Read Time:13 Minute

മനുഷ്യരോടുകൂടിയതോ, അല്ലാതെയോ ഉള്ള നക്ഷത്രാന്തരയാത്രകളാണ് ഇന്റര്‍സ്റ്റെല്ലാര്‍ യാത്ര. ഇത്തരം യാത്ര പ്രമേയമാക്കി പ്രമുഖ ബ്രിട്ടീഷ് -അമേരിക്കൻ ചലച്ചിത്രകാരന്‍ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത “ഇന്റര്‍സ്റ്റെല്ലാര്‍” എന്ന ചലച്ചിത്രം, ശാസ്ത്ര കല്പിതചലച്ചിത്രം എന്ന ഖ്യാതി നേടിക്കഴിഞ്ഞു. തമോദ്വാരം, വിരനാളി (worm hole), സ്ഥലകാലങ്ങള്‍, സമയയാത്ര തുടങ്ങിയ ശാസ്ത്രസങ്കല്പങ്ങള്‍ പ്രമേയമായിവരുന്ന ചിത്രത്തെക്കുറിച്ചുള്ള ആസ്വാദനം

Interstellar-മുതലാളിത്താനന്തര ഐക്യനാടുകളിലാണ് കഥ ആരംഭിയ്ക്കുന്നത്. രാജ്യത്തിനു പഴയ പ്രതാപം  നഷ്ടപ്പെട്ടിരിക്കുന്നു. സൈന്യം  ഇന്നില്ല. നാസ നിര്‍ത്തലാക്കപ്പെട്ടിരിക്കുന്നു, അഥവാ അങ്ങനെ പൊതുജനത്തെ വിശ്വസിപ്പിച്ചിരിക്കുന്നു. അന്തരീക്ഷത്തിന്റെ പുറം  പാളികളില്‍ നിന്നും  ദരിദ്ര്യരാജ്യങ്ങളിലേക്ക് ബോംബ് വര്‍ഷിക്കാന്‍ സൈന്യത്തെ സഹായിച്ചു എന്നതിനാല്‍ ജനങ്ങളുടെ എതിര്‍പ്പ് നേരിടേണ്ടി വന്നതിനാലത്രെ നാസയ്ക്ക് പ്രവര്‍ത്തനം  നിര്‍ത്തേണ്ടി വന്നത്. ഇടയ്ക്കെപ്പോഴോ ഇന്ത്യയായിരുന്നു ലോകത്തെ പ്രധാനശക്തി എന്ന് സൂചനകളുണ്ട്.

രാജ്യത്തെ പാഠപുസ്തകങ്ങള്‍ തിരുത്തപ്പെട്ടിരിക്കുന്നു. മനുഷ്യന്‍ (അമേരിക്ക എന്ന് വായിക്കുക) ചന്ദ്രനിലിറങ്ങി എന്ന് ഇന്ന് ഭൂരിപക്ഷവും  വിശ്വസിക്കുന്നില്ല. സോവിയറ്റ് യൂണിയനെ തെറ്റിദ്ധരിപ്പിച്ച് ബഹിരാകാശപദ്ധതികള്‍ക്ക് പിറകെ ഓടിക്കാനായി നാസയും  ഭരണകൂടവും  ചേര്‍ന്ന് നടത്തിയ നാടകമായിരുന്നു അപ്പോളോ യാത്രകള്‍. അഥവാ അങ്ങിനെയാണിപ്പോള്‍ ഔദ്യോഗികഭാഷ്യം.

