Read Time:4 Minute

mom
മനുഷ്യന്റെ ബഹിരാകാശ ഗവേഷണ ത്വരയിലെ നാഴികകല്ലായ ഇന്ത്യയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍(മോം – MOM) ലക്ഷ്യം കണ്ടു. 2013 നവംബര്‍ 5ന്  പകല്‍  2.38 ന്  ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നുമാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്.  പി.എസ്.എൽ.വി.-എക്സ്.എല്‍ എന്ന വിക്ഷേപണ വാഹനമാണ് ഇതിനുപയോഗിച്ചത്. ഈ ദൗത്യത്തെ അനൗദ്യോഗികമായി മംഗള്‍യാന്‍ എന്നും വിളിക്കുന്നു. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമാണ് ഇത്. കൊൽക്കത്തയിൽ വെച്ചു നടന്ന നൂറാം ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിലാണ് ഇതിനെക്കുറിച്ച് ആദ്യപ്രഖ്യാപനമുണ്ടായത്. ചൊവ്വാദൗത്യത്തിലേര്‍പ്പെടുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. ഈ ഉപഗ്രഹം ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് വിക്ഷേപിച്ചത്.

ചൊവ്വയിൽ നിന്നും മോംമിന്റെ ഭ്രമണപഥത്തിന്റെ  ഏറ്റവും കൂടിയ ദൂരം (അപഭൂ) (Apo-Apsis) 80000 കി.മീ.യും ഏറ്റവും കുറഞ്ഞ ദൂരം (ഉപഭൂ)(Peri-Apsis) 365.3 കി.മീ.യും ആയിരിക്കും. ഉപഗ്രഹം ചൊവ്വയെ ഒരു തവണ പൂര്‍ണ്ണമായി ചുറ്റാന്‍ എടുക്കുന്ന സമയം 76.72 മണിക്കൂർ ആയിരിക്കും. 1,350 കി.ലോ ഭാരമുള്ള മോം ഉഗ്രഹത്തില്‍ ചൊവ്വാ പഠനത്തിന് ഏഴ് നിരീക്ഷണ ഉപകരണങ്ങളാണ് ഉള്ളത്. ലിമാന്‍ ആൽഫാ ഫോട്ടോമീറ്റര്‍(LAP), മാര്‍സ് കളര്‍ കാമറ(MCC), മീഥേന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ്(MSM), മാര്‍സ് എക്സോസ്‌ഫെറിക് ന്യൂട്രൽ കമ്പോസിഷന്‍അനലൈസര്‍(MENCA), തെര്‍മൽ ഇന്‍ഫ്രാറെഡ് ഇമേജിംഗ് സ്പെക്ട്രോമീറ്റര്‍(TIS) എന്നിവയാണ് പ്രധാന ഉപകരണങ്ങൾ.

അന്തരീക്ഷത്തിന്റെ ഉയര്‍ന്ന തലങ്ങളിലുള്ള ഹൈഡ്രജന്റെയും ഡ്യൂട്ടീരിയത്തിന്റെയും അളവ് കണക്കാക്കുക എന്നതാണ് ലിമാന്‍ആൽഫാഫോടോമീറ്ററിന്റെ ദൗത്യം. ഇതിലൂടെ ചൊവ്വയുടെ അന്തരീക്ഷത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകും. ചൊവ്വയുടെ ഉപരിതലത്തിന്റെ പ്രത്യേകതകളെയും രാസഘടനെയെയും കുറിച്ച് പഠിക്കുക, കാലാവസ്ഥ നിരീക്ഷിക്കുക, ചൊവ്വയുടെ ഉപഗ്രഹങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുക, മറ്റു ഉപകരണങ്ങൾക്കു വേണ്ട അടിസ്ഥാനവിവരങ്ങൾ നൽകുക എന്നീ ജോലികളാണ് മാര്‍സ് കളര്‍ കാമറക്കു ചെയ്യാനുള്ളത്. ചൊവ്വയിലെ മീഥേയിനിന്റെ അളവു കണക്കാക്കുകയും അതിന്റെ പ്രഭവകേന്ദ്രങ്ങളുടെ മാപ്പ് തയ്യാറാക്കുന്നതിനും വേണ്ടിയുള്ളതാണ് മീഥേന്‍സെന്‍സര്‍. ഇതിലൂടെ ചൊവ്വയിൽ സൂക്ഷ്മജീവികൾ ഉണ്ടായിരുന്നോ എന്നു കണ്ടെത്താനാകും. ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ഉയര്‍ന്ന പാളിയായ എക്സോസ്‌ഫിയറിനെ പഠിക്കുന്നതിനുള്ള ഉപകരണമാണ് മാര്‍സ് എക്സോസ്‌ഫെറിക് ന്യൂട്രൽ കമ്പോസിഷന്‍അനലൈസര്‍. ചൊവ്വയുടെ ഉപരിതലത്തിൽ നിന്നും 372കി.മീറ്റര്‍ ഉയരം മുതലുള്ള അന്തരീക്ഷത്തെയാണ് ഈ ഉപകരണം നിരീക്ഷിക്കുന്നത്. ഉയരവ്യത്യാസത്തിനനുസരിച്ച് കാണപ്പെടുന്ന മാറ്റങ്ങൾ, രാപ്പകലുകൾ, ഋതുഭേദങ്ങൾ എന്നിവക്കനുസരിച്ച് അന്തരീക്ഷത്തിലുണ്ടാവുന്ന വ്യതിയാനങ്ങൾ എന്നിവ ഇതിലൂടെ കണ്ടെത്താനാവും. ചൊവ്വയിലെ താപവികിരണം അളക്കുക, ഉപരിതലത്തിലെ ധാതുക്കളുടെ ഘടനയും വ്യാപനവും മനസിലാക്കുക എന്നീ ലക്ഷ്യങ്ങളാണ് തെമൽ ഇന്‍ഫ്രാറെഡ് ഇമേജിംഗ് സ്പെക്ട്രോമീറ്ററിനുള്ളത്.

ചൊവ്വയുടെ പരിക്രമണ പഥത്തില്‍ കുറഞ്ഞത് ആറുമാസത്തോളം ചൊവ്വയുടെ മനുഷ്യനിര്‍മ്മിത ഉപഗ്രഹമായി മോം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പത്തുമാസംവരെ മോമിന്റെ ആയുസ്സ് ദീര്‍ഘിച്ചേക്കാമെന്നും കരുതുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ശാസ്ത്രലോകത്തിന് അഭിനന്ദനങ്ങള്‍, മറ്റൊരു മനുഷ്യനിര്‍മ്മിത പേടകം കൂടി ചൊവ്വയില്‍

Leave a Reply

Previous post മാവന്‍ ലക്ഷ്യത്തിലെത്തി
Next post ഒക്ടോബറിലെ ആകാശവിശേഷങ്ങള്‍
Close