Read Time:22 Minute
ഡോ ആനന്ദ് എസ് മഞ്ചേരി

ചെടികളിൽ മരുന്നുണ്ടായതെങ്ങനെ എന്നും അവയെ ‘സർവരോഗസംഹാരിണി’യെന്നോ ‘ഒറ്റമൂലി’യെന്നോ പറഞ്ഞു പറിച്ചു തിന്നാൽ എന്താണ് അപകടം എന്നും വിശദീകരിക്കുന്നു.

കടപ്പാട് : kkolosov /Pixabay

ങ്ങനെ ആണ് ചില ചെടികളുടെ ഭാഗങ്ങൾ മരുന്നായി ഉപയോഗിക്കാൻസാധിക്കുന്നത്?
പ്രാചീനവൈദ്യങ്ങളുടെയെല്ലാം അടിസ്ഥാനം ചെടികൾ ആയിരുന്നു. അവയുടെ രോഗസംഹാരശേഷിയെ പറ്റി പലതരം ഭാവനകളും കഥകളും നിലനിൽക്കുന്നുണ്ട്. ദൈവം രോഗം സൃഷ്ടിച്ചു എങ്കിൽ പ്രതിവിധിയും സൃഷ്ടിച്ചിട്ടുണ്ട് എന്നതാണ് രസകരമായ ഒരു സങ്കൽപം. (ആ ദൈവത്തിന്റെ മനോനില ഓർക്കുന്നത് രസകരമായിരിക്കും). ചെടിയിലെ ചില ശക്തികൾക്കു രോഗകാരണമായ ദുർദേവതകളെ അകറ്റാൻ സാധിക്കുന്നു എന്നതാണ് മറ്റൊന്ന്. ആര്യവേപ്പ്, തുളസി തുടങ്ങിയവ ആവശ്യത്തിന് പ്രബലരായ ദേവതകൾ തന്നെ ആണ്! പ്രാചീനമായ ജീവശക്തി സിദ്ധാന്തവും, മയാസ്മ സിദ്ധാന്തവും ശാസ്ത്രപുരോഗതിയോടെ കാലഹരണപ്പെട്ടു. ജൈവലോകം രാസനിർമ്മിതമാണെന്നും ജീവശരീരത്തിലെ ഉപാപചയപ്രക്രിയകൾ രാസപ്രവർത്തനങ്ങൾ ആണെന്നും ആധുനികവൈദ്യശാസ്ത്രം തിരിച്ചറിഞ്ഞു. രാസപ്രക്രിയകളിലൂടെ ജൈവലോകം വിശദീകരിക്കപ്പെടുന്നു. രാസമാറ്റങ്ങൾ ജൈവശരീരങ്ങളെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കും എന്ന തിരിച്ചറിവ് പല രോഗങ്ങളെയും വിശദീകരിക്കാനും, പ്രതിവിധികൾ കണ്ടെത്താനും സഹായിച്ചു.ചെടികൾ രോഗശമനത്തിന് ഉപയോഗിക്കാൻസാധിക്കുന്നതിന്റെ കാരണവും അത് തന്നെ ആണ്. [box

ചെടികളിലെ രാസവസ്തുക്കൾക്ക് ശരീരത്തിലെ ജൈവപ്രവർത്തനങ്ങളിൽ മാറ്റം വരുത്താൻസാധിക്കുന്നു. ഇക്കാര്യം 2017ലും ഊന്നി പറയേണ്ടി വരുന്നു എന്നത് വാസ്തവത്തിൽ ലജ്ജാകരമായ ഒരു വസ്തുത ആണ്. നൂറ്റാണ്ടുകൾ പുറകിൽ നിന്ന് ഇന്നും വർത്തമാനകാലത്തേക്ക് ബസ് കിട്ടാത്ത പോലെയാണ് പലരുടെയും ലോകവീക്ഷണം.പരിണാമശാസ്ത്രം അക്കാദമിക് തലത്തിൽ പഠിക്കും എന്നല്ലാതെ അത് ‘പുല്ലും ആലും ആളും ആൾക്കുരങ്ങും ഉൾപ്പെടുന്ന’ ജൈവലോകത്തെ സംബന്ധിച്ച ലോകവീക്ഷണം ആണെന്ന് ഇന്നും പലർക്കും മനസ്സിലായിട്ടില്ല.
വേലിപ്പരുത്തി (Lantana camera)

