Sunday , 21 April 2019
Home » പുസ്തക പരിചയം » വിജ്ഞാനദാഹികൾക്ക് ശാസ്ത്രസാഹിത്യ വിരുന്ന്

വിജ്ഞാനദാഹികൾക്ക് ശാസ്ത്രസാഹിത്യ വിരുന്ന്

സാഹിത്യത്തോടൊപ്പം മറ്റെല്ലാ വിജ്ഞാന ശാഖകളിലുമുള്ള ഗ്രന്ഥങ്ങൾ വായിച്ചാസ്വദിക്കുന്നവരാണ് മലയാളികൾ. ശാസ്ത്രസാഹിത്യ ഗ്രന്ഥങ്ങളിൽ താത്പര്യമുള്ള വലിയൊരു വായനാസമൂഹം കേരളത്തിലുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനു പുറമേ മറ്റെല്ലാ പ്രമുഖ പ്രസാധകരും കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി നിരവധി ശാസ്ത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചുവരുന്നു. എന്നാൽ മറ്റ് ലോക ഭാഷകളിൽ നിന്നുള്ള ശാസ്ത്രസാഹിത്യ ഗ്രന്ഥങ്ങൾ വിശ്വസാഹിത്യ കൃതികളെപ്പോലെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താറില്ല. സ്വാഭാവികമായും ശാസ്ത്രകുതുകികൾ ഏറെയുള്ളതുകൊണ്ട് ഇംഗ്ലീഷ് ഭാഷയിലുള്ള ശാസ്ത്രസാഹിത്യ കൃതികൾക്ക് കേരളത്തിൽ വലിയ പ്രചാരം ലഭിക്കുന്നുണ്ട്. സമീപകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ശ്രദ്ധേയങ്ങളായ ചില ശാസ്ത്രസാഹിത്യ ഗ്രന്ഥങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

പ്രസിദ്ധ ജനതിക ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായ റിച്ചാർഡ് ഡാക്കിൻസ് എഡിറ്റ് ചെയ്ത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ചിട്ടുള്ള ദി ഓക്സ്ഫോർഡ് ബുക്ക് ഓഫ് മോഡേൺ സയൻസ് (Richard Dawkins: The Oxford Book of Modern Science Writing: Oxford University Press: New York : 2009: പേജ് 419 വില രൂപ 295). ശാസ്ത്രകുതികകൾക്കും വിജ്ഞാനദാഹികൾക്കും ശാസ്ത്രസാഹിത്യ വിരുന്നായനുഭവപ്പെടുമെന്ന് അതിശയോക്തികൂടാതെ പറയാൻ കഴിയും. പ്രശസ്ത ശാസ്ത്രജ്ഞരുടെ ലേഖനങ്ങളിൽ നിന്നും ഗ്രന്ഥങ്ങളിൽ നിന്നും തെരഞ്ഞടുത്ത ഭാഗങ്ങളും ലേഖകരെക്കുറിച്ചുള്ള ഡാകിൻസിന്റെ പഠനക്കുറിപ്പുകളും ചേർത്താണ് നാനൂറിലേറെ പേജുവരുന്ന ഈ ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ നൂറുവർഷക്കാലത്തെ ശാസ്ത്ര സാഹിത്യ കൃതികളിൽ നിന്നുള്ള ഭാഗങ്ങളാണ് പുസ്തകത്തിൽ ചേർത്തിട്ടുള്ളത്.

