Read Time:26 Minute


ഡോ. കെ.എം. ശ്രീകുമാര്‍

ശാസ്ത്രീയമായി ദീര്‍ഘകാല വളപ്രയോഗം നടത്തിയാല്‍ പോലും അത് മണ്ണിന്റെ ഘടനയെ ബാധിക്കില്ലായെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കുന്നു.   2015ൽ ലൂക്ക പ്രസിദ്ധീകരിച്ച ലേഖനം

എന്നും ഒരേ സ്വഭാവമുള്ള പരീക്ഷണ യൂണിറ്റുകളില്‍ (കൃഷിയിടത്തില്‍ ) തുടര്‍ച്ചയായി വര്‍ഷങ്ങളോളം പരീക്ഷണം നടത്തി വ്യത്യസ്തമായ ട്രീറ്റ്‌മെന്റുകളുടെ ഫലം  എങ്ങിനെ മണ്ണിന്റെ ഉത്പാദനശേഷിയേയും വിളവിനേയും ബാധിക്കുന്നു എന്ന് കണ്ടെത്തുന്ന പരീക്ഷണങ്ങളാണ് ദീര്‍ഘകാല വളം പരീക്ഷണങ്ങള്‍. രാസവളങ്ങളുടെയും ജൈവവളങ്ങളുടെയും ദീര്‍ഘകാല പ്രോയോഗങ്ങള്‍ എന്ത് ഫലങ്ങളാണുണ്ടാക്കുന്നത് എന്ന വിശകലമാണ് അതിലൂടെ നടത്തുന്നത്.

Agriculture

ദീര്‍ഘകാല വളം പരീക്ഷണങ്ങളുടെ ആവശ്യകത

വളങ്ങളുടെ ദീര്‍ഘകാലത്തെ ഉപയോഗം വരുത്തിവെക്കുന്ന പ്രശ്‌നങ്ങള്‍ അറിയണമെങ്കില്‍ കുറേ വര്‍ഷങ്ങളിലെ തുടര്‍ച്ചയായ നിരീക്ഷണം ആവശ്യമാണ്. എന്നാല്‍ മാത്രമേ നമുക്ക് വളങ്ങളുടെ അവശേഷിപ്പ് എങ്ങനെ മണ്ണിനെയും സൂക്ഷ്മ ജീവികളെയും ബാധിക്കുമെന്ന് മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. ഇതിനാല്‍ തന്നെ ഇത്തരം പരീക്ഷണങ്ങള്‍ കൃഷിയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

ഇംഗ്ലണ്ടിലെ റൊഥാംസ്റ്റഡ് ഗവേഷണ കേന്ദ്രത്തിലാണ് വിവിധയിനം വളങ്ങളുടെ ദീര്‍ഘകാല ഉയോഗം മണ്ണിലും വിളകളിലുമൊക്കെ ഉണ്ടാക്കുന്ന ഫലങ്ങളെക്കുറിച്ചുള്ള ഗവേഷണം ആരംഭിച്ചത്. ഏകദേശം 171 വര്‍ഷങ്ങളായി നടക്കുന്ന ഈ പരീക്ഷണങ്ങളുടെ മാതൃകയില്‍ ഇന്ത്യയിലും വിവിധ സ്ഥലങ്ങളില്‍ വളം പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്.

ഇംഗ്ലണ്ടിലെ റൊഥാംസ്റ്റഡ് ഗവേഷണ കേന്ദ്രത്തില്‍ 1843നും 1856നും ഇടയില്‍ കെ.ബി. ലെവിസിന്റെയും ജെ.എച്ച്. ഗില്‍ബര്‍ട്ടിന്റെയും നേതൃത്വത്തിലാണ് ദീര്‍ഘകാല വളം പരീക്ഷണങ്ങളുടെ തുടക്കം. ആരംഭിച്ചിട്ട് ഏകദേശം 171 വര്‍ഷങ്ങളായ ഈ പരീക്ഷണങ്ങള്‍ ഇപ്പോഴും തുടരുന്നു. 1957നു ശേഷം ഒരുപാട് പരീക്ഷണങ്ങള്‍ ഈ വിഷയത്തില്‍ നടത്തുകയും വിവിധ മൂലകങ്ങളുടെ അനുപാതം നിജപ്പെടുത്തുകയും ചെയ്തു. റൊഥാംസ്റ്റഡ് മോഡല്‍ പരീക്ഷണങ്ങളെ ആസ്പദമാക്കി ലോകത്ത് പലയിടങ്ങളിലും ദീര്‍ഘകാല വളം പരീക്ഷണങ്ങള്‍ നടത്തുകയുമുണ്ടായി. ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യയിലും ഇത്തരം പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചു. 1885ല്‍ കാണ്‍പൂരിലും 1908ല്‍ പൂസയിലും (ബീഹാര്‍) 1909ല്‍ കോയമ്പത്തൂരും പരീക്ഷണങ്ങള്‍ നടത്തുയുണ്ടായി.

സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്ന് രാസവളങ്ങളുടെയും ജൈവവളങ്ങളുടെയും പ്രയോഗം മണ്ണിനെയും വിളവിനെയും എങ്ങനെ സ്വാധീനിക്കും എന്ന് മനസ്സിലാക്കുന്നതിനായി ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്‍) അഖിലേന്ത്യ സംയോജിത ഗവേഷണ പദ്ധതിയില്‍ ദീര്‍ഘകാല വളപരീക്ഷണങ്ങള്‍ 1970 സെപ്തംബറില്‍ 11 കേന്ദ്രങ്ങളിലായി ആരംഭിച്ചു. വിവിധ പാരിസ്ഥിതിക പ്രദേശങ്ങളിലും മണ്ണുതരങ്ങളിലും ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയതിന്റെ ഉദ്ദേശം, മണ്ണിന്റെ ഘടനയിലും വിവിധ വിളകളുടെ വിളവിലും രാസവളങ്ങളുടെ നിരന്തരമായ ഉപയോഗം കൊണ്ട് എന്ത് മാറ്റം വരുന്നു എന്ന് മനസ്സിലാക്കുക മാത്രമായിരുന്നില്ല ; രാസവളങ്ങളുടെ വിവേകപൂര്‍ണ്ണമായ ഉപയോഗത്തിന് പുതിയ നയങ്ങള്‍ ഉണ്ടാക്കിയെടുക്കുക എന്നതു കൂടിയായിരുന്നു. ഈ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  1. രാസവളങ്ങളുടെ കേവലമായ ഉപയോഗം മണ്ണിന്റെ ജൈവാംശം കുറക്കുന്നില്ല.
  2. നൈട്രജന്‍ വളങ്ങളുടെ ക്രമാതീതമായ നിരന്തര ഉപയോഗം വിളവിനേയും മണ്ണിനേയും പ്രതികൂലമായി ബാധിക്കും. അമോണിയം സള്‍ഫേറ്റ് രൂപത്തിലുള്ളവ ഉപയോഗിക്കുമ്പോള്‍ മണ്ണിന്റെ അമ്ലത കൂട്ടുകയും ചെയ്യുന്നു.
  3. സന്തുലിതമായ രാസവള-ജൈവവള പ്രയോഗം എല്ലാത്തരം വിളകളിലും മണ്ണിലും വിവിധ പോഷകങ്ങളുടെ ലഭ്യത കൂട്ടുന്നു.
  4. വിളകള്‍ കൊയ്തു മാറ്റുമ്പോള്‍ മണ്ണില്‍ നിന്നും താരതമ്യേന കുറഞ്ഞ അളവില്‍ മാത്രമെ ഫോസ്ഫറസ് നഷ്ടപ്പെടുന്നുള്ളൂ.
  5. പൊട്ടാസ്യം വളങ്ങളുടെ മണ്ണിലെ ലഭ്യതയെപ്പറ്റിയുള്ള പഠനത്തില്‍ എല്ലാത്തരം മണ്ണിലും വിളകളിലും വിളവെടുത്തുമാറ്റുമ്പോള്‍ പൊട്ടാസ്യത്തിന്റെ അളവ് സാരമായി കുറയുന്നതായി കണ്ടെത്തി. കൂടുതല്‍ ജൈവാംശം പൊട്ടാസ്യത്തിന്റെ അളവും ലഭ്യതയും കൂട്ടുന്നതായും കണ്ടെത്തി.
  6. പൊതുവെ മണ്ണില്‍ സിങ്കിന്റെ അംശം കുറവാണ്.
  7. മണ്ണിലെ സൂക്ഷ്മ ജീവികളുടെ എണ്ണം അശാസ്ത്രീയമായ വളപ്രയോഗം മൂലം കുറയുന്നു. എന്നാല്‍ കാലിവളവും രാസവളവും സംയോജിതമായ രീതിയില്‍ ഉപയോഗിച്ചപ്പോള്‍ മണ്ണില്‍ ജൈവാംശം കൂടുകയും സൂക്ഷ്മ ജീവികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. തന്‍മൂലം ഉല്പാദന വര്‍ദ്ധനവുണ്ടാകുന്നു.
  8. മണ്ണിന്റെ ജലാഗീകരണശേഷിയെയും ഘടനയെയും രചനയെയും സംയോജിത വളപ്രയോഗം പ്രതികൂലമായി ബാധിച്ചിട്ടില്ല.

ബല്ലാരിയില്‍  നടത്തിയ സ്ഥിരം വളം പരീക്ഷണങ്ങള്‍

കര്‍ണ്ണാടകയിലെ ബല്ലാരിയില്‍ 1978-79 മുതല്‍ 1992-93 വരെ ചോളത്തില്‍ നടത്തിയ സ്ഥിരം വളപരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഫീല്‍ഡ് പരീക്ഷണങ്ങള്‍ വിളവ് (കി.ഗ്രാം /ഹെക്ടര്‍)
T1 വളപ്രയോഗം നടത്താത്തത്    525
T2 നിര്‍ദ്ദേശിച്ച രീതിയില്‍ എന്‍.പി.കെ.   3040
T3 മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ നൈട്രജന്‍   3032
T4 മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ നൈട്രജനും
ഫോസ്ഫറസും പൊട്ടാസ്യവും
  3161
T5 കാലിവളം (5T/ha) മാത്രം   1224
T6 കാലിവളം മൂന്ന് വര്‍ഷത്തിലൊരിക്കല്‍   976
T7 –  T2 + T5   3916