[box type=”info” align=”aligncenter” ]”2001 എ സ്പേസ് ഒഡീസി” പ്രവചിച്ചത് ആഗോളമുതലാളിത്തത്തിന്റെ വളര്‍ച്ചയായിരുന്നു. രണ്ടായിരത്തിന് ശേ‍ഷം അത് ഒട്ടൊക്കെ യാഥാര്‍ത്ഥ്യമായി. പ്രതാപം നഷ്ടപ്പെട്ട് തകര്‍ന്ന അമേരിക്കയെയും പിരിച്ചുവിടപ്പെട്ട നാസയെയും അന്തമില്ലാത്ത ചരക്കുവല്‍കരണവും ഭൂമി ചൂഷണവും മൂലം വാസയോഗ്യമല്ലാതായ ഭൂമിയെയും ഇതേ പ്രവചന സ്വഭാവത്തോടെ ഇന്റര്‍സ്റ്റെല്ലാര്‍ സൂചിപ്പിക്കുന്നുണ്ട്. [/box] Interstellar_ALT_Artowrk1968 -ല്‍ പുറത്തിറങ്ങിയ സ്റ്റാന്‍ലി കുബ്രിക്കിന്റെ 2001 എ സ്പേസ് ഒഡീസി (2001 A Space Odyssey) എന്ന  വിഖ്യാതസിനിമ നിര്‍ത്തിയേടത്തു നിന്നുമാണ് ഇന്റര്‍സ്റ്റെല്ലാര്‍  തുടങ്ങുന്നത് എന്ന് ആലങ്കാരികമായി പറയാം.  സ്പേയ്സ് ഒഡീസി ശാസ്ത്രകല്പിത ചലച്ചിത്രം എന്നതിലുപരി ഒരു ആശയപ്രചരണം ആയിരുന്നുവെന്ന് കാണണം. ചരക്കുവല്‍കൃതമായ ഒരു ഭാവിയെയാണ് കുബ്രിക്കിന്റെ സിനിമ വര്‍ണാഭമായി അവതരിപ്പിച്ചത്. മുതലാളിത്തമാണ് ഭാവി എന്ന് സിനിമ പ്രവചനപരമായി അവകാശപ്പെട്ടിരുന്നു. 2001 പിന്നിട്ട് നമ്മള്‍ തിരിഞ്ഞു നോക്കുമ്പോള്‍ അത്രയും  നേരെന്ന് സമ്മതിക്കാതെ വയ്യ. ആഗോളമുതലാളിത്തം  രണ്ടായിരാമാണ്ടോടുകൂടി അതിന്റെ സര്‍വപ്രതാപത്തിലേക്കെത്തുന്നത് നാം  കണ്ടു. പക്ഷെ സിനിമയില്‍ വിഭാവനം  ചെയ്ത വമ്പന്‍ ബഹിരാകാശയാത്രകള്‍ ഇനിയും  സാര്‍ത്ഥകമായില്ലെന്ന് മാത്രം. അതെന്തായാലും  ആ സിനിമ അതിന്റെ ചരിത്രപരമായ കടമ നിര്‍വഹിച്ചു കഴിഞ്ഞു.

ഇന്റര്‍റ്റെല്ലാറിലേയ്ക്ക് തന്നെ തിരിച്ചു വരാം. സിനിമ ആരംഭിക്കുന്ന കാലത്തോളം,  എന്തുകൊണ്ട് സ്പേയ്സ് ഒഡീസി വിഭാവനം  ചെയ്ത ബഹിരാകാശപര്യവേഷണങ്ങള്‍ നടക്കാതെ പോയി എന്നതിന്റെ സൂചനകള്‍ പടത്തിലങ്ങിങ്ങായി ഉണ്ട്. ദാരിദ്ര്യമോ കൃഷിനാശമോ‌ പ്രധാനപ്രശ്നങ്ങളായി കാണാതെ, വമ്പന്‍ ചിലവു വരുന്ന ബഹിരാകാശപദ്ധതികള്‍ക്കായി പണം  മുടക്കുന്നതില്‍ നികുതിദായകര്‍ അത്ര സന്തുഷ്ടരായിരുന്നില്ല. ഒരു  ഹോളിവുഡ്‌ സിനിമയുടെ ബജറ്റിലും  ചുരുങ്ങിയ പണം  കൊണ്ട് ചൊവ്വായാത്ര നടത്താന്‍ സാധിച്ചു എന്ന ഐ.എസ്.ആര്‍.ഓ യുടെ അവകാശവാദത്തിനു അമേരിക്കയിലും  ധാരാളം  ആരാധകരുണ്ടായിരുന്നുവല്ലോ. അതെന്തായാലും  ഇപ്പോള്‍ (കഥ നടക്കുമ്പോള്‍)  അമേരിക്ക പ്രധാനമായും  കാര്‍ഷികമേഖലയില്‍ ഊന്നല്‍ കൊടുത്തു ജീവിയ്ക്കുന്ന ഒരു സമൂഹമാണ്. സൈന്യത്തെ മാത്രമല്ല ഔപചാരിക വിദ്യാഭ്യാസത്തെപ്പോലും  പ്രധാനമായിക്കാണുന്നില്ല. നായകനായ കൂപ്പറിന്റെ തന്നെ വാക്കുകളില്‍ വിദ്യാരഹിതരായ കര്‍ഷകരായി ഭൂരിഭാഗത്തെ വാര്‍ത്തെടുക്കാനാണ് അധികാരികള്‍ക്ക് താല്‍പര്യം.