ശാസ്തജ്ഞർ പഠിക്കുന്നതെന്ത്, അവർ ആരാണ്, അവർ ചിന്തിക്കുന്നതെന്ത്, അവരെ ആനന്ദിപ്പിക്കുന്നതെന്ത് ( What Scientists Study, Who Scientists Are, What Scientists Think, What Scientists Delight in) എന്നിങ്ങനെ നാലു ഭാഗങ്ങളായി തിരിച്ച് 83 ലേഖനങ്ങളാണ് അപൂർവ്വതകളേറെയുള്ള ഈ കൃതിയിൽ ചേർത്തിട്ടുള്ളത്. ജെയിംസ് ജീൻസ്, എഡ്ഡിംഗ്ടൺ, സി. പി. സ്നോ, റോബർട്ട് ഓപ്പൻ ഹീമർ, ജെയിംസ് വാട്ട്സൺ, ഫ്രാൻസിസ് ക്രിക്ക്, ജൂലിയൻ ഹക്സിലി, കാൾ സാഗൻ, ആൽബർട്ട് ഐൻസ്റ്റൈൻ, എർവിൻ ഷോർഡിംഗർ, സ്റ്റീഫൻ ഹോക്കിങ്, റോജർ പെൻ റോസ് തുടങ്ങി നമുക്കേറെ പരിചിതരായ ശാസ്ത്രകാരന്മാരുടെ എപ്പോഴും പ്രസക്തങ്ങളായ ലേഖന ഭാഗങ്ങളും നിരീക്ഷണങ്ങളും ഒരിക്കൽ കൂടി വായിച്ചാസ്വദിക്കാനും ശാസ്ത്രജ്ഞരുടെ ലോകവീക്ഷണങ്ങളിലുള്ള വൈവിദ്ധ്യവും ബഹുസ്വരതവും മനസ്സിലാക്കാനും പുസ്തകപ്രേമികളെ സഹായിക്കുന്ന ഇത്തരത്തിലൊരു കൃതി മറ്റാരും തയ്യാറാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ല. ഉദാഹരണത്തിന് മതവിശ്വാസത്തേയും ദൈവാസ്തിത്വത്തേയും സംബന്ധിച്ച് ഫ്രാൻസിസ് കോളിൻസും ഡാക്കിൻസും തുടക്കം കുറിച്ചിട്ടുള്ള സംവാദത്തിന്റെ പശ്ചാത്തലത്തിൽ 1930 ൽ ന്യൂയോർക്ക് ടൈംസ് മാഗസിനിൽ പ്രസിദ്ധീകരിച്ച ഐൻസ്റ്റൈനിന്റെ മതവും ശാസ്ത്രവും (Religion and Science) എന്ന ലേഖനത്തിലെ പ്രസക്തഭാഗം പുനരുദ്ധരിച്ചിട്ടുള്ളത് ഈ വിഷയത്തിൽ ആശയവ്യക്തത നേടാൻ നമ്മെ തീർച്ചയായും സഹായിക്കും. അതുപോലെ ശാസ്ത്ര സാങ്കേതിക വിപ്ലവത്തിനു നേതൃത്വം കൊടുത്ത ജെയിംസ് വാട്ട്സൺ, പ്രാൻസിസ് ക്രിക്ക് തുടങ്ങിവരെ ഏറെ സ്വാധീനിക്കയും പിൽക്കാല ഗവേഷണങ്ങൾക്ക് പ്രചോദനമാവുകയും ചെയ്ത എർവിൻ ഷ്രോഡിംഗറുടെ എന്താണ് ജീവൻ (What is life) എന്ന ചെറുതെങ്കിലും ചരിത്രം സൃഷ്ടിച്ച കൃതിയിൽ നിന്നുള്ള ഭാഗങ്ങളും ഇവിടെ വായിച്ചാസ്വദിക്കാൻ ഒരിക്കൽ കൂടി അവസരം ലഭിക്കുന്നു.

