Read Time:68 Minute


ഡോ. കെ കെ വിജയൻ
റിട്ടയേഡ് പ്രൊഫസർ, കോഴിക്കോട് സർവ്വകലാശാല

മ്മുടെ ആരോഗ്യം നാം കഴിക്കുന്ന ഭക്ഷണത്തിന്റെ പോഷകമൂല്യത്തെയും ഗുണമേന്മയെയും ആശ്രയിച്ചിരിക്കുന്നു എന്ന് എല്ലാവർക്കും അറിയാം. പക്ഷേ ഇന്നത് ഉറപ്പുവരുത്തുന്നത് എളുപ്പമല്ല. തിരക്കുപിടിച്ച ജീവിതമാണ്. പാക്കറ്റുകളിൽ വിപണിയിൽ കിട്ടുന്ന, ഉടൻ കഴിക്കാവുന്നവയും, പെട്ടെന്ന് ചൂടാക്കി കഴിക്കാവുന്നവയും ആയ “ബ്രാൻഡഡ്‌ സൗകര്യപാചകക്കൂട്ടുകൾ” ആണ് സൗകര്യപ്രദം. കൂടാതെ പലതരം പൊടികൾ, ബേക്കറി സാധനങ്ങൾ, ആരോഗ്യപാനീയങ്ങൾ, പഴസത്തുകൾ എന്നിങ്ങനെ ഭക്ഷ്യവ്യവസായ ഉത്പന്നങ്ങളും ലഭ്യമാണ്. എന്നാൽ ഇങ്ങനെ കിട്ടുന്നവയുടെ ഗുണനിലവാരം, ശുദ്ധത ഇവയെക്കുറിച്ച് ഉപഭോക്താക്കൾ എത്രമാത്രം അറിവുള്ളവരാണ്? പാക്കറ്റ് ഭക്ഷണങ്ങളിൽ നിറത്തിനും മണത്തിനും രുചിക്കുമൊക്കെയായി ചേർത്തിരിക്കുന്ന  ഭക്ഷ്യേതര ചേരുവകൾ, അവയുടെ അളവ്, അനുവദിക്കപ്പെട്ടവയോ  അതോ വ്യാജമോ എന്നൊന്നും മനസ്സിലാക്കാനുള്ള മാർഗങ്ങൾ ഉപഭോക്താവിന് ലഭ്യമല്ല.

മായം ചേർക്കൽ ഇന്ന് വളരെ വ്യാപകമാണ്. സംസ്കരിച്ച ഭക്ഷ്യവസ്തുക്കളും, അവയുടെ ചേരുവകളും എല്ലാം “ബ്രാൻഡഡും”(branded) അല്ലാത്തതുമായ വ്യവസായ ഉത്പന്നങ്ങളായിരിക്കുന്നു. വ്യവസായമാകുമ്പോൾ കൂടുതൽ ലാഭം നേടാനായി മായം ചേർക്കും. ഭക്ഷണ വ്യവസായം ദേശീയവും, അന്തർദേശീയവും ആയ കളിക്കാരുടെ വേദി ആയപ്പോൾ മായം ചേർക്കൽ തന്നെ ഒരു വൻ വ്യവസായം ആയിത്തീർന്നു. സംസ്കരിച്ചതും അല്ലാത്തതുമായി വിപണിയിൽ കിട്ടുന്ന എല്ലാത്തരം ഭക്ഷണ സാധനങ്ങളിലും നിറം, മണം, രുചി മുതലായവയ്ക്കായി ചേർത്തിരിക്കുന്ന  കൂട്ടുകളിൽ അനുവദിച്ചിട്ടില്ലാത്ത പല രാസ വസ്തുക്കളും ചേർത്തിരിക്കുന്നതായും, അനുവദിച്ചിട്ടുള്ളവതന്നെ വളരെ കൂടിയ അളവിൽ  ചേർത്തിരിക്കുന്നതായും പല സർവ്വേകളും വെളിപ്പെടുത്തുന്നു. പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ  രാസവസ്തുക്കളും കേടാകാതെ ദീർഘകാലം സൂക്ഷിക്കാൻ കീടനാശിനികളും ചേർക്കുന്നുണ്ട്.

പണ്ടത്തെ മായം ധാന്യങ്ങളിലും പയറു വർഗങ്ങളിലും തൂക്കവും  അളവും കൂട്ടാൻ ചീത്തയായ ധാന്യങ്ങളോ  മണൽ, ചരൽപ്പൊടി മുതലായ സാധാരണ വസ്തുക്കളോ  ചേർക്കുക ആയിരുന്നു.  പഴം, പച്ചക്കറി മുതലായവ അവയുടെ നിറം, മണം, രുചി മുതലായവയിൽ നിന്നും മനസ്സിലാക്കാനും കഴിഞ്ഞിരുന്നു. ഇന്നു സ്ഥിതി അതല്ല. മായം ചേർക്കലും മുന്തിയ സാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ചാണ്. അതുകൊണ്ടുതന്നെ കണ്ടുപിടിക്കുവാനും ഉന്നത സാങ്കേതിക വിദ്യ ആവശ്യമാണ്‌.

ഭക്ഷ്യ സുരക്ഷാ വകുപ്പ്  2013-14 കാലഘട്ടത്തിൽ ദില്ലിയിലും യൂ.പി.യിലും നടത്തിയ  ഒരു സർവെയുടെ ഫലം കാണിക്കുന്നത് മായം ചേർക്കൽ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തോതിൽ വ്യാപകമായിട്ടുണ്ട് എന്നാണ്. പാലും പാലുൽപ്പന്നങ്ങളും   മധുരപലഹാരങ്ങളും ഭക്ഷ്യ എണ്ണകളും സുഗന്ധവ്യഞ്ജനങ്ങളും അടക്കം, 48300ഓളം ഇനം ഭക്ഷണ വസ്തുക്കൾ പരിശോധിച്ചതിൽ 21-22% മായം കലർന്നവയോ, നിരോധിക്കപ്പെട്ട വിഷവസ്തുക്കൾ  ചേരുവയായി ഉള്ളവയോ  ആയിരുന്നു. ഇതിൽ വൻകിട മധുരപലഹാര നിർമാതാക്കളുടേയും, കെ.എഫ്.സി. പോലുള്ള അന്തർദേശീയ ബ്രാൻഡുകളുട്യും ഉത്പന്നങ്ങൾ ഉണ്ടായിരുന്നു. കേസുകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. അവരുടെ അവകാശവാദം അതിലെ പല ചേരുവകളും അന്തർദേശീയ നിർമാതാക്കളിൽ നിന്നും വാങ്ങിയതാണ് എന്നും അതിന്റെ ഉത്തരവാദിത്തം ആ കമ്പനികൾക്കാണ് എന്നുമാണ്. മാഗി നൂഡിൽസിന്റെ കഥ എല്ലാവർക്കും അറിവുള്ളതാണല്ലോ. അതിലെ ചേരുവകളിൽനിന്നും നിർമാണ പ്രക്രിയയിൽ എം.എസ്.ജി. കലർന്നതാണെന്നും, ലെഡ് ടേസ്റ്റ് മേക്കെറിൽ നിന്നാണെന്നും അവർ വാദിച്ചു. കോടതിപോലും ആ വാദം അംഗീകരിച്ചു. ആ രണ്ടു മാലിന്യങ്ങളും ഭക്ഷണ സാധനങ്ങളിൽ പാടില്ല എന്ന് ഭക്ഷ്യസുരക്ഷാ നിയമത്തിൽ കൃത്യമായി എഴുതിവച്ചിട്ടുണ്ട്‌.

ഇവിടെയുള്ള ഭക്ഷ്യസുരക്ഷാനിയമം  പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ളതുപോലെതന്നെ ശക്തമാണ്. പക്ഷേ അടിസ്ഥാന തലങ്ങളിൽ ഇതു ഫലപ്രദമായി നടപ്പാക്കാൻ ആകുന്നില്ല. അതുകൊണ്ടുതന്നെ കുറ്റക്കാർ ശിക്ഷിക്കപ്പെടാതെ, സാങ്കേതികത്വത്തിൽ പിടിച്ചു രക്ഷപെടുന്നു. പുത്തൻ സാങ്കേതികവിദ്യകൾ മായം ചേർക്കുന്നതിൽ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു. അതിനാൽ ഇതൊക്കെ കണ്ടുപിടിക്കാനും നല്ല ഉന്നത സാങ്കേതികതയുള്ള ഉപകരണങ്ങളും ലാബുകളും  സാങ്കേതിക വിദഗ്ദ്ധരും  ആവശ്യമാണ്.

പാലിൽ വെള്ളം ചേർക്കുന്നത് മനസ്സിലാകാതിരിക്കുവാൻ മെലാമിൻ, യൂറിയ എന്നീ രാസവസ്തുക്കൾ ചേർത്ത് അതിലെ കൊഴുപ്പിന്റെ അളവ് കണക്കാക്കുന്നതിനെ തടയാൻ സാധിക്കും എന്നറിവുള്ള മായം ചേർക്കൽ വിദഗ്ദ്ധരും, എണ്ണ, അലക്കുപൊടി, യൂറിയ ഇവ ചേർത്ത്, യഥാർഥ പാലിനെ വെല്ലുന്ന കൃത്രിമ പാലുണ്ടാക്കുന്ന മായാജാലക്കാരും ഒക്കെ വാഴുന്ന നാടാണ്.

ഭക്ഷ്യ സുരക്ഷാ നിയമം

2011ലെ മായംചേർക്കൽ നിരോധന നിയമം (രണ്ടാം ഭേദഗതി) ചട്ടം 2011 ആണ് ഇപ്പോൾ മായം ചേർക്കലിനെപ്പറ്റിയുള്ള വിശദീകരണവും ചട്ടങ്ങളും എല്ലാം പ്രതിപാദിക്കുന്നത്. ഇതു പ്രകാരം,

  • നിലവാരമില്ലാത്തതോ, ചീത്തയായതോ, കേടുള്ളതോ, കീടബാധയുള്ളതോ ആയ ധാന്യങ്ങൾ, പയറുവർഗങ്ങൾ ധാന്യപൊടികൾ ഇവ നല്ലതിന്റെകൂടെ കലർത്തുന്നത്,
  • ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയെ ബാധിക്കുന്ന ഭക്ഷണേതര വസ്തുക്കൾ കലർത്തുന്നത്,
  • ഭക്ഷ്യ ഉത്പ്പന്നങ്ങളിലെ ഏതെങ്കിലും ഭാഗമോ, സത്തോ ഭാഗികമായോ മുഴുവനായോ ഊറ്റി എടുത്തിട്ടു ആ ഉത്പ്പന്നം വിൽക്കുന്നത്,
  • നിറമോ മണമോ രുചിയോ കൃത്രിമമായി വർദ്ധിപ്പിക്കാനോ ഗുണനിലവാരമില്ലായ്മ മറച്ചുവയ്ക്കാനോ വേണ്ടി ഏതെങ്കിലും വസ്തു ഭക്ഷ്യവസ്തുവിനോട് ചേർത്ത് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്നത്,
  • ശുചിത്വം പാലിക്കാതുള്ള  നിർമാണം, പായ്ക്കിംഗ്, സംഭരണം, വിതരണം,
  • ലേബലിൽ ഇല്ലാത്ത ഗുണങ്ങൾ ഉണ്ടെന്ന് അവകാശപ്പെടുന്നത്, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യം ചെയ്യുന്നത്,
  • ഭക്ഷണ ഉത്പ്പന്നങ്ങളിൽ കീടനാശിനികൾ കലർത്തുന്നത്,

ഇതെല്ലാം തന്നെ മായം ചേർക്കൽ ആണ്. ഓരോന്നിനും ഉള്ള ശിക്ഷയും ഈ നിയമത്തിൽ പറയുന്നുണ്ട്. പിഴയോ ജയിൽ ശിക്ഷയോ രണ്ടും കൂടിയോ  നൽകാവുന്നതാണ്.