നിരീക്ഷണ ഫലങ്ങള്‍

13 വര്‍ഷത്തെ പരീക്ഷണങ്ങളില്‍ നിന്ന് വ്യക്തമായത് മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് വളങ്ങളും കാലിവളവും ചേര്‍ത്ത പ്ലോട്ടുകളില്‍ നിന്നുമാണ് കൂടുതല്‍ (3916 കി.ഗ്രാം) ലഭിച്ചിട്ടുള്ളത് എന്നാണ്.

  • രാസവള -ജൈവവളങ്ങള്‍ സംയോജിതമായി പ്രയോഗിച്ച മണ്ണിലെ പി.എച്ച്. മൂല്യം 8.9ല്‍ നിന്നും 8.6 ആയി കുറഞ്ഞതായി കണ്ടെത്തി.
  • മണ്ണിലെ ജൈവാംശത്തിന്റെ അളവ് 0.473 ശതമാനത്തില്‍ നിന്നും 0.519 ശതമാനമായി വര്‍ദ്ധിച്ചു.
  • മണ്ണിലെ നൈട്രജന്റെ അളവ് ഉയര്‍ന്നു.
  • കൂടാതെ മണ്ണിലെ പൊട്ടാസ്യത്തിന്റെയും ഫോസ്ഫറസിന്റെയും ലഭ്യതയും കൂടി.
രാസവളങ്ങളുടെ കേവലമായ ഉപയോഗം മണ്ണിന്റെ ജൈവാംശം കുറക്കുന്നില്ലെന്നും അതേസമയം മണ്ണും പരിശോധനയും വിളയുടെ പോഷകാവശ്യവും പരിഗണിക്കാതെ കേവലം ജൈവവള പ്രയോഗം മാത്രം നടത്തിക്കൊണ്ടിരുന്നാല്‍ അത് വിളയ്ക്ക് കാര്യമായ പ്രയോജനം നല്‍കില്ലെന്നും സന്തുലിതമായ രാസ-ജൈവ വള പ്രയോഗം എല്ലാത്തരം വിളകളിലും മണ്ണിലും വിവിധ പോഷകങ്ങളുടെ ലഭ്യത കൂട്ടുന്നുവെന്നുമാണ് ഈ പരീക്ഷണങ്ങളുടെ പൊതു കണ്ടെത്തല്‍

കേരളത്തിലെ പരീക്ഷണങ്ങള്‍

കേരളത്തിന്റെ മധ്യമേഖലയെയും പശിമരാശി മണ്ണിനെയും പ്രതിനിധീകരിക്കുന്ന പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രത്തില്‍ 1961 മുതലും തെക്കന്‍ മേഖലയേയും പൂഴി കലര്‍ന്ന മണ്ണിനെയും പ്രതിനിധീകരിക്കുന്ന കായംകുളം നെല്ല് ഗവേഷണ കേന്ദ്രത്തില്‍ 1964 മുതലും 30 വര്‍ഷക്കാലം സ്ഥിരം വളം പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി.

പട്ടാമ്പിയിലെ പരീക്ഷണങ്ങള്‍

താഴെപ്പറയുന്ന 8 തരം വളപ്രയോഗങ്ങളാണ് നെല്ലില്‍  ഇവിടെ മൂന്ന് ദശകങ്ങളിലായി ആണ്ടില്‍ രണ്ട് പൂവ് വീതം പരീക്ഷണ വിധേയമാക്കിയത്.

വളപ്രയോഗം പരീക്ഷണങ്ങള്‍ :

  1. കാലിവളം ഹെക്ടറിന് 8 ടണ്‍ വീതം മാത്രം. രാസവളങ്ങളില്ല.
  2. പച്ചിലവളങ്ങള്‍ മാത്രം ഹെക്ടറിന് 8 ടണ്‍.
  3. കാലിവളം 4 ടണ്‍ + പച്ചില വളം 4 ടണ്‍
  4. ഹെക്ടറിന് 40 കി. ഗ്രാം നൈട്രജന്‍ ലഭിക്കും വിധം അമോണിയം സള്‍ഫേറ്റ് മാത്രം.
  5. കാലി വളം ഹെക്ടറിന് 4 ടണ്‍ + 20:20:20 കി. ഗ്രാം തോതില്‍ എന്‍.പി.കെ. കിട്ടത്തക്കവിധം രാസവളങ്ങള്‍.
  6. പച്ചിലവളം ഹെക്ടറിന് 4 ടണ്‍ + ഹെക്ടറിന് 20:20:20 കി. ഗ്രാം തോതില്‍ എന്‍.പി.കെ. കിട്ടത്തക്കവിധം രാസവളങ്ങള്‍.
  7. കാലി വളം ഹെക്ടറിന് 2 ടണ്‍ + പച്ചിലവളം ഹെക്ടറിന് 2 ടണ്‍ + 20:20:20 കി. ഗ്രാം തോതില്‍ എന്‍.പി.കെ. കിട്ടത്തക്കവിധം രാസവളങ്ങള്‍.
  8. ഹെക്ടറിന് 40:20:20 കി. ഗ്രാം തോതില്‍ എന്‍.പി.കെ. കിട്ടത്തക്കവിധം രാസവളങ്ങള്‍.

