Tuesday , 24 April 2018
Home » ശാസ്ത്രവിചാരം » പുതിയ സ്റ്റണ്ടുമായി സ്റ്റീഫന്‍ ഹോക്കിംഗ്‌ !

പുതിയ സ്റ്റണ്ടുമായി സ്റ്റീഫന്‍ ഹോക്കിംഗ്‌ !

ഹിഗ്സ് ബോസോണ്‍ കണം പ്രപഞ്ചനാശത്തിന് കാരണമായേക്കാം എന്ന പുതിയ വെളിപ്പെടുത്തല്‍ ഹോക്കിംഗിന്റെ വെറുമൊരു സ്റ്റണ്ട് മാത്രമെന്ന് പ്രൊഫ. പാപ്പൂട്ടി. പക്ഷേ, സ്റ്റണ്ട് നല്ലതാണെന്നും അദ്ദേഹം ! Stephen_Hawking.StarChild

About the author

പ്രൊഫ. കെ. പാപ്പൂട്ടി
pappootty@gmail.com

ഹോക്കിംഗിന്‌ എന്നും സ്റ്റണ്ട്‌ ഇഷ്ടമായിരുന്നു. ശാസ്‌ത്രരംഗത്ത്‌ സ്റ്റണ്ടുകള്‍ ഒരു കണക്കിനു നല്ലതുമാണ്‌. അതുള്ളതുകൊണ്ടാണല്ലോ, ഇടയ്‌ക്കെങ്കിലും സാധാരണക്കാര്‍ ശാസ്‌ത്രകാര്യങ്ങളില്‍, പ്രത്യേകിച്ച്‌ പ്രപഞ്ചവിജ്ഞാനീയവും കണികാ ഭൗതികവും പോലുള്ള ഗഹനമായ താത്ത്വിക വിഷയങ്ങളില്‍ താല്‍പ്പര്യം കാട്ടുന്നത്‌.

Stephen hawking 2008 nasa3.jpgഹോക്കിംഗിന്റെ പുതിയ സ്റ്റണ്ട്‌ ഹിഗ്ഗ്‌സ്‌ ബോസോണ്‍, അഥവാ ദൈവകണം സംബന്ധിച്ചാണ്‌. പതിനായിരംകോടി ഗിഗാ ഇലക്‌ട്രോണ്‍ വോള്‍ട്ട്‌ അഥവാ 1020 eV ല്‍ കൂടുതല്‍ ഊര്‍ജമുള്ള ഹിഗ്ഗ്‌സ്‌ ബോസോണിനെ നിര്‍മ്മിക്കരുതേ, ആപത്താണ്‌ എന്നാണദ്ദേഹം ഇപ്പോള്‍ പറയുന്നത്‌. അത്രയും ഊര്‍ജം കിട്ടിയാല്‍ അവ `വാക്വം ഡികേ’ (Vacuum dacay- ശൂന്യതാ നാശനം) എന്ന പ്രതിഭാസത്തിനു വിധേയമാകും; അങ്ങനെയുണ്ടാകുന്ന ശൂന്യത പ്രകാശവേഗത്തില്‍ വികസിച്ച്‌, ഒരു മുന്നറിയിപ്പുമില്ലാതെ പ്രപഞ്ചത്തെയാകെ ഗ്രസിച്ച്‌ ശൂന്യമാക്കിക്കളയും. പ്രകാശവേഗത്തില്‍ വികസിക്കുന്നതുകൊണ്ടാണത്രേ ഈ പ്രതിഭാസത്തിനെകുറിച്ച് ഒരു മുന്നറിയിപ്പും കിട്ടാനാവാതെ പോകുന്നത്‌.

ഇതൊരു സ്റ്റണ്ടാണെന്നു പറയാന്‍ കാരണമെന്താണെന്നല്ലേ? 1020 eV ഊര്‍ജമുള്ള ഹിഗ്ഗ്‌സ്‌ ബോസോണിനെ സൃഷ്ടിക്കുക എന്നത്‌ ഇന്ന്‌ കണികാ ശാസ്‌ത്രജ്ഞരുടെ സ്വപ്‌നത്തില്‍ പോലുമില്ല. LHC യില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ പരമാവധി ഊര്‍ജം 4×1012 (4 ട്രില്യന്‍ eV) മാത്രമാണ്‌. ഇതിന്റെ പത്തോ നൂറോ ഇരട്ടി ഒരു പക്ഷേ ശ്രമിച്ചാല്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കും. LHC യുടെ ചുറ്റളവു തന്നെ 27 കി.മീ.ആണ്‌. ഭൂമിക്കടിയില്‍ പാറ തുരന്നാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. ഭൂമിയുടെ ചുറ്റളവുള്ള ഒരു ആക്‌സലറേറ്റര്‍ നിര്‍മിച്ചാല്‍ തന്നെ, ഇന്നത്തെ സാങ്കേതികവിദ്യ വെച്ച്‌ ഒരു രണ്ടായിരം ഇരട്ടി ഊര്‍ജമുള്ള പ്രോട്ടോണുകളെ സൃഷ്ടിച്ച്‌ കൂട്ടി ഇടിപ്പിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ പത്തുകോടി ഇരട്ടി എന്നത്‌ തികച്ചും അചിന്ത്യമാണ്‌. അതുകൊണ്ട്‌ ഹോക്കിംഗിന്റെ ഉമ്മാക്കി കേട്ട്‌ നമ്മളാരും ഉറക്കം കെടുത്തേണ്ട.‌