മായം ചേർക്കലിന്റെ ഉദ്ദേശ്യങ്ങൾ

മായം ചേർക്കലിന് പ്രധാനമായും മൂന്നു ഉദ്ദേശ്യങ്ങൾ ആണുള്ളത്-

  1. അളവ് പെരുപ്പിച്ചു കാണിക്കുക (quantitative): അളവും തൂക്കവും കൂട്ടാനായി സാമ്യമുള്ള അന്യ വസ്തുക്കൾ ചേർക്കുന്നു.
  2. ഗുണം ഉണ്ടെന്ന തോന്നലുണ്ടാക്കുക (qualitative): ഗുണനിലവാരം ഇല്ലാത്തതോ, കേടായതോ, ചീഞ്ഞതോ ആയ വസ്തുക്കൾക്ക്  ഗുണനിലവാരം ഉണ്ടെന്ന് കാണിക്കുവാനായി   ചില പ്രത്യേക വസ്തുക്കൾ  പാചകം, നിർമാണം, പാക്കേജിങ്ങ് ഘട്ടങ്ങളിൽ കലർത്തുന്നത്.
  3. വിവരസംബന്ധിയായത് (informational): ലേബൽ, പരസ്യം ഇവ വഴി ഇല്ലാത്ത ഗുണങ്ങൾ ഉണ്ടന്ന് തെറ്റിദ്ധരിപ്പിക്കുന്നത്. ഉദാ: ആരോഗ്യ പാനീയങ്ങൾ, പോഷക പൊടികൾ.

മായം/ മാലിന്യം ചേർക്കൽ രണ്ടുവിധത്തിൽ

മായം ചേർക്കൽ ഇന്ന് വളരെ സാങ്കേതികത്തികവോടെ ചെയ്യുന്നതാണ്, വ്യാപകവുമാണ്. തന്നെയുമല്ല, എല്ലാവിധ മാധ്യമങ്ങളിലൂടെയും തെറ്റായ ധാരണ പരത്തുന്ന വിധത്തിലുള്ള വൻകിടപരസ്യങ്ങളുടെ അകമ്പടിയും ഉണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് എത്ര കർശനനടപടികൾ എടുത്താലും കോടതികൾ കയറി സാങ്കേതികത്വത്തിന്റെ തുരുമ്പിൽ പിടിച്ചു വൻകിട നിർമാതാക്കൾ അവയിൽ നിന്നൊക്കെ രക്ഷപെടും. അതുകൊണ്ടുതന്നെ ഉപഭോക്താക്കൾ മായം/മാലിന്യം ചേർക്കലിനെക്കുറിച്ച് ഒരു പൊതുവായ അറിവ് നേടേണ്ടത് അത്യാവശ്യമാണ്. മായം/ മാലിന്യം ചേർക്കൽ രണ്ടുവിധത്തിൽ ഉണ്ട് –

  1. മനപൂർവം ചെയ്യുന്നത്(Intentional): കൂടുതൽ ലാഭം എന്ന ലക്ഷ്യത്തിനുവേണ്ടി. ഇതു ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നറിഞ്ഞുകൊണ്ട് തന്നെ ചെയ്യുന്ന ദുഷ്പ്രവൃത്തിയാണ്. അരിയിൽ കല്ലും മണ്ണും കലർത്തുന്നതും നിറം പകരാൻ ചായങ്ങളും ചോക്കുപൊടിയും ചേർക്കുന്നതും ഭക്ഷ്യഎണ്ണകളിൽ വിഷമയമായ എണ്ണകളും മിനെറൽ ഓയിലും കലർത്തുന്നതും നിരോധിക്കപ്പെട്ട ചായങ്ങളും മറ്റും പാക്കറ്റ് ഭക്ഷണങ്ങളിൽ ചേർക്കുന്നതും ചീത്തയായ സാധനങ്ങൾ നിറം, മണം, രുചി മുതലായവ കൃത്രിമമായി ചേർത്ത് പുതുമ സൃഷ്ടിക്കുന്നതും ഇല്ലാത്ത ഗുണങ്ങൾ ഉണ്ടന്ന് പരസ്യത്തിലൂടെ തെറ്റിദ്ധരിപ്പിക്കുന്നതും തുടങ്ങി, ഉപഭോക്താക്കളെ കബളിപ്പിക്കാനായി ചെയ്യുന്ന എല്ലാവിധ പ്രവൃത്തികളും ഇതിൽപെടും.
  2. ആകസ്മികമായത് (Incidental):  കീടനാശിനികളുടെ അംശം, ശേഖരിച്ചുവയ്ക്കുന്നത് മൂലം കീടങ്ങളോ  അവയുടെ കാഷ്ടം, എലിക്കാഷ്ടം മുതലായവയോ കലരുന്നത്, പാചകം/നിർമ്മാണം, പാക്കിങ്ങ്, വിതരണം എന്നീ ഘട്ടങ്ങളിൽ ശുചിത്വമില്ലതതിനാലോ, വൃത്തികെട്ട പരിസരങ്ങൾ മൂലമോ പൂപ്പൽ, രോഗാണുക്കൾ ഇവ കലരാൻ ഇടവരുന്നത് ഇവ എല്ലാം ഈ വകുപ്പിൽ വരുന്ന മായം/മാലിന്യം ചേർക്കൽ ആണ്.

ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന മായവും അവയുടെ ദോഷഫലങ്ങളും

കഴിഞ്ഞ പത്ത് വർഷ കാലയളവിൽ ഗവേഷണ സ്ഥാപനങ്ങൾ, എൻ. ജി. ഓ. കൾ, ഭക്ഷ്യസുരക്ഷാ വകുപ്പുദ്യോഗസ്ഥർ ഒക്കെ നടത്തിയ സർവ്വേകളിൽ നിന്നും മനസ്സിലാകുന്നത്‌ മുകളിൽ സൂചിപ്പിച്ച രണ്ട് തരത്തിലുമുള്ള  മായം ചേർക്കൽ വളരെ വ്യാപകവും ആശങ്ക ഉണ്ടാക്കുന്നതും ആണെന്നാണ്. ചിലതരം ഭക്ഷണ സാധനങ്ങളിൽ, പ്രത്യേകിച്ചും മധുരപലഹാരങ്ങളിലും മറ്റും നിരോധിക്കപ്പെട്ട ചായങ്ങളും പാടില്ലാത്ത മറ്റു ചേരുവകളും 65-67% വരെ ഉണ്ടെന്നാണ് കണ്ടെത്തൽ. ഭക്ഷ്യ എണ്ണകളിൽ ഇതു 75% വരെ ആണ്.

ധാന്യങ്ങള്‍, പയറു വര്‍ഗ്ഗങ്ങള്‍, എണ്ണ എന്നിവയിലെ മായം


പട്ടിക-1

ധാന്യങ്ങള്‍, പയറു വര്‍ഗ്ഗങ്ങള്‍, എണ്ണ എന്നിവയിലെ മായങ്ങള്‍, അവയുടെ ദോഷഫലങ്ങള്‍

ഭക്ഷണങ്ങൾ മായം ദോഷഫലങ്ങൾ
ഭക്ഷ്യ എണ്ണ, കൊഴുപ്പ് ആർജിമോൺ ഓയിൽ, മിനെറൽ ഓയിൽ, സൺസെറ്റ് യെല്ലോ (മഞ്ഞ ചായം) നീർവീഴ്ച, വയറിൽ വെള്ളം കെട്ടിനിൽക്കൽ, ഗ്ലൂക്കോമ, കാഴ്ച നഷ്ടമാകൽ, ഹൃദ്രോഗം, വയറിളക്കം, ഛർദ്ദി, ക്യാൻസർ, ആസ്ത്മ, അലർജി.
പരിപ്പ് വർഗങ്ങൾ മെറ്റാനിൽ യെല്ലോ ട്യൂമർ, ക്യാൻസർ, നാഡീകോശങ്ങൾക്ക് നാശം
ലെഡ് ക്രോമേറ്റ് നാഡീകോശങ്ങൾക്ക് നാശം, ശ്വാസകോശരോഗങ്ങൾ
കേസരിപരിപ്പ് ലാത്യരിസം -മുട്ടിനു താഴെ തളർന്നുപോകുന്ന അവസ്ഥ.
അരി മേറ്റാനിൽ യെല്ലോ നാഡീകോശങ്ങൾക്ക് നാശം
റെഡ് ഓക്സൈഡ് കരളിനും, വൃക്കകൾക്കം ദോഷം
ലെഡ് ക്രോമേറ്റ് ശക്തിയേറിയ ഓക്സീകാരി. ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്മ, കരളിനും, വൃക്കകൾക്കം ദോഷം
ആട്ട, മൈദ, സൂജി ചോക്ക്പൊടി, വിലകുറഞ്ഞതോ
ചീത്തയായതോ ആയ ധാന്യങ്ങളുടെ പൊടി,
മണ്ണ്, വെളുത്ത തരിമണൽ,
ബോറിക് ആസിഡ്
വയറിളക്കം, ഛർദ്ദി,
നെയ്യ്, വെണ്ണ ടാർട്രാസീൻ യെല്ലോ- 2ജി(മഞ്ഞ ചായം),
വനസ്പതി
ആസ്ത്മ, അലർജി, വയറുവേദന , ക്യാൻസർ
പാരഫിൻ വാക്സ്, ടാലോ (മൃഗകൊഴുപ്പ്) അന്നനാള ,ആമാശയ രോഗങ്ങൾ
ശർക്കര ചോക്ക് പൊടി, കാരം,
മെറ്റാനിൽ യെല്ലോ (കോൾടാർ ചായം)
വയറിളക്കം, ഛർദ്ദി, ദഹനേന്ദ്രിയ രോഗങ്ങൾ, ക്യാൻസർ
ചായപ്പൊടി കോൾടാർ ചായങ്ങൾ, ഇരുമ്പ് പൊടി,
ചായ എടുത്തതിനു ശേഷമുള്ള വേസ്റ്റ്
ചായം ചേർത്ത്.
അസ്ത്മ, അലർജി, വയറുവേദന, ക്യാൻസർ, കോൾടാർ ചായങ്ങളുടെ വിഷഫലങ്ങൾ (ക്യാൻസർ, അൾസർ, അലർജി, ആസ്ത്മ )
കാപ്പിപ്പൊടി മണ്ണ്, പുളിങ്കുരു, ഇരുമ്പ് പൊടി വയറു വേദന, ആമാശയവൃണം, കുടൽ വൃണം
ഗ്രീൻപീസ്‌, ചെറുപയർ ഗ്രീൻ- എസ് (പച്ച ചായം) ആസ്ത്മ, ആമാശയ ക്യാൻസർ
ഉഴുന്ന് പരിപ്പ്,
ചെറുപയർ പരിപ്പ്
ചോക്ക് പൊടി ദഹനേന്ദ്രിയ തകരാർ

