ സംബന്ധിച്ച് വിപുലമായ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുമെന്ന് കരുതുന്നു. ആര്‍ട്ടിക്ക് പ്രദേശങ്ങളിലെ മാറ്റം കാലാവസ്ഥാ വ്യതിയാനത്തിന്റെ ദിശാ സൂചകമായിട്ടാണ് കണക്കാക്കുന്നത്.

[divider] സ്രോതസ്സ് : വാട്ടര്‍ ലൂ സര്‍വ്വകലാശാല

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ജലകണികകളുടെ ഓക്സൈഡ് പ്രേമം
Next post കാറ്റാടികള്‍ റിക്കോഡ് ഭേദിച്ച് മുന്നോട്ട്
Close