Read Time:17 Minute

ഡോ. കെ.പി. അരവിന്ദന്‍

ശാസ്ത്രസാങ്കേതിക വിദ്യകളുടെ ഗുണങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രത്തിനെതിരായി പോരാടുന്നവരെ വെളിപ്പെടുത്തുക, ശാസ്ത്രബോധം പുലരുന്ന സമൂഹത്തിനായി ഒന്നിക്കുക ” ഡോ. കെ.പി. അരവിന്ദന്‍ (പ്രസിഡന്റ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)

science
സയൻസിന്റെ അപാരമായ കഴിവുകൾക്ക് സാക്ഷ്യമാണ്  ഇന്നത്തെ ലോകം. ഇന്റർനെറ്റും  സ്മാർട്ട്ഫോണും ബഹിരാകാശ പേടകങ്ങളും മൂലകോശ ചികിത്സയും തന്മാത്രാ ജനിതകത്തിന്റെ പുതു ജീവ സൃഷ്ടികളുമൊക്കെ അടങ്ങുന്ന ഇന്നത്തെ അത്ഭുത ലോകം. ഇന്നിപ്പോൾ സർവസാധാരണമായ സ്മാർട്ട്ഫോണിന്റെ കാര്യം തന്നെയെടുക്കൂ. എത്രയെത്ര സാങ്കേതികവിദ്യകൾ അതിൽ കൂടിച്ചേർന്നിരിക്കുന്നു. കാമറ, റേഡിയോ, ഓഡിയോ, ഡാറ്റ, ബ്രൌസർ, ജിപിഎസ്, ഓ.എൽ.ഇ,ഡി ടച്ച് സ്ക്രീൻ, എൻ.എഫ്.സി എന്നിങ്ങനെ എത്ര സാങ്കേതിക വിദ്യകൾ. പ്ലാസ്റ്റിക്, ഗ്ലാസ്, റബ്ബർ, എപ്പോക്സി, സിലിക്കോണ്‍, ചെമ്പ്, ഈയം, ടിൻ, ക്രോമിയം, അലുമിനിയം, സ്വർണം, വെള്ളി, ഇരുമ്പ്, ലിതിയം, ഇറിഡിയം, ടന്റാലം എന്നിങ്ങനെ ശാസ്ത്രം വികസിപ്പിച്ചെടുത്ത എത്രയോ പദാർത്ഥങ്ങൾ ഒരു സ്മാർട്ട്ഫോണിൽ ഉപയോഗിച്ചിരിക്കുന്നു.

[box type=”note” ]നമ്മുടെ ജീവിത സൗകര്യങ്ങളെല്ലാം പടുത്തുയര്‍ത്തിയിരിക്കുന്നത് ശാസ്ത്ര – സാങ്കേതിക നേട്ടങ്ങളുടെ സംഭാവനയിലാണ്. എന്നാല്‍ കേവലം ചില ശാസ്തജ്ഞരുടെ സൃഷ്ടികള്‍ എന്നതിലുപരി ഈ നേട്ടങ്ങള്‍ ശാസ്ത്രീയമായ ചിന്താരീതിയുടെ ഉത്പന്നങ്ങളാണ് എന്ന് മനസ്സിലാക്കുന്നവര്‍ ചുരുക്കമാണ്[/box]