ഇനി, ശരിക്കും എന്ത് കൊണ്ടാവാം മനുഷ്യന് (മൃഗങ്ങൾക്കും) മരുന്നായി ഉപയോഗിക്കാൻപാകത്തിന് ചെടികൾ രാസവസ്തുക്കൾ ഉണ്ടാക്കുന്നത്?
നമ്മെ പോലെ തന്നെ ദശലക്ഷകണക്കിനു വർഷങ്ങൾ പ്രകൃതിയിൽ അതിജീവനത്തിനായി പോരാടി വിജയിച്ചു നിൽക്കുന്ന ‘ജീവികൾ’ ആണ് ചെടികൾ. ഇന്ന് ജീവിച്ചിരിക്കുന്ന ഓരോ ചെടിയും ദശലക്ഷകണക്കിന് വർഷത്തെ ‘രക്തപങ്കിലമായ’ അതിജീവനപോരാട്ടത്തിൽ ‘സ്വാർത്ഥതയോടെ’ പങ്കെടുത്ത് പോരാടിയ ജീനുകൾ വഹിച്ച (ചെടി)പൂർവികരുടെ പിൻതലമുറയാണ്. പരിണാമത്തിന്റെ പിൻവഴികളിൽ ചെടി അതിൻറെ അതിജീവനത്തിനായി ‘നിർമിച്ചെടുത്ത’ രാസായുധങ്ങൾ ആണ് അവയിൽ ഉള്ള രാസവസ്തുക്കൾ. ചെടികളിലെ രാസവസ്തുക്കളെ പ്രധാനമായും രണ്ടായി തിരിക്കാറുണ്ട്.  പ്രൈമറി മെറ്റബോലൈറ്റുകൾ എന്നും സെക്കന്ററി മെറ്റബോലൈറ്റുകൾ എന്നും (Primary metabolites and Secondary metabolites). പ്രൈമറി മെറ്റബോലൈറ്റുകൾ എന്നാൽ ചെടിയുടെ ഘടനക്കും നിലനിൽപ്പിനും അത്യാവശ്യം വേണ്ട അന്നജം, പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ, അവശ്യം വേണ്ട മിനറലുകൾ തുടങ്ങിയവ. അവ ഇല്ലാതെ ചെടികൾക്ക് ശരീരകോശനിർമാണം സാധ്യമല്ല. (പ്രധാനമായും ചെടികളിൽ നിന്നാണ് നാം അടങ്ങുന്ന മൃഗങ്ങൾ ഇവയെ നമ്മുടെ കോശനിർമ്മിതിക്ക് വേണ്ടി എടുക്കുന്നത്.)