പച്ചക്കറി, പഴം എന്നിവയിലെ മായം

പച്ചക്കറി, പഴം എന്നിവയുടെ കാര്യത്തിൽ നിറവും മണവും ഒക്കെ നോക്കി നല്ലതും ചീത്തയും തിരിച്ചറിയാനാകുമല്ലോ എന്നാണ് നമ്മുടെ  വിചാരം. പക്ഷെ അടുത്ത  കാലത്ത് കാർഷിക സർവകലാശാലയും മറ്റും നടത്തിയ വ്യാപകമായ തിരച്ചിലിൽ ഇവയിൽ കീടനാശിനികളുടെ (നിരോധിക്കപ്പെട്ടവ ഉൾപ്പടെ) അംശം അപകടകരമായ തോതിൽ ഉള്ളതായി കണ്ടെത്തുകയുണ്ടായി. ഇതു ആകസ്മിക മായം എന്ന വകുപ്പിൽപ്പെടുന്നതാണെന്ന വാദമാണ് ഉള്ളത്. പക്ഷെ അനുവദനീയമായ അളവിലും വളരെ കൂടുന്നത് ആകസ്മികം എന്ന വകുപ്പിൽ പെടില്ല. മനപൂർവം ചേർക്കുന്ന മായം തന്നെ ഈ രംഗത്ത്‌ വളരെ വ്യാപകമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും, ഗവേഷണ സ്ഥാപനങ്ങളുടെയും, സർവകലാശാലകളുടെയും സർവേകളിൽ നിന്ന്  മനസ്സിലാക്കാൻ കഴിഞ്ഞത്, ഈ രംഗത്തും നല്ലതെന്ന തോന്നൽ  കൃത്രിമമായി സൃഷ്ടിക്കാനായി നിരോധിക്കപ്പെട്ട കോൾടാർ ചായങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു എന്നാണ്. ശരിക്കും പാകമാകാത്ത കായ്കനികൾ പഴുപ്പിക്കുവാനായി കാൽസിയം കാർബൈഡും, അതുപോലുള്ള വിഷമയ രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. കായ്കൾ പഴുക്കുന്നതിന്  അതാതു ചെടികൾ തന്നെ പുറപ്പെടുവിക്കുന്ന പ്രകൃതിദത്ത ഹോർമോൺ ആണ് എത്തിലിൻ. അതിനെ അനുകരിക്കുന്ന ഒന്നാണ് അസെറ്റിലിൻ. കാൽസിയം കാർബൈഡ് ഈർപ്പവുമായി ചേരുമ്പോൾ അസെറ്റിലിൻ പുറപ്പെടുവിക്കുന്നു. ഇതിന്റെ അവശിഷ്ടത്തിലുള്ള ഘനലോഹമുൾപ്പടെയുളള പദാർത്ഥങ്ങൾ  ആരോഗ്യത്തിനു അത്യധികം ഹാനികരമാണ്. വാഴക്ക, ഓറഞ്ച്, ആപ്പിൾ, മുന്തിരി, എന്നുവേണ്ട വിപണിയിൽ ഇന്ന് ലഭ്യമായ ഏതാണ്ടെല്ലാ പഴങ്ങളും ഇങ്ങിനെ കൃത്രിമമായി പഴുപ്പിച്ചവയാണ്. 60-80% മൂപ്പ് ആകുമ്പോൾ പറിച്ച് കാർബൈഡ് ഇട്ടു പെട്ടിയിൽ അടുക്കുന്നു. (ഈ മൂപ്പിൽ ആണ് ഫലങ്ങൾക്കെല്ലാം കൂടുതൽ തൂക്കം ഉള്ളത്). വിൽപ്പന കേന്ദ്രങ്ങളിലും വിപണന കേന്ദ്രങ്ങളിലും എത്തുമ്പോൾ ഇവ നല്ല നിറത്തിൽ നല്ല പാകമായ പഴങ്ങൾ എന്ന തോന്നൽ നൽകും.

അതുപോലെ പച്ചക്കറികളുടെയും പഴങ്ങളുടെയും ഒക്കെ പുതുമ നിലനിർത്താനായി ഉപയോഗിക്കുന്ന ഒരു രാസ വസ്തുവാണ് മീതൈൽ സൈക്ലോപ്രൊപേൻ(1-എം.സി.പി). കായ്കനികളിലെ സ്വാഭാവിക  എത്തിലീൻ പ്രവർത്തനത്തെ തടയുക മൂലം ഇവ പഴുത്തു പോകാതെ കാക്കുന്നു.


പട്ടിക 2

പച്ചക്കറി, പഴം ഇവയിലെ മായം, അവകൊണ്ടുണ്ടാകുന്ന ദോഷങ്ങൾ

മായം/മാലിന്യം ഉദ്ദേശ്യം ദോഷ ഫലങ്ങൾ
നിറം: പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറത്തിലുള്ള കോൾടാർചായങ്ങൾ മുന്തിയതും പുതിയതുമെന്ന തോന്നൽ ഉളവാക്കാൻ. ആകർഷണീയത കൂട്ടുവാൻ. നിർമ്മിതചായങ്ങളുടെ (കോൾടാർ) ദോഷഫലങ്ങൾ നേരത്തേ പറഞ്ഞിട്ടുണ്ട്
എതെലീൻ ഗ്ലൈക്കോൾ, എത്തിഫാൻ, കാൽസ്യം കാർബൈഡ്, ഇതിലുള്ള ആർസെനിക്, ലെഡ്, ഫോസ്ഫെറസ്. ശരിക്കും പാകമാകാത്തവ കൃത്രിമമായിപഴുപ്പിക്കാനായി വയറിളക്കം, ഛർദ്ദി, കരൾ -നാഡീകോശങ്ങൾക്ക് ദോഷം, വൃക്ക രോഗങ്ങൾ, ക്യാൻസർ
മീതൈൽ സൈക്ലോ പ്രോ പേൻ വേഗത്തിൽ പഴുത്തു ചീത്തയാകാതെ തടയുന്നു തലകറക്കം, ഛർദ്ദി, ശ്വാസകോശരോഗങ്ങൾ. ചുവന്ന രക്താണുക്കളെ ഇല്ലാതാക്കും ക്യാൻസർ ഉണ്ടാക്കുന്നു.
കീടനാശിനികൾ നിരോധിക്കപ്പെട്ടവ ഉൾപ്പടെ (ചെടികളിൽ ആവശ്യത്തിൽ കൂടുതൽഉപയോഗിക്കുന്നു.)–ഡി.ഡി.ടി., അൽഡ്രീൻ, എത്തിയോൺ, ക്ലോർഡേയിൻ, ബി എച് സി, ക്ലോർപൈറിഫോസ്, പൈറത്രോയിഡ്സ്, മാലാത്തിയോൺ തുടങ്ങി 15ഓളം. ശേഖരിച്ചു സൂക്ഷിക്കുമ്പോൾ കീട പ്രവർത്തനത്താൽ കേടുവരാതിരിക്കുവാൻ. വിവിധതരം രോഗങ്ങൾ. കരളിലെ എൻസൈമുകളെ അനാവശ്യമായി ഉദ്ദീപിപ്പിക്കും. നാഡീവ്യുഹത്തിനു കേടുണ്ടാക്കുന്നു. ശരീര പ്രവർത്തനങ്ങളുടെ ഏകോപനത്തെ ബാധിക്കുന്നു, കാഴ്ച്ച കുറയ്ക്കുന്നു. ആസ്ത്മ അലർജി, വിറയൽ, മരവിപ്പ്. ഹോർമോണുകളുടെ പ്രവർത്തനത്തെ തെറ്റിക്കുന്നു. കാൻസറിനു കാരണമാകാം. ഒർഗനോക്ലോറിൻ കീടനാശിനികൾ വർഷങ്ങളോളം ശരീരത്തിലെ കൊഴുപ്പുകലകളിൽ കേന്ദ്രീകരിച്ചു ദോഷഫലം സൃഷ്ടിച്ചുകൊണ്ടിരിക്കും.

പാല്, മീൻ, ഇറച്ചി, മുട്ട എന്നിവയിലെ മായം

പാലിലെ മായം


പാലിൽ വെള്ളം ചേർക്കുക എന്നതായിരുന്നു പണ്ടുകാലത്തെ മായം. പിന്നീട് സ്റ്റാർച് ചേർത്ത് ലാക്ടോമീറ്ററിനെ പറ്റിച്ചു. കൊഴുപ്പിന്റെ അളവും കൂടി ശരിയാക്കണമെന്നു വന്നപ്പോൾ യൂറിയ ചേർത്താൽ അതും മറയ്ക്കാം എന്നായി. പാലിൽ വെള്ളം ചേർക്കുന്നത് പിടിക്കെപ്പടാതിരിക്കുവാനായി മരക്കറ പൊടി, സ്റ്റാർച്ച്, സസ്യ എണ്ണകൾ, മരക്കറ പൊടി, ഗ്ലുകോസ് എന്നിവയും ഉപയോഗിക്കുന്നു. ഒരു പത്തു പന്ത്രണ്ട് വർഷം മുൻപ് കുരുക്ഷേത്രയിൽ നിന്നുള്ള കുറെ വിദ്വാന്മാർ  രാസപാൽ ഉണ്ടാക്കി. പാലിനായി  പാൽ തരുന്ന മൃഗങ്ങളെ വളർത്തി കഷ്ടപ്പെടേണ്ട കാര്യമില്ല. വേണ്ടത് വിലകുറഞ്ഞ സസ്യഎണ്ണ, യൂറിയ, കാസ്റ്റിക്സോഡാ, സോപ്പ്പൊടി, അമ്മോണിയം സൾഫെയ്റ്റ്, ഗ്ലുകോസ് സോഡിയംസൾഫെയ്റ്റ്, വെള്ളം – ഇത്രമാത്രം. എത്ര വേണമെങ്കിലും പാൽ റെഡി. ലാക്ടോ മീറ്റർസൂചികയും കൊഴുപ്പിന്റെ അളവും കൊഴുപ്പല്ലാത്ത ഖരവസ്തു അളവും എല്ലാം കിറുകൃത്യം. സാധാരണ ഈ മൂന്നു കാര്യങ്ങളാണ് പാലിന്റെ കാര്യത്തിൽ അളന്നു നോക്കാറ്. ഈ കൃത്രിമ പാല് കയ്യിൽ വച്ച് തിരുമിയാൽ വഴുവഴുപ്പോടെ പതയും. ചൂടാക്കിയാൽ മഞ്ഞനിറമാകും. കുറേസമയം വച്ചാൽ നിറം മാറും, രുചി കൈപ്പ്, നാക്കിൽ തരുതരിപ്പ് ഉണ്ടാക്കും. ഇങ്ങിനെ അതിനെ തിരിച്ചറിയാം. അല്ലാതുള്ള എല്ലാ ലക്ഷണങ്ങളും ശരിയായ പാലിന്റെതായിരിക്കും. പാക്കറ്റിൽ കിട്ടുമ്പോൾ അറിയില്ല.

പാല് പാസ്ച്ചറൈസ് ചെയ്യാതെയും തണുപ്പിക്കാതെയും കൂടുതൽ ദിവസം സൂക്ഷിച്ചുവക്കുവാൻ ഫോർമാലിൻ, ബോറിക് ആസിഡ് മുതലായവ ചേർക്കും. (പാസ്ച്ചറൈസ് ചെയ്താലും 4 ഡിഗ്രി താപനിലയിൽ 24 മണിക്കൂറിൽ കൂടുതൽ കേടാകാതെ ഇരിക്കാൻ വിഷമമാണ്.) കൂടാതെ ആൻറി ബയോട്ടിക്കുകൾ, കീടനാശിനികൾ (ഡിഡിടി, അൽട്രിൻ) എന്നിവയുടെ കൂടിയ അളവിലുള്ള അംശവും പല സർവേകളിലും  കണ്ടെത്തിയിട്ടുണ്ട്.

മുട്ടയിലെ മായം

മുട്ടയിൽ ആൻറിബയോട്ടിക്കുകളുടെയും, വളർച്ചാ ഹോർമോണുകളുടെയും അംശം ദോഷകരമായ അളവിൽ ഉള്ളതായാണ് ധാരാളം പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് കോഴികൾ പെട്ടെന്ന് വളരാനും കൂടുതൽ മുട്ട തരാനുമായി കോഴിത്തീറ്റയുടെ കൂടെ കൊടുക്കുന്നതാണ്. അതുപോലെ മുട്ടയുടെ പുറത്തു മിനറൽ ഓയിൽ പുരട്ടി കൂടുതൽ നാൾ സൂക്ഷിക്കാനുള്ള ശ്രമവും വ്യാപകമാണ്.
എണ്ണ ചേർത്ത മുട്ട കൂടുതൽ തിളങ്ങും

മത്സ്യത്തിലെ മായം

മീനിന്റെ കാര്യത്തിൽ പുതുമ തോന്നിക്കാൻ  ആസ്താസാന്തീൻ, കേടുവരാതെ സൂക്ഷിക്കുവാൻ ഫോർമാലീൻ, പളപളപ്പ് നല്കാൻ അമോണിയം ക്ലോറൈഡ് എന്നീ രാസവസ്തുക്കൾ ചേർക്കുന്നു. ഉണക്ക മത്സ്യത്തിൽ കീടനാശിനികളും പുതുമ കാണിക്കാനായി കോൾടാർ ചായങ്ങളും ആണ് സർവെയിൽ കണ്ടെത്തിയ മായങ്ങൾ/മാലിന്യങ്ങൾ. ഉണക്കമത്സ്യം ദീർഘനാൾ സൂക്ഷിച്ചു വക്കുവാനായി കീടനാശിനികൾ ചേർക്കുന്നു. ഇതു കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.