സെൽ ഫോണ്‍ ഉപയോഗിക്കുന്നവരിൽ തന്നെ എത്ര പേർക്ക് ഇതിന്റെയെല്ലാം പിറകിൽ ആയിരക്കണക്കിന് ശാസ്ത്ര കണ്ടുപിടുത്തങ്ങൾ ഉണ്ടെന്ന് അറിയാം? അറിയുന്നവരിൽ തന്നെ മിക്കവരും ഇതൊക്കെ ഏതാനും  ചില ശാസ്ത്രജ്ഞരുടെ  മികവിന്റെ ഫലമായിട്ടാണ് കാണുന്നത്. സയൻസ് എന്ന ചിന്താരീതിയുടെ നേട്ടങ്ങൾ ആണിതെന്ന് മനസ്സിലാക്കുന്നവർ വിരളമാണ്. തികച്ചും ഭൌതികവാദപരമായ ഈ ചിന്താപദ്ധതിയുടെ അടിത്തറ അതിന്റെ അറിവ് നേടുന്ന രീതിയാണ്. അനുഭാവജ്ഞാനത്തിലൂടെ നേടുന്ന ഈ അറിവുകൾ പരസ്പരബന്ധിതമായിരിക്കണം. തെറ്റോ ശരിയോ എന്ന് പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ കണ്ടെത്താൻ സാദ്ധ്യതയുള്ള കാര്യങ്ങൾ ആണ് ശാസ്ത്രം പരിശോധനക്കെടുക്കുന്നത്. തെളിവില്ലാത്ത ഒന്നും ശാസ്ത്രതത്വങ്ങളാകുന്നില്ല.

ശാസ്ത്രമെന്തെന്നുള്ള അറിവിന്റെ അഭാവത്തിൽ ശാസ്ത്രവിരുദ്ധതയും ശാസ്ത്രനിരാകരണവും സമൂഹത്തിൽ വേരു പിടിക്കുന്നു. പ്രധാനമായും നാല്  ഉറവിടങ്ങളാണ്  ഇന്നത്തെ ശാസ്ത്രവിരുദ്ധത നിലപാടുകള്‍ക്കുളളത്.

  • മതം
  • വലതുപക്ഷ രാഷ്ട്രീയം
  • നവലിബറൽ സാമ്പത്തികം
  • ഉത്തരാധുനിക ഇടതുപക്ഷം

പരിണാമവാദം ഇന്ന് ആധുനിക ബയോളജിയുടെ അടിത്തറയാണ്. എന്നിട്ടും അതിന് വിവിധ മതങ്ങളുടെ ഭാഗത്ത് നിന്നും ശക്തമായ എതിർപ്പ് നേരിടേണ്ടിവരുന്നു. തങ്ങളുടെ വിവിധ സൃഷ്ടികഥകൾക്ക് പ്രസക്തി നഷ്ടപ്പെടുന്നു എന്നത് തന്നെ മതങ്ങളുടെ ഈ നിലപാടിന് കാരണം. ‘ന്റുപ്പാപ്പാക്ക്  ഒരു ആനേണ്ടാർന്നു’ എന്ന മട്ടിൽ എല്ലാ ശാസ്ത്രവും പഴയ വേദപുസ്തകങ്ങളിലുണ്ട് എന്ന അവകാശവാദങ്ങളുമായി പല മതഭ്രാന്തന്മാരും ഇപ്പോഴും രംഗത്തുണ്ട്. പുരാതന ഇന്ത്യയിൽ  വൈമാനികശാസ്ത്രവും, മൂലകോശ ശാസ്ത്രവും ഒക്കെ ഉണ്ടായിരുന്നത്രെ. ഇതൊക്കെ  ഏതാനും വിഢികളുടെ വിടുവായിത്വം ആയി തള്ളിക്കളയാൻ കഴിയില്ല. ശാസ്ത്ര കോണ്‍ഗ്രസ്സിൽ വരെ ഇതൊക്കെ അവതരിപ്പിക്കപ്പെടണം എന്നു നിർബന്ധം പിടിക്കുകയും ഗണപതിയുടെ തല പ്ലാസ്റ്റിക് സർജറിയുടെ ഉദാഹരണമാണെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പറയുകയും ചെയ്യുന്ന അവസ്ഥ, മതം ശാസ്ത്രബോധത്തെ എപ്രകാരം വെല്ലുവിളിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്. ഒരു മതവും ഇക്കാര്യത്തിൽ മോശമല്ല. ആധുനിക ഭ്രൂണശാസ്ത്രം മുഴുവൻ കൊറാനിൽ ഉണ്ടെന്നാണ് ഒരു അവകാശവാദം.