ശനിഗ്രഹത്തിനരികില്‍ രൂപപ്പെട്ട ഒരു വേംഹോളിലൂടെ (Worm Hole) സഞ്ചരിച്ച് മറ്റൊരു നക്ഷത്രസമൂഹത്തിലേയ്ക്കെത്തുന്ന കൂപ്പറുടെയും  കൂട്ടരുടെയും  ലക്ഷ്യം  ഗാര്‍ഗാന്റുവാ എന്ന തമോഗര്‍ത്തത്തിന്റെ ചുറ്റും  കറങ്ങുന്ന രണ്ട് ഗ്രഹങ്ങള്‍, കൂടാതെ സമീപസ്ഥമായ മറ്റൊരു ഗ്രഹം,  ഇവയിലെ ജീവന്റെ വാസക്ഷമത പരിശോധിക്കലാണ്.

Christopher Nolan, London, 2013 (crop)
ക്രസ്റ്റഫര്‍ നോളന്‍ (കടപ്പാട്: വിക്കിമീഡിയ കോമണ്‍സ്)
എന്നാല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്ലാതെ കൃഷിയ്ക്കോ കൃഷിക്കാര്‍ക്കോ ഭാവിയില്ലെന്നാണ് കൂപ്പര്‍ ചിന്തിക്കുന്നത്. അതിനാല്‍ ഒളിവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്ന നാസയുടെ ഏറ്റവും  പുതിയ ബഹിരാകാശപദ്ധതിയുടെ പ്രധാനനാവികനാവാന്‍ ഉള്ള ക്ഷണം  കൂപ്പര്‍ സ്വീകരിക്കുന്നു, ഏറ്റവും  പ്രിയപ്പെട്ട മകളുടെ എതിര്‍പ്പിനെപ്പോലും  വകവെയ്ക്കാതെ. ലക്ഷ്യം  മനുഷ്യരാശിയ്ക്ക് നിലനില്‍പിനായി മറ്റൊരു വാസഗൃഹം  കണ്ടുപിടിയ്ക്കുക എന്നതാണ്. അന്തമില്ലാത്ത ചരക്കുവല്‍കരണവും  ഭൂമിയെ ചൂഷണം  ചെയ്യലും  യുദ്ധവും  മൂലം  ഭൂമി എന്നേ വാസയോഗ്യമല്ലാതായിക്കഴിഞ്ഞു. ഇത് പ്രധാനമാണ്. 2001 സ്പേയ്സ് ഒഡീസിയ്ക്ക് ഒരു തുടര്‍ച്ചയായി ഇന്റര്‍സ്റ്റെല്ലാര്‍ മാറുന്നതിവിടെ വെച്ചാണ്.