മാംസത്തിലെ മായം

ഉപഭോഗം കൂടുമ്പോൾ മായം കലർത്തി ചീത്തയായത് മറയ്ക്കുവാനും വിലകുറഞ്ഞവ വിലകൂടിയവയാക്കി (ഉദാ. കാളക്കുട്ടി, എരുമക്കുട്ടി മുതലായവ ആട്ടിൻ മാംസമാക്കി ) ഉപഭോക്താക്കളെ കബളിപ്പിക്കുവാനും ഉള്ള ശ്രമങ്ങൾ പിടിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ പല രാസവസ്തുക്കളും ചേർത്ത് പുതിയ മാംസത്തിന്റെ സ്വാഭാവിക നിറം നിലനിർത്തുന്നതാണ് വ്യാപകമായുള്ളത്. അതുപോലെ വെള്ളം കുത്തിവച്ചു തൂക്കം വർധിപ്പിക്കുന്ന വിദ്യയും ഉണ്ട്. നൈട്രൈറ്റ്, നൈട്രേറ്റ് എന്നിവ പഴകിയാലും നിറവ്യത്യാസം വരാതെ, പുതുതെന്ന തോന്നൽ നിലനിർത്താൻ   ഉപയോഗിക്കുന്ന രാസവസ്തുക്കളാണ്.

പാല്, മുട്ട, മത്സ്യം, മാംസം ഇവകൊണ്ടുള്ളതും, ഇവയടങ്ങിയതും ആയ ഭക്ഷണ ഉത്പ്പന്നങ്ങളാണ് വിപണിയിൽ (വൻകിടയും ചെറുകിടയും ആയ ഹോട്ടലുകൾ, പാക്കറ്റ് ഭക്ഷണങ്ങൾ മുതലായവ) ഇന്നു ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്. രുചിക്കും, മണത്തിനും ആകര്‍ഷണീയതയ്ക്കും വേണ്ടി അതിൽ ചേർക്കുന്ന മറ്റു ചേരുവകൾ എത്രമാത്രം പ്രശ്നകാരികൾ ആണ് എന്നത് മനസ്സിലാക്കാത്തതുകൊണ്ടാണ് ജനം കൂടുതൽ അതിലേയ്ക്കാകർഷിക്കപ്പെടുന്നത്. അമരാന്ത് പോലെയുള്ള നിരോധിക്കപ്പെട്ട ചായങ്ങളും അജിനമോട്ടോ നൽകുന്ന രുചി ആധിക്യവും എല്ലാം ആൾക്കാരെ ഇതുപോലുള്ള ഭക്ഷണശാലകളിലേക്ക് ആകർഷിക്കുന്നു.

നിങ്ങൾ രുചിയോടെ ഭക്ഷിക്കുന്ന ചില്ലി ചിക്കൻ, തന്തൂരി ചിക്കൻ, ചില്ലിഗോപി പോലുള്ളവയിൽ അമരാന്ത് എന്ന നിരോധിക്കപ്പെട്ട ചായം ഉണ്ട്. കൈയ്യിലെ കാശ് കൊടുത്ത് നമ്മുടെ ശരീരത്തെ മലിനീകരിക്കുന്ന പരിപാടിയാണിത്. പാക്കറ്റിൽ ലഭിക്കുന്ന മുന്തിയ ബ്രാണ്ട് കമ്പനികളുടെ ഉത്പ്പന്നമാണെങ്കിൽ പക്കറ്റിനു പുറത്ത് ചേരുവകളുടെ ഏകദേശ വിവരം കൊടുത്തിരിക്കും. വായിച്ചുനോക്കുന്നവർ ഉണ്ടെങ്കിൽ അതിൽനിന്നും ഉണ്ടാകുന്ന ആന്തരിക മലിനീകരണം മനസ്സിലായേക്കും! ഹോട്ടലിൽനിന്ന് ആണെങ്കിൽ ഇതൊന്നും അറിയാനും സാധ്യമല്ലതന്നെ.


പട്ടിക-3

പാല്, മുട്ട, ഇറച്ചി, മീൻ മുതലായവയിലും അവകൊണ്ടുള്ള വിഭവങ്ങളിലും കണ്ടെത്തപ്പെട്ട പ്രധാന മായം/മാലിന്യം അവയുടെ ദോഷഫലങ്ങള്‍

മായം/മാലിന്യം ഉദ്ദേശ്യം ദോഷ ഫലങ്ങൾ
ആൻറിബയോട്ടിക്, (സിപ്രോഫ്ലോക്സസീൻ, സൾഫാ ഡ്രഗ്സ്) പാൽതരുന്നമൃഗങ്ങൾ,കോഴി, താറാവ്, ഇറച്ചിക്കായി ഉപയോഗിക്കുന്ന മൃഗങ്ങൾ ഇവയിൽ രോഗപ്രതിരോധത്തിനും പെട്ടെന്നുള്ള വളർച്ചക്കായും പ്രയോഗിക്കുന്നത് . (ഇതിന്റെയെല്ലാം ശേഷിപ്പ് ഇറച്ചി, മുട്ട, പാൽ ഇവയിൽ കലർന്ന് വരുന്നത്) ദൂരവ്യാപകദോഷഫലങ്ങൾ. ആൻറിബയോട്ടിക് പ്രതിരോധം, കരൾ എൻസൈമുകളുടെ അനാവശ്യ ഉത്തേജനം.
ഹോർമോണ്‍ പൊണ്ണത്തടി, പെട്ടന്നുള്ളവളർച്ച
ഗംഅറബിക് സെല്ലുലോസ് പാല്, ഐസ്ക്രീം, പേസ്ട്രി അതുപോലുള്ള മധുരപലഹാരങ്ങളിലും അളവ് പെരുപ്പിച്ചു കാണിക്കാൻ ചേർക്കുന്നു. ദഹനക്കേട്, വയറിളക്കം, ഛർദ്ദി
യൂറിയ മായം ചേർത്ത പാലിലെ പ്രോടീൻ അളവ് ശരിയാക്കാനും, മീൻ പുതുമയോടെ തിളങ്ങാനും. അലർജി, ചൊറിച്ചിൽ
ബെന്‍സോവേറ്റ് പ്രിസർവേറ്റീവ് (ഭക്ഷണ ഉത്പ്പന്നങ്ങൾ കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കുവാൻ) ആയി ചേർക്കുന്നു. മിക്കവാറും എല്ലാ ഭക്ഷ്യോത്പ്പന്നങ്ങളിലും ചേർക്കുന്നു. ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുക,രക്തസമ്മർദ്ദംകൂട്ടുക, ആസ്തമ, അലർജി, കുട്ടികളിൽ അതിപ്രസരിപ്പ് എന്നിവയ്ക്ക് കാരണമാകുന്നു.
ഫോർമാലിൻ പാല്, മത്സ്യം, മാംസം, ഉണക്കമത്സ്യം ഇവയിൽ പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്നു. ആമാശയം, കുടൽ, കരൾ മുതലായ ആന്തരികാവയവങ്ങളിൽ വലിയ ദോഷഫലങ്ങൾ ഉണ്ടാക്കും.
നൈട്രൈറ്റ് മാംസത്തിന് ചുവന്ന നിറം നൽകി പുതുമ നിലനിർത്താനായി ചേർക്കുന്ന മായം. മാംസം ചീത്തയാകുമ്പോൾ വരുന്ന നിറം മാറ്റം തടഞ്ഞു സ്വാഭാവികമായ ചുവന്ന നിറം കൊടുക്കുന്നു. രക്തത്തിന്റെ ഓക്സിജൻ വഹിക്കാനുള്ള കഴിവ് കുറയ്ക്കുന്നു .അനീമിയ, ജന്മവൈകല്യങ്ങൾ, നെഞ്ചുവേദന മുതലായവയ്ക്ക് കാരണമാകുന്നു. കാൻസറിന് കാരണമാകുന്ന രാസവസ്തു.
അജനമോടോ (എം,എസ്,ജി) പാല്, മുട്ട, മാംസം, മത്സ്യം ഇവ കൊണ്ടുള്ളതോ, ഇവചേരുന്നതോ ആയ ഉത്പ്പന്നങ്ങളുടെ രുചിവർധനക്കും, ഇവയുടെ ജീർണാവസ്ഥ മറയ്ക്കാനുമായി ചേർക്കുന്നു. ദൂരവ്യാപകമായ പലവിധ ആരോഗ്യപ്രശ്നങ്ങളും രോഗങ്ങളും
നിറങ്ങൾ ആകർഷകത്വം കൂട്ടാനായി നിരോധിക്കപ്പെട്ടവയും, അനുവദനീയമായവ വളരെകൂടിയ അളവിലും ചേർക്കുന്നു. പലവിധ രോഗങ്ങൾക്കും മറ്റു ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നു.
കീടനാശിനികൾ കീടങ്ങളുടെ പ്രവർത്തനത്താൽ കേടുവരാതെ സൂക്ഷിക്കാൻ ഉണക്കമത്സ്യം മുതലായവയിൽ ചേർക്കുന്നു. പട്ടിക-2, നോക്കുക.
മറ്റു സവിശേഷ ഗുണധർമ്മങ്ങൾ ഉണ്ടാക്കുന്നതിനായി ചേർക്കുന്നരാസവസ്തുക്കൾ കേക്ക്, പേസ്ട്രി, പിസ്സ, വിവിധ ക്രീമുകൾ, ഹെൽത്ത് ഡ്രിങ്കുകൾ, കോള മുതലായവയിൽ പ്രത്യേക ഗുണധർമ്മങ്ങൾ കൊടുക്കാനായി ചേർക്കുന്നു. ഇതിനായി ഉപയോഗിക്കുന്ന രാസവസ്തുക്കളിൽ മിക്കതും ഭക്ഷണത്തിലെ പോഷകാംഷങ്ങളും വിറ്റാമിൻ, അവശ്യമൂലകങ്ങൾ എന്നിവയും ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതിനെ തടയും. ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും.

സുഗന്ധവ്യഞ്ജനങ്ങൾ, പലവ്യഞ്ജനങ്ങൾ എന്നിവയിലെ മായം

ഇപ്പോൾ വീടുകളില്‍ പോലും പാചകം ചെയ്യുന്നതിനായിപ്പോലും എല്ലാവരും ആശ്രയിക്കുന്നത് വിപണിയിൽ കിട്ടുന്ന പൊടികളെയാണ്. അതുകൊണ്ടുതന്നെ ഇതും വന്‍കിടയും ചെറുകിടയുമായി വളരെ വ്യാപകമായ മായം ചേർക്കൽ നടക്കുന്ന ഇടമാണ്. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾ, മറ്റു പലവ്യജ്ഞനപ്പൊടികൾ, വിവിധതരം മസാല കൂട്ടുകൾ ഇവയിലെല്ലാം തന്നെ നിറം, മണം, രുചി ഉണ്ടാക്കാനും അളവുതൂക്കം കൂട്ടാനും മറ്റുമായി ധാരാളം വസ്തുക്കൾ മായമായി ചേർക്കുന്നുണ്ട്. കീടനാശിനികളുടെ കൂടിയ അളവും ഇവയിൽനിന്നെല്ലാം കണ്ടെത്തിയിട്ടുമുണ്ട്.

ചുക്ക്, മഞ്ഞൾ, ജീരകം, മല്ലി, ഏലം, കറുവപ്പട്ട,  ഇവയുടെ സത്ത് (മുഴുവനായോ ഭാഗീഗമായോ) എടുതതിനുശേഷമാണ് പായ്ക്കെറ്റുകളിൽ നിറയ്ക്കുന്നതും വില്പ്പനക്കെത്തുന്നതും. ഈ മായം  കണ്ടുപിടിക്കണമെങ്കിൽ പ്രത്യേക വിശ്ലേഷണ ഉപകരണങ്ങൾ ഉള്ള ലാബുകൾ തന്നെ വേണം. ഇതു ചെറുകിട വിൽപനക്കാർക്ക് ചെയ്യാൻ കഴിയുകയുമില്ല. വൻ ഗ്രൂപ്പുകൾ വളരെ സംഘടിതമായി ചെയ്യുന്നതാണ്. അതിനാൽ ഈ മായംചേർക്കൽ വ്യാപാരം വിഘ്നമില്ലാതെ ഉപഭോക്താക്കളെ കബളിപ്പിച്ചുകൊണ്ടേ യിരിക്കുന്നു.