A_Mesmerist
Wellcome Images, Via https://commons.wikimedia.org

മതങ്ങളുമായി കൂടിച്ചേർന്നും അല്ലാതെയും വലതുപക്ഷ രാഷ്ട്രീയവും അശാസ്ത്രീയതകൾ പ്രചരിപ്പിക്കുന്നതിൽ സജീവമായി രംഗത്തുണ്ട്. മനുഷ്യ വർഗ്ഗം പൂർവികരിൽ നിന്ന് ആവിർഭവിച്ചിട്ട് രണ്ടു ലക്ഷം വർഷങ്ങൾക്ക് താഴെ മാത്രമേ ആയിട്ടുള്ളൂ എന്നും വിവിധ ഭൂഖണ്ഡങ്ങളിൽജീവിക്കുന്ന മനുഷ്യർ തമ്മിൽ ബുദ്ധിശക്തിയിലും മറ്റും കാര്യമായ വ്യത്യാസങ്ങൾ ഉണ്ടായിട്ടില്ല എന്നുമാണ് ആധുനിക ജീവശാസ്ത്രം പറയുന്നത്. എന്നാൽ, ജനിതകമായി മനുഷ്യവിഭാഗങ്ങൾ വ്യത്യസ്തരാണെന്നും ഐ.ക്യു ടെസ്റ്റുകളിൽ ഉള്ള വ്യത്യാസങ്ങൾ അതാണ് കാണിക്കുന്നതെന്നും വാദിക്കപ്പെടുന്നു.  അത് കൊണ്ടു തന്നെ അമേരിക്കയിലെ കറുത്ത വംശജർ, ഇന്ത്യയിലെ ദളിതർ എന്നിവർക്കൊക്കെ വേണ്ടിയുള്ള പ്രത്യേക പരിപാടികൾ, സംവരണം എന്നിവയൊക്കെ ഉപയോഗശൂന്യവും ദോഷകരവും ആണെന്ന് വാദിക്കുന്നിടത്താണ് ഇവരുടെ രാഷ്ട്രീയം തല പൊക്കുന്നത്.

പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസങ്ങളുടെ കാര്യത്തിലും ഈ ശാസ്ത്രവിരുദ്ധത പ്രകടമാണ്. സ്ത്രീയെ അടുക്കളകളിൽ ഒതുക്കുന്ന വലതുപക്ഷ വീക്ഷണത്തിന്റെ ഭാഗം തന്നെയാണിത്. ലിംഗബോധത്തിലും ശാരീരിക സവിശേഷതകളിലുമുള്ള വൈവിധ്യം ലൈംഗിക ആകർഷണത്തിലും അതത് ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രം പ്രകൃത്യാ ഉള്ളതാണെന്നും കേവലവും പരമ്പരാഗതവുമായ സ്ത്രീ-പുരുഷ ദ്വന്ദത്തിന് ശാസ്ത്രീയാടിത്തറ ഒന്നുമില്ലെന്നും ജീവശാസ്ത്രം തിരിച്ചറിയുന്ന കാലത്ത് തന്നെ ഇവയെല്ലാം പാടെ നിരാകരിക്കുന്ന നിലപാടുകളും ഈ വലതു പക്ഷ ശാസ്ത്രവിരുദ്ധതയുടെ ഉദാഹരണങ്ങളാണ്. ഹിറ്റ്‌ലറും മറ്റും ഉപയോഗിച്ചിരുന്ന വംശീയ സിദ്ധാന്തങ്ങൾ ഇത്തരത്തില്‍ ശാസ്ത്ര ലേബൽ ഒട്ടിച്ച ശാസ്ത്രവിരുദ്ധതയായിരുന്നു. ആര്യന്‍ (ശാസ്ത്ര) പാരമ്പര്യത്തിലും മികവിലും അന്ധമായ വിശ്വാസം വളര്‍ത്തിയെടുത്ത്, അതിന്റെ മറവിലാണ് അന്ന് അവര്‍ അവരുടെ പ്രചരണം നടത്തിയത്. ഇത് സമയത്തിനു തിരിച്ചറിയാൻ ജർമൻ ജനതയ്ക്ക്  കഴിയാതിരുന്നത് സൃ‍ഷ്ടിച്ച ദുരന്തം ചെറുതല്ല. ശാസ്ത്രീയ ചരിത്രരചനയെ നിഷേധിച്ചു കൊണ്ടുള്ള ഹിന്ദുത്വ നിലപാടുകൾ എതിർത്ത് തോൽപ്പിച്ചില്ലെങ്കിൽ ഒരു പക്ഷെ സമാനമായ അപകടങ്ങളിലേക്കായിരിക്കും അത് നമ്മെ നയിക്കുക.