ചെടിയെ സംരക്ഷിക്കുക എന്ന ജോലിയാണ് സെക്കന്ററി മെറ്റബോലൈറ്റുകൾ ചെയ്യുന്നത്. അവ ഇല്ലെങ്കിൽ പ്രകൃതിയിൽ അതിജീവിക്കുക ചെടികൾക്ക് അസാധ്യമാവും. ചെടികളുടെ പ്രതിരോധമന്ത്രാലയത്തിൻകീഴിലുള്ള അതിമാരക രാസായുധ ശേഖരം ആണ് സെക്കന്ററി മെറ്റബോലൈറ്റുകൾ. പ്രധാനമായും ഷഡ്പദങ്ങൾക്കെതിരെയും, പിന്നെ ഇല തിന്നുന്ന മൃഗങ്ങൾക്കെതിരെയും, കൂടെ മത്സരിക്കുന്ന മറ്റു ചെടികൾക്കെതിരെയും ആണ് ചെടികളുടെ ഈ ആയുധങ്ങൾ. ഷഡ്പദത്തിന് വിഷമായി ഏൽക്കുന്ന രാസവസ്തുക്കൾ ആണ് പലപ്പോഴും നമുക്ക് മരുന്നായി ഭവിക്കുന്നത്.
അതെങ്ങനെ ആണെന്ന് വെച്ചാൽ, “വിഷം” എന്നോ “മരുന്ന്” എന്നോ ലേബൽ വെച്ച് കൊണ്ട് രാസവസ്തുക്കൾ ഒന്നും ഇല്ല. ചില രാസവസ്തുക്കൾ ചില കോശങ്ങളിലെ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കോശത്തിന് അനുകൂലമോ പ്രതികൂലമോ ആയ എന്തെങ്കിലും ആ കോശത്തിൽ നടക്കും. ഉദാഹരണത്തിന്, ആന്റി ബയോട്ടിക്കുകൾ . ബാക്ടീരിയാ കോശങ്ങൾ മനുഷ്യകോശങ്ങളിൽ നിന്നും വ്യത്യസ്തമാണ്. മനുഷ്യരിൽ നടക്കാത്ത ചില രാസപ്രവർത്തനങ്ങൾ ബാക്ടീരിയയിൽ നടക്കുന്നുണ്ട്. അവയുടെ നിലനിൽപ്പിന് അവ അത്യാവശ്യവുമാണ്. ആ രാസപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു രാസവസ്തു നമ്മൾ കഴിച്ചാൽ ആ വസ്തു നമ്മുടെ ശരീരത്തിൽ രോഗമുണ്ടാക്കുന്ന ബാക്ടീരിയക്ക് ദോഷമാവും. ആ വസ്തു തടസപ്പെടുത്തുന്ന രാസപ്രവർത്തനം നമ്മുടെ കോശത്തിൽ ഇല്ലാത്തത് കൊണ്ട് നമുക്ക് പ്രശ്നവും ഇല്ല. ബാക്ടീരിയക്ക് ‘വിഷം’ ആവുന്നത്, നമുക്ക് ‘മരുന്നാവും’.

കന്നുകാലികൾ കടിച്ചുതിന്നില്ല എന്നതു കൊണ്ട് നമ്മുടെ നാട്ടിലും വേലികെട്ടാൻ ഈ ചെടി ഉപയോഗിച്ചിരുന്നു.

അത് പോലെ തന്നെ രാസവസ്തുവിന്റെ ഡോസും. കുറഞ്ഞ അളവിൽ ശരീരത്തിന് അനുകൂലമായി (മരുന്നായി) പ്രവർത്തിക്കുന്നത് കൂടിയ അളവിൽ പ്രതികൂലമായി (വിഷമായി) പ്രവർത്തിക്കും. ഒരേ ഡോസ് ഷഡ്പദത്തെ പോലുള്ള കുഞ്ഞ് ജീവികൾക്ക് വിഷമാകുമ്പോൾ ചിലപ്പോൾ മനുഷ്യന് മരുന്നായി പ്രവർത്തിക്കാം.

ഇത്തരം ദോഷം ചെയ്യുന്ന രാസവസ്തുക്കൾ തിരിച്ചറിയുന്നതിനും ഒഴിവാക്കുന്നതിനും, ഉപകാരമുള്ള വസ്തുക്കൾ തിരിച്ചറിയാനും വേണ്ട കഴിവുകൾ ആയുധപന്തയത്തിന്റെ എതിർചേരിയിൽ നിൽക്കുന്ന മൃഗങ്ങളും ആർജിച്ചു വന്നിട്ടുണ്ട്. ചില ചെടികളുടെ നിറവും മണവും കൊണ്ട് തന്നെ അവ അപകടകരമാണെന്നും ഒഴിവാക്കേണ്ടവ ആണെന്നും തിരിച്ചറിയാനാവും. മേഞ്ഞു നടക്കുന്ന മൃഗങ്ങൾ ഒരു കടി കൊണ്ട് തന്നെ ഒരു ചെടി ഭക്ഷ്യയോഗ്യമാണോ എന്ന് കണ്ടെത്തുന്നത് കാണാം. രുചി, മണം എന്നിവയുടെ അനുകൂലനം മൃഗങ്ങളിൽ ഇത്തരത്തിൽ ആണ് പ്രവർത്തിക്കുക. നമ്മുടെ നാട്ടിൽ പണ്ട് വേലി കെട്ടാൻഉപയോഗിച്ചിരുന്ന ഒരു ചെടി ഉണ്ടായിരുന്നു. അത് കൊണ്ട് വേലി കെട്ടിയാൽ പറമ്പ് സുരക്ഷിതമാകും. കാരണം നാൽക്കാലികൾ അത് തിന്നില്ല.