ശാസ്ത്രീയ ലോകവീക്ഷണം കരുപ്പിടിപ്പിക്കാൻ വലിയ പങ്കുവഹിച്ച കാൾ സാഗന്റെ ദി ഡെമൺ ഹണ്ടട് വേൾഡ് (The Demon Hunted World), പ്രപഞ്ച വിജ്ഞാനത്തെ സംബന്ധിച്ച ക്ലാസിക്ക് കൃതികളായ ആർതർ എഡിംഗ്ടന്റെ ദി എക്സാപാൻഡിങ്ങ് യൂണിവേഴ്സ് (The Expanding Universe) സ്റ്റീഫൻ ഹോക്കിങിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം (A Brief History of Time) ജനിതകത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളടങ്ങിയ മാറ്റ് റിഡ് ലിയുടെ ജീനോം (Genome) തുടങ്ങി അമൂല്യങ്ങളായ നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്നും എടുത്തു ചേർത്തിട്ടുള്ള ഭാഗങ്ങൾ ശാസ്ത്രചിന്തയിൽ ആകൃഷ്ടരായവരെ ആകർഷിക്കയും പ്രചോദിപ്പിക്കയും ചെയ്യും. നമുക്ക് ചിരപരിചയമുള്ള ശാസ്ത്രജ്ഞർക്ക് പുറമെ പലരേയും സംബന്ധിച്ചിടത്തോളം ഇതിനകം അടുത്തറിയാനും വായിച്ചാസ്വാദിക്കാനും കഴിയാതെ പോയിട്ടുള്ള ഇയാൻ സ്റ്റൂവർട്ട്, പോൾ ഡേവീസ്, ബ്രിയാൻ ഗ്രീൻ ലൂയിസ് വാൽ പോർട്ട്, ഡേവിഡ് ലാക് തുടങ്ങിയ ശാസ്ത്രജ്ഞരേയും പരിചയപ്പെടാനുള്ള അവസരവും വായനക്കാർക്ക് ഡോക്കിൻസ് നൽകുന്നുണ്ട്. ഗ്രന്ഥത്തിലെ ഏറ്റവും മനോഹരവും കവിത തുളുമ്പുന്ന ഭാഷയിൽ എഴുതിയിട്ടുള്ളതുമായ ലേഖനം നോബൽ സമ്മാന ജേതാവായ ഇന്ത്യൻ ശാസ്ത്രജ്ഞൻ എസ്. ചന്ദ്രശേഖറിന്റെ സത്യവും സൌന്ദര്യവും ( The Truth and Beauty) എന്ന പുസ്തകത്തിൽ നിന്നുള്ളതാണ്.

അലസമായ വായനക്കായോ വെറും കൌതുകത്തിനായി മറിച്ചു നോക്കി മാറ്റിവക്കേണ്ട കൃതിയോ അല്ലിത്. ശാസ്ത്രകുതുകികളും ശാസ്ത്രപ്രചാരകരും സ്വന്തമായിട്ടോ നിരന്തരം സന്ദർശിക്കുന്ന ലൈബറികളിലോ വാങ്ങി സൂക്ഷിച്ച് ആവർത്തിച്ചു വായിക്കേണ്ട വിലപ്പെട്ട കൃതിയാണിത്. ഉള്ളടക്കത്തിന്റെ മൂല്യവും പുസ്തകവലിപ്പവും കണക്കിലെടുക്കുമ്പോൽ താരതമ്യേന കുറഞ്ഞ വിലക്ക് പുസ്തകത്തിന്റെ പേപ്പർ ബാക്ക് എഡിഷൻ വാങ്ങാനാവും.

പ്രശസ്ത ഭൌതിക ശാസ്ത്രജ്ഞനും ശാസ്ത്രസാഹിത്യകാരനും ന്യൂയോർക്ക് സിറ്റി യൂണിവേഴ്സിറ്റിയിലെ തിയറട്ടിക്കൽ ഫിസിക്സ് പ്രൊഫസറുമായ മിഷിയോ കാകുവിന്റെ ഫിസിക്സ് ഓഫ് ദി ഫ്യൂച്ചർ (Michio Kaku: Physics of the Future: Allen Lane: Penguin Books: 2011: പേജ് 387 വില: രൂപ 699) 2100 ഓടെ ശാസ്ത്രസാങ്കേതിക രംഗത്തുണ്ടാവാനിടയുള്ള വമ്പിച്ച മാറ്റങ്ങളെ സമഗ്രമായി വിലയിരുത്തുന്ന കൃതിയാണ്. ഭൌതിക ശാസ്ത്രത്തിന്റെ ഭാവി എന്നാണ് പുസ്തകത്തിന്റെ പേരെങ്കിലും കമ്പ്യൂട്ടർ സാങ്കേതിക വിദ്യ, കൃത്രിമ ബുദ്ധി, വൈദ്യശാസ്ത്രം, നാനോടെക്നോളജി, ഊർജ്ജ ഉത്പാദനം, വ്യോമയാനയാത്ര തുടങ്ങി ശാസ്ത്രത്തിന്റെ സമസ്ത മേഖലകളിലും സംഭവിക്കാനിടയുള്ള അവിശ്വസനീയമായ മാറ്റങ്ങൾ മിഷിയോ കാകു പുസ്തകത്തിൽ പ്രവചിക്കുന്നുണ്ട്. കാകുവിന്റെ പല നിരീക്ഷണങ്ങളും ശാസ്ത്രനോവലുകളിലേതുപോലെ അതിശയോക്തികലർന്നതാണെന്ന് തോന്നാമെങ്കിലും സമീപകാല ശാസ്ത്രപുരോഗതിയുടെ വേഗതയും വൈപുല്യവും കണക്കിലെടുക്കുമ്പോൾ വസ്തുനിഷ്ഠമാണെന്നു കരുതേണ്ടിവരും.