cococola
കടപ്പാട് : http://elbesblog.blogspot.in/

വലതുപക്ഷ രാഷ്ട്രീയവും നവലിബറൽ സാമ്പത്തികവും ഒന്നിച്ചു ചേരുന്ന ശാസ്ത്രവിരുദ്ധതയുമുണ്ട്. കാലാവസ്ഥാ വ്യതിയാന ശാസ്ത്രത്തോടുള്ള എതിർപ്പ് തന്നെ നല്ല ഉദാഹരണം. ഒരു കാലത്ത് സിഗരറ്റ്‌ ശ്വാസകോശ കാൻസർ ഉണ്ടാക്കുമെന്ന കണ്ടുപിടുത്തത്തെ പുകയില കമ്പനികൾ എതിർത്തതിനു സമാനമാണിത്. ലാഭത്തെയും കമ്പനി ഓഹരി മൂല്യത്തേയും ബാധിക്കുന്ന എന്തിനേയും എതിർക്കുക എന്നതാണ് നവലിബറൽ കാലഘട്ടത്തിലെ മുതലാളിത്തത്തിന്റെ നയം.

മാർക്സും എംഗൽസും മുതൽ മാവോയും നെഹ്രുവും വരെയുള്ള, സോഷ്യലിസത്തിൽ പ്രതീക്ഷയർപ്പിച്ചിരു ന്നവരെല്ലാം തന്നെ, സയൻസിന്റെ കടുത്ത ആരാധകരായിരുന്നു. എന്നാൽ ഉത്തരാധുനിക ചിന്തകളാൽ സ്വാധീനിക്കപ്പെട്ട നവ-ഇടതുപക്ഷം അങ്ങനെയല്ല. അവരിൽ പലർക്കും സയൻസ് മറ്റേതിനെയും പോലെയുള്ള ഒരു കഥ പറച്ചിലാണ്, ബൃഹദാഖ്യാനമാണ്. സയൻസിന് ഒരു അപ്രമാദിത്വവും നല്കാൻ അവർ തയ്യാറല്ല. ഫ്രാൻസിലും അമേരിക്കയിലും യൂണിവേർസിറ്റികളിലെ സാമൂഹ്യശാസ്ത്ര വിഭാഗങ്ങളിൽ തുടങ്ങിയ ഈ ശാസ്ത്രവിമർശനം ക്രമേണ പലയിടത്തും എല്ലാ തരം കപടശാസ്ത്രങ്ങളേയും ശാസ്ത്രവിരുദ്ധതയേയും അംഗീകരിക്കുന്നതിലേക്കന്നതിലേക്ക് എത്തിനില്‍ക്കുന്നു.

വാക്സിൻ വിരുദ്ധതയുടെ കാര്യമെടുക്കുക. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിലടക്കം ലോകത്ത് പലയിടത്തും മീസിൽസും ഡിഫ്ത്തീരിയയും അത് പോലെ ഒരിക്കൽ ഇല്ലാതായ പല രോഗങ്ങളും ചെറിയ തോതിലെങ്കിലും തിരിച്ചു വന്നു കൊണ്ടിരിക്കുന്നു. രോഗപ്രതിരോധ ശേഷി നഷ്ടപ്പെട്ടവരിലും, പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാത്തവരിലുമാണ് ഇത് സംഭവിക്കുന്നത്. ഇതിനു കാരണം പ്രതിരോധ ചികിത്സ കിട്ടുന്ന കുട്ടികളുടെ തോതിൽ വന്ന ഇടിവാണ്. ഇതിനു കാരണമായ വാക്സിൻ-വിരുദ്ധ പ്രചരണം മേൽ പറഞ്ഞ നവ-ഇടതു പക്ഷത്തിന്റെ പ്രോത്സാഹനം ഇല്ലാതെ ഒരിക്കലും വിജയിക്കില്ലായിരുന്നു. ഇന്ത്യയേപ്പോലുള്ള ദരിദ്ര രാജ്യങ്ങളിൽ ഇത്തരം പ്രചരണങ്ങളുടെ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കും. വാക്സിൻ വഴി തടയാവുന്ന ചില രോഗങ്ങൾ കേരളത്തിൽ തിരിച്ചു വരുന്നതിൽ ഇത്തരം ശാസ്ത്ര വിരുദ്ധ പ്രചരണങ്ങൾക്കുള്ള പങ്ക് ചെറുതല്ല.