കൂപ്പറും  കൂട്ടരും  നടത്തുന്ന പര്യവേഷണം  നമുക്കിന്നറിയാവുന്ന ഭൗതികശാസ്ത്രം  മുന്നോട്ട് വെയ്ക്കുന്ന തെളിയിക്കപ്പെട്ടതോ ഭാവനാത്മകമോ ആയ പ്രപഞ്ച പ്രതിഭാസങ്ങളിലൂടെയുള്ള  ഒരു സാഹസികയാത്രയായി മാറുന്നു. ശനിഗ്രഹത്തിനരികില്‍ രൂപപ്പെട്ട ഒരു വേംഹോളിലൂടെ (Worm Hole) സഞ്ചരിച്ച് മറ്റൊരു നക്ഷത്രസമൂഹത്തിലേയ്ക്കെത്തുന്ന കൂപ്പറുടെയും  കൂട്ടരുടെയും  ലക്ഷ്യം ഗാര്‍ഗാന്റുവാ  എന്ന തമോഗര്‍ത്തത്തിന്റെ ചുറ്റും  കറങ്ങുന്ന രണ്ട് ഗ്രഹങ്ങള്‍, കൂടാതെ സമീപസ്ഥമായ മറ്റൊരു ഗ്രഹം,  ഇവയിലെ ജീവന്റെ വാസക്ഷമത പരിശോധിക്കലാണ്. ആദ്യഗ്രഹങ്ങളിലെ പരിശോധന നിരാശജനകമാണ്. പിന്നീട് ‘ഡോകര്‍ മന്‍ ‘ എന്ന നാസ നേരത്തെ അയച്ച ശാസ്ത്രജ്ഞന്‍ പര്യവേഷണം  നടത്തിക്കൊണ്ടിരിക്കുന്ന മൂന്നാം  ഗ്രഹത്തിലേയ്ക്കും  പോകുന്നു. ഇവിടെ നോളന്‍ ചതി എന്ന വഴിത്തിരിവ്  സ്വയം  ആവര്‍ത്തിക്കുന്നുണ്ട് (Memento, The Prestige, Dark Knight Rises). സ്പീഷീസിന്റെ നിലനില്പാണോ അതോ സ്വയം  നിലനില്പാണോ ഒരു വ്യക്തിയെ സംബന്ധിച്ചേടത്തോളം  പ്രധാനമാവുക.

[box type=”shadow” align=”alignleft” ]തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷ‍ിതമായ സംഭവങ്ങളെത്തുടര്‍ന്ന് കൂപ്പര്‍ക്ക് തമോദ്വാരത്തിനകത്തേക്ക് യാത്ര ചെയ്ത് സ്വയം ബലിയാവുക എന്ന ദുരന്തത്തെ അഭിമുഖീകരിയ്ക്കേണ്ടിവരുന്നു. അവിടെ സിനിമ തീര്‍ത്തും ഭൗതികശാസ്ത്രം മുന്നോട്ട് വെയ്ക്കുന്ന വന്യമായ ചില ഭാവനാത്മകതകളെ ചിത്രീകരിക്കുന്നു. [/box]

തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷ‍ിതമായ സംഭവങ്ങളെത്തുടര്‍ന്ന് കൂപ്പര്‍ക്ക് തമോദ്വാരത്തിനകത്തേക്ക് യാത്ര ചെയ്ത് സ്വയം  ബലിയാവുക എന്ന ദുരന്തത്തെ അഭിമുഖീകരിയ്ക്കേണ്ടിവരുന്നു. അവിടെ സിനിമ തീര്‍ത്തും  ഭൗതികശാസ്ത്രം  മുന്നോട്ട് വെയ്ക്കുന്ന വന്യമായ ചില ഭാവനാത്മകതകളെ ചിത്രീകരിക്കുന്നു. ഇന്നും  തമോഗര്‍ത്തങ്ങള്‍ക്കകത്തെ ഭൗതികരഹസ്യങ്ങള്‍ എന്തായിരിക്കാം  എന്ന് നമുക്കറിവില്ല. ക്വാണ്ടം  തിയറി മുന്നോട്ട് വെയ്ക്കുന്ന പല ആശയങ്ങളും  സാമാന്യബുദ്ധിയ്ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നവ അല്ലല്ലോ. അനേകം  പ്രപഞ്ചങ്ങളുടെ ഒരു കൂട്ടമായ ബഹുപ്രപഞ്ചസിദ്ധാന്തം  അത്തരത്തിലുള്ള ഒന്നാണ്. ക്വാണ്ടം  നിയമങ്ങളുടെ രസകരമായ ഭാഷ്യങ്ങളിലൊന്നാണ് അത്. തമോഗര്‍ത്തങ്ങളെക്കുറിച്ചും  ചിന്തയില്‍ മനോഹരങ്ങളായ അനേകം  സിദ്ധാന്തങ്ങളുണ്ട്. അവയിലൊന്നാണ് അനന്തമായ ഭൂതകാലത്തിലേക്കുള്ള വാതിലുകള്‍ തമോഗര്‍ത്തങ്ങളിലൂടെ സാധ്യമാണെന്നത്. നമ്മള്‍ ത്രിമാനജീവികളാണല്ലോ. മൂന്നിലധികം മാനങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയും സമയത്തെ മൂര്‍ത്തമായ ഒരു സത്തയായി ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോൾ അനന്തമായതും ഏകധ്രുവീയവുമായ കാലത്തെ, തീര്‍ത്തും വ്യത്യസ്തമായി മറ്റൊരു രീതിയില്‍ അനുഭവവേദ്യമാകാം എന്നതാണ് മറ്റൊന്ന്. ഇത്തരം സാധ്യതകളെയാണ് സിനിമയുടെ അവസാനഭാഗം പരിശോധിക്കുന്നത്. ശാസ്ത്രകുതുകികളെ സംബന്ധിച്ച് അങ്ങേയറ്റം  ആസ്വാദ്യകരമായ ഒരു അനുഭവമാകുന്നു അത്.

