Thursday , 15 March 2018
Home » ശാസത്രജ്ഞര്‍ » വില്യം തോംസണ്‍, കെല്‍വിന്‍ പ്രഭു

വില്യം തോംസണ്‍, കെല്‍വിന്‍ പ്രഭു

Thomsun_Kelvin_photoപത്തൊമ്പതാം നൂറ്റാണ്ട് കണ്ട ബഹുമുഖ പ്രതിഭകളിൽ ഒരാളായിരുന്ന കെല്‍വിന്‍ പ്രഭുവിൻറെ ജന്മദിനമാണ് ജൂണ്‍ 26, താപഗതികം, വൈദ്യുതി തുടങ്ങിയ വിവിധ മേഖലകളില്‍ അദ്ദേഹത്തിന്റെ സംഭാവനകളുണ്ട്.

അയര്‍ലാന്റിലെ ബെല്‍ഫാസ്റ്റില്‍ 1824 ജൂണ്‍ 26-നാണ് തോംസണ്‍ ജനിച്ചത്. പേര് വില്യം തോംസണ്‍ എന്നായിരുന്നു. പ്രഭുസ്ഥാനത്തോടൊപ്പം കിട്ടിയ സ്ഥാനപ്പേരാണ് കെല്‍വിന്‍ എന്നത്. അച്ഛന്‍ പേരുകേട്ട ഒരു ഗണിതശാസ്ത്ര പ്രൊഫസറായിരുന്നു. ചെറുപ്പത്തില്‍തന്നെ തോംസണ്‍ അസാധാരണ പ്രതിഭാവൈഭവം കാണിച്ചു. എട്ടാമത്തെ വയസ്സില്‍തന്നെ അച്ഛൻറെ ക്ളാസ്സുകളും പ്രഭാഷണങ്ങളും ശ്രദ്ധിക്കുവാന്‍ തുടങ്ങി. പതിനൊന്നാമത്തെവയസ്സില്‍ തോംസന് ഗളാസ്ഗൊ സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചു. പ്രശസ്തമായ നിലയില്‍ പാസാവുകയും ചെയ്തു.

1841-ല്‍ തോംസണ്‍ കേംബ്രിഡ്ജില്‍ ചേര്‍ന്നു. അവിടെ നിന്നു ബിരുദമെടുത്തശേഷം പാരീസില്‍ ഉപരിപഠനത്തിനെത്തിയ തോംസണ്‍ റെയ്നോയുടെ കീഴില്‍ പഠനമാരംഭിച്ചു. പഠനം പൂര്‍ത്തിയാക്കിയ തോംസണ്‍ അച്ഛനോടൊപ്പം ഒരേ സര്‍വകലാശാലയില്‍ പ്രൊഫസറായി ജോലിനോക്കി. അച്ഛന്‍ ഗണിതത്തിലും മകന്‍ ശാസ്ത്രത്തിലും. അരനൂറ്റാണ്ടോളം അദ്ദേഹമവിടെ ജോലിചെയ്തു. ഭൂമി സൂര്യന്റെ ഭാഗമായിരുന്നു എന്ന സങ്കല്പത്തില്‍ നിന്ന് ഭൂമി ഇന്നത്തെ താപനിലയിലേക്ക് തണുത്തുവരാന്‍ എത്ര കാലമെടുത്തുകാണും എന്നദ്ദേഹം കണക്കുകൂട്ടി. അദ്ദേഹത്തിനുകിട്ടിയ ഉത്തരം രണ്ട് കോടി വര്‍ഷത്തിനും നാല്കോടി വര്‍ഷത്തിനും ഇടയില്‍ എന്നായിരുന്നു. ഇതില്‍ നിന്ന് ഏകദേശം 10 കോടി വര്‍ഷം എന്ന് അദ്ദേഹം അനുമാനിച്ചു അന്ന് പലരേയും അന്ധാളിപ്പിച്ച ഈ കണക്ക് (ചാള്‍സ് ഡാര്‍വിന്‍ ഇതിലൊരാളായിരുന്നു) വെറും അസംബന്ധമായിരുന്നു എന്ന് നമുക്കറിയാം. ഭൂമി സൂര്യനില്‍നിന്നു പൊട്ടിത്തെറിച്ചുണ്ടായതല്ല. മാത്രമല്ല ഭൂമിക്കുള്ളിലെ റേഡിയോ ആക്റ്റീവ് പദാര്‍ഥങ്ങള്‍ ഇപ്പോഴും ചൂട് ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

താപവുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ ആകൃഷ്ടനായ തോംസണ്‍ ഈ രംഗത്ത് ജൂള്‍ നടത്തിയ പരീക്ഷണങ്ങളില്‍ താത്പര്യമെടുക്കുകയും, മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്തു. പിന്നീട് അവരൊന്നിച്ച് “ജൂള്‍-തോംസണ്‍ പ്രഭാവത്തിന്” ജന്മം നല്‍കി. ഉയര്‍ന്ന മര്‍ദത്തിലുള്ള ഒരു വാതകം താഴ്ന്ന മര്‍ദമുള്ള ഒരിടത്തേക്ക് പ്രവേശിച്ച് വികസിക്കുമ്പോള്‍ അതിന്റെ താപനിലയിലുള്ള ഇടിവാണ് ജൂള്‍-തോംസണ്‍ പ്രഭാവം. പില്‍ക്കാലത്ത് പല വാതകങ്ങളുടെ ദ്രവീകരണത്തിനും അതിശീതാവസ്ഥ സൃഷ്ടിക്കുന്നതിനും ഈ കണ്ടുപിടുത്തും വളരെ സഹായകമായി.

ചാള്‍സിന്റെ വാതക പഠനങ്ങള്‍ തോംസന്റെ ശ്രദ്ധയാകര്‍ഷിച്ചു. താപനിലയില്‍ 10C കുറയുന്നതനുസരിച്ച് ഒരു വാതകത്തിന്റെ വ്യാപ്തം 00C –ല്‍ ഉള്ള വ്യാപ്തത്തിന്റെ 1/273 അംശം വച്ച് കുറയുന്നു എന്നാണ് ചാള്‍സ് കണ്ടെത്തിയത്. യഥാര്‍‌ത്ഥത്തില്‍ വാതക തന്മാത്രകളുടെ ഊര്‍ജ്ജം താപനിലയ്ക്കനുസരിച്ച് കുറഞ്ഞുവരുകയാണെന്നും -273.180C-ല്‍ ഊര്‍ജ്ജം പൂജ്യമായിതീരുമെന്നും 1848-ല്‍ കെല്‍വിന്‍ പ്രഖാപിച്ചു. എല്ലാ പദാര്‍ത്ഥങ്ങളുടെയും തന്മാത്രകളുടെയും കാര്യത്തില്‍ ഇതു ശരിയാണ് അതുകൊണ്ട് -273.180C കേവലപൂജ്യമായി പരിഗണിക്കാമെന്നും അതിനും താഴ്ന്ന ഒരു താപനില ഉണ്ടാകുക സാധ്യമല്ലെന്നും തോംസണ്‍ നിര്‍ദ്ദേശിച്ചു. (കേവലപൂജ്യത്തിന്റെ കൃത്യമായ മൂല്യം -273.180C ആണെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്) ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ താപമാന അളവുപദ്ധതി തന്നെ അദ്ദേഹം രൂപകല്പന ചെയ്തു. അതാണ് കെല്‍വിന്‍ സ്കെയില്‍ എന്നറിയപ്പെടുന്നത്. ഈ പുതിയ താപമാനപദ്ധതി താപഗതികത്തിന്റെ പിന്നേടുള്ള വികാസത്തില്‍ വലിയ പങ്ക് വഹിച്ചു. താപനിലയും തന്മാത്രകളുടെ ഊര്‍ജ്ജവും തമ്മിലുള്ള ബന്ധമാണ്, തുടര്‍ന്ന് തന്‍മാത്രാഗതിക സിദ്ധാന്തം വികസിപ്പിച്ചെടുക്കുന്നതില്‍ മാക്സ് വെല്ലിന് പ്രേരകമായത്. 1851-ലാണ് തോംസണ്‍, കര്‍ണോയുടെ പഠനങ്ങളില്‍ നിന്ന് താപഗതികത്തിന് ഒരു പുതിയ അര്‍ത്ഥവ്യാപ്തി നല്‍കിയത്. എല്ലാ ഊര്‍ജ്ജവും ഒടുവില്‍  താപോര്‍ജ്ജമായി പരിണമിക്കുമെന്നും അങ്ങനെ പ്രപഞ്ചത്തില്‍ പ്രയോജനപ്പെടുത്തുവാന്‍ സാധിക്കാത്ത ഊര്‍ജ്ജത്തിന്റെ അളവ് കൂടികൂടി വരുമെന്നുമായിരുന്നു അതിന്റെ അന്തസത്ത. എന്‍ട്രോപ്പി എന്ന കൗസിയൂസിന്റെ ആശയം ഏതാണ്ട് ഇതുതന്നെയായിരുന്നു.