[box type=”warning” ]വാക്സിനുകളോടുള്ള എതിര്‍പ്പ്, ആധുനിക ചികിത്സയോടുള്ള എതിര്‍പ്പ്, ആധുനിക കാര്‍ഷിക രീതികളോടുള്ള എതിര്‍പ്പ്, ജനിതക സാങ്കേതിക വിദ്യയോടുള്ള എതിര്‍പ്പ് തുടങ്ങിയവ ഉത്തരാധുനിക ഇടതുപക്ഷത്തിലെ ഒരുവിഭാഗം തങ്ങളുടെ മുഖമുദ്രയാക്കിയിരിക്കുന്നു. മുതലാളിത്തത്തിനും കോര്‍പ്പറേറ്റുകള്‍ക്കുമെതിരെയുള്ള സമരങ്ങളോട് കണ്ണിചേരുന്നതാണീ എതിര്‍പ്പുകളെന്നാണ് വാദം. ഫലത്തില്‍ ഇവയെല്ലാം ചെന്നു ചേരുന്നത് ശാസ്ത്രത്തിന്റെയും ശാസ്ത്രബോധത്തിന്റെയും നിരാകരണത്തിലേക്കാണ്.[/box]

വാക്സീൻ വിരുദ്ധതക്കു പുറമേ പല തരം അശാസ്ത്രീയ ചികിത്സാ പദ്ധതികൾക്കും പ്രോത്സാഹനം കിട്ടുന്നത് ഇതേ സ്രോതസ്സിൽ നിന്നാണ്. പ്രമേഹം മുതൽ പല തരം കാൻസറുകൾ വരെയുള്ള, ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന പല രോഗങ്ങൾ ഉള്ളവരേയും, വഴി തെറ്റിച്ചു മരണത്തിൽ എത്തിക്കുന്നതിൽ ഇക്കൂട്ടർ വഹിക്കുന്ന പങ്ക് ചെറുതല്ല. ജനിതക സാങ്കേതിക വിദ്യകളുടെ കുത്തകവൽക്കരണത്തെ എതിർക്കുകയും അവ സുരക്ഷിതമെന്ന് ഉറപ്പു വരുത്താനുള്ള നിയന്ത്രണങ്ങൾക്കു വേണ്ടി വാദിക്കുകയും ചെയ്യുന്നതിനു പകരം, ജനിതക വിദ്യകളുടെ ഉപയോഗത്തെ തന്നെ എതിർക്കുന്നതും ഇവർ തന്നെ. മനുഷ്യന്‍ കാലങ്ങളായി ആര്‍ജ്ജിച്ചെടുത്ത ശാസ്ത്ര – സാങ്കേതിക നേട്ടങ്ങളുടെ ഉത്തമ മാതൃകയായ ശാസ്ത്രീയകൃഷി സമ്പ്രദായത്തിനെതിരെയുള്ള നീക്കള്‍ ഇക്കൂട്ടരുടെ മുന്‍കൈയ്യില്‍ നടക്കാറുണ്ട്. അതിലൂടെ തങ്ങള്‍ കാര്‍ഷിക രംഗത്തെ മുതലാളിത്ത ചൂഷണത്തിനെതിരാണെന്നൊക്കെയാണ്  വാദിക്കുക. ഫലത്തില്‍ മാനവരാശിയുടെ ഇന്നത്തെ രൂപത്തിലുള്ള നിലനില്‍പ്പ് സാദ്ധ്യമാക്കിയ, കൃഷിയിലെ ശാസ്ത്രീയ രീതികളെയെല്ലാം നിരാകരിക്കുവാന്‍ ഒരു വിഭാഗം ജനങ്ങളെ ഇവര്‍ ഇതുവഴി പ്രേരിപ്പിക്കുകയും ലാഭക്കൊതിമാത്രം ലക്ഷ്യമിട്ട് കൃഷിയും അനുബന്ധ വ്യവസായങ്ങളും നടത്തുന്ന  മുതലാളിത്തം ഒരു പോറല്‍ പോലും ഏല്‍ക്കാതെ നിലനില്‍ക്കുകയും ചെയ്യും.