പട്ടിക 4

സുഗന്ധവ്യഞ്ജനങ്ങൾ, പലവ്യഞ്ജനങ്ങൾ എന്നിയിലെ മായം, അവയുടെ ദോഷഫലങ്ങള്‍

ഭക്ഷ്യവസ്തു മായം ദോഷ ഫലം
മഞ്ഞൾ, മഞ്ഞൾപ്പൊടി മേറ്റാനിൽയല്ലോ, ലെഡ് ക്രോമേറ്റ് ക്യാൻസർ ഉണ്ടാക്കുന്നു
മുളക് പൊടി അറക്കപൊടി, വെട്ടുകല്‍ പൊടി, മുളക് ഞെട്ട്, വൈക്കോല്‍, ഇല ഇവയും കൂടി പൊടിച്ചത്, ചായം (റോഡാമിന്‍-ബി, സുഡാന്‍-111) ദഹനേന്ദ്രിയ തകരാറുകൾ, ക്യാൻസർ.
മല്ലിപൊടി വൈക്കോൽ, മറ്റുസമാനതയുള്ള കായകളുടെ പൊടി, ചായം ദഹനേന്ദ്രിയ തകരാര്‍, രാസ ചായങ്ങളുടെ ദോഷഫലങ്ങൾ.
കായം പൊടി ഗം ആറാബിക്, ടർക്കാന്ത്, ചോക്ക് പൊടി, സോപ്പ്കായുടെ പൊടി വയറിളക്കം, ഛർദ്ദി, ആമാശയ രോഗങ്ങൾ
കടുക് കടുകിനോട് സാമ്യം ഉള്ള മറ്റു കുരുക്കൾ, ഉദാ: ആർജിമോൺ കായ. എപിടെമിക് ട്രോപ്സി( കൈ,കാലുകളിൽ നീർവീഴ്ച, തളർച്ച
കുരുമുളക്, കുരുമുളക് പൊടി പപ്പായക്കുരു, കുരുമുളകിനോട് സാമ്യമുള്ള മറ്റു കാടുചെടികളുടെ കുരു. (പൊടിയിൽ തൂക്കം/ അളവ് വർധിപ്പിക്കാനായും ഇത്തരം കായകളുടെ പൊടി ചേർക്കുന്നു. കൂടാതെ മണത്തിനും,കറുത്ത നിറത്തിനുമായി കൃത്രിമ രാസവസ്തുക്കളും) ദഹനേന്ദ്രിയം, കരൾ രോഗങ്ങൾ. ഇങ്ങിനെയുള്ള കുരുക്കൾ ഓർഗാനിക ലായനിയിൽ ചായം ചേർത്ത് പൂശുന്നു. ഈ ചായങ്ങൾ ക്യാൻസർ ഉണ്ടാക്കുന്നതാണ്.
ഇറച്ചി, മീൻ മുട്ട ഇവയ്ക്കുള്ള മസാലക്കൂട്ടുകൾ അജനമോട്ടോ, അതുപോലെയുള്ള രുചിസംവർധക വസ്തുക്കൾ, മറ്റു ചേരുവകൾ ചയാപചയ പ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്നു.
സാമ്പാർ പൊടി, രസ പൊടി മറ്റു മസാലക്കൂട്ടുകൾ രുചിക്കും മണത്തിനുമായി പല കൃത്രിമ ചേരുവകളും ആരോഗ്യത്തിനു ദോഷo
കുരുമുളക്, ജീരകം,പെരുംജീരകം മല്ലി, ഏലം, കടുക്, കറുവപ്പട്ട, ഗ്രാമ്പൂ മറ്റു സുഗന്ധവ്യഞ്ജനങ്ങൾ ഇവയുടെയെല്ലാം സത്ത് ഭാഗീകമായോ,മുഴുവനായോ, ഊറ്റി എടുത്തതിനുശേഷം ആവശ്യാനുസരണം നിറം ചേർത്ത് പായ്ക്കെട്ടുകളിലാക്കി വിപണിയിൽ എത്തിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കുന്നതിൻറെ ഗുണം ഉപഭോക്താവിന് കിട്ടുന്നില്ല, ധനനഷ്ടം. കൂടാതെ കോൾടാർ ചായങ്ങളുടെ ദോഷ ഫലങ്ങളും
കറുവാപട്ട കാഷ്യചെടിയുടെ പട്ട ആരോഗ്യത്തിനു ദോഷകരം

രോഗം വിലയ്ക്ക് വാങ്ങുന്നതിനേക്കാൾ നല്ലത് വരാതെ സൂക്ഷിക്കുക എന്നതാണ്. ഓരോ സാധനവും വാങ്ങുമ്പോൾ അത് ഗുണനിലവാരം ഉള്ളതാണെന്നുറപ്പു വരുത്തുക. പാക്കേജ് ചെയ്തുവരുന്ന എല്ലാവിധ ഭക്ഷ്യ ഉത്പന്നങ്ങളുടെയും ലേബലിൽ അതിൽ ചേർന്നിരിക്കുന്ന ഭക്ഷണ സാധനങ്ങളും മറ്റു ചേരുവകളും വ്യക്തമായി പ്രിൻറ്ചെയ്തിരിക്കണം  എന്ന് ഭക്ഷ്യസുരക്ഷാ നിയമത്തിൽ വ്യക്തമായി പറയുന്നുണ്ട്. (ഫുഡ്‌ സേഫ്റ്റി ആൻഡ്‌ സ്റ്റാൻഡാർഡ്സ് (പാക്കേജിംഗ് ആൻഡ്‌ ലേബല്ലിംഗ്)റെഗുലേഷൻ 2011). പാക്കേയ്ജ് ചെയ്തുവരുന്ന സാധനങ്ങൾ വാങ്ങുമ്പോൾ എല്ലാവരും അത് ശ്രദ്ധിച്ചു വായിക്കണം. അതിൽ പാക്ക് ചെയ്ത ഡേറ്റ് , ഉപയോഗിക്കാവുന്ന കാലാവധി, വില എല്ലാം അച്ചടിച്ചിരിക്കണം എന്നും നിയമം ഉണ്ട്. അതുപോലെ പച്ചക്കറികൾ, പഴം, മീൻ, ഇറച്ചി ഇവയല്ലാം വിൽക്കുവാൻ വച്ചിരിക്കുന്നിടം ശുചിത്വമുള്ളതാണോ എന്നും ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് വാങ്ങുന്ന സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തണം. വളരെ സാങ്കേതികവിദ്യ ഒക്കെ ഉപയോഗിച്ച് ചെയ്യുന്ന മായം കലർത്തൽ എളുപ്പത്തിൽ മനസ്സിലാക്കാൻ വിഷമമാണ്. തന്നെയുമല്ല നിയമാനുസരണം വ്യാവസായികമായി നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ചേർക്കുന്ന സൌന്ദര്യവർദ്ധക ചേരുവകളുണ്ട്. അവകൊണ്ടുള്ള ദോഷങ്ങളെക്കുറിച്ചു മുൻ ലേഖനത്തിൽ പറഞ്ഞിരുന്നല്ലോ? അപ്പോൾ ഏതുവേണമെന്ന് തിരഞ്ഞെടുക്കുമ്പോൾ ഇതെക്കുറിച്ചൊക്കെ ആലോചിച്ചു തീരുമാനിക്കാനുള്ള വിവേചനശക്തി ഉപയോഗിക്കുക.

വിലകൊടുത്തു വാങ്ങുന്ന ഭക്ഷണ വസ്തുക്കൾ, ശ്രദ്ധിച്ചില്ലെങ്കിൽ ഉണ്ടാക്കാവുന്ന അപകടങ്ങളെക്കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടായിരിക്കണം എന്നതാണ് ലേഖനത്തിന്റെ ലക്ഷ്യം. അല്ലാതെ ഭയപ്പെടുത്തുക എന്നതല്ല ഉദ്ദേശ്യം.

കുറെയൊക്കെ മലിനീകരണ വസ്തുക്കളെ നമ്മുടെ ശരീരത്തിന്റെ സ്വയം  രക്ഷാസംവിധാനം നിർവീര്യമാക്കും. പക്ഷെ തുടർച്ചയായി ഇതേ രാസവസ്തുക്കൾ ശരീരത്തിൽ എത്തിയാൽ ഇവയെയെല്ലാം  പുറംതള്ളാൻ ശരീരത്തിനാവില്ല. അപ്പോൾ അത് ആരോഗ്യപ്രശ്നമായി തീരും. പുത്തൻ രുചികളും പരിഷ്കൃത പാചകങ്ങളും, സൗകര്യ പാക്കേജുകളും കഴിവതും ഒഴിവാക്കി നമ്മളുടെ ശരീരം പരിചയിച്ചു വന്ന തനതു പാചക രീതികളാണ് മെറ്റബോളിക്‌ ഷോക് ഉണ്ടാകാതിരിക്കാൻ നല്ലത്. തിരഞ്ഞെടുക്കാനും തീരുമാനിക്കാനും ഉള്ള അവകാശം നമ്മളുടേതാണ്.


അനുബന്ധം

I നിത്യോപയോഗ ഭക്ഷണ സാധനങ്ങളിലെ മായം കണ്ടുപിടിക്കുവാനുള്ള മാര്‍ഗ്ഗം

(ഫുഡ്‌ സെക്യൂരിറ്റി ആൻഡ്‌ സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്നത് )