പിന്നീട് വളപ്രയോഗത്തില്‍ പുതിയ പരീക്ഷണങ്ങള്‍ ചേര്‍ക്കുകയുണ്ടായില്ല.

നിരീക്ഷണ ഫലങ്ങള്‍

ഒന്നാം വിളയില്‍ ഉയരം കൂടിയ ഇനം നാടന്‍ വിത്തുപയോഗിച്ചുള്ള കൃഷിയില്‍ ആദ്യത്തെ 10 കൊല്ലം ഹെക്ടറിന് 4 ടണ്‍ പച്ചിലവളവും 20:20:20 കി. ഗ്രാം തോതില്‍ എന്‍.പി.കെ. കിട്ടത്തക്കവിധം രാസവളങ്ങളും ചേര്‍ത്ത പ്ലോട്ടുകളിലാണ് ഏറ്റവും നല്ല വിളവുണ്ടായത്. പക്ഷെ പില്‍ക്കാലത്ത് (1971-91 വരെ) ഹെക്ടറിന് 4 ടണ്‍ കാലിവളവും 20:20:20 കി. ഗ്രാം തോതില്‍ എന്‍.പി.കെ.  രാസവളങ്ങളും ചേര്‍ത്ത പ്ലോട്ടില്‍ നിന്നാണ് സുസ്ഥിരമായ രീതിയില്‍ ഉയര്‍ന്ന വിളവ് കിട്ടിക്കൊണ്ടിരുന്നത്. പച്ചില വളം മാത്രമോ, രാസവളം മാത്രമോ നല്‍കിയ പ്ലോട്ടുകളില്‍ കീടശല്യം കൂടുതലായും കണ്ടെത്തി.

രണ്ടാം വിളക്കാലത്ത് ഉയരം കൂടിയ പട്ടാമ്പി-20 എന്ന നാടന്‍ നെല്ലിനം കൃഷി ചെയ്തപ്പോള്‍ പരീക്ഷണ കാലഘട്ടത്തിലെ ആദ്യത്തെ പത്തു കൊല്ലം ഹെക്ടറിന് 40:30:30 കി. ഗ്രാം എന്ന തോതില്‍ എന്‍.പി.കെ. രാസവളങ്ങള്‍ മാത്രം നല്‍കിയ പ്ലോട്ടിലാണ് ഏറ്റവും നല്ല വിളവ് കണ്ടത്. പക്ഷേ, പിന്നീടുള്ള വര്‍ഷങ്ങളില്‍ ഹെക്ടറിന് 6 ടണ്‍ വീതം കാലിവളം മാത്രം നല്‍കിയ പ്ലോട്ടുകളും, ഹെക്ടറിന് 4 ടണ്‍ കാലിവളവും 20:30:20 കി. ഗ്രാം എന്‍.പി.കെ. വളങ്ങളും സംയോജിതമായി ചേര്‍ത്ത പ്ലോട്ടുകളിലും ഏറ്റവും നല്ല വിളവ് ലഭിച്ചു. എന്നാല്‍ പരീക്ഷണ കാലഘട്ടത്തെ മൊത്തത്തില്‍ പരിഗണിച്ചാല്‍ ഹെക്ടറിന് 2 ടണ്‍ കാലിവളവും 2 ടണ്‍ പച്ചിലവളവും 20:20:20 കി. ഗ്രാം എന്ന തോതില്‍ എന്‍.പി.കെ. ലഭിക്കുന്ന രാസവളങ്ങളും സംയോജിതമായി ചേര്‍ത്ത പ്ലോട്ടുകളിലാണ് സുസ്ഥിരമായ ഉയര്‍ന്ന വിളവ് ലഭിച്ചത്.

30 വര്‍ഷത്തെ പരീക്ഷണങ്ങളിലെ പൊതുപ്രവണത, പകുതി വീതം കാലിവളവും എന്‍.പി.കെ.യും പച്ചില വളവും അതുമല്ലെങ്കില്‍ കാലിവളവും രാസവളവും സംയോജിതമായും നല്‍കിയ പ്ലോട്ടുകളിലാണ് സുസ്ഥിരമായ രീതിയില്‍ ഉയര്‍ന്ന വിളവ് കിട്ടിക്കൊണ്ടിരുന്നത് എന്നാണ്. കൂടാതെ ഇത്തരം പ്ലോട്ടുകളില്‍ നിന്നുള്ള വൈക്കോല്‍ ഉല്പാദനവും മെച്ചപ്പെട്ടതായിരുന്നു. മറ്റു പ്ലോട്ടുകളെ അപേക്ഷിച്ച് ഈ പ്ലോട്ടുകളിലെ ജൈവാംശം, കാല്‍സ്യം, ഇരുമ്പ്, മാംഗനീസ്, സിങ്ക് തുടങ്ങിയ സുക്ഷ്മ പോഷകമൂലകങ്ങളുടെ അളവും കൂടുതലായിരുന്നു.