ഇന്റര്‍സ്റ്റെല്ലാറില്‍ ചിത്രീകരിക്കുന്ന ശാസ്ത്രസങ്കല്പങ്ങളുടെ വിശദീകരണം

മറ്റു നോളന്‍ ചിത്രങ്ങളെ അപേക്ഷിച്ച് ലളിതമായ ആഖ്യാനപദ്ധതിയാണ് ഇന്റര്‍സ്റ്റെല്ലാര്‍ പിന്‍പറ്റുന്നത്. അവസാനരംഗമടക്കമുള്ള കഥാസാരത്തിനു മതപരമായതടക്കം രസകരമായ പല വ്യാഖ്യാനസാധ്യതകളും  തുറന്നിടുമ്പോള്‍ പോലും  പ്രകൃത്യതീതമായ എന്തെങ്കിലും  കാര്യകാരണങ്ങള്‍ ഒരു അവസാനവ്യാഖ്യാനത്തിനു നിര്‍ബന്ധമാണെന്ന് സിനിമ ശഠിക്കുന്നില്ല. സിനിമയുടെ പ്രധാന വിദഗ്ധോപദേശകനും  ശാസ്ത്രജ്ഞനുമായ കിപ് തോണിനോട് ഇതിനു നന്ദി പറയേണ്ടതുണ്ട്. തിരക്കഥാകൃത്തിന്റെ അനന്തമായ ഭാവനയ്ക്കായി കഥയെ വിട്ടുകൊടുക്കേണ്ടതില്ല എന്ന ഉറപ്പിന്മേലാണത്രെ അദ്ദേഹം  സിനിമയുമായി സഹകരിയ്ക്കാം  എന്നേറ്റത്.

‘ഗ്രാവിറ്റി’ പോലെ ബഹിരാകാശപര്യവേഷണത്തിന്റെ അനുഭവം  തിയേറ്ററില്‍ എത്തികാനുള്ള ശ്രമമല്ല ഇന്റര്‍സ്റ്റെല്ലാര്‍. ഇത് പ്രധാനമായും  ഒരു കഥാചിത്രമാണ്. എങ്കില്‍ക്കൂടെ ശാസ്ത്രകുതുകികള്‍ക്ക് ആഹ്ലാദകരമായ ഒരു സിനിമാ അനുഭവം  ഇന്റര്‍സ്റ്റെല്ലാര്‍ പ്രധാനം  ചെയ്യുന്നുണ്ട്.

[divider] [author image=”http://luca.co.in/wp-content/uploads/2014/11/Sreehari.jpg” ]ശ്രീഹരി ശ്രീധരന്‍ (കാല്‍വിന്‍)[/author]
Happy
Happy
0 %
Sad
Sad
0 %
Excited
Excited
67 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post ആൽബർട്ട് ഐൻസ്റ്റൈൻ: ജീവിതവും ശാസ്ത്രവും
Next post ബ്ലാക് ഹോള്‍ – നവംബര്‍ / 16
Close