ഭക്ഷ്യവസ്തു മായം ടെസ്റ്റ്
അരി, ഗോതമ്പ് കല്ല്‌, മണൽ, മണ്ണ്, മാർബിൾത്തരികൾ, എലിക്കാഷ്ടം, എര്ഗോട്റ്റ്, ഉമ്മത്തിൻ കുരു, മറ്റു വിത്തുകൾ അരിച്ചെടുത്തോ വെള്ളത്തിൽ ഇട്ടോ മറ്റു ഭൗതികമാർഗങ്ങളിലൂടെയോ (ഒരു ഗ്ലാസിൽ വെള്ളമെടുത്ത് അതിൽ മായം കലർന്ന അരി ഇടുക മറ്റു വിത്തുകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കും. മണൽ, കല്ല്‌ മുതലായവ വേഗത്തിൽ അടിത്തട്ടിൽ അടിയും)
ചായങ്ങൾ, റെഡ് ഓക്സൈഡ്‌ കൈയിൽ ഇട്ടു തിരുമ്മിയാൽ അരിമണിയിലെ നിറം പോകും. കുറച്ചു അരിമണി ഒരു ടെസ്റ്റ്‌ ട്യൂബിൽ എടുത്ത് വെള്ളം ഒഴിച്ച് നന്നായി കുലുക്കി കുറച്ചു ഹൈഡ്രോ ക്ലോറിക് ആസിഡ് ഒഴിക്കുക. പിങ്ക് നിറം ആകുന്നുണ്ടങ്കിൽ കോൾടാർ ചായം.
മൈദ ബോറിക് ആസിഡ് (ഭാരം കൂട്ടാൻ വേണ്ടി) കുറച്ചു മൈദ ഒരു ടെസ്റ്റ്‌ ട്യൂബിൽ എടുത്ത് 10 എം.എൽ വെള്ളം ചേർത്ത് നന്നായി കുലുക്കുക. ഇതിൽ 5 തുള്ളി ഹൈഡ്രോക്ലോറിക് അമ്ലം ഒഴിച്ച് കുലുക്കി അതിൽ മഞ്ഞളിൽ മുക്കിയ ഒരു ഫിൽറ്റർ പേപ്പർ മുക്കുക. ചുവപ്പ് നിറം കിട്ടുന്നുവെങ്കിൽ ബോറിക് ആസിഡ് ഉണ്ട്.
പഴയതും ഉപയോഗ ശൂന്യം ആയതും നല്ല മൈദക്ക് ചെറിയ മധുരം കലർന്ന രുചി ആണ്. കുഴയ്ക്കുമ്പോൾ കൂടുതൽ വെള്ളം വേണ്ടിവരും.
ഗോതമ്പ്പൊടി (ആട്ട) ഉമി കലർത്തുന്നു വെള്ളത്തിൽ വിതറുക. ഉമി പൊങ്ങി കിടക്കും
മണൽ, മറ്റു തരി മായങ്ങൾ, ചെളി മണ്ണ് ഒരു ടെസ്റ്റ്‌ ട്യൂബിൽ 10 എം.എൽ കാർബണ്‍ ടെട്ര ക്ലോറിക്ക് ആസിഡ് ഒഴിച്ച് നന്നായി കുലുക്കുക. അൽപനേരം കഴിഞ്ഞാൽ കല്ല്‌. മണ്ണ്, ചെളി ഇവ അടിയിൽ അടിയുന്നു.
ചോക്ക് പൊടി (ഭാരം കൂട്ടാന്‍) നേർത്ത ഹൈഡ്രോക്ലോറിക് അമ്ലത്തിൽ കുറച്ചു ഇടുക, പതഞ്ഞുയരുന്നു എങ്കിൽ ചോക്ക് പൊടി ഉണ്ട്.
സാമ്പാര്‍ പരിപ്പ് കേസരി പരിപ്പ് കേസരി പരിപ്പിന്റെ രൂപം സാമ്പാർ പരിപ്പിനെ അപേക്ഷിച്ച് കുറെകൂടി ഉരുണ്ടതായിരിക്കും, നിറം കടുത്തതായിരിക്കും. 50 ml. നേർത്ത ഹൈഡ്രോക്ലോറിക് അമ്ലത്തിൽ കുറെ പരിപ്പിട്ടു ചൂടാക്കി, 15 മിനിറ്റ് നേരം ചൂട് വെള്ളത്തിൽ സൂക്ഷിക്കുക. പിങ്ക് നിറം കിട്ടിയാൽ കേസരി ദാൽ ഉണ്ട് എന്ന് മനസ്സിലാക്കാം.
മെറ്റാനിൽയല്ലോ
(നിരോധിക്കപ്പെട്ടത്)
മെറ്റാനിൽ യെല്ലോ എന്ന ചായം ഉണ്ടെങ്കിൽ ചെറുതായി ചൂടാക്കുമ്പോൾ തന്നെ പിങ്ക്നിറംവരും. ചൂടു വെള്ളത്തിൽ വയ്ക്കേണ്ട.
പയറുവർഗങ്ങൾ ലെഡ് ക്രോമേറ്റ്
(ഈ രാസികം ഒരു ഭക്ഷണ വസ്തുവിലും ഉപയോഗിക്കാൻ പാടില്ലാത്തതാണ് )
5 ഗ്രാം സാമ്പിൾ എടുത്തു ടെസ്റ്റ്‌ ട്യൂബിൽ 10 ml. വെള്ളം ഒഴിച്ച് ഇളക്കി 10 ml. ഹൈ ഡ്രോക്ലോറിക് അമ്ലം ഒഴിക്കുക. പിങ്ക് നിറം ലെഡ് ക്രോമേറ്റിനെ സൂചിപ്പിക്കുന്നു.
ചെറുപയർ, ഗ്രീൻ പീസ്‌, പട്ടാണി പച്ച കോൾടാർ ചായം
(ചായം ചേർക്കുന്നത് നിരോധിച്ചിരിക്കുന്നു)
ഒരു നനഞ്ഞ ബ്ലോട്ടിംഗ് പേപ്പറിൽ നിരത്തി വയ്ക്കുക. പച്ചനിറം പേപ്പറിൽ വന്നാൽ ചായം ചേർത്തത്
മാലക്കൈറ്റ് ഗ്രീൻ
ഗ്രീൻ – എസ്
(രണ്ടും നിരോധിക്കപ്പെട്ടത്)
5 ഗ്രാം സാമ്പിൾ ഒരു ടെസ്റ്റ്‌ ട്യൂബ്ൽ എടുത്ത് 5 എം എൽ. വെള്ളം ചേർത്ത് നന്നായി ഇളക്കുക. 5 എം.എൽ. ഹൈഡ്രോക്ലോറിക് അമ്ലം ചേർക്കുക. മഞ്ഞനിറം ചായം ഉണ്ടെന്നതിന് തെളിവ്.
തേയില ഇരുമ്പ് തരി പേപ്പറിൽ നിരത്തി ഒരു കാന്തം ഉപയോഗിച്ചാൽ മനസ്സിലാക്കാം.
ചായങ്ങൾ (ഉപയോഗശൂന്യമായതും ഉപയോഗിച്ച് കഴിഞ്ഞതുമായ ചായപ്പൊടി വില്‍ക്കുന്നതിനായി) നനഞ്ഞ ഫിൽറ്റർ പേപ്പറിൽ നിരത്തുക. അതിലേക്കു നിറം പിടിക്കുന്നുണ്ടങ്കിൽ കോൾടാർ ചായങ്ങൾ ചേർത്തിട്ടുണ്ട്.
കാപ്പിപ്പൊടി സ്റ്റാർച്ച് 5 ഗ്രാം കാപ്പിപ്പൊടി ടെസ്റ്റ്‌ ട്യൂബിൽ എടുത്ത് 5 ml. വെള്ളം ഒഴിച്ച് ചൂടാക്കി അതിലേക്ക് 30 ml. പൊട്ടാസിയം പെർമാംഗനെറ്റ് ലായനി ചേർത്ത് ചൂടാക്കുക, ഇതിൽ ഹൈഡ്രോക്ലോറിക് അമ്ലം ചേർക്കുക. നിറം മാറിക്കഴിയുമ്പോൾ ആയിടിൻ ലായനി 3 തുള്ളി ചേർക്കുക. നീലനിറം ഉണ്ടായാൽ സ്റ്റാർച്ച്
ചിക്കറി ഒരു ഗ്ലാസ് വെള്ളത്തിലേക്ക്‌ സാമ്പിൾ വിതറുക. ചിക്കറി സാവധാനത്തിൽ വെള്ളത്തിൽ താഴുന്നു അതിന്റെ നിറം വെള്ളത്തിൽ ഒരു വരയായി കലരുന്നത് കാണാം.
പുളിങ്കുരു, ഈത്തപഴക്കുരു മുതലായവ കുറച്ചു കാപ്പിപ്പൊടി ഒരു ഫിൽറ്റർ പേപ്പറിൽ വിതറുക. അതിലേക്കു സോഡിയം കാർബണേറ്റ് ലായനി തളിക്കുക, ചുവപ്പുനിറം പേപ്പറിൽ പിടിക്കുന്നുവെങ്കിൽ മായം ഉറപ്പിക്കാം.
ഭക്ഷ്യ എണ്ണ ആർജിമോണഓയിൽ ഒരു ടെസ്റ്റ്‌ ട്യൂബിൽ 3 എം.എൽ.എണ്ണ എടുത്ത് അതിൽ ഗാഢനൈട്രിക് അമ്ലം ചേർക്കുക. ചുവപ്പോ, ചുവപ്പ് കലർന്ന തവിട്ടു നിറമോ വന്നാൽ മായം ഉറപ്പാക്കാം. (വളരെ കുറച്ചു ആർജി മോണഓയിലേ ഉള്ളുവെങ്കിൽ ഈ ടെസ്റ്റ്‌ കിട്ടില്ല.)
മിനെറൽ ഓയിൽ (മിനറൽ ഓയിലിന്റെ അംശം കുറവാണെങ്കിൽ ഈ ടെസ്റ്റ്‌ കിട്ടില്ല.) 2-3 ml. ഓയിൽ ടെസ്റ്റ്‌ ട്യൂബിൽ എടുത്ത് അത്രയും കാസ്റ്റിക് പൊട്ടാഷ് ലായനി ചേർക്കുക. തിളച്ചവെള്ളത്തിൽ വച്ചു 20 മിനിറ്റ് ചൂടാക്കുക. ഇതിൽ 10 ml. വെള്ളം ചേർക്കുക. കലങ്ങിയ നിറമാണങ്കിൽ മായം ഉണ്ട്.
ആവെണക്കെണ്ണ 1 ml. എണ്ണ 10 ml. പെറ്റ് ഇതെർ ചേർത്ത് നന്നായി കുലുക്കുക. ഇതിലേക്ക് അമ്മോണിയം മോളിബ്ഡേറ്റ് ലായനി ഒഴിക്കുക. നന്നായി ഇളക്കുക. പാലുപോലെ വെളുത്തനിറം ആവണക്ക് എണ്ണ മായത്തെസൂചിപ്പിക്കുന്നു
പരുത്തിക്കുരു എണ്ണ 3 ml. സാമ്പിൾ ടെസ്റ്റ്‌ ട്യൂബിൽ എടുത്ത് 2 ml. അമിൽ ആല്കഹോൾ + 1ml. കാർബണ്‍ ഡൈസൾഫൈഡ് (carbon-di-sulphide) + സൾഫർ ചേർത്ത് നന്നായി ചൂടാക്കുക. ചുവപ്പ് നിറം വന്നാൽ പരുത്തിക്കുരു എണ്ണ ചേർത്തിട്ടുണ്ട്.
കോൾടാർ ചായങ്ങൾ (ഭക്ഷ്യ എണ്ണകൾക്ക് ചെറിയ മഞ്ഞ നിറം ഉണ്ടാകും. അത് കൂ ട്ടാനാണ് ചായംചേർക്കുന്നത്) സാമ്പിൾ ടെസ്റ്റ്‌ ട്യൂബിൽ 2 ml. എടുത്ത് 2 ml. ഹൈഡ്രോക്ലോറിക് അമ്ലം ചേർക്കുക. ചെറുതായി ചൂടാക്കുമ്പോൾ മഞ്ഞ /പിങ്ക് നിറം ഉണ്ടാകുന്നുവെങ്കിൽ ചായം ചേർത്തി ട്ടുണ്ട്
വെളിച്ചെണ്ണ വിലകുറഞ്ഞ മറ്റ് എണ്ണകള്‍ കുറച്ചെടുത്ത് ഒരു കുപ്പിയിൽ അടച്ച് റഫ്രിജെറേറ്ററിൽ വെക്കുക. ഉറഞ്ഞു കട്ടി ആകുന്നില്ലെങ്കിൽ മായം ഉണ്ട് (വെളിച്ചെണ്ണ വേഗത്തിൽ ഉറയുന്നു)
പഞ്ചസാര വെളുത്ത മണൽത്തരി, മാർബിൾ തരി, ചോക്ക് പൊടി കുറച്ചെടുത്ത് വെള്ളത്തിൽകലക്കുക. അലിയാതെ അടിയുന്നുണ്ടെങ്കിൽ മായം ഉണ്ട്
യൂറിയ പാലിലെ യൂറിയ ടെസ്റ്റ് നോക്കുക.
ശർക്കര വാഷിംഗ് സോഡാ, ബൈകാർബണേറ്റ് കുറച്ചെടുത്തു വെള്ളതിൽ കലക്കി 1എം.എൽ. ഹൈഡ്രോ ക്ലോറിക് അമ്ലം ഒഴിക്കുക. പതഞ്ഞുയരുന്നുണ്ടങ്കിൽ ഈ മായം ഉണ്ട്.
കോൾ ടാർ ചായം
(ഇപ്പോൾ ശർക്കര (വെല്ലം) പല നിറത്തിൽ വിപണിയിൽ കിട്ടുന്നുണ്ട് )
1) ടെസ്റ്റ്‌ ട്യൂബിൽ കുറച്ച് എടുത്തു റെക്ടിഫൈഡ് സ്പി രിറ്റ്‌ ചേർത്ത് ഇളക്കുക. മഞ്ഞ നിറം വരുന്നുണ്ടെങ്കിൽ ചായം ഉണ്ട്.
2) കുറച്ചു ശർക്കര എടുത്ത് വെള്ളത്തിൽ കലക്കി അതിൽ ഹൈഡ്രോ ക്ലോറിക് അമ്ലം ചേർക്കുക. പിങ്ക് നിറം ഉണ്ടെങ്കിൽ ചായം ചേർത്തിട്ടുണ്ട്.
തേൻ പഞ്ചസാര ലായനി 1) 2-3 തുള്ളി വെള്ളത്തിൽ ഒഴിക്കുക. അത് വെള്ളത്തിൽ ലയിക്കാതെ തുള്ളിയായി അടിയിലേക്ക് പോകും. വെള്ളത്തിൽ അലിഞ്ഞുചെരുന്നുണ്ടെങ്കിൽ പഞ്ചസാര വെള്ളം ഉണ്ട്.
2) ഒരു തുണിത്തിരിയിൽ തേൻ മുക്കി കത്തിച്ചു നോക്കുക. ശുദ്ധമായ തേൻ നിശ്ശബ്ദമായി കത്തും, വെള്ളം ചേർന്നിട്ടുണ്ടങ്കിൽ പൊട്ടൽ ശബ്ദം ഉണ്ടാകും.
ശർക്കര 5 ml. തേൻ എടുത്ത് ഈതർ ചേർത്ത് ഇളക്കി ഈതർ ഒരു പ്ലയ്റ്റിലേക്ക് ഒഴിച്ചെടുക്കുക. റിസോർസിനോൾ ഗാഢ ഹൈഡ്രോ ക്ലോറിക് അമ്ലത്തിൽ ലയിപ്പിച്ച് 5 ml. ഇതിലേക്ക് ഒഴിക്കുക. ചുവപ്പ്/ക്രിംസണ്‍ നിറം ശർക്കര ചേർത്തതിനെ സൂചിപ്പിക്കുന്നു.
പാൽ വെള്ളം 1) ലാക്ടോമീറ്റർ പാലിൽ ഇട്ടു നോക്കിയാൽ 26ൽ താഴെ ആകാൻ പാടില്ല.
2) മിനുസമുള്ള ,ചെരിഞ്ഞ പ്രതലത്തിൽ ഒരു ഗ്ലാസ് പ്ലേറ്റ് വെച്ച് ഒരു തുള്ളി പാൽ ഒഴിക്കുക. അത് സാവധാനത്തിൽ വെളുത്ത അടയാളം ശേഷിപ്പിച്ചുകൊണ്ട്‌ ഒഴുകുന്നു എങ്കിൽ വെള്ളം ചേർത്തിട്ടില്ല. പെട്ടെന്ന് ഒഴുകിയാൽ വെള്ളം ഉണ്ട്.
പഞ്ചസാര/ഗ്ലുകോസ് ഒരു ടെസ്റ്റ്‌ ട്യൂബിൽ 5 ml.പാൽ എടുത്ത് അത്രയും ഹൈഡ്രോ ക്ലോറിക് അമ്ലം ചേർത്ത് ചൂടാക്കുക. അതിലേക്കു ഒരു നുള്ള് റിസോർസിനോൾ ഇടുക. ചുവപ്പ് നിറം വന്നാൽ പഞ്ചസാര മായമായി ചേർത്തിട്ടുണ്ട് .
സ്റ്റാർച്ച് ടെസ്റ്റ്‌ ട്യൂബിൽ ഒരു സ്പൂണ്‍ പാലെടുത്ത് ഒരു തുള്ളി അയോഡിൻ ഒഴിക്കുക. നീലനിറം വരുന്നുണ്ടങ്കിൽ സ്റ്റാർച്ച് ചേർത്തിട്ടുണ്ട്.
യൂറിയ ഒരു ടീസ്പൂണ്‍ പാൽ ടെസ്റ്റ്‌ ട്യൂബിൽ എടുത്ത് അതിൽ അര ടീസ്പൂണ്‍ സോയാബീൻ പൊടി ഇട്ടു നന്നായി കുലുക്കുക. 5 മിനിട്ടിനു ശേഷം ഒരു ചുവപ്പ് ലിറ്റ്മസ് പേപ്പർ അതിൽമുക്കുക. 1 മിനിട്ടിനു ശേഷംഎടുക്കുമ്പോൾ നീല നിറം പേപ്പറിന് ഉണ്ടെങ്കിൽ യൂറിയ ചേർത്തിട്ടുണ്ട്
ബോറിക് ആസിഡ് ടെസ്റ്റ്‌ ട്യൂബിൽ 5 ml. പാൽ എടുക്കുക അതിൽ 10 തുള്ളി ഹൈഡ്രോ ക്ലോറിക് അമ്ലം ചേർത്ത് നന്നായി കൂട്ടി ചേർക്കുക.ഇതിൽ മഞ്ഞളിൽ മുക്കിഉണക്കിയ ഒരു പേപ്പർ കഷണം മുക്കുക. നിറം ചുവപ്പും അതിനു ശേഷം പച്ചയും ആകുന്നുവെങ്കിൽ പാലിൽ ബോറിക് ആസിഡ് ഉണ്ട്.
ഫോർമാലിൻ
(ഫോർമലിൻ പാല് ചീത്തയാകാതെ കൂടുതൽ സമയം സൂക്ഷിക്കുവാൻ വേണ്ടി ചേർക്കുന്ന പ്രിസർവേറ്റീവ് ആണ് )
10 ml. പാൽ ടെസ്റ്റ്‌ ട്യൂബിൽ എടുക്കുക. അതിലേക്ക് ഗാഢസൾഫുരിക് അമ്ലം ടെസ്റ്റ്‌ ട്യൂബിന്റെ സൈഡ്ൽ കൂടി പതുക്കെ ഒഴിക്കുക. നീലയോ, വയലെറ്റോ വളയം രണ്ടു ദ്രാവകവും ചേരുന്ന ഭാഗത്ത് ഉണ്ടാകുന്നുണ്ടെങ്കിൽ ഫോർമാലിൻ ഉണ്ട്.
അലക്ക് പൊടി (ഡിറ്റെർജെന്റ്) ടെസ്റ്റ്‌ ട്യൂബിൽ എടുത്ത് കുറച്ചു വെള്ളം ചേർത്ത് നന്നായി കുലുക്കുക. പതയുന്നുവെങ്കിൽ മായം ഉറപ്പിക്കാം.
വനസ്പതി/എണ്ണ
(പാലിന്റെ സാന്ദ്രത നിലനിര്‍ത്താന്‍)
ടെസ്റ്റ്‌ ട്യൂബിൽ 5 ml. എടുക്കുക. അതിൽ 5 ml. ഹൈഡ്രോ ക്ലോറിക് അമ്ലം ചേർക്കുക.ഇതിൽ ഒരു നുള്ള് പഞ്ചസാര ഇടുക. നന്നായി കുലുക്കുക. 5 മിനിടിനു ശേഷം ചുവപ്പ്/ തവിട്ടു നിറം വരുന്നുവെങ്കിൽ വനസ്പതി ചേർത്തിട്ടുണ്ട് എന്ന് ഉറപ്പാക്കാം..
കൃത്രിമ പാൽ – ബോറിക്ആസിഡ്, എണ്ണ, വനസ്പതി, ഫോർമലിൻ, അലക്കുപൊടി കയ്പ്പു രുചി ആയിരിക്കും. കൈയ്യിൽ വച്ച് തിരുമ്മിയാൽ സോപ്പ് പോലെ തോന്നും. ചൂടാക്കിയാൽ മഞ്ഞ നിറം ആകും.
പനീർ സ്റ്റാർച്ച് (ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്‌, കപ്പപ്പൊടി)
കുറച്ചെടുത്ത് വെള്ളം ചേർത്ത് തിളപ്പിക്കുക. തണുപ്പിച്ചതിനു ശേഷം അയഡിൻ മൂന്നു നാല് തുള്ളി ചേർക്കുക. നീലനിറം ഉണ്ടാകുന്നുവെങ്കിൽ മായം ഉണ്ട്.
വനസ്പതി ടെസ്റ്റ്‌ മുകളിൽ കൊടുത്തിട്ടുണ്ട്.
നെയ്യ്, ബട്ടർ കോൾ ടാർ ചായം (മായം ചേര്‍ത്ത നെയ്യിന് സ്വാഭാവിക നിറം കിട്ടാന്‍) ഒരു ടീ സ്പൂണ്‍ എടുത്ത് ചൂടാക്കി അതിലേക്കു ഗാഢസൾഫ്യൂരിക്/ ഹൈഡ്രോക്ലോറിക് അമ്ലം 2 ml. ഒഴിക്കുക.നന്നായി ഇളക്കി ചേർക്കുക. പിങ്ക് /ക്രിംസണ്‍ നിറം ഉണ്ടാകുന്നുണ്ടങ്കിൽ കൃത്രിമ ചായം ഉണ്ടെന്ന് തെളിവ്.
വനസ്പതി/മാർഗാരിൻ ടെസ്റ്റ്‌ മുകളിൽ കൊടുത്തിട്ടുണ്ട്.
ഉരുളക്കിഴങ്ങ് പൊടി, മധുരകിഴങ്ങ്‌ പൊടി, മറ്റു തരം സ്റ്റാർച്ച് അയോഡിൻ ടെസ്റ്റ്‌ (മുകളിൽ കൊടുത്തിട്ടുണ്ട്.)
മധുര പലഹാരങ്ങൾ, ഐസ് ക്രീം, ബേക്കറി സാധനങ്ങൾ, ശീതള പാനീയങ്ങൾ, അവയുടെ പോടിരൂപത്തിൽ ഉള്ള മിശ്രിതങ്ങൾ, ജാം, ജെല്ലി, ലെമോനെഡ, സ്ക്വാഷ് മുതലായവ