കേന്ദ്ര കിഴങ്ങുവര്‍ഗ്ഗ ഗവേഷണ കേന്ദ്രത്തിലെ പരീക്ഷണങ്ങള്‍

ഇവിടെ 1978 മുതല്‍ 1990 വരെ തുടര്‍ച്ചയായ 13 വര്‍ഷങ്ങളിലായി വളം പരീക്ഷണങ്ങള്‍ നടത്തിയത് കപ്പയിലാണ്. എന്‍.പി.കെ. വളങ്ങള്‍ ഓരോന്നും 100 കി. ഗ്രാം വീതവും കാലിവളം 12.5 ടണ്‍ എന്ന തോതിലുമാണ് ചേര്‍ത്തത്. ചാരവും പൊട്ടാഷും വെവ്വേറെയും സംയോജിപ്പിച്ചും ചേര്‍ത്തപ്പോള്‍ കപ്പയിലെ സയനൈഡിന്റെ അംശം കുറയുന്നതായും എന്നാല്‍ കാലിവളവും നൈട്രജന്‍ വളവും ഉപയോഗിച്ചപ്പോള്‍ സയനൈഡിന്റെ അംശം കൂടുന്നതായും കണ്ടെത്തി.

സത്യത്തില്‍, മണ്ണിന്റെ ഘടന നിലനിര്‍ത്തുന്നതിനും, ചെടികള്‍ക്കാവശ്യമായ പോഷകങ്ങള്‍ വേണ്ടത്ര അളവില്‍ നല്‍കുന്നതിനും ഉയര്‍ന്ന ഉത്പാദനക്ഷമതയ്കും ജൈവവളങ്ങള്‍ മാത്രം പ്രയോഗിച്ചുകൊണ്ടിരുന്നാല്‍ മതിയാകില്ല. കാലിവളത്തില്‍ നിന്നും കൂടുതലായി ലഭിക്കുന്നത് നൈട്രജനാണ്. അതും പരമാവധി 1.5 ശതമാനം വരെ മാത്രം ! മറ്റ് പ്രാഥമിക മൂലകങ്ങളായ ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ അളവ് കാലിവളത്തില്‍ തുലോം കുറവാണ്.

ഇത്തരം സ്ഥിരം വളം പരീക്ഷണങ്ങളുടെ ഫലങ്ങള്‍ പരിശോധിച്ചാല്‍ സ്ഥായിയായ ഉയര്‍ന്ന ഉല്പാദനത്തിനും മണ്ണിന്റെ ഘടന ഉള്‍പ്പെടെയുള്ള ഗുണങ്ങള്‍ നിലനിര്‍ത്തുന്നതിനും സംയോജിതമായ പോഷകപരിപാലനം ആവശ്യമാണ് എന്നു കാണാം. ജൈവവളങ്ങള്‍ മാത്രമായി ഉപയോഗിക്കുമ്പോള്‍ ഇതിനു സാധിക്കുകയില്ല. ജൈവവളങ്ങള്‍ ഏറ്റവും അധികം അടങ്ങിയിരിക്കുന്ന മൂലകം നൈട്രജനാണ്.

ഉദാഹരണത്തിന് നൈട്രജന്റെ അളവ് ജൈവ വളങ്ങളില്‍ താഴെ പറയും പ്രകാരമാണ്:

  1. കാലിവളത്തില്‍ 0.5 മുതല്‍ 1.5 വരെ
  2. വേപ്പിന്‍ പിണ്ണാക്കില്‍ 2-5% വരെ
  3. കോഴിവളത്തില്‍ 4-4.6% വരെ

മറ്റ് പ്രാഥമിക മൂലകങ്ങളായ ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ അളവ് കാലിവളത്തില്‍ കുറവായതിനാല്‍ വിളവിനെയും മണ്ണിന്റെ പോഷകങ്ങള്‍ കൊടുക്കുവാനുള്ള കഴിവിനെയും അത് പ്രതികൂലമായി ബാധിക്കും. കാലിവളം ആവശ്യത്തിന് കിട്ടാനുമില്ല. കേരളത്തിലെ കാലിവളര്‍ത്തു കുടുംബങ്ങള്‍ 1987ല്‍ 35 ലക്ഷം ഉണ്ടായിരുന്നത് 2010ല്‍ 17ലക്ഷം ആയി എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

രാസവളങ്ങള്‍ എല്ലാം കൃത്രിമമാണോ ?