techപലപ്പോഴും അടിസ്ഥാനപരമായ അറിവിന്റെ അഭാവത്തിൽ ആണ് ഇതു ചെയ്യുന്നത് എന്നത് ഇവരെ പരിഹാസ്യരാക്കുകയും മേൽ പറഞ്ഞ മറ്റു ശാസ്ത്രവിരുദ്ധ വിഭാഗങ്ങള്‍ക്കെതിരായ സമരങ്ങളെ നിർവീര്യപ്പെടുത്തുകയും ചെയ്യുന്നു. മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ ഇവരുടെ തോളിലിരുന്നാവും ശാസ്ത്രത്തിനും ശാസ്ത്രബോധത്തിനുമെതിരെ ആക്രമണമഴിച്ചുവിടുന്നത്എന്ന വൈപരീത്യവുമുണ്ട്.

കേരളം ഇന്ന് നേരിടുന്ന രണ്ട് പ്രധാന പ്രശ്നങ്ങൾ ഉൽപ്പാദനാധിഷ്ടിതവും സ്ഥായിയുമായ വികസനത്തിന്റെ അഭാവവും അതിവേഗം വർദ്ധിച്ചു വരുന്ന അസമത്വങ്ങളുമാണ്. കേവല ദാരിദ്ര്യത്തേക്കാള്‍ രൂക്ഷമായ ആപേക്ഷിക ദാരിദ്ര്യവുമാണ്. കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കുന്ന ഉൽപ്പാദനത്തിനും, പാരിസ്ഥിതിക ആഘാതവും മലിനീകരണവും  പരമാവധി കുറയ്ക്കുന്ന വികസനത്തിനും എല്ലാവർക്കും നല്ല ആരോഗ്യസേവനവും വിദ്യാഭ്യാസവും നൽകുന്നതിനുമൊക്കെ ശാസ്ത്രത്തിന്റെ രീതികളും പ്രയോഗവും അവലംബിച്ച് മുന്നോട്ട് പോയേ തീരൂ. അന്ധവിശ്വാസങ്ങൾ കൊടി കുത്തി വാഴുന്ന, ജാതി – മത ചിന്തകളാൽ വിഘടിച്ചു നില്ക്കുന്ന ഒരു സമൂഹത്തിന്‌ ശാസ്ത്രീയ ചിന്തയിലൂടെ നേടേണ്ട നല്ല ഭാവി അപ്രാപ്യമായിരിക്കും.
സമത്വസുന്ദരവും ഐശ്വര്യപൂർണവുമായ കേരളത്തെ  സ്വപ്നം കാണുന്നവർ ഇവിടെ നടമാടുന്ന എല്ലാ തരം യുക്തിരാഹിത്യത്തേയും ശാസ്ത്രവിരുദ്ധതയേയും എതിർത്ത്  തോൽപ്പിക്കുവാന്‍ ഒന്നിക്കേണ്ടതുണ്ട്.

[divider]
Happy
Happy
33 %
Sad
Sad
67 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
Previous post ശ്വേതരക്താണുക്കള്‍: മരണവും സന്ദേശമാക്കിയവര്‍!
Next post പരിണാമം: ലക്ഷ്യങ്ങളില്ലാത്ത പ്രയാണം
Close