Thursday , 15 March 2018
Home » ശാസത്രജ്ഞര്‍ » ജോണാസ് സാല്‍ക്

ജോണാസ് സാല്‍ക്

പോളിയോ മെലിറ്റിസിനെ ചെറുക്കാനുള്ള വാക്സിന്‍ വിജയകരമായി വികസിപ്പിച്ചു. പിള്ളവാതത്തെ നിയന്ത്രണാധീനമാക്കുന്നതില്‍ ഈ വാക്സിന് വലിയ പങ്കുണ്ട്. അദ്ദേഹത്തിന്റെ ജന്മദിനമാണ് ഒക്ടോബര്‍ 28

Jones Edward Salk
ജോണാസ് സാല്‍ക് (1914 ഒക്ടോബ്ര‍ 28 – 1995 ജൂണ്‍ 23) കടപ്പാട് : commons.wikimedia

പോളണ്ടുകാരനായ ഒരു കുപ്പായ നിര്‍മ്മാതാവിന്റെ മകനായി 1914 ഒക്ടോബ്ര‍ 28 ന് ന്യൂയോര്‍ക്കിലാണ് ജോനാസ് ജനിക്കുന്നത്. ന്യൂയോര്‍ക്കില്‍ തന്നെയായിരുന്നു വിദ്യാഭ്യാസം മുഴുവന്‍. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനില്‍ നിന്നും വൈദ്യശാസ്ത്രബിരുദമെടുത്തശേഷം, മിഷിഗണിലെ പൊതുജനാരോഗ്യ സ്കൂളില്‍ എപ്പിഡമോളജി (പകര്‍ച്ചരോഗ വിജ്ഞാനീയം) വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി. അവിടെ നിന്ന് പിറ്റ്സ്ബര്‍ഗ് സര്‍വ്വകലാശാലയില്‍ വൈറസ് ഗവേഷണലാബില്‍ പ്രവര്‍ത്തിച്ചു. ആദ്യകാല ഗവേഷണങ്ങളെല്ലാം ഇന്‍ഫ്ലുവന്‍സ വൈറിസിനെക്കുറിച്ചായിരുന്നു. ഈ സമയത്താണ് പോളിയോ വൈറസിനെക്കുറിച്ച് ഗവേഷണം നടത്താന്‍ അവസരം ഉണ്ടായത്. പലയിനം പോളിയോവൈറസുകളെ തരംതിരിക്കലായിരുന്നു ലക്ഷ്യം. 1951 -ല്‍ ഈ പരിപാടി അവസാനിച്ചപ്പോള്‍ 3 തരം പോളിയോ വൈറസുകള്‍ ഉണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് പോളിയോ വൈറസിനെതിരായ വാക്സിനുണ്ടാക്കുവാനുള്ള ശ്രമത്തില്‍ സാല്‍ക്ക് മുഴുകി.