രാസവളങ്ങള്‍ എല്ലാം തന്നെ കൃത്രിമോല്പന്നങ്ങളല്ല. ഫോസ്ഫറസ് വളങ്ങള്‍ (രാജ്‌ഫോസ്) രാജസ്ഥാനിലെ മണ്ണില്‍ നിന്നും കുഴിച്ചെടുക്കുന്നതാണ്. ചിലി, റഷ്യ മുതലായ നാടുകളിലെ പാറപൊട്ടിച്ചതാണ് പൊട്ടാഷ് . ബോറാക്‌സ് ടര്‍ക്കിയിലെ പാറപ്പൊടിയാണ്. ഡോളോമൈറ്റ് ചുണ്ണാമ്പ് പാറ പൊട്ടിച്ചതാണ്. യൂറിയ, അമോണിയം സള്‍ഫേറ്റ് മുതലായവ വ്യവസായികോല്പന്നങ്ങളാണ്.

Potash evaporation ponds near Moab, UT, May 2013.jpg
“പൊട്ടാഷ് ഉത്പാദന കേന്ദ്രം” by Orange Suede Sofa – via Wikipedia.

ഇന്ത്യയിലെ എന്‍.പി.കെ. വളങ്ങള്‍ ഉപയോഗിക്കുന്നതിന്റെ തോത് 5.5:2.1:1 എന്ന അനുപാതത്തിലാണ്, കേരളത്തിന്റെയും സ്ഥിതി ഏതാണ്ട് ഇതു തന്നെയാണ്. ഏറ്റവും മെച്ചപ്പെട്ട അനുപാതം 2:1:1 ആണ്. ഉയര്‍ന്ന അളവില്‍ നൈട്രജന്‍ ചേര്‍ക്കുന്നത് മണ്ണിനെയും വിളവിനെയും പ്രതികൂലമായി ബാധിക്കുമെന്ന് ദീര്‍ഘകാല വളം പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു. പക്ഷേ കൃഷിക്കാര്‍ വളപ്രയോഗം നടത്തുന്നത് വളങ്ങളുടെ വിലയെയും കൂടി പരിഗണിച്ചാണ്. അതുകൊണ്ടു തന്നെ മെച്ചപ്പെട്ട മൂലകാനുപാതം ലഭിക്കുന്ന രീതിയില്‍ രാസവളങ്ങളുടെ വില നിശ്ചയിക്കുന്ന നയം അനിവാര്യമാണ്.

കേരളത്തിന്റെ മണ്ണില്‍ പൊട്ടാസ്യത്തിന്റെ അളവ് പൊതുവെ കുറവാണ്. അല്പം ചാരം ചേര്‍ത്താല്‍ ആവശ്യത്തിനു പൊട്ടാഷായി എന്നാണ് പൊതുവെ കരുതുന്നത്. ചാരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് 5-6% മാത്രമാണ്. നെല്ല്, തെങ്ങ്, വാഴ, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവയില്‍ ഉയര്‍ന്ന ഉല്പാദനത്തിന് ഇത് മതിയാവുകയില്ല. അതിനാല്‍ തന്നെ പൊട്ടാസ്യം വളങ്ങള്‍ മണ്ണില്‍ ചേര്‍ക്കുകയേ നിവൃത്തിയുള്ളൂ. മണ്ണിലെ ജൈവാംശത്തിന്റെ അളവാണ് മറ്റൊരു പ്രധാനപ്പെട്ട വസ്തുത. കേരളത്തിലെ മണ്ണിന്റെ ജൈവാംശം ഇപ്പോള്‍ പൊതുവെ 2% ത്തിനും താഴെയാണ് കാണപ്പെടുന്നത്. ഇത് പരിഹരിക്കുന്നതിനായി മണ്ണില്‍ ജൈവ വളങ്ങള്‍ കൂടുതലായി ചേര്‍ക്കണം. ജൈവാംശം കൂടുതലുള്ള മണ്ണില്‍ വളപ്രയോഗം ഗണ്യമായിത്തന്നെ കുറക്കാവുന്നതാണ്. മണ്ണില്‍ എപ്പോഴും പുതയിടുന്നത് മണ്ണിന്റെ ജൈവാംശം വര്‍ദ്ധിപ്പിക്കും.

ജൈവ പ്രേമത്തിന് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍

ജൈവവളപ്രയോഗത്തിലൂടെ ഉണ്ടാകുന്ന വിളകള്‍ക്ക് സ്വാദ് കൂടും എന്നതിന് യാതൊരു ശാസ്ത്രീയാടിത്തറയുമില്ല. അത്തരം വാദങ്ങള്‍ സൃഷ്ടിക്കുന്ന മാനസികാവസ്ഥയ്കപ്പുറത്ത്, രുചി കുറയാനുള്ള ഘടകങ്ങളാണ് സത്യത്തില്‍ ജൈവകൃഷിയില്‍ ഉള്ളത്.