അമേരിക്കന്‍ ഭൂഖണ്ഡവും യൂറോപ്പും തമ്മില്‍ വാര്‍ത്താവിനിമയബന്ധം സ്ഥാപിക്കുവാന്‍വേണ്ടി അറ്റ്ലാന്‍റിക് സമുദ്രത്തിനടിയില്‍ കേബിള്‍ ഇടുവാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്ന കാലമായിരുന്നു തോംസണ്‍ ആ പ്രവര്‍ത്തനത്തില്‍ മുഴുകി. 1892-ല്‍ തോംസനെ കെല്‍വിന്‍ പ്രഭു എന്ന പദവി നല്‍കി ആദരിച്ചു.

ന്യൂട്ടണ്‍ മുതല്‍ കെല്‍വിന്‍ വരെയുള്ള കാലഘട്ടം ശാസ്ത്രവളര്‍ച്ചയുടെ സുപ്രധാനമായൊരു ഘട്ടമാണ്. കെല്‍വിന്റെ അവസാന കാലമായപ്പോഴേക്കും ഭൗതിക ശാസ്ത്രത്തിലെ രണ്ടാമത്തെ വിപ്ളവത്തിന്റെ തുടക്കം കുറിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ തന്റെ ചെറുപ്പകാലത്ത് ഭൗതികത്തില്‍ പുതിയ പാതകള്‍ വെട്ടിത്തുറന്ന കെല്‍വിന് ഈ നൂതന ആശയങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞില്ലെന്നത് ഒരു വിരോധാഭാസമായി തോന്നിയേക്കാം. ഏതായാലും റേഡിയോ ആക്റ്റീവതമൂലം ആറ്റങ്ങള്‍ വിഘടിക്കുമെന്നും ആറ്റത്തിനുള്ളില്‍ നിന്ന് ഊര്‍ജ്ജം പുറത്തേക്കുവരുമെന്നുമുള്ള ആശയങ്ങള്‍ കെല്‍വിന്‍ തന്റെ അന്ത്യം വരെ എതിര്‍ത്തു. 1907 ഡിസംബര്‍ 17 ന് ലാര്‍ഗ്സില്‍ വച്ച് അദ്ദേഹം അന്തരിച്ചു.

Use Facebook to Comment on this Post

Check Also

ഗ്രിഗർ മെൻഡൽ

ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്ത പരീക്ഷണങ്ങൾ, അസാമാന്യമായ ക്ഷമ ഇവയായിരുന്നു ജനിതക ശാസ്ത്രത്തിന്റെ പിതാവായ ഗ്രിഗർ മെൻഡലിന്റെ കൈമുതൽ. മുപ്പതിനായിരത്തോളം ചെടികളാണ്, തന്റെ പരീക്ഷണങ്ങൾക്കുവേണ്ടി അദ്ദേഹം നട്ടുവളർത്തിയത്. ഏഴു വർഷമെടുത്തു ഈ പരീക്ഷണനിരീക്ഷണങ്ങൾ പൂർത്തിയാകാൻ.

Leave a Reply

Your email address will not be published. Required fields are marked *