(ഭക്ഷ്യ സുരക്ഷാ വകുപ്പും മറ്റുസംഘടനകളും നടത്തിയ എല്ലാ പഠനങ്ങളിലും ഏറ്റവും കൂടുതൽ മായംചേർക്കൽ കണ്ടെത്തിയിരിക്കുന്നത് ഇപ്പറഞ്ഞ ഭക്ഷ്യ ഉത്പ്പ്ന്നങ്ങളിൽ ആണ്. പ്രത്യകിച്ചും നിറങ്ങൾ. നിരോധിചിട്ടുള്ളവയും, അല്ലാത്തവയും.)

കോൾ ടാർ ചായങ്ങൾ വെള്ളം,/ ഈതർആൽകഹോൾ ഇവയിലേതെങ്കിലും ഉപയോഗിച് ടെസ്റ്റ് ചെയ്യുവാനുള്ള ഉത്പന്നങ്ങളിലെ ചായം ലയിപ്പിച്ചു എടുക്കുക (മിക്കവാറും എല്ലാം വെള്ളത്തിൽ ലയിച്ചു കിട്ടും) എന്നിട്ട് ഇവയെ മിനറൽ അമ്ലം (HCl, H2SO4, HNO3) 2-3 തുള്ളി ചേർത്ത് നോക്കുക (ചിലപ്പോൾ ചൂടാക്കേണ്ടി വരും). മഞ്ഞ, ക്രിംസൻ, ചുവപ്പ്, മജന്ത മുതലായ എതെങ്കിലും നിറം ഉണ്ടായാൽ ചായങ്ങൾ ചേർത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം.
ലെഡ് ക്രോമേറ്റ് സാമ്പിൾ വെള്ളം, സ്പിരിറ്റ്‌, ഇതെർ ഇവയിലൊരു ദ്രാവകത്തിൽ ലയിപ്പിച്ചു ആ ദ്രാവകത്തിൽ ഹൈഡ്രോ ക്ലോറിക് അമ്ലം ചേർത്താൽ പിങ്ക്/ ചുവപ്പ് നിറം വരുന്നു എങ്കിൽ ഈ വസ്തു ചേർത്തിട്ടുണ്ട്. നിറം വന്നില്ല എങ്കിൽ ഹൈഡ്രജൻസൾഫൈഡ് കടത്തി വിടുക. കറുപ്പുനിറം വരുന്നു എങ്കിൽ ലെഡ് ക്രോമേറ്റ് ഉണ്ട്
പഴം, പച്ചക്കറി കോൾ ടാർ ചായങ്ങൾ
(പുതിയതാണെന്ന തോന്നൽ ഉണ്ടാക്കാനും, ആകര്‍ഷണീയതക്കും വേണ്ടി)
ഒരു തുണി ഹെക്സേനിലോ ഈതറിലോ നനച്ച് പച്ചക്കറി, പഴം ഇവയെടുത്ത് അമർത്തി തുടയ്ക്കുക. കൃത്രിമ ചായം ഉണ്ടെങ്കിൽ തുണിയിലേക്ക് നിറം പടരും. (മുകളിൽ കൊടുത്തിരിക്കുന്ന മാതിരി ഇവ കഴുകിയ വെള്ളം വച്ച് ചായം ടെസ്റ്റ്‌ ചെയ്യാം. വത്തക്ക പോലുള്ള പഴങ്ങളുടെ വെള്ളത്തിലുള്ള ലായനി ഉപയോഗിക്കാം.)