ജൈവകൃഷിയില്‍ നിന്നുള്ള ഉല്പന്നങ്ങള്‍ക്ക് രൂചി കൂടുതലാണ് എന്നാണ് മറ്റൊരു മിഥ്യാധാരണ. ഈ മേഖലയില്‍ നിന്നുള്ള നിരവധി പഠനങ്ങളുടെ ഒരു മെറ്റാ അനാലിസിസ് കാണിക്കുന്നത് സ്വാദില്‍ വ്യത്യാസമില്ല എന്നാണ്. പൊട്ടാഷും കാല്‍സ്യവും കുറഞ്ഞ മണ്ണില്‍ വാഴ കൃഷി ചെയ്താല്‍ വാഴപ്പഴത്തില്‍ കല്ല് കടിക്കും, തക്കാളിയുടെ കായ ചീയും, കോളിഫ്‌ളവറിന്റെ പൂവ് ചീയും, സള്‍ഫര്‍ കുറഞ്ഞ മണ്ണില്‍ എണ്ണക്കുരുക്കള്‍ കൃഷി ചെയ്താല്‍ എണ്ണയുടെ ഗുണമേന്മ കുറയും, അങ്ങനെ പലതും. അതേസമയം കേവലം സന്തുലിതമായ പോഷകദ്രവത്തില്‍ (മണ്ണില്ലാതെ ഹൈഡ്രോഫോണിക്‌സ്) കൃഷി ചെയ്ത തക്കാളിക്ക് ഒരു സ്വാദു വ്യത്യാസവും ഉണ്ടാവുകയില്ല.

വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യയെ തീറ്റിപ്പോറ്റാന്‍, മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ സംയോജിത വളപ്രയോഗം നടത്തി ഉയര്‍ന്ന വിളവെടുക്കുന്നത് മണ്ണിന്റെ ഘടനയെ തകര്‍ക്കും എന്ന വാദത്തില്‍ കഴമ്പില്ല എന്നാണ് ദീര്‍ഘകാല വളം പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ അമിതവും അശാസ്ത്രീയവുമായ രാസവളപ്രയോഗം ശരിയല്ല. പക്ഷെ ഇതുകൊണ്ടുണ്ടാകുന്ന പ്രത്യഘാതങ്ങളായ ഭൂഗര്‍ഭജലത്തിലെ നൈട്രേറ്റ് മലിനീകരണം, കൃഷിയിടങ്ങളില്‍ നിന്നു ജലാശയങ്ങളിലേക്കുള്ള നൈട്രേറ്റ് ഒഴുകല്‍ മുതലായവയൊക്കെ ചൂണ്ടിക്കാട്ടി രാസവളപ്രയോഗത്തെ മുഴുവന്‍ എതിര്‍ക്കുന്ന പ്രവണതയാണിന്ന് കണ്ടുവരുന്നത്. ഈ പ്രചാരണത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാതെ മാധ്യമങ്ങള്‍ മുഴുവന്‍ ഇതിനു കൂട്ടുനില്‍ക്കുന്നു.

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കേരളത്തെ ജൈവകൃഷി സംസ്ഥാനമാക്കാന്‍ മുന്നിട്ടിറങ്ങിയത് ഈ പ്രചരണത്തിന്റെ ഫലമാണ്. സംസ്ഥാന സര്‍ക്കാര്‍ ജൈവ കൃഷി നയം സ്വീകരിക്കുവാന്‍ നിര്‍ബന്ധിതമായി. ജൈവകൃഷി വേണ്ട എന്നല്ല ഇവിടെ വാദം. മറിച്ച് കേരളം മുഴുവന്‍ ജൈവകൃഷിയാക്കാതെ ഏതേതു വിളകളില്‍ ഏതെതു കാര്‍ഷിക മേഖലകളിലാവണം ജൈവകൃഷി എന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകണം. പൊട്ടാഷ്, കാല്‍സ്യം, ബോറോണ്‍, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ ലഭ്യത നമ്മുടെ മണ്ണില്‍ വളരെ കുറവായ സാഹചര്യത്തില്‍ ഇവയുടെ ജൈവ ബദല്‍ മാര്‍ഗ്ഗം എന്താണെന്ന് വ്യക്തമാക്കുകയും വേണം. കേരളം മുഴുവന്‍ ജൈവകൃഷി നടത്തുന്നത് ഇവിടത്തെ കൃഷിക്കാര്‍ക്ക് ഗുണകരമല്ല. പ്രത്യേകിച്ചും ജൈവോല്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ഈടാക്കേണ്ടിവരുന്നതും അവയുടെ തുടര്‍ച്ചയായ മാര്‍ക്കറ്റ് ഉറപ്പുവരുത്താനാകാത്തതുമായ സാഹചര്യത്തില്‍. ഉയര്‍ന്ന ഗുണമേന്മയുള്ള ജൈവവളങ്ങളും സൂക്ഷ്മജീവി വളങ്ങളും ജൈവ കീട – കുമിള്‍നാശിനികളും മാര്‍ക്കറ്റില്‍ സുലഭമായിട്ടുമില്ല.

രാസവളത്തെയല്ല, മനുഷ്യനെ പഴിക്കുക

അമിതവും അശാസ്ത്രീയവുമായ രാസവളപ്രയോഗം നൈട്രേറ്റ് മലിനീകരണം പോലുള്ള ചില പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. അതിന്റെ കാരണം മനുഷ്യന്റെ ദുരയാണ്. എന്നാല്‍ അത് പെരുപ്പിച്ച് കാട്ടി, രാസവളങ്ങള്‍ പാടേ ഉപേക്ഷിക്കണം എന്നവാദം നാളിതുവരെ മനുഷ്യനാര്‍ജ്ജിച്ച ശാസ്ത്ര – സാങ്കേതിക നേട്ടങ്ങളെ, ആധുനിക കാര്‍ഷിക ശാസ്ത്രത്തിന്റെ സംഭാവനകളെ, നിരാകരിക്കുന്നതിലേക്കാണെത്തുന്നത്. ശാസ്ത്ര-സാങ്കേതിക വിദ്യകളെ പിന്തുണയ്കുകയും പ്രയോഗിക്കുകയും ചെയ്യുന്നവര്‍ പോലും ഇത്തരം പ്രചരണങ്ങളില്‍ വീണുപോകുന്നത് ഇന്ന് ദൃശ്യമാണ്.