ഇനി മറ്റൊരു കാര്യം: പ്രപഞ്ചത്തില്‍ എല്ലാ ദിശയിലും പ്രവഹിച്ചുകൊണ്ടിരിക്കുന്ന കോസ്‌മിക്‌ കിരണങ്ങളില്‍ 1022eV വരെ ഊര്‍ജമുള്ള പ്രോട്ടോണുകളുണ്ട്‌. പ്രപഞ്ചമുണ്ടായിട്ട്‌ 1370 കോടിയിലധികം വര്‍ഷമായെന്നാണ്‌ കരുതപ്പെടുന്നത്‌. ഇതിനകം എത്രയോ തവണ ഈ അത്യുന്നത ഊര്‍ജകണങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുകയും 1020eV ല്‍ കൂടുതല്‍ ഊര്‍ജമുള്ള ഹിഗ്‌സ്‌ ബോസോണുകള്‍ക്ക്‌ ജന്മം നല്‍കുകയും ചെയ്‌തിട്ടുണ്ടാവണം. എന്നിട്ടും പ്രപഞ്ചം ഇപ്പോഴും ഉണ്ട്‌ (അതോ ഇതൊക്കെ മായയോ?)

starmus_Hawking
അടുത്തുതന്നെ വിപണിയിലെത്തുന്ന “സ്റ്റാര്‍മസ് – ഫിഫ്റ്റി ഇയേഴ്‌സ് ഓഫ് മാന്‍ ഇന്‍ സ്പേസ് ” എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ പങ്കെടുക്കുന്ന ഹോക്കിംഗ്
http://cs.astronomy.com

ഇനി, എന്തിനാണ്‌ ഹോക്കിംഗ്‌ ഇങ്ങനെ ഒരു പുതിയ സ്റ്റണ്ട്‌ ഇറക്കിയതെന്ന സംശയം ഉണ്ടാകാം. അദ്ദേഹം എഡിറ്റു ചെയ്‌ത ഒരു പുതിയ പുസ്‌തകം – സ്റ്റാര്‍മസ്‌ (Starmus) – ഉടന്‍ പുറത്തിറങ്ങുന്നു. ഓരോ പുതിയ പോപ്പുലര്‍ സയന്‍സ്‌ പുസ്‌തകത്തിനും മുന്നേ ഒരു സ്റ്റണ്ട്‌ എന്നത്‌ ഹോക്കിംഗിന്റെ സ്റ്റൈല്‍ ആണ്‌. മുമ്പ്‌ നക്ഷത്രങ്ങളെ തേടിപ്പിടിച്ചു വിഴുങ്ങുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ചും സുസ്ഥിരമെന്ന്‌ ആദ്യം അദ്ദേഹം തന്നെ പറഞ്ഞ തമോഗര്‍ത്തങ്ങള്‍ ബാഷ്‌പീകരിച്ചു പോകാനുള്ള സാധ്യതയെക്കുറിച്ചും (അതിനു ഒരു സാധാരണ തമോഗര്‍ത്തത്തിനു വേണ്ടിവരുന്ന കാലം 1040 – ലധികം വര്‍ഷമാണെന്ന്‌ പതുക്കെ മാത്രം പറഞ്ഞുകൊണ്ട്‌ – അശ്വത്ഥാമാഹത: കുഞ്‌ജര എന്ന മട്ടില്‍) ഒക്കെ പറഞ്ഞത്‌ പുതിയ പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു തൊട്ടുമുമ്പാണ്‌.

ഇനിയും ഇത്തരം മികച്ച സ്റ്റണ്ടുകള്‍ ഞങ്ങള്‍ക്കു നല്‍കണമേ എന്ന്‌ ഹോക്കിംഗിനോട്‌ നമുക്ക്‌ അപേക്ഷിക്കാം !

പരാമര്‍ശ വിഷയത്തിലെ വെളിപ്പെടുത്തലടങ്ങുന്ന മുന്‍ലേഖനം വായിക്കാന്‍ താഴെയുള്ള ബട്ടണ്‍ അമര്‍ത്തുക:

ദൈവകണം : വാര്‍ത്ത സൃഷ്ടിച്ച് ഹോക്കിംങ്സ്

Check Also

അതിചന്ദ്രനും അവസാനിക്കാത്ത ലോകാവസാനവും

സൂപ്പര്‍ മൂണ്‍ ലോകാവസാനത്തിന്റെ അടയാളമാണെന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയ വിശകലനം നല്‍കുന്ന ലേഖനം.

2 comments

  1. പക്ഷേ ഈ സ്റ്റണ്ട് തിരിച്ചടിയാവുമോ എന്ന് സംശയമുണ്ട്. ഇപ്പോത്തന്നെ കണികാഭൗതികത്തിലേത് പോലെ ചെലവേറിയ പരീക്ഷണങ്ങള്‍ക്ക് ഫണ്ട് കിട്ടാന്‍ പ്രയാസമാണ്. ഹോക്കിങ് പറഞ്ഞതുകേട്ട് നാട്ടുകാര്‍ക്ക് വെകിളി പിടിക്കുകയും ഇനി ഇമ്മാതിരി കളിയ്ക്ക് സര്‍ക്കാര്‍ കാശ് കിട്ടില്ല എന്ന അവസ്ഥയും വന്നാലോ!

Leave a Reply

Your email address will not be published. Required fields are marked *