ഇനി ചില സെക്കന്ററി മെറ്റാബോലൈറ്റുകൾ വിഷമായല്ല, പരാഗണം നടത്തുന്നതിന് ഷഡ്പദങ്ങളെ ആകർഷിക്കാനും ഉപയോഗിക്കും. അവ ചിലപ്പോൾ നമുക്കും “സുഗന്ധം” ആയി തിരിച്ചറിയാൻസാധിക്കും. സസ്യങ്ങൾ പൂക്കുന്നത് കൂടുതലും “നല്ല” അനുഭവം ആയി വേണമല്ലോ മസ്തിഷ്കം രേഖപ്പെടുത്താൻ. കാരണം പൂക്കുന്ന കാലം കായ്കനികളുടെ സമൃദ്ധിയുടെ കാലത്തിൻറെ മുന്നോടിയാണ്. മനുഷ്യനെ പോലുള്ള  പരിണാമപരമായ ഒരു  ‘വാനര’സ്പീഷീസ് അവയെ തിരിച്ചറിയേണ്ടത് അതിജീവനത്തിന് ആവശ്യമാണ്‌. അവയാണ് ഇന്ന് പല ‘സുഗന്ധദ്രവ്യ മാഫിയകളും’ കൃത്രിമമായി നിർമിക്കുന്നത്.

വേലിപ്പരുത്തി, അരിപ്പൂവ് എന്നും അറിയപ്പെടുന്നു

ചെടികളിലെ ചില സെക്കന്ററി മെറ്റാബോലൈറ്റുകളെ പരിചയപ്പെടാം. ചിലതൊക്കെ നമുക്ക് നല്ല പരിചയം ഉള്ള ഐറ്റംസ് തന്നെയാണ്. ഇത് വരെ രണ്ടു ലക്ഷത്തിൽ അധികം കോമ്പൌണ്ടുകൾ കണ്ടെത്തിയിട്ടുണ്ട്!

അമിനോആസിഡുകളിൽ നിന്ന് ചെടികൾ നിർമിക്കുന്ന ഒരു പ്രധാന രാസവസ്തുകൂട്ടം ആണ് ആൽക്കലോയിഡുകൾ. മൃഗങ്ങളെ സംബന്ധിച് മാരകമായ വിഷങ്ങൾ ആയേക്കാവുന്ന പല ആൽക്കലോയിഡുകളും ചെടികൾ ഉണ്ടാക്കാറുണ്ട്. കോശങ്ങളിലെ അയോണ്‍ ചാനലുകളുടെ പ്രവർത്തനത്തെ ബാധിക്കുക, എൻസൈമുകളുടെ പ്രവർത്തനത്തെ താറുമാറാക്കുക, നാഡീവ്യൂഹത്തിൽ പ്രവർത്തിക്കുക എന്നതൊക്കെയാണ് ഇവയുടെ പ്രവർത്തനരീതി. പല ഷഡ്പദങ്ങൾക്കും ചെടികൾ നിർമ്മിക്കുന്ന ഈ ആൽക്കലോയിഡുകൾ അകത്തു ചെന്നാൽ പേശീ തളർച്ച, നാഡീവ്യൂഹ തകർച്ച, അബോധാവസ്ഥ, മരണം എന്നിവ സംഭവിക്കും. ചെടികളെ തിന്നുന്ന സസ്തനികൾക്കെതിരെ പ്രവർത്തിക്കുന്ന ആല്ക്കലോയിഡുകളും ഉണ്ട്.

എന്നാലും ചില ആൽക്കലോയിഡുകൾ നമ്മൾ പ്രയോജനപ്പെടുത്താറുണ്ട്. കാപ്പി കുടിക്കുമ്പോൾ ഉന്മേഷം ഉണ്ടാവുന്നത് കാപ്പിച്ചെടിയിലെ കഫീൻഎന്ന ആല്ക്കലോയിഡ് കാരണമാണ്. കഫീനിൻറെ സാന്നിധ്യത്തിൽ മറ്റു പല ചെടികൾക്കും വളരാൻ സാധിക്കില്ല എന്നതും കാപ്പിക്കുരു പ്രാണികൾ തിന്നില്ല എന്നതുമാണ്‌ കാപ്പിച്ചെടിക്ക് കഫീൻ കൊണ്ടുള്ള ഗുണം. പക്ഷെ നമ്മുടെ തലയിലെ ചില റിസപ്റ്ററുകളുമായി ചേരാൻ കഴിയുന്ന രാസഘടന ആണ് കഫീന്റേത് എന്നത് കൊണ്ട് കാപ്പി കുടിച്ചാൽ നമുക്ക് ഉന്മേഷം തോന്നും. ഷഡ്പദങ്ങളുടെ നാഡീവ്യൂഹത്തെ മൊത്തത്തിൽ തളർത്തുന്ന, എന്നാൽ സസ്തനികളുടെ നാഡീവ്യൂഹത്തിൽ മറ്റൊരു തരത്തിൽ പ്രവർത്തിക്കുന്ന വേറെ ചില ‘അടിപൊളി’ ആല്ക്കലോയിഡുകൾ ആണ് കൊക്കയ്ൻ, ഓപിയം, നികൊട്ടിൻ തുടങ്ങിയവ! പുകയിലക്കഷായം തളിക്കുമ്പോൾ ചെള്ളുകളും കീടങ്ങളും കുറയും എന്ന് പറയുന്നതിന് പിന്നിലുള്ള കാരണം നിക്കൊട്ടിന്റെ സാന്നിധ്യം ആണ്.

ഇനി സസ്തനികൾക്കും പ്രശ്നമാകുന്ന തരം ആല്ക്കലോയിഡ് പോലുള്ള വസ്തുക്കളും ചെടികളുടെ കയ്യിൽ ഉണ്ട്. സയനോജൻ എന്ന ഒരു വിഭാഗം കെമിക്കലുകൾ അടങ്ങിയ ചെടികൾ കടിച്ചാൽ സാക്ഷാൽ സയനൈഡ് കൊണ്ട് തന്നെ മരണം സംഭവിക്കാം. ഹൈഡ്രജൻ സയനൈഡ് എന്ന വിഷം പുറത്തു വിടുന്ന ഒരുപാട് ചെടികൾ ഉണ്ട്. നമ്മുടെ നാട്ടിലെ കപ്പയുടെ അകന്ന ബന്ധു ആയ ഒരു സൌത്ത് അമേരിക്കൻ കപ്പയിൽ വളരെ ഉയർന്ന തോതിൽ സയനൈഡ് ഉണ്ട്. ആയുധപന്തയത്തിൽ ഇതിനും ഒരു പടി മുകളിൽ നിൽക്കുന്ന മൃഗങ്ങളും ഉണ്ട്. മനുഷ്യന് സയനൈഡ് അത്യപകടകരം ആണെങ്കിൽ ഈ ചെടികളോട് ‘സന്ധിയില്ലാ പോരാട്ടം’ നടത്തി അതിജീവിച്ച പല സസ്യാഹാരി സസ്തനികൾക്കും സയനൈഡ് വലിയ കുഴപ്പം ഇല്ല. സയനൈഡ് പ്രവർത്തിക്കേണ്ട എൻസൈമുകളുടെ ഘടനയിൽ വന്ന മ്യൂട്ടേഷൻഉള്ളവ പ്രകൃതി നിർധാരണത്തിൽ സെലക്ട്‌ ചെയ്യപ്പെടുന്നത് വഴിയാണ് ഇത് സംഭവിക്കുന്നത്.

മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണികളിൽ ഒന്നായിരുന്ന മലേറിയയുടെ മരുന്നും ഒരു ആല്ക്കലോയിഡ് ആണ്. സിങ്കോണ ചെടിയുടെ ഇലയിൽ ഉള്ള ‘ക്യുനൈൻ’ (Quinine)’. മലേറിയക്ക് കാരണമായ പ്ലാസ്മോഡിയം എന്ന പരാദത്തിന് ഈ വസ്തു ഹാനികരമാണ്. (എന്താണ് സിങ്കോണയും പ്ലസ്മോഡിയവും തമ്മിൽ ഉള്ള അടിക്ക് കാരണം എന്ന് വ്യക്തമല്ല. മിക്കവാറും മറ്റെന്തിനോ ചെടി ഉണ്ടാക്കിയത് പ്ലാസ്മോഡിയത്തിന് ഹാനികരമായി ഭവിക്കുന്നു എന്നതാവാം കാരണം.) ഇവിടെ ഒരു പ്രധാന കാര്യം സൂചിപ്പിക്കേണ്ടതുണ്ട്.

ക്യുനൈൻ മരുന്നാണെങ്കിൽ അധികമായാൽ മനുഷ്യനെ കൊല്ലുന്ന ചിലതാണ് കുക്കുർബിറ്റാസിൻ പോലുള്ള രാസവസ്തുക്കൾ. കയ്പക്ക, ചുരക്ക പോലുള്ളവയിൽ ആണ് ഇതുള്ളത്. പാവക്കയുടെ രുചി നമുക്ക് പിടിക്കാത്തത് അതിലെ വിഷവസ്തുവിനെ ശരീരം തിരിച്ചറിയുന്നത് കൊണ്ടാണ്! ആവശ്യത്തിന് ചൂടാക്കി കഴിച്ചാൽ അപകടം ഒന്നും ഉണ്ടാവില്ല. പക്ഷെ പ്രമേഹത്തിന് നല്ലതാണ് എന്ന് പറഞ്ഞ് പാവക്കാനീര് ലിറ്റർ കണക്കിനു കുടിച്ചാൽ മരണം വരെ ഈസി ആയി സംഭവിക്കും. പാവക്കയുടെ ഒരു അടുത്ത സഹോദരൻ ആയ ചുരക്ക ഇത് പോലെ കുടിച്ചു മരിച്ചവരുടെ ന്യൂസ് ഈ ലിങ്കിൽ വായിക്കുക.

ചെടികളുടെ ഈ രാസായുധങ്ങൾക്കെതിരെ ‘പാചകം’ ആണ് മനുഷ്യന്റെ ഏറ്റവും വലിയ ആയുധം. ഒരുമാതിരിപ്പെട്ട സെക്കന്ററി മെറ്റാബോലൈറ്റുകളെല്ലാം ചൂടാക്കുന്നതോടെ നിർവീര്യമാവും. മധുരച്ചീര പശു കഴിക്കാത്തതിന്റെയും വേവിച്ചാൽ നമുക്ക് കഴിക്കാവുന്നതിന്റെയും  കാരണം അതാണ്‌. തടി കുറയാൻ നല്ലതാണെന്ന് പ്രകൃതിചികിത്സകർ പ്രചരിപ്പിച്ചതിനെ തുടർന്ന് മധുരച്ചീര വേവിക്കാതെ പച്ചക്ക് ജ്യൂസാക്കി കുടിച്ച് ശ്വാസകോശരോഗം വന്ന തായ്‌വാൻകാരുടെ കഥ ഇവിടെ വായിക്കുക.

അപ്പൊ പറഞ്ഞു വന്നത് ഒരു ചെടി എന്നാൽ ആയുർവേദക്കാരോ, പ്രകൃതിചികിത്സകരോ പ്രചരിപ്പിക്കുന്ന പോലുള്ള ഒരു സംഭവം അല്ല. പരിണാമത്തിന്റെ അതിജീവനപോരാട്ടത്തിൽ വിജയിച്ചു നിൽക്കുന്ന ഒരു പോരാളിയാണ്. പലരെയും ഉദ്ദേശിച്ചു കൊണ്ട് അനവധി അനവധി രാസായുധങ്ങളും ആയി നിൽക്കുന്ന ചെടികളെ ‘സർവരോഗസംഹാരിണി’, ‘ഒറ്റമൂലി’ എന്നെല്ലാം പറഞ്ഞു പറിച്ചു തിന്നരുത്. തനി ആയുർവേദവിരോധികൾ പറയുന്ന പോലെ അവ യാതൊരു ഔഷധഫലവും ഇല്ലാത്ത സംഭവവും അല്ല. രണ്ടു ലക്ഷത്തിലധികം മാരകായുധങ്ങളുമായി നിൽക്കുന്ന ചെടികളിൽ ഒരു പ്രത്യേകരോഗത്തിനോ, അവസ്ഥക്കോ ഫലപ്രദമായേക്കാവുന്ന പലതും കാണും.  ആവശ്യം ഉള്ളത് ഏതെന്നു കണ്ടെത്തി ആവശ്യം ആയ അളവിൽ കഴിച്ചാൽ മതി.

ശവംനാറി (Catharanthus roseus)

ഒരു ഉദാഹരണം കൂടി. ഇന്ന് കാൻസർ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു മരുന്നാണ് വിൻക്രിസ്റ്റിൻ. Catharanthus roseus എന്ന ചെടി ഉത്പാദിപ്പിക്കുന്ന വിൻക ആല്ക്കലോയിഡ് ആണ് സാധനം. ആ ചെടിയുടെ മുകളിൽ മറ്റു പരാദചെടികൾ വളരാതിരിക്കാൻ, അവയുടെ കോശവിഭജനം തടയാൻവേണ്ടി ചെടി ഉണ്ടാക്കുന്നതാണ് ഈ വസ്തു. അതിന്റെ പ്രവർത്തനം കണ്ടെത്തിയ നമ്മൾ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻഇന്ന് വിൻക്രിസ്റ്റിൻ ഉപയോഗപ്പെടുത്തുന്നു. എന്ന് വെച്ച് കാൻസർ പ്രതിരോധിക്കാൻവേണ്ടി Catharanthas ചെടി ‘സമൂലം’ കഷായം വെച്ച് കഴിച്ചത് കൊണ്ടോ, അതിനെ വീട്ടുമുറ്റത്ത് വളർത്തിയത് കൊണ്ടോ കാര്യമില്ല. കാൻസർ ചെറുക്കാൻആവശ്യമായ വിൻക്രിസ്റ്റിൻ ലഭിക്കണമെങ്കിൽ ലോകത്തുള്ള Catharanthas ചെടികൾ എല്ലാം എടുത്തു തിന്നേണ്ടി വരും. (എന്നാലും ഫുൾ കോഴ്സ് ആവുമോ എന്ന് സംശയമാണ്).

കപടവൈദ്യന്മാർ “സ്റ്റഡികൾ” നിരത്തുമ്പോൾ ഇത് ഓർക്കേണ്ടത് അത്യാവശ്യമാണ്. “Catharanthus ചെടിയിൽ ഉള്ള വിൻക്രിസ്റ്റിൻ എന്ന വസ്തുവിന് ആന്റി-കാൻസർ പ്രോപ്പർട്ടി ഉണ്ട് എന്ന് അമേരിക്കൻ സർവകലാശാല കണ്ടെത്തി എന്ന സ്റ്റഡി ” എന്ന് പറഞ്ഞാലും അത് (മോഹനൻ) വൈദ്യർ പറയുന്ന പോലെ ഒറ്റമൂലിക്കുള്ള തെളിവല്ല. വിൻക്രിസ്റ്റിൻ എന്ന വസ്തു മാത്രം വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ചു, ശാസ്ത്രീയമായി കണ്ടെത്തിയ ഡോസും മറ്റു കാര്യങ്ങളും നോക്കി കൊടുക്കുക ആണ് വേണ്ടത്.

ശവംനാറിക്ക് നിത്യകല്യാണി എന്നും ഉഷമലരി എന്നുമൊക്ക പേരുണ്ട്.

രാസവസ്തുക്കൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ശാസ്ത്രീയമായി അറിയുക എന്നതാണ് ആവശ്യം. അത് ശാസ്ത്രീയമായി അപഗ്രഥിച്ച് കെമിക്കലുകളുടെ പ്രവർത്തനവും അതിന്റെ ഡോസും കണ്ടെത്തിയാൽ പല സെക്കന്ററി മെറ്റാബോലൈറ്റുകളും നമുക്ക് നമ്മുടെ നന്മക്കായി ഉപയോഗിക്കാം. ഇനി ഒരുദാഹരണം കൂടി പറഞ്ഞാൽ, എലികളെ കൊല്ലുന്ന വിഷമാണ് warfarin. പല ചെടികളിലും ഏറിയും കുറഞ്ഞും ഈ വിഷപദാർത്ഥം ഉണ്ട്. രക്തം കട്ട പിടിക്കുന്ന സംവിധാനത്തെ താറുമാറാക്കുകയാണ് ഇത് ചെയ്യുന്നത്. ഫലം: ആന്തരികരക്തസ്രാവം കൊണ്ട് എലി മരിക്കും. ഇതേ വസ്തു നമുക്ക് മരുന്നായി ഉപയോഗിക്കാം. രക്തം അധികം കട്ട പിടിക്കുന്ന അവസ്ഥകളിൽ അതിനുള്ള പ്രതിവിധി ആയി ഇതുപയോഗിക്കാം. ഹൃദയത്തിലെ ബ്ലോക്ക്, കാലിലെ രക്തകുഴലുകളിൽ രക്തം കട്ട പിടിക്കുക തുടങ്ങിയ അവസ്ഥകളിൽ ഇന്ന് വളരെ വിജയകരമായി ഉപയോഗിക്കുന്ന മരുന്നാണ് Warfarin. എലിക്കു “വിഷം”, നമുക്ക് “മരുന്ന്” !

സമൂഹത്തിന്റെ പൊതുബോധവും ലോകവീക്ഷണവും കഥാധിഷ്ടിതമായാൽ അവിടുത്തെ വൈദ്യവും വൈദ്യബോധവും കഥാധിഷ്ടിതമാവും. ലോകവീക്ഷണം എന്ന മനസ്ഥിതി ശാസ്ത്രാ ധിഷ്ടിതമാവുകയാണ് ആദ്യം വേണ്ടത്. ഒരു ‘ചെടി’ എന്നാൽ എന്താണ്, “ശരീരം” എന്താണ്, ‘ജീവൻ’ എന്താണ്, ‘രോഗം’ എന്താണ്, ‘വിഷം’ എന്താണ്, ‘മരുന്ന്’ എന്താണ് … തുടങ്ങിയവയെ പറ്റി ഇന്നും അടിസ്ഥാനരഹിതമായ സങ്കല്പങ്ങൾ പിന്തുടരുന്നത് പരിതാപകരമാണ്.
കുറുന്തോട്ടിയിലെ ആല്‍ക്കലോയ്ഡുകള്‍, മറ്റു രാസസംയുക്തങ്ങള്‍

 

Happy
Happy
67 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post അവഗണനയുടെ 88 വർഷങ്ങൾ – വേര റൂബിന്റെ ഓർമ്മയ്ക്ക്
Next post മനുഷ്യർ മഴ പെയ്യിക്കുമ്പോൾ
Close