ഫോര്‍മാല്‍ഡി ഹൈഡ് എന്ന രാസവസ്തു ഉപയോഗിച്ച് കൊന്ന വൈറസ് ശരീരത്തിലേക്ക് കുത്തിവെച്ചാല്‍ പോലും ശരീരം വൈറസിനെതിരെ പ്രതിവസ്തുവിനെ ഉത്പാദിപ്പിക്കുന്നുവെന്ന് സാല്‍ക്ക് കണ്ടെത്തി. അതായത് ഒരാളുടെ ശരീരത്തില്‍ പോളിയോയ്കെതിരായ പ്രതിരോധം തീര്‍ക്കണമെങ്കില്‍ നിഷ്ക്രിയമായ വൈറസിനെ കുത്തിവെച്ചാല്‍ മതിയെന്ന് അദ്ദേഹം കണ്ടുപിടിച്ചു. മൃഗങ്ങളിലെ ഈ പരീക്ഷണം പോളിയോ ബാധയില്‍ നിന്നും മുക്തരായ കുട്ടികളിലാണ് തുടര്‍ന്ന് നടത്തിയത്. അവരില്‍ രോഗബാധ സമയത്ത് ഉത്പാദിപ്പിക്കപ്പെട്ട പ്രതിവസ്തുവിന്റെ അളവ് നിഷ്ക്രിയമാക്കിയ വൈറസിനെ കുത്തിവെച്ചപ്പോള്‍ കൂടി എന്ന് അദ്ദേഹം കണ്ടെത്തി. 1953 – ല്‍ ആരോഗ്യമുള്ളവരില്‍ – ജോനസ് സാല്‍ക്കിന്റെ ഭാര്യയിലും മൂന്ന് മക്കളിലും ഉള്‍പ്പെടെ – ഈ വാക്സിന്‍ കുത്തിവെച്ച് വിജയകരമാണെന്ന് ബോദ്ധ്യപ്പെട്ടു. 1954 ഏപ്രില്‍ 26 ന് വാക്സിന്‍ വ്യാപകമായി ഉയോഗിക്കപ്പെട്ടു. എന്നാല്‍ പിന്നീടൊരിക്കല്‍ പ്രയോഗിച്ചപ്പോള്‍ കുട്ടികളില്‍ പലര്‍ക്കും പോളിയോ പിടിപെടുകയും വാക്സിന്‍ നിരോധിക്കുകയുമുണ്ടായി. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ വാക്സിന്‍ തയ്യാറാക്കിയ കമ്പനി, തിരക്കുമൂലം നിഷ്ക്രിയ വൈറസിനുപകരം സക്രിയ വൈറസിനെയാണ് വാക്സിനില്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തുകയും തുടര്‍ന്ന് വാക്സിനുമേലുള്ള നിയന്ത്രണം നീക്കുകയും ഇന്ന് ലോകമെമ്പാടും വാക്സിനേഷന് വിധേയമാകുന്ന കുട്ടികളില്‍ നിന്നും പോളിയോ ബാധയെന്ന മഹാവിപത്ത് ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുന്നു.

തുടര്‍ന്ന് സജീവമായ വൈറസിനെ ഉപയോഗിച്ചും വാക്സിനുണ്ടാക്കാമെന്ന് സാല്‍ക്ക് തെളിയിച്ചു. ആ വാക്സിന്‍ കുത്തിവെയ്കുന്നതിന് പകരം വായിലൂടെ നല്‍കുകയാണ് ചെയ്യുന്നത്.  അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സാല്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ സ്റ്റഡീസ് എന്ന സ്ഥാപനം അദ്ദേഹം ആരംഭിച്ചു. ജീവശാസ്ത്രത്തിന്റെ മാനുഷികവും തത്വശാസ്ത്രപരവുമായ വിവക്ഷകളില്‍ ഏറെ തല്പരനായിരുന്നു സാല്‍ക്ക്  1995 ജൂണ്‍ 23 ന് അന്തരിച്ചു. തന്റെ വാക്സിന്‍ പേറ്റന്റ് ചെയ്യാന്‍ അദ്ദേഹം തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് കുറഞ്ഞ ചെലവില്‍ വാക്സിന്‍ ലോകത്ത് ലഭ്യമായതും ലോകത്ത് പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ പോളിയോ എന്ന മാരക രോഗബാധയില്‍ നിന്നും വിമുക്തരായതും.

Use Facebook to Comment on this Post

Check Also

mgkmenon

പ്രമുഖ ഭൗതികശാസ്‌ത്രജ്ഞന്‍ എം.ജി.കെ. മേനോന്‍ അന്തരിച്ചു

ഭൗതിക ശാസ്ത്രത്തിനു ധാരാളം സംഭാവനകള്‍ നല്‍കിയ എം. ജി. കെ മേനോന്‍ 22-11-2016 നു അന്തരിച്ചു. ഇന്ത്യന്‍ ഭൗതിക ശാസ്ത്രജ്ഞരില്‍ …

Leave a Reply

Your email address will not be published. Required fields are marked *