സഹകരണ വിജ്ഞാനകോശമായ വിക്കിപീഡിയയും മറ്റും പ്രസിദ്ധീകരിക്കുന്നതു പോലെ നിരവധി വിദഗ്ദ്ധരുടെ പങ്കാളിത്തത്തോടെ തയ്യാറാക്കിയതെന്ന പ്രത്യേകതയും പുസ്തകത്തിനുണ്ട്. ലോകത്ത് ഇന്നു ജീവിച്ചിരിപ്പുള്ള എറ്റവും പ്രഗത്ഭരായ മുന്നൂറിലേറെ ശാസ്ത്രകാരന്മാരും സാങ്കേതിക വിദഗ്ദ്ധരും, സാമൂഹ്യ ശാസ്തജ്ഞരുമായി ചർച്ചചെയ്തിട്ടാണ് മിഷിയോ കാകു പുസ്തകരചന നടത്തിയിട്ടൂള്ളത്. എർത്ത് പോളിസി ഇൻസ്റ്റിട്യൂട്ടിന്റെ ഡയറക്റ്ററും എക്കൊ എക്കോണമി (Eco-Economy) എന്ന പ്രസിദ്ധ പുസ്തകത്തിന്റെ രചയിതാവുമായ ലെസ്റ്റർ ബ്രൌൺ, നാഷനൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്റ്റർ പ്രാൻസിസ് കോളിൻസ്, നോബൽ സമ്മാന ജേതാക്കളായ എറിക്ക് ഷിവിയാൻ, പീറ്റർ ദോഹെർടി, ജെറാൽഡ് എഡെൽമാൻ, വാൾട്ടർ ഗിൽബെർട്, സ്റ്റീവെൻ വീൽബെർഗ്, സൂപ്പർ സ്പേസ് എന്ന പുസ്തകമെഴുതി പ്രസിദ്ധനായ പോൾ ഡേവിസ്, സ്കെപ്റ്റിക്ക് മാസികയുടെ എഡിറ്റർ മിഷേൽ ഷെർമർ തുടങ്ങി വ്യത്യസ്തമേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രഗത്ഭരുമായി വിശദമായി ചർച്ചനടത്തിയശേഷമാണ് മിഷിയോ കാകു പുസ്തകരചന നടത്തിയത്.

2100 ഓടെ ശാസ്ത്രസാങ്കേതിക രംഗത്തുണ്ടാകാൻ സാധ്യതയുള്ള വിപ്ലവകരമായ മാറ്റങ്ങൾ മനുഷ്യരാശിയുടെ നിയതിയിലും മനുഷ്യരുടെ നിത്യ ജീവിതത്തിലും വരുത്താനിടയുള്ള മാറ്റങ്ങളെ സംബന്ധിച്ച് മൊത്തത്തിലൊരു ധാരണയുണ്ടാക്കാൻ ഈ പുസ്തകം ഏറെ സഹായിക്കും. 2030, 2070, 2100 ഇങ്ങനെ മൂന്നു കാലഘട്ടങ്ങളിലായി ശാസ്ത്രരംഗത്തുണ്ടാവാനിടയുള്ള കുതിച്ചു ചാട്ടങ്ങളാണ് കാകു വിശദമാക്കുന്നത്.