നമുക്ക് വേണ്ടത് ഉത്തമ കൃഷിശീലം

ഇവിടെ മനസ്സിലാക്കേണ്ടത് രാസവള പ്രയോഗംകൊണ്ട് എന്തെങ്കിലും കുഴപ്പങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ മുഖ്യകാരണം മനുഷ്യന്റെ ദുരയും അത്യാര്‍ത്തിയുമാണെന്നതാണ്. കുറഞ്ഞ ചെലവില്‍, കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ വിളവ് എന്ന ആഗ്രഹം അതിരുവിടുമ്പോള്‍, മനുഷ്യര്‍ അനുവര്‍ത്തിക്കുന്ന അശാസ്ത്രീയ രീതികള്‍ക്ക് രാസവളങ്ങളെ കുറ്റം പറഞ്ഞിട്ട് എന്തുകാര്യം ? സത്യത്തില്‍ നമുക്ക് വളര്‍ത്തിയെടുക്കേണ്ടത് ഒരു ഉത്തമ കൃഷിശീലം (Good Agricultural Practice) ആണ്.


  • ലേഖകന്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ അഗ്രികള്‍ച്ചറല്‍ എന്റമോളജി വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

3 thoughts on “രാസവളത്തെയല്ല പഴിക്കേണ്ടത്, പരിഹാരം ജൈവകൃഷിയല്ല

  1. ക്ഷമിക്കണം Dr. Suku, താങ്കളുടെ ഏത് ചോദ്യമാണ് ഉദ്ദേശിച്ചത് ? താങ്കള്‍ ഉന്നയിച്ച ചോദ്യം ഇവിടെയൊന്നും കാണുന്നില്ല. ഒരിക്കല്‍ കൂടി പറയാമോ ? ലൂക്ക ഏവരുടേയും പൊതു പൂര്‍വ്വികനാണ്. കളിയാക്കരുത് :)

    1. ലൂക്കാ, താങ്കൾ ചോദിച്ചത് കൊണ്ട് പറയുകയാണ്‌. Dr. ശ്രീകുമാർ Urea Formaldehye “is not a normally used chemical fertilizer” എന്ന വാദം ഉന്നയിച്ചപ്പോൾ (see the comments from the user “st. Joseph’s” and his response there) അതിനു മറുപടിയായി ഞാൻ Urea Formaldehye ന്റെ ഒത്തിരി patent links ഷെയർ ചെയ്തിരുന്നു (പുതിയ gray area എന്ന പേരിൽ). അതൊക്കെ ഈ കഴിഞ്ഞ കുറച്ചു ദിവസത്തിനുള്ളിൽ ഏതോ വിദ്വാൻ ഡിലീറ്റ് ചെയ്തിരിക്കുന്നു! 2-3 ആഴ്ച എന്റെ മറുപടിയും ലിങ്ക്സും അവിടെ ഉണ്ടായിരുന്നു, പിന്നെ ഇതിനു ഉത്തരം കിട്ടാതായപ്പോ കൊഞ്ഞനം കാട്ടാൻ പറ്റാത്തത് കൊണ്ട് എന്റെ comment നിങ്ങളുടെ admin വിദ്വാൻ അങ്ങ് delete ചെയ്തതാണെന്ന് വസ്തുനിഷ്ഠമായി തന്നെ വ്യക്തം. വീണ്ടും അവിടെ കമന്റ്‌ എഴുതാൻ നോക്കിയപ്പോ അത് പോസ്റ്റ്‌ ചെയ്ത ഉടനെ ഡിലീറ്റ് ആകുന്നു!

      എന്തായാലും അതിൽ രണ്ടു മൂന്നു links ഞാൻ ഇവിടെ ഇടട്ടെ:
      http://www.google.com/patents/US4280830
      http://www.google.com/patents/US6306194
      http://www.google.com/patents/US4025329
      Urea formaldehyde fertilizer ഒരു നോർമൽ കെമിക്കൽ ഫെർറ്റിലൈസെർ ആണെന്ന് നിങ്ങളെങ്കിലും അറിഞ്ഞിരിക്കണമല്ലോ!

Leave a Reply to Gray areaCancel reply

Previous post ഭൂമി എന്താണ്‌ ഇങ്ങനെ വിറളി പിടിക്കുന്നത്‌ ?
Next post നെതര്‍ലണ്ടില്‍, റോഡില്‍ നിന്നും വൈദ്യുതി ഉണ്ടാകുന്നു !
Close