 

II സുഗന്ധവ്യഞ്ജനങ്ങൾ, പലവ്യഞ്ജനങ്ങൾ ഇവയിലെ മായം കണ്ടുപിടിക്കുവാനുള്ള മാര്‍ഗ്ഗം

പലവ്യഞ്ജനങ്ങൾ മായം ടെസ്റ്റ്
കുരുമുളക്, ഏലം, ഗ്രാമ്പൂ, മല്ലി, ജീരകം, കടുക് ചെളി, മണ്ണ്, പൊടിഞ്ഞതും ചീത്തയായതും, അന്യ സസ്യങ്ങളുടെ വിത്തുകളും, കുരുവും. കണ്ടു മനസ്സിലാക്കാം,
സത്ത് ഊറ്റിഎടുത്തതിനു ശേഷമുള്ളത് ചുക്കിച്ചുളിഞ്ഞും,സ്വാഭാവീകമായുള്ള വലുപ്പം, നിറം ഇവ ഇല്ലാതെയും.
കുരുമുളക് പപ്പായക്കുരു ആകൃതിയിൽ കൂടുതൽ ഓവൽ ആയിരിക്കും, എളുപ്പത്തിൽ വിരലിൽ വച്ച് പൊട്ടിക്കാം. കയ്പ്പ് രുചി, നിറം തിവിട്ടു കലർന്ന കറുപ്പ്.

കുറച്ചുസാമ്പിൾ റെക്റ്റിഫൈഡ് സ്പിരിറ്റിൽ ഇടുക. നല്ല കുരുമുളക് അടിയിലേക്ക് താഴും. മായം ആയിട്ടുള്ളത് പൊങ്ങി കിടക്കും.

കോൾ ടാർ ചായം മുകളിലെ പട്ടിക നോക്കുക.
മിനറൽ ഓയിൽ മിനെറൽ ഓയിൽ പുരട്ടിയിട്ടുണ്ടങ്കിൽ മണ്ണെണ്ണയുടെ മണം .
കടുക് ആർജിമോണ (argemone seeds) ആർജിമോണ കുരുവിന്റെ പുറം പരുപരുത്തിരിക്കും. നിറം കൂടുതൽ കറുപ്പ്. കടുകിന്റെ പുറം നല്ല മിനുസവും തവിട്ടു കലർന്ന കറുപ്പും ആണ്. കടുക് പൊട്ടിച്ചാൽ അതിന്റെ കാമ്പിനു മഞ്ഞ നിറമാണ്. ആര്‍ജിമോണ വെളുപ്പും.
സുഗന്ധവ്യഞ്ജന പൊടികൾ സ്റ്റാർച്ച് മായം ആയി ചേർത്തത് കുറച്ചു സാമ്പിൾ ഒരു ടെസ്റ്റ്‌ ട്യൂബിൽ എടുത്ത് വെള്ളത്തിൽ കലക്കുക. അതിൻറെ തെളി എടുത്ത് അയഡിൻ ലായനി ഒഴിക്കുക. നീല നിറം മായത്തെ സൂചിപ്പിക്കുന്നു. (മഞ്ഞൾ പൊടിക്ക് ഈ ടെസ്റ്റ്‌ പറ്റുകയില്ല)
ഉമി,തണ്ട്,ഇല, മുതലായവയുടെ പൊടി, നേരിയ അറക്കപ്പൊടി വെള്ളത്തിൽ വിതറുക. ഇവയെല്ലാം പോങ്ങികിടക്കും.
മുളക് പൊടി മണ്ണ്, ചെങ്കല്പൊടി, ചുടുകട്ട പൊടിച്ചത്, അറക്കപ്പൊടി, ചായം കുറച്ചെടുത്ത് വെള്ളത്തിൽ വിതറുക. മണ്ണും കട്ടപ്പൊടിയും അടിയിൽ അടിയും.അതെടുത്തു വിരലിൽ വച്ച് തിരുമ്മിയാൽ തരുതരിപ്പുണ്ടാകും. മുളകുപൊടി അടിഞ്ഞതിന് മാർദ്ദവം ഉണ്ടാകും. നിറം വെള്ളത്തിൽ പെട്ടന്ന് നൂൽ പോലെ അടയാളം ശേഷിപ്പിക്കും.
കൊഴുപ്പിൽ ലയിക്കുന്ന കൃത്രിമ ചായം ടെസ്റ്റ്‌ ട്യൂബിൽ ഒരു ചെറിയ സ്പൂണ്‍ മുളക് പൊടി എടുക്കുക. അതിലേക്ക് 15 എം.എൽ ഇതെർ ഒഴിച്ചു നന്നായി ഇളക്കുക. ഇത് വേറൊരു ടെസ്റ്റ്‌ ട്യൂബിൽ ഉള്ള ഹൈഡ്രോക്ലോറിക് അമ്ളത്തിലേക്ക് ഒഴിച്ചു നന്നായി കുലുക്കുക. ആസിഡ് ഭാഗം പിങ്ക്/ ചുവപ്പ് ആകുന്നു എങ്കിൽ ചായം ചേർത്തിട്ടുണ്ട്. (മറ്റു പോടികൾക്കും ഈ ടെസ്റ്റ്‌ ഉപയോഗിക്കാം).
വെള്ളത്തിൽ ലയിക്കുന്ന ചായങ്ങൾ. സാമ്പിൾ വെള്ളത്തിൽ വിതറുക. പൊടികൾ നിറമുള്ള രേഖകൾ ആയി താഴേക്ക്‌ അടിയും.
സുഡാൻ-III ടെസ്റ്റ്‌ ട്യൂബിൽ സാമ്പിൾഎടുത്തു 10എം’എൽ. ഹെക്സേൻ ഒഴിച്ചു കുലുക്കുക. ഹെക്സേൻ വെറൊരു ടെസ്റ്റ് ടൂബിൽ ഉള്ള അസറ്റൊനൈട്ട്രിൽ ലായനിയിലേക്ക് ചേർക്കുക. ചുവപ്പ് നിറം സുഡാൻ-111 കലർത്തിയതായി സൂചിപ്പിക്കുന്നു.
റോഡാമിൻ-ബി ½ ടീസ്പൂണ്‍ സാമ്പിൾ ടെസ്റ്റ്‌ ട്യൂബിൽ എടുത്ത് 8 എം.എൽ.വെള്ളം ചേർത്ത് ഇളക്കുക.ഇതിലേക്ക് എം..എൽ. കാർബണ്‍ ടെട്ട്രക്ലോറൈഡ് ഒഴിച്ച് നന്നായി കുലുക്കുക. ചുവപ്പ് നിറം ഇല്ലാതാകുന്നു. ഒരു തുള്ളി ഹൈഡ്രോക്ലോറിക് അമ്ലം ചേർക്കുമ്പോൾ ചുവപ്പ് നിറം വീണ്ടും വരുന്നെങ്കിൽ റോഡാമിൻ-ബി ചേർത്തിട്ടുണ്ട്.
കായം പൊടി കല്ലുപൊടി, മണൽ, മണ്ണ് ടെസ്റ്റ്‌ ട്യൂബിൽ കുറച്ചു പൊടി എടുത്ത് വെല്ലാൻ ഒഴിച്ച് നന്നായി കുലുക്കുക.കുറച്ചു നേരം അനക്കാതെ വയ്ക്കുക. കല്ല്‌, മണ്ണ് എല്ലാം ടെസ്റ്റ്‌ ട്യൂബിന്റെ ചുവട്ടിൽ അടിയും.
സ്റ്റാർച്ച് അയോഡിൻ ലായനി ഒഴിക്കുമ്പോൾ നീല നിറം സ്റ്റാർച് ചേർത്തിട്ടുണ്ടന്നതിന് തെളിവ്.

മറ്റു മരക്കറകൾ
ഒരു സ്പൂണിൽ കുറച്ച് കായം എടുത്ത് കത്തിക്കുക. കർപ്പൂരം കത്തുന്നതുപോലെ നന്നായി മുഴുവൻ കത്തുന്നു എങ്കിൽ ശുദ്ധ കായം, ഇല്ലങ്കിൽ മായം ഉണ്ട്.
കുമിൻ (കരിം ജീരകം) കരിപുരട്ടിയ സമാനാകൃതിയുള്ള പുല്ലിൻ കായ്കൾ വിരലിനിടയിൽ വച്ച് തിരുമ്മുക. കരി വിരലിൽ പുരളും,കുമിൻനിറം ഇല്ലാത്തതും ആകും .
കറുവാപട്ട കാഷ്യപട്ട കറുവാപട്ട കട്ടി കുറഞ്ഞതും പ്രത്യേക മണം. വിളറിയ തവിട്ടു നിറമാണ്. കാഷ്യപട്ട വളരെകട്ടി കൂടി, പല അടുക്കുകളാ യിട്ടാണുള്ളത്. കടുത്ത തവിട്ടു നിറം, നേരിയ മണം.
മഞ്ഞൾ പൊടി മണൽതരി, കല്ല്‌, മണ്ണ് ടെസ്റ്റ്‌ ട്യൂബിൽ എടുത്ത് വെള്ളം ഒഴിച്ച് നന്നായി കുലുക്കുക.കുറച്ചു നേരം വച്ചിരുന്നാൽ കല്ല്‌, മണ്ണ് ഇവ അടിയും.അതിന്റെ നിറം നോക്കി മനസ്സിലാക്കാം.
അറക്കപ്പൊടി  
ലെഡ് ക്രോമേറ്റ് സാമ്പിൾ നേർത്ത ഹൈഡ്രോക്ലോറിക് അമ്ലവുമായി യോജിപ്പിച്ച് അതിലൂടെ ഹൈഡ്രജൻ സൾഫൈഡ് കടത്തിവിടും. കറുത്ത നിറം വന്നാൽ കോൾ ടാർ ചായങ്ങൾ ഉണ്ട്.
സുഡാൻ -111 മഞ്ഞൾപൊടി ഒരു ടെസ്റ്റ്‌ ട്യൂബിൽ എടുത്ത് 5 എം.എൽ. ഹെക്സേൻ ചേർക്കുക.നന്നായി കുലുക്കിയ ശേഷം ഈ ദ്രാവകം വേറൊരു ടെസ്റ്റ്‌ ട്യൂബിലെക്ക് ഊറ്റി എടുത്ത് അതിലേക്കു അസറ്റോ നൈട്രിൽ (2 എം.എൽ.) ചേർക്കുക.ചുവപ്പ് നിറം ആകുന്നെങ്കിൽ ചായം ഉണ്ട്.
മേറ്റാനിൽയല്ലോ സാമ്പിൾ ടെസ്റ്റ് ട്യൂബിൽഎടുത്ത് വെള്ളo / ആൽകഹോൾ ഇവയിൽ ഏതെങ്കിലും ചേർത്ത് നന്നായി കുലുക്കുക. ഇതിലേക്ക് ഹൈഡ്രോക്ലോറിക് അമ്ലം ചേർക്കുക. മജന്ത/ പിങ്ക് നിറം വന്നാൽ ഈ മായം ഉണ്ട്.

കുറിപ്പ് –

കീട നാശിനികളും, മണം രുചി എന്നീ ഗുണങ്ങൾക്കായി ചേർക്കുന്ന രാസവസ്തുക്കളും ടെസ്റ്റ്‌ ചെയ്യാൻ പ്രത്യേക ഉപകരണങ്ങൾ ഉള്ള ലാബ് ആവശ്യമാണ്‌.

Happy
Happy
60 %
Sad
Sad
7 %
Excited
Excited
11 %
Sleepy
Sleepy
6 %
Angry
Angry
6 %
Surprise
Surprise
11 %

3 thoughts on “ഭക്ഷ്യവസ്തുക്കളിലെ മായം

  1. അജിനമോട്ടോ മായമാണോ?മായമായി ചേര്‍ക്കുന്ന ഒരു വസ്തു ക്യാന്‍സര്‍ അല്ലെങ്കില്‍ അത്പപോലെയുള്ള മറ്റ് രോഗങ്ങള്‍ക്ക് കാരണമാകും എന്നതിനുള്ള പഠനങ്ങള്‍ ലഭ്യമാണോ?

  2. Dr.K.M.SREEKUMAR Professor Kerala Agricultural university college of agriculture Padnekkad kasaragod Kerala says:

    Descriptive article. But no statistics given such as how manysurveys were conducted by FSSAI for the past say 4 to 5 years and how many samples were contaminated and how many are above MRL etc. Otherwise this article is going to make panic in the reader. Provide real facts and figures and then analyse. [email protected]

Leave a Reply

Previous post ശാസ്ത്രപഠനത്തെക്കുറിച്ച് തന്നെ 
Next post നിര്‍മിതബുദ്ധി – ഒരാമുഖം
Close