സമ്പത്തിന്റെ ഭാവി (Futrure of Wealth) എന്ന പുസ്കത്തിലെ ദുർബലമായ അധ്യായത്തെക്കുറിച്ചുകൂടി സൂചിപ്പിക്കട്ടെ. ശാസ്ത്രത്തിന്റെ മേഖലയിൽ നിന്നും കടന്നു തനിക്കപരിചിതമായ ധനതത്വശാസ്ത്രത്തിന്റെ മേഖലയിലേക്ക് കടക്കുമ്പോൾ കാകു തെറ്റായ നിഗമനങ്ങളിലെത്തുന്നതായി ഈ അധ്യായത്തിലെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ തെളിയിക്കുന്നു. ലോകമെമ്പാടുമുള്ള മുതലാളിത്ത രാജ്യങ്ങളെല്ലാം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളെ നേരിട്ടുവരുന്ന ലോകസാഹചര്യം കാകു കാണുന്നതേയില്ല. മറിച്ച് ഉപഭോക്തൃ മുതലാളിത്തത്തിൽ (Consumer Capitalism) നിന്നും ബൌദ്ധിക മുതലാളിത്തത്തിലേക്ക് (Intellectual Capitalism) ലോകം മാറുമെന്ന അബന്ധ ജടിലമായൊരു പ്രവചനമാണ് കാകു നടത്തുന്നത്. എന്നാൽ ശാസ്ത്ര പുരോഗതിയെ സംബന്ധിച്ച് മറ്റധ്യായങ്ങളിൽ അദ്ദേഹം നടത്തുന്ന നിരീക്ഷണങ്ങൾ തീർച്ചയായും വിലപ്പെട്ടതും ശാസ്തീയ അടിത്തറയുള്ളവയും സ്വീകാര്യവുമാണ്.

1998 ൽ പ്രസിദ്ധീകരിച്ച വിഷൻസ് (Visions: How Science Will Revolutionize the 21st Century: Knopf Doubleday Publishing Group: 1999) എന്ന തന്റെ പുസ്തകത്തിൽ വിവിധ ശാ‍സ്ത്ര ശാഖകളുടെ ഉദ്ഗ്രഥനവും സമന്വയവും മിഷിയോ കാകു വിശദീകരിക്കുന്നുണ്ട്. പദാർത്ഥം (Matter), മനസ്സ് (Mind), ജീവൻ (Life) എന്നീവയെ സംബന്ധിച്ചു പരസ്പര പൂരകങ്ങളായി നടക്കുന്ന ഗവേഷണങ്ങളാണ് ശാസ്ത്രപുരോഗതിയുടെ ദിശനിശ്ചയിക്കുന്നതെന്നും ഇവക്കെല്ലാം അടിസ്ഥാനം ക്വാണ്ടം സിദ്ധാന്തമാണെന്നും കാകു ഈ പുസ്തകത്തിൽ വിശദമാക്കുന്നുണ്ട്. ഫിസിക്സ് ഓഫ് ദി ഫ്യൂച്ചറിനോടൊപ്പം വിഷൻസുകൂടി വായിക്കുന്നത് വ്യത്യസ്ത ശാസ്ത്രശാഖകളിൽ നടക്കുന്ന വമ്പിച്ച കുതിച്ചുചാട്ടങ്ങളെ സംബന്ധിച്ച് സമഗ്രമായ ദർശനം രൂപപ്പെടുത്താൻ ശാസ്ത്രകുതുകികളെ സഹായിക്കും.

Check Also

ശാസ്ത്രജ്ഞരുടെ ദുരിതപർവം

ഇതൊരു പുസ്തകത്തെപ്പറ്റിയാണ്. പുസ്തകത്തിന്റെ പേര്: ഓപറേഷൻ എപ്സിലൺ - ഫാം ഹാൾ പകർപ്പുകൾ (Operation Epsilon - The Farm hall Transcripts). എഴുത്തുകാരന്റെ പേരിന് പ്രസക്തിയില്ല. 1944: രണ്ടാം ലോക യുദ്ധത്തിൽ ജർമനി തോൽക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അമേരിക്കയും ബ്രിട്ടനും ചേർന്നുള്ള അണുബോംബ് നിർമാണം അന്തിമഘട്ടത്തിലാണ്. ജർമനിയും ബോംബു നിർമാണ ശ്രമത്തിലാണെന്ന് കിംവദന്തിയുണ്ട്. അതെത്രത്തോളം മുന്നേറി എന്നറിയണം. എവിടെയാണ് പരീക്ഷണ ങ്ങൾ നടക്കുന്നത് എന്ന് കൃത്യമായറിയണം. അതിലുൾപ്പെട്ട ശാസ്ത്രജ്ഞർ ആരൊക്കെയെന്നും അറിയണം.

Leave a Reply

%d bloggers like this: